അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 45

anuraga karikkin vellam

എഴുത്തുകാരി: റീനു

സണ്ണിയുടെ ഓരോ ചോദ്യങ്ങളും അലക്സിന് പുതിയ തിരിച്ചറിവുകൾ നൽകി.. " ഈ പറഞ്ഞ കാര്യങ്ങളൊന്നും എനിക്ക് അറിയാത്തല്ലല്ലോ സണ്ണി.... അപ്പച്ഛൻ പണ്ടുമുതലേ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനത്തോട് തോന്നിയൊരിഷ്ടം, അതിനപ്പുറം എനിക്ക് ഈ കാര്യങ്ങളൊക്കെ അറിയാം പക്ഷേ ഇത് അവൻ കൂടെ നിന്ന് ചതിച്ചതാ..... അതിനു ക്ഷമിച്ചു കൊടുത്താൽ ഞാൻ വേറുമൊരു കിഴങ്ങനായി പോവില്ലേ...? എന്താണെങ്കിലും ഞാനവനോരു പണി കൊടുക്കും, പക്ഷേ നീ പറഞ്ഞതുപോലെ ആൻസിയെയോ അമ്മച്ചിയോ ആലോചിച്ചു മാത്രമേ എന്ത് കാര്യവും ചെയ്യുകയുള്ളൂ.. അത് ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ്, " ഇനി എന്ത് ചെയ്താലും എന്നോട് കൂടി പറഞ്ഞിട്ട് ചെയ്താൽ മതി..! അല്ലാതെ ഒരു കാര്യവും ചെയ്യേണ്ട, ഈ കണ്ട മനുഷ്യരുടെ മുഴുവൻ സങ്കടം കാണേണ്ടത് ഞാൻ ഒരാളാണ്..... നിനക്ക് ആശുപത്രി കിടന്നാൽ മതി, ഇവരുടെയൊക്കെ മനസ്സിലെ വിഷമങ്ങൾ കാണാൻ മാത്രം ത്രാണിയോന്നും എനിക്ക് ഇല്ല.. സണ്ണി പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു പോയിരുന്നു അലക്സ്..... രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞതോടെ അലക്സിന്റെ ആരോഗ്യം ഏകദേശം പ്രശ്നമില്ലാത്ത രീതിയിലേക്ക് വന്നു. എങ്കിലും ആശുപത്രിവിട്ടു പോരാറായിട്ടില്ല.....

ആ സമയത്ത് എല്ലാം നിഴൽപോലെ ഒപ്പമുണ്ടായിരുന്നവളെ പലവട്ടം അവൻ കണ്ടിരുന്നു... അവളുടെ ഉള്ളിൽ തനിക്ക് വേണ്ടി ഇരമ്പുന്ന സ്നേഹകടലിന്റെ ആഴം അവൻ അറിയുകയായിരുന്നു.... പാർട്ടിയിൽ നിന്നും മീഡിയയിൽ നിന്നുമോക്കെ സന്ദർശകർ കാണാനെത്തിയപ്പോൾ ഡോക്ടർ പറഞ്ഞു അധികം സന്ദർശകർ ഇനി ഉണ്ടാവരുതെന്ന്.... അതോടെ അത് കുറച്ചു, എല്ലാവരും പതുക്കെ വീടുകളിലേക്ക് പോയി തുടങ്ങി.... അവസാനം ആൻസിയും അലക്സും എല്ലാ ദിവസവും മൂന്നുനേരം വന്നുപോകുന്ന സണ്ണിയും മാത്രമായി ആശുപത്രിയിൽ, എല്ലാ കാര്യങ്ങൾക്കും ഒരു കൂടപ്പിറപ്പിനെ പോലെ ഓടി നടക്കുന്ന സണ്ണിയെ കണ്ടപ്പോൾ ആൻസിക്ക് അത്ഭുതമായിരുന്നു തോന്നിയത്.... സ്വന്തം രക്തബന്ധങ്ങൾ പോലും ചെയ്യാത്തതാണ് സണ്ണി ചെയ്യുന്നത്, പണ്ടുമുതലേ ഇരുവരും തമ്മിലുള്ള സൗഹൃദങ്ങൾ കണ്ടിട്ടുണ്ടായിരുന്നു.... എന്നാലന്ന് അലക്സിനെ അത്രമാത്രം ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ ഈ സൗഹൃദത്തിന്റെ ആഴം അളന്നിട്ടില്ല... അവന് ഭക്ഷണം വാരി കൊടുത്തു കൊണ്ടിരുന്നപ്പോഴാണ് അവന്റെ മിഴികൾ തന്നിൽ തന്നെ ആണെന്ന് അവൾ മനസ്സിലാക്കിയത്..... ആ നിമിഷം അവനെ അഭിമുഖീകരിക്കാൻ അവൾക്കൊരു മടി തോന്നിയിരുന്നു....

അവന്റെ മുഖത്തേക്ക് നോക്കാതെ ചെയ്യുന്ന ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവളെ ഒരു കുസൃതിയോടെ തന്നെ അവനും നോക്കിയിരുന്നു... " അതെ ഈ ഭക്ഷണം തരുമ്പോൾ അത് വളരെ സന്തോഷത്തോടെ വേണം ചെയ്യാൻ.....മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഒക്കെ വേണം.... ഒരു കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ " ഈ ദിവസങ്ങളിൽ ഒക്കെ താൻ ഒരുപാട് വിഷമിച്ചുവല്ലേ...? അവളുടെ മുഖത്തേക്ക് നോക്കി ആർദ്രമായവൻ ചോദിച്ചു..... " പിന്നെ വിഷമം ഇല്ലാതിരിക്കുമോ ഇച്ചായാ, വൈകിട്ട് വരുമെന്ന് പറഞ്ഞു പോയ ആളെ കുറിച്ച് പിന്നെ ടിവിയിലാണ് വാർത്ത കാണുന്നത്..... കുറച്ചു നേരം നീണ്ടുനിന്ന മൗനത്തിനുശേഷം അവൾ പറഞ്ഞു " ഇതൊന്നും വേണ്ട ഇച്ചായ... ഈ രാഷ്ട്രീയവും അങ്ങനെ ഒന്നും വേണ്ട... ഇച്ചായന്റെ ഇഷ്ടങ്ങളിൽ കയറി അഭിപ്രായം പറയുവല്ല, ഒരു വിവാഹം കഴിച്ചതിന്റെ പേരിലോ എന്നോടുള്ള ഇഷ്ടത്തിന്റെ പേരിലോ അല്ല... ഇച്ചായനു സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ വേണ്ടാന്നുമല്ല.... ഈ കാര്യങ്ങൾ ആവശ്യമുണ്ടോ...? ഇച്ചായനെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻപോലും പറ്റില്ല...! സണ്ണിച്ചായൻ എന്നോട് പറഞ്ഞു രാഷ്ട്രീയത്തിൽ ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു എന്ന്...

അതിൽ ആരോ ആണ് ഇതിനൊക്കെ പിന്നിൽ എന്ന്, അത് കേട്ടപ്പോൾ മുതൽ എനിക്ക് സമാധാനമില്ല.... " ഈ കല്യാണം വേണ്ടായിരുന്നു എന്ന് ഇപ്പോൾ തനിക്ക് തോന്നുന്നുണ്ടോ...? ഗൗരവത്തോടെ അവൻ ചോദിച്ചു.. " വെറുതെ പോലും ഇങ്ങനെയൊന്നും പറയല്ലേ ഇച്ചായ.... അങ്ങനെയാണോ ഞാൻ പറഞ്ഞതിന്റെ അർത്ഥം...... പരിഭവത്തോടെ ചോദിക്കുന്നവളെ കണ്ട് പൊട്ടിച്ചിരിക്കാൻ ആണവനു തോന്നിയത്.... " തന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യത്തിനും ഞാൻ നിൽക്കില്ല...! അങ്ങനെ ഒന്നിനും പോവില്ല..അത് ഉറപ്പാണ്, അങ്ങനെ ഒരു കാര്യത്തിനും പോകുന്ന ആളല്ല ഞാൻ, വഴക്കുണ്ടാക്കുന്ന വ്യക്തിയല്ല..... പക്ഷേ ഇത് അങ്ങനെ ഒരു പ്രശ്നം ആയിപോയി, എന്താണെന്ന് ഞാൻ പിന്നെ പറയാം, ഒരു ഉറപ്പ് ഞാൻ തരാം... ഞാൻ കാരണം ഈ കണ്ണ് നിറയില്ല.... " എനിക്ക് എന്നും ഇച്ചായൻ എന്റെ ഒപ്പമുണ്ടാവണം, ആ ഒരാഗ്രഹം മാത്രമേ ഉള്ളൂ..... വാർത്ത കേട്ട കുറച്ച് നിമിഷങ്ങൾ എനിക്ക് ചിന്തിക്കാൻ പോലും വയ്യ... ഇച്ചായനു എന്തെങ്കിലും അപകടം ഉണ്ടാകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല...! അപ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു, ആർദ്രമായി അവളുടെ കവിളിൽ തലോടി അവൻ... ആ നിമിഷംതന്നെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു...

ലോലമായി അവളുടെ തല മുടിയിൽ തഴുകി മൂർദ്ധാവിൽ ചുംബിച്ചു അലക്സ്..... " ഈ സ്നേഹം ഒക്കെ നീ എവിടെ ഒളിപ്പിച്ചിരുന്നു കൊച്ചേ...?കല്യാണം കഴിഞ്ഞ് ഇത്രനാളിന്റെ ഇടയിൽ നന്നായിട്ട് എന്നോടൊന്ന് സംസാരിച്ചിട്ട് പോലുമില്ല നീ.... ആകപ്പാടെ നമ്മൾ ഒന്നു തുറന്നു സംസാരിച്ചത് നിന്റെ വീട്ടിൽ വച്ച് മാത്രമാണ്... എന്നിട്ടും എന്നോട് ഇത്രയും സ്നേഹം ഉള്ളിൽ നീ കാത്തുസൂക്ഷിച്ചിരുന്നോ...? അവളുടെ മുടിയിൽ തഴുകി കൊണ്ട് തന്നെയാണ് അവൻ അത് ചോദിച്ചത്.... " എന്റെ ഉള്ളിലുള്ള സ്നേഹത്തിന്റെ ആഴം എത്രയാണെന്ന് അറിയില്ല ഇച്ചായനു..... " എങ്കിലതൊന്ന് അറിയണമല്ലോ..... ഒരു കുസൃതി പോലെ അവളുടെ ചെവിയിൽ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തിനു മുമ്പിൽ ചെമ്മാനം മാറി നിന്നു....അത് അവനും കണ്ടിരുന്നു, " ഏതായാലും ഇനി ഈ കിടക്കയിൽ നിന്നൊന്ന് എഴുനേൽക്കട്ടെ.....എന്നിട്ട് സ്നേഹത്തിന്റെ ആഴം നന്നായി അറിയണം..... നമ്മുടെ മാത്രമായ കുറച്ചു നല്ല നിമിഷങ്ങളിലൂടെ, വേണ്ടേ....? അവളുടെ കണ്ണിൽ നോക്കി ഏറെ പ്രണയത്തോടെ ചോദിക്കുന്നവനെ ഒരു നിമിഷം മിഴിചിമ്മാതെ നോക്കി ഇരുന്നിരുന്നു അവളും..പിന്നെ ഒന്നും മിണ്ടാതെ അവന്റെ കൈ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു,

അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു...അവൻ അവളുടെ കവിളിൽ ഒരു ചിത്രം വരച്ചു...! സണ്ണി വന്നതും ഈ കാഴ്ചയാണ് കണ്ടത്, ഒരു നിമിഷം സണ്ണിയും വല്ലാതെ ആയി പോയിരുന്നു... പെട്ടെന്ന് തന്നെ അവൻ റൂമിനു പുറത്തേക്ക് പോയി, രണ്ടുപേരും ആ നിമിഷം തന്നെ അകന്ന് മാറി.... അലക്സിന്റെ മുഖത്തും ആൻസിയുടെ മുഖത്തും ഒരു ചമ്മൽ അനുഭവപ്പെട്ടിരുന്നു, " നീ കതക് ലോക്ക് ചെയ്തില്ലേ...? അലക്സ് നിസ്സഹായതയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. " നഴ്സുമാർ ആരെങ്കിലും പെട്ടെന്ന് വന്നാലോന്ന് വിചാരിച്ചു മറന്നുപോയി... " അപ്പോൾ നേഴ്സുമാർ ആരെങ്കിലും ആയിരുന്നു ഈ രംഗം വന്നു കാണുന്നെങ്കിലോ....? അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി ചോദിച്ചു.... "ഇപ്പോൾ ഇങ്ങനെ ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചോ...? ഇച്ചായൻ അല്ലെ വേണ്ടാതെ പറഞ്ഞു തുടങ്ങിയത്.... " അതെന്താ വേണ്ടാത്തത്...? ഞാൻ ഇത്രയും സമയത്തിനിടക്കു നിന്നോട് ഒരു കാര്യം വേണ്ടാത്ത കാര്യവും പറഞ്ഞിട്ടില്ല, അത് അറിഞ്ഞിട്ടെ ഉള്ളു....

അവളുടെ കൈയിൽ പിടിച്ചുവലിച്ച് അവൻ പറഞ്ഞപ്പോൾ എങ്ങനെയൊക്കെയോ കൈ വിട്ട് അവൾ ചെറുചിരിയോടെ അവൾ പുറത്തിറങ്ങിയിരുന്നു, അവളെ കണ്ടതും ഫോൺ വിളിക്കുന്നത് പോലെ അല്പം മാറിനിന്നു സണ്ണി.... ഒന്നും മിണ്ടാതെ അല്പം വിളറിയ മുഖത്തോടെ ഫ്ലാസ്ക്ക് എടുത്തു അവൾ താഴേക്ക് പോയി, ചെറുചിരിയോടെ തന്നെ അത് നോക്കി നിന്നു... പിന്നെ അകത്തേക്ക് കയറി സണ്ണി " ആൻസി എന്താ പുറത്തേക്ക് പോയത്...? ഒന്നും മനസ്സിലാകാത്തത് പോലെ സണ്ണി ചോദിച്ചു... " അവൾ കുറച്ചു ചൂടുവെള്ളം എടുക്കാൻ പോയതാ.... ചമ്മലോടെ അവൻ പറഞ്ഞു... " ചൂടുവെള്ളം അല്ല, നിനക്ക് ഇപ്പോൾ ആവിശ്യം നല്ല തണുത്ത വെള്ളമാണ് ആവശ്യം ശരീരം നന്നായി തണുക്കണം...അല്ലെങ്കിൽ ആശുപത്രി കിടക്കുമ്പോഴും ഓരോ തോന്നിവാസം കാണിക്കാൻ തോന്നും... അലക്സ് വിളറി പോയിരുന്നു........ കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story