അരികെ: ഭാഗം 1

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

ക്ഷണിക്കപ്പെട്ട അതിഥികൾ നിരന്നിരിക്കുന്ന കല്യാണമണ്ഡപത്തിന്റെ ഓരം പറ്റി ഒരന്യനെ പോലെ ഉരുകി നിൽക്കുകയാണ് നന്ദൻ.... പകലിനെ ഉപേക്ഷിച്ച കനൽ സൂര്യനെ പോലെ അത്രമേൽ അവന്റെ നിറമിഴികളിൽ ചുവപ്പ് രാശി പടർന്നിരുന്നു....... അവ ഒഴുകുന്നത് മുഴുവൻ വിവാഹപന്തലിൽ നിർവികാരയായി വരന്റെ പറ്റം ചേർന്നിരിക്കുന്ന അവന്റെ പ്രാണനിലേക്കാണ്..... ശ്രീക്കുട്ടി.... തന്റെ പ്രണയം.... എത്രതന്നെ അലങ്കരിച്ചിട്ടും ആ മുഖത്ത് ഇപ്പോഴും തെളിച്ചം വീണിട്ടില്ല.... ആ പഴയ പതിമൂന്നുക്കാരിയുടെ കുസൃതിയും നാണവും പ്രതിഭലിച്ചു കണ്ടില്ല..... വേര് നശിച്ച താമരമൊട്ടു കണക്കേ വാടിതളർന്നിരിക്കുകയാണവൾ.... നാഥസ്വരമേളം കാതുകളെ കാർന്നു തിന്നുമ്പോൾ ആരോ വരന്റെ കൈകളിലേക്ക് മഞ്ഞ ചരടിനെ കൈമാറി.... അത് അവളുടെ മാറിൽ ചാർത്തുന്ന നിമിഷം തീക്ഷണമായ കണ്മുനകൾ അവന് നേരെ തറഞ്ഞതും ഹൃദയം താഴേക്ക് വീണുടഞ്ഞിരുന്നു...... അവളുടെ കവിളിൽനിന്നടരുന്ന ബാഷ്പകണങ്ങൾ ""എന്നെ വിട്ടുകൊടുത്തതെന്തേ?"""

എന്നലറമുറയിട്ട് ഇറ്റു വീഴവേ കല്പാദങ്ങൾക്ക് ബലം കുറയുന്നുവോ നന്ദാ..... ആത്മാവിനെ നഷ്പ്പെടുത്തി പതിയെ തിരിയുമ്പോഴാണ് മുന്നിലെ ക്രൂരമുഖം അവനെ കാത്തെന്നോണം അങ്ങനേ നിൽക്കുന്നത് കണ്ടത്..... ""അമ്മാവൻ """ തോൽവികൾ മാത്രം ഏറ്റു വാങ്ങിയവനെ ഭയപ്പെടുത്താൻ വന്നതാണ്..... എന്തിന്..... അവന് അവനോട് തന്നെ പുച്ഛം തോന്നി..... """നിന്നോട് ഇങ്ങോട്ട് വരരുതെന്നല്ലേ ടാ പറഞ്ഞേ....""" മറുപടി നൽകീലവൻ.... മൗനം പൂണ്ടു നിന്നതല്ലാതെ..... """തന്തേം തള്ളേം മരിച്ച് ആരോരും ഇല്ലാതെ ഒറ്റക്ക് നിൽക്കണ കണ്ടപ്പോ പത്താം വയസ്സിൽ കൂടെ കൂട്ടിയത്.... ആകെയുള്ള ഒരു പെങ്ങൾടെ മോനല്ലേന്നും വെച്ചിട്ടാ..... അപ്പൊ അവന് എന്റെ മോളെ തന്നെ വേണം.... അഹങ്കാരി.... ദേ കണ്ടില്ലേ.... അവൾടെ വിവാഹം കഴിഞ്ഞു.... ഇനി സ്വന്തോം ബന്ധോം പറഞ്ഞ് എന്റെ വീട്ടിൽ കടിച്ചു തൂങ്ങി എന്റെ മോൾടെ ജീവിതം കൂടി തുലക്കരുത് നീയ്യ് ...... നിന്റെ അമ്മേടെ വിഹിതം ഒക്കെ കിട്ടീലെ നിനക്ക്......ഇനിയെങ്കിലും ശല്യം ചെയ്യാതെ ഒന്നിറങ്ങി പൊക്കൂടെ ടാ...... ഹാ... എങ്ങോട്ടേലും ഇറങ്ങി പോകാൻ.... """" ❤️

""""....മഞ്ചാടി മല.... മഞ്ചാടി മല...""" ശക്തമായി ബസ്സ് ബ്രേക്ക് ചവിട്ടിയതും മുന്നിലെ സീറ്റിലേക്ക് നെഞ്ച് ഇടിച്ചപ്പോഴാണ് ഒരു ഞെട്ടലോടെ നന്ദൻ മിഴികൾ ചിമ്മി തുറന്നത്.... അപ്പോഴേക്കും കടുത്തതണുപ്പ് ദേഹത്തെ കുറ്റി രോമങ്ങളെ വിറകൊള്ളിക്കുന്നുണ്ടായിരുന്നു.... ദുസ്വപ്നമായിരുന്നു... ഒരു വർഷം മുൻപ് നടന്ന ഒരിക്കലും ഓർക്കാനാഗ്രഹിക്കാത്ത ദുസ്വപ്നം..... മടിയിൽ ഒതുക്കിവെച്ചിരുന്ന ബാഗിനെ പൊത്തിപിടിച്ചവൻ വള്ളിയെ തിരഞ്ഞുപിടിച്ചു തോളിലേക്ക് കോരുത്തു.... ബസ്സിൽ നിന്ന് ഒടുവിലെ പടിയും ചവിട്ടി തറയിലേക്ക് പാദമമർത്തിയതും കോടമഞ്ഞു അവൻ ശരീരമാകെ പൊതിഞ്ഞു തുടങ്ങിയിരുന്നു..... """.....ഉഫ്ഫ്ഫ്...."" മെല്ലെ ശ്വാസം ഊതി വിട്ട നന്ദൻ മാറിലേക്ക് കൈ പിണഞ്ഞു വിറയലോടെ ചുമലിനെ മുഖം ചേർത്ത് നിന്നപ്പോഴേക്കും ബസ്സിൽ കയറാനുള്ളവരവനെ ബലമായി തള്ളിമാറ്റി ...... നല്ല തിരക്കാണ്.... ആ ഭാഗത്തെ ഒരേയൊരു ബസ്സായത് കൊണ്ടാവാം... ബസ്സിന്റെ മുകളിൽ നിന്നും ചാക്കിൽ കെട്ടിയ സാധനങ്ങൾ കയറ്റുന്നതും ചിലത് താഴേക്ക് ഇറക്കുന്നതും നോക്കി നിന്നവൻ പതിയെ മുന്നോട്ടു നടന്നു ....

അധികം തകർച്ച വരാത്ത ടാറിട്ട റോഡിലൂടെ നടക്കുന്നവന്റെ നോട്ടം മുഴുവൻ കണ്ണെത്താ ദൂരത്ത് മഞ്ഞിന്റെ മനോഹാരിതയിൽ മൂടി കിടക്കുന്ന മലനിരകളെയാണ്.... അങ്ങോട്ടേക്ക് മിഴികൾ പായുമ്പോൾ പുറത്തെ മഞ്ഞിനേക്കാൾ കുളിർമ മനസ്സിൽ പടരുന്ന പോലെ..... അധരചുഴിവിൽ തെല്ലൊരു പുഞ്ചിരി ചേർത്ത് ഉള്ളിലെ സന്തോഷത്തെ മുഖത്തേക്ക് ചാലിച്ചു നിർത്തി.... നിരയിൽ വിശാലമായി കിടക്കുന്ന തേയില തോട്ടങ്ങളുടെ നടുവിൽ അപരിചിതരുടെ ഇടയിലൂടെ നടന്നു നീങ്ങുകയാണവൻ..... അല്പം ദൂരെയായി ഏതോ ഒരു ഓലമേഞ്ഞ കട കണ്ടതും തല മെല്ലെ നീട്ടി നോക്കി അലസ്സതയിൽ നിന്ന നടത്തതിന്റെ വേഗത അല്പം കൂടി കൂട്ടി... ചായക്കടയാണ്.... അധികം ആളില്ലാത്തത് കൊണ്ട് തന്നെ മടി വിട്ട് ഒരു ചെറു ചിരിയോടെ ചായകടക്കാരന്റെ സമീപം ചെന്നു.... ബാഗിന്റെ സിമ്പ് തുറന്ന് ചെറിയൊരു കടലാസ് കഷ്ണം കയ്യിലേക്കെടുത്തു.... അത് തന്നെയാണോ എന്നൊരു തവണ വായിച്ചുറപ്പിച്ചതിനു ശേഷമാണ് കടക്കാരന്റെ കയ്യിലേക്ക് പേപ്പർ കഷ്ണം കൈമാറിയത് ....

"""ഇത്... ഈ അഡ്രസ്സിലുള്ള ആളിനെ അറിയാവോ ചേട്ടാ....""" പ്രതീക്ഷ നിറഞ്ഞ വാക്കുകൾ അവന്റെ ചോദ്യത്തിന് തിടുക്കം കൂട്ടിയിരുന്നു ... കടക്കാരൻ നെറ്റിച്ചുളുക്കി വായിക്കാൻ നോക്കുന്നുണ്ട്... കണ്ണിനു പിടിക്കാത്തതോ വായിക്കാൻ അറിയാത്തതാണോ എന്നറിയില്ല... കൂടെയുള്ള ഒരു കൊച്ചു ചെക്കന്റെ കയ്യിലേക്ക് കടലാസിനെ ഏല്പിച്ചു അയാൾ.... ""ലക്ഷ്മി... പുത്തൻപുരക്കൽ വീട്... മഞ്ചാടി മല..."" ആ ചെക്കൻ ഒഴുക്കത്തോടെ പറയുമ്പോൾ മുഖം വിടർന്നിരുന്നു നന്ദന്റെ.... ""...ലക്ഷ്മി....?""" കടക്കാരൻ ഓർമയിലേക്ക് ഒരു ചോദ്യചിഹ്നം കൂടി ചേർത്താണ് ആ പേര് ആവർത്തിച്ചത്.... """സ്ഥലം ഇത് തന്നെയാ... പക്ഷെ പുത്തൻ പുരക്കൽ..."" നീട്ടി പറയുന്നവയാളുടെ മുഖത്തേയ്ക്ക് നന്ദൻ കണ്ണെടുക്കുന്നുണ്ടായിരുന്നില്ല.... """അങ്ങനെയൊരു വീട് ഈ നാട്ടിലില്ലല്ലോ മോനേ.... മ്മ് ... ആ... ലക്ഷ്മി എന്ന് പേരുള്ള കുറേ പേരുണ്ട്.... അതിലേതാ.... കണ്ടാ എങ്ങനെയിരിക്കും...കറുത്തിട്ടാണോ വെളുത്തിട്ടാണോ..""" അയാളുടെ ചോദ്യം... പെട്ടെന്നവൻ നിസ്സഹായനായി കൈമലർത്തി...

"""ഇല്ല... അറിയില്ല... ഇതുവരെ കണ്ടിട്ടില്ല ഞാൻ......""" ""അയ്യോ... എന്നാ പിന്നെ എങ്ങനാ മോനേ... ഈ നാട്ടിലാണെ.. ലക്ഷ്മീന്നു പേരുള്ള കുറേ പെണ്ണുങ്ങളുണ്ട് അതിലാരെന്നു വെച്ചിട്ടാ....""" ""'അത്... അത് പിന്നെ..."" അവൻ പതറുന്നതിനോടൊപ്പം എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്.... """"അത്... മ്മ്... ആ.....അയാൾക്ക് വല്യ പ്രായമില്ല... ഒരു ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സ്... അത്രേയുള്ളൂ...ആ കുട്ടി ഇപ്പൊ ഗർഭിണിയാ... "" കേട്ടതും കടക്കാരന്റെ കൃഷ്ണമണികൾ മേളിലേക്ക് നോക്കി രണ്ടു തവണ ചിമ്മി... ""ഇരുപത്തിനാല് വയസുള്ള ലക്ഷ്മി... മ്മ്ഹ്..... ഇല്ല മോനെ... എന്റെ അറിവിലുള്ള ലക്ഷ്മിമാരൊക്കെ നാല്പത് കഴിഞ്ഞവരാ... ദേ കഴിഞ്ഞ ആഴ്ച കൂടി ഒരു ലക്ഷ്മിയമ്മ മരിച്ചതേയുള്ളൂ എൻപത്തഞ്ചു വയസ്സ്.... ആ ചിലപ്പോൾ മോനങ്ങോട്ട് പോയ്‌ ചോദിച്ചാ കിട്ടുവായിരിക്കും...

ആ ഭാഗത്ത്‌ പുതിയ വീടുകൾ കുറച്ചുണ്ടേ.. അവർടെ പേരൊന്നും നിക്ക് വല്യ പിടിത്തമില്ല.....""" നിവർന്നിരുന്ന കടലാസ് കഷ്ണം അയാൾ അവന്റെ കൈകളിൽ ഏല്പിക്കുമ്പോൾ നിരാശ മുഖത്തെ വലിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു..... തൊണ്ടമുറിവിനെ ഉമിനീരാൽ ഇറക്കി പേപ്പർ തുണ്ടിനെ കരുതലോടെ മടക്കി ഷർട്ടിന്റെ പോക്കറ്ററിനുള്ളിൽ ചേർത്തൊതുക്കി വെച്ചു... ഇടം നെഞ്ചിലേക്ക് കൈ വെള്ളയെ ഒന്നമർത്തി വിട്ടു... ""ഈ ദിവാകരേട്ടന്റെ വീടെവിടെയാ... വാടകക്ക് കൊടുക്കുന്ന...""" ആദ്യത്തെ ചോദ്യത്തിലെ സന്തോഷമോ ആകാംഷയോ നഷ്ടപ്പെട്ടമായത് പോലെ.... ""ഓ അത് കുറച്ചങ്ങോട്ട് നടക്കണം.... ദേ ആ കാണുന്ന ഇടവഴി കഴിഞ്ഞ പിന്നെ ഒരു കേറ്റാ....ചെന്നെത്തുന്നത് ദിവാകരന്റെ വീട് തന്നെയാ..... """ ദൂരത്തായി അയാൾ ചൂണ്ടുവിരൽ നീട്ടുമ്പോൾ വിരസമായി ഒന്നു പുഞ്ചിരിച്ചവൻ നന്ദിപൂർവം തലയനക്കി.... മുന്നിലേക്കുള്ള വഴി.... എന്തോ ഇവിടെ വരെ എത്തുന്നതിനു ഇത്ര ദൂരം തോന്നിയിരുന്നില്ല ....

ഏലം തോട്ടങ്ങളുടെ നടുവിലെ മൺപാതയിലേക്ക് നടന്നുനീങ്ങുന്നവന്റെ ഉൾ മനസ്സ് ചെറു വിതുമ്പലിൽ ആ പേര് ഒന്നുകൂടി ആവർത്തിച്ചു... """....ലക്ഷ്മി...."" എവിടെയാണ് പെണ്ണെ നീ.... ഈ ഒരു മാസം നിനക്ക് വേണ്ടി ഞാൻ എന്തുമാത്രം അലഞ്ഞു എന്നറിയുന്നുണ്ടോ നീ.... നിന്നെയോർത്തെന്റെ രാത്രികൾ നഷ്ടമാകുന്നത് അറിയുന്നുണ്ടോ.... നീ എത്ര തന്നെ അകന്നിരുന്നാലും.... കാണരുതെന്നു പറഞ്ഞാലും... ഒരിക്കലും തേടി വരരുതെന്ന് വാശി പിടിച്ചാലും... വരാതിരിക്കാൻ കഴിയില്ല ഈ നന്ദന്.... കാരണം... കാരണം.... ഇന്നീ നന്ദൻ ജീവിക്കുന്നത് പോലും നീ കാരണമാ പെണ്ണെ.... നിന്നിൽ വളരുന്ന എന്റെ ജീവന്റെ തുടിപ്പ് കാരണം... എന്റെ കൈവിരൽ തുമ്പ് തൊടാതെ.... എന്റെ ചുടു ചുംബനങ്ങൾ ഏറ്റുവാങ്ങാതെ... ആരെന്നോ എന്തെന്നോ അറിയാതെ.... ഒന്ന് കാണുകപോലും ചെയ്യാതെ... എന്റെ കുഞ്ഞിന്റെ അമ്മയായവളാ നീ.... ഈ നന്ദന്റെ ചോരയെ പേറാൻ വിധിക്കപ്പെട്ടവൾ.... എന്റെ തുടിപ്പിനെ ജന്മം നൽകാൻ ദൈവം നിച്ഛയിച്ചവൾ.... ....ലക്ഷ്മി...."""

ആ പേര് ഓർക്കുന്തോറും മിഴികളിലേക്ക് നനവിന്റെ പാട പടർന്നു കാഴ്ച്ച മറക്കുന്നുണ്ടായിരുന്നു അവന്റെ..... അവയെ അമർത്തി തുടച്ചു മുന്നിലേക്ക് നോക്കുമ്പോൾ കണ്ടത് മനോഹരമായ ഒരു കുഞ്ഞു വീടാണ്... ഷീറ്റ് പാകിയ വെട്ടു കല്ലാൽ തീർത്ത ഒരു കൊച്ചു വീട്.... മുളം കമ്പാൽ വേലി തീർത്ത വീടിന്റെ മുറ്റം മുഴുവൻ പൂക്കളാണ്.... ഇളം ചുവപ്പ് നിറത്തിൽ വേലി കെട്ടിന്റെ പറ്റം ചേർന്നു വളർന്നു കിടക്കുന്ന പനിനീർ പൂക്കൾ.... വലതു ഭാഗത്തെ തൊഴുത്തിൽ നിന്നു വരുന്ന പശുക്കളുടെ ഒച്ചയിലേക്ക് നോട്ടം പോയതിനു ശേഷമാണ് തുറന്നു കിടന്ന വീടുനുള്ളിലേക്ക് മിഴികളേ പായിച്ചത്.... ആരേയും കാണുന്നില്ലല്ലോ .... സംശയം പുരിക വളവിൽ നിഴലിച്ചപ്പോൾ പതിയെ അവൻ വേലികെട്ടിനുള്ളിലേക്ക് കാലു വെച്ചു.... """.....ആരാ..."" പൊടുന്നനെയാണ് പിറകിൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത്.... നേർത്ത സ്വരത്തിന് ചേരാത്ത ഗൗരവം കലർത്തിയുള്ള ചോദ്യം.... കേട്ടതും മെല്ലെ നന്ദൻ തിരിഞ്ഞു നോക്കി... (തുടരും )

Share this story