ആർദ്രം : ഭാഗം 9

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

അങ്ങനെ അമ്മയുടെ അനുവാദത്തോടെ തന്നെ പിന്നീട് ശനിയാഴ്ചകളിൽ ഞാനും അഞ്ജുവും സാറിൻറെ വീട്ടിലേക്ക് പഠിക്കാൻ പോകാനായി തീരുമാനിച്ചിരുന്നു...... സർ തന്നെ ആയിരുന്നു വഴിയൊക്കെ പറഞ്ഞത്..... സ്കൂളിൻറെ അരികിൽ നിന്നും കുറച്ചു ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ വീട് എന്നതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ പോകാൻ കഴിഞ്ഞിരുന്നു..... സാറിൻറെ വീട്ടിലേക്ക് ചെന്നപ്പോൾ ആയിരുന്നു അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നത്..... അവിടെ ഞങ്ങളെ വരവേറ്റത് അതിലും വേദനിപ്പിക്കുന്ന ചില രംഗങ്ങളായിരുന്നു, സാറിൻറെ അമ്മ തളർന്നു കിടക്കുകയാണ്..... സാറിന്റെ അനുജത്തിയുടെ ജനനത്തോടെ അങ്ങനെ സംഭവിച്ചത് ആണെന്ന് അറിഞ്ഞത്..... ഏകദേശം ഞങ്ങളുടെ പ്രായം വരുന്ന ഒരു പെൺകുട്ടിയെ കണ്ടിരുന്നു, ഡിഗ്രി ഫസ്റ്റ് ഇയർ ആണ് പഠിക്കുന്നത് എന്ന് പറഞ്ഞു ....... സാറിൻറെ അനുജത്തി ആണെന്നും പറഞ്ഞു, ഹരിത എന്നുപറഞ്ഞ് പരിചയപ്പെടുത്തി..... അതോടൊപ്പം മറ്റൊരു അനുജത്തിയേയും ഹേമ എന്നുപറഞ്ഞ് പറ്റിച്ചയപ്പെടുത്തി.....

ചേച്ചി പിജി കഴിഞ്ഞു ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ആണ്.... ഹരിതയുടെ ജനനത്തിനു ശേഷമാണ് സാറിൻറെ അമ്മയ്ക്ക് തളർവാദം വന്നത് എന്നും അറിഞ്ഞു...... അന്നുമുതൽ അമ്മ കട്ടിലിൽ തന്നെയാണ്.....വളരെ വേദനയോടെ ആയിരുന്നു ആ ഒരു സത്യം കേട്ടത്.... പക്ഷേ സാറിന് എല്ലാ കാര്യത്തിലും ഒരു പോസിറ്റീവ് എനർജി നിറയ്ക്കാൻ ഉള്ള കഴിവുണ്ട് എന്ന് മനസ്സിലായി, ഒരുപക്ഷേ ഇത്രയും ജീവിതപ്രയാസങ്ങൾ ഉള്ളത് കൊണ്ടായിരിക്കാം.... കഷ്ടപ്പെടുന്ന ആളുകളെ മാത്രം തിരഞ്ഞുപിടിച്ച് സഹായിക്കുന്നതെന്ന് പോലും എനിക്ക് തോന്നിയിരുന്നു...... എനിക്ക് മാത്രമായിരുന്നില്ല ആ സ്കൂളിലുള്ള പല ആളുകൾക്കും സാർ പലരീതിയിൽ സഹായം ചെയ്യുന്നത് ഞങ്ങളെല്ലാവരും അറിഞ്ഞിരുന്നു, ഒരിക്കൽ പഠിക്കാൻ ഫീസ് അടക്കാൻ ഇല്ലാത്ത ഒരു കുട്ടിക്ക് ഫീസ് അടച്ചത്, ചിലർക്ക് പുസ്തകങ്ങൾ വാങ്ങി കൊടുത്തതും, അതോടൊപ്പം മത്സരത്തിന് പോവാൻ അവന് വണ്ടിക്കൂലി കൊടുത്തത് ഒക്കെ അറിഞ്ഞിരുന്നു..... ശ്രീരാഗിന്റെ ക്ലാസിൽ ഉള്ള ഒരു സ്റ്റുഡൻറ് ആയിരുന്നു,

അതോടെ സാറിനോടുള്ള ബഹുമാനം ഇരട്ടിക്കുകയായിരുന്നു..... സഹതാപത്തിന്റെ ഒരു മേമ്പൊടിയും ഇല്ലാതെയാണ് സാർ എല്ലാരേയും നോക്കുന്നത്...സാറിന്റെ മുഖത്തേക്ക് നോക്കിയാൽ തന്നെ ചെറു ചിരി ഇപ്പോഴും ആ മുഖത്തുണ്ട്..... ആ വ്യക്തിയോട് തോന്നിയ ഇഷ്ടത്തിനും ബഹുമാനത്തിനും വീണ്ടും ആഴം കൂടുന്നത് ഞാൻപോലുമറിയാതെ ആ നിമിഷം അറിയുന്നുണ്ടായിരുന്നു...... " അമ്മ സംസാരിക്കില്ലേ സാർ....? അല്പം മടിയോടെ ചോദിച്ചു.... " സംസാരത്തിൽ ഒന്നും യാതൊരു കുഴപ്പമില്ല, നന്നായി സംസാരിക്കും, കാര്യങ്ങൾ ഒക്കെ മനസ്സിലാകും... പിന്നെ ഇങ്ങനെ കിടന്നു..... ഇപ്പോൾ വർഷങ്ങളായി ഈ ഒരു കാര്യവും ആയി ഞാനും ഇവരൊക്കെ പൊരുത്തപ്പെട്ട് പോയി..... ചെറു ചിരിയോടെ ഞങ്ങളെ നോക്കി സർ പറഞ്ഞപ്പോൾ ഞങ്ങൾ ഒന്ന് പുഞ്ചിരിച്ചു, " ചായ കുടിക്കാം....!! സ്നേഹത്തോടെ ചേച്ചിമാർ ഞങ്ങളെ വിളിച്ചപ്പോൾ ഞങ്ങളും അകത്തേക്ക് കയറി ഇരുന്നു....... ചായയും ബിസ്ക്കറ്റും ഒക്കെ കഴിച്ചു.... അവരുമായി പെട്ടന്ന് അടുപ്പത്തിൽ ആയി..... കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അമ്മയുടെ അരികിലേക്ക് ചെന്ന് സംസാരിച്ചിരുന്നു.....

ഞങ്ങളൊക്കെ വന്നത് അമ്മയ്ക്ക് വലിയ സന്തോഷമായിരുന്നു എന്ന് അമ്മയുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായിരുന്നു...... കുറേസമയം ഞങ്ങളോട് സംസാരിച്ചപ്പോൾ അമ്മയും പുതിയൊരാൾ ആയത് പോലെ തോന്നിയിരുന്നു.......സാറിൻറെ കുട്ടികൾ ആണെന്ന് പറഞ്ഞപ്പോൾ സാർ ഒരു പാവമാണെന്ന് ക്ലാസ്സിൽ കാണിക്കുന്ന ദേഷ്യമൊക്കെ ഉള്ളൂ എന്നും ഒക്കെ വളരെ നിസ്സാരമായി പറഞ്ഞപ്പോഴാണ് ഒരു കൈലിയൊക്കെ ഉടുത്തു സർ കയറിവരുന്നത്...... " അമ്മ അങ്ങനെയങ്ങു പറഞ്ഞു എന്റെ ഇമേജ് കളയരുത്..... ഇവർക്കൊക്കെ എന്നെ ചെറിയ പേടി എങ്കിലും വേണം, ചെറുചിരിയോടെ അതും പറഞ്ഞു അരികിലിരുന്ന് മേശയിൽ നിന്നും അമ്മയ്ക്ക് മരുന്ന് എടുത്തു കൊടുത്തപ്പോൾ ഞാനും കൂടി കൂടിയാണ് അമ്മയെ ഉയർത്തി ഇരുത്തിയത്..... ഇത്‌ കണ്ട സാർ ഗൗരവത്തിൽ ഒന്ന് ചിരിച്ചു കാണിച്ചു..... " ഇനി പരിചയം പുതുക്കലും ലോഹ്യവും ഒക്കെ കുറച്ചു കഴിഞ്ഞു..... ഇനി കുറച്ചു പഠിക്കാം...... രണ്ടുപേരോടും ആയി പറഞ്ഞു സാർ വിളിച്ചപ്പോൾ അമ്മയോട് യാത്രയും പറഞ്ഞ് ഞങ്ങൾ സാറിനെ അനുഗമിച്ചു...... ഡൈനിങ് മുറിയിലിരുത്തി ആയിരുന്നു സാർ പഠിപ്പിച്ചിരുന്നത്, അഞ്ജുവിന്റെ ഓരോ പുസ്തകങ്ങളും വാങ്ങി നോക്കി അവൾക്ക് സംശയം ഉള്ള ഭാഗങ്ങളെല്ലാം പ്രത്യേകം പ്രത്യേകം സാർ പറഞ്ഞു കൊടുത്തു,

എനിക്കാണെങ്കിൽ നോട്ട് മുഴുവൻ പ്രത്യേകമായി എഴുതിത്തന്നു..... എങ്ങനെ ഏതൊക്കെയാണ് പ്രധാനമായി വരുന്നതെന്നും എങ്ങനെയാണ് അതിനെ പഠിക്കേണ്ടത് എന്നൊക്കെ പറഞ്ഞു തന്നു..... ഏറ്റവും എനിക്ക് പ്രയാസം മാതസ് ആയതുകൊണ്ട് അതിനു സാർ കുറുക്കുവഴികൾ കണ്ടുപിടിച്ചതാണ്...... വളരെ പെട്ടെന്ന് തന്നെ സാറിൻറെ പഠന രീതിയിൽ ഞങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു..... കുറെ നേരം നീണ്ടുനിന്ന പഠനം വിരസമായി തോന്നിയതെ ഇല്ലായിരുന്നു..... ഒന്നും പറഞ്ഞില്ലെങ്കിലും ഒരു പ്രത്യേക സന്തോഷത്തിൽ ഞങ്ങളെ കൊണ്ടുവരുവാൻ സാറിന് കഴിഞ്ഞു...... ആ ഒരു പോസിറ്റീവ് എനർജി എല്ലാവരിലേക്കും നിറഞ്ഞുനിൽക്കുന്നത് മനസ്സിലായിരുന്നു..... എനിക്കും എല്ലാ കാര്യങ്ങളും സാറ് മനസ്സിലാക്കി തന്നെയാണ് പഠിപ്പിച്ചത്..... അതിനിടയിലെപ്പോഴോ പുസ്തകത്തിൽ നിന്നും നോട്ടം മാറി ആ മുഖത്തേക്ക് തന്നെ എത്തി....എത്ര മൂടി വച്ചിട്ടും ഉള്ളിൽ തോന്നിയ ഇഷ്ട്ടം പുറത്തേക്ക് വന്നപോലെ..... എനിക്ക് സാറിനോടുള്ള ബഹുമാനം വീണ്ടും അതിരുകടന്ന പ്രണയത്തിലേക്ക് പോകുന്നത് ഞാനറിഞ്ഞു..... കുറെ സമയം ആ മുഖത്തേക്ക് അങ്ങനെ നോക്കിയിരിക്കാൻ തോന്നുന്നതുപോലെ.....

എന്നും ഈ സാന്നിധ്യം ഒപ്പം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചത് പോലെ...... ആ നെഞ്ചിൽ ചേർന്നാൽ എത്ര സുരക്ഷിതയായിരിക്കും എന്ന് ഞാൻ ഒന്ന് ചിന്തിച്ചു...... ആ നിമിഷം തന്നെ ഞാൻ മനസ്സിലാക്കി അധ്യാപകനാണ്...... ഇതിനുമപ്പുറം കടന്നു ചിന്തിക്കാൻ പാടില്ല, ഇഷ്ടം ആണെങ്കിൽ അത്‌ നിർമ്മലം ആണെങ്കിൽ ഒരിക്കൽ അത്‌ നിന്നെ തേടിയെത്തും, അതുവരെ ഗുരുനാഥനെ പറ്റി മോശമായി ഒന്നും ചിന്തിക്കരുത്...... എത്ര പെട്ടെന്നാണ് ഞാൻപോലുമറിയാതെ എൻറെ മനസ്സ് പക്വത കൈവരിച്ചത് എന്ന് ഞാൻ വിചാരിച്ചു...... ഉച്ചയായപ്പോൾ ഹേമ ചേച്ചി വന്നു ആഹാരം കഴിക്കാം എന്ന് പറഞ്ഞപ്പോൾ, ബാക്കിയൊക്കെ ഭക്ഷണം കഴിച്ചിട്ട് ആവട്ടെ എന്ന് സാറും പറഞ്ഞിരുന്നു...... എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്, എങ്കിലും സാർ ഭക്ഷണവും എടുത്ത് അമ്മയുടെ മുറിയിലേക്ക് ചെന്നിരുന്നു..... ഞങ്ങൾ നോക്കിയപ്പോൾ ഞങ്ങളുടെ മനസ്സ് അറിഞ്ഞിട്ട് എന്നതുപോലെതന്നെ സാർ പറഞ്ഞു..... " അമ്മ ഒറ്റക്കല്ലേ, ഒറ്റയ്ക്ക് കഴിക്കുന്നത് വളരെ ഭീകരമായ ഒരു അനുഭവം ആണ്..... ഞാൻ എപ്പോഴും അമ്മയ്ക്കൊപ്പം ആണ്.... അങ്ങനെ പറഞ്ഞപ്പോൾ വീണ്ടും ആ മനുഷ്യനോടുള്ള ബഹുമാനം എൻറെ മനസ്സിൽ കൂടുകയായിരുന്നു.....

സാധാരണ വീട്ടിൽ ആരെങ്കിലും വയ്യാതെ കിടക്കുകയാണെങ്കിൽ അവർക്ക് യാതൊരു വിലയും നൽകാത്തവർ ആണ് കൂടുതൽ ആളുകളും..... അങ്ങനെയുള്ളപ്പോൾ ഈ മനുഷ്യൻ വേറിട്ട് നിൽക്കുകയാണല്ലോ എന്ന് ചിന്തിച്ചു പോവുകയായിരുന്നു...... ഭക്ഷണം എല്ലാം കഴിഞ്ഞ് കുറച്ച് നേരം കൂടി പഠിച്ചതിനുശേഷം ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി, അന്നത്തെ ദിവസം മുഴുവൻ സാർ മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്..... പിറ്റേന്ന് രാവിലെ കണ്ടപ്പോൾ ധന്യയൊടെ പറയാനും ആ വിശേഷങ്ങൾ ആയിരുന്നു..... പെട്ടെന്ന് സാറിനെ പറ്റിയുള്ള വർത്തമാനത്തിലെ എൻറെ ഉത്സാഹം കണ്ടിട്ടാവണം ധന്യയുടെ മുഖത്ത് മറ്റു പല സംശയങ്ങളും വിടരുന്നത് ഞാൻ അറിഞ്ഞിരുന്നു........ അല്ലെങ്കിൽ തന്നെ അടിമുടി മനസ്സിലാക്കിയ സുഹൃത്തിന് തൻറെ മനസ്സിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കാനാണോ പാട്....? പരമാവധി ഒഴിഞ്ഞു മാറി..... പിന്നീട് നടന്നത് മുഴുവൻ അവളോട് ഒന്നും പറയാതെ ആയിരുന്നു.....സർ ക്ലാസിൽ വന്നപ്പോൾ വീട്ടിൽ ചെന്ന യാതൊരു പരിചയവും കാണിക്കാത്തത് പോലെ സാധാരണമായി തന്നെയായിരുന്നു ക്ലാസ് എടുത്തിരുന്നത്....... സർ നല്ല അധ്യാപകനാണ് എന്നതിൽ ആർക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ല......

കാരണം അത്രയ്ക്ക് മികച്ച രീതിയിൽ ആയിരുന്നു സാറിൻറെ പഠനം, പഠന മികവിൽ ഓരോ കുട്ടികളെയും മുന്നിലേക്ക് കൊണ്ടുവരുവാനും സാറിന് കഴിഞ്ഞിരുന്നു...... ഉച്ചയ്ക്കും ധന്യയ്ക്ക് മുഖം കൊടുക്കുവാൻ തോന്നിയിരുന്നില്ല....... അവൾ എന്തെങ്കിലും ചോദിച്ചാൽ താൻ കള്ളം പറയേണ്ടിവരും...... അവളോട് മാത്രം കള്ളം പറയാൻ വയ്യ..... അവളുടെ അരികിൽ നിന്ന് അല്പം മാറി നടന്നപ്പോൾ തന്നെ കയ്യിൽ പിടി വീണിരുന്നു മുഖത്തേക്ക് നോക്കി സംശയ ഭാവത്തിൽ നിൽക്കുന്നവളെ കണ്ടപ്പോൾ എന്തു മറുപടി പറയണം എന്ന് അറിയില്ലായിരുന്നു...... " നമ്മുടെ സാറാണ്..... ദൈവത്തിനു തുല്യമാണ്, നിൻറെ മനസ്സിൽ മറ്റൊന്നും ഉണ്ടാവാൻ പാടില്ല........ ഒരു വാക്ക് പോലും ചോദിക്കാതെ തന്റെ മനസ്സറിഞ്ഞവളോട് മറുപടി പറയാൻ പോലും വാക്കുകളില്ലായിരുന്നു....... എങ്കിലും ഒന്നും മിണ്ടാതെ നിന്ന താൻ ഒരു കള്ളി ആണെന്ന് അവൾക്ക് തോന്നിയാലോ....... അല്ലെങ്കിൽ താൻ ചെയ്തത് തെറ്റാണെന്ന് അവൾ വിചാരിക്കും എന്ന് തോന്നിയാലോ........

തിരികെ പോകാൻ തുടങ്ങുന്നവളുടെ കയ്യിൽ പിടിച്ച് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..... " അറിയാതെ എപ്പോഴോ ആ മനസ്സിൽ ആമുഖം കയറിപ്പോയി, പക്ഷേ ഗുരുനാഥൻ ആണെന്നുള്ള കാര്യം ഒരിക്കലും ഞാൻ മറന്നു പോകില്ല...... എൻറെ ഇഷ്ടം എന്നോട് കൂടി മണ്ണ് ആയാലും ആൾക്ക് അറിയാൻ ഒരു അവസരം പോലും ഞാൻ കൊടുക്കില്ല, ആ മനസ്സ് ഒരിക്കലും വിഷമിപ്പിക്കാൻ ഞാൻ ഇല്ല ......എൻറെ ജീവിതത്തിലേക്ക് ഒരു വെളിച്ചം തന്ന ആളാണ്, ജീവിക്കണം എന്നൊരു മോഹം മനസ്സിൽ കോറിയിട്ട ആളാണ്.... അതുകൊണ്ട് ഒരിക്കലും ആ മനസ്സിനെ ഞാൻ വേദനിപ്പിക്കില്ല.... " എങ്കിലും മോളെ തെറ്റാണ് നീ ചിന്തിക്കുന്നത്.....? ഞെട്ടലോടെ എന്റെ മറുപടി കെട്ടവൾ മറുപടി പറഞ്ഞു.... " തെറ്റാണ്, അറിയാടി......തെറ്റാണെന്ന്, പക്ഷേ ആദ്യായിട്ട് ജീവിതത്തിൽ ഒരാൾ എനിക്കൊരു പരിഗണന നൽകുന്നത്...... അതുകൊണ്ടായിരിക്കും എത്രയൊക്കെ ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല..... പല വട്ടം ഞാൻ എൻറെ മനസ്സിനെ വെറും ഭ്രമം ആണെന്ന് വിചാരിച്ചു പറഞ്ഞു മനസിലാക്കി..... പക്ഷേ അങ്ങനെയല്ല ശരിക്കും ആളോട് എനിക്ക് ഇഷ്ടം തന്നെ ആണ്..... ഒരിക്കലും ആ ഇഷ്ടം മാഞ്ഞുപോകുകയും ഇല്ല......

പക്ഷേ ഞാനായിട്ട് ഒരിക്കലും തുറന്നു പറയില്ല,. ഉറച്ച തീരുമാനം അവളെ അറിയിച്ചു...! " നീ സാറിൻറെ ഒരു വിദ്യാർത്ഥി ആയതുകൊണ്ട് മാത്രമാണ് നിനക്ക് സർ ഈ പരിഗണന നൽകുന്നത്..... നിൻറെ മനസ്സിൽ സാറിനോടുള്ള ഇഷ്ടത്തിനും ബഹുമാനത്തിലും മറ്റൊരു അർത്ഥം ആണെന്നറിഞ്ഞാൽ, ഒരുപക്ഷേ ഇങ്ങനെ ആയിരിക്കില്ല സർ പ്രതികരിക്കുക...... " എനിക്കറിയാം.....! അറിഞ്ഞാലല്ലേ, അറിയില്ല..... ഒരിക്കലും അറിയില്ല, ഞാനായി പറയില്ല, ഇനി എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നത് കൊണ്ടായിരിക്കും പിന്നീട് ഒന്നും പറയാതെ ധന്യ പോയിരുന്നു..... അവളുടെ മൗനം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു, വൈകുന്നേരം കണ്ടപ്പോൾ തൻറെ മുഖത്തേക്ക് നോക്കി പറഞ്ഞത് ഇങ്ങനെയാണ്.... " ഇതൊരിക്കലും നിന്റെ പഠിത്തത്തെ ബാധിക്കാൻ പാടില്ല...... മനസ്സിൽ ഉള്ളത് മനസ്സിൽ തന്നെ വച്ചാൽ മതി ..... സന്തോഷത്തോടെ സമ്മതിച്ചു....! ഇടയ്ക്കിടെ ശ്രീരാഗ് എന്നെ കാണാൻ ക്ലാസ്സിൽ വരുന്നത് പതിവായി...... എന്തേലും പ്രത്യേകമായി അവൻ കൊണ്ടു വരികയും ചെയ്യുമായിരുന്നു.....

ചിലപ്പോൾ വീട്ടിൽ ഉണ്ടാക്കിയ എന്തെങ്കിലും പ്രത്യേക പലഹാരം ആയിരിക്കും, അല്ലെങ്കിൽ കടയിൽ നിന്ന് ഒരു ചോക്ലേറ്റ്, ബിസ്ക്കറ്റ് അങ്ങനെ എന്തെങ്കിലും.... എന്താണെങ്കിലും അത് ലഭിക്കും, ഒരിക്കൽ ബെൽ അടിച്ചതിനുശേഷം നീണ്ടുപോയ സംസാരത്തിനിടയിൽ ആണ് ഒരു പ്ലാസ്റ്റിക് കവർ കയ്യിലേക്ക് വച്ചതിനുശേഷം ശ്രീരാഗ് യാത്ര പറഞ്ഞു പോയത്.... ആ നിമിഷം തന്നെയായിരുന്നു സാറ് ക്ലാസ്സിലേക്കു വന്നത്..... എൻറെ കയ്യിലിരുന്ന കവറിലേക്കും ശ്രീരാഗിന്റെ മുഖത്തേക്കും ഒന്നു മാറി മാറി നോക്കിയതിനുശേഷം ശ്രീരാഗിന്റെ അരികിലേക്ക് ചെന്നു കൊണ്ട് സാർ ചോദിച്ചു.... " താൻ കൊമേഴ്സ് അല്ലേ...? " അതേ സാർ..... വിനയത്തോടെ തന്നെ അവൻ മറുപടി പറഞ്ഞു, " പിന്നെ താൻ എന്താ ഇവിടെ.....? " ഞാൻ.... എൻറെ ഫ്രണ്ട് ആർദ്രയെ കാണാൻ വേണ്ടി വന്നതാ... വിക്കിവിക്കി അവൻ മറുപടി പറഞ്ഞപ്പോൾ, സാർ ഒന്ന് തലയാട്ടി...... അതിനുശേഷം പൊയ്ക്കോ എന്ന് അവനോട് പറഞ്ഞിരുന്നു.... ശേഷം തൻറെ മുഖത്തേക്ക് നോക്കി ക്ലാസിലേക്ക് കയറുവാനും പറഞ്ഞു..... ക്ലാസ് എടുക്കുന്ന സമയത്ത് എല്ലാം വളരെ മനോഹരമായി തന്നെയാണ് സർ ക്ലാസ് എടുത്തത്..... ക്ലാസെടുത്തു പോകുന്നതിനുമുമ്പ് അരികിൽ നിന്ന് കൊണ്ട് എന്റെ മുഖത്തുനോക്കി പറഞ്ഞു..... ലഞ്ചുബ്രെക്കിന് സ്റ്റാഫ് റൂമിൽ വന്നു ആർദ്ര എന്നെ ഒന്ന് കാണണം..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story