അനന്തിക: ഭാഗം 37

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോളേക്കും മഹി മറുവശത്തു വന്നു മടിയിലേക്ക് തല വച്ചിരുന്നു... '"ഇങ്ങനൊരു ചെക്കൻ.... ""അമ്മ തലയ്ക്കു കൈ കൊടുത്തു പറയുന്നത് കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി... ദിവസങ്ങൾക്കു ശേഷം.... ഉറക്കെയുറക്കെ.... കണ്ണ് നിറയുവോളം.. മഹിയവളെ ഇമ ചിമ്മാതെ നോക്കി.... അന്നാദ്യമായി ബസ്സിൽ വച്ചു ആ ചിരി കണ്ട അതേ ഭാവത്തോടെ... അമ്മയുടെ മടിയിലിരിക്കുന്ന അവളുടെ കൈയിലേക്ക് മെല്ലെ വിരൽ കോർത്തു.. പൊടുന്നനെ ചിരി നിർത്തി ഞെട്ടി നോക്കിയപ്പോൾ കണ്ണൊന്ന് ചിമ്മി വീണ്ടും ചെറുവിരലോട് വിരൽ കോർത്തു.. അമ്മയെ ഒന്ന് നോക്കി വിരൽ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ളിൽ ഇരു കൈകൾ കൊണ്ടും അവളുടെ കൈയെ പൊതിഞ്ഞു പിടിച്ചു നെഞ്ചോട് ചേർത്ത് കിടന്നിരുന്നു മഹി...

""അടങ്ങിയിരിക്ക് നന്ദു..... എന്റമ്മയ്ക്കെ നല്ലോണം അറിയാം നീയെന്റെ ഭാര്യയാണെന്ന്... കൈയിലൊന്ന് പിടിച്ചെന്ന് വിചാരിച്ചു ഒന്നും സംഭവിക്കില്ല കേട്ടോ...."" കണ്ണടച്ചു ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ട് ചൂളിക്കൊണ്ട് തലയ്ക്കു കൈ കൊടുത്തു.. അമ്മയുറക്കെ ചിരിക്കുന്നുണ്ടായിരുന്നു.... ചമ്മലോടെ ആ മടിയിലേക്ക് തന്നെ മുഖം പൂഴ്ത്തി... ഉറക്കം വരുന്നുണ്ടായിരുന്നു..... അമ്മൂമ്മേടെ വീട്ടിൽ പോയതിന് ശേഷം പകലൊരു ഉറക്കം പതിവുള്ളതാണ്... ലച്ചുവും കാണും കൂടെ.... പുള്ളിക്കാരിയാണ് ഈ ശീലം പഠിപ്പിച്ചത്..... ആ ഓർമ്മകളിൽ മനസ്സൊന്നു നിറഞ്ഞു.. ഓഫീസിൽ പോകാൻ തുടങ്ങിയതിനു ശേഷമാണ് അതിന് ഇത്തിരി മാറ്റം വന്നത്...

എങ്കിലും തിരിച്ചുള്ള യാത്രയിൽ ബസ്സിൽ ഇരുന്ന് ഉറങ്ങും.. ഇന്നിപ്പോൾ കിടന്നത് പോലുമില്ല പകലൊന്നും.... അമ്മ ഉറങ്ങാൻ പോയപ്പോഴും ഓരോന്ന് ആലോചിച്ചു ഉമ്മറത്ത് തന്നിരുന്നു... ഇപ്പോൾ നല്ല ഉറക്കം വരുന്നു.... കണ്ണ് മെല്ലെ മെല്ലെ അടഞ്ഞു പോയി... ആരോ ശക്തിയായി തട്ടി വിളിച്ചു.. മുഷിച്ചിലോടെ കണ്ണ് പൂട്ടി വീണ്ടും കിടന്നതും പിന്നെയും പിന്നെയും തട്ടി... ""നന്ദൂ...... സമയം നോക്കിയേ.... അത്താഴം കഴിഞ്ഞിട്ട് മതി ഇനി ഉറക്കം...."" ""കുറച്ചു നേരം കൂടി മഹിയേട്ടാ..... ഏട്ടൻ കഴിച്ചോ.."".. ഉറക്കം മുറിഞ്ഞ ആലസ്യത്തിൽ കണ്ണ് തുറക്കാതെയാണ് പറഞ്ഞത്... പെട്ടെന്ന് ഇതുവരെ തലവച്ചു കിടന്നതിൽ നിന്നും തല താഴേക്ക് പോയി...എന്തിലോ തട്ടി..

""അമ്മേ....."" പേടിച്ചു ഞെട്ടി കണ്ണ് തുറന്നു ചുറ്റും നോക്കി... തൊട്ട് മുൻപിൽ പൊട്ടിച്ചിരിച്ചു നിൽപ്പുണ്ട് ആള്..... താനിപ്പോഴും സെറ്റിയിൽ തന്നെയാണ്... പെട്ടെന്ന് ഉറക്കം ഞെട്ടിയതുകൊണ്ട് കാഴ്ച നേരെ ആകാത്തതിനാൽ തലയ്ക്കു താങ്ങു കൊടുത്തു പതിയെ എഴുന്നേറ്റിരുന്നു.... അമ്മയെ കാണുന്നില്ല.... അപ്പോഴും നിർത്താതെ ചിരിക്കുന്ന മഹിയെ കൂർപ്പിച്ചു നോക്കി... ""എന്തേ..... കഴിക്കാൻ പൊയ്ക്കോളാൻ പറഞ്ഞിട്ട്... എഴുന്നേറ്റത് കുറ്റമായോ..."" കുസൃതി കലർന്ന ചിരിയോടെ ആള് പറഞ്ഞപ്പോഴാണ് ഇത്രയും നേരം ആ മടിയിലായിരുന്നു കിടന്നതെന്ന് അറിഞ്ഞത്... ""അയ്യേ... ശേ.... നാണക്കേടായല്ലോ....""

മുഖം കൊടുക്കാതെ വേഗം എഴുന്നേറ്റു നടക്കാൻ തുടങ്ങുമ്പോഴേക്ക് ആ കൈകൾ ചുറ്റിപ്പിടിച്ചിരുന്നു... മുഖമുയർത്തിയില്ല..... ചലിക്കാതെ.... ശ്വാസമെടുക്കാതെ അങ്ങനെ തന്നെ നിന്നു... ആ നെറ്റിയോട് നെറ്റി മുട്ടിയപ്പോൾ ചെറിയൊരു ചിരി പൊട്ടി... ഇനിയെന്നും ചിരിക്കുമോ.... ചെറിയ പതിഞ്ഞ സ്വരം.. അറിയാതെ മൂളിപ്പോയി... നെറുകയിൽ ആ അധരങ്ങൾ വീണ്ടും പതിഞ്ഞു..... ഊണ് മേശയിലും ഇടയ്ക്കിടെ പാളി വീഴുന്ന നോട്ടത്തിലെ ജാള്യത കാരണം തലകുനിച്ചിരുന്നു... ""എന്റെ നന്ദു പെണ്ണെ..."". ഒളിച്ചു കളികൾക്ക് ഒടുവിൽ രാത്രി ആ നെഞ്ചിൽ തന്നെ തല ചായ്ക്കുമ്പോൾ മഹിയൊരു ചിരിയോടെ അവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""നീയാണല്ലേ പ്രബിൻ... ""മുൻപിൽ നിൽക്കുന്ന പയ്യനെ ദ്രുവിക് ആകെ മൊത്തത്തിൽ നോക്കി... സ്റ്റേഷനിൽ വന്നതിന്റെ ചെറിയ പേടിയുണ്ട് മുഖത്ത്.. ""അതേ സാർ.."" ""നിന്നെക്കുറിച്ചു ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ പ്രബിനെ..... നിന്നോട് ഇഷ്ടം പറഞ്ഞില്ലെങ്കിൽ നീ എന്തെങ്കിലും ചെയ്യുമെന്നോ.... ആസിഡ് ഒഴിക്കുമെന്നോ...."" കൈയിൽ ഇരിക്കുന്ന വടിയൊന്ന് ചുഴറ്റി അവനെ തന്നെ ഉറ്റു നോക്കി ദ്രുവിക്.. ""ഞാൻ.... വെറുതെ... തമാശക്ക്....."" പേടിയോടെ ദ്രുവിക്കിന്റെ കൈയിലെ വടിയിലേക്ക് തന്നെ അവന്റെ നോട്ടം വീണു... ""ഹാ..... നീ ഇതിലേക്ക് നോക്കുവൊന്നും വേണ്ടാ.... ഇതിട്ട് നിന്നെ ഞാൻ തല്ലില്ല....

ലോക്കപ്പ് മർദ്ദനം എന്ന് പറഞ്ഞു നീ പരാതി കൊടുത്താൽ കുടുങ്ങുന്നത് ബാക്കിയുള്ളവൻ അല്ലിയോ...."" പരിഹാസം കലർന്ന ചിരിയോടെ ദ്രുവിക് പറഞ്ഞതും പ്രബിന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു... ""പക്ഷേ നിന്നെയങ്ങനെ വെറുതെ വിടാൻ പറ്റുമോ.... ഏഹ്...."" ""ജോസഫ് സാറെ..... അതിങ്ങെടുത്തെ...."" അവനുറക്കെ വിളിച്ചു പറഞ്ഞു.. വിരലുകൾ കയറ്റാനുള്ള ആകൃതിയിൽ ഇരുമ്പിന്റെ ഒരു വസ്തു ജോസഫ് ദ്രുവിക്കിന്റെ കൈയിലേക്ക് വച്ചു കൊടുത്തു... """വേണ്ട..... വേണ്ട... സാർ..... ഞാൻ....."" പ്രബിൻ പേടിയോടെ ചുറ്റും നോക്കി... ""ഹാ ഇപ്പോഴേ ഇങ്ങനെ പേടിച്ചാലോ..... ജോസഫ് സാറെ അവനെ ഒന്ന് പിടിച്ചു വച്ചേ.....""

ജോസഫ് അവനെ ലോക്കിട്ട് പിടിച്ചു വച്ചതും പ്രബിൻ കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു... ""സാർ.... വേണ്ടാ...ഞാനിനി ഒന്നിനും പോകില്ല...."" ദ്രുവിക് പുച്ഛത്തോടെ ഒന്ന് ചിരിച്ചു... അവന്റെ വിരലുകൾ പതിയെ അതിലേക്ക് കയറ്റി താഴെയുള്ള സ്‌ക്രൂ മുറുക്കി തുടങ്ങി... എല്ലുകളിൽ ചെറുതായി വേദന പടർന്നു തുടങ്ങുന്നത് പ്രബിൻ പേടിയോടെ നോക്കി.. സ്ക്രൂവിന്റെ മുറുക്കം കൂടുംതോറും വേദനയുടെ കടുപ്പം കൂടി വന്നു...... ""ആാാാാ...."" അവൻ അലറി വിളിച്ചു കരഞ്ഞതും ദ്രുവിക് സ്ക്രൂ ലൂസ് ആക്കി... ""വേദന എടുക്കുന്നുണ്ടോടാ നിനക്ക്..... ഏഹ്..... നീയൊക്കെ ആസിഡും പെട്രോളും ഒഴിച്ചു പ്രതികാരം ചെയ്യാൻ നടക്കുമ്പോൾ ആ പെൺപിള്ളേര് അനുഭവിക്കുന്ന വേദനയുടെ അത്രയും ഉണ്ടോടാ ഇത്.... ഏഹ്...""

അലറിക്കൊണ്ട് ദ്രുവിക് ചോദിച്ചതും മറുപടിയില്ലാതെ അവൻ കൈ തടവി... """ഇനി മേലിൽ...... ഇനി മേലിൽ നിന്നെ ആ പെൺകൊച്ചിന്റെ പിന്നാലെ നടക്കുന്നത് കാണുവോ.... അവളെ ഉപദ്രവിക്കാൻ ശ്രമിക്കുവോ ചെയ്‌തെന്ന് ഞാൻ അറിഞ്ഞാൽ.... തലയ്ക്കു മോളിൽ നിൽക്കുന്ന എന്റെ അപ്പൻ സത്യം നിന്നെ ഒരു ജയിലിലും സുഖവാസത്തിന് വിടാതെ ഞാനങ്ങു പരലോകത്തോട്ട് അയക്കും.... ചടങ്ങിന് പോലും വീട്ടുകാർക്ക് ഒന്നും കിട്ടില്ല......കേട്ടോടാ....""" അലർച്ചയോടെ സ്ക്രൂ ഒന്നുകൂടി മുറുക്കി ദ്രുവിക്.... """ആആഹ്ഹ്ഹ്...... കേട്ടു..... കേട്ടു.....""" ദ്രുവിക് അത് വിരലിൽ നിന്നും അഴിച്ചു മാറ്റിയതും എല്ലൊക്കെ നുറുങ്ങിയെന്ന് തോന്നി പ്രബിന്....

വേദനകൊണ്ട് മുൻപിലുള്ള കാഴ്ച പോലും മങ്ങുന്നു... വേച്ചുകൊണ്ടവൻ പതിയെ പുറത്തേക്ക് നടന്നു... """അവനിനി എന്തിനെങ്കിലും പോവോ സാറെ...."" ജോസഫ് ചോദിച്ചതും അവനൊന്നു കണ്ണ് ചിമ്മി... """ഏയ്.... ഇവനൊക്കെ മേല്നോവാത്തതിന്റെ കുഴപ്പമാ.... തിരിച്ചും കിട്ടുമെന്ന് ആകുമ്പോൾ നിർത്തിക്കോളും.... ഇത്തിരി പേടി നല്ലതാ...""" ചിരിയോടെ അവൻ കസേരയിലേക്ക് ഇരുന്നു... പെട്ടെന്ന് തോന്നിയൊരു കുസൃതിയിൽ ഫോണെടുത്തു ലച്ചുവിന്റെ നമ്പർ ഡയൽ ചെയ്തു... ""ഹലോ.... """കുറച്ചു നേരം ബെല്ലടിച്ചിട്ടാണ് മറുവശത്തു നിന്നും എടുത്തത്.. ""ഹലോ..... സ്റ്റേഷൻ എസ്. ഐ ദ്രുവിക്കാണ് സംസാരിക്കുന്നത്...."" """മനസ്സിലായി സർ... ലക്ഷ്മിയാണ്... പറഞ്ഞോളൂ.."".

പ്രബിന്റെ കാര്യമാകും പറയാൻ പോകുന്നത് എന്ന് തോന്നിയതിനാൽ അലസമായി പറഞ്ഞുകൊണ്ട് കൈയിലിരിക്കുന്ന patient ന്റെ ഫയൽ വെറുതെ മറിച്ചു നോക്കി... ""ഇത്.... ഇത് ലക്ഷ്മിയുടെ അമ്മയുടെ നമ്പർ അല്ലേ.... ഞാൻ അവരെ വിളിച്ചതാണ്..."" ""അ.... അമ്മയെയോ..... എന്തിന്...."" പെട്ടെന്ന് ഞെട്ടി കൈയിലെ ഫയൽ ടേബിളിന്റെ മുകളിലേക്ക് തന്നെ വച്ചു. ""അന്ന് അയച്ച മെസ്സേജ് അറിയാതെയാണെങ്കിലും അമ്മയല്ലേ കണ്ടത്.... തെറ്റിദ്ധരിച്ചു കാണും... ഒരു സോറി പറയണം..."""

ചുണ്ട് കടിച്ചമർത്തി ചിരിയോടെ പറഞ്ഞു.. ""അത്.... അതൊന്നും വേണ്ടാ.... അതൊക്കെ അമ്മ എപ്പോഴേ മറന്നു..."" ""ഹാ... എന്ന് ലക്ഷ്മിയാണോ തീരുമാനിക്കുന്നത്.... എന്തായാലും എനിക്ക് അമ്മയോട് സോറി പറയണം...."" ഇത്തിരി വാശി പോലെ അവൻ പറഞ്ഞതും തലയ്ക്കു കൈ കൊടുത്തു നിന്നു.. ""താൻ ഫോൺ കൊടുക്കെടോ.... തന്റെ ഫോണൊന്നും അല്ലല്ലോ...""" """വേണ്ടെന്ന് പറഞ്ഞില്ലേ... അമ്മയ്ക്ക് ഒന്നും സംസാരിക്കാനില്ല...""" """അത് താനാണോ തീരുമാനിക്കുന്നെ... ഞാൻ അമ്മയോട് ചോദിക്കട്ടെ..."" ""തത്ക്കാലം ഞാൻ തീരുമാനിച്ചാൽ മതി... ഫോൺ കൊടുക്കാൻ മനസ്സില്ല....""" മറുവശത്തു കാൾ കട്ട്‌ ആയതും ദ്രുവിക് കണ്ണടച്ച് ഉറക്കെ ചിരിച്ചുകൊണ്ട് സീറ്റിലേക്ക് ചാരി കിടന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""നന്ദൂ...... ഇനിയും റെഡി ആയില്ലേ....."" മഹി മുറിയിലേക്ക് വന്നതും കണ്ണാടിയുടെ മുൻപിൽ എന്തോ ആലോചിച്ചു നിൽക്കുന്ന നന്ദുവിനെയാണ് കാണുന്നത്... """ഞാൻ.... ഞാൻ വരണോ മഹിയേട്ടാ..... നിത്യക്ക്‌ ഇഷ്ടായില്ലെങ്കിലോ....'"" മടിയോടെ പറഞ്ഞൊപ്പിച്ചു... മഹിയുടെ മുഖം മാറുന്നത് കണ്ടതും വേണ്ടിയിരുന്നില്ല എന്ന് തോന്നി.... വല്ലാണ്ട് ഗൗരവം നിറഞ്ഞിരുന്നു ആ മുഖത്ത് ഞൊടിയിടയിൽ.. ""പത്തു മിനിറ്റ്..... ഞാൻ കാറിൽ ഉണ്ടാകും.... നിത്യ എപ്പോഴേ ഒരുങ്ങി ഇറങ്ങി...""" അത് മാത്രം പറഞ്ഞു തറപ്പിച്ചു നോക്കി ഇറങ്ങി പോകുന്നവനെ നോക്കി ചുണ്ട് പിളർത്തി നിന്നു...

ചെയ്യുന്ന പ്രൊജക്റ്റ്‌ കംപ്ലീറ്റ് ആയതിനാൽ രണ്ടു പേർക്കും ഇന്ന് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങാൻ പറ്റി.... ഊണ് കഴിഞ്ഞപ്പോഴാണ് മഹിയേട്ടൻ പറയുന്നത് എല്ലാവർക്കും കൂടി ബീച്ചിൽ പോകാമെന്നു... കേട്ടപ്പോഴേ അമ്മയില്ലെന്ന് പറഞ്ഞു.... മുട്ട് വേദനയാത്രെ...മണലിലൊക്കെ നടക്കുമ്പോൾ... നിത്യയുടെ മുഖത്തും വലിയ തെളിച്ചം ഉണ്ടായിരുന്നില്ല.... മഹിയേട്ടൻ പറഞ്ഞതുകൊണ്ട് ഇനി ഒരുങ്ങാതെ വേറെ വഴി ഇല്ല.... പുറത്തേക്ക് ഇറങ്ങിയതും രണ്ടാളും കാറിൽ ചാരി നിന്ന് എന്തൊക്കെയോ പറയുന്നുണ്ട്... കുറച്ചു മുൻപ് കണ്ട ആ ഗൗരവം ഇല്ല മുഖത്ത്... ""ആലോചിച്ചു തീർന്നെങ്കിൽ ഒന്ന് വായോ നന്ദൂ...."""

മഹിയേട്ടൻ വിളിച്ചു പറഞ്ഞതും അവരുടെ അടുത്തേക്ക് നടന്നു.. എവിടെ കയറും..... സാധാരണ എപ്പോഴും മുൻപിലാണ് ഇരിക്കാറ്... മുൻപൊക്കെ നിത്യ വന്നു ഇരിക്കുന്നതിനും മുൻപായി ഫ്രണ്ട് സീറ്റിൽ സ്ഥാനം ഉറപ്പിക്കുമായിരുന്നു.... ഇപ്പോഴെന്തോ ഒരു മടി പോലെ... നിത്യ അവളെയൊന്ന് നോക്കി ബാക്ക് സീറ്റിലേക്ക് കയറി.... ""എന്റെ നന്ദൂ.... ഒന്ന് വരുന്നുണ്ടോ...."" ഹോണടിച്ചു മഹിയേട്ടൻ അക്ഷമയോടെ പറഞ്ഞതും പിന്നൊന്നും ആലോചിക്കാതെ കയറി... വീട്ടിൽ നിന്നും അര മണിക്കൂർ ദൂരമേ ഉള്ളൂ ബീചിലേക്ക്.... കല്യാണം കഴിഞ്ഞു വന്ന സമയങ്ങളിൽ മഹിയേട്ടന്റെ കൂടെ ഇടയ്ക്കിടെ പോകുമായിരുന്നു....

അന്നാണ് ആദ്യമായി കടൽ കാണുന്നത്... കാറിനുള്ളിൽ വലിയ സംസാരം ഒന്നും ഉണ്ടായില്ല.... സ്റ്റീരിയോയിൽ കൂടി ഒഴുകി വരുന്ന പാട്ട് കേട്ട് വെറുതെ കണ്ണടച്ചിരുന്നു... കാർ നിർത്തിയതും നിത്യ വേഗം പുറത്തേക്ക് ഇറങ്ങി തീരത്തേക്ക് നടന്നു... മഹി ചിരിയോടെ അത് നോക്കി... ""അവൾക്ക് പണ്ടേ വലിയ ഇഷ്ടമാ ഇങ്ങനെ കടൽ കാണാൻ വരാൻ... വെള്ളത്തിൽ ഇറങ്ങുവൊന്നും ഇല്ല... വെറുതെ ഇങ്ങനെ തിരമാല വരുന്നതും നോക്കി ഇരിക്കും...""" മഹിയേട്ടൻ പറഞ്ഞതും ചെറിയൊരു ചിരിയോടെ ഒപ്പം നടന്നു... തണൽ വീണ ഭാഗത്തായി ചെന്നിരുന്നു.....നിത്യ അപ്പോഴും തിരയുടെ അടുത്ത് ഓടി കളിക്കുന്നുണ്ടായിരുന്നു...

""ഇപ്പോഴും തോന്നുന്നുണ്ടോ വരണ്ടായിരുന്നു എന്ന്..."" ആളൊരു ചിരിയോടെ ചോദിച്ചതും ചമ്മലോടെ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി.... മെല്ലെ അവന്റെ തോളിലേക്ക് തല ചായ്ച്ചു.... മടിയൊന്നും തോന്നിയില്ല ഇത്തവണ.... സന്തോഷം കൊണ്ട് മനസ്സ് നിറയുന്നുണ്ടായിരുന്നു... വിരലുകളിൽ വിരൽ കോർത്തു ഒന്നും മിണ്ടാതെ.... വെറുതെ അലയടിക്കുന്ന കടലിലേക്ക് നോക്കി മൗനമായി ഇരുന്നു.... ഇരു മനസ്സുകളിലും പ്രണയം മാത്രം നിറഞ്ഞു.. ""നിത്യേ.... മതി.... വെയില് കൂടുതൽ കൊള്ളണ്ട..... ഇങ്ങ് വാ...."" മഹി വിളിച്ചു പറഞ്ഞതും അവൾ പിണക്കത്തോടെ നോക്കി... മഹി കൂർപ്പിച്ചു നോക്കിയതും പിന്നൊന്നും മിണ്ടാതെ ചുണ്ട് കൂർപ്പിച്ചു അവന്റെ അടുത്ത് ഇരുന്നു...

""മഹീ..... ""ആരോ വിളിക്കുന്നത് കേട്ടാണ് മൂന്ന് പേരും തിരിഞ്ഞു നോക്കുന്നത്... ആരോ ഒരാൾ കുറച്ചു ദൂരെ നിന്ന് ബൈക്കിൽ ഇരുന്ന് കൈ വീശി കാണിക്കുന്നു... ""എബി....."" മഹിയും തിരികെ സന്തോഷത്തോടെ എഴുന്നേറ്റു... """രണ്ടാളും ഇവിടെ ഇരിക്ക്..... എന്റെ കൂടെ പഠിച്ചതാ എബി... അവനെ ഒന്ന് കണ്ടിട്ട് ഇപ്പോ വരാം..."" രണ്ടു പേരുടെയും കവിളിൽ ഒന്ന് തട്ടി മഹി വേഗം അവന്റെ അടുത്തേക്ക് നടന്നു... നന്ദുവും നിത്യയും അവൻ പോകുന്നത് നോക്കി തിരിഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് നോട്ടം ഇടഞ്ഞു... നിത്യ വേഗം കണ്ണ് വെട്ടിച്ചു മുന്നോട്ട് നോക്കി... മൗനത്തിനു പല ഭാവങ്ങളാണെന്ന് തോന്നി അവൾക്ക്.... കുറച്ചു മുൻപ് വരെ പ്രണയത്തിന്റെ ഭാവമായിരുന്നു....

എന്നാലിപ്പോൾ മൗനം വീർപ്പു മുട്ടിക്കുന്നു... ഒരക്ഷരം മിണ്ടാതെ രണ്ടാളും വെറുതെ കടലിലേക്ക് നോക്കിയിരുന്നു... ""ഇപ്പോ സുഖമല്ലേ.... പൈസയൊന്നും ആർക്കും കൊടുക്കണ്ടല്ലോ.... അന്നേരം പിന്നേ കടല് കാണാം.... സിനിമക്ക് പോകാം....'" തൊട്ടടുത്തു വന്നു ആരോ ബഹളം വച്ചപ്പോഴാണ് നന്ദു ഞെട്ടി നോക്കുന്നത്... ചുവന്ന മുഖത്തോടെ നിൽക്കുന്ന അച്ചുവിനെ കണ്ടതും പകപ്പ് നിറഞ്ഞു... ""എന്താ നോക്കുന്നെ.... തീരെ പ്രതീക്ഷിച്ചു കാണില്ല അല്ലേ..... ഒന്നുമില്ലെങ്കിലും സ്വന്തം വീട് തന്നെയല്ലേ... അവിടെയുള്ളവർ ഭക്ഷണം കഴിച്ചോ എന്നെങ്കിലും അന്വേഷിക്കുന്നത് നല്ലതാ..."" നന്ദു ചുറ്റും നോക്കിയപ്പോൾ ആളുകളൊക്കെ ബഹളം കേട്ട് ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നു...

നിത്യയുടെ മുഖത്തും അതേ ഞെട്ടൽ കാണാം... നാണക്കേട് കാരണം തൊലി ഉരിഞ്ഞു പോകുമെന്ന് തോന്നി അവൾക്... ""അച്ചൂ.... നീ പോ.... വെറുതെ പ്രശ്നം ഉണ്ടാക്കാൻ നിൽക്കാതെ..."" ചുറ്റും നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... ""പോയില്ലെങ്കിലോ..... കുറച്ചു മാസം വീട്ടിൽ വന്നു നിന്നപ്പോളേക്ക് നിങ്ങളുടെ കൂട്ടുകാരി ഉണ്ടല്ലോ.... ലക്ഷ്മി.... അവളെന്ത് കൈവിഷമ എന്റമ്മയ്ക്കും പ്രിയക്കും കൊടുത്തത്..... രണ്ടു പേർക്കും ഇപ്പോൾ നിങ്ങളെ കഴിഞ്ഞിട്ടല്ലേ ഉള്ളൂ ആരും..... ഇത്രയും നാളും ഇല്ലാതിരുന്ന സ്നേഹവും സഹതാപവും.... ഏഹ്....."" ""അച്ചൂ... നിന്നോട് പോകാനാ പറഞ്ഞത്... ആളുകൾ നോക്കുന്നുണ്ട്....

പിന്നേ ഇത്രയും നാളും ആ വീട്ടിൽ ജീവിച്ചത് എങ്ങനെയാ എന്ന് എനിക്ക് നല്ല ഓർമ്മയുണ്ട്.... അന്ന് കിട്ടാത്ത സഹതാപമൊന്നും എനിക്ക് ഇനിയും വേണ്ടാ...... നീ പോകാൻ നോക്ക്..."" ""എനിക്കൊരു കാര്യം അറിഞ്ഞാൽ മതി.... നിങ്ങൾക്ക് പൈസ തരാൻ പറ്റുമോ ഇല്ലയോ...."" ""പറ്റില്ല...."" പെട്ടെന്നായിരുന്നു നിത്യയുടെ ശബ്ദം... നന്ദു ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ ഇരു കൈകളും മാറിൽ പിണച്ചു കെട്ടി അച്ചുവിനെ രൂക്ഷമായി നോക്കുന്ന നിത്യയെയാണ് കണ്ടത്.. ""നീയാരാ ഇതിൽ അഭിപ്രായം പറയാൻ..."" വീറോടെ പറയുന്ന അച്ചുവിനെ അവൾ പുച്ഛത്തോടെ നോക്കി.. ""ഈ നിൽക്കുന്നത് എന്റെ ഏട്ടന്റെ ഭാര്യയാണ്....

തിരിച്ചൊന്നും പറയാത്തവരോട് വഴിയിൽ കിടന്നു വഴക്കുണ്ടാക്കുന്നതിന് പകരം നല്ല ആരോഗ്യം ഉണ്ടല്ലോ.... പോയി പണിയെടുത്തു ജീവിക്ക്‌.... ഇനിയൊരക്ഷരം ഇവിടെ കിടന്നു പ്രസംഗിച്ചാൽ ഞാൻ പോലീസിനെ വിളിക്കും.... അതിനി ആര് തടയാൻ നോക്കിയാലും....."" നിത്യയുടെ മറുപടി കേട്ട് വീണ്ടും പറയാൻ വന്നെങ്കിലും അവൾ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്യുന്നത് കണ്ടപ്പോൾ രൂക്ഷമായി ഒന്ന് നോക്കി തിരിഞ്ഞു നടന്നു അച്ചു.... നന്ദു അപ്പോഴും ഇതുവരെ നടന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ നിത്യയെ തന്നെ പകച്ചു നോക്കി നിൽക്കുകയായിരുന്നു... സന്തോഷം കാരണം.ചെറുതായ് കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു... ""ക്ഷമിച്ചിട്ടൊന്നും അല്ല.... എന്റെ ഏട്ടന്റെ ഭാര്യ ആയതുകൊണ്ട...."" നന്ദുവിന്റെ കലങ്ങിയ കണ്ണിൽ നോക്കി അത്രയും മാത്രം പറഞ്ഞുകൊണ്ട് അവൾ വീണ്ടും മുൻപിലേക്ക് തന്നെ നോട്ടമെറിഞ്ഞു..................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story