അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 44

anuraga karikkin vellam

എഴുത്തുകാരി: റീനു

 പേടിച്ചു പോയോ...? വളരെ നേർത്തെ സ്വരത്തിൽ അവൾ ചോദിച്ചു... ഒന്നും സംസാരിക്കാതെ അവന്റെ കൈകളിൽ തുരുതുരാ ചുംബിച്ചവൾ... അവശതയിലും അവനിൽ ഒരു പ്രത്യേക ഊർജം കൈവരുന്നത് പോലെയാണ് തോന്നിയത്, ആ ചുംബനങ്ങളുടെ ചൂട് അത്രമേൽ അവനെ സന്തോഷവാനാക്കിയിരുന്നു.. ശരീരത്തിലെ എല്ലുകൾ പൊട്ടുന്ന വേദനയ്ക്കിടയിലും ആ ചുംബന ചൂട് പകർന്ന സന്തോഷം ചെറുതായിരുന്നില്ല, അല്ലെങ്കിലും മരണത്തെ മുഖാമുഖം കണ്ട് നിമിഷവും താൻ ആഗ്രഹിച്ചത് ഈ ഒരുവളോട് തൻറെ ഉള്ളിലെ ഇഷ്ടത്തെ കുറിച്ച് തുറന്നു പറയാൻ ആയിരുന്നുവല്ലോ... ഓരോ നിമിഷവും പ്രണയം കൊണ്ട് അവൾ തന്നെ തോൽപ്പിച്ച് കളയുകയാണ് ചെയ്യുന്നത്, "കരയാതഡോ... അവശ സ്വരത്തിലായിരുന്നു അവൻ പറഞ്ഞത്.... പെട്ടെന്നവൾ കണ്ണുകൾ തുടച്ചു... ഡോക്ടറും നഴ്സുമൊക്കെ പറഞ്ഞ കാര്യങ്ങൾ അവൾക്ക് ഓർമ്മ വന്നു.... " രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ഒക്കെ മാറും... വിഷമിക്കേണ്ട... ആ കിടപ്പിലും അവളെ ആശ്വസിപ്പിക്കാൻ ആയിരുന്നു അവന് തിടുക്കം... "

ഇച്ചായൻ ടെൻഷൻ അടിക്കാതെ, സമാധാനത്തോടെ കിടക്കണം.... മരുന്നുകളുമായി ശരീരം റിയാക്ട് ചെയ്തു വരുന്നേയുള്ളൂ... ഡോക്ടർ പറഞ്ഞത് സ്കാനിംഗിൽ ഒരു പ്രശ്നവുമില്ലന്നാണ്.... പക്ഷേ ഒരുപാട് സ്ട്രെയിൻ ചെയ്യിപ്പിക്കരുതെന്ന്.. ഞാൻ എന്റെ വിഷമം കൊണ്ട് കരഞ്ഞു പോയതാ, അതോർത്തു ടെൻഷൻ അടിക്കരുത്... അത് ശരീരത്തെ മോശമായി ബാധിക്കും, " ഇല്ല ടെൻഷനടിക്കില്ല.... അവൻ സ്വതവേയുള്ള പുഞ്ചിരിയോടെ പറഞ്ഞു... " അമ്മച്ചി ഒക്കെ...? " എല്ലാരും ഉണ്ട്.... " എല്ലാവരോടും പറയണം വിഷമിക്കേണ്ട എന്ന് " ഒരുപാട് സംസാരിക്കേണ്ട... അവൾ തലയിൽ തലോടി പറഞ്ഞു... " മ്മ്ഹ്.... താൻ പോയി വല്ലതും കഴിക്ക്.... ഒരു നിമിഷം അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞിരുന്നു, മനസ്സിലാവാതെ അവളവന്റെ മുഖത്തേക്ക് നോക്കി... ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു, " എനിക്കറിയാം ഈ നിമിഷംവരെ ഒന്നും കഴിച്ചിട്ടുണ്ടാവില്ലന്ന്... ചെല്ല്.... ഇപ്പോൾ സമാധാനായില്ലേ.... ഇനി വല്ലതും കഴിക്ക്,കണ്ണ് താഴ്ന്നു തുടങ്ങി... അലിവോടെ അതിലുപരി ആകുലതയോടെ അവൻ പറഞ്ഞു.... അവൻറെ കൈകളിൽ ഒന്നുകൂടി പിടിച്ച് ഹൃദയം നിറയ്ക്കുന്ന ഒരു ചുംബനം അവൾ നൽകി അവൾ.... ഉള്ളിലുള്ള സ്നേഹം മുഴുവൻ പകർന്നു കൊടുക്കുന്നത് പോലെ....

ആ ചുംബനത്തിന്റെ നിർവൃതിയിൽ അവനും അലിഞ്ഞു എന്ന് തോന്നി പുറത്തേക്കിറങ്ങിയപ്പോൾ തന്നെ അവളുടെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന പ്രകാശം സണ്ണിയിലും ഔസെപ്പിലും പ്രതീക്ഷയുടെ നാളം നിറച്ചിരുന്നു.... "എന്തുപറഞ്ഞു മോളെ...? കുഴപ്പമൊന്നുമില്ലല്ലോ...! മകളുടെ അരികിലേക്ക് ഓടി വന്നു ഔസപ്പ് പ്രതീക്ഷയോടെ ചോദിച്ചു... " ഒരു കുഴപ്പമില്ല ചാച്ചാ... ഒരുപാട് സംസാരിപ്പിക്കണ്ടാന്ന് ഡോക്ടർ പറഞ്ഞത് ചിലപ്പോ, അപകടനില തരണം ചെയ്തതു കൊണ്ട് 24 മണിക്കൂറിനുള്ളിൽ റൂമിലേക്ക് മാറ്റാനും മതി... " ആൻസിയോടെ സംസാരിച്ചോ..? സണ്ണി ആണ് ചോദിച്ചത്... " സംസാരിച്ചു....! പക്ഷേ ഒരുപാടൊന്നും ഞാൻ സംസാരിപ്പിച്ചില്ല " കുഴപ്പമൊന്നുമില്ലല്ലോ.... എല്ലാവരെയും തിരിച്ചറിയുന്നോക്കെ ഉണ്ടല്ലോ " ഇച്ചായന് ഒരു കുഴപ്പവുമില്ല സണ്ണിച്ചായ......എന്നോട് ഭക്ഷണം കഴിക്കാനാണ് പറഞ്ഞത്... ഏറെ ഉത്സാഹത്തോടെ അവൾ പറഞ്ഞു... " ഇപ്പോഴെങ്കിലും സമാധാനമായല്ലോ... ഒരുപാട് സമയം ഒന്നും ഇല്ല, എങ്കിലും കുറച്ചു സമയമെങ്കിലും പോയി കിടക്ക്... ചായയോ കാപ്പിയോ അങ്ങനെ എന്തെങ്കിലും വേണോ...?

കാൻറീൻ അടച്ചു കാണും... ഞാൻ പുറത്ത് പോയി വാങ്ങിയിട്ട് വരാം.... സണ്ണി പറഞ്ഞു.. "ഒന്നും വേണ്ട...! കുറച്ചു വെള്ളം മതി, അത് മുറിയിൽ ഉണ്ടാകും, ഞാൻ കുടിച്ചോളാം... എനിക്ക് സമാധാനമായി, " എങ്കിൽ ചെല്ല്... ഞങ്ങൾ ആരെങ്കിലും ഇവിടെ ഉണ്ടാവും, അച്ചായനും ചെല്ല്... ഇനി ഇപ്പോ ഉറക്കം കളയണ്ട.... ഇവിടെ ഞാൻ മതി തൽക്കാലം.... ഔസേപ്പിനോട് ആയി സണ്ണി പറഞ്ഞു.... അല്പം സമാധാനത്തിൽ രണ്ടുപേരും മുറിയിലേക്ക് പോയിരുന്നു.... ആൻസി പറഞ്ഞ വിവരം എല്ലാവരിലും സമാധാനം നിറച്ചിരുന്നു.... കിടന്നിട്ടും അവൾക്ക് ഉറക്കം വന്നിരുന്നില്ല... ഒരു പകൽ കൂടി ഐസിയുവിൽ തന്നെയായിരുന്നു അലക്സ്, അതിനുശേഷം മുറിയിലേക്ക് മാറ്റി.... എങ്കിലും എല്ലാവർക്കും കയറി കാണാനൊന്നും അനുമതി ഉണ്ടായിരുന്നില്ല, വീണ്ടും രണ്ടുമൂന്നുദിവസം അങ്ങനെതന്നെ നിന്നു.... ഇടയിൽ സൂസമ്മയെ വീട്ടിൽ കൊണ്ടുചെന്നാക്കി,

ബാക്കിയെല്ലാവരും ആശുപത്രിയിലുണ്ടായിരുന്നു ആശയും മക്കളും സൂസമ്മയ്ക്കൊപ്പം തന്നെ വീട്ടിൽനിന്നു.... ആൻസിക്ക് മാത്രം നഷ്ടപ്പെട്ടുപോയി ഉറക്കം തിരികെ ലഭിച്ചിരുന്നില്ല... ഇടയ്ക്ക് അവനെ കയറി കാണാൻ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ അവൾ അകത്തേക്ക് കയറി അവനെ കാണാൻ തുടങ്ങി, ഒരു വാക്കിലോ അല്ലെങ്കിൽ ഒരു നോട്ടത്തിലോ മൂളലിലോ ലഭിക്കുന്ന സന്തോഷത്തിൽ രണ്ടുപേരും ദിവസങ്ങൾ തള്ളിനീക്കിയെന്ന് പറയുന്നതാണ് സത്യം...! ആൻസി ആഹാരം വാങ്ങാൻ പോയപ്പോഴായിരുന്നു നേഴ്സ് വന്ന് ഒരാൾക്ക് കയറി കാണാം എന്ന് പറഞ്ഞത്, ആ നിമിഷം തന്നെ സണ്ണി അകത്തേക്ക് കയറി ഇരുന്നു... അലക്സിനെ കണ്ടപ്പോൾ അവന് വലിയ പ്രശ്നങ്ങൾ ഇല്ല എന്ന് സണ്ണിക്ക് തോന്നിയിരുന്നു.... മുഖത്ത് നിറഞ്ഞു നിൽക്കുന്ന ക്ഷീണവും ശരീരത്തിലെ മുറിപാടുകൾക്കുമപ്പുറം അവൻറെ മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നതിന്റെ കാരണം സണ്ണിക്ക് മനസ്സിലായിരുന്നു... " എന്താടാ ശരിക്കും സംഭവിച്ചത്...?ആളെ കിട്ടിയോ..? സണ്ണി ചോദിച്ചു "മ്മ്ഹ്... കിട്ടി.... അവൻ ആണ്....

സിദ്ധാർദ്ധ്...... അലക്സ് അത് പറഞ്ഞപ്പോൾ അവൻ പ്രതീക്ഷിച്ച ഒരു ഞെട്ടൽ സണ്ണിയുടെ മുഖത്ത് അവൻ കണ്ടിരുന്നില്ല... അലക്സിൽ അത് ഒരു അത്ഭുതമുളവാക്കി, "സംഭവം അറിഞ്ഞു അപകടം ഉണ്ടാവുന്നതിന് കുറച്ച് മുൻപ് വരെ ഞാൻ അവനെ വിളിച്ചിരുന്നു.... "എന്ത് മണ്ടത്തരമാണ് കാണിച്ചത്...! എന്തെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഉടനെ എന്നെ വിളിച്ചുപറയുകയാണ് ചെയ്യേണ്ടത്..... " സിദ്ധാർത്ഥ് ആണ് എല്ലാത്തിനും കാരണം എന്ന് അറിഞ്ഞിട്ട് നിനക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലേ...? സണ്ണിയുടെ മുഖത്തേക്ക് നോക്കി അലക്സ് ചോദിച്ചു, " എന്തിനാ ഞെട്ടൽ...?എനിക്ക് ആദ്യം തന്നെ അവനെ സംശയമുണ്ടായിരുന്നു, നമ്മളെ ഒരുപാട് പുകഴ്ത്തുന്നവരെയും അതോടൊപ്പം തന്നെ ആവശ്യമില്ലാതെ നമ്മളോട് സ്നേഹം കാണിക്കുന്നവരെയും സൂക്ഷിക്കണം...! ഇനിയെങ്കിലും നീ ഓർത്തോ ആദ്യം മുതൽ തന്നെ എൻറെ മനസ്സിൽ ഉണ്ടായിരുന്നത് ഇവന്റെ മുഖം തന്നെയാണ്, അവനായിരിക്കും ഇതിനു പിന്നിലെന്ന് എനിക്ക് ഉറപ്പായിരുന്നു.... ഇലക്ഷനിൽ അവന്റെ പേരുകൂടി ഉയർന്നതോടെ അതെനിക്ക് പൂർണ്ണമായിരുന്നു....

പക്ഷേ ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ലല്ലോ....എനിക്കറിയാം അതുകൊണ്ട് മാത്രമാണ് ഞാൻ പറയാതിരുന്നത്... കള്ളനാണ് അവൻ... പലവട്ടം എനിക്ക് തോന്നിയിട്ടുണ്ട്... പറയുന്നത് നിനക്ക് ഇഷ്ടം അല്ലല്ലോ... അവൻ ആണെന്നറിഞ്ഞാൽ തന്നെ നീ ആദ്യം തന്നെ അവനെ ഫോൺ വിളിച്ച് അറിഞ്ഞ കാര്യം പറയാണോ വേണ്ടത്...നിന്റെ ആക്സിഡൻറ് പിന്നീൽ അവൻ തന്നെ ആയിരിക്കും... അടിവരയിട്ട് സണ്ണി പറഞ്ഞു " എനിക്കും ഇപ്പോൾ അക്കാര്യത്തിൽ സംശയമുണ്ട് "സംശയമല്ല അത് ഉറപ്പാണ്.. " അവനെ ഞാൻ വെറുതെ വിടില്ല..... " ഇപ്പോ ഒന്നും വേണ്ട, നീ അല്ല ഞാനാണ് അവനോട് കണക്കു ചോദിക്കേണ്ടത്... ഞാനീ കിടക്കയിൽ നിന്ന് എഴുന്നേൽക്കട്ടെ... ദേഷ്യത്തോടെ അലക്സ് പറഞ്ഞു " പറ്റുമെങ്കിൽ ഈ പാർട്ടിയും രാഷ്ട്രീയം ഒക്കെ അങ്ങ് നിർത്തണം... ഇതൊക്കെ ഉണ്ടെങ്കിലെ നിനക്ക് ജീവിക്കാൻ പറ്റുന്നുണ്ടോ..? സ്വന്തമായിട്ടുള്ള നിൻറെ കൃഷി മാത്രം മതിയല്ലോ നിനക്കും കുടുംബത്തിനും നന്നായി ജീവിക്കാൻ,

വെറുതെ കുടുംബക്കാർക്ക് പോകുമെന്നല്ലാതെ ഇതുകൊണ്ടൊന്നും യാതൊരു ഗുണവുമില്ല, അല്ലാതെ പാർട്ടിയുടെ പേരിൽ വെട്ടിയും കുത്തിയും ഒക്കെ ഒരുപാട് പേരുണ്ട്, ഒരു അനുശോചനതിലോ ഒരു ചുവന്ന കോടിയിലോ തീരും അത്.... പക്ഷേ അവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടം തീർത്താൽ തീരില്ല..! നഷ്ടപ്പെടുന്നത് അവർക്കാണ്, അവർക്ക് മാത്രം...! അത് ഓർത്താൽ കൊള്ളാം, നിനക്ക് ഇങ്ങനെ സംഭവിച്ചു എന്ന് അറിഞ്ഞ നിമിഷം മുതൽ പാതിചത്ത് കഴിയുന്ന രണ്ട് പേരുണ്ട് നിൻറെ വീട്ടിൽ, നിന്റെ അമ്മയും നിന്റെ പെണ്ണും, അവരെ ഓർത്തെങ്കിലും ഇതൊക്കെ നിർത്താൻ നോക്ക്... ഇതിൻറെ ആവശ്യം നമുക്കില്ല, പകയും വൈരാഗ്യവും അതിനുപിന്നിലുള്ള കൊലപാതകവും നമുക്ക് വേണ്ട...! നിനക്ക് മോഹമുണ്ടോ അധികാരത്തോടെ, സണ്ണിയുടെ ഓരോ ചോദ്യങ്ങളും അലക്സിന് പുതിയ തിരിച്ചറിവുകൾ നൽകി......... കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story