ആർദ്രം : ഭാഗം 25

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

അങ്ങനെ തുറന്ന് സാറിനോട് പറയാനുള്ള ധൈര്യം എവിടുന്ന് എനിക്ക് ലഭിച്ചു എന്ന് ഇപ്പോഴും അറിയില്ല, പക്ഷേ ആ നിമിഷം അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്....മറുപടി എന്ത് പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു സാറും, ഒരുപക്ഷേ എൻറെ പെട്ടെന്നുള്ള ആ വെളിപ്പെടുത്തലിൽ സാർ പകച്ചു പോയിട്ടുണ്ടാവാം, " ഈ കാലങ്ങളിൽ ഒന്നും ഞാൻ മറ്റാരെ കുറിച്ചും ചിന്തിച്ചിട്ടില്ല, സാർ എന്റെ അധ്യാപകനാണ്, അതുകൊണ്ട് എന്നെ ആ ഒരു സ്ഥാനത്തേക്ക് കാണാൻ പറ്റില്ലെന്ന് ചിലപ്പോൾ സാർ പറയും, പക്ഷേ.... ' ഇത് സംസാരിക്കാനുള്ള സമയവും സന്ദർഭവും ഇത് അല്ല ആർദ്ര... നമുക്ക് സംസാരിക്കാം, സമയമുണ്ടല്ലോ.... ഇപ്പൊൾ ആർദ്ര ചെന്ന് പഴയ സുഹൃത്തുക്കളെ ഒക്കെ കാണൂ, പെട്ടന്ന് ഞാൻ സാറിന്റെ അനുസരണ ഉള്ള കുട്ടി ആയി.... ഇങ്ങേർ ഒരു മനുഷ്യനാണോന്ന് ഞാൻ അറിയാതെ മനസ്സിൽ ചോദിച്ചു പോയിരുന്നു.... വീണ്ടും ആശയുടെയും തുളസിയുടെയും ഒക്കെ അരികിൽ ചെന്ന് സംസാരിച്ചു, അവരുടെ വിശേഷങ്ങളും അവരുടെ കുഞ്ഞുങ്ങളെയും ഒക്കെ എടുത്ത് കുറേസമയം നിന്നു....

അത്‌ കഴിഞ്ഞ് എല്ലാവരും പതിയെ അവിടെ നിന്നും സ്വന്തം തിരക്കുകളിലേക്ക് വിട വാങ്ങാൻ തുടങ്ങി... എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ സാറിന്റെ അരികിലേക്ക് ചെന്നു, " ആർദ്ര എങ്ങനെ പോകും...? സർ ചോദിച്ചു.... " വണ്ടിയുണ്ട് സാർ, സാറ് എങ്ങനെ....,? " ഞാൻ കുറച്ചു കഴിഞ്ഞിട്ട് പോകുന്നുള്ളൂ, പഴയ സഹപ്രവർത്തകരെ ഒക്കെ കണ്ടതലേ കുറച്ചു നേരം സംസാരിച്ചിട്ട് ഒക്കെ ഉള്ളു... " എനിക്ക് സാറിനോട് ഒന്ന്.... പറയാൻ വന്നത് പറയും മുൻപ് സർ കയറി പറഞ്ഞു... " ഞായറാഴ്ച ഞാൻ ഫ്രീയാണ്, വീട്ടിലേക്ക് വരൂ...അല്ലെങ്കിൽ ആർദ്രയ്ക്ക് സൗകര്യമുള്ള എവിടെയാണ് എന്ന് വച്ചാൽ അവിടെ, നമുക്ക് സംസാരിക്കാം...! " ശരി സർ.... നൂറ് നിലാചന്ദ്രൻമാരെപോലെ ആ മുഖം തിളങ്ങി.... " ഞാൻ നമ്പർ മാറിയിട്ടില്ല, സ്ഥലം വിളിച്ചു പറഞ്ഞാൽ മതി..... അതുകൂടി സാർ പറഞ്ഞപ്പോൾ ഒരു ആത്മവിശ്വാസം പോലെ, വരണ്ട ഭൂമിയിലേക്ക് ഒരു മഴ പെയ്തത് പോലെ... സർ എന്നോട് സംസാരിച്ച കാര്യങ്ങൾ എല്ലാം തിരികെ പോകുന്ന വഴിയിൽ തന്നെ ധന്യയോട് പറഞ്ഞിരുന്നു... " മ്മ്, തോണി അടുത്ത് വരുന്നുണ്ട് എന്ന് തോന്നുന്നു... " എനിക്ക് തോന്നുന്നത് സാറിന് എന്നെ ഉപദേശിക്കാൻ ആയിരിക്കുമെന്നാണ്... സ്ഥിരം ഡയലോഗ് പറയാൻ ആയിരിക്കും....

ഞാൻ അധ്യാപകനാണ് ഞാൻ തന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല അങ്ങനെ ഒന്നും തന്നെ കണ്ടിട്ടില്ല... ഡ്രൈവിങ്ങിന്റെ ഇടയിൽ അലസമായി ആർദ്ര പറഞ്ഞു... " പറയാൻ പറ്റില്ല, സർ കല്യാണം കഴിക്കരുത് എന്ന് നീ പറഞ്ഞ ഒറ്റവാക്കിൽ സാർ കല്യാണം കഴിച്ചില്ല എന്ന് പറഞ്ഞാൽ, മോളെ സംതിങ് റോങ്ങ്.. സർ നിന്റെ വാക്കിന് വില തരുന്നുണ്ട് എന്നല്ലേ അതിനർത്ഥം.. ധന്യ പറഞ്ഞു... " അങ്ങനെ ആവട്ടെ എന്ന് പ്രാർത്ഥിക്കുക ആണ്.... " പക്ഷേ നിനക്ക് ഒട്ടും മാറ്റം തോന്നിയിട്ടില്ല ആളോട് ഉള്ള ഇഷ്ടത്തിൽ... അവളുടെ മുഖത്തേക്ക് നോക്കി ധന്യ ചോദിച്ചു... " അതിന് ഞാൻ മരിക്കണം....! അല്ലെങ്കിൽ എനിക്ക് ഓർമകൾ നഷ്ടം ആകണം.... എനിക്കിപ്പോഴും ആളോടെ ഒരു ആരാധനയും ഒരു വല്ലാത്ത ബഹുമാനവും ആണെടി... സാറിനെ പറ്റി പറയുമ്പോൾ മാത്രം സജലമാകുന്നവളുടെ മിഴികളിൽ തന്നെ ഒട്ടൊരു കൗതുകത്തോടെ നോക്കി ധന്യ.... ധന്യയുടെ വീടിനു മുൻപിൽ ഇറങ്ങുമ്പോൾ ഒരു കെട്ട് കവറുകളും ആയി ഇറങ്ങുന്നവളെ നോക്കി ധ്വനി കണ്ണുരുട്ടി.... " ഇതൊക്കെ നിനക്ക് അല്ല, എന്റെ അമ്മയ്ക്കും അച്ഛനും ആണ്... അത്‌ പറഞ്ഞു ഞാൻ സാധനങ്ങളുമായി അകത്തേക്ക് കയറിരുന്നു.... പിന്നീട് അവിടെ ഇരുന്ന് കുറെ സമയം വർത്തമാനം ഒക്കെ പറഞ്ഞു, ഭക്ഷണം കഴിച്ചാണ് തിരികെ പോകുന്നത്....

പിന്നീട് ഞായറാഴ്ച ആകാനുള്ള ഒരു കാത്തിരിപ്പായിരുന്നു, ഇതിനിടയിൽ സാറിനെ വിളിക്കണം എന്ന് പലവട്ടം തീരുമാനിച്ചു.... പിന്നെ കാൾ ബട്ടൻ അമർത്തി കട്ട് ചെയ്തു വിട്ടു, ആളോട് സംസാരിക്കാൻ ഇപ്പോഴും ധൈര്യം ഇല്ലാത്തത് പോലെ... ശനിയാഴ്ച വൈകിട്ട് ഞാൻ ആ നമ്പറിലേക്ക് ഒന്ന് വിളിച്ചു, രണ്ടുമൂന്നു വട്ടം ബെല്ലടിച്ച് ശേഷമാണ് കോൾ എടുത്തത്..... " സർ ഞാൻ ആർദ്ര ആണ്.... നാളെ ഞാൻ എവിടേക്കാണ് വരേണ്ടത്...? ഒറ്റ ശ്വാസത്തിൽ ചോദിച്ചു... " നാളെ ആർദ്രയ്ക്ക് സൗകര്യമുള്ള എവിടെയാണെന്ന് വെച്ചാ അവിടേക്ക് വരൂ, " വീട്ടിലേക്ക് വരട്ടെ, " പോര്.. " എങ്കിൽ ഞാൻ നാളെ പള്ളി കഴിഞ്ഞിട്ട് അവിടേക്ക് വരാം... " ശരി ഗുഡ്നൈറ്റ്, അത് പറഞ്ഞു സർ കാൾ കട്ട്‌ ചെയ്തു.... " എന്തെങ്കിലും ഒന്ന് പ്രത്യേകിച്ച് സംസാരിച്ചാൽ എന്താ..?ഒരു പരിഭവം തോന്നി, രാവിലെ പള്ളിയിലേക്ക് പോകാൻ വല്ലാത്ത ഒരു ഉത്സാഹം.... പല വേഷങ്ങൾ മാറി മാറി ഇട്ട് നോക്കി, ഒന്നും അങ്ങോട്ട് തൃപ്തി വന്നില്ല... പിന്നെ തൂവെള്ള നിറത്തിലുള്ള ചുരിദാർ ആണ് തിരഞ്ഞെടുത്തത്.... അമ്മയും അഞ്ചുവും ഒക്കെ ആദ്യത്തെ കുർബാനയ്ക്ക് പോയപ്പോൾ, മനപ്പൂർവ്വം രണ്ടാമത്തെ കുർബാനയ്ക്ക് പോകാനായി ഞാൻ ഒഴിഞ്ഞുമാറി.... പതിവിനു വിപരീതമായി നടന്നായിരുന്നു പോയത്, palliyil നിൽക്കുമ്പോഴും ആത്മാർത്ഥതയോടെ പ്രാർഥിച്ചത് ഒന്നുമാത്രമാണ് സാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് നോ എന്നൊരു മറുപടി ആകല്ലെന്ന്...

 പള്ളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ വല്ലാത്ത ഒരു നെഞ്ചിടിപ്പ് ആയിരുന്നു, വീടിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ കണ്ടിരുന്നു ഒരു തലക്കെട്ട് ഒക്കെ കെട്ടി നിൽക്കുന്ന സാറിനെ, കാര്യമായ ജോലിയിലാണ്.... പടിക്കെട്ടുകൾ കയറി വരുന്ന എന്നെ കണ്ടപ്പോൾ ഒന്ന് ഞെട്ടി തോന്നി, തലയിൽ കെട്ടിയിരിക്കുന്ന തോർത്ത് ഒന്ന് അഴിച്ചു തോളിലേക്ക് ഇട്ടുകൊണ്ട് ചിരിയോടെ വന്നു.... " താൻ ഇങ്ങനെ രാവിലെ തന്നെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല, " പള്ളി കഴിഞ്ഞ് ഇറങ്ങിയത് ആണ്.... എന്നോട് സംസാരിക്കുവാനും എൻറെ മുഖത്തേക്ക് നോക്കുവാനും ഒക്കെ സാറിന് എന്തോ ബുദ്ധിമുട്ട് ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു.... " എന്നോട് സംസാരിക്കാൻ സാറിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ...? " അങ്ങനെയൊന്നും ഇല്ല, ആർദ്ര വരു, " അമ്മ എവിടെ...? " നല്ല ഉറക്കമാണ്, രാത്രിയിൽ ഉറക്കം കുറവാണ്... അതുകൊണ്ട് രാവിലെ മരുന്ന് കഴിച്ചാൽ ഉറങ്ങി പോകും.... ഞാൻ പുറത്ത് ചെറിയ ചില കാര്യങ്ങളൊക്കെ ചെയ്യാരുന്നു.... താൻ ഇരിക്ക്, ഞാൻ തനിക്ക് കുടിക്കാനുള്ള വല്ലോം എടുക്കാം.... " വേണ്ട സർ... " അതെന്താടോ ഇവിടെനിന്നും കഴിക്കില്ലെന്നാണോ.... " അങ്ങനെ പറയല്ലേ സാറേ, എനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ട ഇടം ഇവിടെ തന്നെയാണ്....

സാറിന് ബുദ്ധിമുട്ടാകുമെന്ന് കരുതിയിട്ട് ആണ്... " എനിക്കൊരു ബുദ്ധിമുട്ടും ഇല്ല.... " എങ്കിൽ ഞാൻ ഇടട്ടെ ചായ ... " തനിക്ക് ബുദ്ധിമുട്ടാവും, വീട്ടിൽ വന്ന് ആളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് ശരിയായ നടപടി അല്ലല്ലോ.... " ഞാൻ ഇവിടെ ഒരു അതിഥിയാണോ സർ, " ശരി താൻ ഇട്ടോളൂ, ഞാൻ അപ്പോഴത്തേക്ക് കയ്യും കാലും ഒക്കെ ഒന്ന് കഴുകിയിട്ട് വരാം... " ശരി അതും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിയപ്പോൾ എന്തോ നേടിയ ഒരു സന്തോഷം ആയിരുന്നു.... മുറിയിലേക്ക് പോയി അമ്മയെ കണ്ടു.... നല്ല ഉറക്കമാണ്, നോക്കിയതിനുശേഷം അടുക്കളയിലേക്ക് നടന്നു.... ആ നിമിഷം മനസ്സിലേക്കോടി വന്നത് ഒരു രാത്രിയിൽ നിസ്സഹായയായി നിന്ന് ഒരു പെൺകുട്ടിയെ, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു അതിരാവിലെ അവൾക്ക് കാപ്പിയും ഇട്ടുകൊടുത്ത് വർത്തമാനം പറഞ്ഞു കൊണ്ട് നിന്ന് ഒരാളുടെ രൂപമായിരുന്നു.... പെട്ടെന്ന് ആ ഒരു 16 വയസ്സുകാരിയായപോലെ.... ആ നിമിഷം എപ്പോഴോ ഉള്ളിൽ ചേക്കേറിയ മോഹമായിരുന്നു ഈ അടുക്കളയിൽ ഒരിക്കൽ സാറിനു വേണ്ടി എന്തെങ്കിലും ഒന്ന് ഉണ്ടാക്കി കൊടുക്കണം എന്നത്.... ആ മോഹമാണ് ഈ നിമിഷം സാധ്യമാക്കാൻ പോകുന്നത്.... ഒരു സോസ്പാൻ എടുത്ത് വെള്ളം വച്ചു, പിന്നെ തെയിലയും പഞ്ചസാരയും ഇരിക്കുന്നതെന്ന് തിരഞ്ഞുപിടിച്ചു...... അപ്പോഴേക്കും കുറച്ച് എലക്കയും ഇട്ടു... സർ കയ്യൊക്കെ കഴുകി വന്നപ്പോഴേക്കും ഞാൻ രണ്ട് ഗ്ലാസ്സുകളിലായി കാപ്പി പകർത്തിയിരുന്നു....

" എങ്ങനെ ഉണ്ട് എന്ന് നോക്കട്ടെ.... ചായ ഗ്ലാസ്‌ എടുത്ത് സർ പറഞ്ഞു.... " സാറിന്റെ അത്രയൊന്നും എനിക്കറിയില്ല... പാചകം എനിക്ക് അത്ര വശം പോരാ, " അപ്പോൾ താൻ ഒറ്റയ്ക്ക് നിൽക്കുന്ന സമയത്ത് ഒക്കെ പുറത്തു നിന്നായിരുന്നു ഫുഡ്... " ഹേയ് അങ്ങനെയല്ല, എല്ലാം അറിയാം വലിയ രുചി കാണില്ല..... പക്ഷേ അഞ്ചു അങ്ങനെയല്ല, അവൾക്ക് അമ്മയുടെ കൈപ്പുണ്യം അതേപോലെ കിട്ടിയിട്ടുണ്ട്... " നോക്കട്ടെ സാർ കയ്യിൽ നിന്നും ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു..... " അത്ര മോശം അല്ല, എനിക്കിഷ്ടപ്പെട്ടു...... തന്റെ മുഖത്തേക്ക് നോക്കി അങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം മിഴികൾ കോർത്തു പോയി..... " നല്ല രുചിയുണ്ട്.... പെട്ടന്ന് സർ പറഞ്ഞപ്പോൾ ആണ് യഥാർത്യത്തിൽ വന്നത്.... " രാവിലെ ഒന്നും കഴിച്ചില്ലേ സർ, " രാവിലെ കഴിപ്പോക്കേ കണക്കാ, അമ്മ രാവിലെ ദോശ കഴിച്ചിട്ട് കിടന്നതാ... എനിക്കുള്ള മാവ് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്, എല്ലാം കഴിഞ്ഞു വന്നിട്ട് കഴിക്കാം എന്ന് കരുതി.... ആർദ്ര എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്, പെട്ടെന്ന് സാർ എന്റെ മുഖത്തേക്ക് നോക്കി അത് ചോദിച്ചപ്പോൾ, എങ്ങനെ പറയും എന്ന് എനിക്ക് അറിയില്ലായിരുന്നു..... " എനിക്ക് സംസാരിക്കാൻ ഉള്ളത് എന്താണെന്ന് സാറിന് അറിയാം, ഞാൻ അത്‌ പറയുകയും ചെയ്തു, ഇനിയും സാറ് തന്നെ എന്നെ കൊണ്ട് പറയിപ്പിക്കാനാണോ...?

" ആർദ്ര.... സർ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " സാർ എന്നെ ഉപദേശിക്കരുത്, " അതെന്താ....? സംശയത്തോടെ സർ ചോദിച്ചു... " ഞാൻ പിൻമാറാൻ വേണ്ടി ഉപദേശിക്കരുത് എന്ന്... ഇഷ്ടമല്ലെങ്കിൽ പറഞ്ഞോളൂ എനിക്ക് മനസ്സിലാവും.... പക്ഷേ അതിനു കാരണങ്ങൾ ആയി ഉപദേശങ്ങൾ നിർത്തരുത്... ആർദ്ര പറഞ്ഞു തുടങ്ങിയപ്പോൾ ഇടറി തുടങ്ങി.... " ഞാനെന്താ തന്നോട് പറയേണ്ടത്, ഇത്ര വർഷവും ആർദ്ര എന്ത് ഉറപ്പിലാണ് എനിക്ക് വേണ്ടി കാത്തിരുന്നത്...? എൻറെ വിവാഹം കഴിഞ്ഞിരുന്നെങ്കിലോ...? ഞാൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു എങ്കിലോ...? അങ്ങനെ ആയിരുന്നു എങ്കിൽ താൻ എന്ത് ചെയ്തേനേ...? " എനിക്കറിയില്ല സാർ, സാർ തന്നെയല്ലേ പറഞ്ഞത്... നമുക്ക് സ്വന്തമാക്കുന്നവയെ സ്വതന്ത്രമായി വിടണം എന്ന് മാധവികുട്ടി പറഞ്ഞിട്ടുണ്ട് എന്ന് , എൻറെ സ്വന്തമാണെന്ന് ഞാൻ കരുതി, സ്വതന്ത്രമായി വിട്ടു, എനിക്ക് ഉള്ളതാണെങ്കിൽ എന്നിലേക്ക് തന്നെ വന്നുചേരും എന്ന് പ്രതീക്ഷിച്ചുm... ഈ നിമിഷവും പ്രതീക്ഷിക്കുന്നു, ഇനി ഒരു ചോദ്യം ഞാൻ സാറിനോട് ചോദിക്കട്ടെ.....

അന്ന് ഞാൻ പറഞ്ഞ ഒരു കാരണത്തിന്റെ പുറത്താണ് ഇത്രയും കാലം സർ വിവാഹം കഴിക്കാതിരുന്നത്...? ആ ചോദ്യം സാറിനെ ഒന്ന് കുഴപ്പിച്ചു... " എനിക്കറിയില്ല ആർദ്ര, അന്ന് താൻ അത് പറഞ്ഞ നിമിഷം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യമാണ്.... പിന്നെ ഞാൻ കഴിഞ്ഞ കാലങ്ങളെ പറ്റി ഒന്ന് ചിന്തിച്ചു നോക്കി, വിപഞ്ചിക ടീച്ചറിനോട് ഞാൻ സംസാരിച്ചപ്പോഴാണ് തനിക്ക് ബുദ്ധിമുട്ട് ഉണ്ടായതെന്ന് പിന്നീട് എനിക്ക് മനസ്സിലായി.... അങ്ങനെ ഓരോ കാര്യങ്ങളും ഒന്ന് റിവൈണ്ട് ചെയ്തു നോക്കിയപ്പോൾ താൻ പറഞ്ഞതൊക്കെ സത്യമാണ് എന്ന് എനിക്ക് തോന്നി, ഒരുപക്ഷേ എൻറെ സംസാരത്തിലോ ഇടപെടലിലോ എപ്പോഴെങ്കിലും ഞാൻ ആർദ്രക്ക് എന്നോട് അടുപ്പം ഉണ്ടാകുന്ന രീതിയിൽ എന്തെങ്കിലും എൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടാകാം..... ആ ഒരു കാര്യത്തിൽ ആർദ്ര മാത്രമല്ല ഞാനും തെറ്റുകാരൻ ആണ്, ഒരു കൗമാരക്കാരിയായ പെൺകുട്ടിയോട് ഇടപെടേണ്ട രീതി ഞാനും മനസ്സിലാക്കിയിരുന്നില്ല.... ആർദ്ര പറഞ്ഞതുപോലെ ഞാൻ തന്റെ അധ്യാപകൻ ആണെന്നുള്ള ആ പഴയ വാക്ക് ഞാൻ പറയുന്നില്ല, പക്ഷേ ഒരുപാട് പ്രതിസന്ധികൾ ഉണ്ടാകും, താൻ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമായിരിക്കില്ല, എൻറെ പ്രശ്നങ്ങൾ പ്രാരാബ്ദങ്ങൾ, ഒരു കൂട്ട് ഞാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ തനിക്ക് അതിന് സാധിക്കൂമോ....?

എത്ര ആലോചിച്ചിട്ടും തനിക്ക് അനുകൂലമായ ഒരു മറുപടി പറയാൻ അതാണ് എനിക്ക് സാധിക്കാത്തത്.... അത് തന്നെ ഇഷ്ടമല്ലാത്തോണ്ട് അല്ല ,താൻ ഇപ്പോൾ ഒരു ഡോക്ടറാണ്, തൻറെ ഇന്നത്തെ പൊസിഷൻ, എൻറെ അമ്മയും സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ്... അതൊക്കെ എന്നെ പിന്നോട്ട് വലിക്കുന്നു ആർദ്ര.... തന്റെ മുഖത്തേക്ക് നോക്കാതെ ആണ് സർ അത്‌ പറഞ്ഞത്... " ഞാനിങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഒന്ന് മാത്രമേ ഉള്ളൂ, അത് സർ ആണ്... " ആ തോന്നൽ ആണ് ആർദ്ര തനിക്ക്, അതാണ് എന്നോടുള്ള എല്ലാ ഇഷ്ടവും ആയി തോന്നുന്നത്..... അങ്ങനെ കടപ്പാട് തീർക്കാൻ വേണ്ടി ഉള്ളതാണോ തന്റെ ജീവിതം, " കടപ്പാട് തീർക്കൽ അല്ല സർ, " ആർദ്ര തൻറെ മനസ്സിൽ അങ്ങനെ ഒരു ചിന്തയുണ്ട്, അതാണ് എല്ലാത്തിനും കാരണം, " അങ്ങനെ പറയരുത് " ഞാൻ ഇല്ലെങ്കിലും ആർദ്ര ഇങ്ങനെയൊക്കെ തന്നെ ആയേനെ, അതിന് മറ്റെന്തെങ്കിലും നിമിത്തങ്ങൾ ഉണ്ടായേനെ, " സർ പറയുന്നതുപോലെ ഒരു കടപ്പാടോ നന്ദി പ്രകടനമോ ഒന്നും അല്ല, സാറിനോട് ഈ ഒരു ദിവസം ഇങ്ങനെ മുന്നിൽനിന്ന് പറയാൻ വേണ്ടി മാത്രമാണ് ആർദ്ര ആരെങ്കിലുമൊക്കെ ആയത്... ആദ്യമായി എന്നെ മനസ്സിലാക്കിയത് സർ മാത്രമായിരുന്നു.... സാറിൻറെ കൂടെ ഉണ്ടെങ്കിൽ ഞാൻ സുരക്ഷിതയാണ് എന്ന് എനിക്ക് തോന്നുന്നു,

എൻറെ മനസ്സിൽ മറ്റൊരു വേദനകളും എന്നെ അലട്ടുന്നില്ല... സാറിൻറെ ആ സാന്നിധ്യം അതെനിക്ക് ഒരു പോസിറ്റീവ് എനർജി തരുന്നു.... അത് ജീവിതകാലം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, സാറിന് വേണ്ടി മാത്രമായിരുന്നു, ഞാൻ വാശിയോടെ പഠിച്ചത്, ഒരിക്കൽ സർ ആഗ്രഹിച്ച നിലയിലെത്തി സാറിൻറെ മുഖത്തേക്ക് നോക്കി പറയണം അന്നും ഇന്നും എന്നും ആർദ്രയുടെ മനസ്സിൽ ഈ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂന്ന്... " ഇനി സാർ പറയൂ എന്നെ ഇഷ്ടമല്ലെങ്കിൽ ഞാൻ പിന്നാലെ നടന്ന് സാറിനെ ഉപദ്രവിക്കില്ല, " ഇഷ്ടക്കേട് ഉണ്ടായിട്ട് അല്ലടോ, ഞാൻ പഠിപ്പിച്ച ഒരു കുട്ടി, എൻറെ ഒരു സ്റ്റുഡൻറ് അവളെ ഞാൻ എങ്ങനെയാ എൻറെ ഭാര്യയായി കാണുന്നെ, ആ ബുദ്ധിമുട്ട് അത്‌ എൻറെ മുന്നിൽ മതിൽക്കെട്ട് തന്നെയാണ്... ഒരുവിവാഹം എന്നതിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത് ഒരു ജീവിതം അല്ലേ ആർദ്ര, " സാറിന് എന്നെ അക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ, ഞാൻ നിർബന്ധിക്കില്ല, " ആർദ്രയ്ക്ക് ആക്സപ്റ്റ് ചെയ്യാൻ കഴിയുന്നുണ്ടോ..? " എന്നേ ഞാൻ എൻറെ മനസ്സിൽ ഈ മുഖം കുറിച്ചിട്ടതാണ് സർ. " അത്രയ്ക്ക് ഇഷ്ടമാണോ തനിക്ക് എന്നെ... എന്റെ കണ്ണിൽ നോക്കി ആയിരുന്നു ആ ചോദ്യം... " എൻറെ ജീവനേക്കാൾ ഏറെ, ഉറച്ചത് ആയിരുന്നു ആ മറുപടി... " എങ്കിൽ പിന്നെ ഞാൻ എന്തിനാ എതിർപ്പ് പറയുന്നേ... ഒരു ചിരിയോടെ സർ പറഞ്ഞു... കാത്തിരിക്കുന്നോ...? ഇവിടെ വച്ച് കർട്ടൻ ഇട്ട് ശുഭം പറയണോ..? അതോ അവരുടെ ലൈഫ് കൂടി വേണോ..?........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story