അരികെ: ഭാഗം 11

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

രാത്രിയിലെ അത്താഴത്തിനായുള്ള കഞ്ഞി അടുപ്പത്തു കിടന്ന് തിളച്ചു തൂവുകയാണ്.... ചൂടോടെ അടതുണിയിൽ എടുത്ത് ഗൗരി അടുപ്പിൽ നിന്ന് മാറ്റിവെച്ചു .... ഒരു പാത്രമെടുത്ത് കോരി മാറ്റി.... അതും എടുത്ത് നേരെ ഉമ്മറത്തേക്ക് ഇറങ്ങി.... അപ്പോഴും തൊഴുത്തിൽ നിൽക്കുകയാണ് ദുർഗാ.... """മോളെ ഞാനീ കഞ്ഞിയും കൊണ്ട് നന്ദേട്ടനൊന്നു കൊടുത്തിട്ട് വരാം....."""" അവളോടായി പറഞ്ഞു തിരിയും മുന്നേ തിരക്കിട്ട് വന്നിരുന്നു അമ്മൂട്ടിയും ""'....നാന്നും വരും....""" സാരിത്തുമ്പിൽ വിരലമർത്തി നിൽക്കുന്നവളെ എതിർക്കാതെ വീണ്ടും അനുവാദം പോലെ ചോദിച്ചു ദുർഗയോട് ..... തിരക്കിട്ട ജോലിക്കിടയിൽ മെല്ലെ തലയനക്കി വിട്ടവൾ ചൂലിന്റെ അറ്റം അടിച്ചു വിട്ടു...... ഗൗരി നേരെ നീങ്ങിയത് നന്ദന്റെ വീട്ടിലേക്കാണ്.... വാതിൽ തുറന്നു കണ്ണോടിക്കുമ്പോൾ കസേരയിലേക്ക് ചാരിയിരുന്നു ഫോണിൽ നോക്കുകയാണ് അവൻ .... ""''നന്ന മാമ """ ഗൗരി എത്തും മുൻപ് അമ്മൂട്ടി ഓടി അവനരികിൽ എത്തിയിരുന്നു..... """....എങ്ങനെയുണ്ട് നന്ദേട്ടാ..."" മടിയിലിരുത്തി പുന്നാരിക്കുന്നവനോടായി ഗൗരി ചോദിച്ചു.... ""'...ആ ഇപ്പൊ കുറവുണ്ട്..... അന്വേഷിക്കാനും ചോദിക്കാനുമൊക്കെ ആള് വന്നപ്പോ പനിയൊക്കെ താനേ മാറി മോളെ...""" ആശ്വാസം തുളുമ്പി നിന്നാ വാക്കുകളിൽ....

"''ഹോ... ഞാനൊന്ന് പേടിച്ചൂട്ടോ നന്ദേട്ടാ... അവളിനി ഇങ്ങോട്ട് കേറി വരുമ്പോ എന്തേലും വേദനിപ്പിക്കുന്ന പോലെ പറയോ മറ്റോ ചെയ്താലോ...... നാക്കിന് ഒരു ലൈസൻസും ഇല്ലാത്ത പെണ്ണാണെ...""" """ഏയ്യ്.... എന്തൊക്കെയോ പറഞ്ഞു ചെറിയ രീതിക്കൊന്ന് ബഹളം വെച്ചായിരുന്നു.... പക്ഷെ... എന്തോ ആ ശകാരത്തിലും വല്ലാത്തൊരു കരുതലായിരുന്നു ഗൗരി അവൾക്ക്.... തൊട്ട് ചൂട് നോക്കിയതും ചുക്ക് കാപ്പി ഉണ്ടാക്കി തന്നതും അലമാരയിലെ മുണ്ടെടുത്ത് തുമ്പ് കീറി നനച്ച് നെറ്റിമേൽ വെച്ചതും.... എന്തോ ഗൗരി എനിക്കറിയില്ല ...... അമ്മ അടുത്തുള്ള പോലെ.... "" മിഴികൾ നനയുന്നുണ്ടായിരുന്നു അവന്റെ..... മടിയിലിരുന്ന അമ്മൂട്ടിയെ ഇറുക്കിയണച്ചു പുഞ്ചിരിയോടെ മിഴികൾ തുടച്ചെടുത്തു... """ഞാൻ പറഞ്ഞില്ലേ നന്ദേട്ടാ... പാവാ ന്റെ ദുർഗാ..... ജീവിതം അവളെ ഈ രീതിയിലാക്കിയതാ.... നന്ദേട്ടനറിയോ... ജനിച്ചപ്പോഴേ അവളെ വിട്ടു പോയതാ അവൾടെ അമ്മ.... ദുർഗേടെ അച്ഛന്റെ രണ്ടാം ഭാര്യയാ രഘുവേട്ടന്റെ അമ്മ... കുഞ്ഞുനാളില് ഒത്തിരി ദ്രോഹിച്ചിട്ടുള്ളതാ അവര് എന്റെ ദുർഗേനെ.... പാവം എല്ലാം ഒറ്റക്ക് സഹിച്ചു ജീവിച്ചു.... """ പറയുമ്പോൾ അവന്റെ കണ്ണുകൾ തൊഴുത്തിൽ നിൽക്കുന്ന ദുർഗക്ക് നേരെ തന്നെയായിരുന്നു.... ഓരോ തവണ എഴുന്നേൽക്കുമ്പോഴും അടിവയറ്റിൽ താങ്ങി പിടിച്ചിരുന്നു അവൾ .....

നെറ്റിയിലെ വിയർപ്പുത്തുള്ളികളെ ഒപ്പിയെടുത്ത് ശ്വാസം ഊതി വിടുന്നുണ്ട്... """എനിക്ക് തോന്നിയിരുന്നു ഗൗരി.... അവൾടെ ഉള്ളിലൊരു വലിയ കനലുണ്ടെന്ന് ആദ്യമുതലേ മനസ്സലാക്കിയിരുന്നു ഞാൻ.... സത്യം പറഞ്ഞ അവളിപ്പോ അടുത്ത് വരുമ്പോ തന്നെ ന്റെ മനസ്സിന് വല്ലാത്തൊരു സന്തോഷാ....ചീത്തപറയാനാണെങ്കിലും അവളെന്നോട് മിണ്ടുമ്പോ... മറുപടി കേൾക്കുന്നത് അവള് മാത്രമല്ലല്ലോ ഗൗരി.... എന്റെ കുഞ്ഞു കൂടിയല്ലേ... അങ്ങനെയെങ്കിലും അച്ഛന്റെ ശബ്ദം എന്റെ കുഞ്ഞ് തിരിച്ചറിയൂലോ.... നാളെ ഒരു സമയത്ത് എന്റെ കുഞ്ഞിനോട് ഞാൻ പറയും ഗൗരി.... അവൾടെ അമ്മ...... തീ പോലൊരു പെണ്ണായിരുന്നു എന്ന്.... ആ കനൽ ചൂടിലാ എന്റെ കുഞ്ഞ് വളർന്നതെന്ന്......""" അവൻ പറയുന്നത് കേൾക്കെ മടിച്ചു നിന്നെന്തോ ചോദ്യം ഗൗരിയുടെ നാവിലേക്ക് ഇഴഞ്ഞു കേറി.... ""..ഞാൻ.... ഞാൻ.. ഒന്ന് ചോദിച്ചോട്ടെ നന്ദേട്ടാ...""" ചോദ്യത്തോടെ അവളൊന്നു മുഖമൊന്നുയർത്തി കാട്ടി.... """....എന്താ ഗൗരി....""" """"കുറേ നാളായി ഈ ഗൗരി മനസ്സില് പ്രതീക്ഷയോടെ കിടക്കുന്ന ഒന്നാ...."""" """...ഹാ.. താൻ ചോദിക്കെടോ..."" """എന്റെ... എന്റെ ദുർഗയുടെ കുഞ്ഞിനൊപ്പം അവളേയും സ്വീകരിച്ചൂടെ നന്ദേട്ടന്....""" കേട്ട നിമിഷം നെഞ്ചിലേക്കൊരു ഇടി വീണ പോലെ....

എന്തോ ശ്വാസം മുട്ടുന്ന പോലെ തോന്നി അവന് ...... മറുപടി നൽകാൻ മനസ്സ് എന്തിലേക്കോ ഉടക്കി നിൽക്കുന്ന പോലെ.... വിതുമ്പലോടെ മൗനമായി നിന്നു അവൻ.... പെടുന്നനെ കേട്ട ഫോൺ ബെൽ... """ആ ... എന്റെ ഫ്രണ്ടാ..... പ്രശാന്ത്... ഞാൻ കഞ്ഞി പാത്രം നാളെ തരാട്ടോ ഗൗരി....."" ഉത്തരം നൽകാതെ തിരിഞ്ഞു ഫോണും ചെവിയിൽ വെച്ചു പുറത്തേയ്ക്ക് പോകുമ്പോൾ വല്ലാത്ത നിരാശ തോന്നി അവൾക്ക്... ഇത്രനേരം ഉണ്ടായിരുന്ന ആശ്വാസം എങ്ങോ കൈവിട്ട് പോയത് പോലെ.... വാടി തുടങ്ങിയ മുഖവും പേറി അമ്മൂട്ടിയെ വാരിയെടുത്തവൾ വീടിനു പുറത്തിറങ്ങി... ഗൗരിയുടെ വീടെത്തിയപ്പോഴേക്കും ദുർഗയും കയ്യും കാലും കഴുകി വന്നിരുന്നു.... """...ആ ഗൗരിയേട്ടത്തി വന്നൊ... എങ്ങനുണ്ട് അയാൾക്ക് കുറവുണ്ടോ .......""' """... മ്മ്... കുറവുണ്ട് മോളെ... ഞാൻ... ഞാൻ കഞ്ഞി എടുത്തോണ്ട് വരാം ...""" സ്വരം താഴ്ത്തി മുഖം കാണിക്കാതെയുള്ള മറുപടി.... """പെട്ടെന്ന് അടുക്കളയിലേക്ക് പൊക്കോ ഏട്ടത്തി... ആ തള്ള കൊറേ നേരായി അടുക്കള ചുറ്റിപറ്റി നിക്കണു.... വേഗം ചെന്നാ അമ്മൂട്ടിക്ക് ഉള്ളതെങ്ങിലും ബാക്കി കിട്ടും....""" പറഞ്ഞു ചിരിക്കുമ്പോഴും തെളിച്ചം വീണിരുന്നില്ല ഗൗരിയുടെ മിഴികളിൽ.... ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് കയറുമ്പോഴാണ് തനിക്കുള്ള കഞ്ഞി പാത്രം മാറ്റിവെച്ച് മരത്തവി കൊണ്ട് കാലത്തിനുള്ളിലെ ചൂട് കഞ്ഞിയെ കറക്കി നിൽക്കുന്ന ദാക്ഷായണിയെ കണ്ടത്....

"""...ഏഹ്... ആ മോളെ..."" ഗൗരിയെ കണ്ടപാടെ ഒരു പരുങ്ങലോടെ നിന്നു അവർ... """ഞാൻ കഞ്ഞി എല്ലാർക്കും തെകയോന്നു നോക്കിയതാ....""" കറവീണ പല്ലു കാട്ടി ഒരു ചിരിയും ചിരിച്ചു കഞ്ഞി പാത്രവുമായി പോകുന്ന ദാക്ഷായണിയെ സംശയത്തോടെ കണ്ണോടിച്ചവൾ കലത്തിനരികിലായി ചെന്നു.... മൂവർക്കും ഉള്ള പാത്രവും കലവുമായി ഉമ്മറത്തു ചെന്നവൾ ഇരിക്കുമ്പോൾ ആദ്യം നോക്കിയത് രഘുവിനെയാണ്.... സാധാരണ അത്താഴത്തിനു നേരമാകുമ്പോ മുന്നിലെത്തുന്ന ആളിനെ കാണാനില്ല.... """....രഘുവേട്ടൻ എവിടെയാ അമ്മേ....""" """....അവൻ തോട്ടത്തിലെങ്ങാണ്ടാ പോയിരിക്കുവാ...ഇന്നിനി അത്താഴം വേണ്ടാന്ന് പറഞ്ഞിട്ടാ പോയെ..."" കഞ്ഞി കുടിക്കുന്ന തിരക്കിനിടെ ദാക്ഷായണി പറയുമ്പോൾ പുച്ഛത്തോടെയായിരുന്നു ദുർഗ നോക്കിയത്... ""ഓ.... കാലമാടൻ നടന്നു തൊടങ്ങിയപ്പോ തന്നെ ഓടിയല്ലോ കള്ളു മോന്താൻ...... ഇനി ഇങ്ങോട്ട് നാല് കാലിലെങ്ങാനുമാണ് കെട്ടിയെടുക്കുന്നതെങ്കിൽ ദുർഗേടെ വായിലെ ഭരണി പാട്ട് നല്ലോണം കേക്കും തള്ളേടെ പുന്നാര മോൻ.... """ കേൾക്കുമ്പോൾ മറുപടി പറയാതെ ഒളിക്കണ്ണിട്ടു നോക്കി അപ്പോഴും കഞ്ഞിയിൽ മാത്രം ശ്രെദ്ധിക്കുകയുമായിരുന്നു ദാക്ഷായണി.... """..മോളെ നിനക്ക് വിളമ്പട്ടേ...""" ഗൗരി കഞ്ഞി പാത്രത്തിലേക്ക് പകർത്തിയപ്പോഴേക്കും തടസ്സം പറഞ്ഞു ദുർഗ.... ""'.....ഓ... വേണ്ട.... ഏട്ടത്തി.... വിശപ്പില്ല..."""

"""ദേ ... ദുർഗേ.... നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ....രാത്രി ഇങ്ങനെ പട്ടിണി കിടക്കരുതെന്ന്..."'' ദേഷ്യത്താൽ വിരൽ നീട്ടുമ്പോൾ മുഖം ചുളുക്കി നിന്ന ദുർഗ വലം കൈ കൊണ്ട് വയറിലേക്ക് ഒന്നമർത്തി.... "'''...സത്യായിട്ടും വിശപ്പില്ലാഞ്ഞിട്ടാ ഏട്ടത്തി.... ഞാൻ ഇത്തിരി നേരത്തെ ഉച്ചക്കേലെ ചോറെടുത്തു കഴിച്ചതേയുള്ളൂ..... ദേ നോക്കിയേ വയറ് ഫുള്ളാ..."" """...അയ്യോ... മോളെങ്ങനെ പറയരുത് ഇത്തിരി കഞ്ഞി കുടിച്ചേച്ച് കിടക്ക് മോളെ..........""" ദാക്ഷായണിയുടെ സ്നേഹത്തിൽ പൊതിഞ്ഞ സംസാരം.... സംശയത്തിൽ ചൂഴ്ന്നു നോക്കി ദുർഗ... """...ആ... തള്ള പറഞ്ഞിട്ടുണ്ടേൽ പിന്നെ ഒട്ടും കഴിക്കുന്നില്ല..."" ചീർത്ത് പറഞ്ഞവൾ അകത്തുകേറി പോകുമ്പോൾ അവൾ കഴിക്കാത്തതിന് തെല്ലൊരു സങ്കടം നിറഞ്ഞിരുന്നു അവരുടെ മുഖത്ത്.... ❤️ രാത്രി പന്ത്രണ്ടു മണി.... ഗൗരിയും അമ്മൂട്ടിയും റൂമിൽ കിടന്ന് ഇന്ന് നേരത്തെ ഉറങ്ങി...... വൈറ്റമിൻ ഗുളികകൾ കഴിച്ചു ദുർഗയും അവരോടൊപ്പം പതിയെ കിടന്നു.... ഉറക്കം വരുന്നേയില്ല.... മുൻപത്തെ പോലെയല്ല.... ഇടക്കിടക്ക് ഇപ്പൊ തൊഴുത്തിൽ നിൽക്കുമ്പോ ഓക്കാനം വരുന്നുണ്ട്.... നടുവേദനയും..... അടിവയറ് വീർത്ത് തുടങ്ങിയിരിക്കുന്നു.... എനിക്കറിയില്ല എന്റെ ദൈവമേ .... എത്രനാള് ഇതിനെ മറച്ച് വെക്കാൻ കഴിയുമെന്ന്.......

അറിയട്ടെ എല്ലാരും... ദുർഗ പെഴച്ചു പോയീന്നു പറഞ്ഞു നടക്കട്ടെ.... സാരയില്ല... എന്റെ... എന്റെ.. അമ്മൂട്ടിക്ക് വേണ്ടിയല്ലേ.... എന്തൊക്കെ സഹിച്ചിരിക്കുന്നു ദുർഗ..... പിന്നെയാ... ഇത്... സ്വയം പദം പറഞ്ഞവൾ അങ്ങനേ കിടക്കുമ്പോഴാണ്.... വാതിൽ മലർക്കേ തുറക്കുന്ന ഒച്ച കേട്ടത്.... ആദ്യം കരുതിയത് ദാക്ഷായണി പുറത്തെങ്ങാനും പോകാൻ ഇറങ്ങിയതാവും എന്നാണ്..... പായിൽ നിന്നും അവൾ മെല്ലെ തലപൊക്കി നോക്കി.... മുറിയുടെ തുറന്ന വാതിലിന്റെ ഭാഗം നോക്കി നിൽക്കേ.... വന്യമായൊരു ചിരിയോടെ പതിയെ വന്നു നിന്നു .... ...രഘു... കണ്ടതും പരിഭ്രാന്തിയോടെ ഞെട്ടി എണീറ്റു ദുർഗ.... """നിങ്ങള്.... നിങ്ങളെങ്ങനാ അകത്ത് കയറിയത് ... പോ.... പുറത്ത് പോകാൻ...""' വിരൽചൂണ്ടി പേടിയിൽ വിറക്കുമ്പോഴും ശ്രദ്ധിക്കാതെ മീശത്തുമ്പ് പിരിച്ചു ക്രൂരമായി പുഞ്ചിരിച്ചു നിന്നു രഘു..... ഭയത്താൽ കിതച്ചു കൊണ്ടവൾ ആദ്യം നോക്കിയത് ഗൗരിയിലേക്കാണ്... ഉണരുന്നില്ല.... ഇത്രയേറെ ബഹളം കേട്ടിട്ടും എഴുന്നേൽക്കുന്നില്ല..... """നോക്കണ്ടടി... അവള് എഴുന്നേൽക്കില്ല... അതിനിനി പത്ത് മണിക്കൂറ് കഴിയണം... അമ്മാതിരി ഒറക്കഗുളികയാ കലക്കി കഞ്ഞീടെ കൂടെ അമ്മേം മോളും മോന്തിയത്...."'' ഒഴുക്കോടെ പറഞ്ഞവൻ അവളരികിലേക്കായി നീങ്ങുമ്പോൾ അവന്റെ വാക്കുകൾ കേട്ട് ഞെട്ടിയിരുന്നു ദുർഗ.... """എടോ.... അപ്പൊ... അപ്പൊ താൻ..."" """അതേ ടി... നിനക്കും കൂടി ചേർത്ത തള്ളയോടെ കലക്കാൻ പറഞ്ഞത്....

ആ സാരമില്ല... നിന്നെയിങ്ങനെ ഉശിരോടെ അനുഭവിക്കാനും ഒരു സുഖാ...""' പൊട്ടി ചിരിച്ചു കൊണ്ട് അവളുടെ വലം കയ്യേ ഇറുക്കി പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടതും തെറിപ്പിച്ചു മുറിയുടെ പുറത്തേയ്ക്കോടി അവൾ... അടുക്കളയിലെ വാതിൽ തുറന്ന് മൂർച്ചയുള്ളൊരു കത്തിയെടുക്കാൻ ശ്രമിച്ചപ്പോഴേക്കും തട്ടി തെറിപ്പിച്ചിരുന്നു... അവളെ ഇടം കയ്യാലേ വളഞ്ഞിട്ടയാൾ വലിച്ചു പിടിച്ചു അവളെ.... """എങ്ങോട്ടാടി ഓടുന്നെ.... എന്റെ എത്ര നാളത്തെ ആഗ്രഹാണെന്നറിയോ നിനക്ക്... ഇന്ന് ഞാൻ നിന്നെ വിടില്ല പെണ്ണെ....""" """വിടാടാ... വിടാടാ പട്ടി...""" പറഞ്ഞവൾ പരിക്ക് പറ്റിയ വലം കയ്യിലേക്ക് ഇറുക്കെ കടിച്ചു വിട്ടു... ""'...ആാാ ...."" വേദനയോടെ പിടിയൊന്നയച്ചതും കുതറി ഓടി അവൾ... പിന്നിലെ നിന്നും മുടി കുത്തിലേക്ക് പിടിച്ചു വീണ്ടും വലിച്ചപ്പോഴേക്കും രഘുവിന്റെ മുതുകിലേക്ക് ഒരു ചവിട്ടു വീണിരുന്നു.... കാൽതെറ്റി തറയിലേക്ക് മലർന്നു വീണവൻ നോക്കുമ്പോൾ അവളരികെ പറ്റിച്ചേർന്നു നിൽക്കുന്നുണ്ടായിരുന്നു നന്ദൻ.... രൂക്ഷമായ ഭാവത്തിൽ അണച്ചു നിൽക്കുന്നവളെ പതിയെ മാറ്റി നിർത്തി..... """....എടാ...""" തറയിൽ നിന്നും എണീറ്റ് വന്നതും മുഷ്ടി ചുരുട്ടി മുഖത്തേയ്ക്ക് ആഞ്ഞടിച്ചു.... മുട്ടികുത്തി നാഭിയിലേക്ക് രണ്ടു ചവിട്ടു ചവിട്ടി ചുവരിലേക്ക് എറിഞ്ഞു... """നിനക്ക് ഞാൻ ഒരിക്കൽ പണി തന്നതാണ്... എന്നിട്ടും അടങ്ങീലല്ലെ നീ...""" """ഓഹോ... അപ്പൊ അന്ന് പാലത്തിന്റെ വെച്ചെന്നെ ചാമ്പിയത് നീയാണല്ലേടാ.....എനിക്കപ്പോഴേ തോന്നിയിരുന്നു.... ഇതിന് മാത്രം ആരാടാ ഇവള് നിന്റെ..... നിന്റെ മറ്റവളോ....""" """"എന്റെ കുഞ്ഞിന്റെ അമ്മയാടാ ഇവള് .....""' അവളെ തോളോട് ചേർത്ത് വെച്ച് നന്ദൻ ഉറക്കേ അലറിയതും ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയ്‌ ദുർഗ.... """അതേടാ.... ഇവൾടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ്.....അത് ഈ നന്ദന്റേയാടാ.... നന്ദന്റെ......'''..........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story