ആർദ്രം : ഭാഗം 20

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

ഗേറ്റ് കടന്ന് ഞാൻ വരുമ്പോൾ ആദ്യം ഷൈനിആന്റിയുടെ മുഖം ആണ് കണ്ടത്...... പതിവുപോലെ എന്നെ കണ്ടതും ആ മുഖത്ത് നീരസം നിറഞ്ഞു , പക്ഷെ പഴയ ശക്തി ആ മുഖത്തിന്‌ ഇല്ല.... " എന്ത് ധൈര്യത്തിലാഡി നീ വീണ്ടും ഇങ്ങോട്ട് കയറിവന്നത്.......ഇവിടെ മുറ്റമടിക്കുന്ന ചൂൽ ഉണ്ട്, അത് ഞാൻ എടുക്കണ്ട എങ്കിൽ മര്യാദയ്ക്ക് ഇറങ്ങി പോയ്ക്കോ ഇവിടുന്ന്.... " ഞാൻ ഇവിടെ താമസിക്കാനൊന്നും വന്നതല്ല... നിങ്ങൾ ഇപ്പോഴും വേലക്കാരികൾ ആക്കി വച്ചിരിക്കുന്ന എന്റെ അമ്മയെയും അനിയത്തിയെയും കൊണ്ട് പോകാൻ വേണ്ടി വന്നതാ..... ഷൈനി ആന്റി ഒന്ന് ഞെട്ടി.... " ഓഹോ പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാൽ കൂരായണ..... ഇത്രയും കാലം നിനക്ക് നിൻറെ അമ്മ അനിയത്തിയെയും ഇവിടെ താമസിപ്പിക്കണമായിരുന്നു..... അഞ്ചുവർഷക്കാലം നീ എവിടെ ആരുന്നടി,ഇപ്പോൾ എങ്ങോട്ടാണെന്ന് വെച്ചാൽ വിളിച്ചോണ്ട് പോടി.... ബാധ ഒഴിയുമല്ലോ.....

അങ്ങനെ ചുമ്മാ അങ്ങ് വിളിച്ചോണ്ട് പോകാൻ ഒന്നും പറ്റില്ല, എൻറെ പപ്പയ്ക്കും കൂടി അവകാശമുള്ള വീടാണിത്..... , എനിക്കും കുറച്ച് ഷെയർ ഒക്കെ ഉള്ളതാ, പിന്നെ ഞാൻ അത് നിങ്ങളുടെ കുടുംബത്തിന് ഔദാര്യമായി തന്നതായി കരുതിയാൽ മതി...... " എടീ..... " ഇനി ഒച്ച വയ്ക്കണ്ട.... അറിവ് വച്ച കാലം മുതൽ ഞങ്ങളെ ഇവിടെ ഇട്ടു ദ്രോഹിച്ചതിന് കണക്കില്ല..... ഒരു തെറ്റും ചെയ്തിട്ടില്ല, ഇതിനൊക്കെ ദൈവത്തിൻറെ കോടതിയിൽ നിങ്ങൾ മറുപടി പറയും എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.... എന്റെ ശബ്ദം കേട്ടിട്ടാവണം പെട്ടെന്ന് അഞ്ചു ഇറങ്ങിവന്നു..... എന്നെ കണ്ടപാടെ അവൾ എന്നെ കെട്ടിപ്പിടിച്ചു, ഒരുപാട് പരിഭവങ്ങളും വേദനകളും അവൾക്ക് പറയാനുണ്ടായിരുന്നു ..... അഞ്ചുവർഷം ചേച്ചിയുടെ പണം മാത്രം അവളെ തേടി എത്തിയിരുന്നുള്ളൂ, ആശ്വാസവാക്കുകൾ പോലും വന്നില്ല.....

മനപ്പൂർവം വിളിക്കാതെ ഇരുന്നതാണ്, അതിനുകാരണം അമ്മയോടോ അഞ്ജുവിനോടോ സംസാരിച്ചാൽ ഒരുപക്ഷേ അവർ അനുഭവിക്കുന്ന വേദനകൾ അറിഞ്ഞാൽ ഞാൻ തിരികെ പോരും.... അവരെ അവിടെ നിന്നും രക്ഷിക്കാൻ കിട്ടുന്ന എന്തെങ്കിലും ജോലി ഉപയോഗിച്ച് ജീവിക്കാൻ ശ്രമിക്കും..... അങ്ങനെയല്ലാതെ ഇരിക്കണമെങ്കിൽ മനപ്പൂർവം കുറച്ച് കാലം എനിക്കവരെ മറക്കണമായിരുന്നു..... എങ്കിൽ മാത്രമേ ലക്ഷ്യസ്ഥാനത്തേക്ക് ഞാൻ എത്തുകയുള്ളൂ, കുറച്ചു കഴിഞ്ഞപ്പോൾ ഒരു ശോഷിച്ച രൂപമായി അമ്മ ഇറങ്ങിവന്നപ്പോൾ അമ്മ തന്നെയാണോ എന്ന് ഞാൻ ചിന്തിച്ചു പോയിരുന്നു.... അത്രമേൽ അവിടത്തെ ജോലികൾ കൊണ്ട് അമ്മ ക്ഷീണിതയായിരുന്നു, അഞ്ജുവിനെ ശരീരത്തിൽ നിന്നും അകറ്റി ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു..... ഒരുപാട് നാളുകൾക്കുശേഷം അമ്മയെ കണ്ട സന്തോഷം, ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോയ ഒരു കുട്ടി സ്വന്തം അമ്മയുടെ അരികിൽ എത്തുമ്പോൾ തോന്നുന്ന സന്തോഷം ആയിരുന്നു ആ നിമിഷം അമ്മയെ കണ്ടപ്പോൾ എനിക്ക് തോന്നിയത്.....

അത്‌ കൊണ്ട് ആ മാറിലേക്ക് വീണു, ഏറെ സ്നേഹപൂർവ്വം അമ്മ എന്നെ തലോടി...... " അപ്പച്ചൻ ഇവിടെ ഇല്ലാത്തത് കാര്യമായി, ഇല്ലായിരുന്നെങ്കിൽ നിന്നെ ഇപ്പോൾ അടിച്ചിറക്കി വിട്ടേനെ... ഞങ്ങളുടെ സ്നേഹപ്രകടനം ഇഷ്ട്ടം ആകാത്ത പോലെ ഷൈനി ആന്റി പറഞ്ഞു.... " വരുന്നതിനു മുൻപ് തന്നെ ഞാൻ പോകാം, പക്ഷേ അങ്ങോരെ ഒന്ന് കാണണം എന്നുണ്ടായിരുന്നു.... ഉടനെ എങ്ങാനും വരുമോ അകത്തേക്ക് കയറാൻ തുടങ്ങിയ എന്നെ അവർ കൈ വെച്ച് തടഞ്ഞു... " എങ്ങോട്ട് ആടി ചാടി തുള്ളി പോകുന്നത്..... " അകത്തെ മുറിയിൽ കിടക്കുന്നത് എൻറെ പപ്പയുടെ ചേട്ടനും വലിയമ്മയും എനിക്കൊന്നു കാണണം, കണ്ടിട്ടെ ഞാൻ ഇവിടുന്നു പോകു, നിങ്ങളെന്നെ എതിർക്കാനാണ് ശ്രമിക്കുന്നതെങ്കിൽ എനിക്ക് നിയമത്തിന്റെ വഴി സ്വീകരിക്കേണ്ടി വരും, അത് കേട്ടതും ഷൈനി ഒന്ന് ഭയന്നെന്ന് തോന്നുന്നു പെട്ടെന്ന് കൈമാറ്റി.... ഓടിച്ചെന്നത് വല്യമ്മച്ചിയുടെ മുറിയിലേക്കാണ്....

നന്നായി ക്ഷീണിച്ചിരുന്നു, വെള്ളിനൂലിഴകൾ തലയെ ആവരണം ചെയ്തു..... കണ്ണുതുറന്നു അരികിൽ എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം പോലെ..... നെറ്റിയിലേക്ക് ചുണ്ട് ചേർത്ത് ആ ചുളുങ്ങിയ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചു..... ശേഷം ആ മുഖത്തേക്ക് നോക്കി പറഞ്ഞു, " അമ്മയെയും അഞ്ജുവിനെയും ഞാൻ കൊണ്ടുപോകാൻ വന്നതാ..... വല്യമ്മച്ചിയുടെ മോൾ ഇപ്പോൾ ഒരു ഡോക്ടർ ആണ്.... ആ മിഴിക്കോണിൽ സന്തോഷത്തിന്റെ നീർ പൊടിഞ്ഞു.... " എൻറെ കൂടെ വല്യമ്മച്ചി വരുന്നോ....? ഞാൻ പൊന്നുപോലെ നോക്കിക്കോളാം , ഒരു നിമിഷം ആ കണ്ണുകൾ ഒന്ന് തിളങ്ങിയത് ഞാൻ കണ്ടിരുന്നു..... വീണ്ടും കവിളിൽ ചുണ്ടിൽ ചേർത്തു..... അപ്പോൾ ആ കൈകൾ എൻറെ ശിരസ്സിൽ ഒന്നു തഴുകി, പൊയ്ക്കോ എന്ന് പറയുന്നതുപോലെ..... " എന്നെ വിളിക്കണം, എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം, നോക്കുന്ന ഡോക്ടറോട് ഞാൻ പറഞ്ഞിട്ടുണ്ട്, ഇടയ്ക്ക് വരണം എന്ന്..... എന്തെങ്കിലുമുണ്ടെങ്കിൽ ആളോട് പറഞ്ഞാൽ മതി.....

എങ്ങനെയെങ്കിലും അവിടെ അറിയിച്ചാൽ മതി എന്ത് ബുദ്ധിമുട്ട് തോന്നിയാലും ഞാൻ ഓടി വരും..... എനിക്ക് യാത്രപറയാൻ മറ്റാരുമില്ല, എവിടെയായാലും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം...... അതും പറഞ്ഞ് കയ്യിൽ കരുതിയ കമ്പിളിപുതപ്പ് വല്യമ്മച്ചിയുടെ കട്ടിലിനടിയിൽ വച്ചു.... " ഞാൻ വാങ്ങിയത് ആണ്.... അത് കണ്ടതും വലിയ സന്തോഷമായിരുന്നു ആൾക്ക്.... വീണ്ടുമൊരു ഉമ്മ കൊടുത്ത് കാലിൽ തൊട്ട് വണങ്ങി ആണ് മുറിയിൽ നിന്നും ഇറങ്ങിയത്..... പിന്നെ നേരെ വലിയ പപ്പയുടെ മുറിയിലേക്ക് ചെന്നു, അങ്ങേരെ ഒന്ന് കാണണമെന്ന് എനിക്ക് തോന്നിയിരുന്നു..... മുറി തുറന്നപ്പോഴേക്കും മുറിയിൽനിന്നും മൂത്രത്തിന്റെയും മരുന്നിന്റെയും എല്ലാം ഇടകലർന്ന ഒരു അസഹ്യമായ ഗന്ധം വന്നു.... എങ്കിലും ഞാൻ അകത്തേക്ക് കടന്നു, അകത്തു കിടക്കുന്ന രൂപം വലിയപപ്പ ആണോ എന്ന് എനിക്ക് സംശയം തോന്നിയിരുന്നു.... അത്രമേൽ മാറിപ്പോയിരിക്കുന്നു, ശോഷിച്ച് ഒരു അസ്ഥിപഞ്ചരം പോലെ ഒരു രൂപം.... ഞാൻ ആ മുഖത്തേക്ക് നോക്കി.... എന്നെ കണ്ടതും ആളെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു,

" മോൾ എപ്പോൾ വന്നു..... വീണ്ടും അയാളുടെ മോളെ എന്നുള്ള വിളിയിൽ എൻറെ ശരീരം തന്നെ ഉരുകുന്നത് പോലെ എനിക്ക് തോന്നിയിരുന്നു..... കുറച്ചു നേരമിരുന്ന് ആക്സിഡന്റിനെപ്പറ്റിയും ആൻറി ഉപേക്ഷിച്ചുപോയതിനെപ്പറ്റി ഒക്കെ പറഞ്ഞപ്പോൾ ആ മിഴികൾ നനഞ്ഞിരുന്നു..... പക്ഷേ എന്തുകൊണ്ടോ എനിക്ക് അയാളോട് സഹതാപം തോന്നിയില്ല, " മോൾക്ക് വിഷമം ആയിട്ടുണ്ടാവും എൻറെ കാര്യങ്ങളൊക്കെ കേട്ടിട്ട്.... എന്റെ മുഖത്തേക്ക് നോക്കി അത് ചോദിച്ചപ്പോൾ ആ കണ്ണുകളിലേക്ക് തന്നെ ഞാൻ രൂക്ഷമായി നോക്കി....... പിന്നെ മുഖത്തേക്ക് നോക്കി പറഞ്ഞു, " ഒരിക്കൽ ഇരുട്ടിന്റെ മറവിൽ ഒരു നിസ്സഹായയായ പെൺകുട്ടി കടന്നു പിടിച്ചു ഉപദ്രവിക്കാൻ ശ്രമിച്ചിട്ട് ഈ കാലുകൾ കൊണ്ട് അല്ലേ നിങ്ങൾ ഓടി രക്ഷപ്പെട്ടത്...... അന്ന് അവളുടെ കണ്ണിൽ നിന്നും വന്നത് കണ്ണുനീർ ആയിരുന്നില്ല, രക്തത്തുള്ളികൾ ആയിരുന്നു.....!! ആ നിമിഷം പോലും അയാളുടെ മുഖത്ത് നേരിട്ട ഭയം ഞാനറിഞ്ഞു.... ഒരു തരം ലഹരിയോടെ ഞാൻ അത്‌ കണ്ടു.... " ഈ ലോകത്തിലെ ഏറ്റവും നീചമായ പ്രവർത്തി എന്താണെന്ന് അറിയോ....?

ഒരാളുടെ നിസ്സഹായതയെ മുതലെടുക്കുന്നത്...... പലസ്ഥലങ്ങളിലും കണ്ടിട്ടില്ലേ ചില സ്ത്രീകൾ ചിലർക്ക് കിടക്ക വിരിക്കുന്നത്..... അത് അവർക്ക് താല്പര്യം ഉണ്ടായിട്ടായിരിക്കില്ല, ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ആയിരിക്കും, അല്ലെങ്കിൽ അവരുടെ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിനു വേണ്ടി ആയിരിക്കും.... അതൊക്കെ അവരുടെ സാഹചര്യമാണ്, കാണുന്നവർക്ക് പറയാം മറ്റെന്തെല്ലാം ജോലിക്ക് പോകാം ഇത് മാത്രമേ കിട്ടിയുള്ളോന്ന്, ഒരുപക്ഷേ പലതും അവർ ചെയ്യാൻ നോക്കിയിട്ടുണ്ടാകും, അപ്പോഴൊക്കെ പല നോട്ടങ്ങളും മാറി കിടക്കുന്ന തുണിയിലൂടെ ശരീരത്തിൽ മാത്രം ആയിരിക്കും ശ്രദ്ധിച്ചിട്ടുണ്ടാവും..... അവസാനം അതേ മാർഗ്ഗമുള്ളൂ എന്ന് കണ്ടാണ് അങ്ങനെ ഒരു ജോലി തിരഞ്ഞെടുക്കുന്നത്...... അങ്ങനെ നേരിട്ട് പരിചയമുള്ള ഒരുപാട് പേരുണ്ട് ഇപ്പൊൾ എനിക്ക്.... ഇവിടെയല്ല ഓർഫനേജിൽ, ജീവിതത്തിൻറെ ആരോഹണവും അവരോഹണവും ഒക്കെ തെറ്റി പോയവർ......

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി സ്വന്തം മടികുത്ത് അഴിക്കേണ്ടി വന്നവർ..... അവർക്കൊക്കെ ആശ്രയമായി ഒരു സ്ഥാപനമുണ്ട്.... സ്ഥാപനത്തിന്റെ ആശ്രമത്തിലാണ് ഞാനും വളർന്നത് .... ഇവിടെ വരെ എത്തിയത്,ഇപ്പോൾ നിങ്ങൾ നിസ്സഹായനാണ് ഒരിക്കൽ വാഴ്ത്തപ്പെട്ടവരാൽ തന്നെ ഉപേക്ഷിക്കപ്പെട്ട ഒരു അനാഥ ജന്മം...... പക്ഷേ ഒരിക്കലെങ്കിലും എന്നോട് നിങ്ങൾ കാണിച്ച സ്നേഹത്തിൽ അല്പം ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ ഞാൻ നിങ്ങളെ നോക്കിയേനെ.... ആരും ഇല്ലാതിരുന്ന കാലത്ത് പക്ഷേ എൻറെ മനസ്സിൽ നിങ്ങൾക്കൊരു നീചന്റെ മുഖം മാത്രമാണ്.... ഈ വീട്ടിൽ ആത്മാർത്ഥമായി ഞാൻ ഇഷ്ടപ്പെട്ട ഒരാൾ വല്ല്യമ്മച്ചി കഴിഞ്ഞാൽ നിങ്ങൾ മാത്രമായിരുന്നു, നിങ്ങളെ വിളിക്കുമ്പോൾ എൻറെ വാക്കുകളിൽ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ...... എൻറെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ ആയിരുന്നു ഞാൻ സ്നേഹിക്കുക, അങ്ങനെ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.....

അതുപോലെ ആയിരിക്കും നിങ്ങൾക്കും തിരിച്ചു എന്നോട് എന്ന് ഞാൻ കരുതി......അത് തെറ്റി....!! ആ നിമിഷം തന്നെ മനസ്സിൽ നിങ്ങൾ മരിച്ചിരുന്നു..... അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ ആ മുറിയിൽ നിന്നും ഞാൻ ഇറങ്ങി പോകുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു..... ഒരുപക്ഷേ ആ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും അയാൾ ആഗ്രഹിച്ചിട്ട് ഉണ്ടാകും എന്ന് എനിക്ക് തോന്നിയിരുന്നു..... തിരികെ വരുമ്പോൾ അഞ്ചു ആണെങ്കിൽ ബാഗ് അടുക്കാൻ തുടങ്ങി...... " മോളെ പുസ്തകങ്ങളും സർട്ടിഫിക്കറ്റുകൾ മാത്രം എടുത്താൽ മതി..... മറ്റൊന്നും ഇവിടെ നിന്ന് നമുക്ക് കൊണ്ടുപോകാൻ ഇല്ല.... ഉടുത്ത തുണയോടെ ഇറങ്ങിയാൽ മതി..... രണ്ടാളോടും അത്രയും പറഞ്ഞു.... ഞാൻ അവരെ കാത്ത് പുറത്തുനിന്നു......രണ്ടുപേരും ഇറങ്ങിവന്നപ്പോൾ അവരുമായി ഞാൻ ആദ്യം ചെന്നത് ധന്യയുടെ വീട്ടിലായിരുന്നു കഴിഞ്ഞ കുറച്ചു ദശകങ്ങളായി അനുഭവിച്ചു വന്ന ഒരു വലിയ ദുരിതത്തിന്റെ കഥ പറയാനുണ്ടായിരുന്നു അമ്മയ്ക്ക് ധന്യയുടെ അമ്മയോട്......

എല്ലാം മൗനമായി കേട്ടു കൊണ്ട് ഞാനും ഇതിനിടയിൽ ഒരു ആശ്വാസ വാക്കിനായി ഞാൻ ആ പ്രിയപ്പെട്ട സ്വരം ഒന്ന് കാതിൽ ആഗ്രഹിച്ചിരുന്നു..... ഒന്ന് വിളിച്ചാലോ എന്ന് തോന്നി, പിന്നെ വേണ്ടെന്നു വച്ചു.... ഒരുപക്ഷേ ബുദ്ധിമുട്ട് ആയാലോ.....എല്ലാ വിശേഷ ദിവസങ്ങളിലും മുടങ്ങാതെ എന്തെങ്കിലും ഒരു വിഷ് ആൾക്ക് അയക്കാറുണ്ട് ......അതിനു മറുപടിയും ലഭിക്കും....... പക്ഷേ ഒരിക്കൽ പോലും ആളെന്നെ തിരികെ വിളിച്ചിട്ടില്ല..... അതുകൊണ്ടുതന്നെ അങ്ങോട്ട് വിളിക്കാൻ ഒരു മടി..... പിന്നെ കാര്യങ്ങളെല്ലാം പതുക്കെ വീണ്ടും പഴയ താളത്തിൽ വന്നു.... ജോലി ചെയ്യുന്നതിന്റെ അടുത്ത് തന്നെ ഒരു വീട് വാടകയ്ക്കെടുത്തു.. അഞ്ജുവിന് ഇഷ്ടം ഡിഗ്രിക്ക് പോകുന്നതാണ് എന്ന് പറഞ്ഞപ്പോൾ, അവളെ ഒരു ഡിഗ്രി കോളേജിൽ ആക്കി.... ബിബിഎ ആണ് എടുത്തത്.... ഞാൻ പ്രാക്ടീസും കാര്യങ്ങളും ഒക്കെയായി ഞാനും തിരക്കിലായി..... ഇതിനിടയിൽ ഹൗസ് സർജൻസി ചെയ്യണമെന്ന ആഗ്രഹം തോന്നി..... ജോലിക്ക് ഒപ്പം പാർടൈം ആയി തന്നെ അത് ചെയ്യാൻ സാധിക്കുന്നത് എളുപ്പം വിദേശരാജ്യത്ത് ആണെന്ന് അറിഞ്ഞു....

. അതിനുവേണ്ടി ഒരു പരീക്ഷയെഴുതി, അധികം വൈകാതെ തന്നെ കാനഡയിലേക്ക് ഒരു ഓഫർ വന്നു.... അത് മാത്രം അമ്മയെയും അഞ്ജുവിനെയും വേദനയിൽ ആക്കി..... ഞാൻ പോയാൽ ഒരു സഹായത്തിന് ആരും ഇല്ലല്ലോ എന്ന വേദന.... അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ശ്രീരാഗും ജോലി സംബന്ധിച്ച് എത്തുന്നത്.... അവനിപ്പോൾ sbi ബാങ്ക് ഉദ്യോഗസ്ഥനാണ്, ഇടയ്ക്ക് വന്ന ഒരു സംഭാഷണത്തിലാണ് അറിയുന്നത് ധന്യമായി അവനിഷ്ടത്തിൽ ആണത്രേ..... അവൾ എന്നോട് ആ കാര്യം സൂചിപ്പിച്ചിരുന്നു..... എന്റെ വിവരങ്ങൾ പറയാൻ പോയി ആണ് പരിചയത്തിലായത്..... രണ്ടുപേരും അടുത്തപ്പോൾ ഒരേ ചിന്താഗതി.... ശ്രീരാഗ് ഇവിടെ ഉണ്ടല്ലോ എന്തെങ്കിലും ആവശ്യത്തിന് എന്ന് കരുതിയാണ് കാനഡയിലേക്ക് പോകാനുള്ള ബാക്കി കാര്യങ്ങൾ തീരുമാനിച്ചത്..... എയർപോർട്ടിലേക്ക് വരാമെന്ന് പറഞ്ഞതും അവൻ തന്നെയായിരുന്നു.... കാനഡയിൽ പോകുന്ന രാത്രിയിൽ മാത്രം മനസ്സ് ഒരു സ്വസ്ഥത ഇല്ലാതെ ആയി അന്ന് മാത്രം ഏറെ സാന്ത്വനം പകരുന്ന ആ നമ്പറിലേക്ക് ഒരു കോൾ പോയി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story