ആർദ്രം : ഭാഗം 8

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

തെറ്റ്......!! ഗുരുവാണ്....!! ജീവിക്കുവാൻ ഒരു പ്രേരണ തന്ന വ്യക്തിയാണ്, അതുകൊണ്ടുതന്നെ ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പാടില്ല.... മനസ്സിൽ ചിന്തിക്കുന്നത് കൊടിയ തെറ്റാണ് എന്ന് തോന്നിയിരുന്നു.... പക്ഷെ മനസ്സിൽ ഉദിച്ച ആ ഒരു വികാരത്തെ തടുത്തുനിർത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല ..... കാരണം അത്രയും ചെറിയ പ്രായത്തിൽ ലഭിച്ച സംരക്ഷണം, നിന്ദനങ്ങൾ മാത്രം ഏറ്റുവാങ്ങിയവളെ ആദ്യം ആയി അംഗീകരിച്ചവൻ... വിശന്നപ്പോൾ നൽകിയ ആഹാരം.... ഇത്‌ ഒക്കെ ആണ് ആ മനുഷ്യനോട് തനിക്ക് ബഹുമാനം തോന്നാൻ ഉള്ള കാരണങ്ങൾ...... ആ ബഹുമാനത്തിന് മറ്റൊരു പേര് നൽകേണ്ട എന്ന് തന്നെ തീരുമാനിച്ചു..... അതുകൊണ്ട് ഒരിക്കൽ പോലും അത് മുഖത്ത് പ്രകടിപ്പിക്കാതെ ആണ് സാറിൻറെ ക്ലാസ്സിൽ ഇരുന്നതും, പക്ഷേ ഇടയ്ക്കിടെ മനസ്സ് ചഞ്ചലപെട്ട് പോകുന്നുണ്ട്, മുഖത്തേക്ക് നോക്കുമ്പോൾ എന്തൊക്കെയോ ഒരു വേദന അല്ലെങ്കിൽ എന്തൊക്കെയൊ ഒരു ഗൂഢമായ സന്തോഷം ഉള്ളിൽ നിറയുന്നത് പോലെ തോന്നുന്നു..... പക്ഷേ ഗുരുനാഥനാണ്, ആദ്യമായി പ്രേചോദനം നൽകിയ മനുഷ്യൻ..... ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പാടില്ല, മനസ്സിനെ വീണ്ടും വീണ്ടും വിലക്കി കൊണ്ടിരുന്നു.... എങ്കിലും ചിന്തകൾ എവിടെയൊക്കെയോ പാറി വീഴുകയാണ്.....

മനസ്സിലെ ചിന്തകൾ വഴി തിരിയുന്ന സമയം വിവേകപൂർവ്വം തന്നെ അവയെ മാറ്റി നിർത്തി, ഉള്ളിൽ ഉറഞ്ഞു കൂടിയ വികാരത്തെ വിവേകത്തിന്റെ മേമ്പൊടിയോടെ തന്നെ മാറ്റി നിർത്തുകയായിരുന്നു.... അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഉച്ചക്ക് ലഞ്ച് ബ്രേക്ക് സമയത്ത് സാർ വന്ന് വിളിക്കുന്നത്..... ആ സാന്നിധ്യം നൽകുന്നത് സന്തോഷം ആണെങ്കിലും ഒരിക്കൽപോലും ഉള്ളിലുള്ള വികാരം മുഖത്തേക്ക് വരുത്താൻ ശ്രമിച്ചിട്ടില്ല....സാറിന് ഒരിക്കലും തന്നിൽ നിന്നും അങ്ങനെ ഒരു അനുഭവം ഉണ്ടാകരുത് എന്ന് തോന്നിയിരുന്നു..... സാർ വിളിച്ചപ്പോൾ അനുസരണയുള്ള കുട്ടിയായി അരികിലേക്ക് പോയിരുന്നു..... സർ എന്നെ വിളിക്കുമ്പോഴും എന്നോട് സംസാരിക്കുമ്പോഴും ഒക്കെ മറ്റു കുട്ടികൾ അസൂയയോടെ ആണ് നോക്കുന്നത് എന്ന സത്യം അല്പം സന്തോഷത്തോടെ തന്നെയാണ് തിരിച്ചറിഞ്ഞത്...... ഇതുവരെ യാതൊരു ബഹുമതികളും കിട്ടാതിരുന്നവൾക്ക് കിട്ടിയ ഒരു വലിയ ബഹുമതി തന്നെയായിരുന്നു അത്‌..... സ്റ്റാഫ് റൂമിലേക്ക് കയറിയപ്പോൾ വലിയൊരു ഗൈഡാണ് കയ്യിലേക്ക് ഏൽപ്പിച്ചത്, " ഇനിയുള്ള പഠനത്തിന് തന്നെ സഹായിക്കുന്നത് വേണ്ടി വാങ്ങിയതാണ്..... പ്ലസ് വൺ പ്ലസ് ടു കൂടി ഉൾപ്പെട്ടതാണ്.....

അതുകൊണ്ട് ആദ്യത്തെ ഭാഗം പ്ലസ് വണ്ണിന് മാത്രം, തനിക്ക് ട്യൂഷൻ ഒന്നും ഇല്ലാത്തതുകൊണ്ട് ആണ് ഞാൻ അത് തരുന്നത്..... ഞാൻ പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആവില്ലല്ലോ, താൻ വീട്ടിൽ പോയിരുന്നു ഇത് നന്നായിട്ട് പഠിക്കണം.... ഇമ്പോർടന്റ് ആയിട്ടുള്ള ക്വസ്റ്റ്യൻസ് ഒക്കെ ഞാൻ അടയാളപ്പെടുത്തിയിട്ടുണ്ട്..... എക്സാമിനു ഇതു തന്നെ പഠിച്ചാൽ തനിക്ക് എന്താണെങ്കിലും ജയിക്കാൻ ഉള്ളതിൽ കൂടുതൽ മാർക്ക് കിട്ടും..... പിന്നീട് അടുത്ത വർഷം മുതൽ ആദ്യംമുതലേ ക്ലാസിൽ ശ്രദ്ധിച്ചാൽ പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങാം.... തനിക്ക് ഉറപ്പുണ്ടെങ്കിൽ എബൗട്ട് 85% എങ്കിലും തനിക്ക് കിട്ടും......എനിക്ക് നല്ല കോൺഫിഡൻസ് ആണ്.. . തനിക്ക് പഠിക്കാൻ ഉള്ള കഴിവ് ഉണ്ട്..... അതിനുള്ള സാഹചര്യം ഇല്ലായിരുന്നു, എപ്പോഴാണെങ്കിലും ഒരു മണിക്കൂർ സമയം എങ്കിലും പഠിക്കാൻ വേണ്ടി കണ്ടെത്തണം..... ഇപ്പോൾ ഇത്തിരി കഷ്ടപ്പെട്ടാലും കുറച്ചുകാലം കഴിയുമ്പോൾ ആ കഷ്ടപ്പാടിന് ഫലമുണ്ടാകും..... താൻ എന്നോട് പറഞ്ഞിട്ടുള്ള തന്റെ ലൈഫ് സത്യമാണെങ്കിൽ അറിഞ്ഞിടത്തോളം തനിക്ക് മാത്രമേ അതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കു, തന്റെ അമ്മയും അനുജത്തിയും എല്ലാം തന്നെ മാത്രം നോക്കി ഇരിക്കുന്നത് ആണ്.... അതുകൊണ്ടുതന്നെ അവരെ ആ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണ്.......

തൻറെ മാത്രം ഉത്തരവാദിത്തമാണ്...... അത്രയും വലിയൊരു ഉത്തരവാദിത്തമാണ് ഞാൻ തനിക്കു മുകളിലേക്ക് വച്ചു വരുന്നത്..... അതുകൊണ്ട് നന്നായി പഠിക്കണം, ഒരുപാട് കഷ്ടപ്പാടിൽ നിന്ന് പഠിച്ചു വളർന്ന ആളാണ് ഞാൻ, അതുകൊണ്ട് എനിക്ക് അറിയാം, തനിക്ക് പറ്റും, തന്റെ കഷ്ടപ്പാടുകൾ ആയിരിക്കും തനിക്കുള്ള പ്രചോദനം..... ഒന്നും ഇല്ലാത്തവരാണ് ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുള്ളത്..... വലിയ ആത്മവിശ്വാസത്തോടെ സർ പറഞ്ഞു... "സർ പറയുന്ന പോലെ ഉള്ള കഴിവൊന്നും എനിക്കില്ല..... എങ്ങനെങ്കിലും ഒന്നു ജയിച്ചാൽ മതി എന്നേയുള്ളൂ...... എന്നിട്ട് എങ്ങനെയെങ്കിലും നഴ്സിങ്ങിന് പോകണം, അത്‌ ആണ് എൻറെ ആഗ്രഹം.... " ആയിക്കോട്ടെ എങ്ങനെയാണെങ്കിലും നല്ല മാർക്ക് ലഭിക്കുന്നത് നല്ല കാര്യമല്ലേ.....? ആഗ്രഹം വേണം...നമ്മുടെ ജീവിതത്തിൽ ഒരുപാട് പരാജയങ്ങൾ ഉണ്ടാകും, പലവട്ടം നമ്മൾ തോറ്റു പോയേക്കാം, പക്ഷേ ഒരിക്കൽ.... ഒരിക്കൽ നമ്മൾ വിജയിക്കുകതന്നെ ചെയ്യും,ഞാൻ പറഞ്ഞില്ലേ 365 ദിവസങ്ങൾക്കിടയിൽ ഒരു ദിവസം നമ്മുടെ ആണ്... ആ ഒരു ദിവസം നമ്മൾ കണ്ടുപിടിച്ച മാത്രം മതി.... അതിൽ ഏതെങ്കിലും ഒരു ദിവസം നമുക്ക് വേണ്ടി ഉള്ളതായിരിക്കും, ആ ഒരു ദിവസത്തിന് വേണ്ടി നമ്മൾ നന്നായി പ്രയത്നിക്കണം.... അത്രയേ ഉള്ളൂ....!

നമ്മുടെ മുൻപിൽ എപ്പോഴും വിജയം ആയിരിക്കണം ലക്ഷ്യം.... ഒരുപാട് ആഗ്രഹിക്കണം സ്വപ്നം കാണണം, ആ സ്വപ്നം ആയിരിക്കണം ലക്ഷ്യം.... " അതിനുമാത്രം കഴിവൊന്നും എനിക്കില്ല സാർ.. മുഖം കുനിച്ചു നിന്ന് പറഞ്ഞു... " ഈ ചിന്ത, ഈ ചിന്തയാണ് ആദ്യം മാറ്റേണ്ടത്, ഒന്നും എന്നെക്കൊണ്ട് പറ്റില്ല എന്ന് ചിന്തിക്കാതെ എന്നെക്കൊണ്ട് എന്തുകൊണ്ട് പറ്റില്ല എന്ന് ചിന്തിച്ചു നോക്കൂ..... നമ്മൾ പ്രെയത്നിച്ചാൽ നമ്മളെക്കൊണ്ട് പറ്റാത്തതായി ഒന്നുമില്ല..... നമ്മൾ ആ കാര്യത്തിനെ അപ്പറോച്ച് ചെയ്യുന്ന രീതിയിലാണ് വ്യത്യാസം വരേണ്ടത്..... തന്റെ ആഗ്രഹം ഒരു നേഴ്സ് ആകണം എന്നാണ്..... അതിന് പ്രചോദനമായ കാര്യം എന്നോട് പറയുകയും ചെയ്തു, അമ്മയെ സഹായിക്കണം, അല്ലെങ്കിൽ അമ്മയ്ക്കും അനുജത്തിയ്ക്കും എന്തെങ്കിലും ഒരു വയ്യായ്ക വന്നാൽ അവർക്ക് തൽക്കാലത്തേക്ക് ഒരു മരുന്ന് നൽക്കാൻ ഉള്ള അറിവ് എങ്കിലും തൻറെ കയ്യിൽ ഉണ്ടാവണം, അത്‌ കൊണ്ടാണ് തനിക്ക് അങ്ങനെയൊരു ചിന്ത വന്നത്.... ഒരിക്കലും നമ്മുടെ സ്വപ്നങ്ങൾ താഴ്ന്നു പോകരുത്, എനിക്കൊരു നേഴ്സ് ആവണം എന്ന് കരുതി താൻ പഠിക്ക്, അങ്ങനെ ആണെങ്കിൽ തീർച്ചയായും അതോ അതിനും മുകളിലോ ആകും ഉറപ്പാണ്.... അതിൽ ഒരു മാറ്റവും ഇല്ല.....

അതുകൊണ്ട് താനാ ഒരു ലക്ഷ്യം മാത്രം മനസ്സിൽ വയ്ക്കുക, മറ്റു കാര്യങ്ങളെല്ലാം മനസ്സിൽ നിന്നും ഒളിപ്പിച്ചുവെയ്ക്കണമെന്ന് സാരം..... മറ്റൊരു കാര്യം നന്നായി ഓർക്കണം, വന്ന വഴികളിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ.....മറ്റുള്ളവരുടെ കയ്യിൽ നിന്നും തനിക്ക് ഏൽക്കേണ്ടിവന്ന നിന്ദകൾ, ഇതൊന്നും ഒരിക്കലും മറക്കരുത്...... കാരണം ഇതൊക്കെ മുന്നോട്ടുള്ള ജീവിതത്തിന് തനിക്ക് വലിയ ഊർജ്ജം ആയിരിക്കും തരുന്നത്..... തലകുലുക്കി അനുസരണയോട് നിന്നു, സർ ഗൈഡ് നോക്കി ടിക്ക് ഇടുക ആണ്... "ഇതിൽ നിന്നും കൃത്യമായിട്ട് ഇപ്പോൾ മുതൽ ഒരു 15 ക്വസ്റ്റ്യൻ വെച്ച് പഠിച്ചു നോക്കിക്കേ..... തനിക്ക് മാറ്റം വരും..... ഒരുപാടൊന്നും ഞാൻ തന്റെ തലയിലേക്ക് വച്ച് തരുന്നില്ല.... എല്ലാ ആഴ്ചയിലും 20 ക്വസ്റ്റ്യൻ, 20 ക്വസ്റ്റ്യൻ ഫുള്ള് പഠിച്ചാൽ മതി..... ഒരു മാസമാകുമ്പോഴേക്കും താനൊരു 80 ക്വസ്റ്റ്യൻസ് പഠിച്ചിട്ട് ഉണ്ടാകും.... അങ്ങനെ പഠിക്കുമ്പോൾ തനിക്ക് മനസ്സിലാക്കാൻ പറ്റും, പിന്നെ പഠിച്ച കാര്യങ്ങൾ എല്ലാം ഇടയ്ക്ക് റിവിഷൻ ചെയ്ത് നോക്കണം.... അത്രയേ ഉള്ളൂ, തനിക്ക് പറ്റും.... പിന്നെ ആർദ്ര അനുജത്തി യുപി സെക്ഷൻ അല്ലേ.....? എനിക്ക് അങ്ങോട്ട് പോകാൻ പറ്റില്ല, ആർദ്രയുടെ അനുജത്തി ഒന്ന് ശ്രദ്ധിക്കണം എന്ന് ഞാൻ മാലതി ടീച്ചറിനോട് പറഞ്ഞിട്ടുണ്ട്....

ആ കുട്ടിക്ക് പ്രത്യേകമായി ട്യൂഷൻ കൊടുക്കാമെന്ന് ടീച്ചറും പറഞ്ഞിട്ടുണ്ട്..... നിങ്ങൾ രണ്ടുപേരും ഉയർന്നുവരുമ്പോൾ നിങ്ങളുടെ അമ്മയ്ക്ക് ഒരു നല്ല കാലം ഉണ്ടാകും എന്നുള്ളത് ഉറപ്പാണ് ആർദ്ര..... അതിനുവേണ്ടി മാത്രം പഠിച്ചാൽ മതി..... അമ്മയ്ക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷം ആർദ്രയുടെ കൈയ്യിൽ ഉണ്ട്.... ചിന്തിച്ചാൽ മാത്രം മതി, പിന്നെ തനിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ അനുജത്തിയും താനും കൂടി സാറ്റർഡേ വൈകുന്നേരങ്ങളിൽ വീട്ടിലേക്ക് വന്നാൽ മതി, ഞാൻ ട്യൂഷൻ എടുത്തു തരാം...... അത്യാവശ്യം സംശയമുള്ള സബ്ജക്ടും പിന്നെ ചെറിയൊരു ടെസ്റ്റ്‌ ഒക്കെ ആയിട്ട്...... പെട്ടന്ന് ഉള്ളിൽ ഒരു തണുപ്പ് പോലെ തോന്നി.... " സാറിന് ഒരു ബുദ്ധിമുട്ടാവില്ലേ.....? " ഞാൻ ഒരു അധ്യാപകൻ അല്ലേ, മറ്റൊരാൾക്ക് വിദ്യപകർന്നു കൊടുക്കുമ്പോൾ വളരെ ശ്രദ്ധയോടെ ഒരാൾ അത്‌ കേൾക്കുമ്പോൾ അതിൽ നിന്നും അവർക്ക് എന്തെങ്കിലുമൊക്കെ ലഭിച്ചു എന്ന് അറിയുമ്പോൾ ഒരു അധ്യാപകന് കിട്ടുന്ന സന്തോഷത്തിന് അതിരുകളില്ല..... അതുകൊണ്ടുതന്നെ എനിക്കൊരു ബുദ്ധിമുട്ടുമില്ല...... സന്തോഷം മാത്രമാണ്, പക്ഷേ പറഞ്ഞതനുസരിച്ച് നിങ്ങളുടെ വീട്ടിൽ നിന്ന് എങ്ങനെ വിടും....? വീട്ടിൽ പറയാതെ വരണ്ട .... " ഞാൻ സമ്മതിപ്പിച്ചോളാം സർ.... ഞാൻ എങ്ങനെയും വരും, എനിക്ക് പഠിക്കണം.....

എനിക്ക് ജോലി വാങ്ങണം, എനിക്ക് എൻറെ അമ്മയെയും അനുജത്തിയെയും ആ വീട്ടിൽനിന്ന് രക്ഷിക്കണം...... എന്നിട്ട് അച്ഛനുറങ്ങുന്ന ആ മണ്ണിൽ ചെന്ന് പറയണം,അച്ഛന് ഉറങ്ങുന്ന ആ മണ്ണെങ്കിലും സ്വന്തം ആക്കണം.... അവിടെ ഞങ്ങടെ അച്ഛനുണ്ട്, ഞങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഉണ്ട്..... ആ വീട്ടിൽ നിന്ന് ഇറങ്ങിയതിൽ പിന്നെ ഒരിക്കൽ പോലും ഞാനോ അമ്മയൊ അഞ്ജുവോ സന്തോഷം അനുഭവിച്ചിട്ടില്ല സർ..... ഒരിക്കലെങ്കിലും ഒരു ഒറ്റ ദിവസം എങ്കിലും അച്ഛനും അമ്മയും ഞാനും അഞ്ജുവും അച്ചുവും ഞങ്ങളെല്ലാവരും കൂടെ ആ വീട്ടിൽ, എനിക്ക് അങ്ങനെ ഒന്ന് കഴിയുമെന്ന് ആഗ്രഹമുണ്ട്,അത്‌ നടക്കില്ലല്ലോ അതിനാൽ അവരുടെ ആത്മാവിന്റെ സാനിധ്യത്തിൽ എങ്കിലും..... അതു പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..... ഒരു വേള അവനും വേദന തോന്നിയിരുന്നു.... " ആർദ്ര കണ്ണ് തുടയ്ക്ക്.... ഒക്കെ നടക്കും.... മറ്റു ടീച്ചേർസ് ഒക്കെ കാണും.. അവൻ ഷർട്ടിന്റെ പോക്കെറ്റിൽ നിന്നും കർച്ചീഫ് എടുത്തു അവളുടെ കൈകളിലേക്ക് വയ്ക്കുമ്പോൾ ഒരു നിമിഷം അവൾ വല്ലാതെ ആയി പോയിരുന്നു.....

പെട്ടെന്ന് അവൻറെ കയ്യിൽ നിന്നും അത്‌ വാങ്ങി..... കണ്ണുനീർ തുടച്ചു അത്‌ നീട്ടുമ്പോൾ ചെറുചിരിയോടെ അവൻ പറഞ്ഞു..... " ആർദ്ര വെച്ചോളൂ..... ഉള്ളിൽ നിറഞ്ഞ കുഞ്ഞ് സന്തോഷത്തോടെ തിരികെ മറുപടിയും പറഞ്ഞു ക്ലാസിലേക്ക് പോകുമ്പോഴും സാർ പകർന്നു തന്ന ആത്മവിശ്വാസം ആയിരുന്നു മനസ്സ് നിറയെ..... ഇങ്ങനെ പ്രചോദനം നൽകുവാൻ ഒരാൾ ഉണ്ടാകുന്നത് വലിയ ആശ്വാസമാണ്.....കൈയ്യിൽ ഇരുന്ന കർച്ചീഫ് ഒന്നൂടെ മൂക്കിലേക്ക് അടുപ്പിച്ചു..... സാറിന്റെ ഗന്ധം..... എന്റെ സന്തോഷങ്ങളുടെ സൗരഭ്യം .... ഈ തൂവാല എത്രയൊ വട്ടം ആ മുഖത്തെ തഴുകി ഓടിയിട്ടുണ്ടാകും...... ആ കണ്ണുകളെ ആ അധരങ്ങളിൽ, ആ കട്ടിമീശയിൽ.... ഇപ്പോൾ തന്റെ കൈയ്യിൽ..... ഒരു നിധി പോലെ അതിനെ നോക്കി..... തൽക്കാലം സാറിനോട് മനസ്സിൽ തോന്നിയ എല്ലാ വികാരങ്ങളും കുറച്ചു മാറ്റിവെച്ചു..... താൻ ആദ്യം സ്വന്തം കാലിൽ നിൽക്കണം ബാക്കി ഒക്കെ പിന്നെ.... വളർന്നു വരുന്ന സമയങ്ങളിലും ഇതുപോലെ ഉണ്ടെങ്കിൽ എന്നെങ്കിലുമൊരിക്കൽ സാറിനെ അറിയിക്കാം എന്ന് വിചാരിച്ചു..... അത് അറിയിച്ചില്ലെങ്കിലും സാറിനോട് ഉള്ള സൗഹൃദം എങ്കിലും താൻ ആഗ്രഹിച്ചിരുന്നു എന്നതാണ് അതിനർത്ഥം.....

ഒരുപക്ഷേ എൻറെ മനസ്സിൽ തോന്നിയ കാര്യത്തെപ്പറ്റി സാറിനോട് സൂചിപ്പിച്ചെങ്കിൽ ഇത്രത്തോളം സർ അടുത്ത് ഇടപെടുമായിരുന്നില്ല എന്ന് തോന്നുന്നത്..... ഇപ്പോൾ പ്രണയത്തിനല്ല മുൻതൂക്കം കൊടുക്കേണ്ടത് എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ.... താൻ താനായി മാറിയതിനു ശേഷം തൻറെ സ്വന്തം കാലിൽ നിന്നതിനുശേഷം സാറിനെ വന്ന് കാണണം, അതിനുശേഷം ചങ്കുറപ്പോടെ ആ മുഖത്തേക്ക് നോക്കി പറയണം, തൻറെ മനസ്സിൽ ഈ ആകർഷണം ഇതുപോലെ അന്നും ഉണ്ടെങ്കിൽ, തനിക്കിപ്പോൾ സാറിനോട് തോന്നുന്നത് കേവലം ഒരു ആകർഷണം ആണോ എന്ന് അറിയുവാനുള്ള ഒരു കാലപരിധി കൂടിയാണ് താൻ തന്റെ മനസ്സിന് കൊടുക്കുന്നത് എന്ന് അവൾ ചിന്തിച്ചു .....എത്രവേഗമാണ് ഒരു പതിനാറ് വയസ്സുകാരി പക്വതയോടെ ചിന്തിച്ചു തുടങ്ങുന്നത് എന്ന് അവൾ ഓർക്കുകയായിരുന്നു..... അങ്ങനെ ഒരു പരീക്ഷ കഴിഞ്ഞു അത്യാവശ്യം കുഴപ്പമില്ലാത്ത മാർക്ക് തന്നെ വാങ്ങിയിരുന്നു, മാർക്കിൽ തന്നെക്കാൾ ഏറെ സന്തോഷിച്ചത് സർ ആയിരുന്നു എന്ന് തോന്നി.... ആ മുഖം കണ്ടപ്പോൾ തന്നെ അത് മനസ്സിലായിരുന്നു, നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു സാർ അതിനുപകരം നൽകിയത്... തന്റെ അധ്വാനത്തിന് ഫലം ഉണ്ടായല്ലോ എന്ന രീതിയിലുള്ള ഒരു മനസ്സ് നിറഞ്ഞ പുഞ്ചിരി.....

പിന്നീട് പിടിഎ മീറ്റിങ് ആണ്, വീട്ടിൽ നിന്നും തനിക്ക് ആരും വരാനില്ലല്ലോ..... സാറിനോട് അത്‌ നേരത്തെ പറഞ്ഞിരുന്നു " അങ്ങനെയല്ല അമ്മയെയും കൂട്ടി വരണം.... അങ്ങനെ സാർ പറഞ്ഞപ്പോൾ അത് സമ്മതിക്കുക അല്ലാതെ മറ്റു നിർവാഹം ഒന്നുമുണ്ടായിരുന്നില്ല.... അങ്ങനെ ആ വർഷത്തെ ആദ്യത്തെ മീറ്റിങ്ങിന് അമ്മയെയും കൂട്ടി സ്കൂളിലേക്ക് വന്നു, ക്ലാസിലെ ഹെഡ് ആയതുകൊണ്ട് തന്നെ ഓരോരുത്തരെയും കണ്ട് സർ തന്നെയായിരുന്നു നേരിട്ട് സംസാരിച്ചിരുന്നത്..... അമ്മയൊടെ തൻറെ പഠനത്തെ പറ്റിയും പഠനത്തിൻറെ രീതികളെ പറ്റിയുമൊക്കെ സാർ വാചാലമായിരുന്നു..... " കഴിവുള്ള കുട്ടിയാണ് പഠിക്കാനുള്ള സാഹചര്യം ഇല്ലെന്ന് ആർദ്ര പറഞ്ഞു.... എല്ലാ കാര്യങ്ങളും എനിക്കറിയാം, എങ്ങനെയെങ്കിലും പഠിക്കാൻ പറയണം.... അങ്ങനെയാണെങ്കിൽ നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിൽ നിന്നും അത് വലിയ ഒരു കൈത്താങ്ങ് ആയിരിക്കും.... നമ്മുടെയൊ ജീവിതം ഇങ്ങനെയായി ഇനിയുള്ള തലമുറയെങ്കിലും നല്ലതായി ജീവിക്കേണ്ടേ....? അതിന് ആർദ്രയിലൂടെ അമ്മ വേണം മുൻകൈ എടുക്കാൻ..... എത്ര തിരക്കുണ്ടെങ്കിലും കുറച്ചുസമയം പഠിക്കാൻ മാറ്റിവയ്ക്കാൻ മകളെ തീർച്ചയായും ശ്രദ്ധിക്കണം.... ഇല്ലെങ്കിൽ അമ്മയുടെ അവസ്ഥ തന്നെ ആകും ഈ കുട്ടിക്ക്.... "

ആഗ്രഹമില്ലാഞ്ഞിട്ടല്ല സാറേ പഠിച്ചൊരു കരയിൽ എത്തിക്കണം എന്ന് ആഗ്രഹമുണ്ട്..... പക്ഷേ അതിനുള്ളത് ഒന്നും എൻറെ കയ്യിൽ ഇല്ല, " അതൊക്കെ നടക്കും..... ഇതിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്, അവർക്കൊക്കെ എന്തെങ്കിലുമൊക്കെ നേടാൻ സാധിച്ചിട്ടുണ്ട്..... നമ്മളൊന്നും പറ്റില്ലെന്ന് വിചാരിക്കുമ്പോൾ ആണ് നടക്കാതിരിക്കുന്നത്...... രണ്ടുപേരെയും വിരോധമില്ലെങ്കിൽ അവധിദിവസങ്ങളിൽ എൻറെ വീട്ടിലേക്ക് വിട്ടേക്കൂ, ഞാൻ ഇവിടെ അടുത്താണ് താമസിക്കുന്നത്.... അമ്മയും സഹോദരിമാരും ഒക്കെ ഒപ്പം ഉണ്ട്, ഞാൻ രണ്ടുപേർക്കും അത്യാവശ്യം വേണ്ടത് ഒക്കെ പറഞ്ഞു കൊടുക്കാം..... പരീക്ഷയ്ക്ക് സഹായിക്കാം, ട്യൂഷൻ വിടാൻ ഉള്ള അവസ്ഥ അല്ല എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാ..... " വിടാം സാറേ..... എങ്ങനെയെങ്കിലും എൻറെ കുഞ്ഞിനെ എങ്കിലും ഇതിൽ നിന്ന് രക്ഷിക്കണമെന്ന് ഉണ്ട് എനിക്ക്...... എൻറെ കാലം കഴിഞ്ഞു കുട്ടികൾ രണ്ടും അനാഥരായി പോകാൻ പാടില്ല..... അങ്ങനെയാണെങ്കിൽ ഏട്ടനോട് ഞാൻ ചെയ്യുന്ന ചതി ആയി പോകും, എന്നെ വിശ്വസിച്ചു കുട്ടികളെ ഏൽപ്പിച്ചിട്ട് പോയതല്ലേ..... സാറിന് മുൻപിൽ നിന്ന് നിസ്സഹായയായി കരയുന്ന അമ്മയുടെ രൂപം അന്ന് മനസ്സിൽ കോറിയിട്ടത് അമ്മയെ സംരക്ഷിക്കാൻ ഞാൻ മാത്രമേയുള്ളൂ എന്നുള്ള ഒരു തിരിച്ചറിവ് തന്നെയായിരുന്നു...... പിന്നീട് അതിൽ നിന്ന് ആയിരുന്നു ജീവിതം ആരംഭിക്കാൻ ശ്രമിച്ചത്...... സർ പറഞ്ഞതുപോലെ അമ്മയെ അവിടെ നിന്നും രക്ഷിക്കുന്നത് എന്റെ ഉത്തരവാദിത്വമാണ്..... എൻറെ മാത്രം ഉത്തരവാദിത്വം..... ആ ഉത്തരവാദിത്വം ഞാൻ നന്നായി തന്നെ ചെയ്യണമെന്ന് തോന്നി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story