ആർദ്രം : ഭാഗം 1

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

🎶🎶 ഇടയൻ കൈവിട്ട കുഞ്ഞാടുകൾ ഇരുളിൽ കൈത്തിരി തിരയുമ്പോൾ ആരുമില്ലാത്തവർക്കഭയം നൽകും കാരുണ്യം എന്നിൽ ചൊരിയേണമേ കാരുണ്യം എന്നിൽ ചൊരിയേണമേ അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എൻ നൊമ്പരം അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ ധന്യമായ് തീരട്ടെ നിൻ വീഥിയിൽ ധന്യമായ് തീരട്ടെ നിൻ വീഥിയിൽ....🎶

പള്ളിയിലെ ക്വയർ പ്രാക്ടീസിൽ സർവ്വം മറന്നു തന്നെ അവൾ പാടി... പാടുമ്പോൾ അവൾ മറ്റൊരു ലോകത്തിൽ ആയിരുന്നു ആ വരികൾക്ക് തന്റെ ജീവിതവും ആയി ബന്ധം ഇല്ലേ...? തനിക്ക് വേണ്ടി ആരോ കൃത്യമായി എഴുതിയത് പോലെ തോന്നി അവൾക്ക്... തിരുസ്വരൂപത്തിന്റെ മുഖത്തേക്ക് നോക്കുമ്പോൾ വെറുതെ മിഴികൾ കണ്ണുനീരാൽ ഒരു ആവരണം തീർത്തിരുന്നു..... എന്തേ എന്നിൽ കാരുണ്യം ചൊരിയാൻ നീ മറന്നു എന്ന് ഒരു പരിഭവത്തിൽ ചാലിച്ച ഒരു ധ്വനി ആ നോട്ടത്തിൽ ഉണ്ടായിരുന്നു.... ഇടയൻ കൈവിട്ട് ഇരുളിൽ നിൽക്കുക ആണ് ഇപ്പോഴും താൻ..... ഇടയിൽ ഒരു തിരിനാളവും ആയി ഒരാൾ എത്തിയിരുന്നു, പക്ഷെ.....!! ആ സ്നേഹത്തിനു താൻ അർഹ അല്ലെന്ന് പൂർണ്ണമായ ബോധ്യം ഉള്ളത് കൊണ്ട് താൻ തന്നെ ആ ഒരുവനിൽ നിന്ന് സ്വയം അകന്നു...... മുതിർന്ന ഒരു പുരുഷനോട് തോന്നിയ ഭ്രമം മാത്രം ആയിരുന്നോ അത്....? അല്ല.....!!!!!!! അങ്ങനെ ചിന്തിക്കാൻ പോലും വയ്യ..... പ്രണയം ആയിരുന്നു തനിക്ക് നിസ്വാർത്ഥമായ പ്രണയം, വ്യവസ്ഥകൾ ഇല്ലാത്ത പ്രണയം..... പ്രണയം മാത്രം......

ഒരു ഉപാദികളും ഇല്ലാത്ത പ്രണയം..... ഒരു നോട്ടത്തിലോ പുഞ്ചിരിയിലോ തന്നിൽ സ്വർഗം തീർക്കാൻ കഴിവുള്ള ആ മായാജാലകാരനോട് പ്രണയം മാത്രം ആയിരുന്നു ആർദ്രയ്ക്ക് ......, അല്ലാതെ അത് ഒരിക്കലും ഒരു പതിനാറുവയസുകാരിയുടെ വെറും ഭ്രമം ആയിരുന്നില്ല...... പഞ്ചേന്ദ്രയങ്ങൾ അഞ്ചും കീഴടക്കിയവൻ ആ ഒരുവൻ മാത്രം ആണ്... വരണ്ട് ഉണങ്ങി മരുഭൂമി ആയ തന്റെ മനസ്സിൽ പ്രണയത്തിന്റെ നീരുറവ പെയ്യിച്ചവൻ...... എപ്പോഴോ ഹൃദയത്തിന്റെ ഭിത്തിയിൽ ഇടം നേടിയവൻ .......പിന്നീട് പതിയെ അവനിലേക്ക് ലോകം ചുരുങ്ങി.......... അവന് വേണ്ടി സ്വന്തം വീട്ടുകാരോട് പോലും വാദിക്കാൻ തുടങ്ങി......അവനോട് ഒപ്പം മക്കളും അവരുടെ മക്കളും അങ്ങനെ ഒരു ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടു നടക്കില്ല എന്ന പൂർണ്ണ ബോധ്യത്തോടെ ....അവന് അരികിൽ നിൽകുമ്പോൾ വേദനകൾ പോലും തന്നെ അലട്ടുന്നില്ല....തന്റെ കണ്ണുനീർ ഉപ്പിന് പോലും ഒരു മധുരം.....അവന്റെ ഒരു ചേർത്ത് പിടിക്കലിൽ തന്റെ നോവുകൾ അലിഞ്ഞു പോകുന്നു.....

ഇത്രയും ശക്തി ഉണ്ടോ പ്രണയത്തിന്റെ മന്ത്രികതയ്ക്ക് എന്ന് പോലും തോന്നിയ സന്ദർഭങ്ങൾ .....ഒരു കൈത്തോട് പോലെ ഒഴുകി അവനാകുന്ന പുഴയിൽ ലയിക്കാൻ തന്നിലെ ഹൃദയം കൊതിച്ചിരുന്നു.പുതിയ ഒരു ജീവിതത്തിന് നിറച്ചാർത്ത് നൽകാൻ ഹൃദയം ആഗ്രഹങ്ങൾ കുറിക്കുകയായിരുന്നു........ഒരിക്കലും നടക്കില്ല എന്ന ഉറപ്പോടെ...... പ്രണയം കൊണ്ട് ജീവിതത്തിൽ ഒരു മഹാകാവ്യം തീർക്കാൻ..... സ്വപ്നങ്ങളുടെ ഉമീതീയിൽ വേവിച്ചു ഹൃദയത്തിന്റെ പ്രണയഭിത്തികളിൽ തന്റെ പ്രാണനാഥൻറെ പേര് സ്വർണ്ണലിപികളിൽ എഴുതി ആരാലും ഒരിക്കലും മായിക്കാൻ കഴിയാത്ത പോലെ............ " ആർദ്ര .... സൂപ്പർ എന്ന് പറഞ്ഞാൽ പോര, താൻ പാടുന്നത് കേൾക്കുമ്പോൾ എന്തൊരു ഫീൽ ആണ്... നമ്മുക്ക് കൂടി സങ്കടം തോന്നുന്ന രീതിയിൽ ആണ്.... ചിരിയോടെ അടുത്തു വന്നു ജിയ പറഞ്ഞപ്പോൾ ചെറുചിരിയോടെ കൈയ്യിൽ ഇരുന്ന ബാഗ് തുറന്നു വെള്ളത്തിന്റെ ബോട്ടിൽ എടുത്തു കുറച്ച് ഒന്ന് കുടിച്ചു പതിവ് പുഞ്ചിരി നൽകി ആർദ്ര . "താങ്ക്സ് ജിയ... ജിയയുടെ വിളി ആണ് ചിന്തകളുടെ മതിൽകെട്ടുകൾ ഭേദിച്ചത്...., പെട്ടന്ന് ബാഗ് എടുത്തു തിരുസ്വാരൂപത്തിന്റെ മുന്നിൽ പോയി ഒന്ന് പ്രാർത്ഥിച്ചു........

ബാഗിൽ നിന്നും എടുത്ത മെഴുകുതിരി തിരിച്ചു ഇറങ്ങും വഴി മാതാവിന്റെ നടക്കൽ കത്തിച്ചു..... നാളെ കൊണ്ട് ഈ ചങ്ങനാശ്ശേരിയോട് വിട പറയുക ആണ്.... വീണ്ടും കുളിര് നിറയ്ക്കുന്ന മലയോരത്തിലേക്ക്, എന്നും തനിക്ക് സന്തോഷം നൽകുന്ന ഇടത്തിലേക്ക്..... ഇടുക്കിയിലെ തന്റെ സ്വന്തം സാന്ത്വനം ഓർഫനെജിലേക്ക്... എന്നും തന്റെ മനസ്സിൽ സന്തോഷം തളിർക്കുന്ന ആ പ്രിയപ്പെട്ട ഒരിടത്തേക്ക്..... ഇടുക്കിയിലെ ഓർഫനെജിലേ ബെന്നി അച്ഛൻ വഴി ആണ് ചങ്ങനാശ്ശേരി ഒരു അനാഥലയത്തിലേക്ക് വരുന്നത് ,അവിടെ ഉള്ള ആളുകളിൽ ചിലരുടെ ആരോഗ്യം ശ്രെദ്ധിക്കാൻ എല്ല 3 മാസവും ഒരു ക്യാമ്പ് ഉള്ളത് ആണ്.... നല്ല മാർക്ക്‌ ഉള്ളോണ്ട് ഒരു രൂപ പോലും ചിലവ് വന്നില്ല ആതുരസേവനരംഗത്തെ നല്ല അവസരം ലഭിക്കാൻ... ഒരു രൂപ ചിലവ് ഇല്ലാതെ ....കോഴ്സ് എല്ലാം കഴിഞ്ഞു വെറുതെ വീട്ടിൽ വന്നു നിൽകുമ്പോൾ ആണ് ഇങ്ങനെ ഒരു ക്യാമ്പിന്റെ കാര്യം ബെന്നി അച്ഛൻ പറയുന്നത്, അത്‌ കേട്ടപോടെ ഒന്നും ചിന്തിക്കാതെ ഇറങ്ങിയത് ആണ്, ഒരാഴ്ച കാലം നീണ്ടുനിന്ന ക്യാമ്പ് അവസാനിച്ചു..... താമസ സൗകര്യം അടുത്തുള്ള മഠത്തിൽ ഒരുക്കി ബെന്നി അച്ഛൻ..... ജീവിതത്തിൽ മെറിട്ടിൽ അഡ്മിഷൻ വാങ്ങാൻ തനിക്ക് സാധിക്കും എന്ന് കരുതിയില്ല.....

അതിനും കാരണം ആ ഒരാൾ....!! ഇംഗ്ലീഷ് കൂട്ടി വായിക്കാൻ അറിയാത്ത താൻ ഇപ്പോൾ മികച്ച ഒരു ജോലി സ്വന്തം ആയുള്ളവൾ..... എല്ലാത്തിനും കാരണം ആ ഒരാൾ മാത്രം....!!! തന്നിൽ സ്വന്തം ആയൊരു വ്യക്തിത്വം സൃഷ്ടിച്ചവൻ.... തന്നെ താൻ ആക്കിയവൻ...... ചിന്തകൾ മുഴുവൻ ഇന്ന് ആ ഒരാളിൽ ആണല്ലോ....? അല്ലേലും ചിലദിവസം ചിന്തകൾ ഇങ്ങനെ ആ ഒരാളിൽ രമിക്കുന്നത് പതിവാണ്.... അപ്പോൾ തന്നെ വന്നൊരു പ്രൈവറ്റ് ബസ് കിട്ടി, അകത്തേക്ക് കയറാൻ നിന്നപ്പോൾ സൂചി കുത്താൻ പോലും സ്ഥലം ഇല്ല, അല്ലെങ്കിലും ഈ 3.30 മണി സമയം മുതൽ തിരക്കാണ് ബസിൽ...... അതോടെ ഓർമ്മകൾ ഭദ്രമായി ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് തന്നെ ചേക്കേറി..... നാലുകൊടിയിൽ ബസ് നിർത്തിയപ്പോൾ അടുത്ത് കണ്ട ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഓട്ടോ പിടിച്ചു നേരെ മഠത്തിലേക്ക് എത്തി..... എന്നത്തേയും പോലെ സോഫിയ സിസ്റ്റർ ചെടികൾക്ക് വെള്ളം ഒഴിച്ചു കൊണ്ട് നില്പുണ്ട്..... "നീ ഇത്രയും പെട്ടന്ന് വന്നോ...

നനച്ചു കൊണ്ടിരുന്ന ഹോസ് താഴേക്ക് ഇട്ടു പൈപ്പ് നിർത്തികൊണ്ട് അരികിൽ വന്നു വാത്സല്ല്യത്തോടെ പറഞ്ഞു.... ഇവിടെ വന്ന നിമിഷം മുതൽ വല്ലാത്ത ആത്മബന്ധം ആണ് സിസ്റ്റർ അമ്മയോട്..... കർമ്മം കൊണ്ട് തന്റെ അമ്മ ആയ ആൾ...... തന്റെ എല്ലാ വേദനകൾക്കും ഉള്ള പരിഹാരം ആണ് ആ കർത്താവിന്റെ മണവാട്ടി.... "ഞാൻ നാളെ പോകും മുൻപ് എല്ലാരോടും കണ്ടു യാത്ര പറയാൻ പോയതല്ലേ സിസ്റ്ററമ്മേ..... അങ്ങനെ പറയാൻ വലിയ കൂട്ടുകാർ ഇല്ലല്ലോ, ഉള്ളവരോട് ഒക്കെ പറഞ്ഞു.... പിന്നെ ഒരു ചെറിയ ക്വയർ, ഇനി പറ്റില്ലല്ലോ അവിടെ പാടാൻ..... തോളിൽ കിടന്ന ഷോൾ കൊണ്ട് കഴുത്തിലെ വിയർപ്പ് ഒപ്പികൊണ്ട് പറഞ്ഞു.... "നീ ഫോൺ എടുത്തില്ലേ....? ഒരുപാട് വിളിച്ചു...... സിസ്റ്റർ ചോദിച്ചു.... "ഞാൻ പള്ളിൽ പോകുമ്പോൾ ഫോൺ എടുക്കില്ല എന്ന് സിസ്റ്റർ അമ്മയ്ക്ക് അറിയില്ലേ....? കൊഞ്ചലോട് ചോദിച്ചു..... വാത്സല്ല്യത്തിൽ കുതിർന്നൊരു ചിരി ആ മുഖത്തും വിടർന്നു..... "ചെന്ന് ചായ കുടിക്ക്, ഏത്തപ്പഴം പുഴുങ്ങിയത് ത്രേസ്യ ഉണ്ടാക്കി വച്ചിട്ടുണ്ട്, മദർ ഉച്ച ഉറക്കം വിട്ട് ഇതുവരെ ഉണർന്നിട്ടില്ല....

സ്നേഹത്തിൽ കുതിർന്ന വാക്കുകൾ.... "എന്തിനാ വിളിച്ചത്......? "നമ്മുടെ അമലമോൾക്ക് വയ്യെന്ന് തലകറക്കം ഡേറ്റ് ആയിരുന്നു.... സ്കൂളിൽ നിന്ന് വിളിച്ചു, അപ്പോൾ നിന്നോട് അവളെ കൂടി വിളിച്ചോണ്ട് വരാൻ പറയാൻ ആയിരുന്നു....അവൾക്ക് എന്തോ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്..... ഇനിയിപ്പോ ഞാൻ പൊക്കോളാം.... ആരും ഇല്ലാത്ത ആൾ ആണ് അമല.... ഒരു ആക്‌സിഡന്റിന്റെ ബാക്കിപത്രം ആയി അവശേഷിച്ച ഒരുവൾ.... ഒറ്റ രാത്രി കൊണ്ട് ആരും ഇല്ലാതെ ആയവൾ.... തനിക്ക് അനുജത്തിയെ പോലെ ആണ് അവൾ.... അവൾ ഇപ്പോൾ പ്ലസ് വണ്ണിൽപഠിക്കുന്നു..... അടുത്തുള്ള ഹയർ സെക്കന്ററി സ്കൂളിൽ ആണ്.... "ആഹ്.... അത്രേ ഉള്ളോ....? ഞാൻ പോയിട്ട് വരാം, കുറച്ചു ദൂരം അല്ലേ ഉള്ളു.....ബാഗ് വച്ചിട്ട് വരാം.... "വേണ്ട കൊച്ചേ... "വേണം എന്റെ സിസ്റ്റർ അമ്മേ... "എങ്കിൽ ആദ്യം ചായ കുടിക്ക്.... "വേണ്ട.... അവൾ വന്നിട്ട് ഒന്നിച്ചു ആകാം.... രണ്ടു വർഷം കൊണ്ട് ഒരു മനസ് ആയവർ ആണ് അമലയും ആർദ്രയും .... ബാഗ് മുറിയിൽ കൊണ്ട് വച്ച് മെല്ലെ ഗേറ്റ് കടന്ന് നടന്നു, ഒരുപാട് ദൂരം ഒന്നും ഇല്ല സ്കൂളിലേക്ക്, എങ്കിലും ഒരു 2കിലോമീറ്റർ കാണും, മഠത്തിൽ സാധനം കൊണ്ടുവരുന്ന ഏതേലും ഓട്ടോക്കാർ കണ്ടാൽ നിർത്തും എന്ന് ഉറപ്പാണ്.....

ഊഹം തെറ്റിയില്ല വറീത് ചേട്ടൻ ഓട്ടോ കൊണ്ട് നിർത്തി എവിടേക്ക് ആണ് എന്ന് തിരക്കി.... പിന്നെ ഓട്ടോയിൽ കയറി... ഓട്ടോയിൽ കയറിയതും വറീത് ചേട്ടൻ കലപില വർത്താനം ആയി.... അല്ലെങ്കിലും വറീത് ചേട്ടനെ നല്ല പരിചയമാണ്..... എപ്പോഴും മഠത്തിലേക്ക് സാധനങ്ങളുമായി വരുന്നത് ചേട്ടനാണ്..... പ്രായമുള്ള ഒരു സാധു മനുഷ്യൻ..... രണ്ട് പെൺകുട്ടികളാണ് ഭാര്യയും..... അവരാണ് അദ്ദേഹത്തിന്റെ ലോകം..... അവരെ പറ്റി പറയുമ്പോൾ തന്നെ വലിയ സന്തോഷം ആണ്..... അത് കേൾക്കാൻ തന്നെ ഒരു രസമാണ്....... പലപ്പോഴും ചിന്തിക്കാറുണ്ട് അങ്ങനെ തന്നെ സംരക്ഷിച്ചു പിടിക്കാൻ ഒരു അച്ഛൻ ഉണ്ടായിരുന്നില്ലല്ലോ എന്ന്....... ഉണ്ടായിരുന്നുവെങ്കിൽ....... ഓർമയിൽ പോലും മനസ്സിൽ വേദന നിറഞ്ഞു....... സ്കൂളിന്റെ മുന്നിൽ ഇറങ്ങി.... ഏതാണ്ട് ക്ലാസ്സ്‌ കഴിയാറായി, പള്ളിയുടെ തന്നെ സ്കൂളാണ് ഹയർസെക്കൻഡറി സ്കൂൾ ആയതുകൊണ്ടുതന്നെ കുട്ടികൾ എല്ലാവരും വൈകുന്നേരം പോകാനുള്ള തിരക്കിൽ ആണ്....

അല്ലെങ്കിലും ചടഞ്ഞു കൂടിയിരുന്ന കുട്ടികൾ എല്ലാം ഒരു മൂന്നു മണി ആകുമ്പോഴേക്കും ഊർജ്ജസ്വലരായി തന്നെ മാറും..... പെട്ടെന്ന് തന്നെ വീട്ടിൽ പോകാമല്ലോ എന്നുള്ള ആശ്വാസം കൊണ്ടാണല്ലോ അത്.... സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് എന്നാണ് പറഞ്ഞത്, അത് എവിടെ ആണ് എന്ന് കണ്ട്പിടിക്കാൻ വേണ്ടി നേരെ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.... അവിടെ എത്തിയപ്പോൾ അദ്ധ്യാപകർ എല്ലാരും പോകാൻ ഉള്ള അവസാനവട്ട മിനുക്ക് പണിയിൽ ആണ്... ആരോടും ചോദിക്കും എന്ന് കരുതി നിൽകുമ്പോൾ ആണ് നെഞ്ച് വിലങ്ങുന്ന ആ കാഴ്ച.... ഒന്നേ നോക്കിയുള്ളു..... തോന്നൽ ആണോ എന്ന് ഓർത്തു... കണ്ണുകൾ തിരുമ്മി ഒന്നൂടെ നോക്കി.... അല്ല സത്യം ആണ്... ഏത് ആൾക്കൂട്ടത്തിലും താൻ തിരിച്ചറിയും ആ ആളെ.... തന്റെ പ്രാണന്റെ പ്രാണൻ ആയവനെ.... ഈ വരവിൽ ഏറ്റവും കൂടുതൽ കാണാൻ കൊതിച്ച മുഖം, ബെന്നി അച്ഛൻ പറഞ്ഞിരുന്നു, ഇവിടെ അടുത്തു എവിടെയോ ഉണ്ടെന്ന് പക്ഷെ ഇന്ന് തന്നെ കാണാൻ സാധിക്കും എന്ന് കരുതിയില്ല, 2 വർഷത്തിന് മേലെ ആയിരിക്കുന്നു കണ്ടിട്ട്.....അതിനായിരുന്നോ ഇന്ന് ഓർമകൾ പാറി കളിച്ചത് .....ഒന്ന് കാണാൻ കൊതി തോന്നുന്നു, പക്ഷെ ഇപ്പോൾ വേണ്ട, സ്വസ്ഥമായി സംസാരിക്കാൻ ഉള്ള കാര്യങ്ങൾ ആണ് ഇനി ഉള്ളത് അതുകൊണ്ട് ഇപ്പോൾ ഒരു കൂടിക്കാഴ്ച വേണ്ട..... കാത്തിരിക്കൂ....💜

Share this story