അനന്തിക: ഭാഗം 47

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

പരിചിതമായ ഗന്ധമാണ് രാവിലെ കണ്ണ് തുറന്നപ്പോൾ തോന്നിയത്... നേരെ നോക്കിയപ്പോൾ കണ്ടു ഒരു കൈ കുത്തി അതിലേക്ക് തല ചായ്ച്ചു നോക്കിക്കൊണ്ടിരിക്കുന്ന മഹിയെ.... അടുത്ത നിമിഷം തന്നെ പിടഞ്ഞെഴുന്നേറ്റ് അവനോട് ചേർന്നിരുന്നു... ""എപ്പൊ വന്നു....."" ""പത്ത് മണി വരെയൊക്കെ കിടന്നുറങ്ങുമ്പോൾ ആലോചിക്കണം.... അതുകൊണ്ട് എന്തായാലും പറഞ്ഞ വാക്ക് പാലിക്കാൻ പറ്റി.... എഴുന്നേൽക്കുന്നതിന് മുൻപേ ഇങ്ങെത്തി...."" മഹി പറഞ്ഞതും ചമ്മലോടെ വീണ്ടും ആ ചുമലിലേക്ക് മുഖം ഒളിപ്പിച്ചു... ""ഞാൻ വെറുതെ ഓരോന്നോർത്തു കിടന്നപ്പോൾ ഉറങ്ങാൻ വൈകിപ്പോയി...."" നേർത്ത സ്വരത്തിൽ പതിയെ പറഞ്ഞു..

""ചിരിക്കണ്ട.... ബാക്കി എല്ലാ ദിവസവും നേരത്തെ എഴുന്നേൽക്കുന്നില്ലേ..."" മഹി ചുണ്ട് കൂട്ടിപ്പിടിച്ചു ചിരി അടക്കിപ്പിടിക്കുന്നത് കണ്ടപ്പോൾ കൂർപ്പിച്ചു നോക്കി തോളിൽ നിന്നും എഴുന്നേറ്റിരുന്നു.... ""അനൂ.."".. അമ്മ വിളിക്കുന്നത് കേട്ടതും കട്ടിലിൽ നിന്ന് തിടുക്കത്തിൽ ഇറങ്ങി. ""മഹിയേട്ടൻ ചായ കുടിച്ചോ.... കഴിക്കാൻ എടുക്കട്ടെ...."" മഹിയുടെ നോട്ടം കണ്ടപ്പോഴാണ് വീണ്ടും സമയം ഓർത്തത്. ശേ എന്തായാലും കഴിച്ചു കാണും... രാവിലെ ഒഴിഞ്ഞ വയറോടെ ഇറങ്ങി പോകാൻ വിദ്യാമ്മ സമ്മതിക്കില്ല... ""ചെല്ല്.... ഇനിയും നിന്ന് ചമ്മണ്ടാ.... കഴിച്ചിട്ട് അമ്മയെ ഒന്ന് വിളിക്ക്... രാവിലെ വിളിച്ചിട്ട് കിട്ടിയില്ലെന്നു പറഞ്ഞു എന്നോട് പ്രത്യേകം പറഞ്ഞ വിട്ടത്....""

ചാർജ് തീർന്നു ഓഫ് ആയ ഫോണിന്റെ കാര്യം അപ്പോഴാണ് ഓർത്തത്. ഇന്നലെ വിളിച്ചു കഴിഞ്ഞു ഫോൺ ചാർജ് ചെയ്യാനിടണം എന്ന് വിചാരിച്ചെങ്കിലും വീഡിയോ കാളിന്റെ ഇടയിൽ അത് മറന്നു... മൊത്തത്തിൽ അബദ്ധമാണല്ലോ ഈശ്വരാ..... പിറുപിറുത്തുകൊണ്ടാണ് അടുക്കളയിലേക്ക് നടന്നത്... ""ഒന്ന് വിളിച്ചൂടായിരുന്നോ അമ്മേ.... ഇതിപ്പോ ഞാനാകെ ചമ്മിയില്ലേ...""" പരിഭവത്തോടെ ചുണ്ട് പിളർത്തി... ""ഞാൻ വിളിക്കാനൊരുങ്ങിയതാ... മഹിയാ സമ്മതിക്കാതിരുന്നത്... പിന്നെ വിചാരിച്ചു നീയുറങ്ങി കാണില്ലല്ലോ രാത്രി... ഉറങ്ങട്ടെയെന്ന്...."" ""എന്നാലും...."" ""ഒരെന്നാലുമില്ല.....ദേ ചായ ഇരിക്കുന്നു ഒഴിച്ചു കുടിക്ക്.... പുട്ട് കാസറോളിൽ എടുത്തു വച്ചിട്ടുണ്ട്....

പ്രിയക്ക് കോളേജിലിന്ന് സി. ഇ ഷീറ്റ് ഒപ്പിടീക്കണം... അതിന് പോയിരിക്കുവാ.... പെട്ടെന്ന് വരുമെന്ന് പറഞ്ഞിട്ട് കുറച്ചേ കഴിച്ചുള്ളൂ... അവൾക്ക് കൂടി കൊടുത്തേരെ... മഹി കഴിച്ചിട്ടാ വന്നത്... എന്നാലും ഒന്നൂടെ ചോദിക്കണം....""" ധൃതിപിടിച്ചു പറഞ്ഞുകൊണ്ട് ആശയൊക്കെ എടുത്തു അടുത്തടുത്തായി വച്ചു... ""അമ്മയിത് എവിടെ പോവാ....."" അവൾ സംശയത്തോടെ നോക്കി.... കുളിയൊക്കെ കഴിഞ്ഞു മുടിയൊക്കെ കെട്ടി വച്ചിട്ടുണ്ട്... ""കോടതിയിൽ പോകണ്ടേ അനൂ..."" ""ഒറ്റയ്ക്കോ.... അത് വേണ്ടാ... ഞാനൂടി വരാം..."" ""വേണ്ടാ... എത്രയെന്നു വിചാരിച്ച നിങ്ങള് രണ്ടാളും അവൾക്ക് വേണ്ടി ബുദ്ധിമുട്ടുന്നത്...."" ആശയുടെ ശിരസ്സ് കുനിഞ്ഞിരുന്നു പറയുമ്പോൾ... വൈകി വന്ന തിരിച്ചറിവ്...

""അമ്മയൊന്നും പറയണ്ട.... മഹിയേട്ടൻ ഇന്നലെയെ പറഞ്ഞിരുന്നു കോടതിയിൽ പോകുന്ന കാര്യം... അതിന് വേണ്ടിയിട്ട് കൂടിയാ രാവിലെ വന്നത്... പ്രിയയോട് ലത ചേച്ചിയുടെ വീട്ടിലേക്കിരിക്കാൻ ഞാൻ വിളിച്ചു പറഞ്ഞോളാം..."" ഇനിയൊന്നും കേൾക്കാനില്ലെന്നത് പോലെ പറഞ്ഞിട്ട് ചായ ഗ്ലാസും എടുത്തു പുറത്തേക്ക് നടന്നു... മുറിയിലെത്തിയപ്പോൾ മഹിയെ കണ്ടില്ല... ജനലിൽ കൂടി നോക്കിയപ്പോൾ കണ്ടു മുറ്റത്തു നിന്ന് ഫോൺ ചെയ്യുന്നത്... വേഗം കുളിയൊക്കെ കഴിഞ്ഞു ഇറങ്ങി... കഴിക്കാൻ വിളമ്പുന്നതിന്റെ ഇടയ്ക്കാണ് മഹി പിന്നെ അകത്തേക്ക് വരുന്നത്... എന്തെന്ന ഭാവത്തിൽ പിരികം പൊക്കിയതും കണ്ണ് ചിമ്മി കസേരയിലേക്ക് ഇരുന്നു...

""വക്കീലിനെ വിളിച്ചതാമ്മാ..... ഉച്ചയ്ക്ക കേസ് വച്ചിരിക്കുന്നത്... പന്ത്രണ്ട് മണിയൊക്കെ ആകുമെന്ന് പറഞ്ഞു വിളിക്കുമ്പോൾ.... അപ്പോഴേക്ക് നമുക്ക് എത്തിയാൽ മതി...."" ""ഫീസോ...."" മടിച്ചു മടിച്ചാണ് ആശ ചോദിച്ചത്... ""ഹ്മ്മ്.... ഒരു പത്ത് ലക്ഷം തന്നേരെ.... എന്തേ..."". മഹി കണ്ണ് കൂർപ്പിച്ചു നോക്കിയതും ആശ ബാക്കി പറയാതെ നിർത്തി... ""ഇനി ചോദിക്കണ്ട പൈസേടെ കാര്യം. അമ്മേടെ കൈയിൽ ഇല്ലെന്ന് അമ്മയേക്കാൾ നന്നായി എനിക്കറിയാം. എന്റമ്മയ്ക്ക് ഞാൻ കൊടുക്കുന്നത് പോലെയേ ഉള്ളൂ അമ്മയ്ക്ക് തരുന്നതും..."". അവനിത്തിരി ഗൗരവത്തോടെ പറഞ്ഞതും ആശ ചിരിച്ചു... ""കഴിക്കുന്നില്ലേ മഹിയേട്ടാ...""

""ഇല്ലെടാ... രാവിലെ കഴിച്ചതല്ലേ ഉള്ളൂ നിങ്ങള് കഴിക്ക്..."" ""കഴിക്ക് മോനെ..."".. ആശ നിർബന്ധിച്ചു വീണ്ടും വീണ്ടും പറഞ്ഞപ്പോൾ നന്ദുവിന്റെ പ്ളേറ്റിൽ നിന്ന് തന്നെ രണ്ടു വാ കഴിച്ചെന്നു വരുത്തി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പന്ത്രണ്ട് കഴിഞ്ഞിരുന്നു കോടതിയിൽ എത്തിയപ്പോൾ.. കോടതി വരാന്തയുടെ ഒരു മൂലയ്ക്കായി തല കുനിച്ചു നിൽക്കുന്ന അച്ചുവിനെയൊന്നു നോക്കി അതിനടുത്തായി നിന്നു. സാക്ഷിയായതിനാൽ ഒരുപാട് പ്രയാസപ്പെടാതെ ജാമ്യം കിട്ടി. എങ്കിലും തെറ്റിന്റെ വഴിയെ സഞ്ചരിക്കാൻ തുടങ്ങിയതിനു ശാസന കേട്ടിരുന്നു... ഒപ്പം പിഴയും... കോടതി മുറിയിൽ നിന്ന് ഇറങ്ങിയിട്ടും അച്ചു മുഖമുയർത്തി നോക്കിയില്ല...

ഇതിനകം പലരും അറിഞ്ഞിട്ടുണ്ടാകും എന്നുറപ്പാണ്... ഇനിയാ കോളേജിലേക്ക് പോകാൻ കഴിയില്ല.... എന്ത് ചെയ്യും..... ചോദ്യങ്ങൾ കടന്നൽ മൂളുന്നത് പോലെ തലയിലാകെ മൂളി തുടങ്ങി... ""എന്താ.... അടുത്ത പണമുണ്ടാക്കാനുള്ള വഴി ആലോചിക്കുവാണോ...."" പുച്ഛം കലർന്ന സ്വരം കേട്ട് നോക്കിയതും തൊട്ട് മുൻപിൽ ദ്രുവിക്കിനെ കണ്ടു... പേടിയോടെ വീണ്ടും തല താഴ്ത്തി... ""നാണമുണ്ടോ നിനക്ക്.... ആ പാവം പെണ്ണ് രാത്രിയെന്നും പകലെന്നുമില്ലാതെ ജോലിയെടുത്തു കഷ്ടപ്പെട്ട് വളർത്തി വളർത്തി വലുതാക്കിയതല്ലേ നിന്നെയൊക്കെ..... എന്ത് വിശ്വസിച്ച നിന്റെ കൂടെ താമസിക്കുന്നത്.... നാളെ കാശിന് വേണ്ടി എന്തും ചെയ്യാൻ മടിക്കില്ലെന്ന് ആര് കണ്ടു....

"" വിരലുകൾ ഞെരിച്ചമർത്തി കൈ ചുരുട്ടിപ്പിടിച്ചു നിന്നു.... നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.... ""ഇതിപ്പോ രണ്ടാമത്തെ തവണയാണ് കണ്ണടയ്ക്കുന്നത്..... ഇനിയൊരിക്കൽ കൂടി എന്റെ മുൻപിൽ എന്തെങ്കിലും ഒപ്പിച്ചു വന്നു നിന്നാൽ ഇപ്പോ കണ്ണടച്ചതിനും കൂട്ടി ചേർത്തു തരും.... കേട്ടല്ലോ...."" ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതും പേടിയോടെ തലയാട്ടി... ദ്രുവിക് അകലെ നിന്ന് നടന്നു വരുന്ന മഹിയുടെയും നന്ദുവിന്റെയും അടുത്തേക്ക് നടക്കുന്നത് കണ്ടതും ആശ്വാസത്തോടെ ശ്വാസമെടുത്തു.... ""വാ....."" അമ്മ ഗൗരവത്തിൽ പറഞ്ഞതും ഒന്നും ചോദിക്കാൻ നിൽക്കാതെ പിന്നാലെ നടന്നു.... എല്ലാ മുഖങ്ങളിലും ഗൗരവം നിറഞ്ഞിരിക്കുന്നു...

അവൾക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി... കാറിലേക്ക് കയറിയിട്ടും ആരും ഒന്നും ചോദിച്ചില്ല എന്ന ആശ്വാസത്തിൽ കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല.... നിലത്തു പായ വിരിച്ചു കിടന്നാൽ പോലും ഉറക്കം വരാറില്ല.... അപ്പോഴാണ് രാത്രി മുഴുവൻ കസേരയിൽ ഇരിക്കേണ്ടി വന്നത്... ശ്രുതിയെ തന്റെ മുൻപിൽ വച്ചായിരുന്നു ചോദ്യം ചെയ്തത്.... ഒരോ തവണയും വേദന കൊണ്ടലറി അവൾ സത്യം വിളിച്ചു പറയുമ്പോൾ അറിയാതെ ഉള്ളൊന്ന് കിടുങ്ങി വിറച്ചു പോകും... ""നിധൂ.... മതി..... ""സ്കൂൾ കുട്ടികൾക്ക് ലഹരി കൊടുത്തു അടിമയാക്കാൻ നോക്കിയതിന്റെ ദേഷ്യം തീരാതെ നിൽക്കുന്ന ഓഫീസറേ കൂടെയുള്ളയാൾ ബലമായി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു....

പേടിയും കിടക്കാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടും ഒക്കെക്കൂടി അഞ്ച് മിനിറ്റ് പോലും ഉറങ്ങാൻ പറ്റിയില്ല... വീടിന്റെ മുറ്റത്തു വണ്ടി നിർത്തിയതും വേഗം പുറത്തിറങ്ങി ആരെയും നോക്കാതെ അകത്തേക്ക് നടന്നു.. ""കേറാൻ നിൽക്കുന്നില്ലമ്മേ.... ചെല്ലട്ടെ..... ജോലി പകുതിക്ക് ഇട്ടിട്ടാ വന്നത്....""" നിർബന്ധിച്ചില്ല ആശ.... അകത്തേക്ക് ചെല്ലുമ്പോൾ ഒരു പൊട്ടിത്തെറി ഉറപ്പിച്ചിരുന്നു..... പലതും തീരുമാനിച്ചുറപ്പിച്ചതാണ്.... അതൊക്കെ നടപ്പിൽ വരുത്താൻ ഒറ്റയ്ക്കാണ് നല്ലത്... അച്ചു എന്തെങ്കിലും അതിരു വിട്ട് വിളിച്ചു പറഞ്ഞാൽ ക്ഷമിക്കാൻ പറ്റിയെന്നു വരില്ല മഹിക്ക്... ""രണ്ടാളും ഞായറാഴ്ച രാവിലെ വരണം. കാര്യങ്ങളൊക്കെ അമ്മ രാത്രി വിളിക്കുമ്പോൾ പറയാം...""

അത് മാത്രം പറഞ്ഞു നന്ദുവിന്റെ മുടിയിൽ തലോടി... """വഴക്കിനു നിൽക്കണ്ട അമ്മേ.... സ്വയം മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കട്ടെ..."" നന്ദു പറഞ്ഞതിന് വെറുതെയൊന്നു ചിരിച്ചെന്ന് വരുത്തി... മഹിയും നന്ദുവും പോയതും അകത്തേക്ക് കയറി.... ഹാളിൽ കാണാതിരുന്നപ്പോഴേ മുറിയിൽ പോയെന്ന് മനസ്സിലായി... ഇട്ടിരിക്കുന്ന ഡ്രസ്സ്‌ പോലും മാറ്റാതെ കട്ടിലിലേക്ക് ചാരിയിരിക്കുന്നത് കണ്ടു.... ""എന്താ നിന്റെ തീരുമാനം...."" ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്ത രീതിയിൽ നെറ്റി ചുളിച്ചു അച്ചു... ""ഇനിയാ കോളേജിൽ പഠിക്കാൻ പറ്റില്ലല്ലോ.... ഒന്നും രണ്ടുമല്ല... ഒന്നേകാൽ ലക്ഷം രൂപയാ മൂന്ന് വർഷം കൊണ്ട് സെമെസ്റ്റർ ഫീസായിട്ട് അനു അടച്ചത്...

എന്നിട്ട് അവസാനത്തെ സെമെസ്റ്ററിൽ പോയി ടിസിയും വാങ്ങി വന്നിരിക്കുന്നു...."" ""പറ്റിപ്പോയെന്ന് പറഞ്ഞില്ലേ.... വീണ്ടും വീണ്ടും എന്തിനാ ഇത് തന്നെ പറയുന്നത്.."". അവൾ ഈർഷ്യയോടെ മുടിയിൽ കൊരുത്തു വലിച്ചു... ""രണ്ടിലൊന്ന് തീരുമാനിക്കാനാ പറഞ്ഞത്.... കേസിന്റെ ഗുണം കൊണ്ട് ഇനിയെന്തായാലും ഒരു കോളേജിലും അഡ്മിഷൻ കിട്ടാൻ പോകുന്നില്ല.... കോളേജിൽ പോയിട്ട് പഠിക്കാത്തവളൊന്നും വീട്ടിലിരുന്ന് പഠിച്ചെഴുതി എടുക്കാനും പോകുന്നില്ല..."" """ഞായറാഴ്ച രമേശിന്റെ വീട്ടുകാരോട് വരാൻ പറയാൻ പോകുവാ.... പൈസ കുറവുണ്ടെന്നല്ലാതെ വേറെ കുറ്റമൊന്നും ഇല്ലല്ലോ നിനക്ക് പറയാൻ....

അതിന് വയ്യെങ്കിൽ ഇപ്പോഴുള്ളത് കൂടാതെ രണ്ടു പശുവിനെയും കോഴിയെയും കൂടി വാങ്ങും.... അതുങ്ങളുടെ കാര്യം നോക്കി പകുതി വീട്ട് ചിലവ് നീ എടുക്കണം.... ഇത് രണ്ടും പറ്റില്ലെങ്കിൽ എങ്ങോട്ടെന്ന് വച്ചാൽ പൊയ്ക്കോ പ്രിയയുടെ ഭാവി കൂടി നോക്കിയേ പറ്റൂ എനിക്ക്....നാളെ രാവിലെ തീരുമാനം പറഞ്ഞോണം....."" അവളെ ഒന്നുകൂടി തറപ്പിച്ചു നോക്കി ആശ പുറത്തേക്ക് ഇറങ്ങി പോയപ്പോൾ ദേഷ്യം സഹിക്കാൻ കഴിയാതെ മുഷ്ടി ചുരുട്ടിയിരിക്കുകയായിരുന്നു അച്ചു...

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടുമുറ്റത്തേക്ക് കയറിയതും പരിചയമില്ലാത്ത ബൈക്ക് കണ്ടു നന്ദുവിന്റെ നെറ്റി ചുളിഞ്ഞു... മഹിയെ നോക്കിയപ്പോൾ മുഖത്ത് ചിരിയുണ്ട്... അകത്തേക്ക് വരാനായി കണ്ണ് കാണിച്ചു... വാതിൽ തുറന്നിട്ടിരിക്കുന്നതുകൊണ്ട് അകത്തേക്ക് നടന്നു...അമ്മ ആരോടോ സംസാരിക്കുകയാണ്... സോഫയിൽ ഇരിക്കുന്ന ആളെ കണ്ടതും പിടിച്ചു കെട്ടിയത് പോലെ അവിടെ തന്നെ നിന്നു.... പിന്നെ ഓടി ചെന്നു കെട്ടിപ്പിടിച്ചു... ""ലച്ചു......"" ..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story