ആർദ്രം : ഭാഗം 5

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

അതെല്ലാം കളക്ട് ചെയ്ത് കൊണ്ട് കൊടുത്തപ്പോൾ തന്നെ ബെൽ അടിക്കുകയും ചെയ്തിരുന്നു..... സാർ പിന്നീട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിള്ളേരെല്ലാം കൂടി എഴുന്നേറ്റ് കോറസ് പോലെ താങ്ക്യൂ സാർ എന്ന് പറഞ്ഞപ്പോൾ ഞാനും തൊട്ടു മുന്നിൽ നിന്ന് അങ്ങനെ തന്നെ പറഞ്ഞിരുന്നു...... എല്ലാവരോടും താങ്ക്യൂ ഓൾ എന്ന് പറഞ്ഞു സാർ എഴുന്നേറ്റ് പോയി...... അടുത്ത പിരീഡ് ഫിസിക്സ്‌ ആയിരുന്നു, കുറച്ചു മുൻപേ പോയ ഉറക്കം എല്ലാവരുടെയും കണ്ണുകളിലേക്ക് തിരികെ വരാൻ തുടങ്ങിയിരുന്നു...... വീട്ടിലേക്കുള്ള യാത്രയിൽ ധന്യക്ക് വിഷമമായിരുന്നു, ഞാൻ കുട്ടികളുടെ മുൻപിൽ നാണം കെട്ടത്..... ആ സംഭവം എനിക്ക് സങ്കടം ആകുമോ എന്നായിരുന്നു അവളുടെ വിഷമം, അല്ലെങ്കിലും എന്നേക്കാൾ കൂടുതലായി അവൾ വിഷമിക്കുന്നത് പതിവ് ആണ്....... പലപ്പോഴും അങ്ങനെയാണല്ലോ, പിന്നെ പിന്നെ പതിവ് വിഷയങ്ങൾ, വിഷമം ഒക്കെ മാറി മറ്റു വിഷയങ്ങളിലേക്ക് കാര്യങ്ങൾ കടന്നുപോയി, തോമാച്ചായന്റെ കടയിൽ നിന്ന് അവൾ മൂന്ന് പാൽ സിപ്പപ്പ് വാങ്ങി, ഒന്ന് അഞ്ചുവിനും കൊടുത്തൂ, ഒന്ന് ഞാനും ചപ്പി കൊണ്ട് ഇരുന്നു.....

ഇടയിൽ സാറും സംസാരത്തിൽ വന്നു...... ധന്യ പറയുന്നത് സാർ ഒരു ജെൻറിൽമാൻ ആണ് എന്നാണ്...... അതുകൊണ്ടാണ് എല്ലാവരുടെയും മുൻപിൽ വച്ച് തന്നെ വഴക്ക് പറയാതിരുന്നത് എന്നൊക്കെ, അവൾ പറഞ്ഞപ്പോൾ എനിക്കും തോന്നി നല്ല മനുഷ്യനാണെന്ന്...... ഞങ്ങൾക്കൊപ്പം ഇടയ്ക്ക് ഫാത്തിമയും ആശയും വരാറുണ്ട്, തുളസി വേറൊരു റൂട്ടിലാണ്..... അതുകൊണ്ട് അവൾ സ്കൂളിൻറെ മുന്നിൽ തന്നെയുള്ള ബസ്റ്റോപ്പിൽ നിൽക്കും, ഞങ്ങളാണെങ്കിൽ കുറച്ചു നടന്നാൽ വീട്ടിൽ എത്താൻ സാധിക്കും..... ഇടയ്ക്ക് അവളുമാരും വന്നു ചേർന്നു..... വന്നപ്പോൾ തൊട്ട് ആശയ്ക്ക് സാറിനെ പറ്റി പറയാൻ അല്ലാതെ മറ്റൊന്നിനും സമയം ഇല്ല....... ആശയാണ് തുടക്കമിട്ടത് തീർന്നില്ല പാത്തുവും ഏറ്റ് പിടിക്കാൻ തുടങ്ങി, പിന്നീട് അധ്യാപകൻ ആണെന്ന് പോലും ഓർക്കാതെ എല്ലാവരും സാറിന്റെ സൗന്ദര്യം വർണ്ണിക്കൽ ആയി..... അന്നത്തെ ദിവസം സ്കൂളിലെ സ്റ്റാർ ഓഫ് അഡ്രാക്ഷൻ ഹേമന്ത് സർ ആയിരുന്നു എന്ന് പറഞ്ഞാൽ യാതൊരു അത്ഭുതവുമില്ല. ...

പ്ലസ്ടുവിലെ സുന്ദരിമണികൾക്കും ഒക്കെ പറയാനുള്ളത് ഹേമന്ത് സാറിനെ പറ്റി മാത്രമായിരുന്നു...... മൊത്തത്തിൽ ഉള്ള ഒരു സ്റ്റാർ ഓഫ് ഡേ ആയി മാറുകയായിരുന്നു..... ഞങ്ങൾ എല്ലാവരും നടന്നു പോയപ്പോൾ അപ്പോൾ തന്നെ ബുള്ളറ്റും പറത്തി കൊണ്ട് ആൾ ഞങ്ങളുടെ എല്ലാവരുടെയും ഇടയിലൂടെ പോയപ്പോൾ എല്ലാവരും ആകാംഷയോടെ അതിലുപരി ആരാധനയോടെ ആ മുഖത്തേക്ക് നോക്കുന്നത് കണ്ടിരുന്നു....... എല്ലാവർക്കും ചെറിയൊരു പുഞ്ചിരിയും അദ്ദേഹം സമ്മാനിച്ചു...... നമ്മൾ പിന്നെ ആ ഒരു കാര്യത്തിന് പറ്റി ചിന്തിച്ചു പോലുമില്ല, എന്തിനാണ് വെറുതെ അങ്ങേരെ വായ് നോക്കി വെള്ളം ഇറക്കുന്നത്, താനൊരു ബാക്ക് ബെഞ്ചർ ആണ് എന്ന് ഉള്ള പൂർണ വിശ്വാസം ഉള്ളതു കൊണ്ടും ഇത്തരം സാറന്മാരുടെ പരിഗണനയും സ്നേഹവുമൊക്കെ പഠിക്കുന്നവർക് മാത്രം ലഭിക്കുന്നതാണ് എന്ന പൂർണമായ ബോധം ഉള്ളതുകൊണ്ടും അത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ പോലും പോയില്ല........ എന്താണെങ്കിലും ജയിക്കാനുള്ള മാർക്ക് തരാനുള്ള മനസ്സുണ്ടായാൽ മതി എന്ന് മാത്രം ആയിരുന്നു എൻറെ മനസ്സിലെ പ്രാർത്ഥന....... വീട്ടിലേക്ക് ചെന്നപ്പോൾ വലിയ പപ്പയുടെ കാർ കണ്ടു..... വലിയ സന്തോഷം തോന്നി, ഇനി കുറച്ചുദിവസത്തേക്ക് ഷൈനി ആന്റി തന്നെ കൊണ്ട് ഒരു ജോലിയും ചെയ്പ്പിക്കില്ല.....

അമ്മയ്ക്കും ഒരു വിശ്രമം കിട്ടും..... വലിയ പപ്പയ്ക്ക് തന്നോട് വലിയ കാര്യമാണ് വലിയ സന്തോഷത്തോടെയാണ് അകത്തേക്ക് കയറിയത് തന്നെ, കണ്ടപ്പോൾ തന്നെയും അഞ്ചുവിനേം വലിയ പപ്പയും പിടിച്ച് അടുത്തിരുത്തി വിശേഷങ്ങളൊക്കെ ചോദിക്കാൻ തുടങ്ങി...... അച്ഛനില്ലാത്ത വിഷമം ഒരു പരിധിവരെ മറക്കുന്നത് ഈ സ്നേഹപ്രകടനങ്ങൾ അറിയുമ്പോഴാണ്..... സംസാരിച്ചതിനുശേഷം വലിയ പപ്പ തന്നെയാണ് ഷൈനി ആന്റിയോട് ചായ എടുത്തു കൊടുക്കാൻ പറഞ്ഞത്...... ചായക്ക് ഒപ്പം എന്തൊക്കെയോ പലഹാരങ്ങളും തന്നിരുന്നു..... അതിൽ കോക്കനട്ട് ബർഫിയും മൈസൂർ പാക്കും എല്ലാമുണ്ടായിരുന്നു...... വല്ലപ്പോഴും വലിയപപ്പാ ഗുജറാത്തിൽ നിന്ന് വരുമ്പോൾ മാത്രമാണ് ഇത്തരം രാജകീയമായ ഒരു ഭക്ഷണ രീതികൾ തങ്ങൾക്ക് കിട്ടാറുള്ളത്...... എല്ലാവർക്കും വലിയ പേടിയാണ് ആളെ.... ഷൈനി ആന്റിയുടെ പേടി വല്ല്യ പപ്പാ ഇതിൻറെ പേരിൽ എന്തെങ്കിലും ഞങ്ങളുടെ പേരിൽ എഴുതി വച്ച കളയുമോ എന്നാണ്...... അതുകൊണ്ട് വലിയപപ്പയെ കാണിക്കാൻ വേണ്ടി തന്നോട് വലിയ സ്നേഹമാണ് എപ്പോഴും കാണിക്കാറുള്ളത്...... ചിലപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് വല്യപപ്പാ എന്നും ഇവിടെ ആയിരുന്നു ജോലി എങ്കിൽ എന്ന്........

അങ്ങനെയായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം രക്ഷപെട്ട് പോയേനെ....... ഒരാഴ്ച ഇവിടെ ഉണ്ടാകും ഒരാഴ്ചക്കാലം തങ്ങൾക്ക് സമാധാനമുള്ള കാലമാണെന്ന് ഓർത്തു, പെട്ടെന്ന് മുറിയിലെത്തി ബാഗ് വച്ചു ... അമ്മ ചിക്കൻ കഴുകുക ആണ്.... വല്ല്യ ജോലി ആണ്... അടുത്ത് ചെന്ന് സവാളയും വെള്ളുത്തുള്ളിയും ഒക്കെ ഒന്ന് ഒരുക്കി കൊടുത്തൂ...... അത്‌ കഴിഞ്ഞു വല്യമ്മച്ചിയുടെ മുറിയിലേക്ക് പോയി, കുളിയെല്ലാം കഴിഞ്ഞ് ബാഗൊക്കെ എടുത്തു നന്നായി പഠിക്കാനായി തന്നെ തീരുമാനിച്ചു........ എന്തുകൊണ്ടോ ആദ്യം ഓർമ്മ വന്നത് സാറിനെ ആണ്..... അതുകൊണ്ട് ഇംഗ്ലീഷ് പുസ്തകം തന്നെ എടുത്തു...... ഒന്ന് രണ്ട് പാരഗ്രാഫ് വായിച്ചപ്പോൾ തന്നെ ആത്മവിശ്വാസം എവിടേക്കൊ യാത്ര പോകാൻ നിൽക്കുന്നത് പോലെ തോന്നി...... അതോടെ മടക്കി വച്ചു, പിന്നീട് എഴുതാനുള്ള നോട്ടുകളും ഹോം വർക്കുകളും ഒക്കെ ഒരു വിധം എഴുതി കഴിഞ്ഞ് കുറച്ചു സമയം വല്യമ്മയുടെ കൂടെ ഇരുന്ന് കൊന്ത ചൊല്ലി...... ഇന്ന് അടുക്കളയിലേക്ക് ഇനി വിളിക്കില്ല എന്ന് പൂർണ ഉറപ്പുള്ളതുകൊണ്ട് സമാധാനത്തോടെ കുറച്ചുസമയം വല്യമ്മച്ചിയുടെ ഒപ്പമിരുന്നു...... അപ്പുറത്തെ മുറിയിൽ നിന്നും ഉറക്കെ വായിച്ചു പഠിക്കുന്ന അന്നയുടെ ശബ്ദം കേൾക്കാമായിരുന്നു...... വല്യ പപ്പയെ കേൾപ്പിക്കാൻ വേണ്ടിയാണ്......

വൈകുന്നേരം ഭക്ഷണവും കഴിച്ച് എങ്ങനെയൊക്കെയോ ഉറങ്ങാൻ കിടന്നു, രാവിലെ എഴുന്നേറ്റ് പ്രത്യേക ജോലികളൊന്നും ഇല്ലാത്തതുകൊണ്ട് സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പുകൾ തന്നെയായിരുന്നു....... പതിവുപോലെ സ്കൂളിലെത്തി കഴിഞ്ഞപ്പോൾ ആദ്യത്തെ പിരീഡ് ഇംഗ്ലീഷ് ആയിരുന്നു...... അപ്പോഴാണ് ഇന്നലെ എഴുതികൊടുത്ത പേപ്പറിന്റെ കാര്യം ഓർമ്മ വന്നിരുന്നത്....... ആദ്യത്തെ അവർ തന്നെ സാർ കയറി ക്ലാസിലേക്ക് വന്നു, ക്ലാസ്സിലെ പെൺകുട്ടികൾക്ക് മുഖം തെളിഞ്ഞു.... ഒരു ദർശന സുഖം രാവിലെ....... ആ ദിവസം തന്നെ മനോഹരമാകുന്നത് പോലെ...... ചിരിച്ചു കൊണ്ടു വന്ന് സാർ എന്തൊക്കെയോ പഠിപ്പിക്കുകയാണ്, ഇന്നലത്തെ പേപ്പറിനെ പറ്റി ഒന്നും പറയുന്നില്ല...... പഠിപ്പികൾ എല്ലാവരിലും ഒരു നിരാശയാണ് ഉണ്ടാക്കിയിരുന്നു..... എസ് എ എഴുതികൊടുത്തത് ആണ്.... അന്ന അടക്കം ഉള്ള പഠിപ്പികൾ ഒക്കെ വലിയ നിരാശയോടെ സാറിന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്...... പുസ്തകത്തിലെ കുറച്ചുഭാഗം നന്നായി വായിച്ച് മനസ്സിലാക്കി തന്നതിനുശേഷം സർ പുസ്തകം മടക്കിവെച്ച് പറഞ്ഞു...... " ഇന്നലെ ഞാൻ നിങ്ങളുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പോയ പേപ്പർ വിശദമായി തന്നെ നോക്കി..... എല്ലാവരുടെയും ഇംഗ്ലീഷ് നോളജിന്റെ ഏകദേശധാരണ എനിക്ക് മനസ്സിലായിട്ടുണ്ട്......

വളരെ നന്നായിട്ട് എഴുതിയിട്ടുണ്ട്........ നിങ്ങളാരും അത്രയ്ക്ക് കഴിവില്ലാത്ത കുട്ടികളല്ല....... നിങ്ങൾക്കെല്ലാം നല്ല മാർക്ക് വാങ്ങാൻ സാധിക്കാവുന്നതാണ്..... ഒരു ആത്മവിശ്വാസത്തോടെ സർ പറഞ്ഞപ്പോൾ ക്ലാസിലുള്ള ഓരോ കുട്ടിയുടെയും മുഖത്ത് ആ ആത്മവിശ്വാസം നിറഞ്ഞു..... അത് എന്നിലും അറിയാതെ നിറയുന്നതുപോലെ തോന്നി....... പക്ഷേ ആ മിഴികൾ എന്നിൽ തറഞ്ഞു നിന്നത് പോലെ എനിക്ക് തോന്നി...... സാറിൻറെ നോട്ടം എന്നിലേക്ക് എത്തുന്നത് പോലെ....... എൻറെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ എനിക്കും എന്തോ വല്ലായ്മ തോന്നി, ഒരു പക്ഷെ ഏറ്റവും മോശമായ എഴുതിയ വ്യക്തി ആയിരിക്കാം ഞാൻ എന്ന ചിന്തയും ആ നിമിഷം മനസ്സിലൂടെ ഒന്ന് കടന്നുപോയി.... സാറിന് മുഖം കൊടുക്കാതെ ഇരിക്കാൻ ശ്രമിച്ചു..... ബെൽ അടിക്കുന്നതിന് 15 മിനിറ്റ് സമയം കഴിഞ്ഞപ്പോൾ സർ വെറുതെ കുട്ടികളുടെ നോട്ട് മറ്റും നോക്കുന്ന രീതിയിൽ വന്നിരുന്നു.... ബുക്കിൽ നോക്കി ഇടയ്ക്കിടെ ടിക്ക് ചെയ്തുകൊണ്ട് മുഖത്തേക്ക് നോക്കാതെ തനിക്കുമാത്രം കേൾക്കാവുന്ന രീതിയിൽ പറഞ്ഞു......

" ഇന്റർവെല്ലിന് സ്റ്റാഫ് റൂമിലേക്ക് ഒന്ന് വരണം...... നോട്ടു മുഴുവൻ നോക്കുന്നതിൽ തന്നെയാണ് ആളുടെ ശ്രദ്ധ...... ഞാൻ മെല്ലെ തലയാട്ടി കാണിച്ചു, അത്‌ കഴിഞ്ഞപ്പോൾ സർ നോട്ട് നോക്കി ഒപ്പിട്ട് അടുത്ത റോയിലേക്ക് പോയി..... എങ്കിലും എന്തിനാ ആയിരിക്കണം സ്റ്റാഫ് റൂമിൽ ചെല്ലാൻ പറഞ്ഞത്...... പേപ്പറിനെ പറ്റി ചോദിക്കാൻ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു, പെട്ടെന്ന് ബെല്ലടിച്ചു ക്ലാസ്സിൽ നിന്നും സാറ് പോവുകയും ചെയ്തു..... അടുത്ത ഹവർ മാത്‍സ് ആണ്, ഏറ്റവും വെറുക്കുന്ന ഒരു വിഷയമാണ് തനിക്ക് .... എങ്കിലും ഒരു വിധത്തിൽ മാത്‍സ് ക്ലാസ്സ്‌ കഴിയല്ലെന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു..... കാരണം അത് കഴിഞ്ഞാൽ അടുത്തത് ഇന്റർവെൽ ആണ്... സാറിന്റെ അടുത്തേക്ക് പോകാൻ എന്തോ ഒരു ഭയം, ഒരുപക്ഷേ വഴക്ക് പറഞ്ഞാലോ, ഇമ്പോസിഷൻ തന്നാലോ അങ്ങനെ പല പല ചിന്തകളായിരുന്നു മനസ്സിൽ കൂടി കടന്നു പോയിരുന്നത്...... എങ്കിലും കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ അനിവാര്യമായ ബെൽ മുഴങ്ങി..... ടീച്ചർ താങ്ക്യൂ പറഞ്ഞ് ക്ലാസ്സിൽ നിന്നും എഴുന്നേറ്റ് പോവുകയും ചെയ്തിരുന്നു...... ആ നിമിഷം തന്നെ ഞാൻ ധന്യയോട് എന്തൊക്കെയോ പറഞ്ഞു ഇപ്പോൾ വരാം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ എന്താണ് കാര്യം എന്നറിയാതെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു അവൾ..... ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ച് സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നടന്നു...... ആ നിമിഷവും കാലുകൾക്ക് എന്തൊ ഒരു സ്വാധീനക്കുറവ് ഉള്ളതുപോലെ തോന്നി......

സ്റ്റാഫ് റൂമിലേക്ക് നോക്കിയപ്പോൾ ഇന്റർവെല്ല് ആയതുകൊണ്ട് തന്നെ എല്ലാ ടീച്ചേഴ്സും ഉണ്ടായിരുന്നു...... ആഹാ എത്ര മനോഹരമായി എല്ലാവരുടെയും മുന്നിൽവച്ച് നാണം കെടാൻ പറ്റും. ? അതായിരുന്നു ആ നിമിഷം മനസ്സ്...... അപ്പോഴാണ് ഹൃദയം നടുക്കിയ ആ കാഴ്ച കണ്ടത് കുറച്ചപ്പുറത്ത് ഇരുന്ന് മാത്‍സ് ടീച്ചറിന്റെ അരികിൽ നിന്ന് സംസാരിക്കുന്ന അന്ന..... അവൾ അങ്ങനെ സ്റ്റാഫ് റൂമിൽ വരാറില്ല.... എന്നാൽ പിന്നീടാണ് അവൾ ഇംഗ്ലീഷിൽ സാറിനോട് സംശയം ചോദിക്കാൻ ആണ് വന്നത് എന്ന് മനസിലായത്... അപ്പോഴാണ് അവളുടെ സംശയത്തിന്റെ കിടപ്പുവശം മനസ്സിലായത്...... സാർ ഇന്നലെ വന്ന ദിവസം മുതൽ സ്റ്റാഫ്‌ റൂമിൽ തിരക്ക് ആണ്.... ഒരു ദിവസമേ ആയിട്ടുള്ളൂ ഇതിനോടകം തന്നെ ബിവറേജിനെ ക്യു പോലെ ആണ് സ്റ്റാഫ് റൂമിന്റെ പുറത്തെ ക്യു..... പെൺകുട്ടികൾക്ക് എല്ലാം ഒരിക്കലും തീരാത്ത സംശയമാണ്....... എല്ലാവർക്കും കാണേണ്ടത് സാറിനെ തന്നെയാണ്....... അവസാനം എല്ലാവരും സംശയം ചോദിച്ചു കഴിയട്ടെ എന്ന് കരുതി താൻ ഒരു മൂലയ്ക്ക് ഒതുങ്ങി......

അപ്പോഴാണ് തന്നെ കൈയ്യാട്ടി സർ വിളിക്കുന്നത്...... എല്ലാവരും ഒരു നോട്ടം കൊണ്ടെങ്കിലും അങ്ങേർ ഒന്ന് കടാക്ഷിക്കും എന്ന് പ്രാർത്ഥിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് പുള്ളി കൈ നീട്ടി എന്നെ വിളിച്ചത് കണ്ടപ്പോൾ എല്ലാവരും എൻറെ മുഖത്തേക്കാണ് നോക്കിയത്..... ആ മുഖങ്ങളിൽ ഒക്കെ ഒരല്പം കുശുമ്പ് നിറഞ്ഞത് പോലെ എനിക്ക് തോന്നി...... വീണ്ടും കൈയ്യാട്ടി വിളിച്ചപ്പോൾ ഞാൻ എന്തോ വലിയ വിഐപി ആയി ഒരു നിമിഷം മാറിയതുപോലെ തോന്നിയിരുന്നു....... വലിയ അഭിമാനത്തോടെ തന്നെ എല്ലാവരെയും നോക്കി സാറിൻറെ അരികിലേക്ക് നടന്നു...... പ്രത്യേകിച്ച് അന്നയെ ഒന്ന് നോക്കി ചിരിക്കുവാനും മറന്നിരുന്നില്ല..... അവളുടെ മുഖത്തും അസൂയ പ്രകടമാണ്... " നിങ്ങളൊക്കെ പൊയ്ക്കോളൂ...... ഇനി എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ ക്ലാസ്സിൽ വരുമ്പോൾ ചോദിച്ചാൽ മതി...... അവിടെ കൂടി നിന്നിരുന്ന ഒരു പറ്റം പെൺപടകളെ നിരാശനാക്കി നമ്മുടെ യുവകോമളന്റെ വാക്കുകൾ.... എല്ലാ പിടക്കോഴി കളും എന്നെ ഒന്ന് രൂക്ഷമായി നോക്കിയെങ്കിലും വെളിയിലേക്കിറങ്ങി......

ഇവളുമാർ എല്ലാം കൂടി എന്നെ കയ്യിൽ കിട്ടിയാൽ ഇപ്പോൾ ഇടിച്ചു പിഴിഞ്ഞു സൂപ്പു കുടിക്കും എന്നുള്ള കാര്യം ഉറപ്പാണ്...... ഞാൻ അപ്പോഴും ഇനി നടക്കാൻ പോകുന്നത് എന്താണ് എന്ന ഭാവത്തിൽ സാറിനെ ഒന്ന് നോക്കി..... " ആർദ്ര പത്താംക്ലാസ് വരെ പഠിച്ചത് എവിടെയാണ്.....?? അതായിരുന്നു സാറിൻറെ ആദ്യത്തെ ചോദ്യം..... ഞാൻ പഠിച്ച സ്കൂളിനെ പറ്റി പറഞ്ഞു, " ഇംഗ്ലീഷിന് ഏതായിരുന്നു ഗ്രേഡ്.....? " ഡി പ്ലസ്...... മടിച്ചുമടിച്ചാണ് അത് പറഞ്ഞതെങ്കിലും സാറിൻറെ മുഖത്ത് അത്രയെങ്കിലും നിനക്ക് കിട്ടിയോ എന്ന ഭാവമായിരുന്നു എന്ന് തോന്നിയിരുന്നു..... " താൻ എങ്ങനെയാടോ ഈ പ്ലസ് വൺ വരെ എത്തിയത്......?തൻറെ പേപ്പർ നോക്കിയ ടീച്ചർമാർക്ക് തെറ്റ് പറ്റിയത് ആണോ എന്നറിയാൻ വേണ്ടിയാണ്...... വളരെ സൗമ്യമായി ആയിരുന്നു സാർ ചോദിച്ചിരുന്നത് എങ്കിലും എൻറെ എല്ലാ പ്രതീക്ഷകളെയും തകർക്കാൻ സാധിക്കുന്ന ഒരു ചോദ്യമായിരുന്നു അത്.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story