അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 36

anuraga karikkin vellam

എഴുത്തുകാരി: റീനു

അവൻ തനിക്ക് വേണ്ടി പ്രിയപ്പെട്ട ഒരു സമ്മാനം വാങ്ങി എന്ന ചിന്ത അവളിൽ ഉണർത്തിയത് അതീവ സന്തോഷമാണ്. ഒരു നിമിഷം വലിയ ആകാംക്ഷയോടെ തന്നെ അവൾ അത്‌ തുറന്നു, അതിൽ നിന്നും ആ സാരീ അവൾ പുറത്തേക്ക് എടുത്തു. പീച്ച് നിറത്തിൽ ഗോൾഡൻ കരയോടു കൂടിയ ഒരു കോട്ടൻ സാരി ആയിരുന്നു അത്. വളരെ ലളിതമായ ഒരു സാരി, അവന്റെ പ്രവർത്തികൾ പോലെ.. അവൾക്ക് അങ്ങനെയുള്ളതായിരുന്നു പ്രിയം... അവൾ അത് എടുത്തു അതുതന്നെ ഉടുക്കാൻ തീരുമാനിച്ചപ്പോഴാണ് അതിന് ബ്ലൗസ് ഇല്ലല്ലോന്ന കാര്യം ഓർത്തത്, പിന്നെ വേഗം അലമാര തുറന്നു കല്യാണ ബ്ലൗസ് എടുത്തു, അതും ഗോൾഡൻ കരയുള്ളതാണ് അതിന് ചേരുന്നതു തന്നെ, അവസാനം അത് ഉടുക്കാൻ വല്ലാത്തൊരു ആവേശത്തോടെയാണ് തുടങ്ങിയത്.. സാരി ഉടുത്തു പരിചയമൊന്നുമില്ല എങ്കിലും എങ്ങനെയൊക്കെയോ അറിയാവുന്ന അറിവ് വച്ച് നന്നായി ഞൊറിഞ്ഞുടുത്തു, ഒരുക്കം എല്ലാം കഴിഞ്ഞു കണ്ണാടി നോക്കി ഒന്നു കൂടി തൃപ്തി വരുത്തി..

പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപേ ആള് അകത്തേക്ക് വന്നിരുന്നു, " നന്നായിട്ട് ചേരുന്നുണ്ടല്ലോ, മനസ്സുനിറഞ്ഞു എന്ന് ആ മുഖത്ത് വ്യക്തമായിരുന്നു, " എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട നിറം ആണ് ഇത്... ആവേശത്തോടെ പറഞ്ഞു അവൾ... "അത്‌ എനിക്കറിയില്ലായിരുന്നു വെറുതെ കണ്ടപ്പോ വാങ്ങിയത് ആണ്.... " അടുത്തെങ്ങാനും വാങ്ങിയതാണോ..?? കൗതുകത്തോടെ ആണ് ചോദിച്ചത്... " അതേ ഇന്നലെ..! ഞാൻ പുറത്തു പോയപ്പൊൾ ഫ്രണ്ടിൻറെ കൂടെ ടെക്സ്റ്റൈൽ ഷോപ്പിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു, അവിടെ കണ്ടതാ, അപ്പൊൾ വാങ്ങി, ഇന്ന് പോകണം എന്ന് കരുതി,അപ്പോൾ ഇന്ന് തരാം എന്ന് വിചാരിച്ചു, ചിരിയോടെ പറഞ്ഞു അവൻ... " ശരിക്കും എനിക്ക് തന്നെ വാങ്ങിയതാണോ...? വിശ്വസിക്കാൻ കഴിയാതെ അവൾ ഒരിക്കൽ കൂടി ചോദിച്ചു, "അതെന്താ അങ്ങനെ ഒരു ചോദ്യം...? എനിക്ക് അങ്ങനെ മറ്റ് സ്ത്രീകളുമായി അടുപ്പമോന്നും ഇല്ലെടോ, ഒരു തമാശപോലെ അവൻ പറഞ്ഞു.. " അയ്യോ അങ്ങനെ അല്ല ഉദ്ദേശിച്ചത്.... അവൾ നാക്കു കടിച്ചു... "

അമ്മച്ചിക്കൊ ആശ ചേച്ചിക്കൊ മറ്റോ വാങ്ങിയതാണോന്ന് അറിയാൻ വേണ്ടി, " അങ്ങനെയാണെങ്കിൽ ഞാൻ അവർക്ക് കൊടുക്കില്ലേ..? ഞാൻ തനിക്ക് വേണ്ടി തന്നെ വാങ്ങിയതാടോ..! പറഞ്ഞപ്പോൾ ശബ്ദം അൽപ്പം നേർത്തിരുന്നു... അതോടൊപ്പം മുഖത്ത് മിന്നിമറഞ്ഞ കള്ളച്ചിരി അവൾ കണ്ടിരുന്നു.... " എനിക്ക് ഒരുപാട് സന്തോഷമായി...! യാതൊരു മറയുമില്ലാതെയുള്ള അവളുടെ വാക്കുകൾ അവന്റെ മുഖത്തും തെളിച്ചം സമ്മാനിച്ചിരുന്നു.... "' എന്തിന്..? അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് അവൻ അത് ചോദിച്ചത്... " എനിക്ക് വേണ്ടി ആദ്യമായി ഒരു സമ്മാനം..! എനിക്ക് വേണ്ടി മാത്രമായി വാങ്ങിയത് അല്ലേ..? അതൊരു സന്തോഷമല്ലേ, മനസ്സ് നിറഞ്ഞതിനാൽ വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ചു... അവളുടെ അരികിലേക്ക് ചെന്ന് അവളുടെ ചുമലിൽ അവൻ കൈവെച്ചു, ഒരു തരിപ്പ് ആ ഒരു നിമിഷം അവൾ അറിഞ്ഞു...

ആദ്യമായാണ് ഇത്രയും അരികിൽ അരികിൽ ഇങ്ങനെ തൊട്ടു സംസാരം, അമ്പരപ്പോടെ തന്നെ അവന്റെ മുഖത്തേക്ക് അവൾ നോക്കി... അവന്റെ നയനങ്ങളുടെ ആകർഷണത്തിൽ നിന്നും കണ്ണുകളെ പിൻവലിക്കാൻ അവൾക്ക് കഴിഞ്ഞില്ല... " എനിക്കിഷ്ടം ഉണ്ടെന്ന കാര്യത്തിൽ സംശയമുണ്ടോ...? അവളുടെ കണ്ണുകളിലേക്ക് നോക്കി ഇരു ചുമലുകളിലും കൈ വെച്ചുള്ള അവൻറെ ചോദ്യം ആ പെണ്ണിനെ വലയ്ക്കാൻ ധാരാളമായിരുന്നു, ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ കണ്ണിമചിമ്മാതെ അവൻ നോക്കി നിന്നു... " ഈ നിമിഷം എനിക്ക് സംശയമില്ല ഇച്ചായ... അവളുടെ വാക്കുകൾ ദൃഢമായിരുന്നു, ഒന്ന് പുഞ്ചിരിച്ചവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി, ആദ്യമായി തന്റെ പുരുഷൻറെ ചൂട് അറിഞ്ഞവൾ..! ഒരു പുതിയ അനുഭൂതിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു..

ആ നെഞ്ചിൽ ഒന്ന് ചായാൻ അവളും ആഗ്രഹിച്ചിരുന്നു ഏറെ... സ്വയം മറന്ന് അവൾ അവനെ തിരികെ പുണർന്നു, കുറച്ചുസമയം നീണ്ടുനിന്നൊരു ആലിംഗനം..! ഇരുവർക്കും അത് പുതിയൊരു അനുഭൂതിയായിരുന്നു സമ്മാനിച്ചത്... "മോളെ...! പുറത്തുനിന്നുള്ള ഗ്രേസിയുടെ വിളിയാണ് രണ്ടുപേരെയും യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്... അവനിൽനിന്നും അകന്നു മാറിയവൾക്ക് അവനെ നോക്കുവാൻ തന്നെ ഒരു വല്ലാത്ത മടി ആയിരുന്നു, അവനും ആ അവസ്ഥയിൽ ആയിരുന്നു.. അവൻ പുറത്തേക്കിറങ്ങി പോയിരുന്നു.. ഭക്ഷണം കഴിക്കാൻ തീൻമേശയിലേക്ക് എത്തിയപ്പോഴും ഈ ഒളിച്ചുകളി ഇരുവരും തുടർന്നുകൊണ്ടേയിരുന്നു... അനുരാഗത്തിൻ മധുരമുള്ള മറ്റൊരു ഭാവം...കണ്ണുകളിൽ രണ്ട് സാഗരം ഒളിപ്പിച്ചു വച്ചിട്ടുണ്ട് അവൾ എന്ന് അവന് തോന്നി.. തന്നെ കാണുമ്പോൾ ഒരു തിരയിളക്കം ആ മിഴികളിൽ അവൻ കണ്ടു... അമ്മയോടും ജീനയോടും യാത്ര പറഞ്ഞ് കാറിൽ അവനൊപ്പം കയറുമ്പോൾ അവളുടെ മനസ്സും തുടികൊട്ടിയിരുന്നു...

അങ്ങോട്ടുള്ള യാത്രയിൽ രണ്ടുപേർക്കും കൂട്ടായി എത്തിയത് മൗനമായിരുന്നു, സുഖമുള്ള മൗനം... എന്നാൽ വാചാലമായ മൗനം, മിഴികൾ പരസ്പരം എന്തൊക്കെയോ പറയുകയാണ്... ഹൃദയം ഹൃദയത്തിലേക്കാഴ്ന്നിറങ്ങുകയാണ്.... പക്ഷേ വാക്കുകൾ പുറത്തേക്കു വരുന്നില്ല, ഒരു വാക്കുകളുടെയും മെമ്പോടി ഇല്ലാതെ അവർ സംസാരിച്ചു, ദീർഘസമയം മിഴികൾ കൊണ്ട് മാത്രം... ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക് അവൻ വണ്ടി നിർത്തിയപ്പോഴാണ് അവൾക്ക് ബോധം വന്നത്... അവൻറെ മുഖത്തേക്ക് അവൾ സംശയത്തോടെ നോക്കി, " കല്യാണം കഴിഞ്ഞ് വീട്ടിൽ പോവല്ലേ, അപ്പൊൾ എന്തെങ്കിലും വാങ്ങണ്ടേ, വാ.... അവൻ പറഞ്ഞപ്പോൾ അവനെ അനുഗമിച്ചവളും എത്തിയിരുന്നു... എല്ലാവർക്കും ആവശ്യമുള്ള ഓരോ വസ്ത്രങ്ങളും തിരഞ്ഞെടുത്തത് അവളാണ്, അമ്മച്ചിക്ക് തെരഞ്ഞെടുക്കുവാൻ മാത്രം കുറച്ചു സമയം എടുത്തു...

അപ്പോഴേക്കും താഴെ ഉണ്ടാകും എന്ന് പറഞ്ഞു അലക്സ്‌ പോയിരുന്നു. അവൾ അപ്പോഴും അമ്മയ്ക്ക് ചേരുന്നത് തിരക്കാൻ വേണ്ടിയുള്ള ജോലി തുടങ്ങിയിരുന്നു, അലക്സ്‌ താഴേക്ക് പോയി ഇരിക്കാൻ തുടങ്ങിയപ്പോഴാണ് ഒരു ഫോൺ വന്നത്. അവൻ പിന്നെ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു. ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോഴാണ് അവൻ ആ കാഴ്ച കാണുന്നത്. ഒരു നിമിഷം കണ്ണുകൾ ഒന്ന് കലങ്ങിയത് അവൻ അറിഞ്ഞു. സീപ്പർ വേഷത്തിൽ സംഗീത. അവിടെ തറ തുടയ്ക്കുകയാണ്. അവൾ ആണെന്ന് പോലും പറയാത്ത ഒരു രൂപം. മെലിഞ്ഞ ഒരു സ്ത്രീയുടെ ശരീരം, കണ്ണുകളിൽ കറുപ്പ് പടർന്നിരിക്കുന്നു.. വിഷാദം മാത്രം അലയടിക്കുന്ന മിഴികൾ ഒരിക്കൽ തന്നോട് വാചാലമായ നേത്രങ്ങൾ ഒരു നിമിഷം അറിയാതെ അവൻറെ ഹൃദയത്തിൽ എവിടെയോ ഒരു വേദന ഉണർന്നു.. തറ തുടച്ചു കഴിഞ്ഞു പോകാൻ തുടങ്ങിയവൾ ആ നിമിഷം തന്നെ അലക്സിനെ കണ്ടിരുന്നു, സഹതാപത്തോടെ തന്നെ നോക്കുന്ന അവൻറെ മിഴികൾ അവളിലും വല്ലാത്ത ഒരു ജാള്യത സൃഷ്ടിച്ചിരുന്നു. ഒരു നിമിഷം പോകണോ വേണ്ടയോ എന്ന് വിചാരിച്ച് അവൾ നിന്നു. അലക്സ് അരികിലേക്ക് വരുന്നത് അറിഞ്ഞപ്പോൾ ശരീരം വിറയ്ക്കുന്നത് സംഗീതയ്ക്ക് മനസ്സിലായി.. കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
 

Share this story