അനന്തിക: ഭാഗം 4

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

പറയാതെ പോയിരിക്കുന്നു...... അകലെയേതോ ഒരു പൊട്ട് പോലെ രണ്ടു പെൺകുട്ടികൾ ഓടി മറയുന്നതായി തോന്നി.... അവരുടെ മുഖത്തപ്പോൾ സന്തോഷമായിരിക്കണം.... വാശി ജയിച്ച ആശ്വാസമായിരിക്കണം... അപ്പോഴും ആ പെണ്ണവിടെ പാത്രത്തിലെ ചപ്പാത്തിയുടെ മേലേക്ക് തന്റെ കൈ വച്ചു കലകളുടെ സാമ്യത തേടുന്നുണ്ടായിരുന്നു.... പാതി കരിഞ്ഞുപേക്ഷിച്ച ചപ്പാത്തിയുമായി തന്റെ ജീവിതത്തെ ഉപമിക്കുന്നുണ്ടായിരുന്നു.... ""കുട്ട്യോള് പോയോ...""" . ചോദിച്ചുകൊണ്ട് അമ്മ അകത്തേക്ക് വന്നപ്പോൾ വെറുതെ ഒന്ന് മൂളി. വിളമ്പാനെടുത്തുകൊണ്ട് വന്ന പാത്രങ്ങൾ തിരികെ അടുക്കളയിലേക്ക് കൊണ്ട് വച്ചു. ""നീ കഴിച്ചോ... ഇറങ്ങാറായില്ലേ... ചെല്ല്...."" അമ്മ വേഷം മാറ്റി അടുക്കളയിലേക്ക് വരുന്നതിനിടയിൽ പറഞ്ഞു.. ""ഇതെന്താ ചപ്പാത്തിയൊക്കെ ബാക്കിയാണല്ലോ.... കഴിക്കാതെയാണോ പോയത്..."".

മുറിയിലേക്ക് നടക്കുമ്പോൾ ആരോടെന്നില്ലാത്തത് പോലെ അമ്മ പറയുന്നത് കേൾക്കാമായിരുന്നു... കണ്ണ് നിറഞ്ഞില്ല.... ശീലമായിരിക്കുന്നു.... ഇപ്പോളൊന്നും തന്നെ ബാധിക്കുന്നില്ലായെന്ന് തോന്നി....ഒരുതരം മരവിപ്പ് മാത്രമാണ്... മനം മടുപ്പിക്കുന്ന നിർവികാരത... മേലൊന്ന് കഴുകി ചുരിദാർ എടുത്തിട്ടു. മുടി ഓഫീസിൽ പോയി വന്നിട്ടാണ് കഴുകുക... അല്ലെങ്കിൽ പിന്നെ ഉണങ്ങില്ല... അല്ലെങ്കിൽ തന്നെ ഓഫീസിൽ ഉള്ളവർക്കൊക്കെ എണ്ണ മയത്താൽ ഒട്ടി കിടക്കുന്ന മുടിയോട് പുച്ഛമാണ്... അതിന്റ കൂടെ ഇനി അഴിച്ചും കൂടി ഇട്ടാൽ തീർന്നു... അര വരെ നീളമുള്ള ചെറുതായി ചെമ്പിച്ചു തുടങ്ങിയ മുടിയാണ്. മൈലാഞ്ചി അരച്ച് ചേർത്ത എണ്ണയായതുകൊണ്ടാ മുടി ചെമ്പിക്കുന്നത് എന്ന് അമ്മ പറയാറുണ്ട്...

""കഴിഞ്ഞില്ലേ അനൂ...."". അമ്മ വിളിച്ചു ചോദിച്ചപ്പോൾ ഷാളെടുത്തു വേഗത്തിൽ പിന്ന് കുത്തി ഇറങ്ങി.... താനിറങ്ങിയിട്ട് വേണം അമ്മയ്ക്കും പോകാൻ... ഉച്ച വരെ അടുത്തുള്ള തയ്യൽ ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നുണ്ട്... ""കഴിക്കുന്നില്ലേ നീ... "" ബാഗിലേക്ക് കുടയെടുത്തു വച്ചു ഹാളിലേക്ക് ഇറങ്ങുന്നവളെ ആശ സംശയത്തോടെ നോക്കി.... ""ഇല്ലമ്മേ... ലേറ്റ് ആകും ഇനി നിന്നാൽ... നേരത്തെ വരണം എന്ന് പറഞ്ഞിരുന്നു..."" മുഖത്തോട്ട് നോക്കാതെ പറഞ്ഞിറങ്ങി.... അല്ലെങ്കിൽ കള്ളമാണ് പറയുന്നതെന്ന് മനസ്സിലാക്കിയാലോ... ഒരു മണിക്കൂർ ദൂരമുണ്ട് ഓഫീസിലേക്ക്. രണ്ടു ബസ് മാറികേറി പോണം... പത്തു മണിക്ക് കയറിയാൽ പിന്നെ ആറു മണി വരെ മറ്റൊന്നും ചിന്തിക്കാൻ സമയമില്ല... ആരുമായിട്ടും പണ്ട് മുതൽക്കേ അടുപ്പമില്ല...

ആരെങ്കിലും സംസാരിക്കാൻ വരുമ്പോൾ തന്നെ ഒഴിഞ്ഞു മാറും... കൂടുതൽ പേരുടെയും നോട്ടം ആദ്യം കൈയിലേക്ക് എത്തുമ്പോൾ തന്നെ വല്ലാത്തൊരു ശ്വാസം മുട്ടലാണ്... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഓഫീസിൽ എത്തിയപ്പോൾ ആളുകളൊക്കെ വന്നു തുടങ്ങുന്നതേ ഉള്ളൂ... ആരെയും നോക്കാതെ സീറ്റിലേക്ക് ചെന്നിരുന്നു.... ""നേരത്തെയാണല്ലോ അനന്തിക ഇന്ന്....."" രേണുവാണ്.. ഒന്ന് തലയാട്ടി വീണ്ടും ഫയലിലേക്ക് മുഖം പൂഴ്ത്തി... ""ഓഹ്.... ജാഡക്കാരി.... ഒന്ന് ചിരിച്ചു ന്ന് വിചാരിച്ചു ഇപ്പൊ എന്താ....."" ""അവിടെ കേൾക്കാം എന്റെ രേണുവേച്ചി.... ഒന്ന് പതുക്കെ പറയ്...."" സുമ രേണുവിനെ സമാധാനിപ്പിക്കുന്നത് കേൾക്കാം. അവളൊരു നോട്ടം പോലും നൽകിയില്ല....

കൈകളപ്പോഴും വേഗത്തിൽ ഫയലിലെ വരികൾക്കിടയിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു... ചീഫിന്റെ മുറിയിൽ നിന്നും കാൾ വന്നപ്പോൾ എഴുന്നേറ്റു അകത്തേക്ക് ചെന്നു.. വാതിലിൽ നോക്ക് ചെയ്തപ്പോഴേ കയറിപ്പോരാനുള്ള അനുവാദം കിട്ടി. അകത്തേക്ക് കയറിയപ്പോഴേ കണ്ടു ആരോ തിരിഞ്ഞിരിക്കുന്നത്. ""അനന്തിക ..... ഇത് മഹിത്... നമ്മുടെ പുതിയ മാർക്കറ്റിങ് മാനേജരാണ്.... ആള് നേരത്തെ ഹൈദരാബാദ് ബ്രാഞ്ചിലായിരുന്നു..."" ആള് തിരിഞ്ഞു നോക്കിയപ്പോഴാണ് മുഖം കണ്ടത്.... ഒരു ചിരിയുണ്ട് മുഖത്ത്.... അലസമായി പാറിപറന്നു കിടക്കുന്ന മുടിയാണ്.... വെട്ടിയൊതുക്കിയ താടിയും മീശയും... ആദ്യത്തെ ദിവസമായതുകൊണ്ടാകാം ഈ രൂപവും വേഷവുമൊക്കെ....

തിരികെയൊരു ചിരി വരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ""ശ്രീവിദ്യടെ ഒഴിവിലേക്ക് ഇനി ഇയാളായിരിക്കും...."" പറയുന്നത് കേട്ടപ്പോൾ ഒന്ന് മൂളി... """അനന്തികയോട് ചോദിച്ചാൽ മതി എന്ത് ഹെല്പ് വേണമെങ്കിലും. ഇവിടുത്തെ ഏറ്റവും ബെസ്റ്റ് എംപ്ലോയീ ആണ്... കുറച്ചു മാസങ്ങളായിട്ടേയുള്ളൂ ജോയിൻ ചെയ്തിട്ട്... പക്ഷേ എല്ലാം അറിയാം....""" ചീഫ് പറയുമ്പോളും മഹിയുടെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞിരുന്നു. ഈ പറയുന്നതൊക്കെ താനെന്നൊരാളെ ബാധിക്കുന്നതേ അല്ലെന്നത് പോലെയാണ് നിൽപ്പ്.... യാതൊരു വിധ ഭാവങ്ങളും ആ മുഖത്തില്ല.... ശാന്തമായ മുഖത്തോടെ എല്ലാം കേട്ട് നിൽക്കുന്നു... ""ഓൾ ദി ബെസ്റ്റ്...."" ചീഫ്നു കൈ കൊടുത്തു നേരെ തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തേക്കാണ്.

ഒരു നിമിഷത്തേക്ക് നോട്ടം ഇടഞ്ഞെന്ന് തോന്നി... ഒരു പുഞ്ചിരിയെങ്കിലും നൽകും മുൻപ് തന്നെ അവളാ നോട്ടം മാറ്റിയിരുന്നു. """ഹെലോ...... മഹിത്.....""" മുന്നിലേക്ക് നീട്ടിയ കൈയിലേക്ക് അവളൊരു നിമിഷം പകച്ചു നോക്കി. ചീഫ്ന്റെ ക്യാബിനിൽ തന്നെയായതുകൊണ്ട് നിരസിക്കാനും പറ്റില്ല... അല്ലെങ്കിൽ തന്നെ തന്റെ സുപ്പീരിയർ പോസ്റ്റാണ്... അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... കൈ കൊടുക്കുന്നതിനായി വെയിറ്റ് ചെയ്തു നിൽക്കുകയാണ്.... തൊണ്ട വരളും പോലെ തോന്നി... ശ്വാസമൊന്നെടുത്തു പതിയെ കൈ ഉയർത്തി... അവന്റെ നോട്ടം കൈയിലേക്ക് നീളുന്നത് കണ്ടു.... എങ്കിലും പ്രതീക്ഷിച്ചത് പോലെ യാതൊരു ഭാവവ്യത്യാസവും അവിടെ കണ്ടില്ല....

അധികമായി ഒരു നോട്ടം പോലും കൈയിലേക്ക് നീണ്ടില്ല... അതേ ചിരിയോടെ നിൽപ്പുണ്ട്.... മടിച്ചു മടിച്ചു പതിയെ കൈ ചേർത്തു... തീരെ ബലം കൊടുക്കാതെയാണ് കൈ കൊടുത്തതെങ്കിലും ആളത് ബലമായി തന്നെ ചേർത്ത് പിടിച്ചു... പേര് പറയാൻ വെയിറ്റ് ചെയ്തു നിൽക്കുകയാണെന്ന് തോന്നി നോട്ടം കണ്ടപ്പോൾ... """അനന്തിക ...""". പതിഞ്ഞ സ്വരത്തിൽ പറഞ്ഞുകൊണ്ട് കൈ പിൻവലിച്ചു... പിന്നെയൊരു സംസാരത്തിന് ഇടം കൊടുക്കാതെ ചീഫിനോട് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി... അപ്പോഴേക്കും ആളും പിന്നാലെ എത്തി... പല മുഖങ്ങളും ഉയർന്നു വരുന്നുണ്ടായിരുന്നു. ആരെയും നോക്കിയില്ല... ""ഇതാണ് സാറിന്റെ ടേബിൾ... എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ആരോടെങ്കിലും ചോദിച്ചാൽ മതി...""

""അതെന്താ താൻ പറഞ്ഞു തരില്ലേ...."" കുസൃതി നിറഞ്ഞ ചിരിയോടെയുള്ള ചോദ്യം കേട്ടതും ഒരു നിമിഷം ഒന്ന് അമ്പരന്നു.... ആദ്യമായി അവളുടെ കണ്ണുകളിൽ കണ്ട പിടച്ചിൽ നോക്കി കാണുകയായിരുന്നു മഹി. ക്യാബിനിൽ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ്. ഒരോ വാക്കുകളും അളന്നു മുറിച്ചാണ് പറയുന്നത്... ഒരു പുഞ്ചിരി പോലും ആ മുഖത്തോ കണ്ണുകളിലോ ഉണ്ടായിരുന്നില്ല... അവളൊരു മുഖംമൂടി ധരിച്ചിരിക്കുകയാണെന്ന് അവന് തോന്നി....അവളിലേക്കുള്ള ഒരോ തുള്ളി വെളിച്ചത്തെയും പ്രതിരോധിക്കുന്ന മുഖം മൂടി... ആദ്യമായിട്ടെന്തോ കേൾക്കുന്നത് പോലെ ആ കണ്ണുകളൊന്ന് തിളങ്ങി..... അടുത്ത നിമിഷം തന്നെ വീണ്ടുമൊരിക്കൽ കൂടി അവളാ മുഖം മൂടി അണിഞ്ഞു... ""സർ ചോദിച്ചോളൂ... അറിയുന്നതാണെങ്കിൽ ഹെല്പ് ചെയ്യാം."

"" വീണ്ടുമൊരിക്കൽ കൂടി സ്ഥായിയായ ഗൗരവത്തിൽ മറുപടിയൊളിപ്പിച്ചു അവൾ സീറ്റിലേക്ക് പോകുന്നത് നോക്കിയിരുന്നു മഹി... ആദ്യത്തെ ദിവസമായതുകൊണ്ട് തന്നെ ജോലിയൊന്നും ഇല്ല വേറെ. ഇതുവരെയുള്ള രീതികളൊക്കെ എല്ലാവരോടും ചോദിച്ചു മനസ്സിലാക്കി. അധികവും സംസാര പ്രിയരാണ്... അല്ലെങ്കിലും advertisement കമ്പനിയിൽ നിൽക്കുന്നവർക്ക് ഏറ്റവും കൂടുതൽ വേണ്ട ഗുണവും അതാണല്ലോ... ഒരാൾ മാത്രം ഒന്നിച്ചുള്ള ചർച്ചകളിൽ നിന്നെല്ലാം വിട്ട് നിന്നു... പൊട്ടിച്ചിരികളുടെയും കളിയാക്കലുകളുടെയും ഇടയിൽ പോലും മറ്റൊന്നും ശ്രദ്ധിക്കാതെ മുഖത്തൊരു ചെറിയ പുഞ്ചിരി പോലുമില്ലാതെ മുൻപിലുള്ള ഫയലുകളിലേക്കും കമ്പ്യൂട്ടറിലേക്കും നോക്കിയിരിക്കുന്ന പെൺകുട്ടിയെ തന്നെ തേടി ചെന്നു അവന്റെ കണ്ണുകൾ പലപ്പോഴും...

കാന്റീനിലും അവൾ നിശബ്ദയായിരുന്നു... ഏറ്റവും അറ്റത്തായുള്ള ടേബിളിൽ ഇരുന്ന് ആരെയും നോക്കാതെ കഴിച്ചിട്ട് എണീക്കുന്നത് കണ്ടു.. ""എന്താ മഹീ..... അതൊരു പ്രത്യേക ടൈപ്പ് ആണ്.... ഒരു മനുഷ്യനോട് പോലും മിണ്ടില്ല... അഹങ്കാരി...."" ജിതിനാണ്... അടുത്തിരുന്ന മറ്റുള്ളവരുടെ മുഖത്തും അതേ ദേഷ്യമുണ്ടായിരുന്നു... ""ഭാവമൊക്കെ കണ്ടാൽ കമ്പനിയുടെ മുതലാളിയാണെന്ന് തോന്നും...."" ""ഹോ.. രാവിലെ ഞാനൊന്ന് വെറുതെ ചിരിച്ചപ്പോൾ നോക്കി കൊല്ലാൻ വന്നില്ലെന്നേ ഉള്ളൂ..... എങ്ങനെയാണോ എന്തോ ഇതിനെ വീട്ടിൽ സഹിക്കുന്നത്... വെറുതെയല്ല കൈ ഇങ്ങനെയായത്...."" രേണുവാണ്.. അവൾ അടുത്തേക്ക് വരുന്നത് കണ്ടിട്ടും ആരും ശബ്ദം കുറച്ചില്ല...

എന്നാൽ ഈ പറഞ്ഞതിൽ ഒരു വാക്ക് പോലും തന്നെയല്ല എന്ന ഭാവത്തിൽ പാത്രവുമായി അവരുടെ അരികിൽ കൂടി തന്നെ നടന്നു പോകുന്ന പെൺകുട്ടിയിൽ കൊരുത്തിട്ടിരുന്നു മഹിയുടെ കണ്ണുകൾ... അവനവളെ തന്നെ നോക്കിയിരുന്നു.... അവളായി അടച്ചിട്ട ജാലകങ്ങളുടെ താക്കോൽ തേടി ആ മിഴികളിൽ തന്നെ ദൃഷ്ടി ഉറപ്പിച്ചു.... 🌺🌺🌺🌺 ""അനൂട്ടാ...... അനൂ......"" ഏതോ ഗുഹയിലെന്നത് പോലെ ശബ്ദം കേൾക്കുന്നുണ്ട്... കണ്ണ് തുറന്നു നോക്കിയപ്പോൾ അമ്മമ്മയുണ്ട് മുന്നിൽ... '"എന്തൊരുറക്കമാ കുട്ട്യേ.... അത്താഴം കഴിക്കണ്ടേ.... നിന്നെ കാണാൻ ഒരാള് വന്നിട്ടുണ്ട്...."" മുഖത്തേക്ക് വീണു കിടന്ന അവളുടെ മുടിയൊന്ന് മാടിയൊതുക്കി വിനോദിനി പറഞ്ഞു...

""സോറി അമ്മമ്മേ.... ഇപ്പൊ വരാം..."" തലയൊന്ന് താങ്ങി അവൾ പതിയെ എഴുന്നേറ്റു... ഇപ്പോഴും മനസ്സിൽ ആ കുസൃതി ചിരിയാണ്... തന്നിൽ മാത്രം നിലയുറപ്പിച്ച ആ കണ്ണുകളാണ്... ""വേഗം വരൂട്ടോ.... ""പുറത്തേക്ക് നടക്കുന്നതിനിടയിൽ അമ്മമ്മ വീണ്ടും പറഞ്ഞു... മുഖമൊന്നു കഴുകി ഉമ്മറത്തേക്ക് നടന്നപ്പോൾ ഹാളിലെ ദിവാൻ കോട്ടിലായി ഇരിക്കുന്ന പെൺകുട്ടിയിലേക്കാണ് ആദ്യം നോട്ടം ചെന്നത്... പരിചയം തോന്നുന്നുണ്ട്... പക്ഷേ ആരാണെന്ന് കൃത്യമായി ഓർമ്മ കിട്ടുന്നില്ല... ""അനു നു എന്നേ മനസ്സിലായോ..."". ചോദ്യം കേട്ടപ്പോൾ ഇല്ലെന്ന് തലയാട്ടി... എപ്പോഴോ ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുണ്ടെന്ന് തോന്നുന്നു...

""ആഹാ വന്നോ.... നിനക്ക് ആളെ മനസ്സിലായോ അനൂ... ""അടുക്കളയിൽ നിന്നും നേര്യതിൽ കൈയും തുടച്ചു വരുന്നതിനിടയിൽ വിനോദിനി രണ്ടാളെയും നോക്കി ചിരിച്ചു... ഇല്ലെന്ന ഭാവത്തിൽ അവള് വീണ്ടും അമ്മമ്മയേ നോക്കി. ""വടക്കേലെ ലക്ഷ്മണൻ മാമേടെ മൂത്ത മോളാ.... ലക്ഷ്മി.... ലച്ചൂട്ടി ന്നാ എല്ലാരും വിളിക്കുന്നെ.... നിന്റെ കല്യാണത്തിനൊക്കെ ഇവളും വന്നിരുന്നു... ഇതിപ്പോൾ നിനക്കൊരു കൂട്ടാകട്ടെ എന്ന് വിചാരിച്ചു ഞാൻ വിളിച്ചു വരുത്തിയതാ... നമ്മള് പോകുന്നത് വരെ ഇവിടെ കാണും..."" അമ്മമ്മ പറഞ്ഞപ്പോൾ ഒന്ന് മൂളി. ഇങ്ങോട്ടേക്കു നോക്കി പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടപ്പോൾ മടിച്ചു മടിച്ചൊരു ചിരി നൽകി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story