അനന്തിക: ഭാഗം 48

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

വീട്ടുമുറ്റത്തേക്ക് കയറിയതും പരിചയമില്ലാത്ത ബൈക്ക് കണ്ടു നന്ദുവിന്റെ നെറ്റി ചുളിഞ്ഞു... മഹിയെ നോക്കിയപ്പോൾ മുഖത്ത് ചിരിയുണ്ട്... അകത്തേക്ക് വരാനായി കണ്ണ് കാണിച്ചു... വാതിൽ തുറന്നിട്ടിരിക്കുന്നതുകൊണ്ട് അകത്തേക്ക് നടന്നു...അമ്മ ആരോടോ സംസാരിക്കുകയാണ്... സോഫയിൽ ഇരിക്കുന്ന ആളെ കണ്ടതും പിടിച്ചു കെട്ടിയത് പോലെ അവിടെ തന്നെ നിന്നു.... പിന്നെ ഓടി ചെന്നു കെട്ടിപ്പിടിച്ചു... ""ലച്ചു......"" ""ഹോ... പതുക്കെ പെണ്ണേ... ഞെക്കി കൊല്ലുവോ..."". ലച്ചു അവളുടെ തോളിൽ പതിയെ തട്ടി കളിയായി ചോദിച്ചു... ""വരുന്ന കാര്യം എന്നോട് പറയാഞ്ഞതെന്താ.... ""അകന്ന് മാറുമ്പോഴേക്ക് മുഖത്ത് പിണക്കം നിറഞ്ഞു..

അപ്പോഴാണ് തൊട്ടടുത്തിരുന്നു ഇതൊക്കെ കൗതുകത്തോടെ നോക്കി കാണുന്ന ദ്രുവിക്കിനെ കണ്ടത്.... കോടതിയിൽ നിന്ന് നേരെ വന്നതാണെന്ന് തോന്നുന്നു... ഷർട്ട്‌ മാത്രം മാറിയിട്ടുണ്ട്... കാക്കി പാന്റ് തന്നെ ഇട്ടിരിക്കുന്നു... ""കല്യാണം വിളിക്കാൻ വന്നതാ???...."" തിളങ്ങുന്ന മിഴികളോടെ ലച്ചുവിനെ കെട്ടിപ്പിടിച്ചു ചോദിച്ചു... ""ഉവ്വല്ലോ.... കൂട്ടത്തിൽ നിന്നെ കാണാനും... എന്നും വിചാരിക്കും ഇങ്ങോട്ടൊന്നു ഇറങ്ങണമെന്ന്... പക്ഷേ നടക്കണ്ടേ... ഹോസ്പിറ്റലിൽ പോയിട്ട് വരുമ്പോൾ തന്നെ ഒരു നേരമാകും... ഡ്യൂട്ടി സമയത്തു ഫോൺ നോക്കാത്തതുകൊണ്ട് തിരിച്ചു വന്നിട്ട് ഒരാളുടെ പിണക്കം തീർക്കാൻ പിന്നെയും വേണം അര മണിക്കൂർ..."" അവസാനത്തെ വരി ദ്രുവിക്കിനെ നോക്കിയാണ് പറഞ്ഞത്.

അവന്റെ മുഖം വീർക്കുന്നത് കണ്ട് ലച്ചുവിനൊപ്പം നന്ദുവിനും ചിരി പൊട്ടി... അവന്റെ അടുത്തായി ഇരിക്കുന്ന മഹിയും ചിരിക്കുന്നുണ്ട്... നന്ദു ലച്ചുവിനെ നോക്കിയിരുന്നു.... വിശേഷങ്ങൾ പറയാനുണ്ട്... പക്ഷേ എങ്ങനെ വിളിക്കും.... എല്ലാവരോടും സംസാരിക്കുവല്ലേ ലച്ചു.... ഇപ്പോൾ വിളിച്ചു കൊണ്ട് പോയാൽ എല്ലാർക്കും വിഷമം തോന്നില്ലേ.... മനസ്സിൽ ചോദ്യങ്ങൾ നിറഞ്ഞു.... പക്ഷേ അതേ സമയം തന്നെ ലച്ചുവിനോട് സംസാരിക്കാനുള്ള ആഗ്രഹവും... ""ചെല്ല്..... ആത്മാർത്ഥ സുഹൃത്തുക്കൾ രണ്ടും മുറിയിൽ പോയിരുന്നു സംസാരിച്ചോ....."" നന്ദുവിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് എന്തൊക്കെയോ ലച്ചുവിനോട് പറയാനുണ്ടെന്ന് തോന്നി മഹിയായി തന്നെ പറഞ്ഞു...

അവനെ നോക്കി പല്ല് മുഴുവൻ കാട്ടി ചിരിച്ചു.... ദ്രുവിക്കിനെയും അമ്മയെയും നോക്കി അനുവാദം ചോദിക്കും പോലെ ചിരിച്ചു ലച്ചുവിനെയും കൂട്ടി മുറിയിലേക്ക് നടന്നു.... റൂമിന്റെ അകത്തേക്ക് കയറിയതും ലച്ചുവിനെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചിരുന്നു നന്ദു... ""സന്തോഷം തോന്നുന്നു ലച്ചു ഇപ്പോ...... ഒരുപാട്... ഒരുപാട്..... ഒരുപാട് സന്തോഷം....""" നിറഞ്ഞ കണ്ണുകളോടെ അവളുടെ തോളിൽ മുഖമമർത്തി പതിയെ പറഞ്ഞു... ലച്ചു വാത്സല്യത്തോടെ അവളുടെ മുടിയിൽ വിരലോടിച്ചു... ""സന്തോഷം വന്നാലും കരയ്വ.... ഹ്മ്മ്.....""" അത് കേട്ടിട്ടും പെണ്ണ് കണ്ണ് നിറച്ചു നിന്നതേ ഉള്ളൂ... വിശേഷങ്ങൾ പറഞ്ഞിട്ടും മതിയാകുന്നില്ലായിരുന്നു.....

ഒരക്ഷരം പോലും പറയാതെ അമ്മമ്മയുടെ തണലിൽ ഒതുങ്ങി കൂടിയ നന്ദുവിൽ നിന്ന് ഒറ്റ ശ്വാസത്തിൽ ആയിരം കഥകൾ പറയുന്നവളെ കണ്ണ് നിറയെ നോക്കി നിന്നു ലച്ചു... രണ്ടാളും തിരികെ വരുമ്പോൾ ദ്രുവിക്കും മഹിയും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു... ""ഇനി ഒഫീഷ്യൽ ആയിട്ട് കല്യാണം വിളിച്ചില്ലെന്ന് വേണ്ടാ... """രണ്ടാളും കൂടി കല്യാണക്കുറിയെടുത്തു മഹിക്കും നന്ദുവിനും നേരെ നീട്ടി.... ""നാല് പേരും കല്യാണത്തിന് വരണം....നിത്യ വരുമ്പോൾ പറഞ്ഞേരെ... എന്നേ പരിചയം കാണില്ല... എന്നാലും കൊണ്ട് വരണം.... കാണാൻ ആഗ്രഹമുണ്ട്...."" ""ഏയ്...നേരിട്ട് കണ്ടിട്ടില്ലെന്നേ ഉള്ളൂ.... പറഞ്ഞു കേട്ട് ആളെ അറിയാം അവൾക്ക്... ഉറപ്പായും വരാം...."

"മഹി ചിരിയോടെ പറഞ്ഞു... ""ഒന്നും കഴിക്കുന്നില്ലേ....."" ഇറങ്ങാൻ തുടങ്ങുന്ന ലച്ചുവിനെയും ദ്രുവിക്കിനെയും മാറി മാറി നോക്കി നന്ദുവും മഹിയും.. ""അയ്യോ... തീരെ സമയമില്ല...വന്നപ്പോൾ തന്നെ അമ്മ ജ്യൂസ്‌ തന്നിരുന്നു.... അത് മതി . കിച്ചുവേട്ടന് തീരെ ലീവില്ല.... എനിക്കും ലീവില്ല.... കല്യാണം വിളിച്ചു തീരണ്ടേ... ഹാഫ് ഡേ എടുത്തു ഇറങ്ങിയതാ.... ഇനി പോകുന്ന വഴിക്ക് കോളേജിൽ ഒന്നിച്ചു പഠിച്ച കുറച്ചു പേരുടെയും കൂടി വീട്ടിൽ കേറാനുണ്ട്....""

ലച്ചു മൂക്ക് ചുളിച്ചു പറഞ്ഞതും മനസ്സില്ലാ മനസ്സോടെ തലയാട്ടി.. മൂന്ന് പേരെയും നോക്കി കൈ വീശിക്കാട്ടി ദ്രുവിക്കിന്റെ പിന്നിലേക്ക് കയറി ലച്ചു... ""വൈകിട്ട് വിളിക്കാട്ടോ...."" ബൈക്ക് ഗേറ്റ് കടക്കും മുൻപേ വീണ്ടും തിരിഞ്ഞു കൈ വീശിക്കാട്ടി... ""എന്താണ് ഒരു പിണക്കം.... ഹ്മ്മ്....""ബൈക്ക് മുന്നോട്ട് പോയിട്ടും ദ്രുവിക് ഒന്നും പറയാതിരുന്നപ്പോൾ തോളിലേക്ക് മുഖം വച്ചു ആ മുഖത്തേക്ക് ഒന്നെത്തി നോക്കി... ""ഒന്നുമില്ല..... """വല്ലാത്ത കനം ശബ്ദത്തിന്... അവൾക്ക് ചിരി വന്നു.... പിണക്കം മാറ്റണം എന്ന് പറഞ്ഞതിനും പിണങ്ങുന്ന ഒരാൾ... ""ഇന്നിനി വീണ്ടും അര മണിക്കൂർ പോയെന്ന് സാരം..."". ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞതും തോള് വെട്ടിച്ചു മുഖം മാറ്റിയിരുന്നു അവൻ...

ഉറക്കെ ചിരിച്ചുകൊണ്ട് വയറ്റിലൂടെ ചുറ്റിപ്പിടിച്ചു പുറത്തേക്ക് മുഖം ചേർത്തു... """നമുക്ക് പിണക്കം മാറ്റാമെന്ന.... അര മണിക്കൂർ പോരെങ്കിൽ ഇരുപത്തിനാല് മണിക്കൂറും തരാം... പോരെ...."" ""പോരെങ്കിലോ....."" കണ്ണിറുക്കി പറയുമ്പോൾ അവനും ചിരിച്ചു പോയിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അച്ചു കട്ടിലിലേക്ക് ചാരി ഇരുന്നു... എന്ത് തീരുമാനം പറയും.... ആ വീട് വീണ്ടും ഒരിക്കൽ കൂടി ഓർത്ത്‌ നോക്കി..... ഇല്ല... പറ്റില്ല..... എങ്ങനെ ജീവിക്കും അവിടെ...... വീടിനോട് ചേർന്നു നടത്തുന്ന ചെറിയ ചായക്കടയിലേക്ക് വേണ്ടതൊക്കെ ഉണ്ടാക്കുന്നതും വിൽക്കുന്നതും വൃത്തിയാക്കുന്നതും ഒക്കെ അവര് തന്നെയാണ്. ഒരു ജോലിക്കാരെയും വേറെ കണ്ടിട്ടില്ല അവിടെ....

ആ വീട്ടിൽ പോയാൽ താനും ചെയ്യേണ്ടി വരില്ലേ ഇതൊക്കെ.... റോഡിൽ കൂടി പോകുമ്പോൾ കണ്ട ചായക്കടയിൽ ഇരിക്കുന്ന പലവിധ ആളുകളുടെ മുഖം ഓർമ്മയിലൂടെ പോയി.... അവരുടെയൊക്കെ എച്ചിൽ പാത്രം കഴുകാനോ...... ഇല്ല...... എങ്ങനെ കഴുകും താനത്.... മുടിയിൽ കോർത്തു വലിച്ചു തല കുനിച്ചിരുന്നു ആലോചിച്ചു... പക്ഷേ അമ്മ പറഞ്ഞതോ.... വീട്ടിലെ പശുവും തൊഴുത്തും ചിന്തകളിൽ തെളിഞ്ഞു.... ഇത്രയും കാലമായിട്ടും ഒന്നും നോക്കിയിട്ടില്ല.... തന്നെയുമല്ല അറപ്പാണ് അതൊക്കെ.... ആശയും നന്ദുവും കൂടി പശുവിനെ നോക്കുന്നതും നന്ദു തൊഴുത്തിലെ ജോലി കഴിഞ്ഞു വരുമ്പോൾ ചാണകത്തിന്റെ വാടയെടുക്കുന്നു എന്ന് പറഞ്ഞു അടുത്ത മുറിയിൽ പോയിരുന്നതും ഒക്കെ ഓർമ്മകളായി തികട്ടി വന്നു...

ആ താനെങ്ങനെ..... അവൾക്ക് ദേഷ്യം തോന്നി.... എല്ലാം വലിച്ചെറിയാൻ തോന്നി... ശ്രുതിയെ കാണണ്ടായിരുന്നു...... എങ്കിലിപ്പോൾ അമ്മയിങ്ങനെയൊന്നും പറയുമായിരുന്നില്ല..... ""സമ്പാദിച്ച കാശൊക്കെ ഉണങ്ങാനിട്ടിട്ട് വന്നു റസ്റ്റ്‌ എടുക്കുവാണോ....""" വാതിലിന്റെ അടുത്ത് കൈയും കെട്ടി പുച്ഛത്തോടെ നിൽക്കുന്ന പ്രിയയെ കണ്ട് ദേഷ്യത്തിൽ പല്ലിറുമ്മി... """നിനക്ക് നാണമില്ലായിരുന്നോ അച്ചു....നമ്മുടെ വീട്ടുകാരെപ്പറ്റിയെങ്കിലും ആലോചിച്ചൂടായിരുന്നോ നിനക്ക്.... പോട്ടെ....നിന്റെ ഭാവി എന്താകുമെന്നെങ്കിലും ചിന്തിച്ചൂടായിരുന്നോ നിനക്ക്....""" """നീ പോ പ്രിയ.... വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കാതെ.....""" ""പോകാൻ....."" കട്ടിലിൽ ഇരുന്ന തലയണ നിലത്തേക്ക് വലിച്ചെറിഞ്ഞു അലറിക്കൊണ്ട് പറഞ്ഞതും അവളെയൊന്ന് തറപ്പിച്ചു നോക്കി പ്രിയ പുറത്തേക്ക് നടന്നു...

അച്ചു തലമുടിയിൽ ശക്തിയായി കൊരുത്തു വലിച്ചു മുട്ടിലേക്ക് മുഖമമർത്തി ഇരുന്നു.... ഭ്രാന്ത് പിടിക്കുന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കൈയിലെ റെക്കോർഡ് ബുക്ക്‌ നോക്കി നിത്യ ശ്വാസം നീട്ടിയെടുത്തു.... ""ഹോ.... കഴിഞ്ഞു.... '""രാവിലെ തുടങ്ങിയതാണ്... നാളെയിനി കോളേജിൽ പോകുമ്പോൾ വയ്ക്കണം..... അതെടുത്തു ബാഗിലേക്ക് വച്ചു പുറത്തേക്ക് ഇറങ്ങി... അമ്മയെ നോക്കിയെങ്കിലും കണ്ടില്ല.... മുറ്റത്തായിരിക്കുമെന്ന് തോന്നി... ടീവി കാണാമെന്നു വിചാരിച്ചു ബിസ്ക്കറ്റും എടുത്തു ഹാളിലേക്ക് വന്നപ്പോഴാണ് സോഫയിൽ ചാരിയിരുന്നു സിനിമ കാണുന്ന നന്ദുവിനെ കാണുന്നത്... ആദ്യം ഒന്ന് മടിച്ചെങ്കിലും അവളുടെ അടുത്തിരുന്നു ടീവിയിലേക്ക് നോക്കി...

""സോറി..... ""കുറച്ചേറെ നേരം കഴിഞ്ഞതും ചെറിയൊരു ശബ്ദം കേട്ടു... തല ചെരിച്ചു നോക്കിയപ്പോൾ കണ്ടു ഇങ്ങോട്ട് തന്നെ നോക്കിയിരിക്കുന്ന നന്ദുവിനെ.... ആ മുഖത്ത് നിറയെ പേടിയാണ്... ""എന്തിനാ...."" നെറ്റി ചുളിഞ്ഞു... ""അത്.... ഞാൻ...... അന്ന്..... എനിക്കറിയില്ലായിരുന്നു എങ്ങനെയൊക്കെ പെരുമാറണമെന്ന്.... ഒരുപാട് വേദനിപ്പിച്ചു..... വിഷമിപ്പിച്ചു..... എല്ലാത്തിനും സോറി.... അന്ന് കുഞ്ഞിനെ തൊടാൻ വന്നിട്ടും ഞാൻ സമ്മതിച്ചില്ലല്ലോ..... ക്ഷമിക്കാൻ പറ്റില്ലെന്ന് അറിയാം..... ദൈവം പോലും ക്ഷമിച്ചില്ലല്ലോ....""" നിറഞ്ഞു തുടങ്ങിയ കണ്ണുകൾ അടുപ്പിച്ചു വെട്ടി താഴേക്ക് നോക്കിയിരുന്നു... നിത്യ ഒന്നും പറയാതെ കൈയിലെ ബിസ്ക്കറ്റിന്റ കവർ അവൾക്ക് നേരെ കൂടി നീട്ടി....

നന്ദു മടിച്ചുകൊണ്ട് അവളെ നോക്കിയതേ ഉള്ളൂ... """അതിനായിരുന്നു എനിക്ക് ദേഷ്യമെന്ന് ആര് പറഞ്ഞു....."" നിത്യ ചോദിച്ചതും മറുപടി ഇല്ലാതെ അവളെ നോക്കി... """കുഞ്ഞിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ അവകാശം അമ്മയ്ക്കാണ്... പ്രെഗ്നന്റ് ആയിരിക്കുമ്പോൾ മനസ്സ് എങ്ങനെയൊക്കെ പോകുമെന്ന് അറിയാൻ പറ്റില്ല..... അന്നെനിക്ക് വിഷമം ഉണ്ടായിരുന്നു.... പക്ഷേ ആ മൂഡ് സ്വിങ്സ് അറിയുന്നതുകൊണ്ടാ പിന്നെ അടുത്തേക്ക് വരാതിരുന്നത് ആ സമയം.... അല്ലാതെ എന്നോട് ദേഷ്യപ്പെട്ടു എന്ന കാരണം കൊണ്ട് എന്റെ ഏട്ടന്റെ ജീവിതം വേണ്ടെന്ന് വയ്ക്കാനൊന്നും ഞാൻ പറയില്ല..... എനിക്ക് ദേഷ്യം ഉണ്ടായിരുന്നു.... അങ്ങേയറ്റത്തെ ദേഷ്യം.....

ഒന്നുകൂടി ശ്രമിക്കാമെന്നുള്ള ഏട്ടന്റെ തീരുമാനത്തെ എതിർത്തതുമാണ്..... പക്ഷേ അതിന് ഒരൊറ്റ കാരണമേ ഉള്ളൂ..... എന്റെ ഏട്ടന്റെ സന്തോഷം.... എനിക്ക് ഓർമ്മ വച്ചതിൽ പിന്നെ ഏട്ടനെ അത്രയും മാനസിക പിരിമുറുക്കത്തോടെ കാണുന്നത് നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടാ..... എന്റെ അടുത്തിരിക്കുന്നതിന് പ്രശ്നം വേണ്ടെന്ന് കരുതിയിട്ട ഞാനും ഏട്ടനും ഒന്നിച്ചിരിക്കുമ്പോഴൊക്കെ ഏട്ടനെ വന്നു വിളിച്ചിട്ടും ഒന്നും പറയാതിരുന്നത്.... ആദ്യമായി ഏട്ടനെ കരഞ്ഞു കാണുന്നത് അന്ന് കുഞ്ഞ് പോയ ദിവസമാണ്.... ഏറ്റവും തകർന്നത് നിങ്ങൾ ഡിവോഴ്സ് നു കൊടുത്ത ദിവസവും..... ഒരോ ദിവസവും ഏട്ടൻ അനുഭവിച്ചത് കണ്ടു ദേഷ്യം കൂടിയിട്ടേ ഉള്ളൂ.....

ആരോടും മിണ്ടാതെ..... ചിരിക്കാതെ.... എല്ലാം ഉള്ളിലൊതുക്കി.....""" നിത്യ പറഞ്ഞു നിർത്തിയതും നന്ദു തല താഴ്ത്തി.... രണ്ടു കണ്ണും നിറഞ്ഞൊഴുകുന്നുണ്ട്... """പക്ഷേ ഇപ്പോ ദേഷ്യമോ പിണക്കമോ ഒന്നുമില്ല..... ഏട്ടന്റെ തീരുമാനം ശെരിയായിരുന്നു....""" അവൾ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞതും നന്ദു ഞെട്ടലോടെ നോക്കി... """ഞെട്ടണ്ട..... കാര്യായിട്ട് പറഞ്ഞതാ.... ഏട്ടനിപ്പോ ഒത്തിരി സന്തോഷിക്കുന്നുണ്ട്.... ഞാനും.....""" """ശെരിക്കും ദേഷ്യമില്ല.....""". എന്നിട്ടും വിശ്വാസം വരാത്തത് പോലെ നന്ദു വീണ്ടും ചോദിച്ചു... ഇല്ലെന്നത് പോലെ നിത്യ തല വെട്ടിച്ചു... ഒരേ സമയം ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും അവളെ നോക്കുന്ന നന്ദുവിന്റെ നേരെ വീണ്ടും ബിസ്ക്കറ്റ് നീട്ടി..

""എടുത്തോ എട്ടത്തി....""" ചിരിയോടെ പറഞ്ഞതും മുന്നോട്ടാഞ്ഞു അവളെ കെട്ടിപ്പിടിച്ചു..... ""ഹോ... ക്ഷീണിച്ചു.... ഇനി വയ്യാ....""" നെറ്റിയിലെ വിയർപ്പ് തുടച്ചു തൊടിയിൽ നിന്നും കയറി വന്ന മഹിയും വിദ്യയും കാണുന്നത് ഹാളിലിരുന്നു സിനിമ കാണുന്ന നന്ദുവിനെയും നിത്യയെയുമാണ്.. നന്ദു കാണാത്ത സിനിമയാണെന്ന് തോന്നുന്നു.... നിത്യ ഇനി വരാൻ പോകുന്ന സീൻ പറഞ്ഞു അവളുടെ രസം കളയുന്നുണ്ട്... മഹി അതിശയം കലർന്ന ചിരിയോടെ അവരെ നോക്കി നിന്നു..... പിന്നെ അകത്തേക്ക് നടന്നു... മഹിയെ കണ്ടതും രണ്ടാളും കണ്ണ് ചിമ്മി ചിരിച്ചു... ""ഇതൊക്കെ എപ്പൊ....""" ഇടുപ്പിൽ കൈ കുത്തി ചിരിയോടെ അവൻ രണ്ടാളെയും മാറി മാറി നോക്കി...

""അതൊക്കെയങ്ങു നടന്നു..... അല്ലേ ഏട്ടത്തി....""" നിത്യ ചോദിച്ചതും നന്ദുവും അതേ ഭാവത്തിൽ മഹിയെ നോക്കി പിരികം പൊക്കി... അവനൊന്നു കൂർപ്പിച്ചു നോക്കിയതും ചമ്മലോടെ മുഖം മാറ്റി... ""ശെരിക്കും ക്ഷമിച്ചിട്ടാ ഏട്ടാ..... """കഴിഞ്ഞ ദിവസം മഹി പറഞ്ഞത് ഓർമ്മപ്പെടുത്തും പോലെ ഒരു കണ്ണിറുക്കി നിത്യ ചിരിയോടെ പറഞ്ഞതും അവളുടെ തലയിലൊന്ന് കൊട്ടി അകത്തേക്ക് നടന്നു. മുറിയുടെ വാതിൽക്കൽ എത്തി തിരിഞ്ഞു നോക്കിയപ്പോഴും നാത്തൂനും നാത്തൂനും ടീവിയിൽ തന്നെ നോക്കി വീണ്ടും പഴയ പല്ലവി തന്നെ..... നിറഞ്ഞ മനസ്സോടെ ആ കാഴ്ച ഹൃദയത്തിലേക് അവൻ ചേർത്തു വച്ചു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story