അനന്തിക: ഭാഗം 53

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

വൈകുന്നേരം വിളിച്ചതാണ്.... ഏതോ അക്രമികളെ അറസ്റ്റ് ചെയ്യാൻ പോകുന്ന വിവരം പറഞ്ഞിരുന്നു..... അതിന് ശേഷം വിളിക്കുമ്പോളൊക്കെ സ്വിച്ചഡ് ഓഫ് എന്ന മറുപടിയും.... പന്ത്രണ്ടും കഴിഞ്ഞു സമയം ഒന്നിലേക്ക് എത്തിയതും സ്റ്റേഷനിലേക്ക് വിളിച്ചു ചോദിക്കാൻ തന്നെ തീരുമാനിച്ചു... നമ്പർ ഡയൽ ചെയ്യുന്നതിന്റെ ഇടയിലാണ് കാളിംഗ് ബെൽ മുഴങ്ങിയത്... ഓടി ചെന്ന് വാതിൽ തുറക്കുമ്പോൾ മുന്നിൽ കണ്ട കാഴ്ചയിൽ മുഖത്തെ രക്തം വറ്റി വിളറി വെളുത്തിരുന്നു.... സന്തോഷേട്ടനാണ്.... കിച്ചുവേട്ടന്റെ കൂടെ നിഴല് പോലെ കാണാം മിക്കപ്പോഴും. പുറത്തു നല്ല മഴ പെയ്യുന്നതിനാൽ പകുതി നനഞ്ഞാണ് നിൽപ്പ്... ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരിഭ്രമം ഒളിപ്പിക്കാൻ ശ്രമിക്കുന്ന മിഴികൾ.

പക്ഷേ അവയെക്കാൾ ഒക്കെ ഉപരിയായി അവിടവിടെയായി ചെറിയ തോതിൽ രക്തം പടർന്ന യൂണിഫോമിലേക്കാണ് കണ്ണ് ചെന്നത്. കഴുകി കളഞ്ഞിട്ടും കറ അവശേഷിച്ചിരുന്നു. ""എന്താ സന്തോഷേട്ടാ.... കിച്ചുവേട്ടൻ എവിടെ...."" പതർച്ച മറച്ചു വച്ചു സ്വയം സമാധാനപ്പെടുത്തിയാണ് ചോദിച്ചത്. ഒന്നും ഉണ്ടാകില്ല.... ""അത്..... വൈകുന്നേരം അറസ്റ്റിനു പോയപ്പോൾ അവിടെ ചെറുതായിട്ട് ഒരു ലഹള..... എല്ലാം കള്ളും കഞ്ചാവും വലിച്ചു ബോധമില്ലാത്ത അവസ്ഥയിൽ ആയിരുന്നു..... സാറിന് ചെറിയൊരു പരിക്ക്.....

ഇന്ന് രാത്രി ഒബ്സെർവേഷനിൽ കിടക്കാൻ പറഞ്ഞു.... സാറിന്റെ ഫോൺ മഴ വെള്ളം വീണ് ഓഫായിപ്പോയി.... അതാ നേരിട്ട് വന്നു പറഞ്ഞത്....."" ഹൃദയം മിടിക്കുന്നുണ്ടോ എന്ന് പോലും സംശയം തോന്നിപ്പോയി..... പരിക്ക് പറ്റി.... ഇന്ന് രാത്രി ആശുപത്രിയിൽ കിടക്കണം... ഈ വാക്കുകൾ മാത്രം ആവർത്തിച്ചു ചിന്തകളിലൂടെ കടന്നു പോയി... അറിയാതെ താലിയിലേക്ക് വിരൽ കൊരുത്തു... അമ്മ.... അമ്മയോടെന്ത് പറയും..... ""മോളെ.... ""സന്തോഷേട്ടൻ വീണ്ടും വിളിച്ചപ്പോഴാണ് ഞെട്ടി നോക്കുന്നത്...

""ഒ..... ഒരു മിനിറ്റ് സന്തോഷേട്ടാ.... ഞാൻ..... ഞാനും അമ്മേം ഇപ്പൊ റെഡിയായി ഇറങ്ങാം.... ചേട്ടൻ അകത്തോട്ടു ഇരിക്ക്...."" ""വേണ്ട മോളെ. ഷൂസും സോക്സും എല്ലാം നനഞ്ഞിരിക്കുവാ.... നിങ്ങള് വേഗം വാ... ഞാനിവിടെ വെയിറ്റ് ചെയ്യാം..."" ശിരസ്സ് മെല്ലെ സമ്മതം പോലെ ചലിപ്പിച്ചു അകത്തേക്ക് നടന്നു. അമ്മ ഹാളിലെ സോഫയിൽ ചാരി കണ്ണടച്ച് ഇരിക്കുന്നുണ്ട്. കൈയ്യൊന്ന് തിരുമ്മി മുഖം തുടച്ചു ശ്വാസം നീട്ടിയെടുത്തു. മുഖത്തൊരു ചിരി വരുത്തി അമ്മയുടെ അടുത്തേക്ക് ചെന്നു. ""അമ്മേ..."".

തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്... അവൻ വന്നോ.... പെട്ടെന്ന് ചുറ്റും നോക്കി ചോദിച്ചു. ""ഇല്ലമ്മേ. ഇപ്പൊ വിളിച്ചിരുന്നു...."" അങ്ങനെ പറയാനാണ് തോന്നിയത്. അമ്മ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. ""ഇന്നേതോ അടിപിടിയുടെ ഇടയിൽ പോയതാ....കാലിന് ചെറിയ പൊട്ടലുണ്ടെന്ന്..... രാവിലെ ഡിസ്ചാർജ് കിട്ടും.... നമ്മള് ചെല്ലുന്നുണ്ടെങ്കിൽ ചെല്ലാൻ പറഞ്ഞു....""" ""പൊട്ടലോ...."" അമ്മ പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ചു എഴുന്നേറ്റു.... ""ചെക്കനോട് സൂക്ഷിക്കണേ എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല..... വരട്ടെ ഇങ്ങോട്ട്...""". അവർ വെപ്രാളത്തോടെ സാരി ശെരിയാക്കി വേഗം എഴുന്നേറ്റു...

ഹോസ്പിറ്റൽ കോറിഡോറിലൂടെ അകത്തേക്ക് നടക്കുമ്പോൾ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു അവളുടെ. എങ്കിലും പരമാവധി പുറത്തു കാട്ടാതെ മറച്ചു പിടിച്ചു... ""എവിടെയാ സന്തോഷേട്ടാ..."" ""റൂമിലേക്ക് മാറ്റിയെന്ന പറഞ്ഞത്.... വാ..."" പിന്നാലെ നടന്നു. കോറിഡോറിന്റെ ഏറ്റവും ആറ്റത്തായുള്ള മുറിയിലേക്കാണ് ചെന്നത്... വാതിലിൽ ഒന്ന് മുട്ടി സന്തോഷേട്ടൻ തന്നെയാണ് ഡോർ തുറന്നത്. കട്ടിലിൽ ചാരി കിടന്ന് ഉറങ്ങുന്നുണ്ട്. ""ഞാനെന്ന ചെല്ലട്ടെ. എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. അൽത്താഫ് ഉണ്ടാകും പുറത്ത്."" നന്ദി പറഞ്ഞു മുറിയിലേക്ക് കയറിയപ്പോഴേക്കും ശബ്ദം കേട്ട് ദ്രുവിക് ഉണർന്നിരുന്നു.

അമ്മ അപ്പോഴേക്ക് അടുത്ത് ചെന്ന് കാല് രണ്ടും നോക്കുന്നുണ്ട്. ""കാലൊടിഞ്ഞുന്ന് പറഞ്ഞിട്ട്.... എന്താ കിച്ചു.... എന്താ...."" ""എന്റമ്മേ ഒന്ന് സമാധാനപ്പെട്..... അങ്ങനെ കാര്യായിട്ട് ഒന്നുമില്ല... വയറ്റിൽ ചില്ലൊന്ന് കൊണ്ടതാ.... രാത്രി ഇത്രേം വൈകിയതുകൊണ്ട് പോകണ്ട എന്ന് പറഞ്ഞു... രാവിലെ തന്നെ ഡിസ്ചാർജ് കിട്ടും....""" നിസ്സാരം പോലെ അവൻ പറഞ്ഞതും അമ്മ ദേഷ്യത്തിൽ നോക്കി. "" എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട നീ.... എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലോ... തീ തിന്ന് ജീവിക്കുന്ന ബാക്കിയുള്ളവരെ പറഞ്ഞാൽ മതി...."" അവൻ സമാധാനിപ്പിക്കാനെന്നവണ്ണം പിടിച്ച കൈ എടുത്തു മാറ്റി പിറുപിറുത്തുകൊണ്ടു വേറെയുണ്ടായിരുന്ന ബെഡിൽ പോയിരുന്നു....

അമ്മയെ നോക്കി തിരിഞ്ഞിട്ടാണ് ലച്ചു ഇപ്പോഴും വാതിലിന്റെ അടുത്ത് തന്നെ നിൽക്കുന്നത് കണ്ടത്. കണ്ണ് ചിമ്മി അടുത്തേക്ക് വരാനായി മാടി വിളിച്ചതും അവൾ പതിയെ കുറച്ചു മുൻപ് അമ്മയിരുന്ന കസേരയിലേക്ക് വന്നിരുന്നു. ഒരക്ഷരം പറയാതെ മുഖത്തേക്ക് ഉറ്റുനോക്കി... ഷർട്ട്‌ ഇടാതെയായിരുന്നു കിടന്നത്. നെഞ്ചിനെ മറച്ചു കിടന്ന പുതപ്പ് താഴേക്ക് നീക്കി.... വയറിന്റെ ഇടത് വശത്തായി ചുറ്റിക്കെട്ടിവച്ച മുറിവിലേക്ക് നോട്ടം വീണു.... അറിയാത്ത രീതിയിൽ മെല്ലെയൊന്ന് തലോടി... കുറച്ചധികം നേരം അങ്ങനെ തന്നെയിരുന്നു..... മുറിവിലേക്ക് മാത്രം നോക്കിക്കൊണ്ട് അവളും.... ആ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവനും... ""എന്താ പറ്റിയെ..."".

അമ്മ മയക്കം പിടിച്ചെന്ന് ഉറപ്പായപ്പോൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.... കള്ളചിരിയും ചിരിച്ചു ഇരിക്കുന്നുണ്ട്... ""ഒന്നുമില്ലെന്റെ ലച്ചു..... പിടിവലിടേ ഇടയ്ക്ക് ഒരുത്തൻ പൊട്ടിയ ബിയർ ബോട്ടിൽ എടുത്തു വീശിയത... ഒഴിഞ്ഞു മാറിയതുകൊണ്ട് ചെറിയ മുറിവേ ഉള്ളൂ...."" അവളുടെ വിരലിലേക്ക് വിരൽ കോർത്തു സമാധാനിപ്പിക്കും പോലെ പതിയെ പറഞ്ഞു... ""കണ്ണൊക്കെ നിറഞ്ഞല്ലോ...."" കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞതും മുഖം കൂർപ്പിച്ചു നോക്കി.... """ഹാ.... ഇങ്ങനെ കണ്ണ് നിറയ്ക്കാൻ ഒന്നും പറ്റിയില്ലല്ലോ.... തന്നെയുമല്ല രണ്ടാഴ്ച ലീവും കിട്ടി..... കല്യാണം കഴിഞ്ഞു ലീവ് കിട്ടിയില്ലെന്നുള്ള സങ്കടമൊക്കെ നമുക്ക് തീർക്കണ്ടേ...."""

പകച്ചു നോക്കുന്ന ലച്ചുവിനെ കണ്ടതും കണ്ണിറുക്കി അവൾക്ക് വേണ്ടി ഇത്തിരി നീങ്ങി കിടന്നു... ""ഉറങ്ങിക്കോ... നേരം വെളുക്കാൻ ഇനിയുമുണ്ട് മൂന്നാല് മണിക്കൂർ.... അതുവരെ ഇവിടെയിരിക്കണ്ട...."" എതിർപ്പ് കാട്ടാതെ ഒരരികിലായി കിടന്നു.... അവന് മുറിവ് പറ്റിയതിന്റെ എതിർ വശത്തായിട്ടാണ് കിടന്നത്.... മുറിവിന്റെ അടുത്തേക്ക് കൈ തട്ടാതെ ചുറ്റിപ്പിടിച്ചു ആ തോളിലേക്ക് മുഖം ചായ്ച്ചു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നന്ദുവിന്റെ സന്തോഷം നോക്കി കാണുകയായിരുന്നു മഹി. അമ്മമ്മ ഉണ്ടായിരുന്ന മൂന്ന് ദിവസവും അമ്മമ്മയുടെ അടുത്ത് നിന്ന് മാറിയിട്ടേയില്ല.... എണ്ണിയാൽ ഒടുങ്ങാത്ത വിശേഷങ്ങൾ പറഞ്ഞും ചോദിച്ചും സന്തോഷം മാത്രം നിറഞ്ഞു നിന്ന ദിവസങ്ങൾ...

അമ്മമ്മ പോകുന്ന ദിവസം എത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ രാവിലെ മുതൽ മൂടിക്കെട്ടി നിൽക്കുന്നുണ്ട് ""എന്റെ നന്ദു നമുക്ക് ഇടയ്ക്ക് പോയി നിൽക്കാമെന്ന് പറഞ്ഞില്ലേ..... വിഷമത്തോടെ യാത്രയാക്കാതെ.... അമ്മമ്മയ്ക്കും വിഷമം വരില്ലേ.... ഹ്മ്മ്..."" ""എന്നാലും...."" ""ഒരെന്നാലും ഇല്ല..... എന്റെ നന്ദു നല്ല മിടുക്കിയായിട്ട് വന്നു യാത്ര പറഞ്ഞെ...."" മഹി പറഞ്ഞതും അവനെ ചുറ്റിപ്പിടിച്ചു കണ്ണടച്ച് നിന്നു മനസ്സിന് ധൈര്യം കൊടുക്കും പോലെ.... സ്റ്റേഷൻ വരെയും കൂട്ട് പോയിരുന്നു. ട്രെയിനിൽ കയറി സീറ്റിൽ ഇരുത്തിയിട്ടാണ് യാത്ര പറഞ്ഞത്. ""അടുത്ത തവണ കാണുമ്പോൾ ഇതിലും മിടുക്കിയാകണം കേട്ടോ. അടുത്ത മാസം കഴിഞ്ഞാൽ വേലയുണ്ട്. രണ്ടാളും കൂടി പോരേ....

ഇതുവരെ കണ്ടിട്ടില്ലല്ലോ....""" സമ്മതം പറഞ്ഞു വീണ്ടും കെട്ടിപ്പിടിച്ചു നിന്നു.... ട്രെയിൻ പുറപ്പെടാൻ നേരമായപ്പോഴാണ് പുറത്തേക്ക് ഇറങ്ങിയത്. അമ്മമ്മ കൈ വീശി കാണിക്കുന്നുണ്ട്.... ഇവിടെയൊരാളും... പിന്നൊന്നും ആലോചിക്കാൻ നിൽക്കാതെ ചിരിയോടെ കൈ വീശി.... ഒരു പൊട്ട് പോലെ ട്രെയിൻ അകലുന്നത് നോക്കി നിന്നു....അവനോട് തന്നെ ചേർന്നു നിന്നുകൊണ്ട്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വെയിൽ മുഖത്തേക്ക് വീണപ്പോഴാണ് നന്ദു കണ്ണ് തുറക്കുന്നത്... ഇന്നലെ കർട്ടൻ വിരിച്ചിടാൻ മറന്നത് കാരണം ഏഴു മണി ആയപ്പോളേ വെയിൽ മുറിയിലേക്കടിക്കുന്നു.... കിടന്ന കിടപ്പിൽ തന്നെ ഒന്ന് മൂരിനിവർന്ന് എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് വയറ്റിലെ ഭാരം അറിഞ്ഞത്...

ഒരു കൈ വയറ്റിൽ ചുറ്റിപ്പിടിച്ചു അടുത്ത് കിടക്കുന്ന ആള് നല്ല ഉറക്കം.... കൈ എടുത്തു മാറ്റാൻ നോക്കിയതും ഒന്നുകൂടി ദേഹത്തേക്ക് വലിച്ചിട്ടു മുറുക്കെ ചുറ്റിപ്പിടിച്ചു... ""കുറച്ചു നേരം കൂടി നന്ദു...."". നല്ല ഉറക്കത്തിലായതിനാൽ പാതി കുഴഞ്ഞ ശബ്ദത്തിലാണ് പറയുന്നത്.... എതിർപ്പ് പറയാതെ കുറച്ചു നേരം കൂടി അങ്ങനെ തന്നെ കിടന്നു.... അവനെ തന്നെ നോക്കിക്കൊണ്ട്.... ആ മുടിയിഴകളിൽ കൂടി പതിയെ വിരലോടിച്ചു.... ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിരിക്കുന്നു..... കഴിഞ്ഞു പോയതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു.... ആദ്യം വേദനകളും പിന്നെ സന്തോഷങ്ങളും മാത്രം നിറഞ്ഞ സ്വപ്നം.... കുത്തി നോവിച്ചിരുന്ന ഓർമ്മകൾ ഇന്നൊരു ചെറിയ നീറ്റൽ പോലും സമ്മാനിക്കുന്നില്ല...

അവന്റെ മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ പലതായിരുന്നു.... അവനായി സങ്കല്പിച്ചു കൂട്ടിയ രൂപങ്ങളും ..... അമ്മമ്മ പറഞ്ഞു തന്ന സിൻഡ്രല്ല കഥകളിലെ രാജകുമാരന്റെ മുഖം..... പ്രണയമെന്ന ഇന്ദ്രജാലം കൊണ്ട് ഒരു വിരൽ ഞൊടിക്കും പോലെ അത്ഭുതങ്ങൾ കാട്ടി തന്ന മായാജാലക്കാരൻ.... മഹി വീണ്ടും നല്ല ഉറക്കത്തിലേക്ക് പോകുന്നത് നോക്കി കിടന്നു.... പിന്നെ പതിയെ എഴുന്നേറ്റു..... ഇന്നിനി ഓഫീസിൽ പോകേണ്ട.... ഈ മാസത്തെ പ്രൊജക്റ്റ്‌ ന്റെ റിപ്പോർട്ട്‌ കാണിക്കാൻ മഹിക്ക് മാത്രം ഉച്ച കഴിഞ്ഞു പോയാൽ മതി.... പിന്നെയും കുറേയേറെ നേരം കഴിഞ്ഞാണ് മഹി കണ്ണ് തുറക്കുന്നത്.... അതിന് മുൻപായി വെറുതെ കൈകൾ കൊണ്ട് കട്ടിലിൽ ഒന്ന് പരതി....

നന്ദു ഇല്ലെന്ന് മനസ്സിലായതും നെറ്റി ചുളിച്ചുകൊണ്ട് എഴുന്നേറ്റിരുന്നു.... ഫ്രഷ് ആയി പുറത്തേക്ക് വന്നതും അടുക്കളയിൽ ബഹളം കേൾക്കുന്നുണ്ട്. നന്ദുവും നിത്യയും കൂടിയാകും... ഇപ്പോൾ എല്ലാ അവധി ദിവസങ്ങളിലും രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റ് രണ്ടാളും കൂടിയാണ്.... എന്തൊക്കെയോ കലപില പറഞ്ഞു ചിരിക്കുന്നുണ്ട്.... നന്ദു ചപ്പാത്തി പരത്തുന്നു.... അടുത്തയാൾ അത് കല്ലിൽ ചുട്ടെടുക്കുന്നു.... തിളപ്പിച്ച്‌ വച്ചിരുന്ന ചായ കപ്പിലേക്ക് പകർത്തി ഹാളിലേക്ക് നടന്നു... അവിടെ നിന്നിട്ടും പ്രത്യേകിച്ച് കാര്യം ഒന്നുമില്ല....

രണ്ടാളും കൂടി സംസാരം തുടങ്ങിയാൽ ചുറ്റുമുള്ളതൊക്കെ മറന്ന മട്ടാ.... അമ്മ പത്രം വായിക്കുന്നതിന്റെ അടുത്ത് ചെന്നിരുന്നു വായിച്ചു തുടങ്ങി.... അതൊക്കെ കഴിഞ്ഞപ്പോളേക്കും കഴിക്കാൻ വിളമ്പിയിരുന്നു. രണ്ടാളും രണ്ടു വശത്തായി വന്നിരുന്നു. ഈ പതിവിന് മാത്രം മാറ്റമില്ല.... ഒരു വാ എങ്കിലും കൊടുത്തില്ലെങ്കിൽ ബഹളവും വയ്ക്കും.... ചിലപ്പോഴൊക്കെ അമ്മയുടെ വക ആയിരിക്കും മൂന്നാൾക്കും തരുന്നത്.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഉറങ്ങി കിടക്കുന്ന മഹിയെ നോക്കി കിടക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു....

നേരം പുലർന്ന് വരുന്നതേ ഉള്ളൂ... ഒരു കൈ പതിയെ വയറ്റിൽ തൊട്ടു.... ഇന്നലെ കലണ്ടർ നോക്കിയപ്പോഴാണ് ഓർത്തത് ഡേറ്റ് തെറ്റിയിട്ട് ഒരാഴ്ച കഴിഞ്ഞല്ലോ എന്ന്... ഒപ്പം ചെറിയ രീതിയിലുള്ള ക്ഷീണവും തളർച്ചയും. മഹിയെ ഉണർത്താതെ പതിയെ എഴുന്നേറ്റു.... ഇന്നലെ വൈകുന്നേരം വരുന്ന വഴിക്ക് വാങ്ങിയ പ്രെഗ്നൻസി കിറ്റും എടുത്തു ബാത്‌റൂമിലേക്ക് നടന്നു. പേടിയും ടെൻഷനും കാരണം നെഞ്ച് ഇപ്പോൾ പൊട്ടി പോകുമെന്ന് തോന്നി അവൾക്ക്....

പ്രെഗ്നൻസി കിറ്റിലേക്ക് റിസൾട്ട്‌ കിട്ടാനായി നോക്കുംതോറും വിയർത്തു ശരീരം തളരുന്നത് പോലെ.... ആദ്യം തെളിഞ്ഞ ഒരു ചുവന്ന വരയിലേക്ക് നോക്കുമ്പോൾ ശ്വാസം എടുക്കാൻ പോലും മറന്നിരുന്നു.... നിരാശയുടെ പടുകുഴിയിലേക്ക് വീഴും മുൻപേ അതേ വര കൂടുതൽ തെളിച്ചത്തോടെ തിളങ്ങി നിന്നു... ഒന്നും കേട്ടില്ല..... ഹൃദയമിടിപ്പ് മാത്രം ഉയർന്നു കേട്ടു.... ആ വരയിലേക് നോക്കി നിൽക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി കാഴ്ച മറച്ചിരുന്നു... പെട്ടെന്ന് തിരിഞ്ഞു വേഗത്തിൽ പുറത്തേക്ക് ഇറങ്ങി.... മഹിയുടെ അടുത്തേക്ക് എത്തുമ്പോഴും കാലുകൾ നിലത്തുറച്ചിരുന്നില്ല... ""മ.... മഹി.....മഹിയേട്ടാ..... മഹിയേട്ട......""

ശക്തിയായി കുലുക്കി വിളിച്ചപ്പോൾ ഉറക്കം മുറിഞ്ഞ ആലസ്യത്തിൽ അവനൊന്നു തിരിഞ്ഞു കിടന്നെങ്കിലും വീണ്ടും ഉറക്കെ കരഞ്ഞുകൊണ്ട് വിളിച്ചപ്പോൾ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു... ""എന്താടാ.... ഹേ..... എന്തിനാ കരയുന്നെ...."". വെപ്രാളത്തോടെ അവളുടെ മുഖം കോരി എടുക്കുമ്പോഴും കണ്ണുകൾ കൊണ്ട് ദേഹത്ത് എന്തെങ്കിലും പറ്റിയോ എന്ന് നോക്കിക്കൊണ്ടിരുന്നു.... വലതു കൈയിലായി ചുരുട്ടിപ്പിടിച്ച പ്രെഗ്നൻസി കിറ്റ് അവന് നേരെ നീട്ടി.... മഹി വിറയ്ക്കുന്ന കൈകളാൽ അത് വാങ്ങി നോക്കുമ്പോഴേക്കും ആർത്തു കരഞ്ഞുകൊണ്ട് ആ നെഞ്ചിലേക്ക് വീണിരുന്നു..... ""നമ്മുടെ..... നമ്മുടേ വാവയാ മഹിയേട്ടാ......"" കരച്ചിലിന്റെ ഇടയിലും നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story