അനിയത്തിപ്രാവ് : ഭാഗം 22

aniyathipravu

രചന: മിത്ര വിന്ദ

ആരവങ്ങളുടെയും ആർപ്പുവിളികളുടെയും നടുവിൽ നന്ദന്റെ കൈ പിടിച്ചു കതിർമണ്ഡപത്തിൽ വലം വെയ്ക്കുമ്പോളും ദേവുട്ടിയുടെ മനസ്സിൽ ഒരു സങ്കടകടൽ ആർത്തിരമ്പുകയായിരുന്നു...... നന്ദേട്ടൻ ആണെങ്കിൽ ഒരു തരം പുച്ഛഭാവത്തിൽ ആണ് തന്നെ നോക്കുന്നത് എന്ന് അവൾക്ക് തോന്നി. താൻ പുഞ്ചിരിക്കുവാൻ ശ്രെമിക്കുമ്പോൾ ഒക്കെ ഏട്ടൻ മുഖം തിരിക്കുന്നു.. തന്റെ തോന്നൽ ആകണെ എന്ന് കരുതി... പക്ഷെ അല്ല..... ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഓടിക്കളിക്കുകയാണ്..... ഒന്നിനും ഉത്തരം കണ്ടെത്താൻ അവൾക്കു കഴിഞ്ഞില്ല... തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ഒക്കെ വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നിരുന്നു. ഓരോരുത്തരെയായി നന്ദേട്ടനെ പരിചയപ്പെടുത്തുവാൻ ശ്രമിക്കുമ്പോഴും, ആൾക്ക് അതൊന്നും അത്ര ഇഷ്ടമല്ല എന്നാണ് ദേവൂന് തോന്നിയത്.. ഒരുതരം ഗൗരവ ഭാവം ആയിരുന്നു നന്ദേട്ടന്റെ മുഖത്ത്. മിത്തുവും അനഘ യും ചോദിക്കുകയും ചെയ്തു, നിന്റെ ഡോക്ടർക്ക് എന്താണ് ഇത്ര ജാഡ എന്ന് പോലും. പാവം ദേവൂട്ടി... അവൾക്ക് സങ്കടം തോന്നി പോയി.. ഫോട്ടോ എടുക്കുവാനായി, ഫോട്ടോഗ്രാഫർ വന്ന് തങ്ങളോട് ചേർന്ന് നിൽക്കുവാൻ പറഞ്ഞപ്പോൾ, നന്ദേട്ടൻ അതൊന്നും തനിക്ക് അത്ര താല്പര്യം ഇല്ല ഇങ്ങനെ എടുക്കുവാൻ പറ്റുമെങ്കിൽ എടുത്താൽ മതി ,

എന്ന് അയാളോട് നേരിട്ട് പറഞ്ഞത് കേട്ടപ്പോൾ ദേവൂട്ടി ഞെട്ടി... ലെച്ചുവും അശോകും ഓരോ നിമിഷവും ആഘോഷിക്കുമ്പോളും ദേവുവിന് ആണെങ്കിൽ എങ്ങോട്ടെങ്കിലും ഓടി ഒളിക്കാൻ ആണ് തോന്നിയത്... നന്ദന് ആശംസ അർപ്പിക്കുവാൻ ആരൊക്കെയോ എത്തുന്നുണ്ടായിരുന്നു,,സഹപ്രവർത്തകർ ആവും,ആരൊക്കെ ആണെന്ന് ഒന്നും അവൾക്ക് അറിയില്ലായിരുന്നു. നന്ദൻ ആണെങ്കിൽ ഒന്നും അവളോട് പറഞ്ഞുമില്ല.മിക്കവരും ദേവുട്ടിയോടു വന്നു സംസാരിച്ചു.... സരസ്വതിയമ്മയും അച്ഛനും ഒക്കെ ഒരുപാട് സന്തോഷത്തിൽ ആണ്.. ബന്ധു മിത്രാധികളുടെ മുന്നിൽ അവർ ദേവൂട്ടിയെ ചേർത്ത് പിടിച്ചു. പക്ഷെ.... പക്ഷെ നന്ദേട്ടൻ മാത്രം ഒറ്റ വാക്ക് പോലും ഇത്രയും സമയം ആയിട്ടും തന്നോട് മിണ്ടിയില്ല.... ഈശ്വരാ,എന്താണിങ്ങനെ....... അവൾക്ക് എത്ര ആലോചിട്ടും പിടി കിട്ടിയില്ല... ഇനി തന്നെ ഇഷ്ടം ആയില്ലേ ആവൊ.. എന്താണ് നന്ദേട്ടന് പറ്റിയത്.. ഭക്ഷണം കഴിക്കുമ്പോൾ എങ്കിലും ഒരു വാക്ക് സംസാരിക്കും എന്നോർത്തെങ്കിലും അതും അവൾക്ക് തെറ്റി,... അവൻ ഒന്നു ഗൗനിക്കുക പോലും ചെയ്തില്ല എന്ന് വേണം പറയാൻ.. വീട്ടിൽ എത്തിയ ശേഷം ഏട്ടനോട് തുറന്നു സംസാരിക്കാം എന്ന് അവൾ തീരുമാനിച്ചു.

ഒടുവിൽ അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും ഒക്കെ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ദേവുട്ടിയുടെ കാലിടറി.... താൻ വീണു പോകുമോ എന്നവൾ ഭയപ്പെട്ടു... .. കണ്ണിൽ നിന്നും ഒഴുകിയെത്തിയ കണ്ണീർ ഒപ്പി കളഞ്ഞുകൊണ്ട് അവൾ നന്ദന്റെ ഒപ്പം കാറിൽ കയറി... അവർ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ വണ്ടിയിൽ. അച്ഛനും അമ്മയും ഒക്കെ ചേർന്ന് പെണ്ണിനെയും ചെക്കനെയും സ്വീകരിക്കാനായി നേരത്തെ പോയിരിന്നു.. ലെച്ചു ചേച്ചിയും അശോക് ഏട്ടനും തൊട്ടു പിറകെ ഇറങ്ങാമായിരുന്നു, അത്കൊണ്ട് തന്റെ കാർ ഇറങ്ങിയ ഉടനെ അവർക്ക് പോകാനുള്ള കാർ അവിടേക്ക് വന്നത് ദേവു കണ്ണാടിയിൽ കൂടി കണ്ടു... ചേച്ചി ആണെങ്കിൽ മറ്റേതോ ലോകത്തിൽ അകപ്പെട്ടത് പോലെ ആണ് നിൽപ്പും ഭാവോം ഒക്കെ. പാവം അച്ഛൻ........ താൻ കാലിൽ തൊട്ടനുഗ്രഹം വാങ്ങിയപ്പോൾ വിറയ്ക്കുന്ന കൈകളോടെ പാവം അച്ഛൻ പിടിച്ചെഴുനേൽപ്പിച്ചത് എന്ന് ദേവു ഓർത്തു.......അമ്മയാണെങ്കിൽ രണ്ട്മൂന്ന് ദിവസം ആയിട്ട് നേരംവണ്ണം ഭക്ഷണം പോലും കഴിച്ചിരുന്നില്ല... ദേവൂട്ടിയെ ഇത്ര ദൂരത്തേക്ക് കെട്ടിക്കേണ്ടായിരുന്നു മാധവ.... മുത്തശ്ശിയും ഇതേ ചൊല്ലായിരുന്നു പല പ്രാവശ്യം ഉരുവിട്ടുകൊണ്ടിരുന്നത്....... അവരുടെ ഒക്കെ ഓർമ്മകളിൽ ദേവുവിന്റെ മനസ് വല്ലാതെ നീറി....

എത്ര നിയന്ത്രിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... അച്ഛാ ദേവൂട്ടിയെ അങ്ങ് ദൂരെ ദൂരെ ഒരു സ്ഥലത്ത് ആണോ കല്യാണം കഴിച്ചു വിടുന്നത്.... കുഞ്ഞും നാളിൽ ഒരു ദിവസം അച്ഛനോട് താൻ ചോദിച്ചു... "ആരാ പറഞ്ഞത് അതിനു അച്ഛൻ,എന്റെ ദേവൂട്ടിയെ കെട്ടിച്ചു വിടുമെന്നു....എന്റെ മുത്തിനെ അച്ഛൻ ഒരിടത്തേക്കും പറഞ്ഞു അയക്കില്ല കേട്ടോ..". "സത്യാണോ " "അതേടാ ചക്കരെ.. അങ്ങനെ കെട്ടിച്ചു വിട്ടാലേ,അപ്പോൾ പിന്നെ അച്ഛനും അമ്മയ്ക്കും ആരാ ഉള്ളത്...ഞങ്ങൾ ഒറ്റയ്ക്ക് ആവില്ലേടാ... അച്ഛനും അമ്മയ്ക്കും ഉവ്വാവ് വരുമ്പോൾ ഇവിടെ പിന്നെ ആരാ ഉള്ളത് ." ഒന്നാംക്ലാസുകാരിയായ ദേവുട്ടിയോട് അച്ഛൻ തിരിച്ചു ചോദിച്ചു.... "അച്ഛാ.. മുത്തശ്ശി പറയുവാ കിളിച്ചുണ്ടൻ മാവിന്റെ ച്ചില്ല ഒടിച്ചപ്പോൾ, നിന്നെ രണ്ടിനേം ഇവിടെന്നു അടിച്ചോടിക്കുമെന്ന് അങ്ങ് ദൂരെയ്ക്ക് ..." "ആഹഹാ അത് കൊള്ളാലോ.. ഞാൻ മുത്തശ്ശി യോട് ഒന്ന് ചോദിച്ചു നോക്കട്ടെ..." അച്ഛൻ അതും പറഞ്ഞു കൊണ്ട് കണ്ണുരുട്ടി ".. അപ്പോളേ ഈ ലെച്ചു ചേച്ചിയെന്നോട് പറഞ്ഞ് എന്നെ കെട്ടിച്ചുവിടും അങ്ങ് ദൂരേന്നു....അതാണ് മുത്തശ്ശി പറഞ്ഞതത്രെ " .

കുഞ്ഞുദേവുട്ടിയുടെ കൊഞ്ചൽ കേട്ടുകൊണ്ട് അച്ഛൻ എടുത്ത് പൊക്കിയ കഥ മുത്തശ്ശി എപ്പോളും പറയുമായിരുന്നു... മുതിർന്നപ്പോൾ ലെച്ചു ചേച്ചി ഇതും പറഞ്ഞു കൊണ്ട് തന്നെ എപ്പോളും കളിയാക്കുമായിരുന്നു.... എന്റെ അച്ഛനെ വിട്ട് ഞാൻ ഒരിടത്തും പോകില്ല,,,,....എനിക്ക് വിവാഹമേ വേണ്ട... ഞാൻ എന്റെ വീട്ടിൽ സമാധാനത്തോടെ കഴിഞ്ഞോളം..എങ്ങനെ എങ്കിലും ഒരു ജോലി സമ്പാതിക്കണം... അത് മാത്രമേ ഒള്ളു എന്റെ ആഗ്രഹം ..അന്നൊക്കെ താൻ വീറോടെ പറയുമായിരുന്നു, പക്ഷെ ഇന്നോ.... ഇപ്പോളോ... തന്റെ അച്ഛനെയും അമ്മയെയും മുത്തശിയെയും ഒക്കെ വിട്ടിട്ട് താൻ പോരുകയാണ്,....... അതും എത്രമാത്രം ദൂരേയ്ക്ക്.എന്തെങ്കിലും ഒരാവശ്യo വന്നാൽ ഒന്ന് ഓടി വരാൻ പോലും ആവില്ലാത്ത അത്ര ദൂരം ഉണ്ട്.. തിരുവനന്തപുരത്തു നിന്നും പാലക്കാടെയ്ക്ക് പുതിയ ആളുകൾ, പുതിയ നാട്...... എല്ലാം ഇനി പുതിയതാണ് തനിക്ക്....എല്ലാവരും ആയിട്ട് ഒന്ന് ഇണങ്ങി യോജിച്ചു വരാൻ ഇത്തിരി സമയം എടുക്കും എന്നാണ് അമ്മ പറഞ്ഞത്... റിസൾട്ട്‌ വരണം... അതിനു ശേഷം പി ജി ചെയ്യണം..

ആ ഒരു ആഗ്രഹം മാത്രമേ ഒള്ളു തനിക്ക്. പല വിധ ചിന്തകൾ ദേവൂട്ടിയുടെ മനസിലൂടെ ഓടി മാഞ്ഞു.. അതിനോടിടയിൽ നന്ദേട്ടൻ ആണെങ്കിൽ തന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലല്ലോ ഭഗവാനെ... ഇത്രനേരം ആയിട്ട് പോലും ഒരു വാക്കു പോലും ഉരിയാടാതെ ഇരിക്കുക ആണ്.അവൾ മെല്ലെ ഒന്ന് നോക്കി യപ്പോൾ നന്ദൻ അവന്റെ ഫോണിൽ എന്തൊക്കെയോ ചെയ്ത് കൊണ്ട് ഇരിക്കുക ആണ്.... താൻ എന്നൊരു വ്യക്തി അടുത്തിരിപ്പുണ്ടോ എന്ന് പോലും നന്ദേട്ടന് ഒരു വിചാരവും ഇല്ലന്ന് അവൾ ഓർത്തു.. വളവും തിരിവും ഉള്ള വഴിയിൽ കൂടി കുറെ ദൂരം പിന്നിട്ടു കഴിഞ്ഞു... അവളാണെങ്കിൽ ആദ്യം ആയിട്ട് ആണ് ഇത്രയും ദൂരം വരുന്നത്..അതുകൊണ്ട് പാവം മടുത്തു പോയിരിന്നു. ഇനി ഒരുപാട് ദൂരം ഉണ്ടോ നന്ദേട്ടാ വീട്ടിലേക്ക് ..... ഒടുവുൽ മൗനത്തിനു വിരാമം കുറിച്ചുകൊണ്ട് ദേവു പതിയെ നന്ദനോട് ചോദിച്ചു...

എന്താ നിനക്ക് മടുത്തോടി ഇത്ര വേഗന്നു .....? അവന്റെ പെട്ടന്നുള്ള മറുപടിയും, ദേവൂട്ടി എന്നതിന് പകരം... നീ... എന്നുള്ള വിളിയും അവളെ ഞെട്ടിച്ചു... ദേവു അവന്റെ മുഖത്തേക്ക് നോക്കിയതും നന്ദൻ അറപ്പോടെ മുഖം വെട്ടി തിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു. ദേവു മറുത്തൊരക്ഷരം പോലും പറയാതെ കൊണ്ട് കുനിഞ്ഞ മുഖത്തോടെ ഇരിക്കുക ആണ് ചെയ്തത്. അപ്പോളേക്കും ആ മിഴികൾ ഈറൻ അണിഞ്ഞു. അവളുടെ തേങ്ങൽ ഉയർന്നതും നന്ദൻ ദേഷ്യത്തിൽ ദേവുവിന്റെ കൈ തണ്ടയിൽ ഒന്നമർത്തി. ആഹ്.... വേദന കൊണ്ടവൾ ഞെരുങ്ങി. "ശ്.......നിന്റെ ശബ്ദം വെളിയിലേക്ക് വരരുത് കേട്ടോടി, വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടി " അവൻ മുരണ്ടു "നന്ദേട്ടാ... ഞാന്...." "അവളെന്തോ പറയാൻ തുടങ്ങി. "നിന്നോട് മിണ്ടാതെ ഇരിക്കാൻ അല്ലേടി പുല്ലേ പറഞ്ഞത്...." ശബ്ദം താഴ്ത്തി ആണെങ്കിൽ പോലും അവന്റെ വാക്കുകൾ ഉറച്ചത് ആയിരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story