അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 42

anuraga karikkin vellam

എഴുത്തുകാരി: റീനു

തിരികെ പോകുമ്പോഴാണ് അലക്സിന്റെ ഇന്നോവയുടെ നേരെ ഒരു ലോറി പാഞ്ഞുകയറിയത്, ഒരു വലിയ ശബ്ദത്തോടെ ആ ലോറി അവന്റെ ഇന്നോവയെ ഇടിച്ചു കയറി.. ശരീരത്തിൽ നിന്നും രക്ത തുള്ളികൾ ഇറ്റു വീഴുമ്പോളും ഒരു മുഖം മാത്രം അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നു... ആൻസിയുടെ..! വ്യക്തമല്ലാത്ത രീതിയിൽ അവളുടെ ചിത്രം അവന്റെ മനസ്സിൽ തെളിഞ്ഞിരുന്നു... പുതിയൊരു ജീവിതം പ്രതീക്ഷിച്ച് തന്റെ വരവും കാത്തിരിക്കുന്ന പെണ്ണാണ്, ജീവൻ അവസാനിച്ചില്ലങ്കിൽ ഒരു നിമിഷം കൂടി അവളെ കാണാൻ സാധിച്ചിരുന്നുവെങ്കിൽ ,ആ മുഖത്തേക്ക് നോക്കി ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയാൻ കഴിഞ്ഞിരുന്നുവെങ്കിൽ.... നീയില്ലാതെ ഞാനില്ലെന്ന് പറയാൻ ആഗ്രഹിച്ചു... ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ഞാൻ നിന്നെ മനസ്സിലാക്കിന്ന് അവളോട് മന്ത്രിക്കാൻ സാധിച്ചെങ്കിൽ, പ്രണയത്തിന്റെ ഒരു മനോഹരമായ കാവ്യം രചിക്കാൻ കഴിഞ്ഞുവെങ്കിൽ, അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ആ നിമിഷം മനസ്സിൽ നിലനിന്നിരുന്നു...

ഉള്ളിനുള്ളിൽ അവളോട് ഇഷ്ടമുണ്ടായിട്ടും ഒരിക്കൽപോലും അത് തുറന്നു പറഞ്ഞിട്ടില്ല, ഒരു വാക്കിലോ പുഞ്ചിരിയിലൊതുക്കിയിട്ടുള്ളൂ, അത് പറയാൻ സാധിക്കാത്തതല്ല പറയാൻ എന്തുകൊണ്ടോ മനസ്സിനുള്ളിലെ ഗൗരവക്കാരൻ അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം.....വിവാഹമുറപ്പിച്ച നിമിഷം മുതൽ എപ്പോഴൊക്കെയോ മനസ്സിൽ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു ആ രൂപം... ഇപ്പോൾ ഒരു അവസരം ഈശ്വരൻ തന്നിരുന്നുവെങ്കിൽ ആ കൈകൾ പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത് പറയാമായിരുന്നു ഈ ഭൂമിയിൽ മറ്റെന്തിനേക്കാളും ഈ നിമിഷം താനവളെ സ്നേഹിക്കുന്നുണ്ടെന്ന്, അത് കേൾക്കാൻ അവൾക്ക് യോഗമില്ലാതെ ഈ ഭൂമിയിൽ നിന്നും അകന്നു പോകാനാണ് വിധിയെങ്കിൽ ഒരുപക്ഷേ ആത്മാവു പോലും തന്നോട് പൊറുക്കില്ലെന്ന് തോന്നിയിരുന്നു...ബോധം മറയാൻ തുടങ്ങുന്ന നിമിഷവും അവളുടെ മുഖം തന്നെയായിരുന്നു മനസ്സിൽ തെളിഞ്ഞു നിന്നിരുന്നത്, എല്ലാവർക്കും ഒപ്പമിരുന്ന് കുരിശു വരയ്ക്കുപ്പോഴും ഇടം കണ്ണു വല്ലാതെ തുടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു....

ഇടം കണ്ണ് തുടിക്കുന്നത് നല്ലതല്ലെന്ന് പണ്ട് ആരോ പറഞ്ഞ ഓർമ്മ... മനസ്സിലേക്ക് അശുഭചിന്തകൾ വീണ്ടും വീണ്ടും വരാൻ തുടങ്ങി, പ്രാർത്ഥനയിൽ പോലും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെ കണ്ണടച്ച് തന്റെ മിന്നുമാല നെഞ്ചോട് ചേർത്ത് ഒരിക്കൽ കൂടി ഇശോയുടെ മുഖത്തേക്ക് നോക്കി പ്രാർത്ഥിക്കുവാൻ നോക്കി...എന്ത് പ്രാർത്ഥിക്കണമെന്ന് പോലും അവൾക്കു അറിയില്ലായിരുന്നു.... വാക്കുകളൊന്നും മനസ്സിലേക്ക് വരുന്നില്ല, പ്രാർത്ഥന കഴിഞ്ഞ് സൂസന്നയ്‌ക്കോപ്പം അടുക്കളയിലേക്കു പോയിരുന്നു... പെട്ടെന്ന് ലാൻഡ്ഫോൺ ബെൽ അടിച്ചത്, ഫോണെടുത്തത് ജീനയാണ്... " പറ ചേച്ചി..... ആശയമാണെന്ന് അടുക്കളയിൽ നിന്നുകൊണ്ടുതന്നെ സൂസന്നയ്ക്ക് മനസ്സിലായിരുന്നു... " ആശ ആയിരിക്കും എന്ന് പറയുകയും ചെയ്തു... കുറച്ചു സമയം കഴിഞ്ഞിട്ടും ജീനയുടെ മറുപടി ശബ്ദമൊന്നും അടുക്കളയിലേക്ക് കേൾക്കാത്തത് കൊണ്ടാണ് ജീനയെ തിരക്കി സൂസനും ആൻസിയും ഉമ്മറത്തേക്ക് വന്നത്... അപ്പോഴും ചെവിയിൽ ഫോൺ പിടിച്ചു കൊണ്ട് സ്തബ്ധയായി നിൽക്കുകയായിരുന്നു ജീന.....അവളുടെ മുഖത്തെ വ്യത്യാസങ്ങൾ കണ്ട് ഒരു നിമിഷം രണ്ടുപേർക്കും ഭയം തോന്നി, ആൻസിയുടെ ഹൃദയത്തിൽ ഒരു മിന്നൽ കടന്നുപോയി...

" എന്തുപറ്റി ജീനെ.... ആദ്യം ചോദിച്ചത് ആൻസിയാണ്, ഒന്നും പറയാൻ സാധിക്കാതെ ഫോൺ വെച്ചിട്ടും അവരുടെ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കുകയായിരുന്നു ജീന.... " എന്താടീ.....? സൂസന്ന ചോദിച്ചു..... ഒന്നും മിണ്ടാതെ ടിവി ഓൺ ചെയ്തു ഒരു ന്യൂസ് ചാനൽ വെച്ചിരുന്നു അപ്പോഴേക്കും ജീന... അപ്പോഴേക്കും ടിവിയിൽ അലക്സിന് അപകട വിവരത്തെ കുറിച്ചും അലക്സിനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോകുന്നതും ഒക്കെ കാണിക്കുന്നുണ്ടായിരുന്നു, താഴെ കൂടി എഴുതി പോയ ന്യൂസ് മാത്രമേ ആൻസി കണ്ടിരുന്നുള്ളൂ.... അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി,ഒപ്പം ചോരയിൽ കുതിർന്നൊരു രൂപത്തെ ആംബുലൻസിൽ കയറ്റുന്നതും കണ്ടപ്പോഴേക്കും അറിയാതെ മാറിൽ ചേർന്ന് കിടന്ന് മിന്നുമാലയിലേക്ക് അവളൊന്നു പിടിച്ചിരുന്നു, കുറച്ചു നിമിഷങ്ങൾക്ക് മുൻപേ തന്നോട് കുസൃതി പറഞ്ഞ ഗൗരവത്തിന്റെ മെമ്പൊടികളെല്ലാം തന്റെ മുൻപിൽ അഴിഞ്ഞുവീണ ഒരുവന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നു... " ഇനിമുതൽ ആണ് നമ്മൾ ജീവിച്ചു തുടങ്ങുന്നത്.. " ആ വാക്കുകൾ ഇപ്പോഴും കാതിനരികിൽ അരികിൽ ഉണ്ടെന്ന് തോന്നിപ്പോയി കണ്ണിൽ നിന്നും കണ്ണുനീർ ഉരുകിയൊലിച്ച കവിളിലേക്ക് ചാലിട്ടൊഴുകിയപ്പോഴാണ് കരയുകയാണെന്ന് പോലും അവൾ അറിഞ്ഞത്...

ശ്വാസം എടുക്കാൻ പോലും മറന്നുപോയ കുറച്ചു നിമിഷങ്ങൾ, "ആൻസി നീ വിഷമിക്കേണ്ട, കുഴപ്പമൊന്നും ഉണ്ടാവില്ല... നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം, ഇപ്പൊ സണ്ണിച്ചായന്റെ ഒരു ഫ്രണ്ട് കാറും ആയിട്ട് വരും,കോഴിക്കോട് കിംസിൽ ഉണ്ട്.. കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞത്... നീ പേടിക്കാതെ, അപ്പോഴേക്കും തളർന്നു കഴിഞ്ഞിരുന്നു സൂസന്നയും, അവരുടെ വാക്കുകൾ ഒക്കെ വിറങ്ങലിച്ചു പോയി, രണ്ടു പേരെയും എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ജീനയ്ക്ക് അറിയില്ലായിരുന്നു... ആശ്വാസ വാക്കുകൾ കൊണ്ടൊന്നും ആ രണ്ട് ഹൃദയങ്ങളും സമാധാനത്തിൽ ആവില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു... ഒന്ന് അമ്മമനസ്സാണ് മറ്റൊന്ന് അവനെ പ്രാണനായി കാണുന്നവളും... വീടിന് മുന്നിൽ ഒരു വാഹനം വന്നതും ജീന തന്നെയാണ് രണ്ടുപേരുമായി വീട് പൂട്ടി ഇറങ്ങിയത്, സണ്ണിയുടെ ഒരു കൂട്ടുകാരനായിരുന്നു കാറിലുണ്ടായിരുന്നത്... രണ്ട് പേരും കാറിലേക്ക് കയറിയിരുന്നു, ഒന്നു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ആൻസി... കരയാൻ പോലും ഓൾ മറന്നുപോയിരുന്നു, അവളുടെ മനസ്സിൽ കുറച്ചു മുൻപ് കണ്ട രംഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, വീട്ടിൽ വച്ച് തന്നോട് ചിരിച്ചു സംസാരിച്ച ചുംബനങ്ങളാൽ തന്നെ മൂടിയ ഒരുവന്റെ മുഖം മാത്രമായിരുന്നു ഉണ്ടായിരുന്നത്..

വാഹനം ആശുപത്രിയുടെ കോമ്പൗണ്ടിൽ എത്തിയപ്പോൾ ജീന തട്ടിവിളിച്ചപ്പോൾ ആണ് ആൻസി സുബോധത്തിലേക്ക് വന്നത് പോലും, അപ്പോഴേക്കും അവിടെ പാർട്ടിയിലെ ചില ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു... ആരെയും അവൾ കണ്ടില്ല അകത്തേക്ക് കയറിയപ്പോൾ തന്നെ അരികിൽ നിന്ന് ആരോ ഒരാൾ പറഞ്ഞു തന്നു ഐസിയുവിൽ ആണെന്ന്, ഐസിയുവിനു നേരെ നടക്കുമ്പോൾ ഹൃദയം വല്ലാതെ ഭയന്ന് തുടങ്ങിയതാണ്, അറിഞ്ഞിരുന്ന കാര്യങ്ങളൊക്കെ കള്ളം ആയിരുന്നുവെങ്കിൽ... കാലുകൾ മരവിക്കുന്നത് പോലെ അവൾക്ക് തോന്നി... കണ്ണാടിയിലൂടെ അകത്തു കിടക്കുന്ന രൂപത്തിൽ ഒന്ന് നോക്കി, ട്യൂബുകളും മറ്റുമായി കിടക്കുന്ന ആ മനുഷ്യന്റെ മുഖം കണ്ടതും കണ്ണുനീർ ഉറവപൊട്ടി തുടങ്ങിയിരുന്നു, " എനിക്ക് കാണണം.... എനിക്ക് കാണണം പൊട്ടിക്കരഞ്ഞുകൊണ്ട് ആൻസി കൈപിടിച്ച് പറഞ്ഞപ്പോൾ അവിടെനിന്ന എല്ലാവർക്കും അത് വേദനിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു... " ചേച്ചി ഇപ്പൊൾ അകത്തോട്ട് വിടില്ല... ഇത്തിരി ക്രിട്ടിക്കലാണ് എന്ന് പറഞ്ഞത്...

എന്താണെങ്കിലും കുറച്ചുസമയം കഴിയുമ്പോൾ ഡോക്ടർമാർ വരുമ്പോൾ നമുക്ക് ചോദിക്കാം അതിനുമുൻപ് കയറി കാണാൻ പറ്റില്ല..... ഒരുവൻ വന്നു പറഞ്ഞു... " പറ്റില്ല...എനിക്ക് ഇപ്പോൾ തന്നെ കാണണം.... കണ്ടേ പറ്റൂ.... വൈകിട്ട് ഒരുപാട് താമസിക്കാതെ വരാം എന്ന് പറഞ്ഞതാ, എനിക്ക് ഉറപ്പു തന്നിട്ട് പോയത് ആണ്... എനിക്ക് കണ്ടേ പറ്റൂ, കാണണം, കണ്ടേ പറ്റൂ, ഞാൻ പറഞ്ഞതാ പോകണ്ടാന്ന്, " നീ സമാധാനിക്ക് കുഴപ്പം ഉണ്ടാവില്ല... ഉള്ളിലെ വേദന കടിച്ചമർത്തി തന്നെ ജീന അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... സൂസമ്മയ്ക്ക് തന്നെ ഇതൊന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല.... രണ്ട് കാഴ്ചകളും അവരുടെ ഹൃദയത്തിൽ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു, ഒരിക്കൽക്കൂടി ആ കണ്ണാടി വാതിലിന്റെ ഉള്ളിലേക്ക് നോക്കി ആൻസി, ആ നിമിഷം തന്നെ അവിടെ തലകറങ്ങി വീണു.. അർദ്ധബോധാവസ്ഥയിലും അവൾ ഒന്നു മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. എനിക്ക് കാണണം കണ്ടേ പറ്റൂ...... കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story