ആർദ്രം : ഭാഗം 17

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഇത്രയും സമയം ഞാൻ മിണ്ടാതെ നിന്നത് നിങ്ങൾ എന്നെക്കാൾ പ്രായത്തിൽ മൂത്തത് ആണെന്നുള്ള ഒരു കാര്യം മറന്നിട്ട് മാത്രമല്ല, വിവരമില്ലായ്മ ഒരു കുറ്റമല്ല എന്ന് കരുതി കൂടി ആണ്..... പക്ഷേ മിണ്ടാതിരിക്കുന്നത് തലയിൽ കയറി ഇരിക്കാൻ ഉള്ള ലൈസൻസ് അല്ല , " നിങ്ങളുടെ മകളെ പറ്റി ആണെങ്കിൽ നിങ്ങൾ ഇങ്ങനെ ഒരു ആവശ്യം പറയുമോ..? ഒരു പെൺകുട്ടിയുടെ നിസ്സഹായത മുതലെടുത്തതും പോരാ , അവൾക്ക് ഒരു ഭാവി കണ്ടെത്താൻ അവസരം ഉണ്ടായപ്പോൾ ഒരാൾ സഹായിക്കാൻ വന്നപ്പോൾ അയാളെയും അവളെയും ചേർത്ത് മോശം വാക്കുകളിലൂടെ സംസാരിക്കുന്ന നിങ്ങളുടെ സംസ്കാരം എനിക്ക് മനസ്സിലായി.... ഹേമന്ത് ദേഷ്യം അടക്കാൻ പാടുപെട്ടു... " താൻ ആരാടോ ഇവിടുത്തെ പെൺകുട്ടിയുടെ കാര്യം നോക്കാൻ....? ആ ചോദ്യം ചോദിച്ചത് ചെറിയപപ്പാ ആയിരുന്നു... അതും സാറിൻറെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട്.... " ഹാ, വിട് സാറെ, ഷർട്ട് ചുളുങ്ങും, കൈയ്യെടുക്ക്... സൗമ്യമായി ആയിരുന്നു സാറിൻറെ മറുപടി എങ്കിലും ഉറച്ചത് ആയിരുന്നു.....

എന്നിട്ടും ചെറിയ പപ്പാ പിടിവിട്ടില്ല, അവസാനം സർ തന്നെ കൈ തട്ടിമാറ്റി, ഷർട്ട് കോളർ ശരിയാക്കി..... അതോടൊപ്പം തന്നെ മുഖത്ത് സ്പെക്സ് ഒന്ന് ശരിക്ക് വെച്ചു, ചെറിയപപ്പയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " നാണമില്ലേടോ മൂന്നു സ്ത്രീകളെ ഇങ്ങനെ വീട്ടിൽ ഇട്ട് ഗാർഹികപീഡനം നടത്തി അതിൽ സന്തോഷം കണ്ടെത്താൻ..... അതും അവരുടെ നിസ്സഹായത മുതലെടുത്തു കൊണ്ട്.... ഇന്നത്തെ കാലത്തെ നിയമമനുസരിച്ച് എന്തെങ്കിലും ഒന്ന് കണ്ടാൽ ആരെങ്കിലും അറിഞ്ഞാൽ, താനും തന്റെ കുടുംബവും അടക്കം അകത്ത് ആണ്.... ആ ഒരു കാര്യം എന്നെക്കൊണ്ട് താൻ ചെയ്യിക്കരുത്, " പിന്നെ നിങ്ങൾ പറഞ്ഞില്ലേ ഈ കുട്ടി എൻറെ കൂടെ എന്തോ മോശം കാര്യത്തിന് വന്നതാണെന്ന്, ഇങ്ങനെയുള്ള തോന്നലുണ്ടാകുന്നത് എന്താണെന്ന് അറിയോ...? പണ്ട് എപ്പോഴെങ്കിലും നമ്മൾ ഇങ്ങനെയുള്ള എന്തെങ്കിലും കാര്യം ചെയ്തിട്ടുണ്ടാവും, അപ്പൊൾ മറ്റുള്ളവർ ചെയ്യുന്നതും അത് ആണെന്ന് തോന്നും, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മഞ്ഞപ്പിത്തം ഉള്ളവർക്ക് എല്ലാം മഞ്ഞയായി തോന്നും....

നിങ്ങൾ പഠിക്കുന്ന കാലത്ത് നിങ്ങളുടെ അധ്യാപകരെ ഈ ഒരു മനോഭാവത്തോടെ ആയിരുന്നോ സമീപിച്ചിരുന്നത്.....? കുറച്ച് നീങ്ങി നിന്ന് ഷൈനി ആന്റിയോട് ഉള്ള സാറിൻറെ ആ ചോദ്യത്തില് ഷൈനി ആന്റി നന്നായി ഒന്ന് വിളറിയത് ഞാൻ കണ്ടിരുന്നുm..... ജീവിതത്തിൽ ആദ്യമായിരിക്കും അവരോരുപറക്ഷേ ഇങ്ങനെ മറുപടി പറയാൻ ഇല്ലാതെ നിൽക്കുന്നത്..... എല്ലാവരും സംസാരിച്ചിട്ടും വല്യപ്പച്ചൻ മാത്രം ഒന്നും മിണ്ടാത്തത് എന്നിൽ ഉണർത്തിയ ആശങ്ക വലുത് ആയിരുന്നു. അദ്ദേഹം എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് തന്നെ നേരെ അങ്ങേരുടെ അടുത്തേക്ക് ചെന്നു സർ..... " എന്തൊക്കെ വന്നാലും ആർദ്ര പഠിക്കും, അതിനു നിങ്ങൾ ഒരു രൂപ പോലും മുടക്കണ്ട...... പക്ഷേ ഉപദ്രവിക്കാൻ നിൽക്കരുത്, ഉപദ്രവിക്കാൻ നിന്നാൽ ഇനി ഇവിടെ വരുന്നത് മനുഷ്യാവകാശ കമ്മീഷൻറെ ആളുകളായിരിക്കും..... എനിക്ക് ചില ആൾക്കാരെ പരിചയം ഉണ്ടെന്നു കൂട്ടിക്കോ, അങ്ങനെ ഒരു കാര്യം എന്നെക്കൊണ്ട് നിങ്ങൾ ചെയ്യിക്കരുത്.....

ഈ കുട്ടി പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്കറിയാം, ഇവിടെനിന്നും ഇവളെ കൊണ്ടും ഇവളുടെ അമ്മയെം കൊണ്ടുമൊക്കെ തെളിവെടുപ്പ് നടത്തിയാൽ കുടുംബം മുഴുവൻ അകത്തു പോകും..... എന്ത് പ്രശ്നം വന്നാലും ആർദ്ര എനിക്ക് ഒപ്പം നില്കും.....അത്‌ എനിക്ക് ഉറപ്പാ, സാറിന്റെ ആ വിശ്വാസം എന്റെ മനസിൽ മഞ്ഞു വീഴ്ത്തി... " പിന്നെ പൊലീസായി കേസായി, വാർത്തയായി, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്..? അതിലും നല്ലതല്ലേ ഈ കുട്ടി എങ്ങനെയേലും പഠിച്ചോട്ടെ എന്ന് വിചാരിക്കുന്നത്...? ഇനി ആർദ്രയ്ക്ക് ഇതിൻറെ പേരിൽ ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നിയമപരമായ കാര്യങ്ങൾ മാത്രമേയുള്ളൂ, ആർദ്ര അകത്തേക്ക് ചെല്ല്, ആരും ഒന്നും പറയില്ല.... സാറിൻറെ ഉറപ്പിലാണ് ഞാൻ അകത്തേക്ക് ചെന്നത്, ചെന്നപാടെ അമ്മ എന്നെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു..... അകത്തെ മുറിയിലേക്ക് കയറുന്നതിനു മുൻപ് ഞാൻ സാറിനെ ഒന്ന് തിരിഞ്ഞു നോക്കി.... കണ്ണുകൾ രണ്ടും അടച്ച് സൗമ്യമായ ആ പുഞ്ചിരി സാർ എനിക്ക് നൽകി...... പക്ഷേ ഞാൻ അറിയാത്ത ശാന്തൻ മാത്രം അല്ലാത്ത ഒരു മുഖം കൂടി സാറിന് ഉണ്ടെന്ന് ഇന്നായിരുന്നു ഞാൻ മനസ്സിലാക്കിയത്.....

ആരും ഒന്നും സംസാരിച്ചില്ല, സാർ തന്നെ വീട്ടിൽ നിന്നും ഇറങ്ങി.... പിന്നീട് അച്ഛനെ കണ്ട കാര്യവും ബാക്കി കാര്യങ്ങളുമെല്ലാം അമ്മയോട് വിശദമായി പറഞ്ഞു, അതോടൊപ്പം തന്നെ പതിനഞ്ചാം തീയതി പോകണമെന്ന്, ഇനിയിപ്പോൾ പോകാൻ ആരും എതിർപ്പ് പറയില്ല എന്ന് അമ്മയ്ക്കും ഉറപ്പായിരുന്നു, സാറിനെ കാണാൻ കഴിഞ്ഞിരുന്നില്ല, പതിനഞ്ചാം തീയതി സാറും എത്തും എന്ന് പറഞ്ഞു.... ആകെ ഉണ്ടായിരുന്ന ഒരു ബാഗ് സ്കൂൾബാഗ് മാത്രമാണ്,അങ്ങനെ എടുക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാതിരുന്നതുകൊണ്ട് അതിൽ ഉള്ള സാധനങ്ങൾ എല്ലാം എടുത്തു... ഇതിനിടയിൽ പ്ലസ്ടുവിന്റെ റിസൾട് വന്നിരുന്നു, അതിലും മികച്ച വിജയമായിരുന്നു പ്ലസ്ടുവിന് നേടിയത്, 92 ശതമാനം മാർക്കോടെ അങ്ങനെ ഹയർസെക്കൻഡറി എക്സാം പാസ്സായി.... സർട്ടിഫിക്കറ്റുകൾ എല്ലാം സർ ആണ് മുൻകൈയ്യെടുത്ത് തന്നത്.... പിന്നീട് പതിനഞ്ചാം തീയതി എന്നെ കൊണ്ടുവിടാൻ സാർ വരാമെന്ന് പറഞ്ഞു, അങ്ങനെ വെളുപ്പിനെയെഴുന്നേറ്റു യാത്ര പറയുവാൻ അമ്മയും അഞ്ജുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അമ്മയെ കെട്ടിപിടിച്ചു കുറേ കരഞ്ഞു, ആ കണ്ണുനീർ തുടർന്നുള്ള ജീവിതത്തിൽ പ്രചോദനം തന്നെയായിരുന്നു.....

അഞ്ജുവിന്റെ മുഖത്ത് ഒരു ഉമ്മ കൊടുത്തു, വല്യമ്മച്ചിയുടെ മുറിയിൽ ചെന്നു കാലുകളിൽ തൊട്ട് വന്ദിച്ചു.... നെറ്റിയിലും ഒരു ഉമ്മ കൊടുത്തു, ശേഷം വല്യമ്മച്ചിയൊടും യാത്ര പറഞ്ഞു, മറ്റാരോടും ഈ വീട്ടിൽ എനിക്ക് യാത്ര പറയാനില്ല.... അങ്ങനെ അവിടെ നിന്നും ഇറങ്ങി നേരെ പോയത് ധന്യയുടെ വീട്ടിലേക്ക്..... എന്നെ കണ്ട പാടെ ഓടി വന്നു, എൻറെ കാര്യത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അവൾക്കാണ്..... അവളാണെങ്കിൽ എൻജിനീയറിങ് പോകാൻ ഇരിക്കുകയാണ്, അവളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു....വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദം.... അവളിൽ നിന്നുള്ള ഒരു വേർതിരിവ് അത് എന്നെ വല്ലാതെ വേദനിപ്പിച്ചു..... പുതിയ സ്ഥലം,പുതിയ കൂട്ടുകാർ, എങ്കിലും എന്നും എൻറെ പ്രിയപ്പെട്ടവൾ അവൾ മാത്രമായിരിക്കും എന്ന് പറഞ്ഞു, അവളുടെ ഫോൺ നമ്പർ വാങ്ങി, ശ്രീരാഗിനോട് പറയാൻ ഏൽപ്പിച്ചു...... പിന്നെ സാറിൻറെ അരികിലേക്ക്.... എന്നെ കാത്തിരുന്ന പോലെ ബസ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു,

സാറിനോടൊപ്പം കോട്ടയത്തേക്ക് യാത്ര ചെയ്യുമ്പോൾ ഞങ്ങൾ രണ്ടുപേരും മൗനത്തിലായിരുന്നു.... അവസാനം കോട്ടയം ബസ് സ്റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന് ഭക്ഷണവും കഴിച്ച് അവിടുത്തെ പള്ളിയിലും കയറി ഒന്നു പ്രാർത്ഥിച്ചു....അതെല്ലാം കഴിഞ്ഞ് സാറിനോടൊപ്പം ഓട്ടോയിലേക്ക് കയറി,നേരെ ചങ്ങനാശ്ശേരിക്ക് ആയിരുന്നു ബസ്, ചങ്ങനാശ്ശേരി സ്റ്റാൻഡിൽ ബസ് നിർത്തി ഓട്ടോയിലേക്ക് കയറി, അപ്പോൾ മാത്രമാണ് സാറിൻറെ മുഖത്തേക്ക് നോക്കിയത്.... ചിരിയോടെ സാർ എന്താണ് എന്ന് എന്നോട് ചോദിച്ചു.... " എങ്ങനെയാണ് സാർ ഞാൻ ഇതിനൊക്കെ സാറിനോട് നന്ദി പറയുന്നത്.....? " നന്ദി വേണ്ട.... നന്നായിട്ട് പഠിച്ചാൽ മാത്രം മതി, നമ്മൾ പഠിപ്പിച്ച ഒരാൾ രക്ഷപ്പെടുമ്പോൾ ഒരു അധ്യാപകന് ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്, സാർ തന്നെയാണ് എന്നെ മഠത്തിലേക്ക് ആക്കിയത്.... എന്നെ കണ്ടപ്പോൾ തന്നെ സിസ്റ്റർ ജോസ്ഫൈൻ ഇറങ്ങി വന്നിരുന്നു.... സിസ്റ്ററിന്റെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ എൻറെ സാധനങ്ങളൊക്കെ വെക്കാൻ പറഞ്ഞു,

അത്‌ കഴിഞ്ഞ് തിരികെ ചെല്ലുമ്പോൾ സാറ് എന്നോട് എന്തൊക്കെയോ സംസാരിക്കുകയാണ്, അതിനുശേഷം ഞങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും തരാമെന്ന് പറഞ്ഞ് പോയപ്പോൾ ഞങ്ങൾക്കിടയിൽ ഒരു മൗനം നിന്നു..... എന്തു പറഞ്ഞു തുടങ്ങണം എന്നറിയാതെ നിന്ന എന്നോട് സാർ സംസാരിച്ചു, " കോളേജിൽ പോകുന്നതിനു മുൻപ് സാർ വരില്ലേ....? " കോളേജിൽ ഞാൻ ഉണ്ടാവും ആർദ്ര, ഇവിടുന്ന് സിസ്റ്റർ വരും, സർട്ടിഫിക്കറ്റ് ഞാൻ സിസ്റ്ററിന്റെ കൈയ്യിൽ കൊടുത്തിട്ടുണ്ട്.... നിങ്ങൾ രണ്ടുപേരും അവിടെ വന്നാൽ മതി, ഞാൻ അവിടെ ഉണ്ടാവും....അഡ്മിഷൻ കാര്യങ്ങളൊക്കെ ശരിയാക്കാം.... " അപ്പോൾ സാർ അതുകഴിഞ്ഞ് " എന്നെ കാണാൻ വരില്ല അല്ലേ... ഹൃദയത്തിൽ നിന്നായിരുന്നു ആ ചോദ്യം.... " ഇവിടേയ്ക്ക് വരുമ്പോ ഞാൻ തീർച്ചയായും തന്നെ കാണാൻ വരും..... " എന്നെ കാണാൻ വരാൻ ആരുമില്ല, സർ വരുമ്പോൾ എനിക്ക് ആരെങ്കിലും ഒക്കെ ഉണ്ടെന്നു തോന്നി, അങ്ങനെ ഒരാൾ വരുന്നുണ്ടെന്ന് കാത്തിരിക്കാനും ഒരു സുഖമല്ലേ...? " ഞാൻ പറഞ്ഞില്ലേ ആരുമില്ലെന്ന് ആർദ്ര വിചാരിക്കേണ്ട, എങ്കിൽ ഞാൻ പോട്ടെ, പഠിക്കണം നന്നായിട്ട്.... പഠിച്ച് മിടുക്കി കുട്ടി ആവണം, ഞാൻ വരാം ഇടയ്ക്ക്...

എന്റെ തലമുടി ഇഴകളിൽ പതിഞ്ഞ ആ സ്പർശത്തിൽ എനിക്ക് വാൽസല്യം ആണ് തോന്നിയത്... " ശരി സാർ ... അറിയാതെ എൻറെ കണ്ണുകൾ നിറഞ്ഞിരുന്നു... " അയ്യേ എന്താ ഇത്, വലിയ കുട്ടികൾ ഇങ്ങനെ കരയുമോ...? കണ്ണുതുടയ്ക്ക് " എനിക്ക് ഇതൊക്കെ ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നാണ്.... താൻ പഠിച്ച് നല്ലൊരാൾ ആകുമ്പോൾ ഇതുപോലെ പഠിക്കാൻ പറ്റാത്ത ആരെങ്കിലും സഹായിക്കണം, അങ്ങനെ മാത്രമേ നമുക്ക് ജീവിതത്തിൽ കടമകൾ തീർക്കാൻ പറ്റുള്ളൂ.... കണ്ണുനീർ തുടച്ചു ഞാൻ തലയാട്ടി.. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു കുറച്ചു ദിവസം കൊണ്ട് തന്നെ ആ മഠവുമായി ഞാൻ ഇണങ്ങിയിരുന്നു.....അവിടുത്തെ പ്രാർത്ഥന രീതികളും ചിട്ടകളും എല്ലാം എന്നെ പുതിയൊരു അനുഭവം ആയിരുന്നു.... ആദ്യമായി ജീവിതത്തിന് മൊത്തത്തിൽ ഒരു ചിട്ട വന്നതുപോലെ.... കാലത്ത് എഴുന്നേൽക്കുക പ്രാർത്ഥിക്കുക ജോലികളൊക്കെ ചെയ്യുക അങ്ങനെ ജീവിതം മനോഹരമായി..... പിന്നീടാണറിഞ്ഞത് ബോർഡിൽ നിൽക്കുന്ന കുട്ടികളുണ്ട്,

അവിടുത്തെ കുട്ടികൾക്ക് ട്യൂഷനെടുത്ത് കൂടെ എന്ന് സിസ്റ്റർ ചോദിച്ചു.... ചെറിയൊരു വരുമാനവും ആകുമെന്ന്..... അങ്ങനെ സിസ്റ്ററുടെ നിർദേശത്തിൽ ആണ് ഞാൻ അങ്ങനെ ഒരു കാര്യം തീരുമാനിക്കുന്നത്..... അവിടെയുള്ള പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കുവാൻ ഞാൻ തീരുമാനിച്ചു.... എനിക്ക് ചെറുതല്ലാത്ത രീതിയിൽ ഒരു വരുമാനവും ലഭിച്ചുതുടങ്ങി.... നാട്ടിലെ കണ്ണികൾ പൊടിതട്ടിയെടുത്തു, ധന്യയെ വിളിച്ചു ശ്രീരാഗിന്റെ നമ്പർ വാങ്ങി വിളിച്ചു.... വിവരങ്ങളൊക്കെ കേട്ടപ്പോൾ അവൻ ഏറെ സന്തോഷമായി.... എല്ലാവരുമായും ഫോൺ വിളിക്കാൻ തുടങ്ങി, ഒരു മാസമായി ചെറിയൊരു വരുമാനം എനിക്ക് ലഭിച്ചു, ധന്യേ വിളിച്ച് ബാങ്കിലിടുമെന്നു അമ്മയ്ക്ക് ഒന്ന് കൊടുക്കുമോ എന്ന് ചോദിച്ചു, കൊടുക്കാം എന്ന് പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.... ജീവിതത്തിൽ ആദ്യമായി ലഭിച്ച പ്രതിഫലം, ഒരുപാട് രൂപ ഒന്നുമില്ലെങ്കിലും ആ 4000 രൂപ സിസ്റ്ററിനോടൊപ്പം ബാങ്കിലേക്ക് അയക്കാൻ ചെല്ലുമ്പോൾ വല്ലാത്ത ഒരു സന്തോഷം മനസ്സിൽ തോന്നിയിരുന്നു..... എന്റേതായി ഞാൻ ആദ്യമായി അമ്മയ്ക്ക് ചെയ്യുന്ന ഒരു സഹായം.... അങ്ങനെ ജീവിതം സുഖമായി മുന്നോട്ടു പോയി, പിന്നെയാണ് അഡ്മിഷൻ കാര്യങ്ങൾക്കായി അടുത്തദിവസങ്ങളിൽ എത്തണമെന്ന് സിസ്റ്റർ പറഞ്ഞത്.... അപ്പോൾ മനസ്സിൽ ഒരു സന്തോഷമേ ആയിരുന്നുള്ളൂ,

എൻറെ സാറിനെ ഒരിക്കൽക്കൂടി കാണാമല്ലോ എന്ന്, ആ സന്തോഷത്തിൽ തന്നെ വീണ്ടും ആ പുലരി വരവേൽക്കാൻ കാത്തിരുന്നു, സന്തോഷത്തോടെ ഉണർന്നു, ഓരോ കാര്യങ്ങളും തീർത്തു.... ബസ്സിൽ ഇരിക്കുമ്പോഴും സാറിനെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു.... പ്രതീക്ഷിച്ചതുപോലെ മെഡിക്കൽ കോളേജിലേക്ക് ചെല്ലുമ്പോൾ സാർ ഉണ്ടായിരുന്നു അവിടെ, കുറേസമയം സാറിനോട് സംസാരിച്ചു,എനിക്ക് ചെറിയ മാറ്റങ്ങൾ വന്നു വണ്ണം വെച്ചു എന്നൊക്കെ സാർ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു.... എന്നെ ആൾ ശ്രെദ്ധിക്കുന്നല്ലോ, പിന്നീട് പഠനത്തിനെ പറ്റി ബാക്കി കാര്യങ്ങളെപ്പറ്റിയും പറഞ്ഞു സാർ.... തിരികെയാത്ര ആകുന്നതിനു മുൻപ് സിസ്റ്ററിന്റെ അരികിൽ നിന്ന് മാറ്റി നിർത്തി എന്നോടൊന്ന് സംസാരിച്ചു...... " കയ്യിൽ കാശ് വല്ലതും ഉണ്ടാകുമോ....? ഇത് വെച്ചോ ഇനി ഇപ്പോൾ ഇവിടെ ഹോസ്റ്റൽ അല്ലേ, " ഇവിടെ ഹോസ്റ്റലിലാണോ നിൽക്കുന്നേ...? " ഹോസ്റ്റൽ എന്ന് പറഞ്ഞാൽ ഇപ്പൊ കോളേജ് ഹോസ്റ്റൽ, അതുകേട്ടപ്പോൾ ആകെയുള്ള വേദന ചെറുതെങ്കിലും ആ വരുമാനം നിൽക്കുമല്ലോ എന്നതായിരുന്നു.... അതോടൊപ്പം ആ മഠവും അവിടുത്തെ സിസ്റ്റെഴ്സും എൻറെ പ്രിയപ്പെട്ടവരായി കഴിഞ്ഞിരുന്നു....

" പാർട്ട് ടൈം ജോലിയുടെ കാര്യം ഓർത്ത് വിഷമിക്കേണ്ട.... ട്യൂഷൻ സംവിധാനം എവിടെയെങ്കിലും ശരിയാക്കാമെന്ന് ഫാദർ പറഞ്ഞിരിക്കുന്നത്.... പള്ളിയുടെ സ്കൂളുകളും മഠങ്ങളും ഒക്കെ ഇവിടെയുമുണ്ട്, ഇവിടെ അടുത്തുതന്നെയുള്ള ഒരു മഠത്തിൽ ബോർഡിങ്ങിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ട്യൂഷന് എടുക്കാൻ തനിക്ക് സൗകര്യം ഉണ്ടാക്കാമെന്ന് സിസ്റ്റർ പറഞ്ഞു.... പിന്നെ ഇതൊന്നുമല്ല ചെലവുകൾ ഇനിയുമുണ്ടാകും, എന്താവശ്യമുണ്ടെങ്കിലും ആർദ്ര എന്നോട് ചോദിക്കാൻ മറക്കരുത്..... ഇത് എൻറെ ഫോൺ നമ്പർ ആണ്, എൻറെ കയ്യിലേക്ക് ഒരു പേപ്പറിൽ എഴുതിയ നമ്പർ വെച്ച് തന്നപ്പോൾ, ഞാൻ സാറിനെ മുഖത്തേക്ക് ഒന്ന് നോക്കി.... " എനിക്ക് സാറിനോട് ഒരു കാര്യം പറയാനുണ്ട്, " എന്താടോ....? ഏറെ പ്രതീക്ഷയോടെ സാർ ചോദിച്ചപ്പോൾ അത് പറയണോ വേണ്ടയോ എന്ന സംശയത്തിൽ ഞാനും നിന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story