അനിയത്തിപ്രാവ് : ഭാഗം 19

aniyathipravu

രചന: മിത്ര വിന്ദ

 ഈശ്വരാ..... ഹരി സാർ... ആ മനുഷ്യനെ ആണ് താൻ തന്റെ മനസ്സിൽ ഈ ചുരുങ്ങിയ ദിവസം കൊണ്ട് നടന്നത്... ഓർക്കും തോറും ദേവൂന്റെ നെഞ്ചു വിങ്ങി ... തന്റെ വീട്ടിലേക്ക് സാറും അമ്മയും കൂടി വരുന്നത് കാത്ത് ഇരിക്കുക ആണ് ഓരോ നിമിഷവും.. എല്ലാം കീഴ്മേൽ മറിയുകയാണ്....കാര്യങ്ങൾ എല്ലാം എത്ര വേഗം ആണ് മാറി മറയുന്നത്... ചേച്ചിക്ക് വേണ്ടി തന്റെ ജീവിതം ഹോമിക്കപെടുമോ... ന്റെ ഭഗവാനെ.. എന്നെ പരീക്ഷിക്കരുതേ... അവൾ മൂകമായി തേങ്ങി. "മോളേ ദേവൂട്ടി.".... അച്ഛൻ ആണ് അവളെ ഓർമകളിൽ നിന്ന് ഉണർത്തിയത് . അച്ഛന്റെ ശബ്ദം കേട്ടതും അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരി വിരിഞ്ഞു. നന്ദനും ആ അമ്മയും മോളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു കാണുമല്ലോ അല്ലേ.... അയാൾ മകളെ നോക്കി ചോദിച്ചു... ഉവ്വെന്ന് അവൾ തലയാട്ടി.... അച്ഛനോടും സംസാരിച്ചു.... ജന്മം തന്ന അച്ഛനെയും അമ്മയെയും ഓർത്തു മോൾ ഈ വിവാഹത്തിന് സമ്മതിക്കണം.......അച്ഛന്റെ അപേക്ഷ ആണിത്....ആളുകളുടെ മുന്നിൽ നാണം കെടാൻ വയ്യാ....ഇതു പറഞ്ഞുകൊണ്ട് വാര്യർ പുറത്തേക്ക് പോയി....

അതു കേട്ടതും ദേവൂന്റെ മിഴികൾ നിറഞ്ഞു തൂവി.. 'ലെച്ചു ആണെങ്കിൽ ഈ കല്യാണത്തിൽ നിന്ന് പിന്മാറിയപ്പോൾ നിന്റെ അച്ഛൻ ഒരുപാട് വേദനിച്ചു,, ഇത്ര വലിയൊരു ചതി ഇവൾ ചെയ്യുമെന്ന് നമ്മൾക്കു ആർക്കും അറിയില്ലായിരുന്നു.. അന്ന് അങ്ങനെ ഒക്കെ സംഭവിച്ചപ്പോൾ അച്ഛൻ എത്രമാത്രം വിഷമിച്ചു എന്ന് ഉള്ളത് നിങ്ങൾക്ക് അറിയാല്ലോ.....ആദ്യമായി നിങ്ങളുടെ അച്ഛന്റെ തല താഴ്ന്നത് നന്ദന്റെ മുൻപിൽ ആണ്, ന്റെ മോള് അത് തിരുത്തണം......ഈ വിവാഹത്തിന് എന്റെ പൊന്നു മോളു സമ്മതിക്കുമോ നന്ദനും ആയുള്ള വിവാഹത്തിന്.. ദേവുട്ടിയുടെ മുൻപിൽ വന്നുകൊണ്ട് അവളുടെ അമ്മ കെഞ്ചി കൊണ്ട് പറഞ്ഞു..... "നിന്റെ അച്ഛൻ അഭിമാനത്തോടെ കൂടി നിന്റെ വലം കൈഅവന്റെ കൈയിൽ പിടിച്ചു ഏൽപ്പിക്കുന്നത് ഈ മുത്തശ്ശിക്ക് കാണണം മോളേ.... നീ ഒന്ന് സമ്മതിക്കു...." കാർത്യായനി അമ്മുമ്മ പ്രതീക്ഷയോടെ ദേവൂട്ടിയെ നോക്കി... ദേവൂട്ടി ഒന്നും മിണ്ടാതെ നിൽക്കുകയാണ്.....

ഹരിസാറിനെ കുറിച്ചുള്ള ഓർമ്മകൾ ഒരു ഭാഗത്തുണ്ട്, ശരി തന്നെ ആണ് , പക്ഷെ തന്റെ പാവം അച്ഛനെ കുറിച്ചോർത്തപ്പോൾ അവൾക്ക് വിഷമം തോന്നി.... തന്റെ അച്ഛൻ തന്നോട് വന്നു കാലു പിടിക്കും പോലെ ആണ് ഓരോ വാചകങ്ങളും പറഞ്ഞത്. എല്ലാത്തിനും കാരണം ലെച്ചു ചേച്ചി ആണ്... ഒക്കെ മനസ്സിൽ വെച്ചോണ്ട് ഇരുന്നു..ചേച്ചി, ആണെങ്കിൽ നന്ദേട്ടന്റെ ആലോചന വന്നപ്പോൾ തന്നെ ഈ വിവരങ്ങൾ എല്ലാം ഇവിടെ പറഞ്ഞാൽ മതി ആയിരുന്നു. അശോകേട്ടനും ആയുള്ള ബന്ധത്തിനു ആരും എതിര് നിൽക്കില്ലായിരുന്നു.ചേച്ചി കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്.. ദേവൂട്ടി ക്ക് ഉള്ളിൽ ഇത്തിരി അമർഷം തന്റെ ചേച്ചിയോട് തോന്നാതെ ഇരുന്നില്ല പോലും.. ഇടയ്ക്ക് ഒരു തവണ കൂടി സരസ്വതിയമ്മയും നന്ദേട്ടനും കൂടി അച്ഛനെ കാണുവാനായി പൂമുഖത്തേക്ക് കയറി വന്നത് ദേവു അറിഞ്ഞിരുന്നു.. നന്ദേട്ടന് കുറ്റം പറയാനൊന്നും പറ്റില്ല എന്ന് അവൾക്ക് തോന്നി. എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു ആളുകളെ വരെ ക്ഷണിച്ചു കഴിഞ്ഞപ്പോൾ ആണ് അശോകേട്ടന്റെ വരവ്... ഇതൊക്കെ അവർക്ക് ഇത്തിരി നേരത്തെ ആയി കൂടായിരുന്നോ..

അവൾക്ക് ദേഷ്യം തോന്നിപ്പോയി.. ഇതിപ്പോൾ അവസാനം ഇങ്ങനെ എല്ലാം കൊണ്ടെത്തിച്ചു.... നന്ദേട്ടന്റെ അമ്മ പറഞ്ഞതുപോലെ തന്റെ ചേച്ചി കാരണം എല്ലാവരുടെയും മുൻപിൽ നന്ദേട്ടൻ നാണം കേട്ടു, തന്റെ അച്ഛനും അത് മൂലം അവരുടെ മുൻപിൽ താണ് പോയി.... എന്ത് പഴി കേട്ടു പാവം അച്ഛനും അമ്മയും.. നന്ദേട്ടന് തന്നെക്കാൾ സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ള ഒരു പെണ്ണിനെ കിട്ടും,......അത്രക്ക് സുന്ദരൻ ആണ് ആള്. കൂടാതെ ഡോക്ടറും.. താൻ ആണെങ്കിൽ ഡിഗ്രി കംപ്ലീറ്റ് ചെയ്തതെ ഒള്ളു...അതിനേക്കാൾ ഉപരി സൗന്ദര്യത്തിന്റെ കാര്യത്തിൽ ആയാലും ഒരുപാട് അന്തരം തങ്ങളിൽ ഉണ്ടെന്ന് അവൾക്ക് തോന്നി..പക്ഷെ തന്നോട് ഇങ്ങോട്ട് വന്നു പ്രൊപ്പോസ് ചെയ്ത സ്ഥിതിക്ക്... L എന്താണ് ഇപ്പോൾ പറയേണ്ടത് എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല... ഹരിസാറിന്റെ പെണ്ണായി തന്റെ അച്ഛന്റെയും അമ്മയുടെയും അനുഹ്രഹത്തോടെ ഈ വീടിന്റെ പടി ഇറങ്ങി പോകുന്നത് സ്വപ്നം കണ്ടു നടന്നതാണ്....... നിറമുള്ള കിനാക്കൾ എല്ലാം മഴവെള്ളത്തിൽ ഒലിച്ചു പോയോ...

ഹരി സാറിനെ എന്നന്നേക്കും ആയി തന്റെ മനസിന്റെ കോണിൽ നിന്നും പടിയിറക്കാൻ ആണോ തന്റെ വിധി... "മോളേ ദേവൂട്ടി ... സരസ്വതിഅമ്മ ചോദിച്ചു എന്താ നിന്റെ മറുപടി ന്നു... അവർക്ക് പോകാനും ലേശം തിടുക്കം ഉണ്ട്..."വാര്യർ വീണ്ടും അകത്തേക്ക് വന്നു... അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് ദേവു നിന്നു. അച്ഛന്റെ കുട്ടിയെ അച്ഛൻ വിശ്വസിച്ചോട്ടെ....... അതോ നീയും എവിടെ എങ്കിലും.... അയാൾ വാക്കുകൾ മുഴുകിപ്പിച്ചില്ല.... അച്ഛന്റെ ഇഷ്ടം പോലെ ആകാം.... ചേച്ചിയെ പോലെ ഞാൻ അച്ഛനെ നാണം കെടുത്തില്ല....എന്റെ അച്ഛൻ എന്ത് തീരുമാനിച്ചാലും ഈ ദേവൂട്ടി അനുസരിച്ചിട്ടേ ഒള്ളു.. ഇന്നോളം..ദേവു വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.... വാര്യരു അതീവസന്തോഷത്തോടെ മകളുടെ നെറുകയിൽ കൈവെച്ചു പറഞ്ഞു എന്റെ മോൾക്ക് നല്ലതേ വരൂ...... എന്നും എപ്പോളും.... അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത ശേഷം അയാൾ നന്തനെ കാണാനായി പുറത്തേക്ക് ഇറങ്ങി.. അവൻ ആണെങ്കിൽ കിണറ്റിന്റെ കരയിൽ നിൽക്കുക ആയിരുന്നു. കട്ട മുല്ല നിറയെ പൂക്കൾ വിരിഞ്ഞു കിടക്കുന്നത് നോക്കി കൊണ്ട് അവൻ വെറുതെ നിൽക്കുക ആയിരുന്ന്.

ദേവു ന്റെ മറുപടി എന്താവും എന്നതാണ് ഉള്ളിലെ ചിന്ത.. അവൾ സമ്മതിച്ചില്ലെങ്കിൽ കാര്യങ്ങൾ എല്ലാം തകിടം മറിയും.. മോനെ... നന്ദ.. വാര്യര് വിളിച്ചപ്പോൾ അവൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ആഹ്ലാദത്തോടേ ഉള്ള അയാളുടെ ശബ്ദം കേട്ടതും കാര്യങ്ങൾ എല്ലാം അവൻ തിരിച്ചറിഞ്ഞു... "ആഹ് അങ്കിൾ...." 'മോനെ.... ദേവു... അവൾക്ക്, മോനും ആയിട്ട് ഉള്ള വിവാഹത്തിന് സമ്മതം ആണെന്ന് അറിയിച്ചു കെട്ടോ.. " അവന്റെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് അയാൾ പറഞ്ഞു. അതെയോ... താങ്ക് യു അങ്കിൾ... എന്നിട്ട് ദേവൂട്ടി എവിടെ.. വളരെ നന്നായി തകർത്തു അഭിനയിക്കുക ആയിരുന്നു അവൻ അപ്പോള്. അല്ലെങ്കിലും തന്നെ വേണ്ടന്ന് വെയ്ക്കാൻ അവൾക്ക് ആവില്ല... എല്ലാ തരത്തിലും അവൾക്ക് കിട്ടുന്ന ലോട്ടറി അല്ലേ ഈ ബന്ധം... അവൻ ഓർത്തു.. അവള് അകത്തുണ്ട് മോനെ .. കാര്യങ്ങൾ ഒക്കെ ഇനി നമ്മൾക്ക് തീരുമാനിക്കണ്ടേ... മോൻ വായോ... അയാളു അവന്റെ കൈക്ക് പിടിച്ചു അകത്തേക്ക് കൂട്ടി കൊണ്ട് പോയി. ശേഷം എല്ലാവരോടുമായി ദേവുട്ടി സമ്മതിച്ച വിവരം അറിയിച്ചു..

സരസ്വതി ആണെങ്കിൽ അപ്പോൾ തന്നെ തന്റെ കൈയിൽ കിടന്ന ഒരു വള ഊരി അവളുടെ കൈ തണ്ടയിൽ ഇട്ടു കൊടുത്തു.. ന്റെ കുട്ടിയേ അമ്മയ്ക്ക് ജീവന... അവളുടെ കാതിൽ മെല്ലെ മന്ത്രിച്ച ശേഷം അവർ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..ദേവു അവരെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു. സരസ്വതിയും ഗുപ്തൻ നായരും കൂടി വാര്യരോട് കാര്യങ്ങൾ എല്ലാം സംസാരിച്ചു, തീരുമാനിക്കുക ആണ് .... എല്ലാ മുഖത്തും സന്തോഷം പ്രതിഭലിച്ചു നിൽക്കുന്നു. സരസ്വതി വിളിച്ചിട്ട് ബാലകൃഷ്ണൻ കൂടി അവിടക്ക് വൈകാതെ എത്തിച്ചേർന്നിരുന്നു... എന്തായാലും നല്ല തീരുമാനം ആണ് നന്ദൻ എടുത്തത്.....കൊള്ളാം കേട്ടോ മോനെ..നിനക്ക് എന്ത് കൊണ്ടും യോജിച്ചവൾ ആണ് നമ്മുടെ ദേവൂട്ടി.. ബാലകൃഷ്ണൻ നന്ദനെ അഭിനന്ദിച്ചു.... അവൻ അയാളെ നോക്കി പുച്ഛത്തിൽ ഒന്നു ചിരിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story