അനന്തിക: ഭാഗം 8

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""നന്ദൂന് വേറാരും ഇല്ലാത്തോണ്ടല്ലേ....."" അപ്പോഴവളിൽ നിറഞ്ഞു നിന്നത് പഴയ ആറാം ക്ലാസ്സുകാരിയുടെ പരിഭവം മാത്രമായിരുന്നു.... ലച്ചുവൊന്ന് ചിരിച്ചു... മെല്ലെ അവളുടെ മുഖം തോളിലേക്ക് ചായ്ച്ചു വച്ചു... മെല്ലെ മുടിയിലായി തലോടി കൊടുത്തു... സ്നേഹം.... ഒരേ സമയം തന്നെ ഒരായിരം ആകാശം കാണിച്ചു കൊടുക്കാനും ആയിരം കാരാഗ്രഹത്തിനുള്ളിൽ അടച്ചിട്ടത് പോലെ ക്രൂരമായി വേദനിപ്പിക്കാനും കഴിവുള്ള വികാരം....വെറുപ്പിനാൽ സൃഷ്ടിക്കപ്പെടുന്ന തടവറയെക്കാൾ ആയിരം മടങ്ങു നോവിക്കും സ്നേഹത്തിന്റെ ബന്ധനങ്ങൾ.... ഒരുപക്ഷേ മരണത്തെക്കാളും അധികം... തന്റെ മടിയിലായി ചുരുണ്ടുകൂടിക്കിടക്കുന്ന ആ പെണ്ണിനെ ലച്ചു അലിവോടെ നോക്കി... പതിയെ അവളുടെ മുടിയിഴകളിൽ കൂടി വിരലോടിച്ചു....

""നമ്മുടെ സങ്കടങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്താന്ന് അറിയുവോ അനൂന്.... ഹ്മ്മ്..."" ചോദിച്ചപ്പോൾ ഇല്ലെന്ന ഭാവത്തിൽ അവളൊന്ന് മൂളി.... ""നമ്മുടെ ഉള്ളിൽ കെട്ടിപ്പൂട്ടി വെയ്ക്കുംതോറും അതിന്റ ഭാരം കൂടും... ഒടുവിലത് സഹിക്കാൻ പറ്റാതെ വരുമ്പോൾ നമ്മളെ തന്നെ നമുക്ക് നഷ്ടപ്പെടും. കേൾക്കാനൊരാളുണ്ട് എന്നതാണ് ഏറ്റവും വലിയ ഭാഗ്യം എന്നെനിക്ക് തോന്നിയിട്ടുണ്ട്..അതാരുമാകാം.... അമ്മയാകാം അച്ഛനാകാം സഹോദരങ്ങളോ സുഹൃത്തോ ആകാം... ചിലപ്പോഴൊക്കെ നമുക്ക് യാതൊന്നും അറിയാത്ത തികച്ചും അപരിചിതനായ വ്യക്തിക്ക് പോലും ഏറ്റവും മികച്ച കേൾവിക്കാരനാകാൻ കഴിഞ്ഞേക്കും...""

പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ട് കിടക്കുന്ന നന്ദുവിന്റ നെറുകയിലൊന്ന് തലോടി അവൾ മെല്ലെ ചിരിച്ചു.. ""അനൂന് ഡയറി എഴുതുന്ന ശീലമുണ്ടോ..."" ചോദിച്ചതും ഇല്ലെന്ന ഭാവത്തിൽ ചുമലൊന്ന് വെട്ടിച്ചു... ""മ്മ്ച്ചും.... ഇല്ല......"" ""അതെന്തേ ഇല്ലാത്തത്.... നല്ലതല്ലേ ഡയറി എഴുതുന്നത്..."" ""അറിയില്ല.... ""വീണ്ടും പതിഞ്ഞ സ്വരത്തിൽ മറുപടി... ""അനൂന് അറിയോ ഈ ചെറിയ കുട്ടികളെക്കൂടി എന്തിനാണ് ഡയറി എഴുതുന്ന ശീലം പഠിപ്പിക്കുന്നതെന്ന്..."" അതിനവൾ മറുപടി പറഞ്ഞില്ല.. ""നമുക്കിപ്പോൾ ആരോടും പറയാൻ പറ്റിയില്ലെങ്കിൽ.... അല്ലെങ്കിൽ അങ്ങനെയൊരാൾ നമുക്കില്ലെങ്കിൽ നമ്മുടെ വിഷമങ്ങളും സങ്കടങ്ങളുമെല്ലാം ഡയറിയോട് പറയാം..

ആൻ ഫ്രാങ്ക് നെ പറ്റി കേട്ടിട്ടില്ലേ.... കിറ്റി എന്ന ഡയറി ഇല്ലായിരുന്നെങ്കിൽ അത്രയും മാനസിക സംഘർഷം ആ കുട്ടിക്ക് ഒരിക്കലും അതിജീവിക്കാൻ കഴിയുമായിരുന്നില്ല... മാറ്റാരുമുണ്ടായിരുന്നില്ല അവൾക്കത്രയും തുറന്നു സംസാരിക്കാൻ......"" നന്ദു ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം ശ്രദ്ധയോടെ കേൾക്കുകയാണ്.... ""ഞാനിപ്പോൾ ഇതെന്തിനാ പറഞ്ഞത് എന്നറിയുമോ...."" ചോദിച്ചതും ഇല്ലെന്ന ഭാവത്തിൽ അവൾ ചുമൽ കൂച്ചി.... പതിയെ മടിയിൽ നിന്നെഴുന്നേറ്റ് നേരെയിരുന്നു..... വിടർന്ന കണ്ണുകളോടെ നിഷ്കളങ്കമായി തന്നെ നോക്കുന്ന ആ പെണ്ണിനോട് ലച്ചുവിന് അതിയായ വാത്സല്യം തോന്നി.. ""അനൂന്റെ കൂടെയുള്ളവരോടല്ലേ അനുവിന് എല്ലാം പറയാൻ ബുദ്ധിമുട്ട്.... ഒറ്റയ്ക്കായപ്പോൾ കൂടെയില്ലാത്തതിന്റെ പ്രതിക്ഷേധം...... ഹ്മ്മ്.... എന്നോട് അനുവിന് എന്തും പറയാല്ലോ.... ഒരു ഡയറിയോട് പറയുന്നത് പോലെ.....""

ഒരു തീരുമാനം എടുക്കാൻ കഴിയാതെ ആലോചിച്ചു ഇരിക്കുന്ന നന്ദുവിന്റെ മുഖം പതിയെ താടി തുമ്പിൽ പിടിച്ചുയർത്തി ലച്ചു... ""ഈ അനുവിൽ നിന്നും വീണ്ടും മഹിയുടെ നന്ദുവിലേക്ക് മാറണ്ടേ....."" ചോദിച്ചതും കണ്ണുകൾ തിളങ്ങി... പക്ഷെ അടുത്ത നിമിഷം തന്നെ അവ രണ്ടും നിറഞ്ഞു തുളുമ്പിയിരുന്നു.... ""മ.... മഹിയേട്ടന് വേണ്ടല്ലോ നന്ദൂനെ....."" ചിണുങ്ങി കരഞ്ഞുകൊണ്ടവൾ മുഖം കുനിച്ചു.... എന്നാരു പറഞ്ഞു... ലച്ചു കുസൃതി നിറഞ്ഞ ചിരിയോടെ വീണ്ടും അവളുടെ മുഖം പിടിച്ചുയർത്തി.... ""മഹിക്ക് വേണ്ടെന്ന് വെയ്ക്കാൻ പറ്റുമോ നന്ദൂനെ..... ഹ്മ്മ്.... ഇതിപ്പോ നന്ദു മഹിയെ അത്രയും വിഷമിപ്പിച്ചതുകൊണ്ടല്ലേ....

മഹി സ്നേഹിച്ച ആ പഴയ നന്ദുവിനെ എവിടെയോ നഷ്ടപ്പെട്ടതുകൊണ്ടല്ലേ.... ആ നന്ദുവിനെയാണ് നമുക്ക് തിരിച്ചെടുക്കേണ്ടത്...."" ലച്ചുവിനെ തന്നെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു നന്ദു.... ഒരിരമ്പൽ പോലെ പഴയകാല ഓർമ്മകൾ വീണ്ടും മനസ്സിലങ്ങനെ തെളിഞ്ഞു.... 🌺🌺🌺🌺 മഹിയുടെ ഒപ്പമിരുന്ന് അപ്പവും റോസ്റ്റും കഴിച്ചിട്ട് എഴുന്നേറ്റപ്പോൾ മുതൽ പലരുടെയും കണ്ണ് ഇങ്ങോട്ടേക്കാണെന്ന് അറിയാമായിരുന്നു.... ആദ്യമായിട്ട് കാണുന്ന കാഴ്ചയായതിനാലാകും. അവരിൽ പലരുടെയും നോട്ടങ്ങളും അടക്കം പറച്ചിലുകളും വല്ലാതെ വീർപ്പു മുട്ടിക്കുന്നതായി തോന്നി നന്ദുവിന്... മഹി ഇതൊന്നും ശ്രദ്ധിക്കാതെ ആരോടോ എന്തൊ പറഞ്ഞു ചിരിക്കുകയാണ്....

ഇടയ്ക്ക് നോട്ടം ഇങ്ങോട്ടേക്കു ആകുമ്പോൾ കണ്ണ് രണ്ടും ചിമ്മിയൊന്ന് ചിരിച്ചു കാണിക്കും... ഒരോ വട്ടവും മഹി നോക്കുമ്പോളൊക്കെ നന്ദുവൊരു പിടച്ചിലോടെ വീണ്ടും വീണ്ടും ഫയലിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ടിരുന്നു... ഓഫീസ് ടൈം കഴിഞ്ഞു കിട്ടാനായി വല്ലാത്തൊരു വെപ്രാളമായിരുന്നു.... അഞ്ച് മണിയായെന്ന് കണ്ടതും വേഗം തന്നെ ബാഗെടുത്തു ഇറങ്ങി... മഹി ചീഫ് ന്റെ മുറിയിലായിരുന്നു. തിരിച്ചിറങ്ങും മുൻപേ പോകണമെന്ന് തോന്നി.... വീണ്ടും എല്ലാവരുടെയും നോട്ടം കാണാൻ വയ്യാ... ഭാഗ്യത്തിന് സ്റ്റോപ്പിൽ എത്തിയ ഉടൻ തന്നെ ബസ് കിട്ടി..... ജനലോരം തല ചായ്ച്ചു ഇന്നത്തെ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ ആദ്യമായി മനസ്സിൽ വന്നത് പലരുടെയും അർത്ഥം വച്ചുള്ള നോട്ടങ്ങളാണ്..... വല്ലാത്തൊരു അസ്വസ്ഥത തോന്നി....

മെല്ലെ മെല്ലെ ആ മുഖങ്ങളൊക്കെ മാഞ്ഞു പോയി മഹിയുടെ രൂപം തെളിഞ്ഞു..... യാതൊരു വിധ അടുപ്പവുമില്ലാത്ത തികച്ചും അപരിചിതനായ ഒരാൾ.... എന്നാൽ വന്നപ്പോൾ മുതൽ ഒരോ നിമിഷവും മറ്റൊരു ലോകം തനിക്കായി തുറന്നു തരുന്നു.... ഒരോ തവണയും നോക്കുമ്പോൾ കണ്ണ് ചിമ്മിയുള്ള അവന്റെ ചിരിക്ക് പോലും എന്തെന്നില്ലാത്ത പ്രത്യേകതയുണ്ടെന്ന് തോന്നി..... ഒരുപക്ഷേ ആ നിമിഷത്തെ ആശങ്കകൾ മുഴുവൻ ആ ചിരിയിൽ അലിഞ്ഞു പോകുന്നത് കൊണ്ടാകാം... വീടിന്റെ സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു. കൈയിൽ കുടയില്ലാത്തതിനാൽ വേഗം നടന്നു... ""നിനക്കാ കുടയും കൂടി എടുത്തൂടെ അനൂ...... നനഞ്ഞു പനി പിടിപ്പിക്കാൻ....""

അകത്തേക്ക് കയറിയപ്പോഴേക്കും അമ്മേടെ ശകാരം കേട്ടു... ചമ്മിയ ഒരു ചിരി മാത്രം നൽകി വേഗം മുറിയിലേക്ക് നടന്നു.... നനഞ്ഞതൊക്കെ മാറ്റി കുളിച്ചിട്ട് ഇറങ്ങിയപ്പോഴേക്കും ഏഴു മണി കഴിഞ്ഞിരുന്നു.... അച്ചുവിന്റെയും പ്രിയയുടെയും ബഹളം കേൾക്കാം മുറിയിൽ നിന്നും.... രണ്ടാളും കൂടി എന്തൊക്കെയോ ചർച്ചയാണ്..... അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല... ""പ്രിയേ....."" ഇത്തിരി ഉച്ചത്തിൽ തന്നെ വിളിച്ചു.... ഒരു നിമിഷത്തേക്ക് ബഹളം നിന്നെങ്കിലും ഇങ്ങോട്ടേക്കു വരുന്ന ശബ്ദമൊന്നും കേട്ടില്ല.... ""പ്രിയേ...... ""ഇത്തിരി കൂടി ശബ്ദം കൂട്ടി... ""വരുന്നൂ....."" പ്രിയ മാത്രേ വന്നിട്ടുള്ളൂ... അച്ചു മുറിയിൽ തന്നെ ആയിരിക്കണം.

അവളെ തിരക്കാനും തോന്നിയില്ല... മനസ്സങ്ങനെ ചുട്ട് നീറ്റുന്നുണ്ടായിരുന്നു... ""പൈസ അടച്ചതിന്റെ റെസിപ്റ്റ് എവിടെ...."" ചോദിച്ചതും പരുങ്ങലോടെ പ്രിയ മുഖം കുനിച്ചു....."" അത്..... അവരിന്ന് തന്നില്ല..... നാളെ വാങ്ങാം...."" ""അച്ചുവിന്റെയോ.... അവളുടെം കിട്ടിയില്ലായിരിക്കും അല്ലെ...."" അനുവിന്റെ സ്വരത്തിൽ പതിവില്ലാതെയുള്ള മൂർച്ച കണ്ടതും പേടി തോന്നി പ്രിയക്ക്.... ഇതുവരെ ഇങ്ങനെയൊരു ചോദ്യം ചെയ്യൽ ഉണ്ടായിട്ടില്ല. ആവശ്യമുള്ള പൈസയിൽ നിന്നും ഇത്തിരി കൂട്ടിയാണ് എപ്പോഴും അമ്മേടെ അടുത്ത് നിന്ന് വാങ്ങാറ്... തല കുനിച്ചു നിൽക്കുന്ന പ്രിയയെ ഒരിക്കൽ കൂടി നോക്കി നന്ദു.

""നാളെ വൈകുന്നേരം കൊടുത്ത പൈസയുടെ റെസിപ്റ്റ് എന്റെ കൈയിൽ കിട്ടിയിരിക്കണം. അല്ലെങ്കിൽ പിന്നെ അമ്മയുടെ കൈയിൽ നിന്നും വാങ്ങിയാൽ മതി എന്തും...."" പിന്നൊന്നും പറയാതെ തലകുനിച്ചു മുറിയിലേക്ക് പോകുന്നവളെ ഒന്ന് നോക്കി പതിയേ സെറ്റിയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു കിടന്നു. ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല കണക്ക് ചോദിച്ചത്...അമ്മയോട് സ്ഥിരമായി പറയുന്നതാണ് കൂടുതൽ പൈസ വാങ്ങുമ്പോൾ അതെന്തിന് എടുത്തു എന്ന് തിരക്കണമെന്ന്. പക്ഷെ കേൾക്കാറില്ല... ഊണ് മേശയിലും അച്ചുവിന്റെയും പ്രിയയുടെയും മുഖം വീർത്തു തന്നെയിരുന്നു. രണ്ടാളും അമ്മയോട് എന്തെങ്കിലും പറയാൻ ശ്രമിക്കുമ്പോഴേക്ക് അമ്മ കണ്ണുരുട്ടുന്നത് കണ്ടു... ""റെസിപ്റ്റ് മറക്കണ്ട നാളെ."" പാത്രമെടുത്തു അടുക്കളയിലേക്ക് പോകുന്നതിനിടയിൽ വീണ്ടും ഓർമ്മിപ്പിച്ചു....

രണ്ടു പേരുടെയും മുഖം ഒന്ന് കൂടി വീർത്തിരുണ്ടു... ഉറങ്ങാൻ കിടന്നപ്പോഴാണ് വീണ്ടും ഓഫീസിലെ ഓർമ്മകൾ മനസ്സിലേക്ക് വന്നത്. മഹിയെപ്പറ്റി ആലോചിക്കുംതോറും ഒരേ സമയം ഉള്ളിൽ പരിഭ്രമവും ശാന്തതയും നിറഞ്ഞു.. ആദ്യമായി അനുഭവിക്കുന്ന പരിഗണനയുടെ ലഹരി മനസ്സാകെ തണുപ്പിക്കുന്നത് പോലെ.... പക്ഷെ ഇപ്പോഴും പൊരുത്തപ്പെട്ടു തുടങ്ങിയിട്ടില്ല... ഇതുവരെയില്ലാത്തൊരു സമ്മർദ്ദം മനസ്സിനെ കീഴ്പ്പെടുത്തുന്നു... ഒരേ സമയം ആ ശ്രദ്ധയും പരിഗണനയും ഉള്ളിൽ വസന്തം നിറയ്ക്കുന്നുണ്ട് എങ്കിലും അടുത്ത നിമിഷം തന്നെ എല്ലാം മതിയാക്കി ഓടിയൊളിക്കാൻ തോന്നുന്നു... ഓരോന്നായി ആലോചിച്ചു കിടന്നു അർദ്ധ രാത്രി കഴിഞ്ഞിരുന്നു കണ്ണുകളെ മയക്കം തഴുകിയപ്പോൾ... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""മഹീ.... ഇതുവരെ കഴിഞ്ഞില്ലേ നിന്റെ കുളി.... സമയം ഒൻപതാകുന്നു കേട്ടോ...."" അടുക്കളയിൽ നിന്നും അമ്മ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടിട്ടാണ് മഹി കുളിച്ചിട്ടിറങ്ങുന്നത്..... ""ഓ.... എന്റമ്മേ ഞാൻ ചെറിയ കുട്ടിയൊന്നുമല്ല.... എനിക്കറിയില്ലേ പോകാറായി ന്ന്....."" വിളിച്ചു പറയുന്നതിന്റെ ഇടയിൽ തന്നെ വേഗത്തിൽ ഡ്രസ്സ്‌ ചെയ്തു പുറത്തേക്ക് ഇറങ്ങി... ടേബിളിൽ എടുത്തു വച്ചിരുന്ന ഇടിയപ്പവും കടലക്കറിയും കണ്ടവന്റെ നെറ്റി ചുളിഞ്ഞു.... ""ഇതെന്താ അമ്മേ..... എനിക്കിത് ഇഷ്ടമല്ലെന്ന് അറിയില്ല.... എത്ര ദിവസമായി പറയുന്നു അപ്പവും റോസ്റ്റും ഉണ്ടാക്കി തരാൻ...."" അവൻ പിണക്കത്തോടെ പറഞ്ഞുകൊണ്ട് കസേരയിലേക്ക് ഇരുന്നു...

""കഴിച്ചിട്ട് പോ മഹീ.... ഇഷ്ടം മാത്രം നോക്കിയല്ല ഗുണവും കൂടി നോക്കിയാണ് കഴിക്കാനുണ്ടാക്കുന്നത്.... ""തിരിച്ചും നല്ല ദേഷ്യത്തിൽ മറുപടി കിട്ടിയതും അവൻ ചുണ്ടൊന്ന് കോട്ടി കഴിക്കാൻ തുടങ്ങി... ഇന്നലെ നന്ദുവിനോടൊപ്പം കഴിച്ചത് ആലോചിക്കവേ ഒരിളം ചിരി വിരിഞ്ഞു.... കഴിച്ച ആഹാരത്തിന്റെ രുചിയേക്കാൾ ഓർത്തിരിക്കുന്നത് അവളുടെ പേടിയും പരിഭ്രമവുമാണ്..... എന്തിനെയും പേടിയുള്ളൊരു കൊച്ച് പെണ്ണ്..... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കുളിച്ചൊരുങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മയുടെ മങ്ങിയ മുഖം കാൺകെ എന്തൊ കുഴപ്പമുള്ളത് പോലെ തോന്നി നന്ദുവിന്.... ""എന്താമ്മേ.... എന്താ കാര്യം....""

ആശയുടെ മുഖത്ത് അപ്പോഴും നിരാശ നിറഞ്ഞു...."" ഒന്നൂല്ല.... നീ പൊയ്ക്കോ..."" ""കാര്യം പറയമ്മേ.... ഈ മുഖം കണ്ടാലും അറിയാം ഒന്നുമില്ലാഞ്ഞിട്ട എന്ന്..."" """കഴിഞ്ഞ ആഴ്ച പ്രഭ കൊണ്ട് വന്ന ആലോചനയില്ലേ.... അത് നടക്കില്ല.... ചെക്കന്റെ വീട്ടിൽ നിന്ന് വിളിച്ചത്രേ അൻപത് പവനെങ്കിലും വേണമെന്ന്...."" ""അതിന്...... ഞാനിപ്പോ അമ്മയോട് പറഞ്ഞോ എനിക്ക് കല്യാണം നോക്കണമെന്ന്...."" ""ഇതൊക്കെ എല്ലാരും പറഞ്ഞിട്ടാണോ. നിനക്ക് താഴെ ഇനിയും രണ്ടു പെൺകുട്ടികളാ... ഒന്നാമതെ ചോദിക്കാനും പറയാനും പോലും ആരുമില്ലാത്തത... ചേച്ചി നിൽക്കുമ്പോൾ അവർക്കൊരു നല്ല ബന്ധം വരുമോ...""

പിന്നൊന്നും പറയാൻ അവൾക്ക് തോന്നിയില്ല.... പറഞ്ഞാൽ അമ്മയോട്ട് മനസ്സിലാക്കുകയും ഇല്ല.... എത്രയോ തർക്കങ്ങൾ നടന്നിരിക്കുന്നു.... ഇത് തന്നെ ഏഴാമത്തെ ആലോചനയാണ്... ചിലർക്ക് പെണ്ണിന്റ നിറമാണ് പ്രശ്നമെങ്കിൽ ചിലർക്ക് പൊന്നാണ്.... ആകെയൊരു മടുപ്പ് തോന്നി.... ആരും മനസ്സിലാക്കാത്തത് പോലെ.... സമ്മതം പോലും ചോദിക്കാതെയാണ് ആലോചനകൾ കൊണ്ട് വരുന്നത്.... ഒരുങ്ങിക്കെട്ടി ചെന്നു ചായ കൊടുക്കുമ്പോളേക്കും പലരുടെയും മുഖം ചുളിയും.... ചിലരാണെങ്കിൽ പരസ്യമായി കണക്ക് പറയും.... എല്ലാത്തിനോടും ദേഷ്യം തോന്നി..... എല്ലാവരിൽ നിന്നും ഓടിയൊളിക്കാൻ തോന്നി...

ബസ്സിൽ കയറിയതൊക്കെ യന്ത്രികമായിട്ടായിരുന്നു.... ഓഫീസിൽ എത്തിയത് പോലും അറിഞ്ഞില്ല... കഴിക്കാൻ നിൽക്കാതെ ഇറങ്ങിയതിനാലാകും നേരത്തെ എത്തി.... അവിടെയും ഇവിടെയുമായി ഒന്നോ രണ്ടോ പേര് മാത്രം വന്നിട്ടുണ്ട്.... സീറ്റിലേക്ക് ഇരുന്ന ഉടനെ ബാഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു.... മഹിയുടെ ഇരിപ്പിടം ശൂന്യമായിരുന്നു.... ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല... വീണ്ടും ഒരു നിരാശ...... ഇന്നത്തെ ദിവസമേ ശെരിയല്ലെന്ന് തോന്നി... കസേരയിലേക്ക് ചാരി കിടന്നു കണ്ണുകൾ അടച്ചു... ""എന്നെയാണോ നോക്കിയത്....."" അത്രമേൽ പതിഞ്ഞൊരു ശബ്ദം കാതോരം മുഴങ്ങി..... ഞെട്ടലോടെ കണ്ണ് തുറന്നു മുഖമുയർത്തി നോക്കിയത് ആ മുഖത്തേക്കാണ്.... അത്രമേൽ അടുത്ത്... ഒരു ശ്വാസത്തിന്റെ മാത്രം അകലത്തിൽ......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story