അനന്തിക: ഭാഗം 50

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""കഴിഞ്ഞ വർഷം ഇതേ ദിവസമാണ് നിനക്ക് വാക്ക് തന്നത് എന്നും കൂടെയുണ്ടാകുമെന്നും ഒറ്റയ്ക്ക് ആക്കില്ലെന്നും..... പക്ഷേ പകുതിയേ പാലിക്കാൻ പറ്റിയുള്ളൂ.... രണ്ടു പേരുടെയും ഭാഗത്തു നിന്ന് ഒരുപാട് തെറ്റ് പറ്റി..... ഇന്ന് ഇതേ മോതിരം സാക്ഷിയാക്കി ഒരിക്കൽ കൂടി വാക്ക് തരുവാ..... കഴിഞ്ഞതൊന്നും ഇനി ആവർത്തിക്കില്ല..... അവസാന നിമിഷം വരെയും ഈ കൈ ദാ ഇങ്ങനെ ചേർത്തു പിടിക്കും...""" അവളുടെ കൈ നെഞ്ചോടു ചേർത്ത് പിടിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു മഹി... സന്തോഷത്താൽ ചെറുതായി നനഞ്ഞ കണ്ണുകളോടെ അവളപ്പോഴേക്കും അവന്റെ നെഞ്ചിലായി മുഖമൊളിപ്പിച്ചിരുന്നു... കാറ്റിനു പോലും കടക്കാൻ കഴിയാത്തത്ര ചേർത്ത് ഇറുക്കി പുണർന്നുകൊണ്ട്... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ കണ്ണ് തുറക്കുമ്പോഴും ആ നെഞ്ചിലങ്ങനെ ചേർന്നു കിടക്കുകയായിരുന്നു... എഴുന്നേൽക്കാൻ മടിച്ച് വീണ്ടും അവനോട് പറ്റിച്ചേർന്നു കിടന്നു... ""എന്തേ... പിറന്നാളുകാരിക്ക് എണീക്കാനുള്ള പരിപാടിയൊന്നുമില്ലേ...."" കുറച്ചു നേരം കഴിഞ്ഞു മഹി ചോദിച്ചപ്പോഴാണ് അവനുണർന്ന് കിടക്കുകയായിരുന്നു എന്ന് മനസ്സിലായത്. ചെറിയ ചമ്മലോടെ എഴുന്നേറ്റു... ""അവധിയല്ലേന്ന് വിചാരിച്ചു കിടന്നതാ... അല്ലാതെ..."" സ്വയം ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ട് കട്ടിലിൽ നിന്നും ഊർന്നിറങ്ങി.. ""ഉവ്വുവ്വേ..."". മഹി തലകുടഞ്ഞു ചിരിക്കുന്നത് കണ്ടപ്പോൾ കൂർപ്പിച്ചൊന്ന് നോക്കി ബാത്‌റൂമിലേക്ക് നടന്നു...

""ഹാപ്പി ബർത്ഡേ ഏട്ടത്തി ... ""ഫ്രഷായി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്ക് നിത്യ വന്നു ചുറ്റിപ്പിടിച്ചിരുന്നു.... ""ഞാനെത്ര നേരമായി വെയ്റ്റിംഗ് എന്നറിയുവോ... ഇനിയും കണ്ടില്ലെങ്കിൽ ഇവിടെ കിടന്നു വിളിച്ചു കൂവി ഉണർത്തിയേനെ...."" മഹിയെപ്പോലെ തന്നെ ഒരു കണ്ണ് ചെറുതാക്കി അവൾ പറഞ്ഞതും രാവിലത്തെ അതേ ചമ്മൽ വീണ്ടും തോന്നി. പക്ഷേ മുഖത്ത് പ്രകടിപ്പിച്ചില്ല... ""എന്നാലേ നിന്റെ ഏട്ടൻ ഇതുവരെയും എഴുന്നേറ്റിട്ടില്ല.... ചെന്ന് കൂവി ഉണർത്തിക്കോ...."" അതേ രീതിയിൽ ഒരു കണ്ണ് മാത്രം നിമിഷനേരത്തേക്ക് ചിമ്മിയടച്ചു നിത്യയെ മുറിയിലേക്ക് പറഞ്ഞു വിട്ടു... രണ്ടു പേരുടെയും അലർച്ച കേൾക്കും മുൻപേ ഓടി അടുക്കളയിലെത്തി...

അമ്മയുടെ വകയും കിട്ടി കണ്ടയുടനെ വിഷ്. ""ഒരാളിതിന്റെ ഇടയ്ക്ക് ഒരു നാല് വട്ടമെങ്കിലും വിളിച്ചു വച്ചു കാണും മോളെഴുന്നേറ്റോന്ന് ചോദിച്ചിട്ട്... വന്നയുടനെ വിളിക്കാൻ പറഞ്ഞിരിക്കുവാ... അല്ലെങ്കിലേ പകുതി പിണക്കം ഉണ്ടായിരുന്നു... കഴിഞ്ഞ പിറന്നാളിനും വരാനോ വിഷ് ചെയ്യാനോ പറ്റിയില്ലല്ലോ.... അന്ന് മോള്‌ വന്നപ്പോഴും വിളിക്കണം എന്ന് ചട്ടം കെട്ടിയതാ... പക്ഷേ നെറ്റ് ചതിച്ചു.... ഇത്തവണ കൈയോടെ വാങ്ങിച്ചോ..."" അമ്മ വേഗം അച്ഛനെ വീഡിയോകാൾ വിളിക്കുന്നതും നോക്കി നിന്നു.. ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു.... അച്ഛനോട് ഇതുവരെ ഒറ്റയ്ക്ക് സംസാരിച്ചിട്ടില്ല.... മഹിയേട്ടനുമായുള്ള കല്യാണം കഴിഞ്ഞിട്ട് ആകെ പത്ത് ദിവസത്തെ ലീവേ ഉള്ളായിരുന്നു അച്ഛന്...

വിരുന്നിനു പോക്കും കാര്യങ്ങളും ഒക്കെ കാരണം അധികം സംസാരിച്ചിട്ടില്ല നേരിട്ട്... ഫോണിൽ വിളിക്കുമ്പോളാണെങ്കിലും മഹിയേട്ടനോ നിത്യയോ കാണും അടുത്ത്.... അവരോട് പറയുന്ന കൂട്ടത്തിലാകും ചോദ്യങ്ങളൊക്കെ.... ""ഹാപ്പി ബര്ത്ഡേ അനുക്കുട്ടീ.... ""അച്ഛന്റെ ശബ്ദം കേട്ടപ്പോഴാണ് ചിന്തകൾക്ക് കടിഞ്ഞാണിട്ടത്.... ആ ഒരൊറ്റ വിളിയിൽ അതുവരെ തോന്നിയ പരിഭ്രമങ്ങളൊക്കെ അലിഞ്ഞില്ലാതായിരുന്നു. ഫോൺ കൈയിൽ തന്നിട്ട് അമ്മ മഹിയേട്ടന്റെയും നിത്യയുടെയും ബഹളം നോക്കാൻ പോയി... ആദ്യമാദ്യം ചോദ്യങ്ങൾക്ക് മറുപടി മാത്രമായി ഒതുങ്ങിയ സംഭാഷണങ്ങൾ പതിയെ പതിയെ വിശേഷങ്ങളിലേക്കെത്തി... അമ്മയെപ്പോഴും പറയാറുള്ള അതേ പ്രകൃതം തന്നെയാണ് അച്ഛന്....

മഹിയേട്ടന്റെ അതേ രീതി.... ഫോൺ വയ്ക്കുമ്പോഴേക്ക് ഇനിയെന്നും വിശേങ്ങൾ പങ്കുവയ്ക്കാനുള്ള കൂട്ടത്തിലേക്ക് പ്രിയപ്പെട്ട ഒരു മുഖം കൂടി ചേർത്ത് വച്ചിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഞങ്ങൾ അമ്പലത്തിൽ നിന്ന് നേരെ നന്ദുവിന്റെ വീട്ടിൽ പോയിട്ടേ വരൂ... കേട്ടോ അമ്മേ.... അവിടുന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു ഞായറാഴ്ച അല്ലേ ഇന്നങ്ങോട്ട് ചെല്ലണമെന്ന്..."" അമ്പലത്തിലേക്ക് ഒരുങ്ങിയിറങ്ങുമ്പോൾ മഹി വിദ്യയോട് വിളിച്ചു പറഞ്ഞു.. ബൈക്കിലാണ് പോയത്.... രാവിലെ കുളിച്ചതിന്റെ പുറമേ തണുത്ത കാറ്റ് കൂടി വീശിയടിച്ചതും വിറച്ചുകൊണ്ട് അവനോട് കൂടുതൽ ചേർന്നിരുന്നു...

ശ്രീകോവിലിന്റെ മുൻപിൽ കണ്ണുകളടച്ചു നിൽക്കുമ്പോൾ ആദ്യമായി മനസ്സിൽ സന്തോഷം മാത്രം നിറഞ്ഞു നിന്നു... പരാതികളോ പരിഭവങ്ങളോ ബാക്കിയില്ല.... പ്രാർത്ഥന മാത്രം.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മുറ്റത്തേക്ക് ബൈക്ക് കയറ്റി നിർത്തിയപ്പോഴേ അമ്മയും പ്രിയയും മുറ്റത്തു ഉണ്ടായിരുന്നു... അമ്മ ആദ്യമേ കെട്ടിപിടിച്ചുമ്മ തന്നു.... കൂടെ ഏറ്റവും പ്രിയപ്പെട്ട പായസവും... നന്ദുവിന് എല്ലാം കൗതുകമായിരുന്നു... എല്ലാം അവളുടെ ഇഷ്ടങ്ങൾ നോക്കി അമ്മ ചെയ്യുന്നത് അതിശയത്തോടെ നോക്കി നിന്നു... ""അച്ചു എവിടെ....."" അവളുടെ മുറിയുടെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി ചോദിച്ചു... ""കുറച്ചു മുൻപാ കുളിച്ചിട്ട് പോയത്. ഉറക്കം പിടിച്ചിട്ടുണ്ടോ എന്തോ...,"

""എന്താമ്മേ ഇന്ന് പറയാനുണ്ടെന്ന് പറഞ്ഞത്...."" മഹി ചോദിച്ചപ്പോൾ നന്ദുവും അതേ സംശയത്തോടെ നോക്കി... ആശ ശ്വാസമൊന്നെടുത്തു ധൈര്യം സംഭരിച്ചു... രമേശിന്റെ വീട്ടിൽ ആലോചിച്ചതും അവരുടെ മറുപടിയും പശുവിനെ നോക്കാൻ ഏൽപ്പിച്ചതുമൊക്കെ പറഞ്ഞു തീർത്തു അവരൊരു നെടുവീർപ്പോടെ കസേരയിലേക്ക് ഇരുന്നു... അമ്പരന്നിരിക്കുകയായിരുന്നു നന്ദുവും മഹിയും... ""പക്ഷേ അമ്മേ..."" നന്ദു പറയാൻ തുടങ്ങിയതും ആശ കൈ ഉയർത്തി തടഞ്ഞു... ""ചിട്ടി കിട്ടിയ പൈസ ഇരിപ്പുണ്ട്... അതിന് ഫാമിലെ രണ്ടു പശുക്കളെ കച്ചവടം ഉറപ്പിച്ചു.... നിന്റെ കൈയിൽ നിന്ന് വാങ്ങിയതാണെന്നാ പറഞ്ഞിരിക്കുന്നത്... എങ്കിലേ അവളത് തിരിച്ചു തരൂ....

പഠിപ്പിക്കാൻ അടച്ച ഫീസും ഈ പൈസയും തന്നു തീർക്കുന്നത് വരെ ഈ ജോലി ചെയ്യട്ടെ.... നേരത്തെ ചെയ്യിപ്പിക്കണമായിരുന്നു..... എങ്കിൽ ഇത്രയും അഹങ്കരിച്ചു വളരില്ലായിരുന്നു... അന്നതിനു കഴിഞ്ഞില്ല...""" അമ്മയുടെ സ്വരം മാറി വിഷമം നിറഞ്ഞതും നന്ദു വേഗം അമ്മയുടെ അടുത്തിരുന്നു... ""എനിക്കെന്തിനാമ്മേ ആ പൈസ.... അത് അമ്മേടെയോ പ്രിയേടെയോ പേരിൽ തന്നെ ഇട്ടേരെ.... എനിക്കത് വേണ്ട... ഇവിടുത്തേക്ക് ചിലവാക്കിയ ഒരു രൂപ പോലും കണക്ക് പറഞ്ഞു തിരിച്ചു ചോദിച്ചിട്ടില്ല... ഇനി ചോദിക്കുകയുമില്ല... തന്നാലും വാങ്ങില്ല...."' നന്ദു ഉറപ്പോടെ അമ്മേടെ കൈയിൽ മുറുക്കെപ്പിടിച്ചു പറഞ്ഞതും പ്രിയ നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ചു മുറിയിലേക്ക് നടന്നു...

ഇല്ലാത്ത ആവശ്യങ്ങൾ പറഞ്ഞും.... പൈസ കൂട്ടിപ്പറഞ്ഞും പലപ്പോഴായി നന്ദുവിനെ പറ്റിച്ചത് ഓർത്തു... കുറ്റബോധത്താൽ ഉടലാകെ നീറുന്നു.. നന്ദുവും മഹിയും ഊണ് കഴിച്ചിട്ടാണ് ഇറങ്ങിയത്.... അതിനിടയിൽ അച്ചു മുറിക്ക് പുറത്തേക്ക് വന്നെങ്കിലും രണ്ടാളെയും ഒന്ന് നോക്കിയതല്ലാതെ ഒരു പുഞ്ചിരി പോലും ഉണ്ടായിരുന്നില്ല മുഖത്ത്... ഒന്നും സംസാരിക്കാതെ വിളമ്പി കഴിച്ചു ആരെയും നോക്കാതെ കയറി പോകുന്നവളെ തന്നെ നോക്കി നിന്നു നന്ദു... ഒരു കല്ലെടുത്തു വച്ചത് പോലെ നെഞ്ചിൽ ഭാരം തോന്നുന്നു.. അവളുടെ മാനസികാവസ്ഥ മനസ്സിലായെന്നത് പോലെ മഹി ഇറങ്ങാൻ തിടുക്കം കൂട്ടി... തിരികെയുള്ള യാത്രയിലും നന്ദു മൂകയായിരുന്നു....

ഒന്നും മിണ്ടാതെ ചുമലിലേക്ക് ചാഞ്ഞു കിടക്കുന്നവളെ കണ്ടപ്പോൾ മഹി വണ്ടി റോഡരികിലേക്ക് നിർത്തി... ""നന്ദൂ..."" അവനിത്തിരി ശാസന കലർത്തി വിളിച്ചു.. ""ഇങ്ങനെ വെറുതെ വെറുതെ ചെറിയ കാര്യങ്ങൾക്ക് വിഷമിച്ചിരിക്കാനാണോ നല്ലൊരു ദിവസമായിട്ട്..."". ഇത്തിരി ഗൗരവത്തിൽ പറഞ്ഞതും ചുണ്ട് കൂർപ്പിച്ചു അവൾ നേരെ ഇരുന്നു... ""എല്ലാവരെയും മാറ്റാൻ പറ്റുമോ നമുക്ക്... മാറേണ്ടവർ മാറും അത്രയേ ഉള്ളൂ... ആരുടേയും മാറ്റം നമ്മളെ ബാധിക്കുന്നതല്ല... തിരിച്ചറിവ് സ്വയം തോന്നേണ്ടതാണ്.... കേട്ടല്ലോ...."" മനസ്സിലായെന്നത് പോലെ മൂളുമ്പോൾ അതുവരെ തോന്നിയ വിഷമം പതിയെ അകന്ന് പോകുന്നതറിഞ്ഞിരുന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""എനിക്ക് ഈ നീല സാരി മതി....""ലച്ചു കടും നീല നിറത്തിൽ സ്വർണ്ണ നൂലുകൾ കോർത്തെടുത്ത സാരി കൈയ്യിലേക്ക് ഒതുക്കിപ്പിടിച്ചു... ""വേണ്ട.... ഇത് മതി..... ""ദ്രുവിക് ഇളം ചുവപ്പ് നിറത്തിലുള്ള സാരി അവൾക്ക് നേരെ നീട്ടി..... ""ഞാനാ ഉടുക്കുന്നത് എനിക്കിത് മതി...."" ലച്ചു അവനെ കൂർപ്പിച്ചു നോക്കി... ""എന്റെ കൂടെയല്ലേ നിൽക്കുന്നത്... ഇത് മതി....."" അവനും വിട്ട് കൊടുത്തില്ല..... അന്യോന്യം രണ്ടാളും തർക്കിക്കുന്നത് കണ്ട് നോക്കി നിൽക്കുകയായിരുന്നു രണ്ടു വീട്ടുകാരും.... ""കിച്ചൂ...."" ""ലച്ചൂ....."" വിളിയെത്തിയതും കൂർപ്പിച്ചു നോക്കി പിന്നെ മിണ്ടാതെ ഇരുന്നു. ""നിനക്കെന്താ കിച്ചൂ.... നീയല്ലല്ലോ സാരി ഉടുക്കുന്നത്... മോൾടെ ഇഷ്ടത്തിന് എടുക്കട്ടെ.... നീ നിന്റെ ഡ്രസ്സ്‌ ന്റെ കാര്യം നോക്ക്....""

അമ്മ കടുപ്പിച്ചു പറഞ്ഞതും അവൻ ലച്ചുവിനെ കൂർപ്പിച്ചു നോക്കി.... ചുണ്ട് കോട്ടി പുച്ഛം കാണിച്ചു ചിരിച്ചോണ്ട് ഇരിക്കുന്നുണ്ട്.... ""എനിക്കീ നീല ഇഷ്ടമല്ലമ്മ..... ചുവപ്പ് വേണ്ടെങ്കിൽ ദാ ഈ പിങ്ക് എടുക്കാൻ പറ..... ഇതും നല്ല ഭംഗിയില്ലേ...."""ചെറിയ കുട്ടികൾ പറയുന്നത് പോലെ അവസാനമായിട്ട് ഒന്നുകൂടി പറഞ്ഞു നോക്കി... ""നിന്നോട് ഉടുക്കാൻ പറഞ്ഞില്ലല്ലോ.... ഒരു ദിവസത്തെ കാര്യമല്ലേ.... നീലയല്ലെന്ന് വിചാരിച്ചു നിന്നാൽ മതി..."" അവസാന വാക്കെന്നത് പോലെ അമ്മ പറഞ്ഞതും കൈയിൽ ഇരുന്ന സാരി അവിടെ തന്നെ വച്ചു മുഖം വീർപ്പിച്ചു എഴുന്നേറ്റു പോയി... അവൻ പോയതും ലച്ചു പൊട്ടിചിരിച്ചുകൊണ്ട് കൈയിലിരുന്ന നീല സാരി തിരികെ വച്ചു.....

അവനെടുത്തു വച്ചിരുന്ന പിങ്ക് എടുത്ത് അമ്മയെ നോക്കി കണ്ണിറുക്കി... ""അമ്പടി കള്ളി.... നീയെന്റെ ചെക്കനെ പറ്റിച്ചതാല്ലേ....."" ""പറയല്ലേ അമ്മ പ്ലീസ്.... നമുക്ക് കല്യാണത്തിന്റെ അന്ന് ഞെട്ടിക്കാം...."" കൊഞ്ചിക്കൊണ്ട് പറഞ്ഞതും അവർ സമ്മത ഭാവത്തിൽ ചിരിച്ചു.... ലച്ചു അമ്മയെ നോക്കിയപ്പോൾ അവിടെ ഗൗരവമാണ്...."" ഓഹ്.... കിച്ചുമോൻ ഇപ്പോ സ്വന്തമല്ലേ..... മോനെ പിണക്കിയതിന് വീട്ടിൽ ചെല്ലുമ്പോൾ കേൾക്കാം..."" അവൾക്ക് ചിരി വന്നു.... ബാക്കി ഡ്രസ്സ്‌ ഒക്കെ വേഗത്തിൽ എടുത്തു ഇറങ്ങുമ്പോഴും ദ്രുവിക്കിന്റെ മുഖം വീർത്തു തന്നെ ഇരുന്നു.... ഇടയ്ക്കിടെ ലച്ചുവിലേക്ക് നോട്ടം വീഴുമ്പോൾ അവൾ മുഴുവൻ പല്ലും കാട്ടി ചിരിച്ചു കാണിക്കും... അത് കാണുമ്പോൾ മുഖം ഒന്നുകൂടി വീർക്കും....

അടുത്തതായി നേരെ താലിയെടുക്കാനാണ് പോയത്... ആലില രീതിയിലുള്ള ചെറിയ താലി ലച്ചു എടുത്തപ്പോൾ പേര് എഴുതുന്ന വലിയ താലി അവനെടുത്തു... ""എനിക്ക് ചെറിയ താലി മതി.... വലിയ താലി കോർത്തിടാൻ വലിയ മാല വേണം... എനിക്കിഷ്ടമല്ല കഴുത്തിൽ അത്രയും വലിയ മാല...."" അവനെ നോക്കി പിരികം ചുളിച്ചുകൊണ്ട് പറഞ്ഞു.... ""വെരി സോറി..... എനിക്ക് എന്റെ ഭാര്യ എന്റെ പേരെഴുതിയ താലി തന്നെയിടണമെന്ന് നിർബന്ധം ഉണ്ട്... എന്തേ...."" ""ഞാനല്ലേ ഇടുന്നത്... അപ്പോൾ എന്റെ ഇഷ്ടമല്ലേ...."" അവസാന അടവെന്നത് പോലെ പറഞ്ഞു... ""പക്ഷേ ഞാനല്ലേ കെട്ടുന്നത്.... അപ്പോൾ എന്റെ ഇഷ്ടം പോലെ കെട്ടും....""

അമ്മമാരെ നോക്കിയപ്പോൾ രണ്ടും ഈ പരിസരത്ത് പോലും വരാതെ ദൂരെ മാറി നിന്ന് എന്തൊക്കെയോ നോക്കുന്നു... അവന്റെ കൈയിൽ അമർത്തി പിച്ചി മുഖവും വീർപ്പിച്ചു എഴുന്നേറ്റു അമ്മമാരുടെ അടുത്തേക്ക് നടന്നു.... ""ആഹ്..... യക്ഷി...."" ദ്രുവിക് അവള് പോയ വഴിയേ നോക്കി കൈ തിരുമ്മി... നഖത്തിന്റെ പാട് തെളിഞ്ഞു കാണാം... പിന്നെ അവൾ സെലക്ട്‌ ചെയ്ത ആലിലത്താലി കൊടുത്തു അതിൽ കിച്ചു എന്ന് തീരെ ചെറുതായ് എഴുതാൻ ഏൽപ്പിച്ചു.... പെണ്ണിനെ തിരിഞ്ഞു നോക്കുമ്പോഴൊക്കെ അവൾ പിണക്കത്തോടെ നോട്ടം മാറ്റിക്കൊണ്ടേയിരുന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story