അനന്തിക: ഭാഗം 45

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

അവന്റെ മുഖത്തും ടെൻഷൻ നിറഞ്ഞിരുന്നു... """ഇത്തവണ പ്രശ്നം ഇത്തിരി കൂടുതലാണ് നന്ദു.... ഡ്രഗ്സ് കൈയിൽ വച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്..."" അവനെ ചുറ്റിപ്പിടിച്ച കൈകൾ അപ്പോഴേക്കും ഊർന്നു നിലത്തേക്ക് വീണിരുന്നു.... വിശ്വാസം വരാത്തത് പോലെ അവനെ തുറിച്ചു നോക്കി... ""വാ..... നോക്കാം നമുക്ക്...."" അവനോടൊപ്പം പുറത്തേക്ക് ഇറങ്ങുമ്പോൾ ഇതുവരെ ഇല്ലാത്തത് പോലെ മുഖം വലിഞ്ഞു മുറുകിയിരുന്നു അവളുടെ... സ്റ്റേഷന്റെ അകത്തേക്ക് കയറിയപ്പോഴേ ആദ്യം കണ്ടത് അമ്മയെയാണ്... തലയ്ക്കു കൈയും വച്ചു ബഞ്ചിൽ ഇരിക്കുന്നുണ്ട്.... ദേഹമൊക്കെ വിറയ്ക്കുന്നു.... ""അമ്മേ...."".

ഓടി അടുത്തോട്ടു ചെന്നതും ആശ രണ്ടു കൈകൾകൊണ്ടും അവളുടെ വയറ്റിലൂടെ ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം ചായ്ച്ചു..... ""എന്താമ്മേ...... എന്താ ഉണ്ടായേ..."" വിറച്ചുകൊണ്ട് ഇപ്പോഴും കരയുന്ന ആശയുടെ പുറത്ത് പതിയെ ഉഴിഞ്ഞു കൊടുത്തു... ""പ്രിയ..... പ്രിയയാ ഇന്ന് തയ്യൽക്ലാസ്സിന്റെ അവിടെ വന്നു പറയുന്നത് ഇവളെ പോലീസ് കൊണ്ട് പോയെന്ന്..... കൈയിലെന്തോ ലഹരിയുടെ മിട്ടായി ഉണ്ടായിരുന്നെന്ന്..... ഞാൻ..... ഞാനെന്നിട്ട് ഇവളുടെ മിസ്സിനെ ലതേടെ ഫോണിൽ നിന്ന് വിളിച്ചു.... അപ്പോഴാ... അപ്പോഴാ അറിഞ്ഞത്....."" ബാക്കി പറയാൻ കഴിയാതെ അവർ കിതയ്ക്കുന്നത് കണ്ടതും മഹി അടുത്തേക്കിരുന്നു പതിയെ ചുമലിൽ തട്ടിക്കൊടുത്തു...

""എന്നിട്ട് പ്രിയ എവിടെ....."" ""അവളെ ഞാൻ ലതയുടെ വീട്ടിലേക്ക് ഇരുത്തി....."" ""എനിക്കാണേൽ ഇവര് പറയുന്ന വകുപ്പൊന്നും മനസ്സിലാകുന്നില്ല.... അതാ.... അതാ നിങ്ങളെ രണ്ടാളെയും വിളിച്ചത്..... അമ്മ ബുദ്ധിമുട്ടിച്ചതല്ല.... വേറെ..... വേറെ വഴി ഇല്ലാഞ്ഞിട്ട....."" ""അതിനിപ്പോ എന്താമ്മേ..... അമ്മേടെ മക്കള് തന്നെയല്ലേ ഞങ്ങളും.... അമ്മയ്ക്ക് ഏത് സമയത്ത് വേണേലും വിളിക്കാല്ലോ....."" മഹി പറഞ്ഞുകൊണ്ട് അവരെ ചേർത്തു പിടിച്ചു... ആശ അവനെയും നന്ദുവിനെയിം നിറഞ്ഞ കണ്ണുകളോടെ നോക്കി വീണ്ടും അവളുടെ കൈയിൽ മുറുക്കെപ്പിടിച്ചിരുന്നു... ""മോൻ..... മോനെങ്ങനെയാ അറിഞ്ഞത്..... ഞാൻ വിളിച്ചിട്ട് കിട്ടിയില്ലല്ലോ..."""

അമ്മ ചോദിക്കുന്നത് കേട്ടതും നന്ദുവും അവനെ സംശയത്തോടെ നോക്കി.... അപ്പോൾ അമ്മ പറഞ്ഞിട്ടല്ലേ അറിഞ്ഞത് എന്ന ഭാവത്തിൽ... ""നന്ദു ന്റെ ഫ്രണ്ട് ഇല്ലേ അമ്മ... ലക്ഷ്മി..... ആ കുട്ടി വിളിച്ചിരുന്നു.... ഇവിടുത്തെ എസ്. ഐ യും ആയിട്ട് കല്യാണം പറഞ്ഞു വച്ചിരിക്കുന്ന കുട്ടിയ....."" ""ലച്ചുമോള്‌...... ലച്ചു മോളാണോ വിളിച്ചത്...."" അമ്മയുടെ ചോദ്യത്തിൽ കേട്ട അതേ അതിശയം നന്ദുവിന്റെ മുഖത്തും ഉണ്ടായിരുന്നു.... ഒപ്പം തന്നോട് പറഞ്ഞില്ലല്ലോ എന്ന പരിഭവവും... മിനിഞ്ഞാന്ന് രാത്രി കൂടി വിളിച്ചു സംസാരിച്ചതല്ലേ.... ദ്രുവിക് പെണ്ണ് കാണാൻ വന്ന വിശേഷങ്ങൾ ഒക്കെ പറഞ്ഞതല്ലേ.... എന്നിട്ടും ഇത് മാത്രം പറഞ്ഞില്ലല്ലോ എന്നൊരു കുഞ്ഞ് പരിഭവം ഉള്ളിൽ നിറഞ്ഞു...

""ഓഹ്..... അതിനിനി വെറുതെ മുഖം വീർപ്പിക്കണ്ട.... നിന്നോട് പറഞ്ഞാൽ ഇവിടെ എത്തുന്നത് വരെ ടെൻഷനടിച്ചു സമാധാനം കളയില്ലേ.... അതാണ് എന്നേ വിളിച്ചത്.... ആളിവിടെ ഇല്ല.... പാലക്കാട്‌ പോയിരിക്കുവാ.... നാളെ രാവിലെ എത്തും... ഇല്ലെങ്കിൽ ആരെക്കാളും മുൻപേ ഇവിടെ കണ്ടേനെ...."" അവനത് പറഞ്ഞതും നന്ദു ചെറിയ ചിരിയോടെ അമ്മയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു... '"അച്ചു എവിടെ...."" ചോദിക്കുമ്പോൾ വീണ്ടും ഗൗരവം നിറഞ്ഞു... ""അകത്തേക്ക് കൊണ്ട് പോകുന്നത് കണ്ടു കുറച്ചു മുമ്പ്......"" ഒന്ന് മൂളിക്കൊണ്ട് അവൾ ചുറ്റിനും കണ്ണോടിച്ചു.... കൂടെ അറസ്റ്റ് ചെയ്തവരുടെ ബന്ധുക്കളാണെന്ന് തോന്നുന്നു.... അവിടെയും ഇവിടെയുമായി കുറച്ചു ആളുകൾ ഇരിക്കുന്നുണ്ട്.....

ചിലരൊക്കെ കരയുന്നു..... ചിലർ എല്ലാം തകർന്നത് പോലെ തലയും കുമ്പിട്ടു ഇരിക്കുന്നു.... ചിലർ നിർത്താതെ ഓരോരോ നമ്പറുകളിൽ വിളിച്ചു സഹായം ചോദിച്ചുകൊണ്ടേ ഇരിക്കുന്നു... ഒരു നോട്ടം മാത്രം നോക്കി പെട്ടെന്ന് തന്നെ കണ്ണുകൾ പിൻവലിച്ചു.... ""വാ.... സാറ് വിളിക്കുന്നുണ്ട്...."" പെട്ടെന്നായിരുന്നു ഒരു ഓഫീസർ മുമ്പിൽ വന്നു പറഞ്ഞത്... ആശ പേടിയോടെ അവളുടെ കൈയിൽ ചുറ്റിപ്പിടിച്ചെങ്കിലും അമ്മയെയും കൊണ്ട് പതിയെ എഴുന്നേറ്റു... ടെൻഷൻ നിറഞ്ഞിരുന്നു ഉള്ളിൽ..... ഒരിക്കലും ഇങ്ങനെ അവളെ കാണേണ്ടി വരുമെന്ന് വിചാരിച്ചതല്ല..... മഹി അവളുടെ വിരലിലേക്ക് വിരൽ കോർത്തു ചുറ്റിപ്പിടിച്ചു..... ""ഒന്നുമില്ല...... പേടിക്കണ്ട...... ""

കണ്ണ് ചിമ്മി പതിയെ പറഞ്ഞതും അവന്റെ കൈയിൽ കൊരുത്തിട്ട വിരലുകൾക്ക് മുറുക്കം കൂടി... അനുവാദം ചോദിച്ചു അകത്തേക്ക് കയറി.... ""ഇരിക്കൂ...."" മുൻപിലുള്ള കസേരകളിലേക്ക് ചൂണ്ടി ദ്രുവിക്... ""നിധൂ.... അവളെയിങ് കൊണ്ട് വാ...."" ബെല്ലടിച്ചു വിളിച്ചു... ""അർച്ചനയെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് ഞാനിനി പറയേണ്ടല്ലോ."" സീൽ ചെയ്തു വച്ചിരിക്കുന്ന മിട്ടായിപ്പൊതി അവർക്ക് മുൻപിലേക്ക് വച്ചു ദ്രുവിക്..."" ""മയക്കുമരുന്ന് കലർന്നതാണ്.... ചെറിയ അളവിൽ..... ആദ്യം ചെറിയ രീതിയിൽ കൊടുത്തു കൊടുത്തു കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന രീതി.....

ഇതേ വസ്തു കൈയിൽ വച്ചതിനു രണ്ടു ദിവസം മുൻപ് ഇവിടുത്തെ ഒരു സ്കൂളിൽ നിന്നും കുറച്ചു കുട്ടികളെ കസ്റ്റഡിയിൽ എടുത്തിരുന്നു.... അങ്ങനെയാണ് ഇന്ന് അറസ്റ്റിലായ ശ്രുതി കൃഷ്ണ, സോജൻ എന്നിവരാണ് ഈ ഒരു ഏരിയയിൽ ഇതിന്റെ വിതരണം നടത്തുന്നതെന്ന് മനസ്സിലായത്..... പൈസക്ക് ആവശ്യം ഉണ്ടെന്ന് തോന്നുന്ന കുട്ടികളെ ക്യാൻവാസ് ചെയ്തു പണം ഓഫർ ചെയ്യും... പിന്നീട് പിന്മാറാൻ ശ്രമിച്ചാലും ഭീഷണിപ്പെടുത്തി കൂടെ നിർത്തും. അർച്ചന ഇന്നലെയാണ് ഈ സംഘത്തിന്റെ കൂടെ ചേർന്നത്.... നാനൂറു രൂപയായിരുന്നു ഒരു ദിവസത്തെ ഓഫർ... പേടിച്ചിട്ടാണോ അതോ പറ്റാഞ്ഞിട്ടാണോ എന്തോ....എന്തായാലും അർച്ചന ഇതുവരെ ആർക്കും കൊടുത്തിട്ടില്ല....

അതുകൊണ്ട് സാക്ഷിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്... ഇനി മേലിൽ ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.... സ്റ്റേഷൻ ജാമ്യം കിട്ടില്ല... നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ അവിടെ നിന്ന് ജാമ്യം എടുത്തോളൂ....""" ദ്രുവിക് പറയുന്ന ഒരോ വാക്കിനും മഹിയുടെ കൈയിലെ പിടുത്തം മുറുകിക്കൊണ്ടിരുന്നു... അവൻ മെല്ലെ അവളുടെ കൈയിൽ തട്ടിക്കൊടുത്തു... ആശ തലകുനിച്ചു തന്നെയിരുന്നു.... ഇനിയുമൊന്നും കേൾക്കാൻ വയ്യെന്നത് പോലെ... അപ്പോഴേക്ക് അച്ചുവിനെ അകത്തേക്ക് കൊണ്ട് വന്നിരുന്നു... ""എന്തിനാ ഇപ്പോ തലകുനിച്ചു പിടിച്ചിരിക്കുന്നത്.... ഇന്നലെ വരെ ഇതൊന്നും അല്ലായിരുന്നല്ലോ... പെട്ടെന്ന് പണക്കാരിയാകാൻ നോക്കിയതല്ലേ...."""

ദ്രുവിക് പരിഹാസത്തോടെ പറഞ്ഞതും അവൾ വിരൽ ചുരുട്ടിപ്പിടിച്ചു.... നന്ദുവിന്റെ മുൻപിൽ ഇങ്ങനെ നിൽക്കേണ്ടി വന്ന നാണക്കേടിൽ ഇരു കൈകളും ഉടുപ്പിൽ കൂട്ടിപ്പിടിച്ചുകൊണ്ടിരുന്നു.... നന്ദു മഹിയെ നോക്കിയതും അവൻ സമ്മതം കൊടുക്കുന്നത് പോലെ കണ്ണ് ചിമ്മി അവളുടെ തോളിലൊന്ന് തട്ടി.... ""സർ..... എനിക്ക്.... എനിക്ക് അവളോടൊരു കാര്യം ചോദിക്കാനുണ്ട്...."" ""അതിനെന്താ..... ചോദിച്ചോ..... ഇനി രണ്ടു കൊടുത്താലും വിരോധമില്ല... വളർത്തിയ കൈകളല്ലേ... ശിക്ഷിക്കാനും അധികാരമുണ്ട്....""" അവനെ നോക്കിയൊന്ന് നന്ദിയോടെ ചിരിച്ചു നന്ദു അവൾക്ക് അടുത്തേക്ക് നടന്നു... ""എന്ത് കാര്യത്തിന നീയിതു ചെയ്തത്...."""

കൈകൾ കെട്ടി മുൻപിൽ നിന്ന് ചോദിച്ചതും ഉത്തരമില്ലാതെ അച്ചു തല താഴ്ത്തി... """ചോദിച്ചത് കേട്ടില്ലേ.... നിനക്കെന്തിന്റെ കുറവുണ്ടായിട്ടാണെന്ന്..... ഉണ്ണാൻ കിട്ടുന്നില്ലേ.... അതോ ഉടുക്കാൻ കിട്ടുന്നില്ലേ....""" ശബ്ദമുയർത്തി ചോദിച്ചതും അവളൊന്ന് ഞെട്ടി.... ""അത്..... ഞാൻ.... പൈസ.... പൈസക്ക്...."" അടുത്ത നിമിഷം തന്നെ നന്ദുവിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു..... അടിയുടെ ശക്തിയിൽ മുഖമൊരുവശത്തേക്ക് ചരിച്ചു കവിളിലേക്ക് കൈ ചേർത്തു..... ""നിനക്ക് ഈ കൈകളല്ലേ ഏറ്റോം വെറുപ്പ്..... എനിക്കിപ്പോ നിന്നോട് മൊത്തത്തിൽ വെറുപ്പ് തോന്നുവാ..... പൈസക്ക് മയക്കുമരുന്ന് വിൽക്കാൻ നടന്നുന്ന്..... ആ പൈസ മതിയാകാതെ വന്നാൽ നാളെ നീ നിന്നെ തന്നെ വിൽക്കുമോ..... ഏഹ്....."""

വാക്കുകളുടെ ശക്തിയിൽ അവളൊന്ന് പിടഞ്ഞു..... അപ്പോഴും നന്ദുവിനെ മുഖമുയർത്തി നോക്കാനുള്ള ധൈര്യം വന്നില്ല.... """നിർത്തി.... എല്ലാം നിർത്തി.... ഇത്രയും നാളും എത്രയൊക്കെ അവഗണിച്ചിട്ടും..... തള്ളിപ്പറഞ്ഞിട്ടും.... കൂടപ്പിറപ്പല്ലേ എന്നോർത്ത് സ്നേഹിച്ചിട്ടേ ഉള്ളൂ..... എന്നെങ്കിലും ഒരിക്കൽ മനസ്സിലാക്കുമെന്ന് കരുതി.... പക്ഷേ.... നീ.... നീ....."" ശബ്ദം വിറച്ചിരുന്നു പറയുമ്പോൾ..... ഇരു കണ്ണുകളും നിറഞ്ഞൊഴുകി മുൻപിലുള്ള കാഴ്ചയെ മറച്ചു തുടങ്ങി... ""നന്ദു....."" അവളെ ചെറുതായ് വിറച്ചു തുടങ്ങുന്നത് കണ്ടതും മഹി എഴുന്നേറ്റു അടുത്തേക്ക് ചെന്നു... ""നന്ദു.....നോക്കിയേ..."" പിന്നിലായ് അവന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നിന്ന് ആ നെഞ്ചിലേക്ക് മുഖം ചേർത്ത് ചുറ്റിപ്പിടിച്ചു....

""വയ്യ.... മഹിയേട്ടാ..... ഇനിയും വയ്യാ.... തോറ്റു പോയി ഞാൻ.....""" പതം പറഞ്ഞു നെഞ്ചിൽ കിടന്നു കരയുന്നവളുടെ മുടിയിലായി വിരലോടിച്ചു മഹി.... ""എന്റെ നന്ദുവെങ്ങനാ തോൽക്കുന്നത്.... മ്മ്.... ഇന്നോളം ഇവർക്ക് വേണ്ടതൊക്കെ ചെയ്തു കൊടുത്തില്ലേ.... സ്നേഹിച്ചില്ലേ..... നിന്നെ മനസ്സിലാക്കുന്നതിൽ അവര് മാത്രമാണ് തോറ്റത്......""" മഹി പറയുന്നതൊക്കെ കേട്ടിട്ടും മുഖമുയർത്താതെ അവനെ ചുറ്റിപ്പിടിച്ചു നിന്നു.... അച്ചുവിനെ ഒരു നോട്ടം പോലും നോക്കാതെ നന്ദുവിനെ ചേർത്തു പിടിച്ചു ദ്രുവിക്കിന്റെ അടുത്തേക്ക് നടന്നു മഹി... ""നിങ്ങളെന്നാൽ പൊയ്ക്കോളൂ... ഇന്നിനി ഇവിടെ നിന്നിട്ടും കാര്യമില്ല... ജാമ്യം കിട്ടാൻ പോകുന്നില്ല....

നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ അവിടേക്ക് വന്നാൽ മതി...."" മഹിക്ക് കൈ കൊടുത്തു അവൻ പറഞ്ഞതും സമ്മതം പോലെ തലയാട്ടി... ആശയെയും പതിയെ എഴുന്നേൽപ്പിച്ചു... അമ്മയുടെ മുഖത്തേക്ക് നോക്കാനാകാതെ അച്ചു തല കുനിച്ചു.... ദ്രുവിക്കിന്റെ ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ രണ്ടു പേരും ഒരാശ്രയം പോലെ മഹിയോട് ചേർന്നു നടന്നു... ""അമ്മയെങ്ങനാ വന്നേ..... ഓട്ടോക്കാണോ..."" മഹി ചോദിച്ചതും അതേയെന്ന പോലെ തലയാട്ടി... ""ദാ..... അതിലാ...."" ആശ അവിടെ നിർത്തിയിട്ടിരുന്ന ഓട്ടോക്ക് നേരെ വിരൽ ചൂണ്ടിയതും മഹി അതിനടുത്തേക്ക് ചെന്ന് പൈസ കൊടുത്തു പറഞ്ഞു വിട്ടു...

""ഇനിയിപ്പോ ഒറ്റക്ക് പോകാനൊന്നും നിൽക്കണ്ട.... ഞങ്ങളുടെ കൂടെ വന്നാൽ മതി..."" അവൻ പറഞ്ഞതും എതിർത്തൊരു വാക്ക് പറയാതെ പിന്നിലേക്ക് കയറി കണ്ണുകളടച്ചു സീറ്റിൽ ചാരി ഇരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അമ്മയുറങ്ങി എന്ന് മനസ്സിലായതും മഹി നന്ദുവിനെ നോക്കി.... അവളപ്പോഴും പുറമെയുള്ള കാഴ്ചകളിലേക്ക് മിഴിനട്ട് ആലോചനകളിൽ മുഴുകി ഇരിക്കുകയായിരുന്നു... ""വീട്ടിൽ നിൽക്കണോ നന്ദു ഇന്ന് അമ്മയുടെ കൂടെ....."" മഹി ചോദിച്ചതും അവനെ അതിശയത്തോടെ നോക്കി... പിന്നേ മടിച്ചു മടിച്ചു തലയാട്ടി.... ""എന്നിട്ടെന്തേ പറയാഞ്ഞത്..."". ചെറിയ ചിരിയോടെ ചോദിച്ചതും ഒന്നുമില്ലെന്നത് പോലെ ചുമൽ കൂച്ചി....

""ഇന്ന് അവിടെ നിന്നോ.... നേരത്തെയായിരുന്നെങ്കിൽ പോകുന്ന വഴിക്ക് ഒരുജോഡി ഡ്രസ്സും വാങ്ങി ഞാനും നിന്നേനെ.... സമയം ഇത്രയും ആയില്ലേ.... കടയൊക്കെ അടച്ചു കാണും.... ഇത് മുഴുവൻ മുഷിഞ്ഞിരിക്കുന്നത് കൊണ്ട് മാറ്റതേം വഴിയില്ലല്ലോ..... രാവിലെ വരാം ഞാൻ....""" മുഖമൊന്നു വാടിയെങ്കിലും സമ്മതം പോലെ തലയാട്ടി.... """അതേ ഈ മുഖമിങ്ങനെ വീർപ്പിച്ചിട്ടും കാര്യമില്ല.... തന്നെയുമല്ല ലാപ് വീട്ടിൽ ഇരിക്കുവാ....ഇന്ന് രാത്രിയല്ലേ അവര് മെയിൽ അയക്കാമെന്നു പറഞ്ഞത്.... അതും നോക്കണം.... നാളെ രാവിലെ കണ്ണ് തുറക്കുമ്പോഴേക്കും ഞാനങ്ങു എത്തിയേക്കാം.... അതുവരെ അമ്മേം മക്കളും കൂടി നിന്നോ...."""

വിരലൊന്ന് കൂട്ടിപ്പിടിച്ചു അവൻ പറഞ്ഞതും അതുവരെ തോന്നിയ ചെറിയ പരിഭവം മാറി ചിരി വിടർന്നു... വഴിയിലായി തട്ടുകട കണ്ടതും മഹി ഇറങ്ങി അവർക്കെല്ലാമുള്ള പാഴ്സൽ വാങ്ങി.... ഒരെണ്ണം നിത്യക്ക് വേറെയും വാങ്ങി.... വീട്ടിൽ എത്തിയപ്പോഴേക്കും ആശ ഉണർന്നിരുന്നു.... ഡോർ തുറന്നു ഇറങ്ങിയപ്പോഴേ കണ്ടു ലതയാന്റിയുടെ കൈയിൽ പിടിച്ചു വരുന്ന പ്രിയയെ... പ്രിയയുടെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.... ""എന്തായി ചേച്ചി..... ""നന്ദുവിനെ കണ്ടതും അവളോടി അടുത്ത് ചെന്നു... ""നാളെയെ ജാമ്യം കിട്ടൂ....."" എല്ലാ മുഖങ്ങളിലും വിഷമമാണ്... ""മോള്‌ വാ അമ്മയ്ക്ക് ഒന്ന് കിടക്കണം...."" പ്രിയയുടെ കൈയിൽ പിടിച്ചു ആശ പതിയെ അകത്തേക്ക് കയറി....

""കേറുന്നില്ലേ മഹിയേട്ടാ..."".. അവൾ ചോദിച്ചതും ഇല്ലെന്ന് തലയാട്ടി... ""കയറാൻ നിന്നാൽ പിന്നെയും താമസിക്കും നന്ദു... ഇപ്പോൾ തന്നെ പതിനൊന്നു ആകുന്നില്ലേ.... രാവിലെ നേരത്തെ വരാം ഞാൻ....."" തെളിച്ചമില്ലാതെ ഒന്ന് മൂളി.... മഹിയവളെ ചേർത്ത് നിർത്തി മെല്ലെ മുഖം പിടിച്ചുയർത്തി..... ""അമ്മയ്ക്ക് ഇന്നെന്റെ നന്ദുനെ ആവശ്യമുണ്ട്..... അച്ചുവിന്റെ അവസ്ഥയോടൊപ്പം തന്നെ അവൾ കാരണം മനപ്പൂർവം അല്ലെങ്കിൽ കൂടി നിന്നെ വേദനിപ്പിച്ചല്ലോ എന്നുള്ള കുറ്റബോധമാ ആ മനസ്സ് നിറയെ.... ഇന്ന് എന്റെ നന്ദു അമ്മേടെ കൂടെ കിടക്ക്.... കുട്ടിക്കാലത്തു കിടന്നുറങ്ങിയത് പോലെ അമ്മയെ കെട്ടിപ്പിടിച്ചു.... ഹ്മ്മ്...."" മഹി പറഞ്ഞതും നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി തലയാട്ടി....

""പോകാൻ നേരം കണ്ണ് നിറച്ചു നിൽക്കല്ലേ നന്ദു...."" അവൻ പറഞ്ഞയുടൻ വെപ്രാളത്തോടെ കണ്ണ് തുടച്ചു... മഹി കൈ നീട്ടി പാഴ്‌സൽ എടുത്തു... ""തട്ട്ദോശയും ഓംലറ്റുമാണ്.... ചൂട് പോകുന്നതിന് മുൻപ് കഴിക്കണം.... വിശപ്പില്ല.... തോന്നിയില്ല എന്നെങ്ങാനും പറഞ്ഞു കഴിക്കാതെ ഇരുന്നാൽ..... ഞാൻ വിളിച്ചു ചോദിക്കും...."" അവൻ കണ്ണുരുട്ടി പറഞ്ഞതും തലയാട്ടിക്കൊണ്ട് വേഗം അത് കൈയിലേക്ക് വാങ്ങി.... തലതാഴ്ത്തി പാതി മനസ്സോടെ നിൽക്കുന്നവളെ ഇറുക്കെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുണ്ട് ചേർത്തു... ""ചെല്ല്... ഇനി തണുപ്പ് കൊണ്ട് പനിയൊന്നും വരുത്തണ്ട...."" "മഹിയേട്ടൻ പോയിട്ട് പൊയ്ക്കോളാം...""

""ചെല്ല് നന്ദു... ""സ്വരത്തിൽ ശാസന കലർന്നതും ചുണ്ടൊന്ന് പിളർത്തിക്കാട്ടി അകത്തേക്ക് കയറി... വാതിലിൽ ചാരി നിന്ന് അവനെ നോക്കി... ""വീട്ടിൽ ചെന്നിട്ട് വിളിക്കാം... കതകടച്ചേരെ....."" അവനെ നോക്കി തലയാട്ടി.... നിറയാൻ തുടങ്ങുന്ന കണ്ണുകളെ ശാസനയോടെ പിടിച്ചു നിർത്തി... ഒരു പൊട്ട് പോലെ ആ കാറിലെ വെളിച്ചം അകന്നകന്നു പോകുന്നത് നോക്കി നിന്നു... എന്തിനോ ഹൃദയം വല്ലാതെ മിടിച്ചു.... താലിയിലേക്ക് വിരൽ കൊരുത്തു മിഴിയനക്കാതെ വഴിയിലേക്ക് തന്നെ നോക്കി നിന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story