അനന്തിക: ഭാഗം 5

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""വടക്കേലെ ലക്ഷ്മണൻ മാമേടെ മൂത്ത മോളാ.... ലക്ഷ്മി.... ലച്ചൂട്ടി ന്നാ എല്ലാരും വിളിക്കുന്നെ.... നിന്റെ കല്യാണത്തിനൊക്കെ ഇവളും വന്നിരുന്നു... ഇതിപ്പോൾ നിനക്കൊരു കൂട്ടാകട്ടെ എന്ന് വിചാരിച്ചു ഞാൻ വിളിച്ചു വരുത്തിയതാ... നമ്മള് പോകുന്നത് വരെ ഇവിടെ കാണും..."" അമ്മമ്മ പറഞ്ഞപ്പോൾ ഒന്ന് മൂളി. ഇങ്ങോട്ടേക്കു നോക്കി പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടപ്പോൾ മടിച്ചു മടിച്ചൊരു ചിരി നൽകി... ""ചിരിക്കൊരു വോൾടേജ് പോരല്ലോ അനുക്കുട്ടി..."". ലച്ചു അവളെ കെട്ടിപ്പിടിക്കുന്നതിനിടയിൽ പറഞ്ഞു.. പെട്ടെന്നായതിനാൽ നന്ദുവൊന്ന് പകച്ചു പോയി.... തിരിച്ചെന്താ ചെയ്യേണ്ടത് എന്ന് പെട്ടെന്ന് ഓർമ്മ കിട്ടിയില്ല..... അങ്ങനെ തന്നെ നിന്നു.... അനങ്ങാതെ.... കൈകൾ ചലിപ്പിക്കാതെ.... നന്ദുവിൽ നിന്നും പ്രതികരണമൊന്നും ഇല്ലാതിരുന്നപ്പോൾ ലക്ഷ്മി പതിയെ അകന്ന് മാറി.

അപ്പോഴും അവൾ അതേ നിൽപ്പ് തന്നെ നിൽക്കുകയായിരുന്നു. ""എന്താടോ... പെട്ടെന്ന് പേടിച്ചു പോയോ..."" ലക്ഷ്മി വീണ്ടും ഒരു ചിരിയോടെ ചോദിച്ചതും അതേയെന്ന ഭാവത്തിൽ അവളൊന്ന് തലയാട്ടി. ""അമ്മമ്മേ ഞാൻ കഴിക്കാനെടുത്തു വെയ്ക്കാം.... നിങ്ങള് രണ്ടാളും കൂടി ഊണ് മുറിയിലേക്ക് നടന്നോ...."" രണ്ടാളെയും ഒന്ന് നോക്കി... മറുപടി കേൾക്കും മുൻപേ അടുക്കളയിലേക്ക് നടന്നു കഴിഞ്ഞ പെണ്ണിനെ നോക്കി നിന്നു ലച്ചു... പെട്ടെന്ന് അഭിമുഖീകരിക്കാനുള്ള മടി കാരണം അവളകത്തേക്ക് വലിഞ്ഞതാണെന്ന് ഉറപ്പായിരുന്നു.... ""മഹി വന്നേൽ പിന്നെ നല്ല മാറ്റമുണ്ടായിരുന്നതാ..... ഇനി വീണ്ടും പഴയത് പോലെ..... എന്റെ കുട്ടി....."" വിനോദിനിയുടെ കണ്ണ് നിറഞ്ഞതും ലക്ഷ്മി അവരെ ചേർത്ത് പിടിച്ചു...

""അയ്യേ.... ഇത്രേ ഉള്ളൂ..... ഇങ്ങനെ സങ്കടപ്പെടാൻ തുടങ്ങിയാലോ..... പഴയ അനുവിനെയല്ല മഹീടെ നന്ദുനേക്കാൾ മിടുക്കി പെണ്ണിനെ തിരിച്ചു തരില്ലേ ഞാൻ.... മുത്തശ്ശി ടെ ലച്ചൂട്ടി അല്ലെ പറയുന്നേ.... അറിയാല്ലോ.. ലച്ചു സൈക്കോളജി പഠിച്ചത് വെറുതെയല്ല...."" ഉടുപ്പിന്റെ കോളറൊന്ന് പൊക്കി ഗർവ്വോടെ അവൾ പറഞ്ഞതും അവരുടെ പൊള്ളുന്ന മനസ്സിനൊരല്പം ആശ്വാസം തോന്നി... അപ്പോഴേക്കും ഊണ് മുറിയിൽ നിന്നും നന്ദു വിളിച്ചിരുന്നു. ആഹാരം കഴിക്കുന്നതിനിടയിലും ലച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും നിശബ്ദത മാത്രമായിരുന്നു നന്ദുവിന്റെ ഭാഗത്തു നിന്നും. എങ്കിലും മുത്തശ്ശിയോട് പറയുന്നതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവൾക്ക് അറിയാമായിരുന്നു...

അനുവിന്റെ കുട്ടിക്കാലത്തെ കുറുമ്പുകളെപ്പറ്റിയായിരുന്നു മുത്തശ്ശി കൂടുതലും പറഞ്ഞത്... ഈ കഥകളൊക്കെ കേട്ടിട്ടും അവളുടെ ചൊടികളിൽ ഒരു നിമിഷത്തേക്കെങ്കിലും ഒരു പുഞ്ചിരി മിന്നിമായാത്തത് ലച്ചു ശ്രദ്ധിച്ചിരുന്നു... ""നിനക്ക് അനൂന്റെ കൂടെ തന്നെ കിടക്കായിരുന്നില്യേ കുട്ട്യേ....."" ഷീറ്റ് തട്ടി വിരിക്കുന്നതിനിടയിൽ മുത്തശ്ശിയുടെ ചോദ്യം കേട്ട് അവൾ ചിരിച്ചു.. ""അതിനൊന്നും സമയമായിട്ടില്ല എന്റെ മുത്തശ്ശി... ഇന്നലെയല്ലേ അവളൊന്ന് കോടതിയിൽ പോയിട്ട് വന്നത്... പെട്ടെന്നൊന്നും മാറ്റമുണ്ടാകില്ല... സമയമെടുക്കും.. ആദ്യം അവളൊന്ന് ഈ ചുറ്റുപാടുമായി ഇണങ്ങട്ടെ... അല്ലാതെ ഒരു പരിചയവും ഇല്ലാത്ത ഞാനിന്ന് മുതൽ കൂടെ കിടക്കാനൊക്കെ ചെന്ന ആ പാവത്തിന്റെ ഉള്ള സമാധാനം കൂടി പോകത്തെ ഉള്ളൂ..."""

വിനോദിനിയുടെ കണ്ണ് നിറഞ്ഞത് കണ്ടതും അവൾ വേഗം അവരുടെ അടുത്തേക്ക് വന്നു. രണ്ടു കണ്ണും തുടച്ചു കൊടുത്തു.... """അയ്യേ....അപ്പോഴേക്കും മുഖം വാടിയല്ലോ.... ഇനിയും ദിവസങ്ങൾ ഇഷ്ടം പോലെ ബാക്കിയില്ലേ എന്റെ മുത്തശ്ശി... ഇത്രേം വർഷത്തെ വിഷമമൊക്കെ മാറ്റിയിട്ട് വേണ്ടേ.... പെട്ടെന്നൊന്നും ആരേം അടുപ്പിക്കാൻ സാധ്യത ഇല്ല..."" മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോളൊക്കെ നാളെ മുതൽ നന്ദുവിലേക്ക് എത്താനുള്ള വഴികൾ തേടുകയായിരുന്നു ലക്ഷ്മിയുടെ മനസ്സ്... അതൊരിക്കലും അനായാസമല്ല..... ഒരുപക്ഷേ അനുവായിരുന്നെങ്കിൽ ഇതിലും എളുപ്പമായിരുന്നു... എന്നാൽ തനിക്ക് മുൻപിലുള്ളവൾ അത്രമേൽ ആഴത്തിൽ മുറിവേറ്റവളാണ്..... പ്രണയത്തിന്റെ എല്ലാ ഭാവവും അറിഞ്ഞിട്ടും കാലിടറി ഗർത്തത്തിലേക്ക് വീണു പോയവളാണ്.... എന്നോ സ്വയം നഷ്ടപ്പെട്ടവളാണ്... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

മറ്റൊന്നും ശ്രദ്ധിക്കാതെ ആഹാരം കഴിക്കുന്ന മഹിയെ നോക്കി ഇരിക്കുകയായിരുന്നു നിത്യ... അടി കൂടി തന്റെ പ്ലേറ്റിൽ നിന്ന് കൂടി എടുത്തു കഴിക്കുന്നതായി ഭാവിക്കുന്ന മഹിയെ ഓർമ്മ വന്നതും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു... എപ്പോഴും ഒരു യുദ്ധമാണ് ആഹാരം കഴിക്കുമ്പോൾ... അടുത്തിരുന്നാൽ അപ്പോൾ മഹിയേട്ടൻ പ്ലേറ്റിൽ നിന്നും സാധനമെടുക്കും.. കൂടുതലും ചിക്കനാകും... കഴിക്കത്തൊന്നുമില്ലെങ്കിലും സ്വന്തം പ്ളേറ്റിലേക്ക് മാറ്റി വച്ചു വെറുതെ വഴക്കുണ്ടാക്കും... ഒടുവിൽ അമ്മ വരുന്നത് കാണുമ്പോഴോ പിണങ്ങി എണീക്കാൻ തുടങ്ങുമ്പോഴോ ആകും തിരിച്ചു തരുന്നത്... പകുതി ദിവസവും അതുകൊണ്ട് അടുത്തിരിക്കാതെ ഇത്തിരി ദൂരെ എവിടെയെങ്കിലും മാറി ഇരിക്കും...

എന്നാലും കഴിച്ചിട്ട് പോകുന്ന വഴിക്കെങ്കിലും എന്തെങ്കിലും ഒപ്പിക്കും... എന്നാൽ ഇന്നിപ്പോൾ അടുത്തിരുന്നിട്ടും ഒന്നും നോക്കാതെ പ്ലേറ്റിൽ മാത്രം നോക്കി കഴിച്ചിട്ട് എഴുന്നേൽക്കുന്ന മഹിയെ നോക്കും തോറും ശ്വാസം മുട്ടും പോലെ തോന്നി അവൾക്ക്... ""ഏ..... ഏട്ടാ...."". കഴിച്ചു തീരും മുൻപേ ഇടത് കൈയിലേക്ക് മെല്ലെ ചുറ്റിപ്പിടിച്ചു.. ""ചി.... ചിക്കൻ വേണ്ടേ....""" പ്ലേറ്റിൽ നിന്നും പകുതിയെടുത്തു അവന്റേതിലേക്ക് ഇടാൻ തുടങ്ങിയെങ്കിലും തടഞ്ഞു.. ""വേണ്ടേട... ഏട്ടൻ കഴിച്ചു... മോള്‌ കഴിച്ചോ.."". പാത്രവുമായി എഴുന്നേറ്റു പോകുന്നവനെ നോക്കി ശില പോലെയിരുന്നു.. തളർന്ന മനസ്സോടെ മുറിയിലേക്ക് പോകുന്നവനെ കാൺകെ കണ്ണ് കലങ്ങി...

നന്ദുവിന്റെ മുഖം മനസ്സിലേക്ക് വന്നതും അവളുടെ ഉള്ളിൽ വെറുപ്പ് നിറഞ്ഞു... ""ഒരിക്കലും ക്ഷമിക്കാനാകില്ല അനന്തിക നിന്നോട്..... ഇനിയുമെന്റെ ഏട്ടനെ ബലിയാടാകാൻ സമ്മതിക്കില്ല ഞാൻ...."" കവിളിനെ നനച്ചു താഴേക്ക് ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ പുറം കൈയാൽ തുടച്ചു മാറ്റുന്നതിനിടയിൽ വാശിയോടെ പറഞ്ഞു... കട്ടിലിലേക്ക് ചാഞ്ഞപ്പോൾ വീണ്ടും ഒരിരമ്പലോടെ ഭൂതകാല ഓർമ്മകൾ തലച്ചോറിലേക്ക് ഇരച്ചു കയറുന്നത് അവനറിയുന്നുണ്ടായിരുന്നു... അത്രമേൽ പ്രണയിച്ചൊരു പെണ്ണിന്റെ മുഖം തെളിഞ്ഞു.... ഒടുവിൽ അതേ പ്രണയം കൊണ്ട് വരിഞ്ഞു മുറുക്കി ശവമഞ്ചമൊരുക്കിയവൾ......

മറുവശത്തു അവളിലും അതേ പ്രണയം വീണ്ടുമൊരിക്കൽ കൂടി തളിർക്കാൻ ശ്രമിക്കുകയായിരുന്നു.... വിടരും മുൻപേ കൊഴിഞ്ഞു മണ്ണോടു ചേർന്നൊരുപിടി ചാരത്തിൽ നിന്നും വീണ്ടുമൊരു ഉയിർത്തെഴുന്നേൽപ്പിന് വെറുതെ ശ്രമിക്കുകയായിരുന്നു... 🌺🌺🌺🌺🌺 കൂടെയിരുന്നവർ പറയുന്നതിൽ ഒരു വാക്ക് പോലും തന്നെയല്ല എന്ന ഭാവത്തിൽ പാത്രവുമായി അവരുടെ അരികിൽ കൂടി തന്നെ നടന്നു പോകുന്ന പെൺകുട്ടിയിൽ കൊരുത്തിട്ടിരുന്നു മഹിയുടെ കണ്ണുകൾ... അവനവളെ തന്നെ നോക്കിയിരുന്നു.... അവളായി അടച്ചിട്ട ജാലകങ്ങളുടെ താക്കോൽ തേടി ആ മിഴികളിൽ തന്നെ ദൃഷ്ടി ഉറപ്പിച്ചു.... തൊട്ടരികിൽ കൂടി കടന്ന് പോയിട്ടും അബദ്ധത്തിൽ പോലും ആരിലേക്കും അവളുടെ നോട്ടം ചെന്നില്ല.

പാത്രവും കൈയും മുഖവുമൊക്കെ കഴുകി ഒരു സംസാരത്തിനുള്ള ഇട പോലും നൽകാതെ സീറ്റിൽ ചെന്നിരുന്നു ജോലിയിൽ മുഴുകുന്നവളിലേക്ക് വീണ്ടും വീണ്ടും കണ്ണുകൾ ചലിച്ചു... ""അനന്തികയ്ക്കെന്താ ആരോടും അടുപ്പമില്ലാത്തത്...""". ചോദിക്കുമ്പോഴും നോട്ടം അവളിൽ തന്നെ തറഞ്ഞിരുന്നു. ""ഓഹ് അതിന്റ കാര്യം പറയാതിരിക്കുന്നതാണ് സർ നല്ലത്. വന്ന അന്ന് മുതൽക്കേ ഇങ്ങനെയാ... ആദ്യമൊക്കെ ഞങ്ങളങ്ങോട്ട് ചെന്നു മിണ്ടുമായിരുന്നു... എന്ത് ചോദിച്ചാലും അളന്നു മുറിച്ചുള്ള മറുപടിയെ തരത്തുള്ളൂ...""" """എന്നാലോ എന്തെങ്കിലും തെറ്റ് കണ്ടിട്ട് നല്ലോണം ഷൗട്ട് ചെയ്യുമ്പോൾ ഈ സ്വഭാവമൊന്നുമല്ല... സർ വരുന്നതിന് മുൻപുള്ള ഒരാഴ്ച ഇൻചാർജ് കിട്ടിയപ്പോളേക്കും പിന്നെ പറയണ്ട...."""

ഓരോരുത്തരായി പരാതി കെട്ടഴിക്കുന്നത് ഒരു ചിരിയോടെ കേട്ടിരുന്നു... അപ്പോഴേക്ക് ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞതിനാൽ കൈ കഴുകി സീറ്റിലേക്ക് നടന്നു. ""ഹേയ്....."" അടുത്തിരുന്നു ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോളാണ് നന്ദു മുഖമുയർത്തി നോക്കുന്നത്. നേരെ മുന്നിലായി കസേരയിട്ടിരിക്കുന്ന മഹിയെ കണ്ടതും അവളൊന്ന് പകച്ചു... ""എന്താ സർ...."" ""താനിങ്ങനെ പേടിക്കാതെടോ.... ബാക്കി എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞു... ഇനി താൻ ഒരാളൂടെ ബാക്കിയുള്ളൂ...""" അവളെ നോക്കി ചിരിയോടെ പറഞ്ഞെങ്കിലും ആ മുഖത്തെ ഗൗരവത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല... ""സർ ഞാൻ പറഞ്ഞല്ലോ.... പേര് അനന്തിക.. പതിനൊന്നു മാസമായി ഇവിടെ വർക്ക്‌ ചെയ്യുന്നു....."""

""അനന്തികയുടെ വീട്ടിൽ ആരൊക്കെയുണ്ട്.."". പറഞ്ഞു തീർക്കും മുൻപേ അടുത്ത ചോദ്യമെത്തി... ""അമ്മയും അനിയത്തിമാരും.."". ഒറ്റ വാക്കിൽ മറുപടിയൊതുക്കി വീണ്ടുമവൾ ഫയലിലേക്ക് മുഖം പൂഴ്ത്തി.. ""അപ്പോ......"" ""സർ പ്ലീസ്.....ഇതിൽ കൂടുതലായി ഓഫീസ് ടൈമിൽ പേർസണൽ കാര്യങ്ങൾ എനിക്ക് പറയാൻ താല്പര്യമില്ല...."" വീണ്ടും എന്തെങ്കിലും ചോദിക്കുന്നതിനു മുൻപായി എടുത്തടിച്ചത് പോലെയുള്ള അവളുടെ മറുപടി കേട്ട് അവന്റെ മുഖം മങ്ങി... പിന്നൊന്നും പറയാൻ നിൽക്കാതെ എഴുന്നേറ്റു പോകുന്നവനെ അവളൊരു നിമിഷം നോക്കി..... പിന്നെ തന്റെ കൈയിലേക്കും... ""അടുത്ത ചോദ്യം ഇതല്ലേ..... ""മനസ്സിൽ പറഞ്ഞുകൊണ്ട് കൈകളൊന്ന് പരസ്പരം തൊട്ടു. അപ്പോഴും ആരുടെയൊക്കെയോ പരിഹാസത്തോടെയുള്ള ചിരി കേൾക്കാമായിരുന്നു.

""ഇപ്പൊ എന്തായി....ഞാനന്നേരെ പറഞ്ഞതല്ലേ മഹി സാറെ.... ""എന്നൊക്കെ പലരും പറയുന്നുണ്ട്.. അലസമായി എല്ലാവരെയും ഒന്ന് നോക്കി... വീണ്ടും ഫയലിലേക്ക് മുഖം പൂഴ്ത്തി.... സ്ഥിരം ബസ്സിൽ ഒന്നില്ലാത്തതിനാൽ വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ഏഴര കഴിഞ്ഞിരുന്നു. അമ്മയെന്തൊക്കെയോ ഇരുന്ന് തയ്ക്കുന്നുണ്ട്... വന്നപ്പോൾ നോക്കിയൊന്ന് ചിരിച്ചു.. വേഷമൊക്കെ മാറ്റി കുളിച്ചിട്ട് ഇറങ്ങുമ്പോഴും ഓഫീസിൽ ഇന്നുണ്ടായ കാര്യങ്ങളിലൂടെ വീണ്ടുമൊരു ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു മനസ്സ്. ഇങ്ങോട്ട് വന്നൊരാൾ സംസാരിച്ചിരിക്കുന്നു.... ജോലിയുടെ ഇടയിലും പലപ്പോഴും ആ കണ്ണുകൾ തേടി വരുന്നത് അറിഞ്ഞതാണ്. മനപ്പൂർവം നോക്കിയില്ല...

കൗതുകവസ്തു പോലെ ആരുടേയും മുൻപിൽ നിൽക്കാൻ വയ്യ. അനന്തികയ്ക്ക് ആരുടേയും സഹതാപം ആവശ്യമില്ല..... ആരുടേയും..... സ്വയം മനസ്സിലുറപ്പിച്ചു.. ഊണ് മുറിയിൽ നിന്നും ബഹളം കേട്ട് തുടങ്ങിയപ്പോൾ അത്താഴം എടുത്തു വച്ചിട്ടുണ്ടെന്ന് മനസ്സിലായി. ""അനൂ........"" ""വരുന്നമ്മേ....."" അച്ചുവും പ്രിയയും രണ്ടാളും അമ്മേടെ ഇടവും വലവും ഇരിക്കുകയാണ്. മുഖം വീർപ്പിച്ചു വച്ചിട്ടുണ്ട്... എന്തൊ കാര്യം സാധിക്കാനുണ്ടെന്ന് തോന്നുന്നു... രണ്ടാളും കഴിക്കാനിരുന്നപ്പോൾ പാളി നോക്കുന്നത് കണ്ടു. പൈസയുടെ എന്തെങ്കിലും കാര്യമായിരിക്കണം. അമ്മയ്ക്ക് മാസം കിട്ടുന്ന ശമ്പളം കടയിലെ പറ്റ് തീർക്കാനേ തികയാറുള്ളൂ... ""ശമ്പളം കിട്ടിയതിന്റെ ബാക്കി കൈയിലില്ലേ അനൂ....""

അച്ചുവിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അമ്മ ചോദിച്ചപ്പോൾ വെറുതെ മൂളി. എന്താ കാര്യമെന്ന് ചോദിക്കാഞ്ഞിട്ടാകും പറയാൻ അമ്മയ്ക്കും ഒരു മടി പോലെ. നിർബന്ധിച്ചു ചോദിക്കാൻ തോന്നിയില്ല... എല്ലാവരെയും ഒന്ന് നോക്കി വേഗം കഴിച്ചിട്ട് എഴുന്നേറ്റു... ""ചേച്ചി....."" പാത്രം കഴുകി തിരിഞ്ഞപ്പോൾ അടുക്കള വാതിൽക്കൽ രണ്ടു മുഖങ്ങൾ... മറുപടി കൊടുത്തില്ല. രണ്ട് പേരെയും വെറുതെ നോക്കി നിന്നു... അച്ചുവിന് എന്തെന്നില്ലാത്ത പരവേശം തോന്നി.... സാധാരണ എല്ലാം അമ്മയെക്കൊണ്ടാണ് പറയിക്കാറ്... ഇത്തവണ പക്ഷേ അമ്മ കൈമലർത്തി.... അതാണിങ്ങനെ.... സമയം പോകുന്നത് കണ്ടിട്ടും രണ്ടു പേരും ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുന്നത് കണ്ടതും നന്ദു ഒന്ന് ശ്വാസമെടുത്തു തല വെട്ടിച്ചു പുറത്തേക്ക് ഇറങ്ങി...

""ചേച്ചി..... നാളെയാ ഔട്ട്‌ഡോർ പ്രൊജക്റ്റ്‌ ന്റെ ഫീസ് അടയ്‌ക്കേണ്ടത്...."" നന്ദു അവരെ കടന്ന് പോകുന്നത് കണ്ടതും പ്രിയ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി... ""എത്രയാ..."" തിരിഞ്ഞു നോക്കാൻ തോന്നിയില്ല... അവരത് പ്രതീക്ഷിക്കുന്നും ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു... ""അത്.... രണ്ടായിരം വച്ച് ഒരാൾക്ക്...."" ""മ്മ്.. രാവിലെ തരാം. വൈകുന്നേരം പൈസ അടച്ചതിന്റെ റെസിപ്റ്റ് എന്റെ കൈയിൽ കിട്ടിയിരിക്കണം..."" ഗൗരവം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു മുറിയിലേക്ക് പോകുന്നവളെ നോക്കി നിന്നു രണ്ടാളും... ""ഈ അമ്മയ്ക്ക് ചോദിക്കാൻ വയ്യാഞ്ഞിട്ടല്ലേ മനുഷ്യനിങ്ങനെ നാണം കെട്ട് ചോദിക്കേണ്ടി വന്നത് ..... ജോലിയുള്ളതിന്റെ അഹങ്കാരം..."" അച്ചു ദേഷ്യത്തോടെ പിറുപിറുത്തു... ""എന്റെ പൊന്നച്ചു ഒന്ന് മിണ്ടാതിരിക്ക്.... ചേച്ചിയെങ്ങാനും കേട്ടാൽ പിന്നെ പൈസ തരില്ല....""

""പിന്നെ.... ഒരു ചേച്ചി...."" വാ പൊത്തി പിടിച്ച പ്രിയയുടെ കൈകൾ ദേഷ്യത്തോടെ കുടഞ്ഞെറിഞ്ഞവൾ മുറിയിലേക്ക് നടന്നു... ഒരു ചുവരിനപ്പുറം ആ പെണ്ണപ്പോൾ കണ്ണാടിയിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.... സ്വയം ഒരു വൃക്ഷമായി മാറുന്നുണ്ടായിരുന്നു.... സ്വയം വെയിലേറ്റ് മറ്റുള്ളവർക്ക് തണലേകുമ്പോഴും.... ഒടുവിൽ എരിഞ്ഞൊടുങ്ങി അന്നമൂട്ടുമ്പോഴും സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാത്ത അവശേഷിപ്പുകളോ അടയാളങ്ങളോ ഇല്ലാത്ത വൃക്ഷം.... കണ്ണിലുറഞ്ഞു കൂടിയ ഒരു തുള്ളി കണ്ണ് നീരിനെ അവൾ വാശിയോടെ തുടച്ചു നീക്കി.... പാടില്ല.... കരയരുത്.... അതിനുള്ള അവകാശവും ഇല്ല.... സ്വപ്നങ്ങളുള്ളവൾക്കെ കരയാനും അവകാശമുള്ളൂ.... അടുത്ത പ്രഭാതം തനിക്കായി കരുതി വച്ച നിറമുള്ള സ്വപ്നങ്ങളെപ്പറ്റി അറിയാതെ ആ പെണ്ണപ്പോഴും സ്വയമൊരു മരുഭൂമിയായി മാറുകയായിരുന്നു... ഋതുക്കളില്ലാത്ത വസന്തം വിരുന്നെത്താത്ത വറ്റി വരണ്ട് ജീവനറ്റ മരുഭൂമി.... ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story