അനന്തിക: ഭാഗം 46

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""വീട്ടിൽ ചെന്നിട്ട് വിളിക്കാം... കതകടച്ചേരെ....."" അവനെ നോക്കി തലയാട്ടി.... നിറയാൻ തുടങ്ങുന്ന കണ്ണുകളെ ശാസനയോടെ പിടിച്ചു നിർത്തി... ഒരു പൊട്ട് പോലെ ആ കാറിലെ വെളിച്ചം അകന്നകന്നു പോകുന്നത് നോക്കി നിന്നു... എന്തിനോ ഹൃദയം വല്ലാതെ മിടിച്ചു.... താലിയിലേക്ക് വിരൽ കൊരുത്തു മിഴിയനക്കാതെ വഴിയിലേക്ക് തന്നെ നോക്കി നിന്നു.... പൂർണ്ണമായും കാർ കണ്ണിൽ നിന്ന് മാഞ്ഞതും വാതിൽ നേരെ അടച്ചില്ലേ എന്ന് ഒന്നുകൂടി നോക്കി അകത്തേക്ക് നടന്നു. പാഴ്‌സൽ മേശയുടെ മുകളിലായി വച്ചു അമ്മയുടെ മുറിയിലേക്ക് നടന്നു. പ്രിയയുടെ മടിയിൽ തലവെച്ചു കിടക്കുന്നുണ്ട്.... കണ്ണടച്ച് കിടക്കുന്നെങ്കിലും കൺകോണുകൾക്കിടയിലൂടെ ഇപ്പോഴും മിഴിനീർ ചാലിട്ട് ഒഴുകുന്നു...

""അമ്മേ.... ഇങ്ങനെ കിടന്നാൽ എങ്ങനാ.... വന്നേ... എന്തെങ്കിലും കഴിക്കാൻ നോക്ക്... വാ....."" തോളിൽ പിടിച്ചു പതിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു... ""അമ്മയ്ക്ക് ഇന്നൊന്നും ഇറങ്ങില്ല അനൂ... മക്കള് രണ്ടും പോയി കഴിച്ചോ..."" പ്രിയയുടെ മടിയിൽ നിന്നെഴുന്നേറ്റ് ചുമരിലേക്ക് ചാരിയിരുന്നു ആശ... ""അതൊന്നും നടപ്പില്ല.... അമ്മയ്ക്ക് കൂടി വാങ്ങിയതാ മഹിയേട്ടൻ..... അച്ചുവിനെ ഓർത്ത് അമ്മ പട്ടിണിയിരുന്നാൽ അവൾക്ക് ജാമ്യം കിട്ടുമോ... അതോ സ്വന്തം തെറ്റ് മനസ്സിലാകുമോ.... അവൾക്ക് എന്തായാലും അവര് സമയത്തിന് ഫുഡ്‌ വാങ്ങി കൊടുത്തോളും.... പിന്നെ അമ്മയെന്തിനാ പട്ടിണിയിരിക്കുന്നത്....."" ""വാ അമ്മേ.... അമ്മ കഴിക്കാതെ ഞങ്ങളും കഴിക്കില്ല....""

പ്രിയ കൂടി വാശി പിടിച്ചു പറഞ്ഞതും ആശ പതിയെ എഴുന്നേറ്റു... ""മോള്‌ പോയി വിളമ്പ്... ചേച്ചി അമ്മയെയും കൂട്ടി വരാം...."" ""അമ്മേ.... നോക്കിയേ..... അമ്മയിങ്ങനെ ഇരുന്നാൽ എങ്ങനെയാ.... നാളെ ജാമ്യം കിട്ടില്ലേ.... പിന്നെയും കരഞ്ഞോണ്ട് ഇരിക്കാനാണോ..... ഇനിയെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ കൂടുതൽ കൂടുതൽ തെറ്റുകളിലേക്ക് പോകും അവൾ...... ഇനിയെന്തെങ്കിലുമുണ്ടായാൽ ഇതുപോലെ രക്ഷപെട്ടെന്നും വരില്ല....."" ""എന്തെങ്കിലും ചെയ്യട്ടെ അവൾ.... ഞാനും ചിലത് തീരുമാനിച്ചു വച്ചിട്ടുണ്ട്..... അമ്മയിതൊക്കെ അനുഭവിക്കേണ്ടതാ... വാശിക്ക് കൂട്ട് നിന്ന് വളർത്തിയിട്ടല്ലേ.... അമ്മയ്ക്കിത് വേണം....""

നന്ദു ഇല്ലെന്നത് പോലെ തലയാട്ടിയിട്ടും ആശ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് കണ്ണ് തുടച്ചു... ""സാരമില്ല... അമ്മ വിഷമം കൊണ്ട് പറഞ്ഞതാ.... വാ കഴിക്കാം..... ""അവളുടെ മുടിയിലൊന്ന് വിരലോടിച്ചു പറഞ്ഞുകൊണ്ട് ആശ പതിയെ എഴുന്നേറ്റു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഹി പോർച്ചിലേക്ക് കാർ കയറ്റിയതും വിദ്യയും നിത്യയും വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി വന്നിരുന്നു.... ""ഉറങ്ങിയില്ലാരുന്നോ അമ്മേ...."" പാഴ്സലും എടുത്തിറങ്ങി ഡോർ ലോക്ക് ചെയ്യുന്നതിന്റെ ഇടയ്ക്ക് അവൻ ചോദിച്ചു... ""നിന്നെ നോക്കി ഇരുന്നതാ.... എന്തായി കേസ്..... ജാമ്യം കിട്ടില്ലേ നാളെ തന്നെ ..."" അകത്തേക്ക് നടക്കുന്നതിന്റെ ഇടയ്ക്ക് വിദ്യ ചോദിച്ചു..

""കിട്ടുമെന്നാണ് തോന്നുന്നത്. എന്തെങ്കിലും തുക കെട്ടി വയ്ക്കേണ്ടി വരുമെന്ന് പറയുന്നു...."" ""ഹ്മ്മ്.... ജാമ്യം നിൽക്കാൻ ആള് വേണമെങ്കിലും നന്ദു മോളെ നിർത്തണ്ട.... ആർക്കറിയാം ഇനിയും എന്തെങ്കിലും ചെയ്തു വയ്ക്കുമോ എന്ന്..."" അമ്മ പറഞ്ഞത് കേട്ടവൻ സമ്മതം പോലെ ചിരിച്ചതേ ഉള്ളൂ.. കൈയിലെ കവർ നിത്യക്ക് നേരെ നീട്ടി.... '"ദാ നിനക്ക് കൂടി വാങ്ങിയിട്ടുണ്ട്.... ഞാൻ കുളിച്ചിട്ട് വരാം... ആകെ മുഷിഞ്ഞിരിക്കുവാ...."" മുറിയിലെത്തിയതും ഫോണെടുത്തു വീട്ടിൽ വന്നെന്ന് നന്ദുവിന് മെസ്സേജ് അയച്ചു... പെട്ടെന്ന് കുളിച്ചിട്ട് ഇറങ്ങി വന്നു ഫോൺ നോക്കിയപ്പോഴും ആള് മെസ്സേജ് കണ്ടിട്ടില്ല.... അമ്മയുടെ അടുത്തായിരിക്കും എന്ന് ഊഹിച്ചു...

കഴിച്ചിട്ട് വന്നിട്ട് വിളിക്കാമെന്ന് കരുതി ഫോൺ അവിടെ വച്ചു ഊണുമുറിയിലേക്ക് ചെന്നു. അപ്പോഴേക്കും നിത്യ രണ്ടാൾക്കും വിളമ്പി വച്ചിരുന്നു... വേഗം കഴിക്കാൻ തുടങ്ങി.... തിയേറ്ററിൽ ഇരുന്ന് കഴിച്ചതുകൊണ്ട് കാര്യമായ വിശപ്പില്ല.... പോപ് കോൺ നന്ദുവിന് രുചി ഇഷ്ടപ്പെടാത്തത് കാരണം അവളുടേതും കൂടി കഴിക്കേണ്ടി വന്നു.... അത് കൂടാതെ ലെയ്സ് ഉം സോഫ്റ്റ്‌ ഡ്രിങ്ക്സും..... ""നീ കിടക്കുന്നില്ലേ.... ""കഴിച്ചു കഴിഞ്ഞു നിത്യ വീണ്ടും ഹാളിൽ തന്നെയിരിക്കുന്നത് കണ്ടു അവൻ പിരികം പൊക്കി നോക്കി... ""ഈ സിനിമ കഴിയട്ടെ ഏട്ടാ.... കണ്ടു തുടങ്ങിയില്ലേ...."" ഏതാണാവോ ഇത്ര കാര്യത്തിൽ ഇരുന്ന് കാണുന്നതെന്ന് അറിയാൻ ടീവിയിലേക്ക് നോക്കിയപ്പോൾ ചിരി വന്നു പോയി...

മേലേപ്പറമ്പിൽ ആൺവീട്..... ഈ പെണ്ണ് ഇതെത്ര തവണ കണ്ടതാണോ ആവോ... ഡയലോഗ് വരെ കാണാപ്പാഠമാണ് എന്നിട്ടാണ് വീണ്ടും.... അവളുടെ തലയിലൊന്ന് കൊട്ടി മുറിയിലേക്ക് നടന്നു... ഫോൺ എടുത്തു നോക്കിയപ്പോഴേ നന്ദുവിന്റെ മിസ്സ്ഡ് കാൾ കണ്ടു... തിരിച്ചു വിളിച്ചുകൊണ്ട് കട്ടിലിലേക്ക് കിടന്നു... രണ്ടാമത്തെ ബെല്ലിന് മുൻപ് കാൾ എടുത്തിരുന്നു... ""സോറി മഹിയേട്ടാ... മെസ്സേജ് വന്നത് കണ്ടില്ല... അമ്മയെ ഒരു വിധം സമാധാനിപ്പിച്ചു കിടത്തിയതേ ഉള്ളൂ..."" ഹലോ പോലും പറയുന്നതിന് മുൻപേ സോറി പറച്ചിലാണ് കേട്ടത്.... ""ഹ്മ്മ്.... ഇത്തവണ ഞാൻ ക്ഷമിച്ചു.... ഇനിയും ആവർത്തിച്ചാൽ..... ഹാ...

"""കൃതൃമ ഗൗരവം വരുത്തി പറഞ്ഞതും വിശ്വസിച്ചത് പോലെ മറുവശത്തു നിന്നും വീണ്ടും സോറി കേട്ടു... പൊട്ടിച്ചിരിച്ചു പോയി മഹി.... അവൻ കളിയാക്കിയതാണെന്ന് മനസ്സിലായതും അവളുടെ മുഖവും വീർത്തു... ""എനിക്കത്ര ചിരി വരുന്നില്ല...."" പിണക്കത്തോടെ പറഞ്ഞതും മഹി വീണ്ടും ചിരിച്ചു.... ""എന്നിട്ട്..... കഴിച്ചോ മുഴുവൻ...."". അവൻ ചോദിച്ചത് കേട്ടിട്ടും പിണക്കം മാറാത്തതിനാൽ മൂളിയതേ ഉള്ളൂ... ""പോകുമ്പോഴുള്ള ചിലരുടെ മുഖമൊക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇതിനകം മിസ്സ്‌ ചെയ്തിട്ട് ഒരു പത്ത് തവണയെങ്കിലും വിളിച്ചു എത്തിയോ... കഴിച്ചോ എന്നൊക്കെ ചോദിക്കുമെന്ന്..... എവിടെ....."""

മനഃപൂർവം ഇത്തിരി സങ്കടം ശബ്ദത്തിൽ വരുത്തി പറഞ്ഞു... """അതിനെനിക്ക് മിസ്സ്‌ ചെയ്തില്ലല്ലോ.... ഇവിടെ ഞാനും എന്റെ അമ്മേം കൂടി പഴയ കഥയൊക്കെ പറഞ്ഞു സുഖമായി കിടക്കുകയായിരുന്നു.... ഇപ്പോ ഫോൺ വന്നതുകൊണ്ട് എഴുന്നേറ്റു വന്നതാ....""" ചുണ്ട് കടിച്ചു പിടിച്ചു ചിരിയടക്കി പറഞ്ഞു... മറുവശത്തു ഇപ്പോൾ മുഖം വീർത്തു കാണുമെന്നു ഉറപ്പാണ്... """എങ്കിൽ ഞാനായിട്ട് ഉറക്കം കളയുന്നില്ല... പോയി ഉറങ്ങിക്കോ.... ഗുഡ് നൈറ്റ്‌.....""" പിണക്കം നിറഞ്ഞ സ്വരത്തോടെ പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തതും നന്ദു ഫോണിൽ നോക്കി തലയ്ക്കു കൈ കൊടുത്തു... ""ഈശ്വരാ പിണങ്ങിയെന്ന് തോന്നുന്നല്ലോ.... വേണ്ടായിരുന്നു...."" ""അനൂ...."" തിരിച്ചു വിളിക്കാൻ തുടങ്ങുമ്പോഴാണ് അമ്മ വിളിച്ചത്...

""എന്താമ്മേ....."" മുറിയിൽ ചെന്നപ്പോൾ ആശ തലയ്ക്കു കൈ കൊടുത്തു കിടക്കുകയാണ്...പ്രിയ ഉറക്കം പിടിച്ചിരുന്നു... ""തല വല്ലാതെ വേദനിക്കുന്നു.....മരുന്ന് കഴിച്ചിട്ടും മാറുന്നില്ല.... ടെൻഷൻ ആയിട്ടാകും.... മോളൊന്ന് മസ്സാജ് ചെയ്തു തരുമോ ഒരു പത്ത് മിനിറ്റ്....""" വേദന കൊണ്ട് ദയനീയമായ അമ്മയുടെ ശബ്ദം കേട്ടതും ഫോൺ കട്ടിലിലേക്ക് വച്ചു അടുത്ത് ചെന്നിരുന്നു രണ്ടു കൈകൾകൊണ്ടും മസ്സാജ് ചെയ്തു തുടങ്ങി.... മഹി വീണ്ടും വീണ്ടും ഫോണിലേക്ക് തന്നെ നോക്കി.... ""വിളിക്കുന്നില്ലല്ലോ...."" അഞ്ച് മിനിറ്റ് കൂടി നോക്കിയിട്ടും വിളിക്കുന്നില്ലെന്ന് കണ്ട് ഫോണും എടുത്തു ഹാളിലേക്ക് നടന്നു... നിത്യയുടെ അടുത്ത് ഇരിക്കുമ്പോഴും ടീവിയിൽ ശ്രദ്ധിക്കാതെ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു...

""ശെടാ.... ഇനിയിപ്പോ അവിടെയും പിണക്കമായോ.... അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും വിളിച്ചില്ലെങ്കിൽ തിരിച്ചു വിളിക്കാം...."" മനസ്സിലുറപ്പിച്ചു വീണ്ടും ഫോണിലേക്ക് തന്നെ മിഴി നട്ടിരുന്നു... ""എന്തേ..... ഏട്ടത്തി പിണങ്ങിയോ... ""നിത്യ ചോദിച്ചതും കണ്ണിറുക്കി കാട്ടി ചിരിച്ചവൻ... ""ഏട്ടനെങ്ങനാ ഇത്രേം വേഗം എല്ലാം മറന്നത്.... ഒട്ടും ദേഷ്യം തോന്നുന്നില്ലാ....."" അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു പതിയെ ചോദിച്ചു... ഏറെ നാളുകളായി മനസ്സിൽ അടക്കി വച്ച ചോദ്യമാണ്.... എത്ര ശ്രമിച്ചിട്ടും ഉത്തരം കിട്ടാത്തത്... അവൻ ചിരിച്ചതേ ഉള്ളൂ.... ""മോൾക്ക് ദേഷ്യമുണ്ടോ....."" """ഉണ്ടായിരുന്നു..... ഇപ്പോൾ കുറഞ്ഞു.... വല്ലാത്ത മാറ്റം പോലെ ഇപ്പോൾ..... ഇത്തവണ എന്നേം ഏട്ടനേം മാറ്റി നിർത്തിയില്ലല്ലോ....

അപ്പോൾ ദേഷ്യം പോയി..... പിന്നെ ഏട്ടനും സന്തോഷമല്ലേ ഇപ്പോൾ.....""" മഹി അവളുടെ ശിരസ്സിൽ മെല്ലെ തലോടി... """കോടതിയിൽ ഒന്നിച്ചു ജീവിച്ചു നോക്കാമെന്നു തീരുമാനം പറഞ്ഞത് ഏട്ടനാണ്..... ഏട്ടന്റെ വാക്ക് വിശ്വസിച്ചാണ് നന്ദു ഈ വീട്ടിലേക്ക് വന്നതും..... അവളോട് ക്ഷമിക്കാൻ പൂർണ്ണമായും മനസ്സിനെ തയ്യാറാക്കിയിട്ടാണ് അങ്ങനെയൊരു തീരുമാനം ഞാനെടുത്തത്..... ഒന്നിച്ചു ജീവിച്ചു നോക്കാൻ തീരുമാനം എടുത്തിട്ട് വീണ്ടും ദേഷ്യം കാട്ടി അവളെ വേദനിപ്പിക്കാൻ എനിക്കെന്ത് അർഹതയാണുള്ളത്.... ഹ്മ്മ്.... നഷ്ടപ്പെട്ടത് എന്നും വേദന തന്നെയാണ്... എന്നേക്കാൾ കൂടുതൽ അവളാകും വേദനിക്കുന്നത് ഒരോ നിമിഷവും.... അത് മനസ്സിലാക്കാൻ വൈകിപ്പോയി....

മനസ്സിലാക്കിയ നിമിഷം മുതൽ ആ തെറ്റ് തിരുത്തി.... ആദ്യമാദ്യം വാശികൾ കാട്ടിയപ്പോഴേ പരസ്പരം ഒന്നും തുറന്നു പറയാൻ ശ്രമിച്ചില്ല..... മനസ്സിലുള്ളതൊക്കെ അറിയാൻ മൂന്നാമത് ഒരാളുടെ സഹായം വേണ്ടി വന്നു.....""" ലച്ചു കാണാൻ വന്ന ഓർമ്മയിൽ അവനൊന്നു ചിരിച്ചു... നിത്യ കണ്ണ് ചിമ്മാതെ അവനെ നോക്കിയിരിക്കുകയാണ്.... """ഇപ്പോ ഒട്ടും പിണക്കമില്ല.....""" വീണ്ടും ചോദിച്ചതും ഇല്ലെന്നത് പോലെ മഹി തല വെട്ടിച്ചു... """മോൾക്ക് അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്..... നമ്മളുടെ കണ്ണിൽ കാണുന്നത് മാത്രമായിരിക്കില്ല എപ്പോഴും ശെരി..... ഏട്ടനെല്ലാം പറയാം ഒരിക്കൽ.... ഇപ്പോ വേണ്ടാ.... മോൾടെ ദേഷ്യം ഇപ്പോ മാറിയില്ലേ.....

ഇനി കഴിഞ്ഞതൊക്കെ മറന്നു രണ്ടു പേരും വീണ്ടും കൂട്ടായി തുടങ്ങ്..... ഹ്മ്മ്.....""" മഹി പറഞ്ഞതും അവൾ മൂളിക്കൊണ്ട് വീണ്ടും ടീവിയിലേക്ക് നോട്ടം മാറ്റി... ഫോൺ ബെല്ലടിക്കുന്നത് കേട്ടതും പെട്ടെന്ന് ഗുഡ് നൈറ്റ്‌ പറഞ്ഞു മഹി ഫോണും ചെവിയിലേക്ക് ചേർത്ത് മുറിയിലേക്ക് നടന്നു.... അവൻ ചിരിക്കുന്നത് കേട്ട് നിത്യ ചിരിയോടെ സോഫയിലേക്ക് ഒന്ന് കൂടി ചാഞ്ഞിരുന്നു.... ഒന്നും സംഭവിക്കാത്തത് പോലെ ഏട്ടൻ പഴയ സ്നേഹത്തിൽ ഏട്ടത്തിയോട് സംസാരിക്കുന്നത് കാണുമ്പോൾ പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്... പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ ഏട്ടനെന്നും അങ്ങനെ തന്നെയായിരുന്നു... കുട്ടിക്കാലം മുതൽക്കേ....

വഴക്കുകളും പിണക്കങ്ങളുമുണ്ടായി അത് പരിഹരിക്കപ്പെട്ടാൽ പിന്നീടൊരിക്കലും ഏട്ടനാ കാര്യം പറയുന്നത് കണ്ടിട്ടില്ല..... കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞു ഇമോഷണൽ ബ്ലാക്ക്മെയിൽ നടത്താൻ ശ്രമിച്ചാൽ അതിൽ വീഴുകയും ഇല്ല.... മഹിയുടെ മുറിയുടെ അടഞ്ഞ വാതിലിലേക്ക് നോക്കി.... ഇത് മതി... ഇത്ര മാത്രം.... എന്നും ഏട്ടന്റെ മുഖത്ത് അതേ പുഞ്ചിരി കാണാൻ..... അതിന് വേണ്ടി ആരോടും ക്ഷമിക്കാൻ കഴിയും..... എല്ലാം മറക്കാനും... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അമ്മയുടെ തലവേദന കുറഞ്ഞിട്ടാണ് വീണ്ടും ഫോണെടുത്തു മുറിയിലേക്ക് നടന്നത്... മഹിയേട്ടൻ കിടന്നോ ആവോ... ആദ്യമായിട്ടാണ് പിണങ്ങുന്നത്..... അവൾക്ക് സങ്കടം തോന്നി...

കണ്ടാൽ മതിയെന്ന് തോന്നി.. വീഡിയോ കാളിന്റെ ബട്ടണിലേക്ക് പ്രെസ്സ് ചെയ്യുമ്പോൾ കൈ വിറച്ചു പോയിരുന്നു.... ഫോൺ മുഖത്തിന്റെ നേരെ പിടിക്കാതെ ഇത്തിരി ദൂരേക്ക് നീട്ടിപ്പിടിച്ചു.... മറുവശത്തു മഹിയുടെ മുഖം കണ്ടതും ചിരിച്ചു പോയി.... രണ്ടു കവിളും പിണക്കം കാണിക്കാൻ എന്നത് പോലെ വീർപ്പിച്ചു വച്ചിരിക്കുന്നു... മുഖത്തിന്‌ നേരെ പിടിച്ചതും രണ്ടു പേരും അറിയാതെ ചിരിച്ചു പോയി... ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.... വെറുതെ മുഖത്തേക്ക് നോക്കിയിരുന്നു... ഇടയിലെപ്പോഴോ ഒന്നോ രണ്ടോ വാക്കുകൾ മാത്രം പറഞ്ഞു.... മഹി ഉറക്കം പിടിച്ചു തുടങ്ങിയതും കുറച്ചു നേരം കൂടി ആ മുഖത്തേക്ക് നോക്കിയിരുന്നു കാൾ കട്ട്‌ ചെയ്തു...

പിന്നെ അമ്മയുടെ മുറിയിലേക്ക് ചെന്ന് ആ ചൂടിൽ ചുറ്റിപ്പിടിച്ചു കിടന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പരിചിതമായ ഗന്ധമാണ് രാവിലെ കണ്ണ് തുറന്നപ്പോൾ തോന്നിയത്... നേരെ നോക്കിയപ്പോൾ കണ്ടു ഒരു കൈ കുത്തി അതിലേക്ക് തല ചായ്ച്ചു നോക്കിക്കൊണ്ടിരിക്കുന്ന മഹിയെ.... അടുത്ത നിമിഷം തന്നെ പിടഞ്ഞെഴുന്നേറ്റ് അവനോട് ചേർന്നിരുന്നു... ""എപ്പൊ വന്നു....."" ""പത്ത് മണി വരെയൊക്കെ കിടന്നുറങ്ങുമ്പോൾ ആലോചിക്കണം.... അതുകൊണ്ട് എന്തായാലും പറഞ്ഞ വാക്ക് പാലിക്കാൻ പറ്റി.... എഴുന്നേൽക്കുന്നതിന് മുൻപേ ഇങ്ങെത്തി...."" മഹി പറഞ്ഞതും ചമ്മലോടെ വീണ്ടും ആ ചുമലിലേക്ക് മുഖം ഒളിപ്പിച്ചു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story