അനന്തിക: ഭാഗം 40

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ശേ.... വേണ്ടിയിരുന്നില്ല.... എന്ത് വിചാരിച്ചു കാണുമോ എന്തോ.... പെട്ടെന്ന് തോന്നിയ ഒരിതിൽ പറഞ്ഞതാണ്.... ആൾക്ക് കൈയും നടുവൊക്കെ വേദനയെടുക്കുമോ എന്തോ.... ഒന്നും ആലോചിച്ചില്ല.... ജാള്യതയോടെ തല താഴ്ത്തി നീട്ടിപ്പിടിച്ച കൈകൾ മടക്കി തുടങ്ങുമ്പോഴേക്ക് വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു... രണ്ടു കൈയിലുമായി പൊക്കി എടുത്തിട്ടുണ്ട്... മിഴിച്ചു നോക്കുന്ന പെണ്ണിന്റെ നെറ്റിയിലായി പതിയെ നെറ്റി മുട്ടിച്ചു... ""ഇനിയെന്നും ഇതുപോലെ മനസ്സിൽ എന്ത് തോന്നിയാലും അപ്പോൾ തന്നെ ചോദിച്ചോണം....

ഒരാഗ്രഹവും പറയാതെ കെട്ടിപ്പൂട്ടി വയ്ക്കണ്ട..... ഹ്മ്മ്...."" ഇളം ചിരിയോടെ പറയുന്നവനെ ഇമ ചിമ്മാതെ നോക്കി ആ കൈകളിലേക്ക് ഒതുങ്ങി കൂടി.. മുറിയിലെത്തിയതൊന്നും അറിഞ്ഞിരുന്നില്ല.... ആ മിഴികളിൽ തന്നെ കൊരുത്തിട്ടിരുന്നു ചിന്തകൾ പോലും... കട്ടിലിലേക്ക് ഇരുത്തി അകന്നു മാറാൻ ശ്രമിച്ചപ്പോൾ ഒന്നുകൂടി ശക്തിയായി ടി ഷർട്ടിന്റെ കോളറിലേക്ക് വിരൽ ചുറ്റി... അതിശയത്തോടെ നോക്കുന്നത് കണ്ടപ്പോഴാണ് ചെയ്ത പ്രവൃത്തിയെക്കുറിച്ചു ഓർമ്മ വന്നത്... ഞൊടിയിടയിൽ കൈ പിൻവലിച്ചു മുഖം താഴ്ത്തി... പതിഞ്ഞ സ്വരത്തിൽ ചിരി കേട്ടു... ചെറിയ പിണക്കത്തോടെ കണ്ണ് കൂർപ്പിച്ചു നോക്കി....

ആള് അപ്പോഴും ചിരിയാണ്... ""എനിക്ക് ചിരിയൊന്നും വരുന്നില്ല...."" പിണക്കത്തിൽ തന്നെ പറഞ്ഞു കട്ടിലിൽ കയറി കിടന്നു.. ഇപ്പോൾ തന്നെ പിന്നാലെ വരുമെന്ന് അറിയാമായിരുന്നു... പ്രതീക്ഷിച്ചത് പോലെ തന്നെ നിമിഷങ്ങൾക്കകം ആ കൈകൾ ചുറ്റി വരിഞ്ഞിരുന്നു... ""ചുമ്മാ ഒന്ന് ചിരിച്ചതിനാണോ ഈ പിണക്കം..... ഹ്മ്മ്..."" ""എനിക്കാരോടും പിണക്കമൊന്നുമില്ല...."" ""ഓഹോ.... ""പൊട്ടിച്ചിരി കേട്ടു കൈ ബലമായി അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും കൂടുതൽ ശക്തിയിൽ തിരിച്ചു ചുറ്റിപ്പിടിച്ചതെ ഉള്ളൂ... ""അടങ്ങി കിടക്ക്‌ പെണ്ണെ..... ഒന്ന് ചിരിച്ചതിനാണോ..... ഹ്മ്മ്.... നിനക്ക് ഇഷ്ടമുള്ളത്രയും നീയും ചിരിച്ചോ...."" പിന്നൊന്നും പറഞ്ഞില്ല.... ഇനി പറഞ്ഞിട്ടും കാര്യമില്ല.... പിണക്കം മാറി.... ചിരി വന്നു പോയി.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് ആ മുഖമാണ്... ശ്വാസമെടുക്കാനുള്ള അകലം പോലുമില്ല.. തലയൊന്ന് അല്പം പിന്നിലേക്ക് ആക്കി വെറുതെ നോക്കി കിടന്നു... നീളമുള്ള മുടിയിഴകൾ നെറ്റിയും കടന്നു കണ്ണിന് മുകളിലായി വീണു കിടപ്പുണ്ട്.. ഒരു കൈ തലയ്ക്കു കീഴെ വച്ചു അടുത്ത കൈകൊണ്ടു ചുറ്റിപ്പിടിച്ചു വച്ചിട്ടുണ്ട്... മുടി മെല്ലെ പിന്നിലേക്ക് മാടിയൊതുക്കി നെറ്റിയിലൊരു കുഞ്ഞുമ്മ കൊടുത്തു.. ഇന്നിനിയിപ്പോ ഓഫീസ് അവധിയാണ്.... കഴിഞ്ഞ പ്രൊജക്റ്റ്‌ സക്സസ് ആയതിന്റെ പേരിൽ ടീമിലുള്ള എല്ലാവർക്കും രണ്ടു ദിവസത്തെ ലീവ്.... രണ്ടു പേരും ഒരു ടീമിൽ തന്നെയായതിന്റെ പ്രയോജനം...

ഇല്ലെങ്കിൽ രണ്ടു ദിവസങ്ങളിൽ ആയിരുന്നേനെ പ്രൊജക്റ്റ്‌ ഉം ലീവും എല്ലാം... അരയിൽ ചുറ്റിയ കൈ എടുത്തു മാറ്റിയതും നെറ്റി ചുളിക്കുന്നത് കണ്ടു ചിരി വന്നു... അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ മാത്രമേ ഉള്ളൂ.... നിത്യ എഴുന്നേറ്റു കാണില്ല... ഏട്ടനും അനിയത്തിയും ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ വലിയ മടിയാണ്.... മഹിയേട്ടൻ പിന്നെയും മുൻപ് ഓടാൻ പോകാൻ വേണ്ടി എഴുന്നേൽക്കുമായിരുന്നു.... ഇപ്പോഴതൊന്നും ഇല്ലെന്ന് തോന്നുന്നു... ""ആഹാ.... അവിടെ തന്നെ നിൽക്കുന്നതെന്താ....."" അമ്മ ചോദിച്ചപ്പോഴാണ് ഇപ്പോഴും വാതിലിൽ തന്നെയാണ് നിൽപ്പെന്ന് കണ്ടത്... ""ഇങ്ങ് താ അമ്മേ.... ഞാൻ തിരുമ്മാം.....""

""ഏയ്.... ഇത് കഴിഞ്ഞു.... മോള്‌ നിങ്ങൾക്കുള്ള ചായയും കാപ്പിയും ആക്കിക്കോ.....എപ്പോഴാ എഴുന്നേൽക്കുക എന്നറിയാത്തതുകൊണ്ട് ഞാനിട്ടില്ല...."" കിഴങ്ങു വേവുന്നതിന്റെ മണം വരുന്നുണ്ട്... ഇടിയപ്പവും കിഴങ്ങു കറിയും ആയിരിക്കും..... നിത്യക്ക് വലിയ ഇഷ്ടമാണെന്ന് എപ്പോഴോ മഹിയേട്ടൻ പറഞ്ഞിട്ടുണ്ട്.... ആഴ്ചയിൽ ഒരു ദിവസമെങ്കിലും കിട്ടിയേ പറ്റൂ ആൾക്ക്... പാല് തിളച്ചതും സ്റ്റവ് ഓഫ് ആക്കി ഇൻസ്റ്റന്റ് കാപ്പിപ്പൊടി ചേർത്തിളക്കി.... പെട്ടെന്ന് പിന്നിൽ കൂടി രണ്ടു കൈകൾ ചുറ്റി വരിഞ്ഞു തോളിൽ മുഖമമർത്തിയിരുന്നു.... ഞെട്ടിപ്പിടഞ്ഞു നോക്കിയത് അമ്മയെയാണ്.... അടുത്തൊന്നും കാണുന്നില്ല... ""നോക്കണ്ട.... അമ്മ മുറ്റത്തോട്ട് ഇറങ്ങി.... ഇനി ഇപ്പോഴേ ഒന്നും നോക്കേണ്ട....""

പറയുന്നതിന്റെ ഒപ്പം നനഞ്ഞ മുടി വെറുതെ കഴുത്തിലിട്ട് ഉരസുന്നുണ്ടായിരുന്നു... തടയാനോ അകന്നു മാറാനോ പോയില്ല... വെറുതെ അങ്ങനെ നിന്നു.... കാപ്പി ഒരു കപ്പിൽ പകർന്നു ആ കൈയിലേക്ക് കൊടുത്തു... അമ്മ വരുന്നത് കണ്ടതും ആള് നേരെ സ്ലാബിന്റെ മുകളിലേക്ക് കയറിയിരുന്നു.... ""അമ്മായിഅമ്മയും മരുമോളും കൂടി രാവിലെ കഷ്ടപ്പെട്ട് പണിയാണല്ലോ.... ഞാനും എന്റെ കൊച്ചും ഔട്ട്‌ ആകുമോ..."". ചോദിച്ചു തീർന്നതും തറപ്പിച്ചുള്ള നോട്ടം രണ്ടു ഭാഗത്തു നിന്നും കിട്ടി. ""നിന്റെ കൊച്ചിനെ മര്യാദക്ക് പോയി വിളിച്ചോണ്ട് വാ.... രാവിലെ വന്നാൽ പാത്രം കഴുകണം എന്നും പറഞ്ഞു മടി പിടിച്ചു കിടക്കുന്നുണ്ടാകും....അവള് ചെയ്തില്ലെങ്കിൽ നീ കഴുകി വച്ചേക്കണം എല്ലാം....""

അമ്മയുടെ കനപ്പിച്ചുള്ള മറുപടി കേട്ടതും നന്ദുവിനെ നോക്കി...അവിടെയും ചിരി അടക്കി നിൽപ്പുണ്ട്... രണ്ടാളെയും ഒന്ന് കൂർപ്പിച്ചു നോക്കി എഴുന്നേറ്റു പോയി... """പാവമാ..... അവളെ വിളിക്കാൻ പോയതാ... ഇനി അവള് വന്നില്ലെങ്കിലും അവൻ ചെയ്തോളും....""" """ഇവര് രണ്ടാളും ഇത്തിരി വലുതായതിൽ പിന്നെ ഇവിടെ ഒറ്റക്ക് ജോലി ചെയ്യേണ്ടി വന്നിട്ടേ ഇല്ല..... ഏട്ടൻ പഠിപ്പിച്ചെടുത്ത ശീലമാണ്.... ലീവിന് വരുമ്പോൾ അമ്മയ്ക്ക് റസ്റ്റ്‌ കൊടുക്കാമെന്നു പറഞ്ഞു രണ്ടാളെയും അടുക്കളയിൽ കൂടെ കയറ്റും..... കാര്യമായ ജോലിയൊന്നും ഇല്ലെങ്കിലും അവിടെ തന്നെ ഇരുത്തി ഓരോന്നും പഠിപ്പിച്ചു കൊടുക്കും.... എന്നിട്ട് തിരിച്ചു അങ്ങ് ചെന്നിട്ടും വിളിച്ചു ചോദിക്കും... ഇന്ന് ആരാ അമ്മയെ കൂടുതൽ സഹായിച്ചത്...

അവർക്ക് അടുത്ത പ്രാവശ്യം വരുമ്പോൾ സമ്മാനമുണ്ടെന്ന്..... അങ്ങനെ സമ്മാനം വാങ്ങാൻ രണ്ടാളും മത്സരം ആയിരുന്നു.... മിക്കവാറും മഹിക്ക് തന്നെയാകും കിട്ടുക... നിത്യക്ക് അന്നും ഇത്തിരി മടിയുണ്ട്.... പിന്നെ അവന്റെ കൈയിൽ നിന്ന് അത് വാങ്ങാൻ വേണ്ടി പിന്നാലെ നടക്കും..... അങ്ങനെ സമ്മാനം കിട്ടാൻ വേണ്ടി തുടങ്ങിയതാ രണ്ടാളും... പിന്നെയത് ശീലമായി....""" അമ്മ പറയുന്നതൊക്കെ ചിരിയോടെ കേട്ടിരുന്നു.... അതിനിടയിൽ നിത്യയെ പിടിച്ചു വലിച്ചു കൊണ്ട് വരുന്നത് കണ്ടു.... അവളുടെ കാപ്പി കൂടി എടുത്തു ഒരു കൈയിലായി മാറ്റി പിടിച്ചിട്ടുണ്ട്.... പാത്രം കഴുകിയിട്ടേ ഇന്ന് തരൂ എന്ന ഭീഷണിയും...

നിത്യ ഓരോരുത്തരെയും ആദ്യം ചുണ്ട് കൂർപ്പിച്ചു പിണക്കത്തോടെയും പിന്നെ ചുണ്ട് പിളർത്തിയുമൊക്കെ നോക്കുന്നുണ്ട്.... രക്ഷയില്ലെന്ന് കണ്ടതും ഇന്നലത്തെ പോലെ മഹിയുടെ തോളിനിട്ട് ഒരിടി കൊടുത്തു പാത്രം കഴുകാൻ തുടങ്ങി.... കഴിക്കാനിരുന്നപ്പോഴും മഹിയെ കാണുമ്പോൾ മുഖം വീർത്തു തന്നെ ഇരുന്നു..... ഒടുവിൽ അമ്മയിടപെട്ടിട്ടാണ് പിണക്കം മാറിയത്... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""എവിടെ പോകുവാ....."" ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞു ടീവിയുടെ മുൻപിൽ ഇരിക്കുന്നത് കണ്ടപ്പോൾ വെറുതെ ചെന്ന് അടുത്തിരുന്നതാണ്... ശ്രദ്ധ ഇവിടേക്കല്ല ടീവിയിൽ തന്നെയാണെന്ന് കണ്ടതും മുഖമൊന്നു കോട്ടി എഴുന്നേൽക്കാൻ തുടങ്ങി... അപ്പോഴേക്കും കൈയിൽ പിടി വീണിരുന്നു....

""ഞാനെന്തിനാ ഇവിടെ ഇരിക്കുന്നെ.... ഈ പൊട്ട വാർത്ത ചാനലും നോക്കി ഇരുന്നോ....."" നോക്കാത്തതിന്റെ പരിഭവം വാക്കുകളിൽ നിറഞ്ഞിരുന്നു.... കൈ വിടുവിക്കാൻ നോക്കിയതും വീണ്ടും വലിച്ചടുത്തിരുത്തി.... റിമോട്ട് എടുത്തു കൈയിലേക്ക്‌ പിടിപ്പിച്ചു.. ""എങ്കിലെന്റെ ഭാര്യ ഇഷ്ടമുള്ളത് വച്ചു കണ്ടോ.... എനിക്കേ നല്ല ഉറക്കം വരുന്നുണ്ട്..."" സമ്മതം പറയും മുൻപേ ആള് മടിയിലേക്ക് കിടന്നിരുന്നു..... ആദ്യമൊന്ന് ഞെട്ടി... പകച്ചു നോക്കിയിട്ടും അവിടെ കൂസലൊന്നും ഇല്ല.... രണ്ടു കൈയും നെഞ്ചിലേക്ക് പിണച്ചു വച്ചു ടീവിയിലേക്ക് നോക്കി കിടപ്പുണ്ട്.... പിന്നെ മെല്ലെ ആ മുടിയിലൂടെ വിരലോടിച്ചു.... സിനിമയൊന്നും ഇല്ലാത്തതിനാൽ വെറുതെ പാട്ട് വച്ചു..... പണ്ടേ ഇഷ്ടമാണ് ടീവിയിൽ ഇങ്ങനെ പാട്ട് കാണാൻ...

ഹെഡ്സെറ്റ് വച്ചു കേൾക്കുന്നതിനോട് തീരെ താല്പര്യമില്ല.... പാട്ട് കാണുമ്പോൾ കൂടെ ആ സിനിമയിലെ രംഗങ്ങൾ കൂടി കാണുന്നതാണ് ഇഷ്ടം... ഇതുവരെ കണ്ടുകൊണ്ടിരുന്ന ക്ലാസ്സ്‌മേറ്റ്സ് ലെ പാട്ട് മാറി അടുത്ത പാട്ട് തുടങ്ങി... വിജയുടെയും സാമന്തയുടെയും ഉന്നാലെ എന്ന പാട്ട് തുടങ്ങിയതും അതിലേക്ക് മാത്രമായി ശ്രദ്ധ.... നായികയുടെ വീർത്ത വയറിലേക്കും..... വാവയെ കൈയിൽ കൊഞ്ചിക്കുന്നതുമൊക്കെ ഒരു സ്വപ്നത്തിൽ എന്നത് പോലെ നോക്കിയിരുന്നു... കണ്ണൊന്ന് വെട്ടിച്ചപ്പോഴാണ് മടിയിൽ കിടക്കുന്ന ആളും അത് തന്നെ നോക്കിയിരിക്കുന്നത് കണ്ടത്... ആ മുഖത്തെ ഭാവം വ്യക്തമല്ല.... മുടിയിൽ വിരലോടിച്ച കൈകൾ നിശ്ചലമായപ്പോഴാണ് മഹി തിരിഞ്ഞു നോക്കുന്നത്....

ഏത് നിമിഷവും പെയ്യാൻ എന്നത് പോലെ മൂടിക്കെട്ടിയ കാർമേഘം പോലിരിക്കുന്ന മുഖം കണ്ടപ്പോൾ പെട്ടെന്ന് കഴുത്തിനു പിന്നിലേക്ക് കൈ ചേർത്ത് മുഖം പിടിച്ചു താഴ്ത്തി... ആദ്യം താടിയുടെ തുമ്പിലും പിന്നെ പകപ്പോടെ നോക്കുന്നവൾക്ക് ശ്വാസമെടുക്കാൻ പോലും ഇട നൽകാതെ ചുണ്ടോട് ചുണ്ട് കോർത്തപ്പോഴും പെണ്ണ് മിഴിച്ചു നോക്കുന്നുണ്ടായിരുന്നു... അകന്ന് മാറിയപ്പോൾ കുറച്ചു മുമ്പ് കണ്ട പാട്ടോ രംഗമോ ഒന്നും മനസ്സിൽ വന്നില്ല... ആകെയൊരു മരവിപ്പ്.... സുഖമുള്ള ഒന്ന്... ഇമ വെട്ടാൻ പോലും മറന്നു ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.... മാസങ്ങൾക്ക് ശേഷം വീണ്ടും..... കണ്ണ് നിറയുന്നുണ്ട്......

എന്നായിരുന്നു ഇത്രമേൽ പ്രണയത്തിൽ അവസാനമായി ചുംബിച്ചത്.... ഓർമ്മയിൽ ഭ്രാന്തമായി തിരഞ്ഞു.... മങ്ങിയ കുറച്ചു ചിത്രങ്ങൾ തെളിഞ്ഞു... ഒന്നും വ്യക്തമായി വരുന്നില്ല.... കുറച്ചു മുൻപ് നടന്നത് പോലും മനസ്സിലേക്ക് വരുന്നില്ല.... ഈ നിമിഷം മാത്രം..... ചുറ്റുമുള്ളതെല്ലാം മറന്നു അവനിൽ മാത്രം ഒതുങ്ങിയ ഈ നിമിഷം മാത്രം... അവൾക്ക് നേരെ കിടന്നു മഹി തന്നെ ആ കൈയിൽ വിരൽ കോർത്തു അതിലേക്ക് മുഖമർത്തി കിടന്നു.... വെറുതെ അവളെ നോക്കി... അവളിൽ മാത്രം ഒതുങ്ങി... കുസൃതി നിറഞ്ഞ ചിരിയോടെ ആ മുഖത്തേ അമ്പരപ്പും വെപ്രാളവുമെല്ലാം ഒപ്പിയെടുത്തു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ലച്ചു കണ്ണാടിയിലേക്ക് നോക്കി മുടിയൊന്ന് കൂടി വിടർത്തി ഇട്ടു...

ഒരു മണിക്കൂർ കഴിയുമ്പോളേക്കും അവരെത്തും... ടെക്സ്റ്റൈൽ ഷോപ്പിൽ വച്ചു കണ്ടതിന്റെ അന്ന് രാത്രി തന്നെ ദ്രുവിക്കിന്റെ അമ്മ വീട്ടിലേക്ക് വിളിച്ചിരുന്നു... രണ്ടു ദിവസത്തിനുള്ളിൽ പെണ്ണ് കാണാൻ വരാനും തീരുമാനമായി... ചിരിയാണ് വന്നത്.... ഒന്ന് സമ്മതം കിട്ടാനായി നോക്കിയിരുന്നത് പോലെ... ""കഴിഞ്ഞില്ലേ ലച്ചു.... അവരെത്തി..."" അമ്മ വിളിച്ചു പറഞ്ഞതും ദുപ്പട്ട അലസമായി തോളിലേക്കിട്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി.... ദ്രുവിക്കും അമ്മയും അനിയനും കൂടിയാണ് വന്നത്...

ഇങ്ങേ അറ്റത്തിരിക്കുന്ന ആൾ ചുറ്റും നോക്കുന്നുണ്ട്.... തന്നെയാകും.... മുന്നിലേക്ക് ചെന്ന് നിന്നതും ആ കണ്ണുകളൊന്ന് തിളങ്ങി... പിന്നെ നോട്ടം മാറ്റി മറ്റുള്ളവരിലേക്ക് ശ്രദ്ധിച്ചു... ""ഇവന് ഇങ്ങനെയൊരിഷ്ടം ഉണ്ടെന്നറിഞ്ഞപ്പോൾ പിന്നെ കാത്തിരിക്കാൻ തോന്നിയില്ല..... കുറെയായി കല്യാണ കാര്യം പറഞ്ഞു ഞാൻ പിറകേ നടക്കുന്നു... അപ്പോഴൊക്കെ പിന്നെയാവട്ടെ പറഞ്ഞു ഒഴിയും... മനസ്സിൽ ഒരാളെയും വച്ചിട്ടാണ് ഈ ഒഴിഞ്ഞു മാറ്റം എന്ന് അറിയുന്നില്ലല്ലോ..."" അമ്മ പറഞ്ഞതും അവനെല്ലാവരെയും നോക്കി ചമ്മിയ ചിരി നൽകി.... """ലച്ചുവിന് ഇഷ്ടമാണെങ്കിൽ പിന്നെ വേറെ എന്ത് പ്രശ്നം.... കുടുംബക്കാരെ ഒക്കെ ഒന്ന് അറിയിക്കണം..... അവർക്ക് കൂടി സൗകര്യമുള്ള ഒരു ദിവസം അങ്ങോട്ടും ഇങ്ങോട്ടും കണ്ട് ഉറപ്പിക്കാം....

ജാതകത്തിൽ ഒന്നും ഞങ്ങൾക്ക് വിശ്വാസം ഇല്ല.... നിങ്ങൾക്ക് നോക്കണമെന്നുണ്ടെങ്കിൽ തന്നു വിടാം..""". വീണ്ടും ചർച്ചകളും ചോദ്യങ്ങളും നടക്കുന്നതിന്റെ ഇടയ്ക്കാണ് അമ്മ പറയുന്നത് രണ്ടാളും പുറത്തേക്ക് ഇറങ്ങി സംസാരിച്ചോളാൻ... ""ഒട്ടും പേടിയില്ല അല്ലേ.... """ഗാർഡനിലെ റോസാപ്പൂവിൽ കൂടി മെല്ലെ വിരൽ കൊണ്ട് തട്ടി നടക്കുന്നതിന്റെ ഇടയ്ക്ക് അവൻ ചോദിച്ചു... ""പേടിക്കണോ....."" തിരിച്ചു അതേ കുസൃതി നിറഞ്ഞ ചോദ്യം... ""ഇങ്ങനെ അടുത്ത് നിൽക്കുമ്പോൾ പേടി തോന്നില്ലേ..... വിറയ്ക്കില്ലേ...""". അവളുടെ അടുത്തേക്ക് ചേർന്നു തൊട്ടു തൊട്ടില്ല എന്ന് നിൽക്കുമ്പോഴും പെണ്ണിന് ചിരിയാണ്... """മ്മ്മ്മ്ഹഹ്...."" ഇല്ലെന്ന് തല വെട്ടിച്ചു... ""നാണവും തോന്നില്ലേ....."" അവന് കൗതുകം... വീണ്ടും തലവെട്ടിച്ചു ഇല്ലെന്നത് പോലെ.... ""പിന്നെ...... ""ചോദ്യം പൂർണ്ണമാക്കാതെ നോക്കി.... ""ഇഷ്ടം തോന്നും......"".........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story