അനിയത്തിപ്രാവ് : ഭാഗം 37

aniyathipravu

രചന: മിത്ര വിന്ദ

അവൾ മടങ്ങിവന്ന ദിവസം, അവളെ വാരിപുണരുവാൻ തന്റെ മനസ് വെമ്പിയതാണ്...... പക്ഷെ അപ്പോൾ അവളോട് ദേഷ്യം തോന്നി, ഇത്രയും ദിവസം തന്നെ പിരിഞ്ഞുപോയതല്ലേ എന്ന്.. തന്നെ കാണാതെ, തന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു അവൾ പോയല്ലോ എന്നു ഓർത്തപ്പോൾ ഒരു കുഞ്ഞ് നൊമ്പരം തോന്നി... ഒപ്പം പെണ്ണിനോട് ദേഷ്യവും.. "എന്നിരുന്നാലും ശരി അമ്പലത്തിൽ അവളെയും കൂട്ടി വൈകിട്ടു പോകാമെന്നും,തന്റെ വലം കൈ അവളുടെ കൈ വിരലുകളിൽ കോർത്തിണക്കി ചുറ്റമ്പലത്തിനു പ്രദക്ഷിണം വെക്കണമെന്നും, അവിടെ വെച്ച്, മകന്റെവിവാഹം നടത്തിത്തരാൻ, തന്റെ അമ്മ പ്രാർത്ഥിച്ച ആ ദേവിയുടെ നടയിൽ വെച്ചു അവളോട് ആയിരം ആവർത്തി ക്ഷമ പറയണമെന്നും, ദേവിയെ സാക്ഷിയാക്കി പുതിയൊരു ജീവിതം തുടങ്ങണമെന്നും...... എന്തൊക്കെ ആയിരുന്നു താൻ കണക്കു കൂട്ടിയത് h.... എല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞു.. സർ,...... ഓർമകളിൽ നിന്നും നന്ദൻ ഞെട്ടി എഴുനേറ്റു... ദേവുട്ടിയുടെ അരികത്തായി അവൻ ഇരിക്കുകയാണ്.. .

സിസ്റ്റർ അനുപമ ആണ് അവനെ വന്നു വിളിച്ചത്... സർ, മാഡത്തിന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്, കാണണം എന്ന് പറഞ്ഞു പുറത്തു വെയിറ്റ് ചെയ്യുകയാണ്.... അവർ പറഞ്ഞു. നന്ദൻ അനുമതി കൊടുത്തതും മാധവ വാര്യരും ഭാര്യയും കൂടി അകത്തേക്ക് വന്നു.. ദേവു നല്ല മയക്കത്തിൽ ആയിരുന്നു.... നിശബ്ദരായി കരയുകയാണ് അച്ഛനും അമ്മയും, പാവം ദേവു ഒന്നും അറിഞ്ഞിരുന്നില്ല.. പിറ്റേ ദിവസം രാവിലെ തന്നെ ദേവുവിനെ റൂമിലേക്ക് മാറ്റപെട്ടു.. പിന്നീടുള്ള ദിവസങ്ങളിൽ അവളെ പരിചരിക്കുവാൻ ആളുകൾ ഒരുപാട് ഉണ്ടായിരുന്നു... നന്ദൻ ആർക്കും ശല്യമാകാതെ സ്വയം മാറി നിൽക്കുവാൻ ശ്രദ്ധിച്ചിരുന്നു.. എന്നാലും ദേവുവിന് അവളുടെ നന്ദേട്ടന്റെ സാമിപ്യം ആയിരുന്നു വേണ്ടതും, അവൾ ആഗ്രഹിച്ചതും.... നന്ദൻ വരുമ്പോൾ അവളുടെ കണ്ണുകളിൽ തെളിയുന്ന തിളക്കം നന്ദന് മാത്രം കാണാമായിരുന്നു... ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ... അത് അവനെ കാണുമ്പോൾ മാത്രം ആയിരുന്നു... ഡിസ്ചാർജ് ആയ ദിവസം മാധവ വാര്യർ നന്ദനെ പതിയെ സമീപിച്ചു.. മോനേ.... ദേവൂട്ടിക്ക് പരസഹായം ഇല്ലാതെ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ, അതുകൊണ്ട് മോളെ ഞങ്ങൾ കൊണ്ടുപോകുക ആണ്....

സരസ്വതി അമ്മയ്ക്കും വയ്യല്ലോ, രണ്ട് മാസം മോൾ അവിടെ നിൽക്കട്ടെ.... അയാൾ നന്ദനെ നോക്കി... അതാ നല്ലത് കേട്ടോ മോനേ, മോളെ ഞങ്ങൾ കൊണ്ടുപോയ്ക്കോളാം...... ദേവുവിന്റെ അമ്മയും ഭർത്താവിന്റെ നിർദ്ദേശം ശരി വെച്ചു... എന്താ നിങ്ങൾ എല്ലാവരും കൂടി ഒരു ചർച്ച....... മൂന്നുപേരുടെയും അടുത്തേക്ക് സരസ്വതി അമ്മ കടന്നു വന്നു കൊണ്ടു ചോദിച്ചു . അമ്മേ, നമ്മുടെ കിഴക്കേപറമ്പിൽ നാളികേരം പിരിക്കാൻ വരണ രാഘവേട്ടൻ ഇല്ലേ, പുള്ളിക്കാരന്റെ ഭാര്യ രാജമ്മ ഇപ്പോൾ എവിടെയാ അമ്മേ... നന്ദൻ അമ്മയോട് ചോദിച്ചു.. രാജമ്മ ഇടക്കൊക്കെ വീട്ടിൽ വരും മോനേ, തറയൊക്കെ തുടയ്ക്കാനും മുറ്റം അടിക്കാനും ഒക്കെ, അവൾ അവിടെ ഉണ്ട്, സ്ഥിരം പണി ഇല്ലാത്തത്കൊണ്ട് ആണ് മോൻ ഇപ്പോൾ അവളെ കാണാത്തത്, ആട്ടെ എന്താണ് നീ ഇപ്പോൾ രാജമ്മയെ കുറിച്ച് ചോദിച്ചത്, ഇവിടെ എങ്ങാനും വെച്ച് കണ്ടോ നീയ്.... സരസ്വതി അമ്മ മകനെ നോക്കി... പറയാം അമ്മേ, അവരുടെ നമ്പർ കിട്ടാൻ എന്തേലും വഴിയുണ്ടോ... നന്ദൻ അവന്റെ താടിയിൽ പെരുവിരൽ ഊന്നിക്കൊണ്ട് ചോദിച്ചു..

ആഹ് എന്റെ ഫോണിൽ ഉണ്ട്, ഇതാ..... എന്നും പറഞ്ഞു അവർഫോൺ മകന് കൊടുത്തു... എന്താടാ കാര്യം എന്ന് അവർ വീണ്ടും ചോദിച്ചെങ്കിലും മകൻ ഒന്നും പറയാതെ ഫോണുമായി പുറത്തേക്ക് പോയി... ഞങ്ങൾ ദേവൂട്ടിയെ കൊണ്ടുപോകുന്ന കാര്യം പറയുവായിരുന്നമ്മേ, ഇവിടെ അമ്മക്കും പറ്റില്ലാലോ അവളെ നോക്കുവാൻ,,,ഒറ്റയ്ക്ക് ഇനി കുട്ടിയ്ക്ക് സ്വന്തം കാര്യങ്ങൾ ഒക്കെ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് ആവും ല്ലോ..അതാണ്... വാര്യർ അത് പറഞ്ഞപ്പോളേക്കും നന്ദൻ ഫോണുമായി അവർക്കരികിലേക്ക് വന്നു... "ദേവൂട്ടി, മോൾ ഞങളുടെ ഒപ്പം നാട്ടിലേക്ക് പോരുക കെട്ടോ, കുറച്ചു ദിവസം കഴിഞ്ഞു മടങ്ങാം എന്തെ? വാര്യർ മകളോട് ചോദിച്ചപ്പോൾ ദേവു തലയാട്ടി.... കാരണം അവൾക്കും അറിയാം തനിക്ക് ഇനി ഇപ്പോളത്തെ അവസ്ഥയിൽ പരസഹായം ഇല്ലാതെ പറ്റില്ല എന്ന്... നന്ദൻ അപ്പോളും ദേവുവിനെ നോക്കി നിൽക്കുകയാണ്.. നിനക്ക് കഴിയുമോ ദേവു എന്നെ വിട്ട് പോകുവാൻ,,,, കഴിഞ്ഞ രാത്രിയിൽ തന്റെ ദേഹത്ത് പറ്റിച്ചേർന്നു കിടന്ന ദേവു, താൻ കൈ എടുത്തു മാറ്റിയപ്പോൾ ഒന്നുകൂടെ അവൾ തന്നിലേക്ക് ചേർന്നു,,,,

ഇനി ഒരിക്കലും തന്നെ വിട്ടു പോകില്ല എന്ന അർഥത്തിൽ....അവളെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് ആയിരുന്നു ആ രാത്രിയിൽ മുഴുവൻ താൻ ഉറക്കം വെടിഞ്ഞു കൊണ്ട് ദേവൂനെ നോക്കി കിടന്നത്.. സർജറി കഴിഞ്ഞു അബോധവസ്ഥയിലും അവളുടെ നാവ് ചലിച്ചത് നന്ദേട്ടാ എന്ന വിളിയിലൂടെ ആണ്.... ആ ദേവൂട്ടിയെ ഞാൻ അവളുടെ വീട്ടിലേക്ക് വിടാനോ, അമ്മേ, ദേവുവിനെ അങ്ങോട്ട് വിടേണ്ട ആവശ്യം ഇല്ല ഇപ്പോൾ, ദേവൂന്റെ കാര്യങ്ങൾ നോക്കാൻ നമ്മുടെ രാജമ്മ ചേച്ചിയെ ഏർപ്പാട് ചെയ്ത് ഞാന് ...പിന്നെ ഹോസ്പിറ്റലിൽ ചെക്ക് അപ്പ്‌ ന് വരണമെങ്കിൽ പോലും നമ്മുടെ വീട് ആണ് സൗകര്യം....അതുകൊണ്ട് എന്റെ അഭിപ്രായം ദേവൂ എവിടേയ്ക്കും പോകേണ്ട എ ന്നാണ്. സരസ്വതിഅമ്മയെ നോക്കി കൊണ്ടു നന്ദൻ പറഞ്ഞു.. "എങ്കിൽ ഞാൻ പോരുന്നില്ല അമ്മേ, ഏട്ടൻ പറയുന്നത് പോലെ ചെയ്യാം... അതാരിക്കും എല്ലാവർക്കും സൗകര്യം . " നന്ദന്റെ തീരുമാനം കേട്ടതും ദേവു പെട്ടന്നു അവളുടെ അമ്മയോടായി പറഞ്ഞു...

മാധവവാര്യരും ഭാര്യയും പിന്നെ ഒന്നും സംസാരിച്ചില്ല, കാരണം മകളെ കൊണ്ടുപോകണം എന്ന ആഗ്രഹം അവർക്ക് ഉണ്ടെങ്കിലും അവൾക്ക് വരാൻ താല്പര്യമില്ല എന്നാണ് അവൾ പറഞ്ഞതിന്റെ അർഥം.. അത് അവർക്ക് ഒക്കേ മനസിലായി.. സരസ്വതിയമ്മക്ക് പെട്ടന്നുണ്ടായ മകന്റെ മാറ്റത്തിലെ അങ്കലാപ്പ് വിട്ടുമാറിയില്ല..... ഇനി എന്താണ് മകന്റെ ഉദ്ദേശം... അതാണ് അവരെ കൂടുതൽ ഭയപ്പെടുത്തിയത്... ഇത്രയും പെട്ടന്ന് നന്ദൻ, ദേവൂനെ തിരികെ കൊണ്ട് പോകാൻ വാശി പിടിക്കുന്നു എങ്കിൽ അതിനു എന്തെങ്കിലും അരുതാത്ത ഉദ്ദേശം ഉണ്ടോ... അവർ പല ആവർത്തി ചിന്തിച്ചു നോക്കി. പക്ഷെ ദേവൂട്ടിക്ക് അറിയാമായിരുന്നു തന്റെ നന്ദേട്ടന്റെ ഇടനെഞ്ചിലെ ചൂട് തനിക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന്.... ഈ ജന്മം മുഴുവൻ കാത്തിരുന്നാലും ശരി നന്ദേട്ടനെ വിട്ട് തനിക്ക് ഒരു ജീവിതം ഇല്ല...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story