ആർദ്രം : ഭാഗം 15

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

" ആർദ്ര അവരുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു, ഇനി തീരുമാനമെടുക്കേണ്ടത് താനാണ്.... വെറുമൊരു വീട്ടുവേലക്കാരിയായി ഈ വീടിന്റെ അടുക്കളയിൽ ളിൽ ഒതുങ്ങണോ അതോ പുറത്ത് ജീവിതം കെട്ടിപടുക്കണോ എന്ന് താൻ തീരുമാനിക്കണം, തൻറെ തീരുമാനം പോലെ ആയിരിക്കും ഇനി തന്റെ ജീവിതം.... സർ ഒന്ന് നിർത്തി അമ്മയുടെ അരികിലേക്ക് ചെന്നു..... " പിന്നെ, അമ്മയ്ക്ക് പറ്റിയതുപോലെ മകൾക്ക് ഉണ്ടാകരുതെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ, എങ്ങനെയെങ്കിലും ഈ തീരുമാനത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ നോക്കൂ.... എന്നിട്ട് മകളെ രക്ഷിക്കാൻ നോക്കൂ, ആർദ്ര തനിക്ക് എന്ത് സഹായത്തിനും ഞാനുണ്ടാകും ഉറപ്പ് ..... ഞാൻ പോകുന്നു, ഇനി വീട്ടിലേക്ക് ഞാൻ വരില്ല.... അതും പറഞ്ഞ് സാർ ആ വീടിൻറെ പടികളിറങ്ങുമ്പോൾ എൻറെ മുൻപിൽ വീണ്ടും ഇരുട്ട് മാത്രമായിരുന്നു..... എന്ത് ചെയ്യണം എന്ന് അറിയില്ല, അന്ന് മുഴുവൻ കരഞ്ഞു, കാലുപിടിച്ചു, വല്യപ്പച്ചനോട് അപേക്ഷിച്ചു....

എന്തുവന്നാലും വിടില്ല എന്ന് തന്നെയായിരുന്നു വല്യപ്പച്ചന്റെ നിലപാട്..... അതോടൊപ്പം തന്നെ മൂന്നു ജന്മങ്ങളെ അവിടെ താമസിപ്പിച്ചിരിക്കുന്നത് ഒരു ഔദാര്യം ആയി മാത്രം കണ്ടാൽ മതി എന്നും പറഞ്ഞു.... അത് വെറും ഔദാര്യം ആണെന്ന്, അല്ലാതെ മകന്റെ മകളെന്നോ ഭാര്യ എന്നോ ഉള്ള ഒരു സ്ഥാനവും നൽകിയിട്ടില്ലെന്നും കൂടി അദ്ദേഹം പറഞ്ഞതോടെ ആ വീട്ടിലെ ഞങ്ങളുടെ സ്ഥാനം എന്താണെന്ന് ഒരിക്കൽ കൂടി മനസ്സിലാക്കി തരുകയായിരുന്നു..... ഒരിക്കൽക്കൂടി അച്ഛൻ ഇല്ലാതായ നിമിഷത്തെ ഓർത്തു വിലപിച്ചു.... അവസാനം അമ്മയ്ക്ക് അരികിൽ ചെന്നു..... " എനിക്ക് ഇവിടുന്ന് രക്ഷപ്പെടണം, അഞ്ജുവിനും ഇവിടെ നിന്ന് രക്ഷപ്പെടണം, എങ്ങനെയെങ്കിലും..... അമ്മയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ നിസഹായ ആയി എന്നെ ഒന്ന് നോക്കി... " ഞാൻ എന്താ മോളെ ചെയ്യാ... എനിക്കെന്താ പറ്റുക....?

ഇവരെയൊക്കെ എതിർത്തുകൊണ്ട് ഞാൻ, എനിക്കറിയില്ല, " ഞാൻ ഒരു തീരുമാനമെടുത്താൽ അമ്മ ഒപ്പം നിൽക്കില്ലേ...? എന്തുവന്നാലും ഞാൻ ഈ പരീക്ഷയെഴുതും, സാറിൻറെ കൂടെ പോയി ഞാൻ പരീക്ഷ എഴുതികോളാം, " മോളെ ഒരു ചെറുപ്പക്കാരനായ സാറിൻറെ കൂടെ നിന്നെ ഞാൻ എങ്ങനെ മനസമാധാനത്തോടെ ഒറ്റയ്ക്ക് വിടുക...? " ഈ വീട്ടിൽ ഉള്ളവരേക്കാൾ വിശ്വസിക്കാം അമ്മേ ആ മനുഷ്യനെ..... ആ മനുഷ്യൻറെ നന്മ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, അമ്മ അതിന് എന്നെ തടയാതെ ഇരുന്നാൽ മതി.... അമ്മ സമ്മതിച്ചാൽ ഞാൻ പോകും പരീക്ഷ എഴുതാൻ.... അമ്മയുടെ സമ്മതം എനിക്കും സാറിനും വേണം, " നിൻറെ കൂടെ എല്ലാത്തിനും ഞാൻ ഉണ്ടാകും, എന്റെ കുട്ടികളെങ്കിലും ഇവിടുന്ന് രക്ഷപ്പെടണം എന്നാണ് എൻറെ ആഗ്രഹം..... " അതു മാത്രം കേട്ടാൽ മതി, തൽക്കാലം വല്യപ്പച്ചൻ അറിയണ്ട, ഞാൻ ഈ പരീക്ഷ എഴുതുന്ന കാര്യം..... അറിയാതെ എങ്ങനെയേലും അതൊക്കെ ഞാൻ നോക്കിക്കോളാം, മറ്റു കാര്യങ്ങളൊന്നും വല്ല്യപ്പച്ചൻ അറിയേണ്ടത് അത്രയും പറഞ്ഞ് ഞാൻ മുറിക്ക് പുറത്തേക്ക് ഇറങ്ങിയിരുന്നു,ധന്യയുടെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞു സാറിൻറെ വീട്ടിലേക്ക് ആയിരുന്നു നടന്നത് ....

പലവട്ടം പോയിട്ടുള്ളത് കൊണ്ട് തന്നെ നിശ്ചയം ആയിരുന്നു വഴി..... ആ സമയത്ത് എന്നെ കണ്ടപ്പോൾ സാറൊന്നു ഭയപ്പെട്ടിരുന്നു എന്ന് തോന്നുന്നു.... കാരണം സമയം ഏകദേശം അഞ്ചുമണിയോടെ അടുത്തിരുന്നു, " ആർദ്ര എന്താ ഈ സമയത്ത്... " സാറിനെ കാണാൻ വന്നതാ... " വരൂ, " കേറുന്നില്ല, ഒരു കാര്യം പറയാൻ വന്നതാ.... എന്തുവന്നാലും എൻറെ ഒപ്പം ഉണ്ടാവുമെന്ന് പറഞ്ഞില്ലേ...? ഞാൻ ആ പരീക്ഷ എഴുതാൻ തയ്യാറാണ്, അമ്മയും സമ്മതിച്ചു..... മറ്റാരുടെയും സമ്മതം എനിക്ക് വേണ്ട, പക്ഷേ സർ ഒപ്പം ഉണ്ടാവണം, എല്ലാവരുടെയും മുൻപിൽ നേരിട്ട് ഒരു വെല്ലുവിളി നടത്താനുള്ള സാഹചര്യത്തിൽ അല്ല ഞാൻ..... ആരുമറിയാതെ സാറിന് എന്നെ ആ പരീക്ഷ എഴുതാൻ കൊണ്ടു പോകാൻ പറ്റൂമോ...? ഏറെ പ്രതീക്ഷയോടെ ചോദിച്ചു.. " തനിക്കും തൻറെ അമ്മയ്ക്കും കുഴപ്പമില്ലെങ്കിൽ അതിന് എനിക്ക് സന്തോഷമേയുള്ളൂ,പക്ഷേ നന്നായിട്ട് പഠിക്കണം... " ശരി സർ... " എങ്കിൽ ആ പരീക്ഷ നമ്മൾ എഴുതും....

സാറിൻറെ ആ ഉറപ്പായിരുന്നു എൻറെ ജീവിതത്തിൻറെ അടുത്തഘട്ടം തീരുമാനിച്ചത്..... പിന്നീടങ്ങോട്ട് ജോലികൾക്കിടയിലും സമയം കണ്ടെത്തി സാർ തന്ന ബുക്കിൽ നിന്ന് പഠിക്കാൻ തുടങ്ങി, എന്തെങ്കിലും ഒരു ജോലി കണ്ടെത്തണമെന്ന് മാത്രമായി പിന്നെ ലക്ഷ്യം..... അതോടൊപ്പം തനിക്ക് വേണ്ടി സംസാരിച്ച സാറിനെ ഒരിക്കലും നാണംകെടുത്താൻ പാടില്ല എന്നൊരു ചിന്തയും, അതുകൊണ്ട് വാശിയോടെ പഠിച്ചു.... ജീവിതത്തിലെ കഷ്ടപ്പാടുകൾ ആയിരുന്നു എനിക്ക് പഠിക്കാനുള്ള പ്രചോദനം, ഞാൻ അനുഭവിച്ച നിന്ദനങ്ങൾ ആയിരുന്നു എൻറെ ഗൈഡുകൾ, അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഞാൻ പഠിക്കാൻ തുടങ്ങി... അങ്ങനെ ആ ദിവസം വന്നെത്തി, വെളുപ്പിനെ തന്നെ പോകണം, പരീക്ഷ കഴിഞ്ഞ് രാത്രിക്കു മുൻപ് എത്താൻ സാധിക്കുകയുള്ളൂ, ധന്യയെ വീട്ടിലേക്ക് വിളിച്ചിരുന്നു, അവൾ വരാം എന്നും പറഞ്ഞു, അവളുടെ വീട്ടിൽ ഒരു പരിപാടി ഉണ്ടെന്ന് പറഞ്ഞാണ് എന്നെ വിളിച്ചു കൊണ്ട് പോയത്.....

അവരോട് ഒന്നും എതിർത്ത് പറയാൻ വല്യപ്പച്ചൻ കഴിയില്ല, കാരണം മറ്റുള്ളവർക്ക് മുൻപിൽ വല്യപ്പച്ചൻ എൻറെ സ്നേഹനിധിയായ മുത്തച്ഛൻ ആണല്ലോ..... അതുകൊണ്ട് തന്നെ ചോദിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു, അവളുടെ വീട്ടിലേക്ക് ആണെന്ന് പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് ആയിരുന്നു ചെന്നത്, അവിടെ സാറും ഉണ്ടായിരുന്നു, ബസിലേക്ക് കയറി നേരെ പരീക്ഷ സെന്ററിലേക്ക്, കോഴിക്കോട് എന്ന സ്ഥലം ആദ്യമായി കാണുന്നത് അങ്ങനെയാണ്..... കോഴിക്കോടിൻറെ ഓരോ മനോഹാരിതയും നോക്കി കണ്ടറിഞ്ഞു, ഹോളിലേക്ക് കയറുന്നതിനു തൊട്ടു മുൻപും ആത്മവിശ്വാസം നിറഞ്ഞ കുറച്ചു വാക്കുകൾ സർ പറഞ്ഞു..... ജീവിതത്തിലേക്ക് പ്രകാശം നിറയ്ക്കുന്നത് പോലെ തോന്നി സാറിൻറെ സാന്നിധ്യം..... അത്‌ കൊണ്ടായിരിക്കും പ്രതീക്ഷിച്ചതിലും നന്നായി പരീക്ഷ എഴുതാൻ സാധിച്ചു..... ഒരു മെഡിക്കൽ എൻട്രൻസ് ഒക്കെ ജീവിതത്തിൽ എഴുതുമെന്ന് പ്രതീക്ഷിച്ചതല്ല ഞാൻ..... തിരികെ ഇറങ്ങുന്നതിനു മുൻപ് നല്ലൊരു ബിരിയാണി വാങ്ങി തന്നു സാർ, കോഴിക്കോടിൻറെ മൊഞ്ചുള്ള ബിരിയാണി...... അതിനുശേഷം നേരെ ബസ്സിലേക്ക് കയറി, നാട്ടിലേക്ക് വന്നു ഇറങ്ങുമ്പോൾ സമയം സന്ധ്യയോട് അടുത്തിട്ടുള്ളൂ, പകുതിവരെ സാർ കൊണ്ടുവിട്ടു,

ഒപ്പം വരാം എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ എതിർത്തു, യാത്ര പറഞ്ഞുപോയ വീണ്ടും ഒരു ശൂന്യത, മറ്റാർക്കും നികത്താൻ കഴിയാത്ത ശൂന്യത.... എനിക്കുവേണ്ടി എൻറെ ആരും അല്ലാത്ത ഒരു മനുഷ്യൻ കഷ്ടപ്പെടുന്നു, അത്‌ കണ്ടിട്ട് എനിക്ക് അദ്ദേഹത്തോട് തോന്നിയ ബഹുമാനം വീണ്ടും ഇരട്ടിച്ചു.... പ്രണയത്തിലും ഉപരി ഈ മനുഷ്യൻ എനിക്ക് വേണ്ടി ചെയ്യുന്നത് എന്തൊക്കെയാണെന്ന് ഞാൻ ചിന്തിച്ചുപോയി, സ്വന്തക്കാർ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ, മറ്റൊന്നിനും വേണ്ടിയല്ല എൻറെ ശോഭനമായ ഭാവിക്ക് വേണ്ടി.... ഒരുപക്ഷേ ഞാൻ സ്നേഹിക്കുന്ന വിവരം പോലും അദ്ദേഹത്തിന് അറിയില്ല, എന്നിട്ടും എനിക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ മനസ്സാക്ഷി ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാൻ പോലും സാധിക്കു എന്ന് ഞാൻ മനസ്സിലാക്കി..... ഇനിയും ജീവിതത്തിൽ ഞാൻ എന്തൊക്കെ വേഷങ്ങൾ കെട്ടി ആടണം അത് ചിന്തിച്ച് ആണ് അകത്തേക്ക് ചെന്നത്.... അവിടേക്ക് ചെന്നപ്പോൾ തന്നെ കണ്ടു മുഖങ്ങൾ വലിഞ്ഞുമുറുകി ഇരിക്കുന്ന കുറച്ച് പേരെ....

കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ രംഗം പന്തിയല്ലെന്നു തോന്നി, ആദ്യം ചെറിയ പപ്പാ ആണ് എഴുന്നേറ്റ് വന്നത്.... " നീ എവിടെ പോയതായിരുന്നു ആദ്യത്തെ ചോദ്യം.... എന്ത് മറുപടി പറയണമെന്നറിയാതെ നിന്നു, " ധന്യയുടെ വീട്ടിൽ ഞങ്ങൾ ചെന്ന് തിരക്കായിരുന്നു, അവിടെയെങ്ങും ഒരു പരിപാടി നടക്കുന്നില്ല എന്ന് മനസ്സിലായി.... അവളുടെ വീട്ടിലും ശരിക്കും പറഞ്ഞിട്ടുണ്ട്, ഇനി ഇവിടേക്ക് കാണില്ല, മറുപടിക്ക് മുന്നേ ഉത്തരം എത്തി... " ആ സാറിൻറെ കൂടെ എവിടെ അഴിഞ്ഞാടാൻ പോയതായിരുന്നു, ഷൈനിആന്റിയുടെ ആ വാക്കുകളായിരുന്നു ഏറെ വേദന നിറഞ്ഞിരുന്നത്, ഒപ്പം വല്യപ്പച്ചൻ എപ്പോഴും മടിയിൽ കെട്ടാറുള്ള ആ ബെൽറ്റ് ഊരി പൊതിരെ തല്ലി, വേദന തോന്നി, വാക്കാൽ വല്ലോം പറയും എങ്കിലും ശരീരം വേദനിപ്പിക്കുന്നത് ആദ്യമാണ്.... ഒരു പക്ഷേ അദ്ദേഹം പറഞ്ഞ വാക്കിന് വില കൽപ്പിക്കാത്ത ദേഷ്യം ആയിരിക്കാം... പലവട്ടം അമ്മ പിടിച്ചുമാറ്റാൻ ചെന്നു എങ്കിലും അവർ സമ്മതിച്ചില്ല എന്നതാണ് സത്യം,

ഒരുതുള്ളി കണ്ണുനീർ പോലും കണ്ണിൽ നിന്ന് വീണില്ല, കാരണം ഇതെല്ലാം മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനങ്ങൾ ആയിരുന്നു..... " എൻറെ ചെലവിൽ ഇവിടെ കിടക്കുമ്പോൾ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കണം, അല്ലാതെ തോന്നിയ പോലെ നടന്നാൽ, മൂന്നിനേയും ഇറക്കി ഞാൻ കഥക് അടക്കും. എന്നോട് ആരും ചോദിക്കാൻ വരില്ല, ഈ വീട്ടിൽ നിന്നെയൊക്കെ താമസിപ്പിച്ചിരിക്കുന്നത് തന്നെ എന്റെ ഔദാര്യം, അല്ലാതെ നിൻറെ തള്ള എൻറെ മോനേ കെട്ടിയെന്ന് ഓർത്തല്ല, എന്റെ വാക്ക് ധിക്കരിച്ചു ഇവളെ അവൻ കെട്ടിയ അന്ന് തീർന്നതാ അവനുമായുള്ള ബന്ധം, പിന്നെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത് എവിടെയെങ്കിലും പോയി കിടന്നു ചത്തു ഞങ്ങടെ തലയിൽ പഴി വരാതിരിക്കാൻ വേണ്ടി മാത്രം..... നിന്നെ ഒന്നും ഞങ്ങൾ ആരും ഇതുവരെ അംഗീകരിച്ചിട്ടില്ല.... ഇനിയുള്ള കാലം അംഗീകരിക്കാനും പോകുന്നില്ല..... ശരീരത്തിലെ മുറിവുകളെക്കാൾ വേദന തന്നത് വല്യപ്പച്ചന്റെ വാക്കുകളായിരുന്നു....

പലവട്ടം ഈ വീട്ടിലെ സ്ഥാനം മനസ്സിലായെങ്കിലും അവരുടെ മനസ്സിലെ സ്ഥാനം അതായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം...... ആ നിമിഷം മാത്രം കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഊർന്നുവീണു, പിന്നീട് ആരോടും പരാതി പറയാതെ കുറച്ചുനേരം ഇരുന്നു.... തിണർത്ത പാടുകൾ വന്നു തൊട്ടു നോക്കിയും തലോടിയും അമ്മ കുറെ നേരം കരയുന്നത് കണ്ടു.... ക്ഷീണം കൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയി, അതിരാവിലെ അമ്മയെ കാണാതിരുന്നത്.... ഒരു നിമിഷം ഒന്ന് ഭയന്നു, അമ്മ എന്തെങ്കിലും അവിവേകം കാണിച്ചിട്ട് ഉണ്ടാകുമോ എന്ന്.... എവിടെയോ തിരക്കി നടന്നു, അവസാനം ആണ് സാറിനോട്‌ പറയാം എന്ന് കരുതിയത്.... അവിടേക്ക് ചെന്നപ്പോൾ ധന്യക്ക് ഒപ്പം സാറിനോട് സംസാരിച്ചു കൊണ്ടിരുന്ന അമ്മയെ കണ്ടത്..... കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നിട്ടുണ്ട് , എന്തുപറ്റിയെന്ന് അറിയാതെ ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി.... " തന്നെയാ വീട്ടിൽ നിന്ന് രക്ഷിച്ച എന്തെങ്കിലും ഒരു ഭാവി നൽകണമെന്ന് അപേക്ഷിക്കാൻ വന്നതാണ് അമ്മ....

സാറിൻറെ ആ വാക്കുകളായിരുന്നു ആശ്വാസം പകർന്നത്, " ഞാൻ പറഞ്ഞു വിഷമിക്കണ്ട, താനാ വീട്ടിൽ നിന്നും രക്ഷപ്പെടും എന്ന്.... ഇന്നലെ എഴുതിയ പരീക്ഷ അതിനുള്ള ഒരു വഴിത്തിരിവാണ്, തന്നെ ഇന്നലെ ഒരുപാട് അവരെ ഉപദ്രവിച്ചോ...? എൻറെ കൈകളിലേക്ക് പിടിച്ചു നോക്കിയാണ് സാറ് ചോദിച്ചത്, അപ്പോൾ ആ മിഴികൾ നിറഞ്ഞു എന്ന് തോന്നി... " അതൊന്നും എനിക്ക് വേദനിച്ചില്ല സർ.... സാറ് പറഞ്ഞതുപോലെ മുൻപോട്ടുള്ള വിജയത്തിൻറെ പടികളായി മാത്രമേ അതൊക്കെ ഞാൻ ഇപ്പോൾ കാണുന്നുള്ളൂ, " ഈയൊരു മനസ്സ് മാത്രം മതി, ഇവരുടെ മുൻപിൽ തന്നെ നന്നായി ജീവിച്ചു കാണിക്കണം, അമ്മയും വിഷമിക്കേണ്ട രാവിലെ ഇത്രയും ബുദ്ധിമുട്ടി തിരക്കി വന്നത് ഇത് പറയാൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല, അമ്മയുടെ മകളുടെ കൂടെ വിജയത്തിനായി എന്നും ഞാൻ ഉണ്ടാവും... അമ്മ വിഷമിക്കേണ്ട, അമ്മയുടെ കൈകൾ കൂട്ടിപ്പിടിച്ച് അങ്ങനെ ഉറപ്പു നൽകുമ്പോൾ അമ്മയുടെ കണ്ണുകളും ഒന്ന് തിളങ്ങിയത് ഞാൻ കണ്ടിരുന്നു....

വീട്ടിലേക്ക് മടങ്ങുമ്പോൾ ഞങ്ങൾ രണ്ടുപേരും മൗനത്തിലായിരുന്നു, ജോലികളും തിരക്കുമായി നിന്നപ്പോഴാണ് പത്രത്തിൽ എൻട്രൻസ് ഫലം വരുന്നു എന്ന് അറിഞ്ഞത്, കാര്യമായ ഒരു പ്രതീക്ഷയും ഈ കാര്യത്തിൽ അവശേഷിക്കുന്ന ഇല്ലെങ്കിലും പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ എവിടെയൊക്കെയോ അവശേഷിക്കുന്നുണ്ടായിരുന്നു.... ആ ഒരു പ്രതീക്ഷയുടെ മേമ്പൊടിയോടെ ആണ് പത്രം നോക്കിയത്.... എന്നാൽ എന്നെ പോലും ഞെട്ടിച്ചുകൊണ്ട് ഇരുപത്തിയഞ്ചാമത്തെ റാങ്ക് നേടി എന്ന് കണ്ടപ്പോൾ ഒരു നിമിഷം ഞാനും ഞെട്ടിപ്പോയിരുന്നു, പത്രവുമായി ഓടിയത് സാറിന്റെ അടുത്തേക്ക് ആയിരുന്നു.... കിതച്ചുകൊണ്ട് സാറിൻറെ മുഖത്തേക്ക് നോക്കിയപ്പോൾ, ചെറു ചിരിയോടെ നിൽക്കുന്ന സാറിനെ ആണ് കണ്ടത്... " ഞാൻ കാലത്ത് തന്നെ കണ്ടിരുന്നു, അങ്ങോട്ട് വരില്ല എന്ന് വിചാരിച്ചതാണ്, എങ്ങനെയെങ്കിലും തന്നെ ഒന്ന് അറിയിക്കണം എന്ന് കരുതിയിരുന്നു.... താൻ തന്നെ എത്തിയല്ലോ, " ഇനി എന്താ ചെയ്യണ്ടെ... " ഇനി എന്താ ചെയ്യേണ്ടത് അഡ്മിഷൻ എടുക്കണം,

എവിടെയാണെന്ന് നോക്കണം, കോട്ടയത്ത് തന്നെ വയ്ക്കാം കിട്ടും... " കോട്ടയത്തോ...? " കോട്ടയത്ത് ആണെങ്കിൽ എനിക്ക് പരിചയമുള്ള ഒരു മഠം ഉണ്ട്, അവിടെ നിന്ന് പഠിക്കാം.... പിന്നെ ഗവൺമെൻറ് കിട്ടുന്നതുകൊണ്ട് തനിക്ക് വലിയ ചെലവുകൾ ഒന്നും വരില്ല, ചെറിയ ചെറിയ ചെലവ്, യൂണിഫോം ബുക്സ് അങ്ങനെ ചെറിയ കാര്യങ്ങൾ.... അതൊക്കെ ഏറ്റെടുക്കാൻ ഒരു ട്രസ്റ്റ് തയ്യാറാണ്, ഇടുക്കിയിലുള്ള എനിക്ക് പരിചയമുള്ള ഒരു ഫാദർ ഉണ്ട്, ഫാദറിന്റെ ഉടമസ്ഥതയിൽ ഒരു ട്രസ്റ്റ് ഉണ്ട്, അവർ അത് ചെയ്തോളും, തന്നെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്, " സർ വീട്ടിൽ ... " തൻറെ വീട്ടിൽ സമ്മതിക്കില്ല, അത്‌ കാര്യം ആക്കണ്ട, ഞാൻ ഒന്നൂടെ സംസാരിക്കാം, എത്രയും പെട്ടെന്ന് ബാക്കി കാര്യങ്ങളൊക്കെ ചെയ്യണം, ഇടുക്കി പോകാൻ തയ്യാറായിരിക്കണം, അമ്മയോട് പറ .... ചെറുചിരിയോടെ സാർ അത് പറഞ്ഞപ്പോൾ എൻറെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം കൂടി തുറക്കുകയാണ് എന്ന് എനിക്ക് മനസ്സിലായിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story