അനന്തിക: ഭാഗം 49

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""ശെരിക്കും ക്ഷമിച്ചിട്ടാ ഏട്ടാ..... """കഴിഞ്ഞ ദിവസം മഹി പറഞ്ഞത് ഓർമ്മപ്പെടുത്തും പോലെ ഒരു കണ്ണിറുക്കി നിത്യ ചിരിയോടെ പറഞ്ഞതും അവളുടെ തലയിലൊന്ന് കൊട്ടി അകത്തേക്ക് നടന്നു. മുറിയുടെ വാതിൽക്കൽ എത്തി തിരിഞ്ഞു നോക്കിയപ്പോഴും നാത്തൂനും നാത്തൂനും ടീവിയിൽ തന്നെ നോക്കി വീണ്ടും പഴയ പല്ലവി തന്നെ..... നിറഞ്ഞ മനസ്സോടെ ആ കാഴ്ച ഹൃദയത്തിലേക് അവൻ ചേർത്തു വച്ചു.. കുളിച്ചിട്ടിറങ്ങി വന്നപ്പോഴും രണ്ടാളും ടീവിയുടെ മുൻപിൽ തന്നെ ഇരിപ്പുണ്ട്... ""ഹ്മ്മ്മ്മ്...."" മുരടനക്കി രണ്ടു പേരുടെയും എതിരെ വന്നിരുന്നിട്ടും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ വീണ്ടും ശബ്ദമുണ്ടാക്കി... ""എന്താ ഏട്ടാ.... ഡയലോഗ് കേൾക്കണ്ടേ.....""

നിത്യ മുഖം കൂർപ്പിച്ചതും അവളെ തിരിച്ചും മുഖം കൂർപ്പിച്ചു നോക്കി... ""നീ കേൾക്കണ്ട.... ഞാനെന്റെ ഭാര്യയെ വിളിച്ചതാ...."" ""സിനിമ കഴിഞ്ഞിട്ട് വിളിച്ചാൽ മതി...."" അവന്റെ അതേ സ്വരത്തിൽ പറഞ്ഞു ടീവിയിലേക്ക് നോക്കി.... മഹി നന്ദുവിനെ നോക്കിയപ്പോൾ ഇവിടെ തമ്മിൽ സംസാരിക്കുന്നത് പോലും അറിയാതെ ടീവിയിൽ തന്നെ മുഴുകി ഇരിക്കുന്നു..... കഥ നടക്കുന്നത് അവളുടെ മുഖത്താണെന്ന് തോന്നും... ടേബിളിൽ ഇരിക്കുന്ന ഫോൺ കൈയ്യെത്തി എടുത്തു അറിയാത്ത ഭാവത്തിൽ ആ മുഖത്തെ ചലനങ്ങൾ ഓരോന്നും ഒപ്പിയെടുത്തു... പെട്ടെന്ന് കറന്റ്‌ പോയതും നിത്യയും നന്ദുവും ഒരുപോലെ തലയിൽ കൈ വച്ചു...

""ശോ.... ഇപ്പോ തീർന്നേനെല്ലോ... അത് കഴിഞ്ഞിട്ട് പോയാൽ പോരായിരുന്നോ..."" ഓഫായ ടീവിയിലേക്ക് നോക്കി നിത്യ പറഞ്ഞതും മഹി എങ്ങനെയുണ്ടെന്നുള്ള ഭാവത്തിൽ അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു.... അടുത്ത നിമിഷം തന്നെ നിത്യ അവന്റെ പുറത്തിട്ടു വേദനിപ്പിക്കാത്ത രീതിയിൽ ഇടിച്ചിരുന്നു... മഹി തിരിച്ചു ഇടിക്കാൻ തുടങ്ങിയതും അവൾ അലറിക്കൊണ്ട് അമ്മയെ വിളിച്ചു... ഇതൊക്കെ കണ്ട് പകച്ചിരിക്കുകയാണ് നന്ദു... രണ്ടാളെയും പിടിച്ചു മാറ്റണോ വേണ്ടയോ.... വീണ്ടും വീണ്ടും സംശയത്തിൽ രണ്ടു പേരെയും മാറി മാറി നോക്കി... രണ്ടിനും കിട്ടും എന്റെ കൈയിൽ നിന്ന്... ഒടുവിൽ അമ്മ വന്നു ദേഷ്യപ്പെട്ടതും രണ്ടു പേരും വിട്ട് മാറി ഇരുന്നു..

""ഒരുത്തൻ പെണ്ണ് കെട്ടിയതാ.... ആ ബോധം പോലും ഇല്ലെന്ന് വച്ചാൽ...."" മഹിയെ തറപ്പിച്ചു നോക്കി ആശ പറഞ്ഞു.... നിത്യ കുനിഞ്ഞിരുന്നു വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു... അവളെ കൂർപ്പിച്ചു നോക്കി മഹി എഴുന്നേറ്റു പോയി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഒരു കാഴ്ച കാട്ടി തരാമെ..."". രാത്രി അച്ഛൻ വീഡിയോ കാൾ വിളിച്ചതും മഹി ഫോൺ ഇത്തിരി ദൂരേക്ക് ആക്കിപ്പിടിച്ചു... അവന്റെ ഇരു വശത്തുമായിരിക്കുന്ന നിത്യയെയും നന്ദുവിനെയും അയാൾ അതിശയത്തോടെ നോക്കി... ""ആഹാ.... ഇന്ന് രണ്ടാളും ഒരുമിച്ചുണ്ടല്ലോ... മഞ്ഞൊക്കെ ഉരുകിയോ....."" ""ആഹ് ഞാനും ഞെട്ടി ഇതുപോലെ....."" ""ഞെട്ടണ്ട.... ആനക്കാര്യം ഒന്നുമല്ലല്ലോ...""

രണ്ടു പേരും കെറുവോടെ പറഞ്ഞതും മഹിക്കൊപ്പം അച്ഛനും ചിരിച്ചു പോയിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അമ്മേ..... ദേ ഫോൺ..... ""ഹാളിൽ നിന്നും പ്രിയ വിളിച്ചു പറഞ്ഞതും ആശ വെട്ടിക്കൊണ്ടിരുന്ന മീൻ തിരികെ ഇട്ട് എഴുന്നേറ്റു.... ""നീയിങ്ങു വന്നിത് പൂച്ചയെങ്ങാനും വരുന്നുണ്ടോ എന്ന് നോക്കിയേ...."" പ്രിയയെ വിളിച്ചു കാവൽ നിർത്തി കൈയും കഴുകി ഹാളിലേക്ക് നടന്നു... ""ഹലോ... ""ഫോണെടുത്തു ചെവിയോട് ചേർത്തു... മറുവശത്തുനിന്ന് പതുക്കെ പറയുന്നതിനാൽ കേൾക്കുന്നുണ്ടായിരുന്നില്ല... സ്പീക്കറിൽ ഞെക്കി വീണ്ടും ഹലോ പറഞ്ഞു... ""ആന്റി.... ഞാൻ രമേശാ...""ഇത്തവണ ഉറക്കെ കേട്ടു.. ""ആഹ്..... പറ മോനെ.... എന്തായി...""

പെട്ടെന്ന് വെപ്രാളത്തോടെ ചോദിച്ചു.. ""അത് ആന്റി..... ഞായറാഴ്ച വരുന്നില്ലെന്ന് പറയാൻ വേണ്ടിയാ വിളിച്ചത്.. അത് ശെരിയാകില്ല... ഞാനിന്നലെ അമ്മയോട് സംസാരിച്ചപ്പോൾ അമ്മയും ഇങ്ങനെയാ പറഞ്ഞത്. ആന്റിക്ക് അറിയാല്ലോ എനിക്ക് എന്റെ അമ്മേം അമ്മയ്ക്ക് ഞാനുമേ ഉള്ളൂ. അച്ഛന്റെ ചികിത്സക്ക് കിടപ്പാടമടക്കം പണയം വച്ചതിന്റെ കടങ്ങളും ലോണും ഒക്കെയുണ്ട്..... ഈ ഹോട്ടലു നടത്തുന്നതുകൊണ്ടാ ജീവിച്ചു പോകുന്നത് തന്നെ. നാളെയിനി ഇവിടെ വച്ചും ഇതുപോലെ തന്നെ കേസ് ആവർത്തിച്ചാൽ ഞങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല.... ആന്റിക്ക് വിഷമം ഒന്നും തോന്നരുത്.... അമ്മയ്ക്ക് ഇത് പറയാനൊരു മടി... അതാ ഞാൻ വിളിച്ചത്...""

രമേശ്‌ പറയുന്നതൊക്കെ കേട്ട് ആശ മൂളിയതേ ഉള്ളൂ. ""ഏയ്യ്.... അവളായിട്ട് ചെയ്തു വച്ചതല്ലേ.... അമ്മയോടും പറഞ്ഞേക്ക് എനിക്ക് വിഷമമൊന്നുമില്ലെന്ന്...."" ""എങ്കിൽ ശെരി ആന്റി....ഇവിടെ തിരക്കിലാ ഊണ് തുടങ്ങും മുൻപ് വിളിച്ചതാ..."" ഫോൺ വച്ചു കഴിഞ്ഞപ്പോൾ കണ്ടു മുറിയുടെ വാതിലിന്റെ അടുത്ത് തല താഴ്ത്തി നിൽക്കുന്ന അച്ചുവിനെ. എല്ലാം കേട്ടെന്ന് മുഖം കണ്ടപ്പോൾ മനസ്സിലായി... '""കേട്ടല്ലോ പറഞ്ഞതൊക്കെ... ഇനി ഏത് ആലോചന നോക്കിയാലും കേൾക്കുന്നത് ഇതൊക്കെ തന്നെയാകും... ജാമ്യം മാത്രേ കിട്ടിയിട്ടുള്ളൂ... വിൽക്കാൻ നോക്കിയതിന്റെ പേര് എന്നും കൂടെ കാണും.... സമാധാനമായല്ലോ നിനക്ക്...'" അരിശത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു ആശയെ..

""ഇനിയിപ്പോ തിരഞ്ഞെടുപ്പിന്റെ ആവശ്യം ഒന്നുമില്ലല്ലോ.... ഞായറാഴ്ച വരാൻ പറഞ്ഞിട്ടുണ്ട് അനുവിനോടും മഹിയോടും.. അവൾടെ കൈയിൽ നിന്ന് കുറച്ചു പൈസ കടം വാങ്ങാം. മലേലെ രവി ടെ ഫാമിൽ നിന്ന് രണ്ടു പശുവിനെ വാങ്ങാം. അതിന് മുൻപുള്ള ഒരാഴ്ച ഇവിടുത്തെതിനെ നോക്കി പഠിച്ചോണം..."". ആശയുടെ രൂക്ഷമായ വാക്കുകൾ കേട്ടതും അച്ചു വീണ്ടും തല താഴ്ത്തി.. ""അമ്മേ..... ഞാൻ..... ഞാനിനി പഠിച്ചോളാം..."" ""നീ പഠിച്ചോ....."" പെട്ടെന്ന് തന്നെ ആശ പറഞ്ഞതും അവളുടെ മുഖം തെളിഞ്ഞു... ""മൂന്ന് വർഷം ഒരു ഉപകാരവുമില്ലാതെ കളഞ്ഞ സെമെസ്റ്റർ ഫീസിന്റെ പൈസ തിരിച്ചു തന്ന് അടുത്ത കോഴ്സ് നു സ്വന്തമായി പഠിക്കാനുള്ള പണം സമ്പാദിച്ചിട്ട് നീ പഠിച്ചോ....""

അച്ചു തറഞ്ഞു നിന്ന് പോയി..... അമ്മയുടെ ഇങ്ങനെയൊരു മുഖം ആദ്യമായിട്ട് കാണുകയായിരുന്നു... ""അമ്മേ.... ഞാൻ..... ഞാനെങ്ങനെ അത്രേം പൈസ..... ""വിക്കി വിക്കിയാണ് ചോദിച്ചത്.... ""എന്താ നിനക്ക് പറ്റില്ലേ..... നാട് മുഴുവൻ കടവും വരുത്തി നിന്റെയൊക്കെ അച്ഛൻ മുങ്ങിയപ്പോൾ നിനക്കിപ്പോ ഉള്ളതിന്റെ പകുതി പ്രായം പോലും ഉണ്ടായിരുന്നില്ല അനുവിന്. അന്ന് മുതലിങ്ങോട്ട് ഞാൻ പറയുന്ന ഒരു ജോലിക്കും മുടക്കം പറഞ്ഞിട്ടില്ല അവൾ.... നിങ്ങളേം കൂടി സഹായത്തിനു വിളിക്കാൻ പറയുമ്പോൾ പറയും അവര് കുഞ്ഞല്ലേ പഠിച്ചോട്ടെന്ന്.... അങ്ങനെ അവള് ചോര നീരാക്കിയ കാശും കൊണ്ടാ നിന്നെയൊക്കെ പഠിപ്പിച്ചതും വളർത്തിയതും.....

ഇത്രയും നാളും ഇതൊന്നും മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല..... ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ ദൈവം പൊറുക്കില്ല... അതുകൊണ്ട് ആ പൈസ ആദ്യം നീ സമ്പാദിച്ചു കാണിക്ക്.. കേസിന്റെ ഗുണം കൊണ്ട് വേറെ ഒരിടത്തും ജോലി കിട്ടാൻ പോകുന്നില്ലല്ലോ..."" നാവ് ചലിച്ചില്ല... ഒരക്ഷരം മിണ്ടാതെ നിന്നു...എതിർത്തിട്ടും കാര്യമില്ലെന്നുറപ്പായിരുന്നു.. അവളെ ഒന്നുകൂടി ദഹിപ്പിച്ചു നോക്കി ആശ അടുക്കളയിലേക്ക് നടന്നു... അച്ചു തളർച്ചയോടെ ചുമരിലേക്ക് ചാരി..... തൊഴുത്തിലെ കാര്യം ഓർക്കുമ്പോൾ തന്നെ മനം പിരട്ടുന്നു... അമ്മയോട് പലവട്ടം പറഞ്ഞു നോക്കിയെങ്കിലും ഇത് തന്നെയായിരുന്നു മറുപടി... എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ പോലും കഴിയുന്നില്ല..

അവൾ ദേഷ്യത്തോടെ ഫോണിലെ സമയം നോക്കി... ഒരു മണി കഴിഞ്ഞിരിക്കുന്നു... രാവിലെ അഞ്ചരയ്ക്ക് വിളിക്കുമെന്നാണ് അമ്മ പറഞ്ഞത്.... ജീവിതത്തിൽ ഇന്ന് വരെ എഴുന്നേറ്റിട്ടില്ല ആ സമയത്ത്... പരീക്ഷ ആണെങ്കിൽ പോലും ഉറക്കം കളഞ്ഞിട്ടുള്ള പഠിപ്പൊന്നുമില്ല... കൈയിൽ പൈസയുണ്ടായിരുന്നെങ്കിൽ തത്കാലം ഏതെങ്കിലും രീതിയിൽ പിടിച്ചു നിൽക്കാമായിരുന്നു.... പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഉണ്ണാനും ഉടുക്കാനുമൊന്നും ഇനി കിട്ടില്ല.... താമസിക്കാൻ ഒരു കൂര മാത്രമേ തരൂ എന്ന അമ്മയുടെ വാശിക്ക് മുൻപിൽ തോൽവി സമ്മതിക്കേണ്ടി വന്നു... കിടന്നു കിടന്നു എപ്പോഴോ മയക്കം പിടിച്ചു... ""അച്ചൂ എഴുന്നേൽക്ക്....""

അമ്മ വന്നു തട്ടി വിളിച്ചതും എഴുന്നേൽക്കാൻ ശ്രമിച്ചു... ഉറക്കം കിട്ടാത്തതുകൊണ്ട് കണ്ണിലാകെ പുളിപ്പ് പോലെ.... കൺപോളകൾക്കൊക്കെ വല്ലാത്ത ഭാരം തോന്നുന്നു... ""അച്ചൂ..... ""വീണ്ടും അമ്മ തട്ടി വിളിച്ചതും ഈർഷ്യയോടെ കണ്ണ് തുറന്നു... ""എഴുന്നേൽക്ക്"" ""എഴുന്നേൽക്ക് അച്ചു.... ""ആദ്യം മടിച്ചു കട്ടിലിൽ തന്നെ ഇരുന്നെങ്കിലും അമ്മയുടെ സ്വരം മാറി വരുന്നത് കണ്ടപ്പോൾ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു... ബ്രഷ് ചെയ്തു മുഖം കഴുകി വന്നപ്പോഴും സുഖമായി കിടന്നുറങ്ങുന്ന പ്രിയയെ നോക്കി നിന്നു.... വിളിച്ചുണർത്തണം എന്ന് തോന്നിയെങ്കിലും ബഹളം കേട്ട് അമ്മ വന്നാൽ ശിക്ഷ വീണ്ടും കൂടിയാലോ എന്നാലോചിച്ചു സംയമനം പാലിച്ചു... മുറ്റത്തു ലൈറ്റ് കിടക്കുന്നുണ്ട്....

മടിച്ചു മടിച്ചു വാതിലിന്റെ അടുത്തേക്ക് ചെന്നു.... അമ്മ തൊഴുത്തിന്റെ അകത്ത് നിൽപ്പുണ്ട്.. ""അവിടെ നിന്ന് കാഴ്ച കാണാനല്ല വിളിച്ചത്... ഇങ്ങോട്ട് വാ..."" അറച്ചു അറച്ചു അടുത്തേക്ക് ചെന്നു... ഓക്കാനം വരുന്നുണ്ടായിരുന്നു.. രണ്ടു കൈകൾ കൊണ്ടും വായയും മൂക്കും പൊത്തിപ്പിടിച്ചു... ആശ അവളുടെ കൈയിലേക്ക് തൂമ്പാ നീട്ടി.. ""ദാ ഈ ചാണകം ഇതുവച്ചു കോരി ഈ ചരുവത്തിൽ ഇട്... ഇപ്പോ അത് മാത്രം ചെയ്താൽ മതി.... കഴിച്ചിട്ട് പശുവിനെ കുളിപ്പിക്കാം..."" എതിർത്തു പറയണം എന്നുണ്ടായിരുന്നു എങ്കിലും അമ്മയുടെ ഗൗരവം നിറഞ്ഞ മുഖം കണ്ടപ്പോൾ നാവ് പൊങ്ങിയില്ല.. ശ്വാസം പിടിച്ചു വച്ചു പതിയെ ചെയ്തു തുടങ്ങി.... മണമടിക്കുമ്പോൾ ഓക്കാനം വരുന്നു....

അതിലേക്ക് നോക്കാതെ ഇടയ്ക്കിടയ്ക്ക് മാത്രം നോക്കി ഒരു വിധം എല്ലാം ചരുവത്തിലാക്കി... ""ഇനി ഇത് പുറത്തു കൊണ്ട് വയ്ക്ക്... ഉണക്കാനിടണം.."" എടുക്കാൻ നോക്കിയിട്ട് കിതച്ചു പോയിരുന്നു.... വല്ലാത്ത ഭാരം... ""വേഗം കൊണ്ട് വയ്ക്ക്... ഇത് കഴിഞ്ഞിട്ട് വേണം കറക്കാൻ...."" ഒരു വിധം എടുത്തു പൊക്കി... അതിലേക്ക് നോക്കാതെ മുന്നിലേക്ക് മാത്രം നോക്കി വേച്ചു വേച്ചു പുറത്തേക്ക് നടന്നു... കഴിക്കാനായി മുന്നിലെത്തിയ ഭക്ഷണത്തിലേക്ക് നോക്കിയിരിക്കുമ്പോൾ വീണ്ടും മനം പിരട്ടുന്നത് പോലെ തോന്നി... കഴിക്കാതെ എഴുന്നേറ്റു... ""ഇതിന് പട്ടിണിയിരിക്കാനാണെങ്കിൽ നീയെന്നും പട്ടിണിയാകത്തേ ഉള്ളൂ.... അനുവിനും എനിക്കും ചെയ്യാമെങ്കിൽ നിനക്കും ചെയ്യാം.....

പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കുളിപ്പിക്കാൻ വന്നോണം...."" ആശ ഗൗരവത്തിൽ തന്നെ പറഞ്ഞു കഴിച്ചുകൊണ്ടിരുന്നു.. പ്രിയയെ നോക്കിയപ്പോൾ ഈ ലോകത്തിലേ അല്ലെന്നുള്ള ഭാവത്തിൽ പ്ളേറ്റിൽ മാത്രം നോക്കിയിരുന്നു കഴിക്കുന്നു.... അവൾക്ക് അരിശം തോന്നി.... വാശി തോന്നി.... ""അച്ചൂ....."" കൃത്യം പതിനഞ്ചു മിനിറ്റ് കഴിഞ്ഞതും ആശയുടെ വിളി വന്നു... മുടി കോർത്തു പിടിച്ചു ആഞ്ഞു ശ്വാസമെടുത്തു കട്ടിലിൽ തന്നെയിരുന്നു.... വീണ്ടും വിളിച്ചപ്പോൾ എഴുന്നേറ്റു ചെന്നു... ""ഒന്നനങ്ങി വരുന്നുണ്ടോ..... ഇതൂടി കഴിഞ്ഞിട്ട് തീറ്റയും ഇട്ട് കൊടുത്തിട്ട് വേണം തയ്യൽ ക്ലാസ്സിൽ പോകാൻ.... അല്ലെങ്കിൽ അതും നീ ചെയ്യേണ്ടി വരും...""

തേച്ചു കുളിപ്പിക്കാനുള്ള സ്പോഞ്ച് കൈയിൽ വച്ചു തന്നതും അതിലേക്ക് അറപ്പോടെ നോക്കി..... മുൻപിൽ നിൽക്കുന്ന പശുവിനെ പേടിയോടെയും... ചെറുപ്പത്തിൽ എപ്പോഴോ പശുക്കിടാവിനെ തൊട്ടിട്ടുണ്ട് എന്നല്ലാതെ വലുതായ ശേഷം ഇതിന്റെയൊന്നും അടുത്ത് പോലും പോയിട്ടില്ല... അറച്ചറച്ചു മാറി നിന്നതും വീണ്ടും ആശ ഒരിക്കൽ കൂടി ശബ്ദം ഉയർത്തിയതും കണ്ണടച്ച് ഒരു വിറയ്ക്കുന്ന കൈകളോടെ സോപ്പ് തേച്ചുരച്ചു തുടങ്ങി... ആകെ നനഞ്ഞു പോയിരുന്നു കുളിപ്പിച്ച് കഴിഞ്ഞപ്പോളെക്ക്... ഒരോ തവണയും പശു ചെറുതായ് അനങ്ങുമ്പോളേക്കും പേടിച്ചു പിന്നിലേക്ക് നീങ്ങും.... ""ഹ്മ്മ്.... ഇന്ന് ഇത്രേം മതി.... നാളെ അടുത്തത് കൂടി പഠിപ്പിക്കാം... പോയി കുളിച്ചോ....

""അവളുടെ കൈയിൽ നിന്നും സ്പോഞ്ച് വാങ്ങി തിട്ടയിലേക്ക് വച്ചു ആശ.. അച്ചു സ്വന്തം ദേഹത്തേക്ക് അറപ്പോടെ നോക്കി.... നനഞ്ഞു കുളിച്ചിട്ടുണ്ട്... ആകെ മുഴുവൻ നാശമായി... വേഗം തന്നെ കുളിക്കാൻ കയറി.... എത്ര സോപ്പ് തേച്ചിട്ടും തേച്ചിട്ടും മതിയാകുന്നുണ്ടായിരുന്നില്ല.... വീണ്ടും വീണ്ടും സോപ്പും ഇഞ്ചയും തേച്ചു ഉരച്ചു.... അര മണിക്കൂറോളം എടുത്തു കുളിച്ചു കഴിയാൻ.... നേരെ വന്നു കട്ടിലിലേക്ക് കിടന്നു.... വയറു വിശന്നു കാളുന്നു.... ആകെ തളർച്ച... ക്ഷീണത്തോടെ കണ്ണുകൾ അടച്ചു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""എന്താണ് ഒരാലോചന....."" കാറിലേക്ക് കയറിയിട്ടും എന്തൊക്കെയോ ആലോചനകളിൽ മുഴുകിയിരിക്കുന്നവളെ നോക്കി മഹി പിരികമുയർത്തി...

""അത്.... അമ്മ ഞായറാഴ്ച ചെല്ലാൻ പറഞ്ഞില്ലേ.... അത് എന്തിനായിരിക്കുമെന്ന് ആലോചിച്ചതാ...."" ""ഹ്മ്മ്.... ""അവനൊന്നു മൂളി.... സത്യത്തിൽ എന്തിനായിരിക്കും വരാൻ പറഞ്ഞതെന്ന് ഒരൂഹവും ഉണ്ടായിരുന്നില്ല... ഇന്നലെ വിളിച്ചപ്പോൾ ചോദിച്ചിട്ടും അമ്മയൊന്നും പറഞ്ഞിരുന്നില്ല... നേരിട്ട് പറയാമെന്നു പറഞ്ഞു... ടെൻഷൻ വേണ്ടെന്നും... ""എന്തായാലും പോയി നോക്കാം.... സീരിയസ് പ്രശ്നം ഒന്നുമല്ലല്ലോ... ആയിരുന്നെങ്കിൽ അമ്മ അതിനടുത്ത ദിവസം തന്നെ വരാൻ പറഞ്ഞേനെ...വെറുതെ ഇരുന്നു ആലോചിച്ചു കൂട്ടണ്ട.... ഈ കുഞ്ഞിത്തല വേണമെങ്കിൽ നമ്മുടെ ഭാവി കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തോ..."" ""എന്ത് ഭാവിയാ... ""

സംശയത്തോടെ പിരികം പൊക്കി നോക്കി അവനെ... ""എന്തെല്ലാം ഭാവിയുണ്ട്.....മക്കൾക്ക് ഇടാനുള്ള പേര് ആലോചിക്കാം.... അവരെ ഒരുക്കുന്നത് ആലോചിക്കാം.... കൊഞ്ചിക്കുന്നത് ആലോചിക്കാം....പിന്നെ വേണമെങ്കിൽ ഈ വീർത്ത വയറൊക്കെ താങ്ങി നടുവിന് കൈ കൊടുത്തു നടക്കുന്നത് ആലോചിക്കാം...."" കണ്ണ് തള്ളി വായും തുറന്നു നോക്കുന്ന നന്ദുവിനെ കണ്ട് ഇതുവരെ പിടിച്ചു വച്ച ചിരി പൊട്ടിപ്പോയി.... അവൻ ചിരിക്കുന്നത് കണ്ടപ്പോഴാണ് കളിയാക്കിയതാണെന്ന് മനസ്സിലായത്.... ഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കി തിരിഞ്ഞിരിക്കുമ്പോഴേക്കും പറഞ്ഞതൊക്കെ ഓർത്ത് അറിയാതെ കവിളിൽ ചുവപ്പ് പടർന്നിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഉറക്കത്തിനിടയിൽ ചെവിയിലെന്തോ ഇഴയും പോലെ തോന്നിയതും നന്ദു ഉറക്കം ഞെട്ടി തിരിഞ്ഞു കിടന്നു... വീണ്ടും ചെവിയ്ക്ക് മുകളിലായി അതേ സ്പർശനം അറിഞ്ഞതും ഞെട്ടലോടെ കണ്ണ് വലിച്ചു തുറന്നു... ""ഹാപ്പി ബർത്ഡേ നന്ദു....."" അതേ നിമിഷം തന്നെ ആർദ്രമായ സ്വരം കാതിൽ പതിഞ്ഞിരുന്നു... ആദ്യത്തെ വിഷ് ഇവിടെ നിന്നാകുമെന്ന് ഉറപ്പായിരുന്നു.... കഴിഞ്ഞ വർഷം ഇതേ ദിവസം ആരും അറിയാത്ത പിറന്നാൾ അന്വേഷിച്ചു പ്രൊപ്പോസ് ചെയ്തവനാണ്...

പക്ഷേ ഉറങ്ങുന്നത് കണ്ടപ്പോൾ രാവിലെയാകും വിഷ് എന്ന് തോന്നിപ്പോയി... ഒരു കൈ കുത്തി അതിലേക്ക് തല ചായ്ച്ചു ചിരിയോടെ നോക്കി കിടക്കുന്നുണ്ട്... ""എന്തേ.... വിചാരിച്ചില്ലേ...."" ""ഞാൻ വന്നപ്പോൾ ഉറങ്ങാൻ കിടന്നിരുന്നില്ലേ... രാവിലെയാകും അതുകൊണ്ട് വിഷെന്ന് വിചാരിച്ചു..."" മഹി അവളുടെ വിരലിലേക്ക് വിരൽ കൊരുത്തു പിടിച്ചു... കഴിഞ്ഞ വർഷം ഇതേ ദിവസം അണിയിച്ച മോതിരത്തിലേക്ക് മിഴിയുറപ്പിച്ചു... പതിയെ അതിൽ ചുണ്ട് ചേർത്തു.... ""കഴിഞ്ഞ വർഷം ഇതേ ദിവസമാണ് നിനക്ക് വാക്ക് തന്നത് എന്നും കൂടെയുണ്ടാകുമെന്നും ഒറ്റയ്ക്ക് ആക്കില്ലെന്നും..... പക്ഷേ പകുതിയേ പാലിക്കാൻ പറ്റിയുള്ളൂ....

രണ്ടു പേരുടെയും ഭാഗത്തു നിന്ന് ഒരുപാട് തെറ്റ് പറ്റി..... ഇന്ന് ഇതേ മോതിരം സാക്ഷിയാക്കി ഒരിക്കൽ കൂടി വാക്ക് തരുവാ..... കഴിഞ്ഞതൊന്നും ഇനി ആവർത്തിക്കില്ല..... അവസാന നിമിഷം വരെയും ഈ കൈ ദാ ഇങ്ങനെ ചേർത്തു പിടിക്കും...""" അവളുടെ കൈ നെഞ്ചോടു ചേർത്ത് പിടിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു മഹി... സന്തോഷത്താൽ ചെറുതായി നനഞ്ഞ കണ്ണുകളോടെ അവളപ്പോഴേക്കും അവന്റെ നെഞ്ചിലായി മുഖമൊളിപ്പിച്ചിരുന്നു... കാറ്റിനു പോലും കടക്കാൻ കഴിയാത്തത്ര ചേർത്ത് ഇറുക്കി പുണർന്നുകൊണ്ട്.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story