അനന്തിക: ഭാഗം 41

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""ഇങ്ങനെ അടുത്ത് നിൽക്കുമ്പോൾ പേടി തോന്നില്ലേ..... വിറയ്ക്കില്ലേ...""". അവളുടെ അടുത്തേക്ക് ചേർന്നു തൊട്ടു തൊട്ടില്ല എന്ന് നിൽക്കുമ്പോഴും പെണ്ണിന് ചിരിയാണ്... """മ്മ്മ്മ്ഹഹ്...."" ഇല്ലെന്ന് തല വെട്ടിച്ചു... ""നാണവും തോന്നില്ലേ....."" അവന് കൗതുകം... വീണ്ടും തലവെട്ടിച്ചു ഇല്ലെന്നത് പോലെ.... ""പിന്നെ...... ""ചോദ്യം പൂർണ്ണമാക്കാതെ നോക്കി.... ""ഇഷ്ടം തോന്നും......"" ""എ.... എന്താ.."". കേട്ടത് ശെരിയാണോ എന്നുറപ്പിക്കാൻ ഒന്നുകൂടി ചോദിച്ചു... ""ഇഷ്ടം തോന്നുമെന്ന്..... ""ഇത്തവണ ഉച്ചത്തിലാണ് പറഞ്ഞത്... അവനൊന്നു ഞെട്ടി ചുറ്റും നോക്കി.... ആരുമില്ല... ""ആദ്യം മുതലേ ഇഷ്ടം ആയിരുന്നോ...."" ആദ്യത്തെ അമ്പരപ്പ് മാറിയതും ചോദ്യമെത്തി.. അവൾക്ക് ചിരിയാണ്....

""ഏയ് ഇല്ല..... കുറേ കാലമായില്ലേ ഈ പിന്നാലെ നടപ്പ്.... അത്യാവശ്യം മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവൊക്കെ ഇപ്പോ ഉണ്ടെന്ന് കൂട്ടിക്കോ... ഇനി ആള് മാറില്ല...."" ഒരു കണ്ണൊന്നിറുക്കി പറഞ്ഞതും അവനും ചിരിച്ചു പോയി... ""എന്നാലും അടുത്ത് വരുമ്പോൾ ഒന്നും തോന്നില്ലേ.... കണ്ണിൽ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ.... ഹ്മ്മ്..."" ""മ്മ്ഹ്ഹ്...... തോന്നുമായിരിക്കും.... സാഹചര്യം അനുസരിച്ചു... ഇപ്പോൾ എന്തായാലും തോന്നുന്നില്ല...."" അകത്ത് അപ്പോഴും ചർച്ചകൾ പൊടിപൊടിക്കുന്നുണ്ടായിരുന്നു.... അടുത്ത ആഴ്ച തന്നെ ജാതകം നോക്കാൻ തീരുമാനം എടുത്തപ്പോൾ രണ്ടാളും പരസ്പരം നോക്കി ചിരിയോടെ നിന്നു...

""ഇനിയിപ്പോ അമ്മേടെ നമ്പറിൽ തന്നെ മെസ്സേജ് അയച്ചാൽ മതിയോ.... അതോ വേറെ നമ്പർ ഉണ്ടോ...."" ഇറങ്ങുന്നതിനു മുൻപ് സ്വകാര്യം പോലെ വന്നു ചോദിക്കുന്നത് കേട്ടപ്പോൾ ചമ്മലോടെ തല താഴ്ത്തി... ചിരി ചുണ്ടിനിടയിൽ തന്നെ കടിച്ചു പിടിച്ചു ഒന്ന് കൂടി തലയാട്ടി യാത്ര പറഞ്ഞിറങ്ങുന്നവനിൽ തന്നെ മിഴിയുറപ്പിച്ചു നിന്നു... എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം.... പോകും മുൻപേ അമ്മ ചേർത്തു പിടിച്ചു നെറുകയിൽ മുത്തം തന്നിരുന്നു... ആൾക്കാണ് ഏറ്റവും കൂടുതൽ സന്തോഷം... പാവമാണെന്ന് തോന്നുന്നു.... മോന്റെ വേലത്തരം ഒന്നും എന്തായാലും അമ്മ അറിയാൻ വഴി ഇല്ല... കാറിൽ കയറും മുൻപ് തിരിഞ്ഞൊരു നോട്ടം കൂടി കിട്ടി...

സന്തോഷം മാത്രം നിറഞ്ഞു നിന്നു...ചുറ്റിനും.... മനസ്സിലും... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 സിനിമ കാണുകയായിരുന്നു എല്ലാവരും.... ഇന്ന് കൂടിയേ ലീവ് ഉള്ളൂ.... നാളെ മുതൽ ഓഫീസിൽ പോയി തുടങ്ങിയാൽ വീണ്ടും രാവിലെ മുതൽ രാത്രി വരെ ജോലിയാണ്.. ഏറ്റവും അറ്റത്തുള്ള സെറ്റിയിലാണ് നിത്യ.... അമ്മ നിലത്ത് ഒരു പായയും ഷീറ്റും വിരിച്ചിട്ട് കിടക്കുന്നുണ്ട്.... ആൾക്ക് അങ്ങനെ കാണുന്നതാ ഇഷ്ടം... തൊട്ടടുത്തു അതേ പായയിൽ ഇരുന്ന് സെറ്റിയിലേക്ക് തല ചായ്ച്ചു ഇരിക്കുകയാണ് മഹി.... നന്ദുവിന്റെ കൈ എടുത്തു ഇടയ്ക്കിടെ മുടിയിലേക്ക് വയ്ക്കും... മസ്സാജ് ചെയ്യുന്നില്ല എന്ന് കാണുമ്പോൾ ചുണ്ട് കൂർപ്പിച്ചു നോക്കും.. അവൾക്ക് ചിരിയാണ്....

വീണ്ടും കൈ എടുത്തു തലയിലേക്ക് വയ്ക്കും.... ""അടങ്ങി ഇരിക്ക് മഹി.... അവൾക്ക് സിനിമ കാണണ്ടേ.... കുറച്ചു നേരമായി ഇത് തുടർന്നുകൊണ്ട് ഇരുന്നപ്പോഴേക്കും അമ്മയിടപെട്ടു...."" പിണക്കത്തോടെ നീങ്ങി ഇരിക്കാൻ തുടങ്ങുമ്പോളേക്ക് ആ വിരലുകൾ മെല്ലെ മുടിയിൽ തലോടി തുടങ്ങി... ചിരിയോടെ കണ്ണടച്ച് ആ മടിയിലേക്ക് ചാഞ്ഞിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അമ്മേ...... ഞാൻ ഇന്നലെ പറഞ്ഞ കാര്യം.... ഇന്നെങ്കിലും പൈസ തരാനുണ്ടോ....."" അത്യാവശ്യമായി ഇന്ന് കൊടുക്കേണ്ട ബ്ലൗസ് പെട്ടെന്ന് തയ്ച്ചു എടുക്കുന്നതിന്റെ ഇടയ്ക്കാണ് പിന്നിൽ വന്നു അച്ചു ചോദിച്ചത് ... ആശ അവളെയൊന്ന് രൂക്ഷമായി നോക്കി...

കഴിഞ്ഞ ദിവസം ബീച്ചിൽ പോയിട്ട് വന്നതിന്റെ വഴക്ക് കഴിഞ്ഞതിനു ശേഷം ഇന്നലെ രാത്രിയാണ് സംസാരിക്കാൻ വരുന്നത്... അതിന് മുൻപുള്ള രണ്ടു ദിവസവും ഒരക്ഷരം മിണ്ടാതെ ദേഷ്യത്തിലായിരുന്നു... ആദ്യത്തെ ദിവസം പട്ടിണി കിടന്നെങ്കിലും പിന്നെ മുതൽ പ്രിയ ചെന്ന് വിളിക്കുമ്പോൾ വന്നു കഴിച്ചിട്ട് പോകും. ഇന്നലെ രാത്രിയാണ് പിന്നെയും മിണ്ടാൻ വന്നത്... ഇരുന്നൂറ് രൂപ വേണമത്രേ... കാര്യം ചോദിച്ചപ്പോൾ കോളേജിലേക്ക് ആവശ്യം ഉണ്ടെന്ന്... ""അമ്മേ....."" മറുപടി പറയാതെ ആശ വീണ്ടും തയ്ക്കുന്നത് കണ്ടപ്പോൾ ഉച്ചത്തിൽ വിളിച്ചു... ""പ്രിയേ......"" അമ്മയെന്തിനാ ഇപ്പോൾ പ്രിയയെ വിളിക്കുന്നത് എന്നാലോചിച്ചു നെറ്റി ചുളിഞ്ഞു...

'"എന്താമ്മേ..."".. യൂണിഫോം ടോപ്പും കൈയിൽ പിടിച്ചാണ് വരവ്... ""നിങ്ങൾക്ക് ഇന്ന് കോളേജിൽ ഇരുന്നൂറ് രൂപ കൊടുക്കേണ്ട ആവശ്യം ഉണ്ടോ..."" അച്ചു പ്രിയയെ രൂക്ഷമായി നോക്കിയെങ്കിലും അവൾ ഇല്ലെന്ന് തലയാട്ടി...."" ഇല്ലമ്മേ... ഒന്നും പറഞ്ഞില്ല..."" """കേട്ടല്ലോ.... രണ്ടു പേരും ഒരേ കോഴ്സ് തന്നെയല്ലേ പഠിക്കുന്നത്.... അവൾക്കില്ലാത്ത ആവശ്യം ഒന്നും നിനക്കും വേണ്ടാ.... ഇവിടെ വെറുതെ കിട്ടുന്ന പൈസ ഒന്നുമില്ല... ഇത്രയും കാലവും അനുവും കൂടി ചേർന്നാണ് ചിലവ് നോക്കിയത്.... ഇപ്പോൾ അവൾക്കൊരു കുടുംബമായി... ഇനിയും അവളോട് ചെന്ന് ചിലവ് നടത്താൻ പറയാനൊന്നും പറ്റില്ല.... ഇത്തിരിയൊക്കെ അഡ്ജസ്റ്റ് ചെയ്തു ജീവിച്ചാൽ മതി...."""

"""അങ്ങനെ പറഞ്ഞാൽ എങ്ങനാമ്മേ..... ഞാൻ ലയ ടെ അടുത്ത് നിന്ന് വാങ്ങിയതാ.... അത് തിരിച്ചു കൊടുത്തേ പറ്റൂ...."" ഒടുവിൽ വേറെ വഴി ഇല്ലാതെ പറഞ്ഞു... ""ആരോടു ചോദിച്ചിട്ട് വാങ്ങിച്ചു..... എന്തായാലും പഠിക്കുന്ന ഒരാവശ്യത്തിനും അല്ലല്ലോ.... ഇവിടിപ്പോ കൊടുക്കാൻ പൈസ ഇല്ല.... അത്രേം നിർബന്ധം ഉണ്ടെങ്കിൽ അടുത്ത ആഴ്ച അവധി കിട്ടുന്ന ദിവസം എന്റെ കൂടെ തയ്യലിന്റെ അവിടേക്ക് വാ.... ഒരു ദിവസം വൈകുന്നേരം വരെ നിന്നാൽ മതി.. ഈ പറഞ്ഞ പൈസ കിട്ടും....."" ഇനിയൊന്നും കേൾക്കാൻ ഇല്ലാത്തത് പോലെ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് ആശ വീണ്ടും തയ്ക്കാനായി തിരിഞ്ഞിരുന്നു...

പ്രിയയെ രൂക്ഷമായി നോക്കിയെങ്കിലും അവളതൊന്നും ശ്രദ്ധിക്കാതെ മുറിയിലേക്ക് തിരിച്ചു നടന്നു... കൈ ചുരുട്ടി പിടിച്ചിട്ടും ദേഷ്യം മാറുന്നില്ല.... ഇന്നലെ ലയ ചോദിച്ചപ്പോൾ പറഞ്ഞതാണ് ഇന്ന് തിരിച്ചു തരാമെന്ന്... ഇനിയെങ്ങനെ അവൾടെ മുൻപിൽ പോയി നിൽക്കും.... ആരെയും നോക്കാതെ ബാഗും എടുത്തിട്ട് വാശിയിൽ ഇറങ്ങി നടന്നു.... കഴിച്ചിട്ട് പോകാൻ അമ്മ പറയുന്നുണ്ടായിരുന്നു...കേട്ട ഭാവം നടിച്ചില്ല.... കോളേജിൽ എത്തിയപ്പോഴേക്കും ഒരു വിധം പിള്ളേരൊക്കെ വന്നു തുടങ്ങി.... ക്ലാസ്സിൽ കയറിയില്ല... ലയ പൈസ ചോദിച്ചാൽ എന്ത് പറയും.... അല്ലെങ്കിലേ ഈയിടെയായി അവർക്കൊക്കെ പുച്ഛമാണ്....

കാന്റീനിന്റെ കുറച്ചു മുൻപിലായി ഗ്രൗണ്ടിലേക്ക് തിരിയുന്ന വഴിയിൽ കുറച്ചു ഇരിപ്പിടങ്ങൾ ബഞ്ച് പോലെ പണിത് വച്ചിട്ടുണ്ട്.... മരങ്ങൾ ഉള്ളതുകൊണ്ട് വെയിലും കൊള്ളേണ്ട..... അതിലേക്ക് ഇരുന്ന് വെറുതെ ഗ്രൗണ്ടിലേക്ക് നോക്കി ... സ്പോർട്സ് ഡേ അടുക്കുന്നതുകൊണ്ട് അവിടെയും ഇവിടെയുമായി കുറച്ചു പിള്ളേരൊക്കെ പ്രാക്ടീസ് ചെയ്തു നിൽക്കുന്നുണ്ട്... അവൾക്കാകെ തല പെരുക്കുന്നത് പോലെ തോന്നി..... ലയയുടെ പൈസ കൊടുക്കണം..... ഈ ആഴ്ച തന്നെ എല്ലാവരും സിനിമയും കണ്ട് പുറത്തു നിന്ന് ഫുഡ്‌ കഴിക്കാനും പ്ലാൻ ഇടുന്നുണ്ട്.... കഴിഞ്ഞ തവണ പ്രിയ വരാത്ത ദിവസം ആയതിനാൽ വീട്ടിലെ പ്രോഗ്രാം പറഞ്ഞു ഒഴിഞ്ഞു മാറി...

ഇത്തവണ അങ്ങനെ പറ്റില്ല...അവളോട് എന്തായാലും ചോദിക്കും... അടുത്താരോ വന്നിരിക്കുന്നത് കണ്ടിട്ടാണ് തിരിഞ്ഞു നോക്കുന്നത്.... ശ്രുതി കൃഷ്ണയാണ്.... ഇലക്ട്രോണിക്സ് ലെ.... അവളെയൊന്ന് നോക്കി വീണ്ടും പഴയത് പോലെ ഇരുന്നു.... ഇതുവരെ സംസാരം ഒന്നും ഉണ്ടായിട്ടില്ല പരസ്പരം... എപ്പോഴും ഇവളുടെ കൂടെ ആ ക്ലാസ്സിലെ മിക്കവാറും കുട്ടികളെ കാണാം... ""എന്ത് പറ്റി അർച്ചന ഇവിടെ വന്നിരിക്കുന്നത്..... ഇന്ന് ക്ലാസ്സിന് കയറുന്നില്ലേ...."" ഒന്നും പറഞ്ഞില്ല... ""ഈയിടെയായി തന്റെ ഫ്രണ്ട്സ് പോകുന്നിടത്തൊന്നും തന്നെ കാണുന്നില്ലല്ലോ.... സാധാരണ എല്ലാത്തിനും മുൻപിൽ കാണുന്നതല്ലേ...."" ദേഷ്യം വരുന്നുണ്ടായിരുന്നു.... അവളുടെ ഒരോ ചോദ്യങ്ങൾ...

""എന്തേ കൈയിൽ പൈസ ഇല്ലാത്തതാണോ പ്രശ്നം....."" ""ഞാൻ സഹായിക്കട്ടെ...."" മറുപടി ഒന്നും ഇല്ലാതെ വന്നപ്പോൾ അടുത്തേക്ക് നീങ്ങിയിരുന്നു പതുക്കെ ചോദിച്ചു... അച്ചു തുറിച്ചു നോക്കിയതേ ഉള്ളൂ.... """ഹാ... പേടിക്കണ്ടടോ.... തന്നെ ഒരു രീതിയിലും ഉപദ്രവിക്കാനല്ല.... അധ്വാനമുള്ള ജോലിയും അല്ല.... ഞാൻ തരുന്ന കുറച്ചു മിട്ടായി ഫ്രണ്ട്സ് ന് കൊടുക്കണം.... തരുന്നത് മുഴുവൻ കൊടുത്തു തീർത്താൽ വൈകുന്നേരം ആകുമ്പോൾ നാനൂറു രൂപ ഈ കൈയിൽ വച്ചു തരും. ആലോചിച്ചു നോക്കിക്കേ അങ്ങനെ വരുമ്പോൾ ഒരു മാസം എത്ര രൂപ കിട്ടുമെന്ന്...."" അച്ചു നെറ്റി ചുളിച്ചു അവളെ നോക്കി.... അതെന്തിനാ മിട്ടായി കൊടുത്താൽ നാനൂറു തരുന്നത്... ശ്രുതി ചിരിച്ചതേ ഉള്ളൂ...

പിന്നെ ബാഗ് തുറന്നു ഒരു ചെറിയ പൊതി തുറന്നു കുറച്ചു മിട്ടായി കൈയിലേക്ക് എടുത്തു.... വർണ്ണക്കടലാസിൽ പൊതിഞ്ഞ പല നിറത്തിലുള്ള മിട്ടായികൾ.... ""ദാ ഇത് കണ്ടോ...... വെറുതെയുള്ള മുട്ടായി അല്ല.... ഇത് കഴിച്ചു ശീലമായാൽ പിന്നെ നിർത്താൻ പറ്റില്ല..... ഒരുതരത്തിൽ അഡിക്ട് ആയി പോകും..... കെമിസ്ട്രി ലെ സോജൻ വഴിയാ ഞാൻ ചേർന്നത്... ഇപ്പോൾ കണ്ടില്ലേ ഇതൊക്കെ എന്റെ പൈസക്ക് വാങ്ങിയതാ.....""" ഇട്ടിരിക്കുന്ന വില കൂടിയ ഷൂസും ബാഗും ഒക്കെ കാണിച്ചവൾ പറഞ്ഞു... അച്ചു അവൾ ചൂണ്ടി കാട്ടിയ ഓരോന്നും നോക്കി.... ""മുഴുവൻ കൊടുത്തു തീർത്താൽ അന്ന് തന്നെ തരുമോ പൈസ..."" ""പിന്നെന്താ.... സോജനാ പൈസ തരുന്നത്....

അവൻ രണ്ടു മൂന്ന് ദിവസം കൂടുമ്പോൾ ഇങ്ങനെ ഒരോ പാക്കറ്റ് കൊണ്ട് വരും... അടുത്ത തവണ വരുമ്പോഴേക്കും അത് കൊടുത്തു തീർക്കണം.... ദാ പൊട്ടിക്കാത്ത ഒരു പാക്കറ്റ് ഇരിപ്പുണ്ട്... തനിക്ക് ഓക്കേ ആണെങ്കിൽ പറയ്.... ഇന്ന് വൈകുന്നേരം തന്നെ നാനൂറു കൈയിൽ കിട്ടും...."" ആദ്യം അറച്ചു നിന്നെങ്കിലും ശ്രുതി ഇട്ടിരിക്കുന്ന ഷൂസിലേക്കും ബാഗിലെക്കുമൊക്കെ നോട്ടം പോയി.... വാച്ച് വരെ പുതിയതാണ്..... ഇതിപ്പോൾ തനിക്ക് നഷ്ടം ഒന്നുമില്ലല്ലോ..... കുറച്ചു മിട്ടായി പിള്ളേർക്ക് കൊടുക്കണം.... പക്ഷേ പിടിക്കപ്പെട്ടാൽ..... മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും വാദ പ്രതിവാദം നടത്തി.... ""താല്പര്യമില്ലെങ്കിൽ വേണ്ടാ അർച്ചന..... നിർബന്ധമില്ല.... ""ശ്രുതി ബാഗ് അടച്ചു എഴുന്നേൽക്കാൻ തുടങ്ങിയതും കൈയിൽ പിടിച്ചു നിർത്തി.... ""ഞാൻ..... എനിക്ക്..... ഓക്കേ ആണ്.... പൈസ കൃത്യമായിട്ട് തന്നാൽ മതി....."""

"""അതിനെന്താ.... അല്ലെങ്കിൽ വേണ്ടാ...ദാ ഇത് പിടിച്ചോ... മുൻകൂറായി തന്നെ തന്നിരിക്കുന്നു... """ബാഗിൽ നിന്നും നാനൂറു രൂപ എടുത്തു നീട്ടി.... """ഇന്നലെ സോജൻ തന്നതാ.... താനിത് വച്ചോ... ഞാൻ അവന്റെ കൈയിൽ നിന്ന് വേറെ വാങ്ങിക്കോളാം...""" ശ്രുതി സന്തോഷത്തോടെ എടുത്തു തന്നപ്പോൾ അതുവരെ തോന്നിയ പേടിയൊക്കെ മാറി പൈസയിലേക്ക് മാത്രം നോട്ടമെറിഞ്ഞു.... കണ്ണുകൾ തിളങ്ങി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""എന്താടാ തല വേദനിക്കുന്നുണ്ടോ...."" എന്നും എഴുന്നേൽക്കുന്ന സമയം ആയിട്ടും പുതച്ചു മൂടി കിടക്കുന്ന നന്ദുവിന്റെ അടുത്തേക്ക് ഇരുന്നു മഹി... ""തണുപ്പല്ലേ..... നല്ല രസം... എഴുന്നേൽക്കാൻ തോന്നുന്നില്ല.... ഞാനിന്ന് ലീവ് ആക്കിക്കോട്ടെ മഹിയേട്ടാ....

'" കൊഞ്ചൽ കലർന്ന ചിരിയോടെ പതുക്കെ ചോദിച്ചു... ""ആഹാ.... മടിച്ചി പെണ്ണ്.... വന്നു വന്നു ഓഫീസിൽ പോകാൻ പറഞ്ഞാൽ കേൾക്കില്ല.... ആദ്യം ഒന്ന് ലീവ് എടുക്കാൻ പറയുന്നതിനായിരുന്നു ബഹളം...."" അവൻ പുതപ്പ് വലിച്ചു മാറ്റാൻ നോക്കിയിട്ടും വീണ്ടും അതിൽ തന്നെ ബലമായി പിടിച്ചു കിടന്നു..... ""പ്ലീസ് മഹിയേട്ടാ.... എനിക്കുറക്കം വന്നിട്ടല്ലേ..... പ്ലീസ് ഇന്നൊരു ദിവസം...."" ""നടക്കില്ല.... ഇപ്പോ എന്താ എന്നേ കാണാത്തതിൽ വിഷമം ഇല്ലേ..."".ചിരിയോടെ ചോദിക്കുന്നതിന്റ ഒപ്പം പുതപ്പും വലിച്ചു മാറ്റിയിരുന്നു... """ഇപ്പോ എനിക്കറിയാലോ എന്റെ ആണെന്ന്.... ""ചിരിയോടെ പറഞ്ഞു തലയണയിലേക്ക് മുഖം പൂഴ്ത്തുന്നവളെ ഇക്കിളിയിട്ട് എഴുന്നേൽപ്പിക്കാൻ നോക്കി... """ഹാ.....""

"""മഹിയേട്ടാ കഷ്ടമുണ്ട് കേട്ടോ.... ഞാൻ മിണ്ടില്ല....""" മുഖം വീർപ്പിച്ചാണ് എഴുന്നേറ്റത്... ""ഒരു കഷ്ടവും ഇല്ല.... അങ്ങനെ ഞാൻ ജോലിക്ക് പോകുമ്പോൾ ഇവിടെ സുഖമായി കിടന്നുറങ്ങേണ്ട.... വേണേൽ നമുക്ക് അടുത്ത ദിവസം ഒന്നിച്ചു ലീവ് എടുത്തിട്ട് കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം....""" താടിയൊന്നു തടവി പറയുന്നവനെ നോക്കി ചുണ്ട് കോട്ടി എഴുന്നേറ്റു.. ""ദുഷ്ടൻ..... ""കുളിച്ചിട്ട് ഇറങ്ങുന്നതിന്റെ ഇടയ്ക്കും പിറുപിറുക്കുന്നവളെ നോക്കി ചിരിയടക്കി നിൽക്കുകയായിരുന്നു മഹി... തല തോർത്തി കഴിഞ്ഞതും പിന്നിൽ കൂടി വട്ടം ചുറ്റിപ്പിടിച്ചു നിന്നു.... മുഖം അപ്പോഴും തെളിഞ്ഞിട്ടില്ല... ""ഹാ.... ഒന്ന് ചിരിക്കെന്റെ നന്ദൂസ്..... ഈയിടെയായി നിനക്കിത്തിരി സ്നേഹം കുറവാട്ടോ.....

മറ്റേത് ഞാൻ എവിടെ പോയാലും പിന്നാലെ വരുന്ന പെണ്ണായിരുന്നു..... ഹാ.... """നെടുവീർപ്പോടെ പറഞ്ഞതും താടിയിൽ പിടിച്ചു വലിച്ചിരുന്നു... """ഔ....... എന്താടി....""" '""കുന്തം..... മാറങ്ങോട്ട്..... നാളെ ഞാൻ എന്തായാലും ലീവ് എടുക്കും...""' അവനെ തള്ളി മാറ്റി അമ്മയുടെ അടുത്തേക്ക് നടന്നു... രാവിലെ വിളിച്ചുണർത്തിയതിന്റെ പരാതി പറയാനുള്ള പോക്കാണ്.... ഇന്നലേം ഇത് തന്നെ ആയിരുന്നു... ഇനിയിപ്പോ കഴിക്കാൻ ഇരിക്കുമ്പോളേക്ക് അമ്മയുടെ വക്കാലത്ത് കാണും... """നിനക്കു വേണമെങ്കിൽ ഒരുങ്ങി പോയാൽ പോരെ മഹീ...... നീയെന്തിനാ അവളെ നിർബന്ധിക്കുന്നത്..... ഏഹ്.....""" അവൻ തല കുടഞ്ഞു മുടി നന്നായി ചീകി ഒതുക്കി...

പ്രതീക്ഷിച്ചത് പോലെ തന്നെ ഊണ് മുറിയിൽ എത്തിയപ്പോൾ അമ്മ നിൽപ്പുണ്ട്... ചമ്മിയ ചിരി ചിരിച്ചു... ""അല്ലേലും ഈ ഏട്ടൻ ഇങ്ങനെയാ അമ്മേ... പണ്ടേ ഉള്ള അസുഖമാ... മനുഷ്യൻ സ്വസ്ഥമായി കിടന്നുറങ്ങുമ്പോൾ വന്നു ശല്യം ചെയ്യും....അഹങ്കാരമാണ്..."" നിത്യ കൂടി അവളെ സപ്പോർട്ട് ചെയ്യും പോലെ ഏറ്റ് പിടിച്ചതും കണ്ണ് കൂർപ്പിച്ചു മൂന്നാളെയും നോക്കി.... മൂന്നും ഒരുപോലെ ഇടുപ്പിൽ കൈ കുത്തി രൂക്ഷമായി നോക്കി നിൽക്കുന്നുണ്ട്.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story