ആർദ്രം : ഭാഗം 10

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

" എന്താടി ഒരു രഹസ്യം പറയൽ, സാറേ കാര്യമായിട്ട് പറയുന്നത് കെട്ടു, നീ വല്ലോം പറഞ്ഞോ....? ധന്യ വന്ന് ചോദിക്കുമ്പോൾ എന്തുകൊണ്ടോ തമാശ ആസ്വദിക്കാൻ സാധിച്ചില്ല.....ഗൗരവം ആയിരുന്നു സാറിൻറെ മുഖം, എന്തിനായിരിക്കും സാർ എന്നെ വിളിച്ചത് എന്തിനായിരുന്നു എന്ന ചിന്ത, " സത്യം പറ നീ സാറിനോട് ഒക്കെ തുറന്നു പറഞ്ഞൊ....? സാറിനോടുള്ള ഇത്തരമുള്ള അടുപ്പം കാണുമ്പോൾ എനിക്കും ഇപ്പോൾ ചില സംശയങ്ങൾ ഒക്കെ ഉണ്ട്..... ധന്യ വീണ്ടും ആ വിഷയത്തിൽ തന്നെ വന്നിരിക്കുകയാണ്, " നീ എന്താണ് ഈ പറയുന്നത്, ഞാൻ തുറന്നു പറഞ്ഞ ഉടനെ സാർ എന്നെ തിരിച്ചു സ്നേഹിക്കുന്ന ആൾ ആണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ....? അപ്പോൾ തന്നെ സാർ എന്നെ ഉപദേശിച്ചു വിടും, മാത്രമല്ല പിന്നെ എന്നോട് കാണിക്കുന്ന അടുപ്പം പോലും കാണിക്കാനും പോകുന്നില്ല, ഇതൊക്കെ എനിക്ക് നന്നായി അറിയാം...... ശ്രീരാഗ് എന്നോട് സംസാരിക്കുന്നത് സർ കണ്ടിരുന്നു,

അത് കഴിഞ്ഞപ്പോൾ സാർ എന്നോട് പറഞ്ഞത് സ്റ്റാഫ് റൂമിലേക്ക് ചെല്ലണം എന്ന്... സർ എന്നെ തെറ്റിദ്ധരിച്ചു എന്ന് ഒരു സംശയം..... " ഹാ വെറുതെയല്ല, അതുതന്നെ കാര്യം..... സാർ ഇത്രയും ഗൗരവത്തോടെ നിന്നോട് സംസാരിക്കാൻ കാരണം അത്‌ തന്നെ ആണ് തോന്നുന്നു, " സർ ദേഷ്യപ്പെട്ടോ....? " അങ്ങനെ ചോദിച്ചാൽ മുഖം ഒക്കെ ഒരുമാതിരി വലിഞ്ഞു മുറുകി ഇരിക്കുന്ന പോലെ ആണ് തോന്നിയത്...... അതല്ലേ ഞാൻ വിചാരിച്ചത്, നീ തുറന്നു പറഞ്ഞതായിരിക്കും അതായിരിക്കും എന്ന്, ഇനി കുറച്ചു സമയം കൂടി ഉള്ളൂ, നീ വേഗം സാറിന് എന്താ പറയാനുള്ളത് എന്ന് ചോദിക്ക്, പിന്നെ സർ എത്ര പറഞ്ഞാലും നിൻറെ മനസ്സിലുള്ള കാര്യം പറയരുത്, പറഞ്ഞാൽ സർ നിന്റെ ചാപല്ല്യം ആയി മാത്രമേ കാണുള്ളൂ...... ധന്യ ഓർമ്മിപ്പിച്ചു.... " എനിക്കറിയാം..... അങ്ങനെ ഞാൻ പറയില്ല, " നീ പറഞ്ഞാലും സർ തള്ളിക്കളയുകയുള്ളൂ, പകരം നിന്നെ പറഞ്ഞു തിരുത്താൻ ശ്രമിക്കും. സാറിന്റെ മുൻപിൽ ഇപ്പോൾ നിനക്ക് നല്ലൊരു ഇമേജ് ഉണ്ട്, അത് പോകാൻ ഇതൊരു കാരണവും ആകും.... "

എനിക്ക് നന്നായി അറിയാം, നിനക്ക് തോന്നുന്നുണ്ടോ.....? തുറന്നു പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടെന്ന്..... എന്തൊക്കെ സംഭവിച്ചാലും മുഖത്തേക്ക് നോക്കി അത് പറയാനുള്ള ധൈര്യം എനിക്കില്ല, എൻറെ മനസ്സിൽ ഉണ്ട് അത്, പക്ഷേ ചിലപ്പോൾ ഒരിക്കലും സാർ പോലും അറിയില്ല അത്‌. എന്നെങ്കിലുമൊരിക്കൽ സാറിന്റെ മുഖത്തേക്ക് നോക്കി എനിക്ക് സാറിനെ ഇഷ്ടമായിരുന്നു എന്ന് പറയാൻ പറ്റുന്ന ഒരു അവസ്ഥയിലേക്ക് ഞാനെത്തുകയാണെങ്കിൽ മാത്രം, അന്ന് മാത്രം ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി പറയും, പക്ഷേ അങ്ങനെ പറ്റുമോന്ന് എനിക്കറിയില്ല, സർ ആഗ്രഹിക്കുന്ന നിലയിൽ ഞാൻ എത്തിയാൽ മാത്രം ഈ കാര്യം പറയു, ഇല്ലെങ്കിൽ ഈ ഒരു സത്യം എൻറെ മനസ്സിൽ തന്നെ നിൽക്കും, എൻറെ മരണംവരെ....!! അത്രയും പറഞ്ഞു നേരെ റൂമിലേക്ക് നടന്നിരുന്നു, അപ്പോഴേക്കും കൈകൾ ഒക്കെ തണുത്തു മരച്ചുപോയി..... സർ എന്തിനായിരിക്കും എന്നെ കാണാൻ പറഞ്ഞത് എന്നായിരുന്നു മനസ്സിൽ അപ്പോഴും.....

സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ തന്നെ കണ്ടു മറ്റുള്ളവരോട് എന്തൊക്കെയോ പറയുന്നതും ചെയ്യുന്നതും ആയ സാറിനെ, എന്നെ കണ്ടപ്പോഴേക്കും സാറിൻറെ മുഖം ഗൗരവത്തിൽ നിറഞ്ഞു..... സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നു സാറിനോട് എന്തോ പറഞ്ഞതിനുശേഷം സർ പുറത്തേക്കിറങ്ങി വന്നു, അപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്നോട് ഒറ്റയ്ക്ക് സംസാരിക്കാൻ ആണെന്ന്...... " ആർദ്ര വരൂ.... എന്നെ കൂട്ടി നേരെ ഗ്രൗണ്ടിന് അടുത്തുള്ള ബദാമിന്റെ അരികിലേ തണലിൽ നിന്നുകൊണ്ടാണ് സാർ എൻറെ മുഖത്തേക്ക് നോക്കി ചോദിച്ചത്...... " ഞാൻ ആർദ്രയുടെ അധ്യാപകനാണ്, അതുകൊണ്ടുതന്നെ അവരുടെ ഓരോ മാറ്റങ്ങളും എനിക്ക് മനസ്സിലാകും.... എനിക്ക് തന്റെ പേഴ്സണൽ കാര്യങ്ങൾ ഇടപെടേണ്ട അവകാശം ഒന്നും ഇല്ലാ, പക്ഷേ എൻറെ വിദ്യാർഥി പഠിക്കാൻ കഴിവുള്ള നന്നായി പഠിച്ചു വരുന്ന ഒരു വിദ്യാർഥി മോശം രീതിയിൽ മാറിയാൽ അതിനെപ്പറ്റി സംസാരിക്കാനുള്ള അവകാശം എനിക്കുണ്ട്.....

പ്രത്യേകിച്ച് ആർദ്ര എനിക്ക് അങ്ങനെ ഒരു അവകാശം തന്നിട്ടുണ്ട് മനസ്സിൽ എന്നാണ് ഞാൻ വിശ്വസിക്കുന്നത്..... അങ്ങനെ അല്ലെങ്കിൽ ഞാൻ പറയുന്ന കാര്യം കേൾക്കാതെ തനിക്ക് ഇവിടെ നിന്നും തിരികെ പോകാം, അല്ലെങ്കിൽ ഞാൻ പറയുന്നതിന്റെ പോസിറ്റീവ് വശം മനസ്സിലാക്കണം...... സൗമ്യമായി എന്നാൽ ഉറച്ച മറുപടി പറഞ്ഞു സർ. " സാർ എന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവാതെ ഞാനെന്താ പറയാ......? അല്പം മടിയോടെ ചോദിച്ചു.... "ഞാൻ ഉദ്ദേശിക്കുന്നത് തനിക്ക് അറിയാം, ഒരുവട്ടം അല്ല പലവട്ടം ഞാൻ കണ്ടു, ആ പയ്യനെ തനിക്ക് ഒപ്പം, തന്നെ കാണാൻ വേണ്ടി മാത്രമാണ് അവൻ വരുന്നതെന്നും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, എന്താണ് നിങ്ങൾ തമ്മിൽ..... ഒരു 16 വയസ്സുള്ള പെൺകുട്ടിക്ക് തിരിച്ചുള്ള ജൻഡറിനോട് തോന്നുന്ന ഒരു ഇൻഫക്റ്റുവേഷൻ ആണ് ഇതെന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ട് പറയുന്നത് നിങ്ങൾ തമ്മിലുള്ളത് എന്താണെങ്കിലും അതിവിടെ ഇതിനു പുറത്തു വച്ചിട്ടു മതി, അല്ലാതെ ക്ലാസിൽ കയറിയിട്ട് ഈ ഇഷ്ടവും ഒന്നും ശരിയല്ല, ഒന്നാമത്തെ കാര്യം തനിക്ക് അതിൻറെ പ്രായം അല്ല..... അതിനെപ്പറ്റി ഒന്നും ഞാൻ ക്ലാസ്സ്‌ എടുക്കുന്നില്ല, അതൊക്കെ ഞാൻ പറഞ്ഞാൽ ഒരു ഡയലോഗ് മാത്രം ആകും,

കാരണം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പ്രായത്തിൽ കേൾക്കില്ല. ഉപദേശങ്ങൾ ആയിരിക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാതെ ഇരിക്കുന്നത് ഈ പ്രായത്തിൽ..... സർ അത്‌ പറഞ്ഞപ്പോഴേക്കും എൻറെ മനസ്സ് പകുതി ചത്തു എന്ന് തന്നെ പറയാം..... കാരണം ഞാനും ശ്രീരാഗും തമ്മിലുള്ള ബന്ധത്തെ സാർ ഒരു മോശം കണ്ണോട് ആണല്ലോ കണ്ടത് എന്നത് തന്നെ എന്നിൽ വല്ലാത്ത ഒരു ഞെട്ടലായിരുന്നു ഉണ്ടാക്കിയിരുന്നത്. അങ്ങനെ ആയിരിക്കരുത് കണ്ടതെന്നായിരുന്നു ആ നിമിഷം വരെ ഞാൻ പ്രാർത്ഥിച്ചിരുന്നത്..... എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് സാറിൻറെ മനസ്സിലേ ചിന്ത അത്‌ തന്നെ ആയിരുന്നല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് വല്ലാത്ത വേദനയാണ് തോന്നിയത്..... ആ മുഖത്തേക്ക് നോക്കി തന്നെയാണ് ഞാൻ പറഞ്ഞത്, "ശ്രീരാഗിനെ പറ്റി സർ അങ്ങനെ കരുതരുത്.... ഞാനും ശ്രീരാഗം തമ്മിൽ അത്തരത്തിലൊരു ബന്ധമല്ല ഉള്ളത്..... ശ്രീരാഗ് ഞങ്ങള് പണ്ട് വാടകക്ക് താമസിച്ചിരുന്ന വീടിനടുത്ത് അച്ഛൻറെ കൂട്ടുകാരൻറെ മോൻ ആയിരുന്നു.....

അതുകൊണ്ട് എന്നെ കാണാൻ വരും, ഞാൻ നേരത്തെ പഠിച്ച സ്കൂളിലും വരുമായിരുന്നു, കുട്ടിക്കാലം മുതൽ ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നത് ആണ്.... എൻറെ ഒരു കൂട്ടുകാരനോ സഹോദരനോ അങ്ങനെ ആരോക്കെയോ ആണ്, എനിക്ക് എന്തെല്ലാം വിഷമങ്ങൾ ഉണ്ടെന്ന് അവനറിയാം, ഇടക്കൊക്കെ അവന്റെ വീട്ടിൽ എന്തെങ്കിലും ഉണ്ടാകുമ്പോൾ അത് കൊണ്ട് തരും, ഇന്ന് തന്നെ അവരുടെ വീട്ടിൽ അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയപ്പോൾ ഞങ്ങൾക്ക് കൊടുക്കാൻ വേണ്ടി കുറച്ചു കൊടുത്തു വിട്ടു, അത്‌ തരാൻ വേണ്ടി വന്നതാ..... ഞങ്ങൾ തമ്മിൽ മറ്റ് ബന്ധങ്ങളൊന്നുമില്ല, പിന്നെ സർ പറഞ്ഞതുപോലെ ഈ പ്രായത്തിൽ തോന്നുന്ന ഒരിഷ്ടം എനിക്ക് തോന്നിയിട്ടുണ്ട്, ഇല്ല എന്ന് ഞാൻ പറയുന്നില്ല, പക്ഷേ അത് ശ്രീരാഗിനോട് അല്ല, ആ മുഖത്തേക്ക് നോക്കാതെ പറഞ്ഞു....എവിടുന്ന് കിട്ടി അത്ര ധൈര്യം എന്ന് പോലും അറിയില്ല.... " ശ്രീരാഗോ മറ്റാരോ ആണെങ്കിലും അത് തന്റെ പഠിത്തത്തെ ബാധിക്കാൻ പാടില്ല, ആരാണെന്നോ എന്ത് ഇഷ്ടമാണെന്നോ ഒന്നും ഞാൻ ചോദിക്കുന്നില്ല, ഞാൻ ചോദിക്കണ്ട കാര്യമില്ല,

പക്ഷേ ഞാൻ ഉദ്ദേശിക്കുന്നതിലും വലിയ നിലയിലെത്താൻ കഴിവുള്ള ആളാണ് ആർദ്ര, ഇത്തരം കാര്യങ്ങൾ കൊണ്ട് ഉഴപ്പിയാൽ അത്‌ എനിക്ക് സഹിക്കാൻ പറ്റില്ല, അതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്.... നിങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പ് മാത്രം ആണെങ്കിൽ തെറ്റിദ്ധരിച്ചത് എന്റെ തെറ്റാണ്, ഞാൻ ആർദ്രയോട് മാപ്പ് ചോദിക്കുന്നു...... " അയ്യോ സാറേ, സർ എന്നോട് മാപ്പു ഒന്നും പറയരുത്, അതിനുമാത്രം എന്താണ് നടന്നത്.....? " ആർദ്ര മാപ്പ് പറയുന്നത് ഒരു വലിയ കുറ്റമൊന്നുമല്ല, നമ്മുടെ ഭാഗത്താണ് തെറ്റ് എന്ന് ഉണ്ടെങ്കിൽ അത് മനസ്സിലാക്കി മാപ്പ് പറയുക എന്നു പറയുന്നത് വളരെ നല്ലൊരു കാര്യമാണ് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്..... അതുകൊണ്ട് അത് വളരെ മോശപ്പെട്ട കാര്യമൊന്നുമല്ല, " സർ എന്നെ അങ്ങനെ കരുതരുത്, " ഇല്ലെടോ, അത് എൻറെ തെറ്റിദ്ധാരണയാണ് എന്ന് തന്നോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി, പക്ഷേ തന്നോട് സംസാരിച്ചില്ലെങ്കിൽ എൻറെ മനസ്സിൽ അങ്ങനെ തന്നെ ഇരിക്കില്ലേ...? നമ്മൾ തമ്മിൽ തുറന്നു സംസാരിച്ചപ്പോൾ അല്ലേ അത്‌ ശരിയായത്.....?

എൻറെ മനസ്സിൽ ഒരു സംശയം തോന്നി ഇത്രയും ഒക്കെ നന്നായി പഠിച്ചു വന്നിട്ട് ഇടയ്ക്ക് ഉഴപ്പിയാൽ ഏറ്റവും കൂടുതൽ വിഷമം തോന്നുന്നുണ്ട് എനിക്ക് ആയിരിക്കും, തൻറെ ക്ലാസ്സിലെ പല ടീച്ചഴെസ് എന്നോട് പറഞ്ഞിട്ടുണ്ട് താൻ ജയിക്കില്ലെന്ന്, അവരുടെ മുന്നിൽ തന്നെ ജയിപ്പിക്കണം എന്ന് എനിക്ക് വാശി ആണ്.. എന്റെ കുറെ സമയം കൂടി സ്പെന്റ് ചെയ്തിട്ടാണ് തന്നെ പഠിപ്പിക്കുന്നത്, അപ്പൊ താൻ ഒരുപാട് മാർക്കൊക്കെ വാങ്ങുമ്പോൾ തന്നെക്കാൾ കൂടുതൽ എനിക്ക് ആയിരിക്കും സന്തോഷം ഉണ്ടാവുന്നത്..... അതിൻറെ കാരണം അധ്യാപകരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ മാത്രമേ മനസ്സിലാവും..... " സോറി സർ, ഞാനിനി ശ്രീരാഗിനോട് ഇങ്ങോട്ട് വരരുത് എന്ന് പറയാം, " അങ്ങനെ ഒന്നും പറയണ്ട..... കുട്ടികൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വളരെ നല്ലതാണ്, തൻറെ ഫ്രണ്ട്ഷിപ്പ് ആയിരിക്കില്ല എന്ന് വിചാരിച്ചാണ് ഞാൻ ഒന്ന് സംസാരിക്കാം എന്ന് വിചാരിച്ചത്..... ഇനിയിപ്പോ മറ്റെന്തെങ്കിലും അഫയർ ഉണ്ടെങ്കിൽ അത് തൻറെ പഠനത്തെ ബാധിക്കും എന്ന് പറയാൻ വേണ്ടി മാത്രം, ഈ കുട്ടികളെ ഉപദേശിക്കുക അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും ഒരു അട്രാക്ഷൻ ഉണ്ടെങ്കിൽ അത് പറഞ്ഞു മാറ്റുക അതൊന്നും ജീവിതത്തിൽ ഒരാളെ കൊണ്ട് നടക്കുന്ന കാര്യമല്ല, ഇതൊക്കെ ഒരു മനുഷ്യൻ സ്വന്തമായിട്ട് മനസ്സിലാക്കേണ്ടത് ആണ്.ഞാൻ ഈ വക പരിപാടികൾക്ക് ഒന്നും പോകാറില്ല.....

ഒരു കുട്ടിയോട് പോലും ഞാൻ പറഞ്ഞിട്ടില്ല പ്രേമിക്കരുത് എന്ന്, കാരണം പറഞ്ഞാൽ അവർ കേൾക്കില്ല, ഈ ഒരു പ്രായം അതാണ്.... കുറച്ചൂടെ കഴിയുമ്പോൾ മനസ്സിലാക്കും അതൊരു വെറും തോന്നൽ ആയിരുന്നു എന്ന്.... അത്‌ മനസ്സിലാകുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിട്ടുണ്ടാകും..... പ്രേമം ഒരു കുറ്റമല്ല, പക്ഷേ തോന്നുന്നത് പ്രണയം ആയിരിക്കണം എന്ന് മാത്രം.... സ്പെക്സ് ഒന്ന് ശരിക്ക് വച്ചു സർ പറഞ്ഞു... " നമ്മൾ എങ്ങനെ അറിയാ, പ്രണയമാണോ തോന്നൽ ആണോന്ന്....? പെട്ടെന്ന് വായിൽ വന്നത് അങ്ങനെയായിരുന്നു, അറിയാതെ അത്‌ ചോദിച്ചും പോയി.... ഒരു നിമിഷം സാർ എന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടു പെട്ടെന്ന് പറഞ്ഞു പോ അബദ്ധം മനസ്സിലാക്കി ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..... " പെട്ടെന്ന് സാർ പറഞ്ഞപ്പോൾ ഞാൻ അറിയാതെ പറഞ്ഞതാ, സോറി സർ, " എന്തിനാ സോറി, താൻ എന്നോട് മോശം ആയി ഒന്നും പറഞ്ഞില്ലല്ലോ, ഈ പ്രായത്തിൽ തോന്നുന്ന കാര്യം തന്നെയാണ്, ഇതിനെ പറ്റി അറിയാൻ തോന്നും,

അധ്യാപകരോടെ സംസാരിക്കാൻ പറ്റാത്ത ഒരു വിഷയമല്ല പ്രണയം, അത് വളരെ പവിത്രമായ ഒരു കാര്യമാണ്, അതൊന്നു സംസാരിച്ചെന്ന് വെച്ച് അല്ലെങ്കിൽ എൻറെ മുഖത്തേക്ക് നോക്കി അതിനെ പറ്റി ഒന്ന് പറഞ്ഞു എന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല, ഇപ്പോൾ ആണെങ്കിൽ അതിനെ കുറച്ചു അറിയാൻ താല്പര്യം ഉണ്ടാകുന്ന പ്രായം ആണ്... പ്രണയം ആണെങ്കിൽ അത്‌ മരിച്ചാലും മറക്കില്ല, തോന്നൽ ആണ് എങ്കിൽ വളരെ കുറച്ചു കാലം നമുക്ക് കിട്ടുന്ന ഒരു ചെറിയ സന്തോഷം, അയാളെ കാണുമ്പോൾ അവരുടെ സാന്നിധ്യം അനുഭവിക്കുമ്പോൾ അങ്ങനെ നമ്മൾ കണ്ടു പിടിച്ച എന്തെങ്കിലും ഒരു പോസിറ്റീവ് പോയിൻറ് ഉണ്ടായിരിക്കും, ആ പോസിറ്റീവ് പോയിൻറ് മാത്രമായിരിക്കും നമ്മുടെ മനസിനെ ബ്ലോക്ക് ചെയ്യുന്നത്.... ആ പോസിറ്റീവ് പോയിന്റിലൂടെ മാത്രം അയാളെ നോക്കും, നെഗറ്റീവ് ഉണ്ടാകും , ഏത് മനുഷ്യനാണ് നെഗറ്റീവ് ഇല്ലാത്തത്.....? പോസിറ്റീവ് പോയിൻറ് എപ്പോഴും കാണുന്നു..... ആ പോയിന്റ് എപ്പോൾ നഷ്ടം ആകുന്നോ അപ്പോൾ ആ ഇഷ്ട്ടം പോകും..... പക്ഷേ യഥാർത്ഥ പ്രണയം അങ്ങനെയല്ല, സാഹചര്യങ്ങൾക്കനുസരിച്ച് മാറില്ല,

അയാളുടെ പോസിറ്റീവും നെഗറ്റീവും ഒക്കെ നമ്മുക്ക് ഇഷ്ട്ടം ആകും, മനസ്സിൽ ഒരാളോട് ഒരു ചെറിയ ഇഷ്ടം തോന്നിയാൽ അത് എത്ര കാലങ്ങൾ കഴിഞ്ഞാലും അത്രയും തീവ്രതയോടെ മനസ്സിൽ നിൽക്കുന്നുണ്ടെങ്കിൽ അതൊരു പ്രണയമാണ്, ആഗ്രഹം തോന്നി കുറച്ചു കാലങ്ങൾക്കു ശേഷം അതിന് മങ്ങലേൽക്കുന്നു ഉണ്ടെങ്കിൽ അത് പ്രണയമല്ല അത്രയേ ഉള്ളു വ്യത്യാസം.... ഇനി പോയി പഠിച്ചോ, പിന്നെ അതിനെപ്പറ്റി കൂടുതൽ കാടുകയറി ചിന്തിക്കേണ്ട...... അതിനുള്ള പ്രായമൊന്നും ആയിട്ടില്ല, കുറച്ചു കഴിയട്ടെ..... പ്രണയവും വിവാഹവും ഒക്കെ നമ്മുടെ ജീവിതത്തിലേക്ക് വന്നു ചേരുന്നതാണ്, അതെല്ലാം നമ്മളിലേക്ക് വന്നു ചേരും, ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം സംഭവിച്ചിട്ടില്ലാത്തവരെയായി ആരും ഉണ്ടായിരുന്നില്ല..... അതുകൊണ്ടുതന്നെ തീർച്ചയായും എപ്പോഴെങ്കിലുമൊക്കെ അത് വരും, നമ്മളെ തേടി വരും, അതിൻറെ പുറകെ നമ്മൾ പോകേണ്ട കാര്യമില്ല...... നമ്മളെ തേടി ഇങ്ങോട്ട് വരും, അതു വരെ കാത്തിരുന്നാൽ മാത്രം മതി.... തൽക്കാലം ചെല്ല്, ബെല്ലടിക്കാൻ കുറച്ചു സമയം കൂടി ഉള്ളൂ, സർ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം പോലെ.....

മനസ്സിൽ കിടന്നിരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയത് പോലെ, ഇനിയുള്ളത് വലിയൊരു കടമ്പയാണ്, സാറിനോട് എനിക്ക് തോന്നുന്നത് വെറും ആകർഷണം ആണോ അതോ പ്രണയം ആണോ എന്ന് മനസ്സിലാക്കാനുള്ള ഒരു വലിയ കടമ്പ.... സർ പറഞ്ഞതുപോലെ ഉള്ളിൽ ഒളിമങ്ങാതെ തീവ്രമായി ഇഷ്ടമുണ്ടെങ്കിൽ എന്നെങ്കിലുമൊരിക്കൽ അത് സാറിനെ അറിയിക്കാം, ഇല്ലെങ്കിൽ അത് ഇങ്ങനെ ഓർമ്മ കൂടാരത്തിൽ ഒരു സുന്ദരമായ ഇതളായി കിടക്കട്ടെ..... പിന്നീടങ്ങോട്ട് പരീക്ഷ കാലമായിരുന്നു വളരെ പെട്ടെന്ന് തന്നെ പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തി, അങ്ങനെ പ്ലസ് വണ്ണിലെ അവസാന പരീക്ഷയും എത്തി..... എല്ലാവരും പരീക്ഷാ ചൂടിൽ ആയിരുന്നു, ധന്യയുടെ സഹായവും സാറിൻറെ സഹായവും ഒക്കെ കൊണ്ട് ഞാനും ഏകദേശം പരീക്ഷയൊക്കെ നന്നായി തന്നെ എഴുതി..... ജീവിതത്തിൽ ആദ്യമായിരിക്കും പരീക്ഷയെഴുതി ഒരു റിസൾട്ട് വരാൻ അത്രമേൽ ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുന്നത്, കാരണം എനിക്ക് വളരെ സന്തോഷം നിറഞ്ഞ ഒരു സമയമായിരുന്നു.... അത്രയും ആത്മവിശ്വാസത്തോടെ ഞാൻ ജീവിതത്തിൽ ആദ്യമായിരിക്കും പരീക്ഷ എഴുതിയിട്ട് ഉണ്ടാവുക......

എന്നാലും പ്ലസ് ടു പകുതി ആയതിനുശേഷം മാത്രമേ റിസൾട്ട് വരുന്നത് എന്നത് എനിക്ക് വലിയ വേദന സൃഷ്ടിച്ചിരുന്നു, ഇതിനു മുൻപ് ഓരോ പരീക്ഷയുടെയും റിസൾട്ടുകൾ വരരുത് എന്ന് പ്രാർത്ഥിച്ച ഞാൻ അന്ന് ആദ്യമായി പരീക്ഷയുടെ റിസൾട്ട് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു, അവധികാലം വളരെയധികം ദുരിതം നിറഞ്ഞതായിരുന്നു..... ജോലികളും മറ്റും ആയി അവധിക്കാലം നീണ്ടുപോയി, സാറും കുടുംബവും യാത്രപറഞ്ഞ് ഇടുക്കിയിലേക്ക് പോയി, അവധി എല്ലാം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോഴേക്കും സാർ വരും എന്ന് അറിയിച്ചു..... സാറിനെ കാണാൻ സാധിച്ചില്ല സാറിനെ കാണാതെ, ആ സാന്നിധ്യം അനുവഭാവിക്കാതിരുന്ന നിമിഷങ്ങളെല്ലാം ഞാൻ മനസ്സിൽ വല്ലാത്ത ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു..... സർ ഉണ്ടായിരുന്നുവെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചത് പോലെ, ഞാൻ മനസ്സിലാക്കുകയായിരുന്നു സാറിനോട് തോന്നിയത് ഭ്രമം മാത്രമായിരുന്നില്ല, ഒരു കൈയകലത്തിൽ സാർ ഉണ്ടായാൽ മതി എനിക്ക്.... എന്റെ സന്തോഷങ്ങളുടെയും എല്ലാം താക്കോൽ ആ കൈയിൽ മാത്രം ആണ് എന്ന് തോന്നിപ്പോയ നിമിഷം...... ദിവസങ്ങൾ യുഗങ്ങൾ ആയും മിനിറ്റുകൾ ദിനങ്ങൾ ആയും തോന്നിയ കാലം.....

എങ്ങനെയെങ്കിലും സ്കൂൾ തുറന്നാൽ മതിയെന്നായി, അങ്ങനെ പ്രതീക്ഷയ്ക്ക് തീരുമാനവുമായി സ്കൂൾ തുറക്കാൻ ആരംഭിച്ചു.... പുതിയ വസ്ത്രങ്ങളും ബാഗും ഒക്കെ ആയി അന്നയ്ക്ക് വലിയ ആഘോഷമാണ് സ്കൂൾ തുറപ്പ്, ഞങ്ങൾക്ക് ഒന്നുമില്ല എന്ന് അറിയാമെങ്കിലും സാറിനെ ഒന്ന് കണ്ടാൽ മതി എന്നു മാത്രമായിരുന്നു എന്റെ മനസ്സിൽ, സ്കൂൾ തുറന്നപ്പോൾ തന്നെ പെട്ടെന്ന് ഒരുങ്ങി സ്കൂളിലേക്ക് ചെല്ലാൻ തിടുക്കം കാട്ടുകയായിരുന്നു, എന്റെ മുഖം കണ്ടപ്പോൾ തന്നെ ധന്യക്ക് മനസ്സിലായി കാര്യം.... സ്കൂളിൻറെ പടികൾ കയറുമ്പോൾ കാലുകൾക്ക് പതിവിലും കൂടുതൽ ശക്തി തോന്നിയിരുന്നു, അസംബ്ലിക്ക് നിൽക്കുമ്പോഴും പ്രതീക്ഷിച്ച മുഖം മാത്രം തിരഞ്ഞുകൊണ്ടിരുന്നു...... ഓരോ പരിചിത മുഖങ്ങൾ ഇടയിലും ആ മുഖം മാത്രം വന്നില്ല എന്നത് ഏറെ വേദന നിറച്ച ഒന്നുതന്നെയായിരുന്നു.... ക്ലാസിലേക്ക് ഞങ്ങളെക്കൊണ്ട് ചെന്നതിനുശേഷമായിരുന്നു പുതിയൊരു ടീച്ചർ അവിടേക്ക് വരുന്നത്, ടീച്ചറുടെ പേര് വിപഞ്ചിക എന്ന് ആണെന്ന് പറയുകയും ചെയ്തിരുന്നു..... വെളുത്ത് കൊലുന്നനെ സുന്ദരിയായ ഒരു മുഖം, വളരെയധികം ഐശ്വര്യം തുളുമ്പുന്ന രൂപം.... ടീച്ചറിനോട് എല്ലാവർക്കും ഇഷ്ടമായിരുന്നു, എന്നാൽ അത് എൻറെ സന്തോഷങ്ങളെ തകർക്കാനുള്ള ഒരു കാരണമായിരുന്നു എന്ന് ഞാൻ അപ്പോഴും അറിഞ്ഞിരുന്നില്ല..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story