ആർദ്രം : ഭാഗം 22

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

" വല്യപ്പച്ചൻ..... അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു പോയിരുന്നു,പക്ഷേ അത് ആ മനുഷ്യൻ തന്നെയാണെന്ന് എനിക്ക് തോന്നിയില്ല, ആഢ്യത്വം വിളിച്ചോതുന്ന ആ മുഖം വല്ലാതെ ക്ഷീണത്തിന് വഴിമാറിയിരിക്കുന്നു, ഒരു ശോഷിച്ച രൂപമായി മാറ്റപ്പെട്ടിരിക്കുന്നു, എന്നെ കണ്ട ആ മുഖം ഒരു പതർച്ച നേരിട്ടത് പോലെ തോന്നിയിരുന്നു.... എങ്കിലും അരികിലേക്ക് ചെല്ലാതിരിക്കാൻ കാലുകൾക്കായില്ല..... വേലക്കാരിയായി ആണെങ്കിലും കുറച്ചുകാലം ആ വീട്ടിൽ താമസിപ്പിച്ചതാണ്..... വിശപ്പ് മാറാൻ ഉള്ള ഭക്ഷണം എങ്കിലും നൽകിയിട്ടുള്ളതാണ്, " എന്തു പറ്റിയതാ...? തികച്ചും ഒരു പരിചയക്കാരനോട് എന്ന രീതിയിലുള്ള ഒരു ചോദ്യമായിരുന്നു അത്.... " ക്യാൻസറാണ്, ഏതാണ്ട് വിസ തീരാറായി..... പിന്നെ അവള് പോയി കഴിഞ്ഞിട്ട് ഇങ്ങനെ ജീവിക്കുന്നതിനും അർത്ഥമില്ലെന്ന് തോന്നിയിരുന്നു,

വല്യപ്പച്ചന്റെ ആരോഗ്യസ്ഥിതിയിലും എന്നെ ഞെട്ടിച്ചത് വല്യമ്മച്ചിയുടെ മരണമായിരുന്നു, എന്തേ ഞാൻ ഇത് അറിയാതെ പോയി..? ആ ആത്മാവ് ഈ ഭൂമിയിൽ നിന്ന് പോയപ്പോൾ ഒരു നോക്ക് എന്നെ കാണാൻ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ....? ഞാൻ അറിഞ്ഞില്ലല്ലോ, " വല്യമ്മച്ചി..... വല്യമ്മച്ചിക്ക് എന്താണ് പറ്റിയത്.... " ഒരുപാട് നാൾ ഒന്നും ആയിട്ടില്ല മൂന്ന് മാസമേ ആയുള്ളൂ, അധികം ആരും അറിഞ്ഞില്ല, അതുകൊണ്ട് പെട്ടെന്ന് നടത്തി....പിന്നെ അവിടെ ആരും നിങ്ങളെ വിളിച്ചു പറയില്ലെന്ന് അറിയാല്ലോ, " എനിക്ക് കാണണമായിരുന്നു, അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തുളുമ്പി, "കാണാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല, അവസാന കാലങ്ങൾ ആയപ്പോഴേക്കും വല്ലാതെ ക്ഷീണിച്ചു പോയിരുന്നു... ആഗ്രഹിച്ചിട്ടുണ്ടായിരുന്നു മോളെ നല്ല നിലയിൽ കാണാൻ, അത് കണ്ടില്ലേ...? അവള് പോയി ഒരു മാസം തികയുന്നതിനു മുൻപേ ആ വീട്ടിൽ ഞാൻ ഒരു അധികപ്പറ്റായി തുടങ്ങി, ഉള്ളത് മുഴുവൻ എഴുതി വാങ്ങി പിന്നെ എന്നെ നോക്കാൻ അവർക്ക് ബുദ്ധിമുട്ടായി,

അതോടെ ഇവിടെ കൊണ്ട് നട തള്ളി...ഇനിയെന്നാണ് അവനെ കൂടി(വല്ല്യപപ്പ) അവിടെനിന്നും ഇവിടേക്ക് കൊണ്ടുവരുന്നത് എന്ന് എനിക്ക് അറിയില്ല, അതുകൂടി കാണുന്നതിനു മുൻപേ പോകണം എന്നുള്ള ആഗ്രഹം മാത്രമേ ഇപ്പോൾ ഉള്ളു, അയാൾ കണ്ണുനീർ ഒപ്പി... " ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് നിന്നെയും നിൻറെ അമ്മയെയും ഞാൻ, അതിനുള്ള ശിക്ഷ ഒക്കെ വാങ്ങി കൊണ്ടിരിക്കുക ആണ്.... എന്തൊക്കെ ആണെങ്കിലും എൻറെ തോമാച്ചൻ( ആർദ്രയുടെ പപ്പ) ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എന്നെ ഉപേക്ഷിക്കില്ലായിരുന്നു....അവൻ മാത്രമേ എന്നെ സ്നേഹിച്ചിട്ടുള്ളൂ.... ബാക്കിയുള്ളവരൊക്കെ പണത്തെ ആണ് സ്നേഹിച്ചത്, ആഢ്യത്തം മാത്രം തിളങ്ങി നിന്ന ആ കണ്ണുകളിൽ നീർ പൊടിഞ്ഞപ്പോൾ ഒരു നിമിഷം എൻറെ ഹൃദയം ഒന്ന് നൊന്തീരുന്നു..... " എന്റെ കൂടെ വാ വല്ല്യപ്പച്ച, ഞാൻ നോക്കിക്കോളാം.....

നമുക്ക് ട്രീറ്റ്മെൻറ് ചെയ്യാം, " വേണ്ടമോളെ നീ വിളിച്ചല്ലോ, ചികിത്സ നൽകാം എന്ന് പറഞ്ഞല്ലോ, അത് മതി വല്ല്യപ്പച്ചന്, വരുന്നില്ല, അതിനുള്ള അർഹത ഇല്ല..... നിന്നെ ദ്രോഹിച്ചിട്ടെ ഉള്ളൂ, ഞാൻ ഭാവിയിലേക്കുള്ള നിൻറെ വാതിലുകൾ പോലും കൊട്ടിയടച്ചിട്ടേ ഉള്ളു, എന്നിട്ടും എന്നോട് ക്ഷമിക്കാനുള്ള മനസ്സ് നിനക്ക് ഉണ്ടായിരുന്നു, അത് മതി....! സമയം ഉള്ളപ്പോ ഇതുപോലെയൊക്കെ ഒന്ന് വല്ലപ്പോഴും വന്നു കണ്ടാൽ മതി, എനിക്ക് സന്തോഷം ആണ്... അതും പറഞ്ഞ് മറുപടിക്ക് കാക്കാതെ ആ മനുഷ്യൻ നടന്ന് നീങ്ങുമ്പോൾ, എൻറെ ഹൃദയത്തിലും പേരറിയാത്തൊരു നൊമ്പരം കടന്നുവന്നിരുന്നു.... എൻറെ കണ്ണുനീർ ആണോ ഈ മനുഷ്യൻറെ അവസ്ഥയ്ക്ക് കാരണം എന്ന് അറിയാതെ ഞാൻ ചിന്തിച്ചു പോയിരുന്നു..... ഒരുപാട് വേദനിച്ചിരുന്നു ഞാൻ.... അവസാനനാളുകളിൽ എങ്കിലും മോളെ എന്ന് ആ ഹൃദയത്തിൽ നിന്നും വിളിച്ചപ്പോൾ എൻറെ മനസ്സിൽ വല്ലാത്തൊരു കുളിർമ്മ പോലെ..... ഉപേക്ഷിച്ചു പോകാൻ മനസ്സ് അനുവദിച്ചില്ല,

ഒരുപാട് വട്ടം ചെന്ന് സംസാരിച്ചെങ്കിലും എന്നോടൊപ്പം വരാൻ ആൾ തയ്യാറായില്ല, അവസാനം അച്ഛനോട് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞു......എന്റെ വല്ല്യപ്പച്ചൻ ആണെന്നും നന്നായി നോക്കണം എന്നു പറഞ്ഞു, അവിടെ ഒരു കുറവും ഉണ്ടാകും എന്ന് കരുതിയിട്ടല്ല എൻറെ ഒരു സമാധാനത്തിന് ആവശ്യമുള്ളതെല്ലാം വാങ്ങി കൊടുത്തതാണ് അവിടെ നിന്നും തിരികെ നാട്ടിലേക്കുള്ള ബസ്സിൽ കയറിയത്..... ഓർമ്മകളുടെ ഭാണ്ഡമായി.... അതിനിടയിൽ അച്ഛനോട് ഒരു പ്രധാന കാര്യം പറയാൻ മറന്നില്ല, അതിന് വേണ്ടി ആയിരുന്നു ഈ വരവ് തന്നെ , എല്ലാ വർഷവും പഠിക്കാൻ കഴിയാത്ത ഒരു കുട്ടിയെ സ്പോൺസർ ചെയ്യാം എന്ന് ഉറപ്പ് കൊടുത്തൂ ഫാദാറിന്.... നാട്ടിലേക്ക് വന്ന് ഇറങ്ങുമ്പോഴും മനസ്സ് ശൂന്യമായിരുന്നു..... ശ്രീരാഗിനെ വിളിച്ചപ്പോൾ അവൻ വരാമെന്ന് പറഞ്ഞു.... ശ്രീരാഗിൻറെയും ധന്യയുടെയും വിവാഹം ഉണ്ടെന്ന് ശ്രീരാഗ് പറഞ്ഞിരുന്നു, വഴിയിലെല്ലാം ധന്യയെക്കുറിച്ച് മാത്രമേ അവന് പറയാനുണ്ടായിരുന്നുള്ളൂ....

അല്ലെങ്കിലും അവൾ പാവം ആണെന്ന് എനിക്കറിയില്ലേ..? ആളിപ്പോൾ കമ്പനിയുടെ ഭാഗമായുള്ള ഏതോ ഒരു ടൂറിൽ ആണ്, തിരികെ വന്നാൽ ഉടനെ എൻറെ അടുത്തേക്ക് വരുമെന്ന് പറഞ്ഞു..... വീട്ടിലേക്ക് വന്നപ്പോൾ രണ്ടാഴ്ചയ്ക്കുശേഷം എന്നെ കണ്ടപ്പോഴേക്കും അഞ്ജുവിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു.... ആ കഥകൾക്ക് ഇടയിൽ അവളുടെ പ്രിയപ്പെട്ട ഒരാളുടെ കഥയും ഉണ്ടായിരുന്നു...അവളുടെ സീനിയർ ആണത്രേ, കോളേജിൽ പഠിച്ചത് ആണ് , ഇപ്പോൾ ജോലി ആയി.... ഇഷ്ടമാണെന്ന് പറഞ്ഞു എന്നും താല്പര്യമുണ്ടെങ്കിൽ വീട്ടിൽ വന്നു ആലോചിച്ചോട്ടെ എന്ന് ചോദിച്ചു എന്ന് പറഞ്ഞു..... ചോദിച്ചപ്പോൾ ഉള്ളിൽ അവൾക്കും ചെറിയ താല്പര്യമുണ്ട്, ചേച്ചിയുടെ കല്യാണം കഴിഞ്ഞു മതിയെന്ന നിലപാടിലാണു..... അവൾ പറഞ്ഞപ്പോൾ അങ്ങനെയൊന്ന് ആ ഒരുവനിൽ അല്ലാതെ മാറ്റാരിൽ നിന്നും തനിക്ക് ഉണ്ടാവില്ല എന്ന് അവളോട് പറയാൻ നാവു പൊങ്ങിയില്ല, പക്ഷേ മനസ്സിൽ അത് നിറഞ്ഞു....

"ഏതായാലും അമ്മയെ ഒന്ന് വന്നു കാണാൻ പറ അയാളോട്, " ഇപ്പം വേണ്ട ചേച്ചി, പഠിത്തം ഒക്കെ കഴിഞ്ഞിട്ട് മതി... എനിക്ക് എംബിഎ എടുക്കണം, ചേച്ചിയെ പോലെ വലിയ ആളാകണം.... ജോലി ചെയ്യണം സ്വന്തം കാലിൽ നിൽകണം, ചേച്ചി ചെയ്യുന്നതിൽ ഒക്കെ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നുണ്ട്, ചേച്ചിയാണ് എന്റെ റോൾ മോഡൽ.... അവളുടെ ആ വാക്കുകൾ എൻറെ ഹൃദയത്തിൽ ആണ് തറച്ചത്,ഞാൻ ആണത്രേ അവളുടെ റോൾ മോഡൽ... ഒന്നുമല്ലാതിരുന്ന എന്നെ ഞാനാക്കിയ ആ മനുഷ്യൻ ആയിരുന്നു എന്നും എൻറെ റോൾമോഡൽ.... പെട്ടെന്ന് വീണ്ടും മനസിലേക്ക് ആ മുഖം വന്നു, വല്ല്യപ്പച്ചനെ കണ്ട കാര്യം അമ്മയോടും അഞ്ജുവിനോട് പറഞ്ഞില്ല, അവരെ വേദനിപ്പിക്കരുത് എന്ന് കരുതി, അതുപോലെ വല്യമ്മച്ചിയുടെ മരണത്തിന്റെ വിവരവും അവരോട് പറഞ്ഞില്ല.... ഞങ്ങൾ ഇപ്പോൾ താമസിക്കുന്നടുത്തു നിന്നും കുറച്ചുദൂരം ഉണ്ടായിരുന്നു നേരത്തെ താമസിച്ച പപ്പയുടെ വീട്ടിലേക്ക്, പിറ്റേന്ന് രാവിലെ തന്നെ ആരോടും ഒന്നും പറയാതെ അവിടുത്തെ പള്ളിയിലേക്കാണ് ചെന്നത്,

അവിടെ ചെല്ലുമ്പോൾ കണ്ടിരുന്നു വെറും രണ്ടു മാസങ്ങൾ മാത്രം പഴക്കം ആയ പ്രൗഢി വിളിച്ചോതുന്ന ഒരു കല്ലറ.... അതിന്റെ അരികിലേക്ക് ഓടി ചെല്ലുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു തുടങ്ങിയിരുന്നു " എന്നോട് പറയാതെ പോയില്ലേ ഞാൻ പറഞ്ഞതല്ലേ എൻറെ കൂടെ കൊണ്ട് പൊയ്ക്കോളാം എന്ന്, പൊന്നുപോലെ നോക്കിക്കോളാം എന്ന്, കേൾക്കാഞ്ഞിട്ട് അല്ലേ...? ഒരുപാട് പരിഭവം ആ കല്ലറയുടെ അരികിൽ ഇരുന്ന് പറഞ്ഞപ്പോൾ ഒരു നേർത്ത തെന്നൽ എന്നെ തഴുകി തലോടുന്ന പോലെ തോന്നി, അത് വല്യമ്മച്ചി ആണെന്ന് എനിക്കറിയാമായിരുന്നു.....വീണ്ടും കുറെ സമയം അവിടെ ഇരുന്നു, പിന്നീട് കുരിശടിയിൽ കയറി എന്ന് പ്രാർത്ഥിച്ചു..... തിരികെ നടന്നപ്പോൾ അറിയാതെ കാലുകൾ ചലിച്ചത് പ്രിയപ്പെട്ട ഒരുടത്തേക്ക് ആയിരുന്നു, പിന്നെ കാർ എടുത്തു അവിടേക്ക് യാത്ര തിരിച്ചു..... വലിയ മാറ്റമൊന്നുമില്ലാതെ ആ വീട് ഇന്നും കാണപ്പെടുന്നു, സാർ അവിടെ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്....

പെയിന്റ് അടിച്ചിട്ടുണ്ട് വീട് ചെറുതായി ഒന്നു പുതുക്കി ഒരു മുറികൂടി പണിതിട്ടുണ്ട്..... അതൊക്കെ ഹൗസ് ഓണർ ചെയ്തത് ആയിരിക്കാം, മുറ്റത്തേക്ക് കയറുമ്പോൾ വീണ്ടും ആ പഴയ പതിനാറുകാരി ആയതുപോലെ, അറിവുകൾക്ക് വേണ്ടി മാത്രം ഇവിടേക്ക് കയറി വന്ന ഒരു കാലം, തന്നെ രക്ഷിക്കണമെന്ന് ആവശ്യവുമായി സാറിന് മുൻപിൽ നിറകണ്ണുകളുമായി നിന്ന ഒരു അമ്മ, അർദ്ധരാത്രിയിൽ ഒരുവളുടെ മാനത്തിന് സംരക്ഷണമേകിയടം, അങ്ങനെ ഒരുപാട് ഓർമ്മകൾ ഉണ്ട് ഈ വേലിയിൽ നിൽക്കുന്ന ചെടികൾക്ക് പോലും പറയാൻ ,അകത്തേക്ക് നോക്കിയപ്പോൾ ആരെയും കണ്ടില്ല, കുറെ സമയങ്ങൾക്ക് ശേഷമാണ് അകത്തുനിന്നും പരിചിതമല്ലാത്ത ഒരു സ്ത്രീരൂപം ഇറങ്ങിവന്നത്, ഏകദേശം 27 വയസ്സോളം പ്രായം വരികയുള്ളൂ..... ഒരു കോട്ടൺ സാരി ആണ് വേഷം, സീമന്തരേഖയിൽ സിന്ദൂരം, കഴുത്തിൽ ഒരു താലിയും ഉണ്ട്.... ഒരു നിമിഷം ഹൃദയം ഒന്ന് നിലച്ചുപോയി..... സാറിൻറെ ഭാര്യ ആകുമോ....? " ആരാ മനസ്സിലായില്ല....?

നിറഞ്ഞ ചിരിയോടെ തെളിമയുള്ള ഐശ്വര്യം തുളുമ്പുന്ന ആ മുഖം എന്നോട് ചോദിച്ചു, " സാറിൻറെ സ്റ്റുഡൻറ് ആണ്, സാറിനെ ഒന്ന് കാണാൻ വേണ്ടി വന്നതാ..... ഇടറിയ വാക്കുകൾ മറച്ചുവെച്ചാണ് മറുപടി പറഞ്ഞത് പോലും...... " ആണോ ഹേമേട്ടൻ ഇവിടെ ഇല്ലാട്ടോ.....! അധികാരത്തോടെ ഉള്ള ആ വിളി, " ഹേമേട്ടൻ " അത്‌ ഹൃദയത്തെ കീറിമുറിച്ചു... " എവിടെപ്പോയി, " ഒരു പ്രോജക്ട് ഭാഗമായിട്ട് പോയതാ.... സ്കൂളിൽ നിന്ന്, രണ്ടു ദിവസം എടുക്കും വരാൻ..... കേറിയിരിക്കു, അത്രയും അധികാര ഭാവത്തിലൂടെയുള്ള ആ സംസാരം കേട്ടപ്പോൾ തന്നെ അത് സാറിന്റെ ആരാണെന്ന് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു, പിന്നീട് ആ മുഖത്തിനു മുൻപിൽ എൻറെ കണ്ണുകൾ നിറയാതിരിക്കാൻ ആണ് ശ്രമിച്ചത്..... ഇതിനു വേണ്ടി ആയിരുന്നോ ഇത്രയും കാലത്തെ എൻറെ കാത്തിരിപ്പ്..... എന്റെ ഉള്ള് പറഞ്ഞിട്ടും എന്നെ മനസിലാക്കാതെ പോയത് എന്തിന് വേണ്ടിയായിരുന്നു.....? രണ്ടുവർഷക്കാലം എന്നെ അവഗണിച്ചത് ഇത് കൊണ്ടായിരുന്നോ...?

മനപ്പൂർവം ഞാൻ അച്ഛനോട് പോലും സാറിൻറെ ജീവിതത്തെപ്പറ്റി ചോദിച്ചില്ല, ഒരു പക്ഷേ സാർ വിവാഹിതനായി എന്നാണ് ഞാൻ അറിയുന്നത് എങ്കിൽ അതെനിക്ക് സഹിക്കാൻ കഴിയില്ല എന്ന് തന്നെയായിരുന്നു അതിൻറെ കാരണം, " എനിക്ക് മനസ്സിലായില്ല സാധാരണ സാറിൻറെ വീട്ടിൽ ഉള്ള ആളുകളെ ഒക്കെ എനിക്കറിയാം, ചേച്ചിയെ ഞാൻ ആദ്യം ആയി കാണുവാ, സാറിന്റെ ആരാ...? ആകാംക്ഷയോടെ ആയിരുന്നു എൻറെ ചോദ്യം, അവരുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ എംബിബിഎസ് പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ പോലും ഞാൻ അനുഭവിക്കാത്ത ടെൻഷൻ ആയിരുന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story