ആർദ്രം : ഭാഗം 12

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

മുറിയിലേക്ക് കയറിയപ്പോഴും കഴിഞ്ഞു പോയ നിമിഷങ്ങൾ ആയിരുന്നു എൻറെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.....അച്ഛനെ പോലെ താൻ സ്നേഹിച്ച വ്യക്തിയാണ്, വീട്ടിൽ കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ട് എന്ന് വിശ്വസിച്ച് വ്യക്തിയായിരുന്നു, എന്നിട്ടും തന്നോട് സ്വന്തം അനുജന്റെ മകളോട് ഇങ്ങനെ ചെയ്യാൻ കഴിഞ്ഞല്ലോ......?ഈ ലോകം എത്രത്തോളം കപടം ആണെന്ന് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത്..... ആരെയും വിശ്വസിക്കാൻ സാധിക്കില്ല, പുറമേ കാണിക്കുന്ന സ്വഭാവം കണ്ട് ആരെയും മനസ്സിലാക്കാൻ പാടില്ല എന്ന് ഞാൻ പഠിച്ച മറ്റൊരു പാഠം ആയിരുന്നു അത്....... എപ്പോഴോ ഉറങ്ങി...... രാവിലെ കതകിൽ കൊട്ടുന്നത് കേട്ടാണ് കണ്ണുതുറന്നത്, ജനലിലൂടെ ചെറുതായിട്ട് വെളിച്ചം അരിച്ചു ഇറങ്ങുന്നുണ്ട്, പെട്ടെന്ന് വാതിൽ തുറന്നപ്പോൾ മുൻപിൽ സാറിനെ കണ്ടിരുന്നു......ചെറുചിരിയോടെ നിൽക്കുകയാണ് സാർ, " ആർദ്ര നല്ല ഉറക്കമായിരുന്നു എന്ന് തോന്നുന്നു......, ഉറക്കം വിട്ടെങ്കിൽ എഴുന്നേറ്റ് വരൂ.... സർ വിളിച്ചപ്പോൾ അനുസരണയുള്ള കുട്ടിയെ പോലെ അരികിലേക്ക് ചെന്നു.....

സർ നേരെ അടുക്കളയിലേക്ക് ആണ് കയറിയത്, അതോടൊപ്പം എന്നോട് എന്തൊക്കെയോ വർത്തമാനം പറയുന്നു, " ഏതായാലും കുറച്ചു കാലം കൂടെ ആർദ്ര ആ വീട്ടിൽ തന്നെ നിൽക്കണം..... തന്നെ ആശ്വസിപ്പിക്കാൻ പറയല്ല, എനിക്ക് പരിചയം ഉള്ള ആൾക്കാരൊടോക്കെ ഞാൻ വിളിച്ച് സംസാരിച്ചു, അങ്ങനെ പെട്ടെന്നൊന്നും നമുക്ക് പോകാൻ പറ്റില്ല..... പഠിത്തം കഴിയുമ്പോൾ അതായത് പ്ലസ്ടു കഴിയുമ്പോഴേക്കും ഞാൻ തനിക്ക് സുരക്ഷിതമായ ഒരു സ്ഥലം കണ്ടുപിടിക്കാം..... അതുവരെ ഇങ്ങനെയൊരു സംഭവം നടന്നതായി പോലും ആർദ്ര മനസ്സിൽ വിചാരിക്കരുത്...... അയാളും അതായിരിക്കും ആഗ്രഹിക്കുക, ഇത്‌ പുറത്തറിയാൻ ആഗ്രഹിക്കുന്നുണ്ടാവില്, അയാളെ ആർദ്ര മനസ്സിലാക്കിയിട്ടില്ല അങ്ങനെ വേണം തോന്നാൻ...... ഞാൻ പറഞ്ഞത് എന്താണ് എന്ന് മനസ്സിലായോ...? ഇന്നലെ ഇരുട്ടിൻറെ മറവിൽ ആരോ തന്നെ കയറിപിടിച്ചു, കൈയ്യിൽ കിട്ടിയ ഒരു ബോട്ടിൽ എടുത്ത് അയാളുടെ തലയ്ക്കടിച്ചു, അതിനുശേഷം താൻ എവിടെയൊ ഓടിപ്പോയി ......

അങ്ങനെ മാത്രമേ പുറംലോകം അറിയാൻ പാടുള്ളൂ, ആ വ്യക്തി ആരാണെന്ന് തനിക്കറിയില്ല, അല്ലെങ്കിൽ അങ്ങനെ ഒരു സംഭവം നടന്നതായി പുറത്തു പറയുന്നില്ല.... എന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ, അതോടൊപ്പം ഇനി കരുതേണ്ടത് താൻ ആണ്.... ഇങ്ങനെയൊരു അറ്റെപ്‌റ്റ് ഉണ്ടാവാതെ സൂക്ഷിക്കണം, എപ്പോഴും അലേർട്ട് ആയിരിക്കണം, ഒറ്റയ്ക്ക് നിൽക്കാൻ പാടില്ല.... വീട്ടിൽ പരമാവധി ഒറ്റയ്ക്ക് ആകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം, കുറച്ചു മാസങ്ങൾ വരെയെങ്കിലും.... അതിനുശേഷം അവിടെ നിന്നും നമുക്ക് മാറാം, അതിനുള്ള സജ്ജീകരണങ്ങൾ ഞാൻ തന്നെ ചെയ്തു തരാം..... " അപ്പൊൾ ഇനിയും ഇങ്ങനെ ഉണ്ടാകുമെന്നത് ഉറപ്പാണോ സർ....? ആകുലതയോടെ ചോദിച്ചു..... " അതേ..... തീർച്ചയായും ഇങ്ങനെ ഉണ്ടാവാനുള്ള സാധ്യത മുന്നിൽ ഉണ്ട്..... കാരണം താൻ അത് പുറത്ത് പറയാത്തടത്തോളം കാലം ആൾക്ക് ധൈര്യം വർദ്ധിക്കുകയേ ഉള്ളൂ, ഒരുവട്ടം കൂടി ഒരു അറ്റമ്റ്റ് ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കാണണം, ഇങ്ങനെ ചെയ്യുന്ന എല്ലാവരുടെയും ഒരു ധൈര്യം എന്നുപറയുന്നത് ഇത് പുറത്ത് പറയുന്നില്ല എന്ന് കാണുന്നത് തന്നെ ആണല്ലോ..... അതുകൊണ്ട് വളരെ അലേർട്ട് ആയിരിക്കണം....

എപ്പോഴും, പിന്നെ എനിക്ക് ഒരു ബുദ്ധിമുട്ട് ആയിട്ട് ഒന്നും അല്ലാട്ടോ ഞാൻ ഇന്നലെ തന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ മടിച്ചത്, ഇവിടെ അമ്മയില്ല അവളുമാർ ഇല്ല, അപ്പൊൾ താൻ ഇങ്ങോട്ട് വരുമ്പോൾ ഞാനും താനും തന്നെ, അധ്യാപകനും വിദ്യാർഥിയും ആണെന്ന് പറഞ്ഞാലും ആരെങ്കിലും കണ്ടാൽ തെറ്റുധരിക്കാൻ എളുപ്പമാണ്.... അതുകൊണ്ടാണ്....... അനുസരണയോടെ തലയാട്ടി....! " ഒരുപാട് സമയം ഒന്നുമായിട്ടില്ല, ആളുകളൊക്കെ ഉണർന്നു വരുന്നതിനു മുൻപ് തന്നെ ചായ കുടിക്ക്, നേരം പുലരുമ്പോൾ ആർദ്ര വീട്ടിൽ ഉണ്ടായിരിക്കണം..... ഇന്നലെ രാത്രി താൻ എവിടെയും പോയിട്ടില്ല, അങ്ങനെ ആയിരിക്കണം വീട്ടിൽ അറിയുന്നത് .... അതിന് വേണ്ടിയാണ് ഞാൻ ഈ വെളുപ്പാൻ കാലത്ത് തന്നെ ഉണർത്തിയത്...... പിന്നെ ആർദ്രയ്ക്ക് ആരുമില്ല എന്ന് ഒന്നും വിചാരിക്കണ്ട, ഞാൻ ഉണ്ടാകുമെന്നും, തനിക്ക് ഒരു കൈത്താങ്ങായി ഞാനുണ്ടാകും..... ഒരു അധ്യാപകനായി, സുഹൃത്തായും ഒക്കെ.... എന്ത് കാര്യങ്ങളും എന്നോട് തുറന്നു പറയാം, അതിന് യാതൊരു മടിയും വിചാരിക്കേണ്ട കാര്യമില്ല.....

രണ്ടു സഹോദരിമാർ ഉള്ള ഒരാളാണ് ഞാൻ, ഒരു പെൺകുട്ടിയുടെ മനസ്സ് മനസ്സിലാക്കാൻ എനിക്ക് പറ്റും..... കാരണം അവരെ വളർത്തിയത് ഞാനാണ്, അതുകൊണ്ടുതന്നെ അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ഒരു അച്ഛനായും സഹോദരനായ ഒക്കെ വേഷം കെട്ടേണ്ടി വന്നിട്ടുണ്ട്, മറ്റൊരു പെൺകുട്ടിയുടെ എല്ലാ വേദനകളും എനിക്ക് മനസ്സിലാകും..... താൻ ഇന്നലെ പറഞ്ഞില്ലേ ഈ ലോകത്തിൽ തനിക്ക് വിശ്വാസം ഉള്ള വ്യക്തി ഞാനാണെന്ന് ആ വിശ്വാസത്തിന് മങ്ങലേൽക്കില്ല ഒരിക്കലും..... ഇനി ആരുമില്ലെന്ന് ചിന്തിക്കേണ്ട.....!! സാറിൻറെ ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു എൻറെ മനസ്സിനെ പുതിയൊരു ഊർജ്ജത്തിലേക്ക് എത്തിക്കുവാൻ..... വേദന മാത്രം നിറഞ്ഞു നിന്ന എൻറെ ഹൃദയത്തിൽ ഒരു കുളിർമ പെയ്യുവാൻ...... ചായ പകർന്നു തരികയും അത് പെട്ടെന്ന് കുടിക്കുകയും എല്ലാം ചെയ്തിരുന്നു..... അത് കഴിഞ്ഞ് സാർ തന്നെ ആയിരുന്നു എന്നെ വീടിൻറെ അരികിൽ വരെ കൊണ്ടുചെന്നു വിട്ടത്..... പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി എൻറെ മുഖത്തേക്ക് പറഞ്ഞു നോക്കി സാർ പറഞ്ഞു..... " ഞാൻ വെറുതെ പറയുന്നതല്ല, എല്ലാത്തിനും പരിഹാരം ഉണ്ടാകും നമുക്ക് പരിഹാരമുണ്ടാക്കാം.....

ഞാൻ പറഞ്ഞതൊന്നും മറക്കണ്ട, സ്കൂളിൽ കാണാം.... സർ പോയപ്പോൾ ഒരു ധൈര്യം നിറഞ്ഞു തുടങ്ങിയിരുന്നു.......വീട്ടിലേക്ക് ചെന്നപ്പോൾ ആരും താൻ ഇന്നലെ പോയത് അറിഞ്ഞില്ല എന്ന് തോന്നിയിരുന്നു, പിന്നാമ്പുറത്തു കയറിച്ചെന്നതും അമ്മ തിരക്കി എവിടെയാണ് കിടന്നത് എന്ന്, അന്നയുടെ മുറിയുടെ കോണിൽ എന്ന് വെറുതെ കള്ളം പറയുകയും ചെയ്തിരുന്നു, താൻ പോയ വിവരം ആരും അറിഞ്ഞിട്ടില്ല..... രാവിലെ അയാളെ തിരഞ്ഞു എങ്കിലും കാണാൻ സാധിക്കുന്നില്ല...... പിന്നെ ചായകുടിക്കാൻ നേരം ആയിരുന്നു കണ്ടത്, അമ്മയാണ് അയാൾക്ക് ചായ നൽകാനായി കയ്യിൽ തന്നു വിട്ടത്...... എന്റെ മുഖത്തേക്ക് നോക്കാൻ മടിക്കുന്നത് പോലെ തോന്നിയിരുന്നു, ഞാൻ സർ പറഞ്ഞപോലെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ചെറുചിരിയോടെ അയാളുടെ കയ്യിലേക്ക് കൊണ്ട് ചായ കൊടുത്തത്..... നെറ്റിയുടെ സൈഡിൽ ഒരു ബാൻഡേജ് ഒളിച്ചിരിക്കുന്നത് കാണുകയും ചെയ്തിരുന്നു......എന്നാൽ ഒന്നും മനസ്സിലാവാത്ത രീതിയിൽ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... " വലിയപപ്പാ ഇത് എന്ത് പറ്റിയതാണ്....? പെട്ടെന്ന് കളിയാക്കുകയാണോ എന്ന് അറിയാത്തതുകൊണ്ട് ആ മുഖത്ത് ഒരു മാറ്റം വന്നത് കണ്ടു...

" അത്‌... അത്‌ ബാത്റൂമിൽ ഒന്ന് വീണു മോളെ.... ഞാൻ ഇന്നലെ വൈകിട്ട് നിന്നെ നോക്കിയപ്പോൾ കണ്ടില്ലല്ലോ, എവിടെ പോയിരുന്നു.... എന്റെ മനസ്സ് അറിയാൻ ആയി അയാൾ ചോദിച്ചു..... " അത്‌ വലിയപ്പപ്പ ഇന്നലെ രാത്രിയിൽ ആരോ എന്റെ മുഖം പൊത്തിപിടിച്ചു, ഞാൻ പറഞ്ഞപ്പോൾ ഒരു പരിഭ്രമം അയാളിൽ നിറഞ്ഞിരുന്നു എങ്കിലും മുഖത്തേക്ക് നോക്കാതെ തന്നെ ചോദിച്ചു.... " ആര്....?? " ആളെ കണ്ടില്ല, ഞാൻ അയാളെ അടിച്ചിട്ട് ഓടി, പിന്നെ വെളുപ്പ് വരെ നമ്മുടെ വിറക് പുരയിലാണ് ഇരുന്നത്.... " ആണോ...? എന്നിട്ട് മോൾ എന്താ അപ്പോൾ തന്നെ പറയാഞ്ഞത് , വലിയപ്പ ഒന്ന് തിരക്കട്ടെ, തത്കാലം മോൾ ഇത്‌ ആരോടും പറയണ്ട.... ഒരു ആശ്വാസം അയാളുടെ മുഖത്ത് നിറഞ്ഞു.... " പറയില്ല വലിയപപ്പാ, മനസാൽ അയാളെ ശപിച്ചു ഞാൻ പറഞ്ഞു.... പിന്നീട് മറുപടിയൊന്നും പറയാതെ പോയിരുന്നു...... അയാളുടെ മുഖത്ത് ഒരു ആശ്വാസം നിഴലിക്കുന്നത് ഞാൻ കണ്ടിരുന്നു..... ഇരുട്ടിൽ ഓടി മറഞ്ഞിരുന്നു എങ്കിലും ആ മുഖം ഞാൻ വ്യക്തമായി കണ്ടു എന്നത് അറിഞ്ഞിട്ടില്ല എന്നത് അയാളിൽ ഒരു സമാധാനം ഉണർത്തിയിരുന്നു..... സാർ പറഞ്ഞത് പോലെ മറ്റു ചിന്തകൾക്ക് ഒന്നും സമയം നൽകാതെ സ്കൂളിലേക്ക് യാത്രയായി,

ചെന്നതും ആദ്യത്തെ ക്ലാസ്സ്‌ സാറിൻറെ തന്നെയായിരുന്നു..... കുട്ടികളോടും അവധിക്കാല വിശേഷങ്ങൾ ചോദിക്കുകയും മറ്റും ചെയ്തതിനുശേഷമാണ് സാർ ക്ലാസ് തുടങ്ങിയത്, സാറിന്റെ വിശേഷങ്ങളൊക്കെ പറയുവാനും മറന്നിരുന്നില്ല...... വളരെ നല്ല രീതിയിൽ ആണ് ക്ലാസ്സ് എടുക്കുന്നത്, ഇടയിൽ വിശേഷങ്ങളൊക്കെ ചോദിക്കുന്നു..... അതിനു ഇടയിൽ ബുക്കുകളും മറ്റും നോക്കി നോട്സ് കാണുകയും ഒക്കെ ചെയ്തു...... കൂട്ടത്തിൽ തന്റെ അരികിൽ വന്ന് നിന്നുകൊണ്ട് തനിക്കുമാത്രം കേൾക്കാവുന്ന രീതിയിൽ സാർ ചോദിച്ചിരുന്നു..... " രാവിലെ വല്ലതും കഴിച്ചോടോ....? " കഴിച്ചു.....! മറുപടി പറഞ്ഞപ്പോൾ ആ മുഖമൊന്നു തെളിഞ്ഞു, ഏറെ സമാധാനത്തോടെ എൻറെ മുഖത്തേക്ക് നോക്കി ഒന്ന് നന്നായി പുഞ്ചിരിച്ച ശേഷം വീണ്ടും മറ്റു വിശേഷങ്ങളിലേക്ക് കടന്നിരുന്നു..... ബെല്ലടിച്ചതും, എല്ലാവരോടും താങ്ക്യൂ പറഞ്ഞ് സാർ ഇറങ്ങി പോയപ്പോൾ ജീവിതത്തിൻറെ പ്രതീക്ഷ വീണ്ടും നിറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്..... ആ ഒരു സാന്നിധ്യം എനിക്ക് നൽകുന്ന സന്തോഷം അത്രമേൽ തീവ്രമാണെന്ന് ഞാനും അറിഞ്ഞു തുടങ്ങുന്ന നിമിഷമായിരുന്നു അത്..... എന്റെ കാര്യങ്ങൾ തിരക്കാൻ ഒരാൾ......!

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയ്ക്കൊണ്ടിരിക്കുന്നു..... പ്ലസ് ടു പരീക്ഷയുടെ തലവേദനകൾ മറ്റൊരുവശത്ത്, പ്ലസ് വൺ നേക്കാൾ പാടായിരുന്നു പ്ലസ് ക്ലാസുകൾ...... എങ്കിലും സാർ നന്നായി പറഞ്ഞു തരുന്നത് കൊണ്ട് എനിക്ക് പഠിക്കാൻ കഴിയുന്നുണ്ടായിരുന്നു, വലിയ പപ്പയുടെ വിഷയങ്ങളെപ്പറ്റി സാറും ഞാനും പിന്നെ സംസാരിക്കാതായി....... അയാൾ ഗുജറാത്തിലേക്ക് പോയതോടെ കുറച്ച് സമാധാനം എനിക്ക് ലഭിക്കുകയും ചെയ്തിരുന്നു...... ഇനി അയാൾ വരുമ്പോൾ മാത്രം ഭയന്നാൽ മതിയല്ലോ എന്ന ചിന്തയായിരുന്നു, എങ്കിലും ഇടയ്ക്കിടെ സാറ് ഓരോ ആത്മവിശ്വാസം പകർന്നു നൽകുന്നുണ്ടായിരുന്നു..... ഇതിനിടയിലാണ് ധന്യ ഒരു കാര്യം എന്നോട് പറഞ്ഞത്, വിപഞ്ചിക ടീച്ചർ കൂടുതൽ സമയം സാറിനോട് സംസാരിക്കുന്നതും ചെലവഴിക്കുന്നതും ഒക്കെ കാണുന്നു എന്ന്.... ഞാൻ ശ്രേദ്ധിച്ചപ്പോൾ ശരിയാണ്...... ഒരു വേദന നിറഞ്ഞിരുന്നു, ടീച്ചറിന്നോട് സംസാരിക്കുമ്പോൾ സാറു വലിയ സന്തോഷത്തിലാണ്, എപ്പോഴും ചിരിച്ചു മാത്രമേ സംസാരിക്കാറുള്ളൂ..... ടീച്ചർ ആണെങ്കിൽ ഓരോ കാരണങ്ങൾ ഉണ്ടാക്കി സാറിനു അരികിലേക്ക് വന്നു നിൽക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.....

റെക്കോർഡുമായി ചെന്നപ്പോഴാണ് ബിന്ദു ടീച്ചർ സാറിനോട് ചോദിക്കുന്നത് കേട്ടത്.... " ഹേമന്ത് ഏതായാലും വിവാഹം കഴിച്ചിട്ടില്ല, വിപഞ്ചികയുടെ വീട്ടിൽ ഒന്ന് ചോദിച്ചാലോ..... ടീച്ചർക്ക് താല്പര്യം ആണെന്നാണ് തോന്നുന്നത്...... എന്റെ ഹൃദയം നിലച്ചു പോയ ഒരു അവസ്ഥയായിരുന്നു അത്...... കണ്ണുകൾ പെയ്തു തുടങ്ങി..... നെഞ്ചു പൊട്ടി പോകും പോലെ വേദനിക്കുന്നു...... പെട്ടെന്ന് തന്നെ റെക്കോർഡ് അവിടെവച്ച് സാറിനെ ഒന്ന് നോക്കുകപോലും ചെയ്യാതെ നേരിട്ട് പുറത്തേക്കോടി....... അതിനുശേഷം ബാത്‌റൂമിൽ എത്തി...... ബാത്റൂമിൻ ഉള്ളിൽ കയറി പൊട്ടിക്കരഞ്ഞു പോയിരുന്നു..... ആ നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായയായി പോയൊരു പെണ്ണിന്റെ അവസ്ഥ...... സ്നേഹിച്ചവനെ സ്വന്തമായി നേടിയെടുക്കുവാൻ അവൾക്ക് കഴിവില്ല, സ്വന്തം എന്ന് കരുതിയത് കണ്മുൻപിൽ കൂടി നഷ്ടമാകുന്നത് കാണേണ്ടി വരുമോ എന്നൊരു ചിന്ത മാത്രമായിരുന്നു ആ നിമിഷം മനസ്സിനെ മഥിച്ചു തുടങ്ങിയിരുന്നത്...... എന്ത് ചെയ്യണമെന്നറിയാതെ പൊട്ടിക്കരഞ്ഞു പോയി...... കണ്ണുനീർ നിർത്താൻ തന്നെ ഏറെ പണിപ്പെട്ടു, സാറിനെ കൂടി നഷ്ടമായാൽ ജീവിതത്തിന് അർത്ഥമില്ല,

ഇനിയും ഒരു വേർപെടൽ കൂടി താങ്ങുവാൻ തനിക്ക് കരുത്ത് ഉണ്ടാവില്ല.... ആ ഒറ്റപ്പെടലിന് തന്നെ തകർക്കുവാൻ കെൽപ്പ് ഉള്ളതായിരിക്കും എന്ന് തോന്നി..... ആ പ്രതീക്ഷയിൽ മാത്രമാണ് ഇപ്പോൾ ജീവിതം മുൻപോട്ടു പോകുന്നത്..... ആ ഒരാളോട് ഇഷ്ടം പറയുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോൾ ജീവിക്കുന്നത് തന്നെ..... അങ്ങനെ പറയാനുള്ള ഒരു നിലയിലേക്ക് താൻ എത്തിയാൽ മാത്രമേ പറയൂ എന്ന് ഒരു കുഞ്ഞു വാശി...... ഹേമന്ത് സർ തന്റെ പ്രണയം മാത്രമല്ല ജീവിക്കാൻ ഉള്ള പ്രേചോദനം കൂടി ആണ്...... വിടരും മുൻപേ കൊഴിഞ്ഞു പോകുമോ തൻറെ പ്രണയം എന്ന് പോലും ഭയന്നിരുന്നു...... എന്ത് ചെയ്യാൻ സാധിക്കും....? വാശിപിടിച്ചു നേടിയെടുക്കാൻ സാധിക്കില്ല അതിനുള്ള കഴിവും അർഹതയും ഇല്ല, സ്വയം വിട്ടു കൊടുക്കൽ മാത്രമേ മുന്നിലുള്ളൂ...... പിന്നെ ഒരു പ്രാർത്ഥന മാത്രമാണ് തൻറെ കണ്മുൻപിൽ നിന്നും അകലുന്നവരെയെങ്കിലും മറ്റൊരാൾക്ക് സ്വന്തം ആകരുതെന്ന്, പ്ലസ് ടു കാലഘട്ടം അവസാനിക്കുന്നതുവരെ സർ വിവാഹിതനാകരുത് എന്ന് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചിരുന്നു...... കാരണം മറ്റൊരാളുടെ സ്വന്തമായി തൻറെ മുൻപിൽ നിൽക്കുന്ന സാർ, ആ ഒരു കാഴ്ച തന്നെ വല്ലാതെ തകർക്കും എന്ന് തോന്നി...... ഇപ്പോൾ ജീവിക്കാൻ ഒരു പ്രതീക്ഷയുണ്ട്, അതുതന്നെ ചിലപ്പോള് ഒറ്റക്കാഴ്ചയിൽ നഷ്ടമാകും.....

പ്രതീക്ഷകൾ ആണല്ലോ മനുഷ്യനെ ജീവിപ്പിക്കുന്നത്..... പിന്നീടുള്ള ക്ലാസ്സുകളിൽ എല്ലാം ഉള്ളിൽ ഉള്ള ഭയം നിറഞ്ഞുനിന്നിരുന്നു, പഠിത്തത്തിൽ പോലും അത് പ്രതിഫലിക്കാൻ തുടങ്ങിയിരുന്നു..... ഉറക്കത്തിൽ പോലും ഒരു പ്രാർത്ഥന മാത്രമായി...... തൻറെ കണ്മുൻപിൽ സർ വിവാഹിതനാകുന്നത് കാണിക്കരുത് എന്ന ഒരു പ്രാർത്ഥന...... അങ്ങനെയിരിക്കെയാണ് പ്ലസ് വൺ ഫലം വരുന്നത്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എനിക്ക് 80 ശതമാനം മാർക്കുണ്ടായിരുന്നു...... പ്ലസ് വൺ ഒരു ദിവസം ഇൻറർവേല്ലിന് ഓടി കിതച്ചു കൊണ്ട് സർ തന്നെയാണ് ഈ വിവരം വന്ന് പറയുന്നത്...... " ഞാൻ ഒരു 60% അല്ലെങ്കിൽ 70% പ്രതീക്ഷിച്ചിരുന്നു, താൻ എന്നെ ഞെട്ടിച്ചല്ലോ, അത്‌ പറഞ്ഞപ്പോൾ സാറിൻറെ മുഖത്തെ സന്തോഷം, അത് ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു..... പിറ്റേ ദിവസം ക്ലാസ്സിൽ ഇരുന്നപ്പോഴാണ് അതിമനോഹരമായ ഒരു സമ്മാനം എനിക്ക് നിൽക്കുന്നത്.... അബുദുൾ കലാമിന്റെ അഗ്നിചിറകുകൾ എന്ന ബുക്ക്‌ ആയിരുന്നു അത്‌... " ഇത് തനിക്ക് എൻറെ വക ഒരു ഗിഫ്റ്റ്, ഇത്രയും മാർക്ക് വാങ്ങിയതല്ലേ..... ഇതിലെ ഓരോ വരികളും തന്റെ മുന്നോട്ട് ഉള്ള ജീവിതത്തിനു സഹായം ആയിരിക്കും.....

അങ്ങനെ പറഞ്ഞുകൊണ്ട് ആ ഒരു സമ്മാനം നീട്ടിയപ്പോൾ ഞാനത് ഏറെ സന്തോഷത്തോടെ വാങ്ങിയിരുന്നു...... " ഇനി അങ്ങോട്ടുള്ള ജീവിതത്തിന്റെ വഴിത്തിരിവാണ് ഈ വിജയം..... ഒരു ജീവിതം മുഴുവൻ ഇതിലും കൂടുതൽ വിജയം ആയിരിക്കണം കൈവരിക്കേണ്ടത്..... ഇതൊരു തുടക്കം മാത്രം ആകട്ടെ, സാറെന്നെ അനുഗ്രഹിച്ചത് ആയിരിക്കണം ചിലപ്പോൾ..... ഏതായാലും അനുഗ്രഹം എൻറെ ജീവിതത്തിലേക്ക് സ്വീകരിക്കുവാൻ ഞാൻ തയ്യാറായിരുന്നു, എങ്കിലും ഉള്ളിലുള്ള ഭയം ഇടയ്ക്കൊക്കെ ചിറകടിച്ച് ഉയരുന്നത് പോലെ തോന്നിയിരുന്നു.....അന്ന് രാത്രിയിൽ ആ പുസ്തകം മുഴുവൻ ഒറ്റ ഇരുപ്പിന് തീർത്തു... അതിലെ ചില വരികൾ മാത്രം മനസ്സിൽ അവശേഷിക്കുന്നു....... " ആകാശത്തേയ്ക്ക് നോക്കൂ. നാം ഒറ്റയ്ക്കല്ല. പ്രപഞ്ചം മുഴുവന്‍ നമ്മോട് സൗഹൃദം പുലര്‍ത്തുന്നു. സ്വപ്നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനായി ഗൂഢാലോചന നടത്തുന്നു.'' ( അഗ്നിചിറകുകൾ ) പഠിക്കുന്നതിനിടയിൽ എല്ലാം മനസ്സ് മറ്റു കാര്യങ്ങളിലേക്ക് ഒക്കെ പോകും, ടീച്ചറും സാറും മാത്രമായി ഓർമ്മകൾ, ടീച്ചർ സുമംഗലിയായി നിൽക്കുന്നത് സ്വപ്നം കണ്ട പല രാത്രികളിലും ഞെട്ടി ഉണർന്നു തുടങ്ങി.....

ഇതു തന്റെ മനസ്സിനെ വേദനിപ്പിക്കുവാൻ തുടങ്ങി...... പഠിത്തത്തിൽ നിന്നും പൂർണമായും ശ്രദ്ധ നഷ്ടമായി, സർ ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഞാൻ കൃത്യമായ മറുപടി പറയാതെ വന്നപ്പോൾ സാറിനും ദേഷ്യം തോന്നി അവസാനം സാറേന്നോട് ചോദിച്ചു.... " ആർദ്ര തനിക്ക് എന്തുപറ്റി....? എന്താ പ്രശ്നം....? ഇപ്പൊൾ ഭയങ്കര ഉഴപ്പാണ്...... " അത് പിന്നെ സർ എനിക്ക് എന്തോ പറ്റുന്നില്ല, പഠിക്കാനൊന്നും ഒരു ശ്രദ്ധ കിട്ടുന്നില്ല...... ഉറങ്ങുമ്പോൾ പോലും എന്തൊക്കെയോ സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്നു.... " അതെന്താ വീട്ടിലെന്തെങ്കിലും പ്രശ്നം ഉണ്ടോ....? തനിക്ക് വീണ്ടും എന്തെങ്കിലും....... അയാൾ വന്നോ....? " അങ്ങനെയൊന്നുമില്ല സാർ, അയാൾ വന്നിട്ടില്ല.... " പിന്നെ എന്താ പ്രശ്നം...? " ഇത്ര മാത്രം തന്നെ ബാധിക്കാനും മാത്രം മനസ്സിൽ ഉള്ളത്..... സർ മുഖത്തേക്ക് നോക്കി അത് ചോദിക്കുമ്പോൾ നിങ്ങൾ മാത്രമാണ് എന്റെ പ്രശ്നം എന്ന് പറയാൻ നാവു പൊന്തി എങ്കിലും അത് പുറത്തേക്ക് വന്നില്ല..... " ആർദ്രയ്ക്ക് മറ്റെന്തോ വിഷമമുണ്ട്.... അതിൻറെ കാരണം എന്താണെന്ന് ഞാൻ ചോദിക്കുന്നില്ല,

പക്ഷേ എന്താണെങ്കിലും അത് മാറ്റിവയ്ക്കണം, ഇപ്പോൾ പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.... അന്ന് എന്നോട് പറഞ്ഞു ഓർക്കുന്നുണ്ടോ, ഇനി അവിടെ നിൽക്കാൻ പറ്റുന്നില്ല എന്ന്..... പ്ലസ് ടു വിന്റെ മാർക്ക് അനുസരിച്ചാണ് തന്റെ ഇനിയുള്ള ജീവിതം..... അവിടെ നിന്നും രക്ഷപ്പെടാൻ തനിക്ക് കിട്ടുന്ന അവസാന ചാൻസ് ആണ് ഇത്..... താൻ ഇത്‌ പ്രയോജനപ്പെടുത്തില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും ഇനി താൻ വിജയിക്കാൻ പോകുന്നില്ല, അവസാനം കണ്ണുകൾ അടച്ചു ശ്വാസം എടുത്തു വിട്ട് ഞാൻ സാറിനോട് പറഞ്ഞു... " മനസ്സിൽ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളുണ്ട്, അയാളെ എനിക്ക് നഷ്ടം ആകുമോ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടുന്നു...... " എനിക്ക് തോന്നി അങ്ങനെ എന്തോ ആണെന്ന്, ഡോ മാധവികുട്ടി പറഞ്ഞിട്ടുണ്ട് സ്വന്തം എന്ന് തോന്നുന്നവയെ സ്വതന്ത്രമാക്കി വിടണം എന്ന്, നമുക്ക് ഉള്ളതാണെങ്കിൽ അത് തിരികെ വരും, നമുക്കുള്ളത് അല്ലെങ്കിൽ അത് തിരികെ പോവുക തന്നെ ചെയ്യും.....

തനിക്ക് ഉള്ളതാണെങ്കിൽ അത് എത്രകാലം കഴിഞ്ഞാലും ഈശ്വരന്മാർ തനിക്കുവേണ്ടി തന്നെ കാത്തുസൂക്ഷിക്കും, തനിക്കുള്ളത് അല്ലെങ്കിൽ താൻ എത്ര പൊത്തി പിടിച്ചാലും തൻറെ കയ്യിൽ നിന്നും ഊർന്നുപോകുമെടോ, അങ്ങനെ വിശ്വസിക്കു..... ഇക്കാര്യത്തിൽ താൻ ടെൻഷൻ അടിക്കേണ്ട കാര്യമില്ല..... ഞാൻ പറഞ്ഞല്ലോ അതൊക്കെ തന്നെ തേടി വരും, ഈ പ്രായത്തിൽ താൻ ഈ കാര്യത്തിനാണ് മുൻഗണന കൊടുക്കുന്നത്..... അല്ലെങ്കിൽ ജീവിതം അവിടെ തന്നെ നശിച്ചു, ഈ പ്രണയം വിവാഹം എന്നൊക്കെ പറയുന്നത് നമ്മുടെ ജീവിതത്തിലെ അവസാനമല്ല, ജീവിതത്തിൻറെ ഒരു ഭാഗം മാത്രമാണ്.... അതിനുവേണ്ടി മാത്രമായിരിക്കരുത് നമ്മുടെ ജീവിതം..... മനസ്സിലാകുന്നുണ്ടോ ഞാൻ പറയുന്നത്.....?താൻ ഇങ്ങനെ പഠനത്തിൽ ഉഴപ്പുക ആണ് എങ്കിൽ എന്റെ ഭാഗത്തുനിന്നും യാതൊരു സപ്പോർട്ട് ഉണ്ടായിരിക്കില്ല, അതുകൊണ്ട് താൻ എല്ലാം മാറ്റിവച്ച് നന്നായിട്ട് ഒന്ന് പഠിക്കാൻ നോക്ക്..... " ശരി സർ, ഇനി ഞാൻ ശ്രെദ്ധിക്കാം.....

" ശ്രെദ്ധിക്കണം,....! " ശരി സർ.... " പിന്നെ യൂത്ത് ഫെസ്റ്റിവൽ വരുന്നുണ്ട്,ഞാൻ തൻറെ പേര് കൊടുത്തൂ കവിത രചനയ്ക്ക് ... " അയ്യോ എന്തിനാ പേര് കൊടുത്തെ, എനിക്ക് അറിയില്ല സർ, " അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല, കവിതാരചന കഥാരചന ഉണ്ട് എന്തെങ്കിലുമൊക്കെ താൻ പങ്കെടുത്ത പറ്റൂ.... ഞാൻ തൻറെ പേര് കവിതാരചനയ്ക്ക് കൊടുത്തിട്ടുണ്ട്, താൻ നാളെയോ മറ്റന്നാളോ സമയം പോലെ ഒരു കവിത എഴുതിയിട്ട് എന്നെ ഒന്ന് കാണിക്കണം, എന്നിട്ട് അവിടെ ചെയ്താൽ മതി കേട്ടോ.... തലയാട്ടി കാണിച്ചിരുന്നു എങ്കിലും എങ്ങനെ ചെയ്യും എന്ന് അറിയില്ലായിരുന്നു, അന്ന് രാത്രി മുഴുവൻ വീട്ടിൽ ചെന്ന് സർ പറഞ്ഞ കാര്യത്തെ പറ്റി ആണ് ആലോചിച്ചത്.... എനിക്കുള്ളതാണെങ്കിൽ എത്രകാലം കഴിഞ്ഞാലും അത് എന്റെ തന്നെയാണ്..... ഇനി അത് ഓർത്ത് വേദനിക്കുന്നത് അല്ല എന്ന് മനസിനെ സമാധാനിപ്പിച്ചു, പഠിക്കാൻ നോക്കി..... സാറിന്റെ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്.... താൻ പഠിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സാർ ആയിരിക്കും, ഒരിക്കൽ കൂടി സാറിൻറെ ആ പുഞ്ചിരി കാണാൻ സാധിക്കും, അത് മാത്രം ഓർത്ത് പഠിച്ചു...... അതോടൊപ്പം ഒരു കവിത എഴുതാൻ തീരുമാനിച്ചു.... ബുക്ക്‌ എടുത്ത് വെച്ചത് ഓർമ്മയുള്ളൂ പിന്നെ ആ മുഖം ഇങ്ങനെ മനസ്സിൽ തെളിയുകയായിരുന്നു..... പിന്നെ വരികൾ ഒക്കെ താനെ വന്നു ഓടി വരും...❤️ ഇഷ്ട്ടം ആകുന്നുണ്ടോ...?................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story