ആർദ്രം : ഭാഗം 18

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

" പറയടോ....? സർ പറഞ്ഞു... "അല്ലെങ്കിൽ വേണ്ട അത് പറയാനുള്ള സമയം ആയിട്ടില്ല.... കുറച്ചു കഴിയട്ടെ, സർ എന്നെ കാണാൻ വരാതിരിക്കരുത്, " ഇല്ലടോ വെറുതെ പറഞ്ഞതല്ലേ, തീർച്ചയായും തന്നെ കാണാൻ വേണ്ടി ഞാൻ വരും,എങ്കിൽ പിന്നെ ഞാൻ ഇറങ്ങട്ടെ.. ഞാൻ തലയാട്ടി സമ്മതിച്ചു.... പിന്നീട് നാളുകൾ എല്ലാം വളരെ പെട്ടെന്നാണ് പോയത്, ഇടയ്ക്കിടെ എന്നെ കാണുവാൻ എത്തുന്ന സാർ...... അപ്പോൾ എന്തെങ്കിലും എനിക്കായി വാങ്ങിക്കൊണ്ടു വരാൻ ആളു മറക്കാറില്ല, എന്തെങ്കിലും സ്വീറ്റ്സ് അല്ലെങ്കിൽ ഫ്രൂട്ട്സ്‌ അങ്ങനെ എന്തെങ്കിലും..... പോകുന്നതിനു മുൻപ് എത്ര വേണ്ടെന്നു പറഞ്ഞാലും കുറച്ച് കാശ് കയ്യിൽ തരും, അത്യാവശ്യം പാർടൈം ജോലി ഒക്കെ ചെയ്തു എൻറെ കയ്യിൽ കാശ് ഉണ്ടെന്നു പറയുമ്പോൾ മാത്രമാണ് തരാതെ പോകുന്നത്, ജീവിതം അതിമനോഹരമായി തുടങ്ങിയിരുന്നു, എങ്കിലും അമ്മയും അഞ്ജുവും അനുഭവിക്കുന്ന വേദനകൾ ഒരു വലിയ പ്രശ്നം തന്നെയായിരുന്നു....

തൽക്കാലം അവരെ അവിടെ നിന്നും മാറ്റുവാനൊ മറ്റൊരിടത്തേക്ക് സുരക്ഷിതമായി താമസിപ്പിക്കാനും മാത്രം സാമ്പത്തികം എനിക്കുണ്ടായിരുന്നില്ല..... എംബിബിഎസ് എന്ന ബാലി കേറാമാലയുടെ ചിലവുകൾ വലിയ ഒരു കടമ്പ ആയതുകൊണ്ടുതന്നെ ഞാനൊന്ന് സ്വന്തം നിലയിൽ നിന്നതിനുശേഷം അവരെ സുരക്ഷിതമാക്കാം എന്ന് വിശ്വസിച്ചു.... ഒരു തോണിയിൽ ഒരാൾ മറുകര എത്തുക അല്ലേ വേണ്ടത്, അല്ലെങ്കിൽ എല്ലാരും ഒരുമിച്ചു നടുകടലിൽ വീണാലോ.... ഇങ്ങനെ ആശ്വസിച്ചു.... അവരെ കാണുവാനുള്ള അവധിക്കാലങ്ങൾ പോലും ഞാൻ ഉപേക്ഷിച്ചു... ആ സമയത്തും പല ജോലികൾ ചെയ്തു, ചെറിയൊരു സമ്പാദ്യം ഉണ്ടാക്കുക എന്നതായിരുന്നു എൻറെ ലക്ഷ്യം, ബാങ്കിലേക്ക് ഇട്ടതിനുശേഷം വീട്ടിൽ നിന്നും അഞ്ജുവിനെ മാറ്റണം, അതുകഴിഞ്ഞ് അവർക്ക് സുരക്ഷിതമായ ഒരു സ്ഥാനം ഒരുക്കണം, വാടകയ്ക്ക് ആണെങ്കിൽ പോലും.... അങ്ങനെ ഞാൻ മനസ്സിൽ തീരുമാനിക്കുകയായിരുന്നു,

വല്ലപ്പോഴുമൊക്കെ വീണുകിട്ടുന്ന ഒരു വലിയ അവധി കാലത്തിൽ ഞാൻ പല ഡിസ്പെൻസറി കളിലും ജോലികൾക്കും മറ്റുമായി പോയിരുന്നു... ഒരു നഴ്സിംഗ് ജോലി കൂടി ഞാൻ സ്നേഹപൂർവ്വം ഏറ്റെടുത്ത് ചെയ്തു.... അത് എനിക്കൊരു ആശ്വാസം ആയിരുന്നു.... മറ്റുള്ളവർക്ക് ഒരു ആശ്വാസം പകരുന്ന ഒന്നുതന്നെയായിരുന്നു.... പിന്നെ മഠത്തിൽ തന്നെ പല സ്ഥാപനങ്ങൾ ഉള്ളതുകൊണ്ട് ജോലിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.... ഈ കാര്യങ്ങൾക്കിടയിൽ ഒന്നും മാറി മറിഞ്ഞില്ല, വളരെയധികം പഠിക്കാനുണ്ടായിരുന്നു, എംബിബിഎസ് എന്ന കടമ്പ ദുർഘടം ആണ് എന്ന് തോന്നുമ്പോൾ പലവട്ടം പഠിച്ചതൊക്കെ മറന്നു പോകുമ്പോൾ അല്ലെങ്കിൽ ജീവിതത്തിൽ നേരിട്ടു വന്ന് വഴികളെപ്പറ്റി ചിന്തിക്കും, ഇവിടം വരെ എത്തിയത് എങ്ങനെയാണെന്ന് ഓർക്കും.... ഇതിനുപിന്നിൽ ആരുടെയൊക്കെ പ്രയത്നഫലം ഉണ്ടെന്ന് ചിന്തിക്കും.....

പല കുട്ടികൾക്കുമൊപ്പം ഇരിക്കുവാൻ താൻ അയോഗ്യ ആണെന്ന് തോന്നിയിരുന്നു, നല്ല വസ്ത്രങ്ങളും അവർക്കൊപ്പം നിൽക്കുവാനും ഉള്ള യാതൊന്നും തനിക്ക് ഉണ്ടായിരുന്നില്ല, പക്ഷേ അവരെക്കാൾ മുൻപേ തനിക്ക് ഒരു ആവശ്യമുണ്ടായിരുന്നു ഈ ലക്ഷ്യത്തിലെത്തുക എന്നത്.... അത്‌ തൻറെ ആവശ്യമാണെന്ന് മനസ്സിലുറപ്പിച്ചു..... അത്‌ ഇല്ലാതെ തനിക്കിനി ഒരു വിജയം ഇല്ല എന്ന് സ്ഥീതീകരിച്ചു.... ആദ്യമൊക്കെ അനാട്ടമിയും മറ്റും പഠിക്കുമ്പോൾ ഓക്കാനം വരികയും തലകറങ്ങുകയും ഒക്കെ ചെയ്യുമായിരുന്നു.... എങ്കിലും മുന്നോട്ട് കടമ്പകളേറെ ആണെന്ന് ഓർക്കുമ്പോൾ അവയെല്ലാം മനസ്സിൽ തന്നെ അടക്കി കൊണ്ട് മുന്നോട്ടു ഇരുന്ന് പഠിക്കാനായി തുടങ്ങിയിരുന്നു...... ഇതിനിടെ രണ്ട് കണ്ണുകൾ എന്നെ വീക്ഷിക്കുന്നത് ഞാനറിഞ്ഞിരുന്നില്ല, ഒരിക്കൽ മുൻപിൽ വന്നു നിന്നു കൊണ്ടാണ് വിവേക് ചോദിച്ചത് ഒരുപാട് ഇഷ്ടമാണെന്നും എന്നെപ്പറ്റി എല്ലാം അറിയാമെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും.....

ഒരു സീനിയർ വിദ്യർത്ഥി എന്നതിലുപരി ഡോക്ടറായ അച്ഛൻറെയും അമ്മയുടെയും ഏകമകൻ എന്ന് മാത്രമേ അയാളെ കുറിച്ച് തനിക്ക് അറിയുമായിരുന്നുള്ളു....മാതാപിതാക്കളുടെ പാത തന്നെ പിന്തുടർന്ന് വിവേകും ഡോക്ടറാവാൻ വിട്ടതാണ്..... പലവട്ടം തുറന്നു പറഞ്ഞു അതിനുമാത്രം അർഹത തനിക്കില്ല എന്നും തനിക്ക് താൽപര്യമില്ലെന്നും പറഞ്ഞു.... പിന്നീട് വിവേക് ചെയ്തതായിരുന്നു തന്നെ പോലും ഞെട്ടിച്ച കാര്യം, നേരെ വിവേക് മഠത്തിലേക്ക് വന്നു...... സിസ്റ്റർ അമ്മയോട് സംസാരിച്ചു,അയാൾക്ക് താല്പര്യം ആണെന്നും തന്റെ ഇഷ്ടത്തിന് അപ്പുറം വീട്ടുകാർക്ക് ഒന്നും ഇല്ലെന്നും പറഞ്ഞു, എന്നെ പോലും ഞെട്ടിച്ചു കളഞ്ഞ ഒരു കാര്യമായിരുന്നു അത്....സിസ്റ്റർ അമ്മ ഈ വിവരം എന്നോട് പറയുകയും എന്തെങ്കിലും തനിക്ക് വിവേകിനോട് പ്രത്യേക ഇഷ്ടം ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു..... അത് തന്നെ വല്ലാതെ തന്നെ വേദനിപ്പിച്ച കാര്യമായിരുന്നു, ഈ മനസ്സിൽ ഇന്നും എന്നും ആ ഒരാൾ മാത്രമേയുള്ളൂ.... വർഷത്തിലൊരിക്കൽ മാത്രം ആണെങ്കിലും തന്നെ കാണാനെത്തുന്ന ആ ഒരാൾ തന്നെ,

ഇരുളിന്റെ കയങ്ങളിൽ നിന്ന് തന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നവൻ, തന്നെ തമസിൽ നിന്ന് ഉണർത്തിയവൻ.... ആർദ്രയുടെ ഇല്ലായ്മകളിൽ ഉണ്മ ആയവൻ.... അവനോർമ്മയിൽ പോലും സന്തോഷം തിരഞ്ഞവൾ.... അവനില്ലായ്‌മയിൽ പൂജ്യം ആകുന്നവൾ... ഋതുക്കൾ പലവട്ടം തിരിഞ്ഞു വന്നിട്ടും ആ ഒരാളോടുള്ള ആ സ്നേഹത്തിൻറെ തിളക്കത്തിന് മങ്ങലേറ്റിട്ടില്ല..... ഇന്നും എൻറെ മനസ്സിൽ എൻറെ സാർ മാത്രമേ ഉള്ളൂ എന്ന് വിളിച്ചു പറയാൻ തോന്നി...... പക്ഷേ അത് ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നില്ല.... ഇപ്പോൾ അരികിൽ വരുമ്പോൾ അത് പറയണം എന്നുണ്ട്, പക്ഷേ സാറിനെ കാണുമ്പോൾ ഉള്ള ഒരു മടി.... അത്‌ കൊണ്ട് മാത്രമാണ് ആ ഒരു കാര്യം പറയാതെ നിൽക്കുന്നത്..... സിസ്റ്റർ അമ്മയൊടെ എങ്കിലും അത് പറഞ്ഞാലൊന്ന് ഓർത്തു.... പിന്നെ വിചാരിച്ചു ഇപ്പോൾ പറയണ്ട എന്ന്, തനിക്ക് വിവേകിന്റെ കാര്യത്തിൽ താൽപര്യമില്ലെന്ന് മാത്രം പറഞ്ഞു..... ഒരിക്കൽ സാറിനെ കാണാൻ വന്നപ്പോൾ വിവേക് വന്ന കാര്യം വളരെ രസകരമായ രീതിയിൽ സിസ്റ്റർ അമ്മ സാറിൻറെ മുഖത്തേക്ക് നോക്കി പറഞ്ഞിരുന്നു....

. ചെറുചിരിയോടെ സാർ എൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു, " അപ്പോൾ വലിയ കുട്ടിയായി, വിവാഹആലോചന ഒക്കെ എത്തി അല്ലേ...? അതിന് മറുപടി ഒന്നും പറഞ്ഞിരുന്നില്ല, മങ്ങിയ ഒരു ചിരി നൽകി.... " അടുത്തവർഷത്തോടെക്ലാസ്സ്‌ കഴിഞ്ഞോൽ പിന്നെ ഹൗസ്സർജൻസി ചെയ്യണം, " അതൊക്കെ പറ്റോ സാർ....? " അതിപ്പോ താൻ തന്നെ ചെയ്താൽ മതി, തനിയെ പ്രാക്ടീസിന് കയറിയാൽ അത് കഴിഞ്ഞ് പതുക്കെ ചെയ്താൽ മതി... പിന്നെ എനിക്ക് ട്രാൻസ്ഫർ ആണ് തിരുവനന്തപുരത്തേക്ക്, " അപ്പോൾ സാർ ഇനി വരില്ലേ...? പൊടുന്നനെ മുഖം മങ്ങി... " അത് സാരമില്ല താൻ ഇവിടെ അല്ലേ, അത്‌ കൊണ്ട് കുഴപ്പമില്ല, അതിനുമുൻപ് തൻറെ അമ്മയും സഹോദരിയും താനൊരു സുരക്ഷിത സ്ഥാനത്ത് ആകണം.... അഞ്ചുവിൽ ഞാൻ തന്റെ മുഖമാണ് കാണുന്നത്..... ഇതൊക്കെയാണെങ്കിലും അഞ്ചു വലിയ കുട്ടിയായി കാര്യം ആ നിമിഷമാണ് ഞാനോർത്തത്....

" ഇപ്പോൾ സാർ അവളെ പഠിപ്പിക്കുന്നുണ്ടാവുമല്ലോ..? " അഞ്ചു മിടുക്കി ആണ്, നന്നായി പഠിക്കും... സർ പറഞ്ഞു... " അല്ലെങ്കിലും എന്നെപ്പോലെ അല്ല സാറേ അവൾ, പഠിക്കാൻ മിടുക്കിയ... " ആർദ്രയ്ക്ക് കഴിവില്ലെന്ന് ആരാ പറഞ്ഞത്.. ആർദ്ര മിടുക്കി കുട്ടിയാണ്.... ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല കുട്ടി..... പെട്ടെന്ന് സാർ അത് പറഞ്ഞപ്പോൾ എനിക്ക് നൽകിയ അംഗീകാരം പോലെ തോന്നി......അല്ലെങ്കിലും ഇന്നോളം എന്നെ അംഗീകരിച്ചിട്ടുള്ളത് ഈ ഒരു മനസ്സു മാത്രമല്ലേ...? ആ മുഖത്തേക്ക് നോക്കി ഞാൻ ഹൃദയം നിറഞ്ഞ പുഞ്ചിരിച്ചു... " പിന്നെ വിവേകിന്റെ കാര്യം എങ്ങനെയാ...? ഒരു തമാശയോടെയാണ് സാർ അത് ചോദിച്ചത്... " സിസ്റ്റർ പറയുന്നതുപോലെ വേണമെങ്കിൽ വിവേകിന്റെ വീട്ടിൽ സംസാരിക്കാം..... കോഴ്സ് കഴിഞ്ഞ് ജോലി ഒക്കെ ചെയ്ത് കുറച്ചു കഴിഞ്ഞിട്ട് ആലോചിക്കാവുന്നതേയുള്ളൂ, അയാൾക്ക് ഇഷ്ടമാണ് എങ്കിൽ, വീട്ടിൽ എതിർപ്പില്ല എങ്കിൽ ഇനിപ്പോൾ അതിനെപ്പറ്റി ഒക്കെ ചിന്തിക്കുന്നത് കൊണ്ട് കുഴപ്പമില്ല.... സർ അങ്ങനെ പറഞ്ഞപ്പോൾ ഹൃദയത്തിൽ ഒരു നോവ് നിറഞ്ഞു....

" വിവേക് അല്ല , ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എൻറെ മുൻപിൽ നിന്ന് വിവാഹം കഴിക്കണം എന്ന് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല സർ..... " അതെന്താ ആർദ്രാ താൻ പണ്ട് പറഞ്ഞ ഒരു നഷ്ട പ്രണയത്തിൽ കുടുങ്ങി കിടക്കുകയാണോ താൻ...? ചിരിയോടെ സർ ചോദിച്ചു... " അത് നഷ്ടപ്രണയം ആണെന്ന് ഞാൻ ഒരിക്കലും സാറിനോട് പറഞ്ഞിട്ടില്ലല്ലോ, എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.... " അപ്പോൾ അയാൾ ഇപ്പോഴും തന്നെ കാത്തിരിക്കുന്നുണ്ടാവും എന്നാണോ...? " അതിന് എൻറെ ഇഷ്ടം അയാൾക്ക് അറിയുകപോലുമില്ല സർ..... ഞാൻ ഒരിക്കൽ പോലും എൻറെ ഇഷ്ടം ആളോട് പറഞ്ഞിട്ടില്ല.... പക്ഷേ ഞാൻ പറയും, ഇപ്പോഴല്ല സർ പറഞ്ഞപോലെ ഞാൻ ആരെങ്കിലുമൊക്കെ ആയതിനു ശേഷം മാത്രമേ എനിക്ക് അദ്ദേഹത്തിൻറെ മുൻപിൽനിന്ന് എൻറെ ഇഷ്ടം ഉറപ്പോടെ പറയാൻ കഴിയു.... " വെരി ഗുഡ് , അങ്ങനെ വേണം... പിന്നെ വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഓർത്തെ, ആർദ്ര എന്റെ കൂടെ ഒന്ന് പുറത്തേക്ക് വരുമോ.....ഞാൻ സിസ്റ്ററിനോട് പറഞ്ഞിട്ടുണ്ട്....

" ആണോ...?സാറിനോടൊപ്പം ഒന്ന് പുറത്തേക്ക് വരണം ഞാൻ ആഗ്രഹിച്ചതായിരുന്നു.... ഏറെ സന്തോഷത്തോടെയാണ് അത് പറഞ്ഞത്, " നന്നായി നമുക്ക് ഒന്ന് പുറത്തേക്ക് പോകാം... തനിക്ക് ഒരാളെ പരിചയപെടുത്താം.... ഇവിടെ അടുത്ത് അമ്മയുടെ പരിചയത്തിൽ ഉള്ള ഒരു കുട്ടിയുണ്ട്, ഒന്ന് പോയി കാണണം എന്ന് അമ്മ പറഞ്ഞു, അതുകൂടി കണ്ടാണ് ഇന്ന് ഞാൻ ഇവിടേയ്ക്ക് വന്നത്.... തന്നെ കണ്ടു മടങ്ങുമ്പോൾ ആ കുട്ടി കാണാലോന്ന്.... എനിക്ക് ഒറ്റയ്ക്ക് പോകാൻ ഒരു മടി..... " സർ ഉദ്ദേശിച്ചത്എന്ന് എനിക്ക് മനസ്സിലായില്ല.....? മനസ്സിൽ ഉണ്ടായ സംശയം സാറിനെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ അകാരണമായി ഹൃദയമിടിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.... " വീട്ടിൽ ഒരു വിവാഹക്കാര്യം, വിവാഹത്തിനുള്ള പ്രായമായി എന്ന് എല്ലാവരും പറയുന്നു.... ചേച്ചിയെ കല്യാണം കഴിച്ചിട്ട് മതിയെന്നായിരുന്നു എൻറെ തീരുമാനം, അവൾക്ക് ഒരു ആലോചന വന്നിട്ടുണ്ട് പക്ഷെ അവർ ഒരു മാറ്റ കല്യാണമാണ് ആഗ്രഹിക്കുന്നത്..... അതുകൊണ്ട് ഞാൻ ഒന്ന് പോയി കാണാം എന്ന് കരുതി, എന്നാണെങ്കിലും വേണമല്ലോ.....

പിന്നെ അമ്മയ്ക്ക് വയ്യ ചേച്ചി പോകുമ്പോൾ വീട്ടിൽ ഒരാൾ ഉണ്ടാകട്ടെ, കെട്ടുന്ന പെണ്ണിനെ വീട്ടിൽ ഇരുത്താൻ ഞാൻ ആഗ്രഹിച്ചിട്ടില്ല, എങ്കിലും ഒരാൾ പോകുമ്പോൾ ഒരാൾ വീട്ടിലേക്ക് വരുകയാണെങ്കിൽ സന്തോഷമുള്ള കാര്യം ആണ്.... അമ്മയ്ക്ക് ഒരു മകളായി സ്നേഹിക്കാൻ... ഒരു നിമിഷം ഹൃദയം മിടിക്കാൻ മറന്നു പോയി... " സാറിന് ഇഷ്ടമായോ...? " അതിന് ഞാൻ കണ്ടില്ലല്ലോ..? ഇന്നല്ലേ കാണാൻ പോകുന്നത്..? അപ്പൊ താനും കൂടി വന്നൊ ഇവിടെ വെറുതെ ഇരിക്കല്ലേ...? പെട്ടെന്ന് കണ്ണുകൾ നിറഞ്ഞത് സാർ കാണാതെ ഞാൻ തുടച്ചിരുന്നു... എങ്കിലും സർ അത്‌ കണ്ടു... ഒരു നിമിഷം കാര്യമറിയാതെ സാർ എൻറെ മുഖത്തേയ്ക്കു നോക്കി.... " എന്താ ആർദ്രാ എന്തുപറ്റി...? " ഒന്നും ഇല്ല സർ.... അത്‌ പറഞ്ഞപ്പോൾ പോലും വാക്കുകൾ ഇടറിയിരുന്നു.... " പെട്ടെന്ന് എന്താ കണ്ണ് നിറഞ്ഞത്....? സർ ഗൗരവത്തിൽ ആയി.... " എനിക്കറിയില്ല എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ല സാർ...ഒരിക്കൽ ഞാൻ ഏറ്റവും കൂടുതൽ ഭയന്ന് ഒരു നിമിഷമാണിത്, സാർ ഇപ്പോൾ തന്നെ എന്നോട് പറഞ്ഞു...എൻറെ പരീക്ഷ കഴിയുന്ന വരെയെങ്കിലും സർ വിവാഹം കഴിക്കരുത്.....

സർ ഒന്ന് ഞെട്ടി.. അത്‌ എനിക്ക് കൃത്യമായി മനസിലായി.... " ആർദ്ര താൻ പറയുന്നതിന്റെ അർത്ഥം.....? ഒന്നും മനസ്സിലാവാതെ സാർ എന്റെ മുഖത്തേക്ക് തന്നെ നോക്കി..... " സാറില്ല എങ്കിൽ ഞാൻ തോറ്റുപോകും.... പിന്നെ ഒരു കാര്യത്തിലും എനിക്ക് കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയില്ല.... സാർ ഒപ്പം ഉണ്ടല്ലോ എന്നുള്ള ഒരു വിശ്വാസത്തിലാണ് ഞാൻ മുന്നോട്ടു നടക്കുന്നത്.... അമ്മയെയും അഞ്ജുവിനെയും രക്ഷിക്കണം എന്നുള്ളതിന് അപ്പുറം മറ്റൊരു സ്വപ്നം കൂടി ഉണ്ട് എൻറെ മനസ്സിൽ, ആ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾ സർ മാത്രമാണ്..... സർ മറ്റൊരാളുടെ സ്വന്തമായാൽ ഒരുപക്ഷേ ഞാൻ തളർന്നുപോകും....ഇപ്പൊൾ ഇങ്ങനെ ഒരു അവസരത്തിൽ ഇത് പറയണം എന്നല്ല ആഗ്രഹിച്ചത്, പക്ഷേ ഇപ്പോൾ ഞാൻ പറഞ്ഞില്ലെങ്കിൽ ഒരുപക്ഷേ എനിക്ക് നഷ്ടം ആയാലോ...,?കഴിഞ്ഞ ഏഴു വർഷമായി ഞാൻ എൻറെ മനസ്സിൽ കൊണ്ടുനടക്കുന്ന രൂപം സാറിൻറെ ആണ്.... ഒരു നിമിഷം ആ മുഖത്തെ നടുക്കം ഞാൻ വ്യക്തമായി കണ്ടിരുന്നു.... പിന്നീട് ആളിന്റെ മറുപടി കേൾക്കാൻ പോലും നിൽക്കാതെ ഞാൻ പെട്ടെന്ന് തിരികെ അകത്തേക്ക് പോയി....

ആ മുഖത്തെ ഭാവങ്ങൾ അപ്പോൾ എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു..... അത്ഭുതവും അമ്പരപ്പും നിറഞ്ഞ മുഖം എനിക്ക് പറഞ്ഞുതന്നിരുന്നു എന്നെപ്പറ്റിയുള്ള അദ്ദേഹത്തിൻറെ മനസ്സിലേ ചിത്രം അത് ആയിരുന്നില്ല എന്ന്, എങ്കിലും ആ നിമിഷം എങ്കിലും എൻറെ മനസ്സ് തുറന്നു കാട്ടിയില്ലെങ്കിൽ എൻറെ സ്വന്തമാണെന്ന് കരുതിയത് നഷ്ടമാകും എന്ന തോന്നൽ, അല്ലെങ്കിൽ മറ്റൊരാളെ സാർ കാണാൻ പോകുന്നു എന്ന് അറിഞ്ഞ നിമിഷം മനസ്സിൽ ഉണ്ടായ വേദന, അതായിരിക്കാം എന്നെക്കൊണ്ട് പറയിപ്പിച്ചത്..... ഏതായാലും ഞാൻ സാറിൻറെ മുഖത്തേക്ക് പോലും നോക്കാതെ തിരികെ പോയി.... കുറച്ചു സമയങ്ങൾക്ക് ശേഷം സാറിൻറെ മറുപടി കേൾക്കാതെ പോന്നത് ശരിയായില്ല എന്ന് തോന്നി.... തിരികെ ഇറങ്ങി ചെന്നു.... സിസ്റ്റർ മാത്രമേ ഉള്ളൂ, അവിടെ ചോദിച്ചപ്പോൾ സർ പോയി എന്ന് പറഞ്ഞു... ഒരു നിമിഷം വല്ലാത്ത വേദന തോന്നി,

എന്നോട് സംസാരിക്കാതെ എൻറെ മനസ്സ് അറിഞ്ഞിട്ടും ഒരു വാക്ക് പോലും മിണ്ടാതെ തിരികെ പോയത് വേദനകൾ ആയിരുന്നു നിറച്ചത്.... പിന്നീട് പലവട്ടം കാത്തിരുന്നു എങ്കിലും ഒരിക്കൽ പോലും സാർ വന്നില്ല, എന്റെ വെളിപ്പെടുത്തലുകൾ കൊണ്ട് എന്നിൽനിന്നും സാർ അകന്ന് പോയോ എന്ന് പോലും ഞാൻ ഭയന്നു.... അവസാന പരീക്ഷയുടെ ദിവസം പരീക്ഷ തുടങ്ങാൻ തുടങ്ങിയ സമയം ആ സ്വരമൊന്നു കേൾക്കാതെ എനിക്ക് പരീക്ഷ എഴുതാൻ കഴിയില്ല എന്ന് തോന്നിയിരുന്നു..... അങ്ങനെ അവസാനം സിസ്റ്റർ അമ്മയുടെ അടുത്ത് വന്നു ഞാൻ സാറിനെ ഒന്ന് വിളിച്ച് തരാൻ ആവശ്യപ്പെട്ടു.... ലാൻഡ് ഫോണിൽ സാറിൻറെ നമ്പർ ഡയൽ ചെയ്തു എൻറെ കയ്യിലേക്ക് സിസ്റ്റർ തരുമ്പോൾ എൻറെ ഉടലും കൈയും ഒരുപോലെ വിറച്ചിരുന്നു.... ആ ശബ്ദം എൻറെ കാതിലേക്ക് എത്തിയ നിമിഷം ശ്വാസം എടുക്കാൻ പോലും മറന്നു ഞാൻ നിന്നു ...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story