ആർദ്ര: ഭാഗം 20 || അവസാനിച്ചു

ardra

രചന: പ്രിയ ദർശനി

 ഏതോ ആൾ താമസമില്ലാത്ത വീട്ടിലേക്കാണ് അവർ ഞങ്ങളെ കൊണ്ടു പോയത്.... ഞങ്ങളെ ഓരോ കസേരയിൽ കെട്ടിയിട്ടിട്ട് ഒന്നും പറയാതെ അവർ പോയി....ഇരുട്ട് ആയതുകൊണ്ട് തന്നെ സ്ഥലം ഏതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ഫോണും പേഴ്‌സും അവർ കൊണ്ടു പോയിരുന്നു. ഒന്നും ചെയ്യാൻ ആവാതെ ഞാനും റിഥ്വിയും പരസ്പരം നോക്കി..... **** ക്ഷീണം കാരണം ഒന്ന് മയങ്ങി പോയിരുന്നു. അപ്പോഴാണ് 'അമ്മ വിളിച്ചത്.... മോനെ ചന്തു..... അവർ പോയിട്ട് കുറെ നേരം ആയല്ലോ..? നീ അവരെയൊന്ന് വിളിച്ചു നോക്കിയേ.... 'അമ്മ പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത്....പൊന്നുവും റിഥ്വിയും ഇനിയും തിരിച്ചു വന്നിട്ടില്ല. ഏതാണ്ട് അര മണിക്കൂർ ദൂരമേ റിസോർട്ടിൽ നിന്ന് അവളുടെ വീട്ടിലേക്കുള്ളൂ..... ഞാൻ ഉടനെ റിഥ്വിയെ വിളിച്ചു നോക്കി....ഫോൺ സ്വിച്ചോഫ് ആയയിരുന്നു. റിഥ്വിയെ വിളിച്ചിട്ട് കിട്ടുന്നില്ല അമ്മേ സ്വിച്ച് ഓഫ് ആണ്.... അപ്പോഴേക്കും പൊന്നുവിനെ അച്ഛനും അമ്മയും പുറത്തേക്ക് വന്നു. ഇരുവരുടെ മുഖത്തും നല്ല ടെൻഷൻ ഉണ്ടായിരുന്നു.

എങ്കിൽ നീ മോളെ വിളിച്ചു നോക്കേടാ.... ഇല്ലമ്മേ അവളുടെ ഫോണും ഓഫാ... അവര് വരുന്നുണ്ടാവും ഏതായാലും ഞാനൊന്ന് പോയി നോക്കാം... എല്ലാവരെയും ആശ്വസിപ്പിച്ചിട്ട് ഞാൻ വണ്ടിയും എടുത്ത് ഇറങ്ങി.. നേരെ അവളുടെ വീട്ടിലേക്ക് പോയെങ്കിലും അവിടുത്തെ വാതിൽ അടഞ്ഞു കിടപ്പുണ്ടായിരുന്നു. ആരും അങ്ങോട്ട് ചെന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. ഇനി അവർ സ്നേഹതീരത്തിലേക്ക് പോയിട്ടുണ്ടാവുമോ എന്ന് കരുതി മാധവേട്ടനെ വിളിച്ചു നോക്കി.... ഹലോ...ആരാ...? ഹലോ മാധവേട്ടാ ഞാൻ ധ്രുവൻ ആണ്... എന്താ സർ...ഈ നേരത്ത്...? അത്....റിഥ്വിയും ആർദ്രയും അവിടെ ഉണ്ടോ..? ഇല്ലല്ലോ....എവിടെയോ പാർട്ടി ഉണ്ടെന്ന് പറഞ്ഞ് വൈകിട്ട് പോയതാണല്ലോ.... എന്താ സർ എന്തെങ്കിലും പ്രശ്നം ഉണ്ടോ...? ഏയ് ഇല്ല. വെറുതെ ചോദിച്ചതാ.... ഞാൻ പെട്ടെന്ന് കാൾ കട്ട് ചെയ്തു. വെറുതെ അയാളെ കൂടി ടെൻഷൻ ആക്കേണ്ടെന്ന് കരുതി. അപ്പോഴേക്കും എനിക്കും മനസ്സിലെന്തൊക്കെയോ പേടി തോന്നി തുടങ്ങിയിരുന്നു. ഏറ്റവും ഒടുവിലായി ആദിയെ കൂടി വിളിച്ചു നോക്കാമെന്ന് കരുതി.

ആദ്യം റിംഗ് ചെയ്തപ്പോൾ അവൻ കോൾ എടുത്തില്ല..വീണ്ടും ഒരിക്കൽ കൂടി വിളിച്ചപ്പോൾ എടുത്തു.... ഹലോ....? ഹലോ ആദി...ഞാൻ ധ്രുവൻ ആണ്. തന്നെ ആർദ്രയോ റിഥ്വിയോ വിളിച്ചിരുന്നോ..? എന്നെ എന്തിനാ വിളിക്കുന്നത്...സാറിന്റെ പാർട്ടിക്ക് അല്ലെ അവള് വന്നത്...? ആദിയുടെ സംസാരത്തിലെ പരിഹാസം ഞാൻ കണക്കിലെടുത്തില്ല. ഇവിടെ പാർട്ടിക്ക് വന്നു എന്നത് ശരിയാ...അവളും റിഥ്വിയും കൂടി 11 മണി കഴിഞ്ഞപ്പോൾ തന്നെ അവിടെ നിന്ന് പോയതാണ്...ഇതു വരെ വീട്ടിലും എത്തിയിട്ടില്ല സ്നേഹതീരത്തിലും എത്തിയിട്ടില്ല.... ഇതു വരെ എത്തിയില്ലേ.... പിന്നെ അവരിത് എവിടെ പോയി...? ആദിയുടെ ചോദ്യത്തിലും നല്ല ടെൻഷൻ ഉണ്ടായിരുന്നു... അറിയില്ല. തന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നറിയാൻ വിളിച്ചതാ.... കുറച്ച് നേരത്തെ എന്നെ ആർദ്ര വിളിച്ചിരുന്നു. പക്ഷെ ഞാൻ എടുത്തില്ല... മ്മ്...ശരി...ഞാനൊന്ന് നോക്കട്ടെ... കുറെ നേരം നഗരത്തിലൂടെ അലക്ഷ്യമായി ഡ്രൈവ് ചെയ്‌തെങ്കിലും അവരെവിടെയാണെന്ന് ഒരു സൂചന പോലും കിട്ടിയില്ല. ഒടുവിൽ പോലീസിൽ പരാതി കൊടുക്കാം എന്ന് കരുതി പോലീസ് സ്റ്റേഷനിലേക്ക് പോയി...

അവിടെ നിന്ന് വരുന്ന വഴിയാണ് ആദിയെ കണ്ടത്. വിയർത്തൊഴുകി പരിഭ്രമം നിറഞ്ഞ അവന്റെ മുഖത്ത്‌ നിന്നും ഇത്രയും നേരം അവനും അവരെ അന്വേഷിക്കുകയായിരുന്നെന്ന് മനസ്സിലായി.... ആദിയുടെ സമീപം ഞാൻ വണ്ടി നിർത്തി. ആദി....കയറ്.... സർ എന്തെങ്കിലും വിവരം കിട്ടിയോ.....? ഇല്ല ആദി...ഞാൻ പോലീസിൽ കംപ്ലൈന്റ് കൊടുത്തിട്ടുണ്ട്. അവർക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ..? അങ്കിളിന്റെ ശത്രുക്കളും ആവാം... സർ....അവരെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെങ്കിൽ ഉറപ്പായിട്ടും അത് അയാൾ ആയിരിക്കും മഹി.... മഹി.. 'അമ്മ പറഞ്ഞ കാര്യങ്ങൾ ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നു പോയി..ആ പേരും... "മഹിയോ അതാരാ...?" ഉടൻ ആദി എനിക്ക് ഫോണിൽ ഒരു ഫാമിലി ഫോട്ടോ കാണിച്ചു തന്നു. അതിൽ മഹിയെ കാണിച്ചു തന്നു. പക്ഷെ എന്റെ കണ്ണ് പതിഞ്ഞത് ആ ഫോട്ടോയിലെ മറ്റൊരാളിലാണ്.... അഭിഷേക്....!! ദച്ചുവിന്റെ കയ്യിലെ ഫോട്ടോയിലെ അതേ മുഖം.... ആദി.. ഇത് ആരാ..? ഇത് എന്റെ അനിയനാ അഭിഷേക്....

ചുരുങ്ങിയ വാക്കുകളിൽ അവൻ അവന്റെ ജീവിതം മുഴുവൻ പറഞ്ഞു... അവന്റെ പ്രതികാരവും.... ആർദ്രയും റിഥ്വിയും ഇയാളുമായി ബന്ധപ്പെട്ട് കിടക്കുന്നത് എങ്ങെനെയാണെന്നുമൊക്കെ പറഞ്ഞു. എനിക്കുറപ്പാ സർ അവരെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ മഹി തന്നെ ആയിരിക്കും ആർദ്രയ്ക്കോ റിഥ്വിക്കൊ എന്തെങ്കിലും സംഭവിച്ചാൽ മഹിയുടെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും... ദേഷ്യത്താൽ ആദിയുടെ മുഖം ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു. ആദി.....കൂൾ ഡൗണ്... നമുക്ക് ആദ്യം അവർ എവിടെയാണെന്ന് കണ്ടു പിടിക്കാം....എന്നിട്ട് മതി പ്രതികാരം... പക തീർക്കാനാണെങ്കിൽ നിനക്കുള്ള അതേ ആഗ്രഹം എനിക്കുമുണ്ട്... ആദി എന്നെ സംശയത്തോടെ നോക്കി. നീ വിചാരിക്കുന്നത് പോലെ നിന്റെ അനിയൻ അഭിഷേക്.., അവൻ ആത്മഹത്യ ചെയ്തതല്ല. കൊന്നതാ ഇയാളും ഇയാളുടെ സഹോദരിയും ചേർന്ന്... ആദി ഞെട്ടലോടെ എന്നെ നോക്കി... ദച്ചുവും അഭിഷേകും ഇഷ്ടത്തിലായിരുന്ന കാര്യവും 'അമ്മ അവിടെ പോയപ്പോൾ കണ്ട കാഴ്ചയും തുടർന്നുണ്ടായ ഭീഷണിയും ഞാൻ ആദിയോട് പറഞ്ഞു....

നിനക്ക് നിന്റെ അച്ഛനെയും അനിയനെയും ഇല്ലാതാക്കിയവനോടുള്ള പകയാണെങ്കിൽ എനിക്ക് എന്റെ ദച്ചുവിന്റെ കണ്ണീരിന് കാരണക്കാരൻ ആയവനോടുള്ള പകയാണ്... ***** സമയം കടന്നു പോയി..... പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ മുന്നിൽ കാണുന്നത് കത്തുന്ന കണ്ണുകളോടെ ഞങ്ങളെ നോക്കുന്ന മഹിയെ ആണ്... നീയൊക്കെ എന്താ വിചാരിച്ചത് അവനെ പേടിച്ചിട്ട് ഞാൻ നാട് വിട്ടെന്നോ..? ഇത്തിരി പോന്ന ഒരുത്തൻ കൊല്ലും എന്ന് വീമ്പിളക്കിയാൽ പേടിച്ചോടുന്നവനല്ല ഈ മഹാദേവൻ.... കാത്തിരിക്കുകയായിരുന്നു ഒരവസരത്തിനു വേണ്ടി. നിന്നെയൊക്കെ കാണാൻ ഇല്ലെന്ന് അറിഞ്ഞാൽ അവൻ ഇവിടെ വരും.... എന്റെ മുൻപിൽ.... പക്ഷെ വേണ്ട.കൺ മുൻപിൽ വന്ന് വീണ ഇരയേ പിടിക്കുന്നതിനെക്കാൾ എനിക്കിഷ്ടം എന്റെ ഇരയെ ഞാൻ തന്നെ തേടി കണ്ടുപിടിക്കുന്നതാണ്.... അയാൾ പോയതിനു ശേഷവും ഞങ്ങളെ ഇവിടെ കൊണ്ടു വന്നതിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ല... ഭക്ഷണം കഴിക്കാനായി ഞങ്ങളുടെ കയ്യിലെ കേട്ടഴിച്ചപ്പോഴാണ് അവിടെ മേശപ്പുറത്ത് കിടക്കുന്ന മൊബൈൽ കണ്ടത്. ഞങ്ങൾക്ക് കാവൽ കിടത്തിയ തടിമാടന്മാരുടെ കണ്ണുവെട്ടിച്ച് ഞാൻ ആ ഫോൺ കൈക്കലാക്കി...

ഭാഗ്യത്തിന് ആ ഫോണിൽ ലോക്ക് ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ ആദിയെ വിളിക്കാൻ നോക്കിയെങ്കിലും റിഥ്വി ആ ഫോൺ പിടിച്ചു വാങ്ങി വേറൊരു നമ്പറിൽ വിളിച്ചു. അവന് ഇപ്പോഴും ആദിയോടുള്ള നീരസം മാറിയിട്ടില്ല. വഴക്കടിക്കാനുള്ള സമയം അല്ലാത്തതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. ഹലോ... ചന്തു എട്ടാ.. റിഥ്വി....നിനക്കും പൊന്നുവിനും കുഴപ്പമൊന്നുമില്ലല്ലോ..? നിങ്ങളിപ്പോ എവിടെയാ...? അറിയില്ല എട്ടാ...ഞങ്ങളെ ഇന്നലെ മഹാദേവൻ.... പറഞ്ഞ് മുഴുവനാക്കും മുൻപേ ഗുണ്ടകളിലൊരാൾ ആ ഫോൺ പിടിച്ചു വാങ്ങി... ഞങ്ങൾ എന്തെങ്കിലും പ്രതികരിക്കുന്നതിന് മുൻപ് തന്നെ അയാളുടെ കൈ റിഥ്വിയുടെ കവിളിൽ പതിഞ്ഞിരുന്നു. എനിക്ക് നേരെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് അയാൾ ആ ഫോണും എടുത്ത് പുറത്തേക്കിറങ്ങി. കുറച്ച് സമയത്തിന് ശേഷം അയാൾ മഹിയെയും കൂട്ടി വന്നു. കുറച്ച് അയവ് തന്നപ്പോഴേക്കും അത് മുതലാക്കുന്നോടാ .... "തല്ലി കൊല്ലെടാ ഇവറ്റകളെ....." അയാളുടെ നിർദേശം കിട്ടിയപ്പോഴേക്കും നാല് ഭാഗത്തു നിന്നും ഗുണ്ടകൾ നിരന്നു നിന്നു.

അതിൽ ഒരുത്തൻ ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു..... ഒന്നും ചെയ്യാൻ ആവാതെ ഞാൻ പേടിയോടെ കണ്ണുകളടച്ചു. റിഥ്വിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... കുറച്ച് നിമിഷങ്ങൾക്ക് ശേഷവും ഞങ്ങൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നറിഞ്ഞാണ് കണ്ണു തുറന്നു നോക്കിയത്... നോക്കിയപ്പോൾ മുന്നിൽ കാണുന്നത് നിലത്ത് വീണ് പിടയുന്ന ആ ഗുണ്ടയെ ആണ്.... പിന്നിൽ ആരുടെയോ കാലൊച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് രൗദ്ര ഭാവത്തോടെ നിൽക്കുന്ന ആദിയേയും ചന്തു ഏട്ടനെയുമാണ്... രണ്ടു പേരുടെയും മുഖം ഒരുപോലെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു. അവരുടെ നോട്ടം മുൻപിൽ അത്ഭുതത്തോടെയും അതിലുപരി പരിഭ്രമത്തോടെയും നിൽക്കുന്ന മാഹിയിൽ ആയിരുന്നു..... നീ എന്താടാ വിചാരിച്ചേ....ഒളിച്ചു നിന്നാൽ നിന്നെ ഞാൻ കണ്ടുപിടിക്കില്ലെന്നോ..?? ഇവരുടെ ദേവൻ മാഷ് തന്നെയാണ് മഹി എന്നറിഞ്ഞപ്പോഴേ നിന്റെ എല്ലാ ഡീറ്റൈൽസും ഞാൻ കണ്ടു പിടിച്ച് കഴിഞ്ഞിരുന്നു. ഇവർക്ക് നേരെ ഒരു ആക്സിഡന്റ് ഉണ്ടായത് മുതൽ എന്റെ ഒരു കണ്ണ് നിനക്ക് നേരെ തുറന്ന് പിടിച്ചിട്ടുണ്ടായിരുന്നു.

ഏത് സമയവും ഇങ്ങനെ ഒരാക്രമണവും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇത് കുറച്ച് നേരത്തെ ആയി പോയെന്ന് മാത്രം... നിനക്ക് തെറ്റി ആദിത്യാ...നിനക്ക് തെറ്റി... നീ വന്ന സമയവും സന്ദര്ഭവുമെല്ലാം തെറ്റി....ദാ ഈ കാണുന്നതൊക്കെ എന്റെ ആളുകളാ....എനിക്ക് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്തവർ. ഇനി ഇവിടെ നിന്ന് ജീവനോടെയൊരു തിരിച്ചുപോക്ക് നിങ്ങൾക്കുണ്ടാവുമെന്ന് കരുതുന്നുണ്ടോടാ....? ഭയാനകമായ അട്ടഹാസത്തോടെ അയാൾ ചോദിച്ചു. പക്ഷെ ആദിയുടെ കണ്ണുകളിൽ ഒരു തരി പോലും ഭയം കണ്ടില്ല. ചന്തു ഏട്ടന്റെ കണ്ണുകളിലും ഭയത്തിന് പകരം പകയും വെറുപ്പുമായിരുന്നു തെളിഞ്ഞു കണ്ടത്. പക്ഷെ അതിന്റെ കാരണം എന്തെന്ന് മനസ്സിലായില്ല..... അലറി കൊണ്ട് പാഞ്ഞുവന്ന അയാളുടെ ശിങ്കിടികളെ ഓരോരുത്തരെയായി ആദിയും ചന്തു ഏട്ടനും വർധിച്ച ദേഷ്യത്തോടെ തല്ലി വീഴ്ത്തിക്കൊണ്ടിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ അവരെല്ലാവരും നിലം പരിശായി.... അടുത്ത ഊഴം തനിക്കാണെന്നറിഞ്ഞ മഹി ഭയത്തോടെ പിന്നോട്ട് പോയി കൊണ്ടിരുന്നു...

.അതിനനുസരിച്ച് ആദിയും ചന്തു ഏട്ടനും മുന്നോട്ടും.... ഒടുവിൽ ദേഷ്യം തീരുവോളം അയാളെ മർദിച്ചവശനാക്കി...ജീവന് വേണ്ടി കെഞ്ചുന്ന അയാളെ കണ്ടിട്ടും ഇരുവരുടെയും മുഖത്ത് പ്രത്യേക ഭാവ വ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല. നീ ഇപ്പൊ കെഞ്ചുന്നത് പോലെ മുൻപൊരിക്കൽ ഇവന്റെ അച്ഛനും അനിയനും നിന്റെ കാലു പിടിച്ചിട്ടുണ്ടാവില്ലേ..? എന്നിട്ട് നീ അവരുടെ നേരെ എന്തെങ്കിലും ദയ കാണിച്ചോ..? എത്രപേരുടെ ജീവിതം നീ കാരണം നശിച്ചിട്ടുണ്ട്...? അതിനൊക്കെ കൂടി നിനക്കുള്ള ശിക്ഷ മരണമാണ്..... അപ്പോഴേക്കും കുറെ പൊലീസുകാർ അവിടെ എത്തിയിരുന്നു. അവർ മഹാദേവനെ ജയിലിലേക്ക് കൊണ്ടു പോവാൻ ശ്രമിച്ചപ്പോൾ ആദിയും ധ്രുവനും കൂടി തടഞ്ഞു. കയ്യിൽ കിട്ടിയ ഇരുമ്പ് വടിയെടുത്ത് മഹിയെ തല്ലികൊല്ലാൻ ശ്രമിച്ച ആദിയെ പിടിച്ചു മാറ്റി ചന്തു ഏട്ടൻ ആ കൃത്യം നിർവഹിച്ചു.... ആദിയെയും എന്നെയും റിഥ്വിയെയും മറ്റ് പൊലീസുകാരെയും കാഴ്ചക്കാരാക്കി നിർത്തി കൊണ്ട് ചന്തു ഏട്ടൻ അയാളെ ഈ ലോകത്ത് നിന്ന് എന്നന്നേക്കുമായി പറഞ്ഞയച്ചു. ......................

..... ധ്രുവൻ സർ....ഇത് കൊലപാതകമാണ്. അതും ഇത്രയും പോലീസുകാരുടെ മുന്നിൽ വച്ച്...എന്തായാലും ശിക്ഷ അനുഭവിക്കേണ്ടി വരും... പോലീസുകാരന്റെ വാക്കിന് മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ചന്തു ഏട്ടൻ അവരുടെ കൂടെ ജീപ്പിലേക്ക് കയറി. പോകുന്നതിന് മുൻപ് എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു....ഒരു നിറഞ്ഞ പുഞ്ചിരി... എന്നാലും ചന്തു ഏട്ടൻ എന്തിനാ അയാളെ കൊന്നത് എന്ന ചോദ്യം എന്റെ മനസ്സിൽ ഉയർന്നുവന്നു.... എന്നെ കാഴ്ചക്കാരനാക്കി അയാളെ കൊന്നതിന് നിന്റെ ചന്തു ഏട്ടന് പറയാൻ ഒരു കാരണം മാത്രമേ ഉള്ളൂ.... ഞാൻ സ്നേഹിക്കുന്നവർ ആരും വേദനിക്കരുത് എന്ന കാരണം....എന്നെ ശിക്ഷിച്ചാൽ അവിടെ വേദനിക്കാൻ പോകുന്നത് നീ ആയിരിക്കും....അത് സഹിക്കാൻ അയാൾക്കാവില്ല....അത്രത്തോളം അയാൾ നിന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ മനസ്സ് വായിച്ചെന്ന പോലെ ആദി പറഞ്ഞു. ഞാൻ നിസ്സംഗതയോടെ ചന്തു ഏട്ടനെയും കൊണ്ട് പോലീസ് ജീപ്പ് പോകുന്നതും നോക്കി നിന്നു. എന്തിനാണെന്നറിയാതെ എന്റെ കണ്ണിൽ കണ്ണീർ തുള്ളികൾ ഉരുണ്ട് കൂടുന്നുണ്ടായിരുന്നു.

പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാമായിരുന്നിട്ടും നിയമവ്യവസ്ഥയെയും കോടതിയെയും മാനിച്ച് തെറ്റ് ഏറ്റു പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ തന്റെ സഹോദരിയുടെ കാമുകനെ കൊന്നവനോടുള്ള ദേഷ്യമാണെന്നാണ് ധ്രുവൻ കോടതിയിൽ പറഞ്ഞത്.... കോടതി നൽകിയ ശിക്ഷ നിറഞ്ഞ സംതൃപ്തിയോടെയാണ് ചന്തു ഏറ്റുവാങ്ങിയത്... ജയിലിലെ ഏകാന്ത വാസത്തിനിടയിലും തന്റെ കുടുംബവും ആർദ്രയും ആദിയും എല്ലാം സന്തോഷത്തോടെ കഴിയുന്നുണ്ടാവാണെ എന്ന് മാത്രമായിരുന്നു ധ്രുവന്റെ പ്രാർത്ഥന. ജയിലിൽ തന്നെ കാണാൻ വരുന്നവരെയെല്ലാം ചന്തു മടക്കി അയച്ചുകൊണ്ടിരുന്നു. ഒരിക്കൽ പോലും ആർക്കും അവനെ ജയിലിൽ വച്ച് കാണാൻ കഴിഞ്ഞില്ല. **** 5 വർഷങ്ങൾക്ക് ശേഷം..., ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ധ്രുവന്റെ മനസ്സിൽ കുറ്റബോധത്തിന്റെ ഒരംശം പോലും ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് തന്റെ പ്രിയപ്പെട്ടവരെയെല്ലാം ഒരു നോക്ക് കാണണമെന്ന ആഗ്രഹം മാത്രം... അവൻ കണ്ണടച്ച് നിന്നു.

ഒരു നിമിഷം കഴിഞ്ഞ കഴിഞ്ഞ കാര്യങ്ങളെല്ലാം ധ്രുവന്റെ മനസ്സിലൂടെ കടന്നു പോയി... തോളിൽ ഒരു കരസ്പർശം ഏറ്റപ്പോഴാണ് തിരിഞ്ഞു നോക്കിയത്.... അവന്റെ പിറകിൽ നിൽക്കുന്ന ആളെ കണ്ട് ധ്രുവന്റെ കണ്ണുകൾ തിളങ്ങി... ആദി....നിനക്ക് സുഖമല്ലേ..? പൊന്നു എവിടെ..? ആദിയെയും ചന്തുവിനെയും നോക്കി മാറി നിൽക്കുകയായിരുന്ന ആർദ്ര അവരുടെ മുന്നിലേക്ക് വന്നു. ഇവിടെ ഉണ്ടായിരുന്നോ..? മക്കളൊക്കെ എവിടെ..? നിറഞ്ഞ കണ്ണുകളോടെ രൂക്ഷമായ ഒരു നോട്ടമായിരുന്നു ആർദ്രയുടെ മറുപടി. നിന്റെയീ സ്നേഹം കണ്ടില്ലെന്ന് നടിച്ച് എന്നോടൊപ്പം സന്തോഷമായി ജീവിക്കാൻ അവൾക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്..? ആദി ചോദിച്ചപ്പോഴാണ് ചന്തു ആർദ്രയുടെ സിന്ദൂരച്ചുവപ്പ് ഇല്ലാത്ത നെറ്റി തടവും ഒഴിഞ്ഞ കഴുത്തും ശ്രദ്ധിക്കുന്നത്.. ഇത്രയും കാലം അവള് കാത്തിരുന്നത് നിനക്ക് വേണ്ടിയാ..നിന്നോടൊപ്പം ഒരു ജീവിതം സ്വപ്നം കണ്ടാ.... മാറി നിന്ന അമ്പിളിയെ ചേർത്ത് നിർത്തി ആദി പറയുമ്പോൾ ധ്രുവന്റെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

അവന്റെ മാത്രം പൊന്നുവിനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിക്കുമ്പോൾ ലോകം വെട്ടിപിടിച്ച സന്തോഷമായിരുന്നു അവന്.... ആ ചുംബനത്തിലുണ്ടായിരുന്നു ഇത്രയും കാലം ഉള്ളിലൊതുക്കിയ അവന്റെ പ്രണയത്തിന്റെ വ്യാപ്തി എത്രയാണെന്ന്... " അടരുവാൻ വയ്യ അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും....💙" കാറിൽ നിന്ന് റിഥ്വിയുടെ കയ്യും പിടിച്ച് ഇറങ്ങി വരുന്ന ദച്ചുവിനെ കണ്ടപ്പോളാണ് ചന്തു ആർദ്രയിൽ നിന്നും അകന്നത്... എന്തിനും ഏതിനും തന്നോട്‌ വഴക്കിട്ടിരുന്ന ദേഷ്യപ്പെടുമ്പോൾ മുഖവും വീർപ്പിച്ചു കണ്ണും നിറച്ച് നിന്നിരുന്ന തന്റെ അനിയത്തി ഇന്നൊരു ഭാര്യയായി തന്റെ മുന്നിൽ..... പഴയ സങ്കടങ്ങളെല്ലാം മാറി അവളുടെ മനസ്സിലിപ്പോൾ റിഥ്വി മാത്രമാണെന്ന് അവളുടെ മുഖത്തെ തിളക്കം കണ്ടവൻ മനസ്സിലാക്കി... ഒത്തിരി സന്തോഷത്തോടെ അവൻ തന്റെ കുഞ്ഞു പെങ്ങളെയും അവളുടെ സ്വന്തം റിഥ്വിയെയും ഹൃദയത്തോടെ ചേർത്ത് നിർത്തി.... തിരികെ വീട്ടിലേക്ക് പോകുമ്പോൾ ധ്രുവൻ ആർദ്രയുടെയും ആദി അമ്പിളിയുടെയും റിഥ്വി ദച്ചുവിന്റെയും കൈ മുറുകെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

ഇനി ഒരിക്കലും വിട്ടു കളയില്ലെന്ന ഉറപ്പോടെ.... മനസ്സിൽ പ്രണയം വിരിക്കുന്ന ഒരു വൃശ്ചിക മാസ പുലരിയിൽ ഉദയ സൂര്യന്റെ പൊൻ കിരണങ്ങളെ സാക്ഷി നിർത്തി ഒരു അമ്പല നടയിൽ വച്ച് ധ്രുവൻ ആർദ്രയുടെ കഴുത്തിൽ താലി കെട്ടി... ഒരു പെണ്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം നിറഞ്ഞ സന്തോഷത്തോടെ അനുഭവിക്കുകയായിരുന്നു ആർദ്രയപ്പോൾ.... സിന്ദൂരം കൊണ്ട് അവളുടെ നെറ്റിയെ ചുവപ്പിച്ച ശേഷം ധ്രുവൻ അവിടെ പതിയെ മുത്തി... ഇരു കണ്ണുകളും അടച്ച് നിറഞ്ഞ മനസ്സോടെ അവളത് സ്വീകരിച്ചു. ***** വിത്ത് വിതച്ചത് പോലെ നക്ഷത്രങ്ങൾ വിതറി കിടക്കുന്ന ആകാശവും നോക്കി നിൽക്കുകയായിരുന്നു ധ്രുവൻ. അവന്റെ മനസ്സ് ശാന്തമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ ഫീൽ ആയിരുന്നു അവന്. ആർദ്ര നോക്കുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി ഒളിപ്പിച്ച് എന്തൊക്കെയോ ആലോചിച്ച് നിൽക്കുന്ന ചന്തുവിനെയാണ്.... ചന്തു എട്ടാ.... അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി...

ഞാനൊരു കാര്യം ചോദിക്കട്ടെ..? ഇത്രയും കാലം ഏട്ടന്റെ ഇഷ്ടം മനസ്സിലാക്കാതിരുന്നപ്പോൾ ഒരിക്കൽ പോലും എന്നോട് വെറുപ്പ് തോന്നിയിട്ടില്ലെ...? ഒരിക്കലുമില്ല. നമ്മൾ സ്നേഹിക്കുന്നവർ എന്തെങ്കിലും തെറ്റ് ചെയ്താൽ പോലും പുറമെ ദേഷ്യപ്പെടാം എന്നല്ലാതെ ഉള്ളുകൊണ്ട് ഒരിക്കലും വെറുക്കാൻ പറ്റില്ല പൊന്നു... ഇവിടെ നീ തെറ്റ് ഒന്നും ചെയ്തിട്ടില്ല.ഒരാളോട് ഇഷ്ടം തോന്നുന്നത് ഒരിക്കലും ഒരു തെറ്റല്ലല്ലോ... ഒരു ചിരിയോടെ എന്നെ ചേർത്ത് നിർത്തി ചന്തു ഏട്ടൻ പറയുമ്പോൾ മനസ്സിൽ ഞാൻ ദൈവത്തോട് നന്ദി പറയുകയായിരുന്നു. പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരാളെ തന്നെ എനിക്ക് തന്നതിന്. ഇതേ സമയം അമ്പിളി വളരെ സന്തോഷത്തിലായിരുന്നു. ഇത്തിരി വൈകി ആണെങ്കിലും തന്റെ ഇഷ്ടം സഫലമായതിന്റെ സന്തോഷം... തന്റെ പാതിയെ തിരിച്ചറിയാൻ വൈകിയതിൽ മനസ്സിൽ അവളോട് ക്ഷമചോദിച്ചുകൊണ്ട് ആദിയും...... ദച്ചു ആലോചിക്കുകയ്യായിരുന്നു തന്റെ പാതിയെ കുറിച് തന്റെ സങ്കടങ്ങളെല്ലാം ഒരു തലോടൽ കൊണ്ട് ഇല്ലാതാക്കുന്നവനെ കുറിച്ച്.... അവളുടെ മനസ്സ് മനസ്സിലാക്കി റിഥ്വി അവളെ ഒന്നുകൂടെ ചേർത്ത് നിർത്തി.... ആത്മാർത്ഥ പ്രണയം അങ്ങനെയാണ്...

ഇത്തിരി വിഷമിപ്പിച്ചാലും ഒത്തിരി സന്തോഷം നമുക്ക് നൽകാനായി അത് കാത്തു വച്ചിട്ടുണ്ടാവും.....❤ അവസാനിച്ചു. ആർദ്രയെ സ്വീകരിച്ച എല്ലാവർക്കും നന്ദി. ആദ്യമേ മനസ്സിൽ കണ്ടത് പോലെ തന്നെയാണ് അവസാനിപ്പിച്ചിട്ടുള്ളത്. ചേരേണ്ടവർ തമ്മിലെ ചേരാവൂ...അത് കഥയിലായാലും ജീവിതത്തിലായാലും.. അതുകൊണ്ടാണ് ആർദ്രയ്ക്ക് ധ്രുവനെയും അമ്പിളിക്ക് ആദിയെയും നൽകിയത്. ഒരുപാട് ആഗ്രഹങ്ങളുള്ളവളാണ് ആർദ്ര. ആദിയുടെ കാഴ്ചപ്പാടിന് നേരെ വിപരീതം. അമ്പിളി ആവട്ടെ ആദിയുടെ സങ്കല്പം പോലെ അവന് വിധേയയായി കഴിയാൻ ആഗ്രഹിക്കുന്ന പെണ്ണ്...അതുകൊണ്ടാണ് അവരെ ഒന്നിപ്പിച്ചത്. പലരും ചോദിച്ചു ഇതിലെ ഹീറോ ആരാണെന്ന്...ഒരു സംശയവും വേണ്ട എന്റെ നായകൻ ധ്രുവൻ ആണ്. ആർദ്രയുടെ സന്തോഷത്തിന് വേണ്ടി സ്വന്തം ഇഷ്ടം വേണ്ടെന്ന് വച്ചവൻ.

ഒരിക്കലും ആദിയെ മോശക്കാരനാകാൻ ഞാൻ ശ്രമിച്ചിട്ടില്ല. പലരും പരാതി പറഞ്ഞിരുന്നു ധ്രുവനെ നായകനാകാൻ ഞാൻ ആദിയെ മോശക്കാരൻ ആക്കുന്നെന്ന്... ഒരിക്കലുമില്ല. ആദി ഇത്തിരി പോസസ്സിവ് ആണ്.അത് അവനെ സ്നേഹിക്കാൻ ആരും ഇല്ലായിരുന്നു. പെട്ടെന്ന് സ്നേഹം കിട്ടിയപ്പോൾ അത് നഷ്ടപ്പെടാതിരിക്കാൻ ആണ് അവൻ അങ്ങനെ പെരുമാറിയത്. ഇങ്ങനെയൊരു ക്ലൈമാക്സ് എല്ലാവർക്കും ഇഷ്ടപ്പെട്ടോ എന്നറിയില്ല. വായിച്ചവരെല്ലാം പിശുക്ക് കാണിക്കാതെ നിങ്ങളുടെ അഭിപ്രായം പോസറ്റിവോ നെഗറ്റീവോ ആയിക്കോട്ടെ മനസ്സ് തുറന്ന് പറഞ്ഞോളൂ... (❤,👍 സൂപ്പർ അടിപൊളി ഇതൊക്കെ ഒഴിവാക്കിയിട്ട്😂) ഒരിക്കൽ കൂടി എല്ലാവരോടും നന്ദി സ്നേഹം..💙💙 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story