അനിയത്തിപ്രാവ് : ഭാഗം 38

aniyathipravu

രചന: മിത്ര വിന്ദ

സരസ്വതിയമ്മക്ക് പെട്ടന്നുണ്ടായ മകന്റെ മാറ്റത്തിലെ അങ്കലാപ്പ് വിട്ടുമാറിയില്ല..... പക്ഷെ ദേവൂട്ടിക്ക് അറിയാമായിരുന്നു തന്റെ നന്ദേട്ടന്റെ ഇടനെഞ്ചിലെ ചൂട് തനിക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന്.... വീട്ടിലെത്തിയതും രാജമ്മ വന്നു എല്ലാം ക്രമീകരിച്ചിരുന്നു, അവർ വരുമ്പോളേക്കും എല്ലാം ശരിയാക്കി വെയ്ക്കുവാൻ ഗുപ്തൻനായർ ആണ് അവർക്ക് നിർദ്ദേശം കൊടുത്തത്.. താഴത്തെ മുറിയാണ് റെഡി ആക്കി വെച്ചിരിക്കുന്നത് കെട്ടോ കൊച്ചമ്മേ, ദേവുവിനേം കൊണ്ടു വണ്ടിയിൽ നിന്നിറങ്ങിയ സരസ്വതിഅമ്മയോടായി രാജമ്മ പറഞ്ഞു.. നിങ്ങളെ വന്ന വണ്ടിയിൽ തന്നെ തിരിച്ചു വിടണോ, വന്നപ്പോൾ തന്നെ അവർ റൂം രണ്ടാക്കാൻ നോക്കുന്നോ, നന്ദൻ പല്ലിറുമ്മി കൊണ്ടു അവരെ നോക്കി.. ദേവൂന് കൈക്ക് മാത്രമേ കുഴപ്പം ഒള്ളു, കാലിനു പ്രോബ്ലം ഒന്നും ഇല്ല എന്നും പറഞ്ഞു നന്ദൻ ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന ബാഗുകൾ എടുത്തു മുറ്റത്തേക്ക് വെച്ചു.. അങ്ങനെ ദേവു അവരുടെ സ്വന്തം മുറിയിലേക്ക് തന്നെ കയറി പോയി.. എന്തായാലും ദേവുട്ടിയോട് പെട്ടന്ന് സ്നേഹം ഒന്നും കാണിക്കേണ്ട, പതിയെ, പതിയെ അവളുടെ മനസ്സിൽ ഇടം നേടിയെടുക്കാം, അതല്ലേ അതിന്റെ ഒരു ത്രില്ല്... നന്ദൻ തീരുമാനിച്ചുറപ്പിച്ചു...

രണ്ട് ദിവസം കൂടി നിന്നിട്ട് മാധവ വാര്യരും, ഭാര്യയും മകളുടെ അടുത്ത് നിന്നും മടങ്ങി.... ദേവൂട്ടിയെ സഹായിക്കുവാനായി രാജമ്മ സർവസമയവും ഉണ്ടായിരുന്നു.. അങ്ങനെ ദിവസങ്ങൾ പിന്നിട്ടു, ദേവൂട്ടി സാധാരണ നിലയിലേക്കു പതിയെ പതിയെ മടങ്ങി എത്തി,,,,, നന്ദന്റെ മനസ്സിൽ തനിക്ക് സ്ഥാനം ഉണ്ടെന്നു ദേവൂട്ടിക്ക് അറിയാം, നന്ദേട്ടൻ ജാട കാണിക്കുന്നതാണെങ്കിൽ താനും അത്രക്ക് മോശം ആകുന്നില്ല, അവളും തീരുമാനിച്ചു.. അമ്മേ, ഇനി രാജമ്മ ചേച്ചിയുടെ സഹായം വേണ്ട കെട്ടോ, എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല, ഇനി നമ്മൾക്ക് ചേച്ചിയെ പറഞ്ഞു വിടാം , ഒരു ദിവസം ഹോസ്പിറ്റലിൽ പോയി വന്ന ദേവു പറഞ്ഞു.... അങ്ങനെ അങ്ങനെ ദേവൂട്ടി പഴയതുപോലെ ഉഷാറായി വന്നു.. ഒരു ശലഭം കണക്കെ അവൾ പാറി പറന്നു നടക്കുന്നത് നോക്കി സന്തോഷത്തോടെ നന്ദൻ ഇരുന്ന്. ഒരു ദിവസം നാട്ടിൽ നിന്നു ദേവുട്ടിയുടെ അച്ഛൻ വിളിച്ചു.... മോളെ, നിന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച മെറിൻ ഇല്ലേ, അവൾ ഇന്ന് ഇവിടെ വന്നിരുന്നു, പാലക്കാട്‌ വെച്ച് അവൾക്ക് എന്തോ എക്സാം ഉണ്ടെന്നു,നിന്റെ അടുത്ത് വന്നിട്ട് ഒരു ദിവസം നിന്നിട്ട് പോകാൻ ആണ് അവളുടെ പ്ലാൻ...

എന്താ കുട്ടീടെ അഭിപ്രായം? "അതിനെന്താ അച്ഛാ, മെറിൻ വന്നോട്ടെ, എനിക്ക് ആണെങ്കിൽ അവളെ ഒന്ന് കാണുകയും ചെയാം.ഒരുപാട് ആയില്ലേ അവളെ ഒക്കെ ഒന്ന് കണ്ടിട്ട് ... ദേവു അതീവസന്തോഷത്തോടെ പറഞ്ഞു "ഒക്കെ അച്ഛാ... ഞാനേ മെറിന്റെ നമ്പറിൽ വിളിച്ചോളാം എന്ന് പറഞ്ഞു ദേവു ഫോൺ വെച്ചു.. അന്ന് വൈകുന്നേരം അവൾ നന്ദനോട് ഈ കാര്യം പറയുകയും ചെയ്തു, "അവർ വന്നിട്ടു പോകട്ടെ " എന്ന് നന്ദൻ ഒരു ഒഴുക്കൻ മട്ടിൽ പ്രതികരിച്ചു... അടുത്ത ദിവസം രാവിലെ സർജറി ഡേ ആയിരുന്നു, നന്ദൻ തിരക്കുള്ളതിനാൽ രാവിലെ പോയി... ദേവു ആണെങ്കിൽ അന്ന് കൂട്ടുകാരി വരുന്നതിനാൽ ഭയങ്കര തിരക്കിൽ ആയിരുന്നു... ഉച്ച കഴിഞ്ഞു ആണ് ദേവു ഫ്രീ ആയത്, റൂമിൽ എത്തിയപ്പോൾ അവൾ വെറുതെ ഫോൺ എടുത്തു നോക്കി.... 38മിസ്സ്ഡ് കാൾ... എല്ലാം കോളേജിൽ നിന്നും, വീട്ടിൽ നിന്നും ഉള്ളതായിരുന്നു... ഈശ്വരാ... എന്താ ഇപ്പോൾ പറ്റിയേ...ഇത്രയും തവണ വിളിച്ചത്.. അവൾക്ക് നെഞ്ചിനോക്കെ ഒരു പ്രയാസം പോലെ തോന്നി. "ദേവൂട്ടി, മോളെ....... ഓടി വാ കുട്ടി " സരസ്വതി അമ്മ അലറി വിളിക്കുന്നത് കേട്ടു ദേവു പാഞ്ഞു ചെന്നു..

"എന്റെ കൃഷ്ണ, അമ്മക്ക് ഒന്നും വരുത്തരുതേ..... അവൾ പ്രാർത്ഥിച്ചു കൊണ്ട് ഓടി.... അമ്മേ...... എന്ത് പറ്റി.. ഓടിവരുന്ന ദേവൂട്ടിയെ കണ്ടുകൊണ്ടാണ് നന്ദൻ അകത്തേക്ക് കയറിവന്നത്... സരസ്വതി അമ്മ അപ്പോളേക്കും അവരുടെ കൈയിൽ ഇരുന്ന ഫോൺ ദേവൂട്ടിക്ക് കൈമാറി.. വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ മേടിച്ചു കാതോട് ചേർത്തു.. മറുതലക്കൽ നിന്നു കേട്ട വാർത്ത അറിഞ്ഞതും ദേവു പരിസരം പോലും മറന്നു ഓടിച്ചെന്നു നന്ദനെ കെട്ടിപ്പുണർന്നു.. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞൊഴുകി.. എന്താ ദേവു, എന്ത്പറ്റി.... അവൻ അവളോട് പല കുറി ചോദിച്ചു. പക്ഷെ അവൾക്ക് ഒരു വാക്ക് പോലും ഉരിയാടാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.. "എന്താണെങ്കിലും പറയു, നീ ഇങ്ങനെ കരയാതെ........." അവൻ ദേവൂട്ടിയെ തന്നിൽ നിന്നും അല്പം ബലം പ്രയോഗിച്ചു അടർത്തിമാറ്റി കൊണ്ടു ചോദിച്ചു.. ഏട്ടാ , എനിക്ക് ആണ് ബി കോം പരീക്ഷക്ക് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക്..... നന്ദന് സ്വന്തം കാതുകളെ വിശ്വസിക്കാൻ ആയില്ല, ഈശ്വരാ, തന്റെ ദേവു,....

ഇവൾ ഇത്രമാത്രം നന്നായി പഠിക്കുവായിരുന്നോ..... സത്യത്തിൽ തന്റെ ദേവു പഠിക്കുന്നത ഏത് വിഷയം ആണെന്ന് പോലും താൻ ഇതുവരെ ചോദിച്ചില്ല..... കുറ്റബോധം കൊണ്ടു അവന്റെ ചങ്ക് നീറി.. നിറ മിഴിയാലേ ദേവു പറയുന്ന ഓരൊ കാര്യങ്ങൾ കേട്ട് കൊണ്ട് അവൻ നിൽക്കുയാണ് ചെയ്തത്. സരസ്വതി അമ്മ ഓരോരുത്തരെ ആയി വിളിച്ചു സന്തോഷ വാർത്ത പറഞ്ഞു കൊണ്ടു ഇരിക്കുകയാണ്... ഓമന കുഞ്ഞമ്മ ആണെങ്കിൽ കേട്ടത് വിശ്വസിക്കാൻ ആവാതെ ദേവൂന്റെ കൈയിൽ ഫോൺ കൊടുക്കാൻ സരസ്വതിയമ്മയോട് ആവശ്യപ്പെട്ടു. അവൾ പറഞ്ഞു കഴിഞ്ഞതും അവർക്കു സന്തോഷത്തിനു അതിരില്ലായിരുന്നു. ദേവൂനെ നന്ദൻ ഒന്ന് നോക്കിയതും പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു. ഇവൾ റൂമിലോട്ട് വരികയാണെങ്കിൽ അവളെ ചുംബനങ്ങൾ കൊണ്ടു പൊതിയണം എന്നാഗ്രഹം ഉണ്ട് നന്ദന്, അത്രക്ക് തന്റെ മനസ് കൊതിക്കുന്നുണ്ട് അവളിലേക്ക് ആളിപടരുവാൻ....... പെട്ടന്നാണ് ഒരു കാർ മുറ്റത്തു വന്നു നിന്നത്... ഹായ് മെറിൻ ആയിരിക്കും അത് ...... ദേവു ഓടിച്ചെന്നു.. പിന്നെ അങ്ങോട്ട്‌ എല്ലാവർക്കും സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു..

പിറ്റേദിവസം ഗംഭീരമായ പാർട്ടി നടത്തുവാൻ എല്ലാവരും തീരുമാനിച്ചു.. അന്ന് വൈകുന്നേരം നന്ദൻ ഒന്ന് പുറത്തു പോയിട്ട് റൂമിൽ എത്തിയപ്പോൾ ദേവൂട്ടി മെറിനും ആയി സംസാരിക്കുക ആണ്..... ഞാൻ ഹരിസാറിനോട് വിളിച്ചു പറഞ്ഞു നിന്റെ അടുത്താണെന്നു, സാർ ആണെങ്കിൽ ഹൃദയത്തിൽ നിന്നും ഒരു കൺഗ്രാറ്സ് പറയാൻ പറഞ്ഞു കെട്ടോ.... മെറിൻ ദേവുട്ടിയോട് പറഞ്ഞു.. ദേവു ഒന്ന് മൂളുക മാത്രം ചെയ്തു.. ശരിക്കും സാർ ആഗ്രഹിച്ചിരുന്നു നീയും ഒത്തൊരുമിച്ചു ഒരു ജീവിതം, നിന്നേ സാറിന് ജീവൻ ആയിരുന്നു കേട്ടോ ദേവു...., നിന്റെ വിവാഹം കഴിഞ്ഞെന്നു അറിഞ്ഞു സാർ ആകെ തകർന്നു പോയി, ഹ്മ്മ്... നീയും ഒരുപാട് ആഗ്രഹിച്ചതല്ലേ ദേവു, സാറിനെ നിന്റെ പ്രാണൻ ആക്കുവാനായി...മാറ്റർക്കും അറിയില്ലെങ്കിലും എനിക്ക് അറിയാം മോളെ... പിന്നെ വിധിച്ചത് നിനക്ക് നന്ദൻ ഡോക്ടർ ആണ്...

അല്ലായിരുന്ന് എങ്കിൽ ഒരുപക്ഷെ... മെറിന്റെ സംസാരം കേട്ടു മിടിക്കുന്ന ഹൃദയത്തോടെ നന്ദൻ വെളിയിൽ നിന്നത്.. ഹരിസാർ, ദേവുവിന്റെ എല്ലാം എല്ലാമായിരുന്നു എന്നാണ് മെറിൻ പറഞ്ഞത്,....... നിങ്ങൾ വരൂ കുട്ടികളെ, അമ്മ വിളിച്ചത് കേട്ടുകൊണ്ട് രണ്ടാളും പറച്ചിൽ അവസാനിപ്പിച്ചു... ദേവുവിന്റെ മറുപടി എന്താണെന്നു മാത്രം ഹരിക്ക് അറിയുവാൻ കഴിഞ്ഞില്ല... ദേവൂട്ടിക്ക് റാങ്ക് കിട്ടിയത് അറിഞ്ഞു അവൾക്ക് കൊടുക്കാനായി ഒരു വൈഡൂര്യ കമ്മൽ മേടിച്ചുകൊണ്ടു വന്നതാണ് നന്ദൻ, അവൻ പതുക്കെ ആ സമ്മാനപൊതിയുമായ് അവിടെ നിന്നും ഇറങ്ങി വെളിയിലേക്ക് പോയി... എല്ലാ പ്രതീക്ഷകളും അസ്തമിച്ചതായി അവനു തോന്നി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story