അരികെ: ഭാഗം 14

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

"'''അതേടി ചൂലേ..... പാൽക്കാരി ദുർഗാ ദേവി തമ്പുരാട്ടി പെഴച്ചു പോയെന്ന് ഈ നാട് മുഴുവനും അറിഞ്ഞു....."" കേട്ടതും ചുവപ്പ് രാശിപടർന്ന നിറമിഴികൾ ദയനീയമായി നന്ദനിലേക്ക് ഉയർത്തുമ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ പകച്ചു പോയ്‌ അവനും .... """എന്താടി ഇങ്ങനെ നോക്കുന്നേ.... ആർക്കും ഇല്ലാത്ത പരിശുദ്ധിയായിരുന്നല്ലോ തമ്പുരാട്ടിക്ക് ..... ഏതെങ്കിലും ഒരുത്തൻ ഒന്നു നോക്കിയാ പോലും അവന്റെ കൊങ്ങേ കേറി പിടിച്ചിറുക്കുന്നവളായിരുന്നില്ല്യോ...... ഇപ്പൊ എവിടെ പോയെടി നിന്റെ തന്റേടം.... മഴയത്ത് ഒലിച്ചു പോയോ .... പണത്തിനു വേണ്ടി ഒരുത്തന്റെ മുന്നില് മടികുത്തഴിച്ചു കൂടെ കെടന്ന് വയറ്റിലുണ്ടായിട്ട്... അവസാനം എല്ലാം പുറത്ത് വന്നപ്പോ നട്ടാകുരുക്കാത്ത ഒരു നൊണയും പറഞ്ഞു വന്നിരിക്കുന്നു....."""" മറുപടിയുണ്ടായില്ല അവൾക്ക്..... അവന്റെ ഓരോ കുറ്റപ്പെടുത്തലുകളിലും ഉത്തരം നൽകാൻ കഴിയാതെ ആ നാവ് തളരുന്നത് പോലെ തോന്നി ദുർഗക്ക്...... കണ്ണുകൾ പതിവില്ലാതെ അയാൾക്ക് മുന്നിൽ താഴ്ന്നു പോകുന്നുവോ.... അറിയില്ല..... ധൈര്യം ചോർന്നു തുടങ്ങിയതും ഉള്ളിലേക്ക് വിങ്ങൽ ഇരച്ചു കയറിയിരുന്നു.... """എടീ പൈസക്കാണേ എന്റെ കൂടെ വന്നൂടായിരുന്നോ..... നിനക്ക് വേണ്ടി ആരെ കൊന്നിട്ടാണെങ്കിലും നീ ചോദിക്കുന്ന പണം ഞാൻ തരില്ലായിരുന്നോടി പൊന്ന് മോളെ........

അല്ല...നിനക്കിനി കാണാൻ കൊള്ളാവുന്ന ആണുങ്ങളെ ഒക്കത്തൊള്ളോ.... """ എല്ലാരുടെയും മുന്നിൽ വെച്ച് കാതു പുളികുവോളം തന്നെ മോശമായി പറഞ്ഞിട്ടും ഒന്നും തിരിച്ചു പറയാൻ കഴിയാതെ പൊട്ടി കരഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് ഓടി കയറുന്ന ദുർഗാ... കാണേ നെഞ്ചു പൊട്ടുന്ന പോലെ തോന്നി അവന്.... എല്ലാത്തിനും കാരണം താനാണെന്ന് കൂടി ഓർക്കേ നീറുന്നുണ്ടായിടുന്നു..... മനസ്സും അവളരിലേക്ക് ഓടിയണയും പോലെ..... ഉള്ളിൽ പോയവളിലേക്ക് മിഴി നീണ്ടു പോകവേ വീണ്ടും രഘുവിന്റെ ഒച്ച ഉയർന്നിരുന്നു..... """എടാ കോപ്പേ.... ഇങ്ങോട്ട് നോക്കടാ..."" കേട്ടതും കണ്ണുകളിറുക്കിയടച്ചുകൊണ്ട് അവന്റെ ഭാഗത്തേയ്ക്ക് തിരിയുമ്പോൾ കാലുകൾ പോലും ദേഷ്യത്താൽ വിറക്കുന്നുണ്ടായിരുന്നു.... പതിയെ നടന്നയാൾ അവനടുത്തേക്കായി നീങ്ങുമ്പോഴും രൂക്ഷമായ നോട്ടം മാറ്റീലവൻ..... പല്ലിറുക്കികൊണ്ട് നോക്കുന്നവന്റെ ഷർട്ടിലേക്ക് മെല്ലെ തൊട്ടു തലോടി വിട്ടു രഘു.... """അതേടാ മോനേ നിനക്ക് മടുത്തെങ്കിൽ ഒരു ദെവസത്തേയ്ക്ക് അവളെ എനിക്ക് താടാ..... പണ്ടേ ഈ മൊതലിനെ ഒത്തിരി ആശിച്ചതാടാ......""" നിയന്തിക്കാൻ കഴിഞ്ഞില്ല അവന്.... സർവ്വ വേലിക്കെട്ടും ഭേദിച്ചു കൊണ്ട് പതഞ്ഞു വന്ന ദേഷ്യം.. അയാളുടെ കവിളിലേക്ക് മുഷ്ടി ചുരുട്ടി ആഞ്ഞടിച്ചു നന്ദൻ.... """ടാ.... ചെറ്റേ... വേണ്ടാ വേണ്ടാന്നു കരുതുമ്പോ....."" വാശിയോടെ അവന്റെ മറ്റേകവിളിലും ബലത്തിലിടിച്ചപ്പോഴേക്കും രഘുവും അവന്റെ കോളറിൽ പിടി അമർത്തിയിരുന്നു....

അപ്പോഴും ഇരുവരുടേയും കൂട്ടതല്ല് കണ്ട് വാവിട്ട് കരയുന്ന അമ്മൂട്ടിയെ ചേർത്തു പിടിക്കുകയായിരുന്നു ഗൗരിയും ..... അവസാനത്തെ അടിയിൽ തറയിലേക്ക് തെറിച്ചു വീണ രഘു... വേച്ചു വേച്ചു എഴുന്നേൽക്കുമ്പോൾ രൂക്ഷമായ നോട്ടത്തോടെ വിരൽ കറക്കി വിട്ടു നന്ദൻ.... """"ഇനി മേലാൽ ഇവിടെ വന്ന് ഇമ്മാതിരി നാറിയ വർത്താനം പറഞ്ഞാലുണ്ടല്ലോ...""" ഉതിർന്നു വീണ ലുങ്കിയേയും ഉയർത്തി പിടിച്ചവൻ ജീപ്പിലേക്ക് കേറുമ്പോഴും താകീത് പറഞ്ഞു മതിയാക്കിയില്ല നന്ദൻ.... ഇനി ഈ മുറ്റത്ത് കാല് കുത്തിയാൽ നിന്റെ രണ്ടു കാലും തല്ലിയൊടിക്കും ഞാൻ കേട്ടോടാ.... ❤️ ശൂന്യമായ തൊഴുത്തിന്റെ തിണ്ണമേൽ ചമ്രംമടഞ്ഞിരുന്ന് തറയിലെ വെള്ളകെട്ടിലേക്ക് കണ്ണും നട്ടിരിക്കുന്നവളുടെ മിഴികൾ ഇടവേളയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു.... തകർന്നപോയ നിമിഷം.... ആദ്യമായി കുറ്റപ്പെടുത്തലുകൾക്ക് മുന്നിൽ പകച്ചു പോയ നിമിഷം.... ശരിയല്ലേ അയാൾ പറഞ്ഞത്..... പണത്തിന് വേണ്ടി ഒരാണിനു മുന്നിൽ കിടന്നു കൊടുത്തു എന്നല്ലേ എല്ലാരും പറയൂ... സത്യം എന്തെന്നോ ഏതെന്നോ ആരും ചികയില്ല.... ഹൃദയം വല്ലാതെ വലിഞ്ഞു മുറുകുന്നത് പോലെ.... മൗനത്തിൽ അലിഞ്ഞു നിഛലമായി ഇരിക്കുന്നവളുടെ അരികുപ്പറ്റി പതിയെ വന്നിരുന്നു നന്ദൻ... അപ്പോഴും അവന് നേരെ മുഖം കൊടുക്കാതെ ഒഴുകുന്ന മിഴികൾക്ക് ഇമ വെട്ടാൻ പോലും കൺപോളകൾക്ക് കഴിയുന്നുണ്ടായിരുന്നില്ല....

അവളെ തന്നെ നോക്കി നിന്നവൻ മെല്ലെ അവളെ ആശ്വസിപ്പിക്കാണെന്നോണം കൈ വിരലുകകൾ നീട്ടി.... കഴിയിഞ്ഞില്ല.... മനസ്സെന്തോ തടസ്സം നിന്നപോലെ.... വിരലുകളെ പിൻ വലിച്ചവൻ പതിയെ അവളെ നോക്കി ആർദ്രമായി വിളിച്ചു .... """.....ദുർഗേ...""" ഒരു മൂളൽ പോലുമില്ല..... ചിന്തകൾ അവസാനിക്കാതെ കൃഷ്ണഗോളങ്ങൾ ഒഴുകി നടന്നതേയുള്ളു.... """ഇതൊക്കെ നേരത്തെ പ്രതീക്ഷിച്ചിട്ടല്ലേ മോളെ ഇതിനൊക്കെ നീ ഇറങ്ങി പുറപ്പെട്ടത്....""" അവളുടെ ഇരിപ്പ് കാണുംതോറും നെഞ്ചിലേക്ക് കനൽ കോരിയിടുന്ന പോലെ .... എന്തെന്നില്ലാതെ കുറ്റബോധം തന്നെ കാർന്നു തിന്നുകയാണ്.... അവളിലേക്ക് മിഴികൾ പായിച്ചു ശ്വാസം ഒന്നൂതി വിട്ടു അവൻ... ""'ഞാനാ തെറ്റുക്കാരൻ എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കാൻ പോകുന്നവളെ കുറിച്ച് ഞാൻ കൂടുതൽ അന്വേഷിക്കണമായിരുന്നു....."'' അടുക്കള വാതിലിന്റെ ഓരത്തു വന്ന് സങ്കടത്തോടെ ചാരി നിൽക്കുന്ന ഗൗരിയിലേക്ക് ഒരു നിമിഷം അവന്റെ നോട്ടം പോയിരുന്നു.... "'''ആ എന്തായാലും ഞാൻ ഒന്നുറപ്പിച്ചിട്ടുണ്ട്.... ഇനി ഈ മഞ്ചാടി മലയിലുള്ള ആരും ദുർഗ പിഴച്ചു പോയെന്നു പറയില്ല... ഇത് തുടങ്ങിവെച്ചത് ഞാനല്ലേ... അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തവും എനിക്കുണ്ട്...."""" അപ്പോഴും മറുപടി പറയാതെ മൗനം പൂണ്ടു നിൽക്കുന്നവൾക്കായി അവൻ സ്വരമുയർത്തി..... ഒരു താലി.... അതികം വൈകിപ്പിക്കില്ല..... അതിന്....അതിന് താനൊന്ന് സമ്മതിച്ചാ മാത്രം മതി...."""

ഉറച്ച ശബ്ദത്താൽ അവൻ പറഞ്ഞു നിർത്തിയതും ഇത്ര നേരം നിശബ്ദമായിരുന്ന നിറമിഴികൾ തെല്ലൊരു ഞെട്ടലോടെ അവന് നേരെ നോക്കി.... കേൾക്കെ ഗൗരിയും..... അവൻ ഉദേശിച്ചത്‌ എന്താണെന്ന് മനസ്സിലാകാതെ തന്നെ പകച്ചു നോക്കുന്നവൾക്ക് നേരെ മെല്ലെ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.... ''''ഇനിയെങ്കിലും ഈ കരച്ചിലൊന്ന് നിർത്ത് പെണ്ണെ.... ഈ കണ്ണുകൾക്ക് കണ്ണുനീര് ചേരില്ല.... വാശിയും ദേഷ്യവും നിറഞ്ഞു നിൽക്കണം അതാ പെണ്ണെ നിനക്കഴക്....""" അവന്റെ വാക്കുകൾ... എന്തോ മനസ്സിലൊരു സുഖം കിട്ടിയത് പോലെ അവന്റെ ഇരുമിഴികളിൽ തന്നെ ഹൃദയം തറഞ്ഞു പോയിരുന്നു.... ആ നാവിൽ വീഴുന്ന ആശ്വാസത്തിന് അവളുടെ മിഴികളിൽ നിന്ന് തെന്നി നീങ്ങുന്ന നീർപാട മറുപടി നിൽകിയിരുന്നു..... എവിടെ നിന്നോ ഒരു കുളിർ തെന്നൽ അവർക്കിടയിലേക്ക് വട്ടമിട്ടു വീശി പറക്കുമ്പോൾ പേരറിയാത്തൊരു വികാരം തളം കെട്ടി നിൽക്കുന്നത് പോലെ.... """നാളെ വിഷുവാണ്....ഈ കുശുമ്പൊക്കെ കളഞ്ഞ് ആ സാരിയൊക്കെയുടുത്ത്.... സുന്ദരിയായി നിൽക്കണം.... നമ്മുടെ കുഞ്ഞിന്റെ ആദ്യത്തെ വിഷുവല്ലേ....''' അത്രയും പറഞ്ഞവൻ പുഞ്ചിരിയോടെ കണ്ണിറുക്കി അവളെ നോക്കുമ്പോൾ എവിടെയൊക്കെയോ പ്രതീക്ഷ നിറഞ്ഞ മിഴികളായിരുന്നു അവൾ മറുപടി നൽകിയത്...... ❤️

സെറ്റ് സാരിയുടുത്ത് മുറിക്കുള്ളിലെ കൊച്ചു കണ്ണാടിയുടെ മുന്നിൽ ചേല് നോക്കുകയാണ് ദുർഗ..... കുഞ്ഞു ജിമിക്കിയും ചുവന്ന കുന്നിക്കുരു പൊട്ടും ചന്ദനകുറിയും പിറകു വശത്തെ മുല്ലവള്ളിയിൽ പൂത്ത പൂക്കൾ കൊണ്ടുള്ള മാലയും കൂടി മുടിയിലേക്ക് കൊരുത്തു വെച്ചതോടെ പെണ്ണിന്റ ചന്തം വല്ലാതെ കൂടി നിന്നു... ആദ്യമായാണ് ഇങ്ങനെയൊക്കെ.... ഒരാള് സ്നേഹത്തോടെ ഡ്രെസ്സ് വാങ്ങി തരുന്നതും ഭംഗിയിൽ ഒരുങ്ങണമെന്ന് പറയുന്നതും ഒക്കെ .... എത്ര ഇഷ്ടക്കേട് കാട്ടിയാലും ആട്ടി പായിച്ചു വിട്ടാലും കരുതലോടെ പിന്നാലെ വരുന്ന മനുഷ്യൻ... ഗൗരവം കാട്ടുന്നത് മുഖത്താണെന്നെയുള്ളൂ... അത് മനസ്സിലേക്ക് പടരുന്നേയില്ല..... അല്ലേലും ആ പാവത്തിനോട് എങ്ങനാ ദേഷ്യപ്പെടാൻ തോന്നുന്നത് ദുർഗേ.... ഇന്നലെ പറഞ്ഞവാക്കുകൾ..... പുഞ്ചിരിച്ചു നിന്ന മുഖം കണ്ണാടിയുടെ മുന്നിൽ വെച്ച് തന്നെ പതിയെ മാറി തുടങ്ങിയിരുന്നു... എനിക്കൊരു താലി.... നേരായിരിക്കോ..... അതോ വെറുതെ എന്നെ അശ്വസിപ്പിക്കായി പറഞ്ഞതാവോ... ഇനി ചിലപ്പോ ന്റെ കുഞ്ഞിന് വേണ്ടി മാത്രം ചെയ്യുന്നതാവും ഈ ത്യാഗം...... അങ്ങനെയാണെങ്കിൽ എങ്ങനാ എന്നെ ആ മനുഷ്യൻ സ്നേഹിക്ക്യാ.... കണ്ണാടിയിൽ തന്നെ നോക്കി സ്വയം മറന്ന് ചിന്തിക്കുമ്പോഴാണ് ഗൗരി പിന്നിൽ നിന്ന് കളിയാക്കി ചിരിക്കുന്ന കാര്യം ശ്രദ്ധിച്ചത്.... "'''എന്താണ് ദുർഗകുട്ടി കുറേ നേരായല്ലോ.... ആരോ ഈ സാരി ഉടിക്കില്ലാന്നോ... ഇഷ്ട്ടായില്ലായിന്നോ പറയുന്നത് കേട്ടല്ലോ....."""

മെല്ലെ നടന്നവൾ പരിഭവത്തിൽ നിൽക്കുന്നവളുടെ തോളിലേക്ക് പിടിച്ചു ചുമലിലേക്ക് മുഖം ചേർത്തു.... """ഇപ്പൊ എന്ത്പറ്റി കാന്താരിക്ക് ചൂടൊക്കെ തണുത്തുറഞ്ഞു പോയോ...."" കുസൃതിയോടെ അത്രയും പറഞ്ഞവൾ ദുർഗയെ കെട്ടിപുണരുമ്പോൾ ചുണ്ട് കോണിച്ചു കൊണ്ടവൾ ഗൗരിയുടെ കൈകളെ തട്ടിമാറ്റി.... """അങ്ങോട്ട് മാറിക്കെ.... അതൊന്നുമല്ല...."" "''....പിന്നെ...''' ""'അയാള് ആദ്യായിട്ട് പറഞ്ഞതല്ലേ ... അതുകൊണ്ട്...."" """...ഏതയാള്....ഈ അയാൾക്ക് പേരില്ല...""" """അത്... അത് പിന്നെ ആ നന്ദൻ... മ്മ്... പറഞ്ഞിട്ട്...""" ഒഴുക്കൻ മട്ടിൽ പറഞ്ഞു തെല്ലൊരു നാണത്തോടെ മുറിവിട്ട് അടുക്കളയിലേക്ക് ഓടുന്നവളെ കൗതുകത്തോടെ നോക്കി നിന്നു ഗൗരി... """അമ്മൂട്ടിയെ.... മാമന്റെ ചക്കരാ സുന്ദരി കുട്ടിയായല്ലോ....""" ""'കൊല്ലാവോ... നന്നാമാമാ..""" """പിന്നെ നന്ദൻ മാമന്റെ മോള് ചുന്ദരിയല്ലേ.. "" പുറത്തു നിന്നും കേൾക്കുന്ന നന്ദന്റെ ശബ്ദം.... കേൾക്കെ പതിയെ ഉമ്മറത്തേക്ക് ഇറങ്ങി നിന്നു ഗൗരി.... ""ആ ഗൗരി ഒരുങ്ങിയോ ഇഷ്ട്ടായോ സാരി... എനിക്കിതിന്റെ സെലക്ഷൻ ഒന്നും വല്യ പിടിയില്ല കേട്ടോ...... ""' """...നന്നായിട്ടുണ്ട് ഏട്ടാ..."" അവനായി മറുപടി പറഞ്ഞു നിൽക്കുമ്പോഴാണ് ഒരാൾ പിന്നിലെ വാതിൽക്കലായ് മറയുന്നത് ഗൗരി ശ്രദ്ധിച്ചത്... സാരിയുടുത്തത് കാണിക്കാൻ വന്ന വരവാണ്.... പക്ഷെ പുറത്തേക്ക് വരാതെ പാതി വഴിയിൽ എന്തോ തടുത്തു നിർത്തിയത് പോലെ.... ഗൗരി കണ്ടതും ഭിത്തിയിലെ പൊടിതട്ടി കളഞ്ഞവൾ പതിയെ തിരിഞ്ഞു... കാണെ ചിരിച്ചു പോയ്‌ ഗൗരി...

""അല്ല.... മറ്റേ ആളെവിടെ.... സാരിയുടിക്കില്ലെന്ന് ഒരേ വാശിയായിരുന്നല്ലോ...."" ""'ഉടുത്തു നന്ദേട്ടാ.... ഇവിടെ നിൽപ്പുണ്ട് ആള്....""" """...എന്നിട്ടെവിടെ....""" ചോദ്യത്തോടൊപ്പം അവൻ പതിയെ ഉള്ളിലേക്ക് എത്തിനോക്കുമ്പോൾ കുഞ്ഞൊരു ജാഡ കാട്ടി അവൾ മുന്നിൽ വന്നു നിന്നിരുന്നു... അവളെയാ നിമിഷം കണ്ട മാത്രയിൽ നോക്കി നിന്നു പോയ്‌ നന്ദൻ.... എന്തൊരു ചന്താ പെണ്ണിന്.... ഉണ്ടക്കണ്ണിൽ മനോഹരമായി കണ്മഷിയെഴുതി മുല്ലപ്പൂ ചൂടി സെറ്റ് സാരി ഭംഗിയിലുടുത്തു....അവളിൽ വല്ലാത്തൊരു ചേല് തോന്നി നന്ദന്...... കണ്ടുനിൽക്കേ കണ്ണെടുക്കാൻ മറന്നു പോയ്‌ അവൻ.... ""കൊള്ളാല്ലോ ഇപ്പഴാ ശരിക്കും ദുർഗാലക്ഷ്മിയായത്....""" ചെറു പുഞ്ചിരിയിൽ അവൻ പറഞ്ഞു നിർത്തുമ്പോൾ ദുർഗയുടെ നേർത്ത ചുണ്ടുകളിൽ ഒരു ചെറുനാണം തട്ടി എങ്ങോട്ടോ തെന്നി നീങ്ങി.... """"ഞാനെത്ര തവണ പറഞ്ഞിട്ടുണ്ടെന്ന് അറിയോ നന്ദേട്ടാ ഇത്തിരി മെനക്ക് ഒരുങ്ങി നടക്കാൻ.... കേക്കത്തേയില്ല.... ആരെ കാണിക്കാനെന്നാ മറു ചോദ്യം.... ഇപ്പൊ നോക്കിയേ കാണാനും കാണിക്കാനും ആള് വന്നപ്പോ പെണ്ണിന്റെ ഒരു ഒരുക്കം...."'' ചിരിയിൽ പറഞ്ഞ് ഗൗരി ചീർത്തു നിൽക്കുന്നവളെ വലം കൈ കൊണ്ട് തോളിലേക്ക് തട്ടി വിടുമ്പോൾ പെട്ടെന്ന് പുഞ്ചിരി മങ്ങി നിന്നു നന്ദനിൽ.... ഉള്ളിലെന്തോ വേദന തട്ടിയത് പോലെ ദുർഗയിലേക്ക് മിഴികൾ നീട്ടിയവൻ അതവരെ കാണിക്കാതെ വീണ്ടും അവരിലേക്ക് പുഞ്ചിരി കാട്ടി നിന്നു ....

"""അയ്യേ... ഞാനരേം കാണിക്കാനൊന്നുമല്ല.... നല്ലൊരു വിഷുവല്ലേ അതിനിത്തിരി ഒരുങ്ങിയത് ഇത്ര വല്യ കുറ്റാ..."'' ഇഷ്ട്ടപെടാത്ത പോലെ ഗൗരിയെ നോക്കി ചുണ്ടു കോട്ടി കാണിച്ചു ദുർഗ... ""അത് നീ പറഞ്ഞത് ശരിയാ ഗൗരി.... ഇപ്പൊ ഒരു ചെക്കന്റെ കുറവും കൂടിയേ ഉള്ളൂ.... അതും കൂടി ആയാൽ ഈ നിമിഷം കല്യാണം അങ്ങു നടത്താം...""' കേട്ട പാടെ കർവിച്ചു സാരി തലപ്പ് നീട്ടി വീശി ഉള്ളിലേക്ക് ചവിട്ടി തുള്ളി പോകുന്ന ദുർഗയേ നോക്കി മാറി മാറി ചിരിച്ചു നിന്നു അവർ.... "''...ഹും ചെക്കൻ വരൂത്രെ.... അങ്ങോട്ട് ചെന്നാലും മതി.. അല്ലെങ്കിലേ ഒറ്റയെണ്ണം തിരിഞ്ഞു നോക്കില്ല... ഇപ്പൊ വയറ്റിലൊരു ആളും കൂടിയുണ്ടല്ലോ..... ആഹാ...നന്നായിരിക്കും.... മുഹും ഒരു മുല്ലപൂവ് കുന്തം...""' അടുക്കളയിൽ നിന്നവൾ തലയിലെ പൂക്കളെ ചിണുങ്ങി കൊണ്ട് എടുത്തെറിഞ്ഞതും അവിടേക്ക് വന്നിരുന്നു ഗൗരി.... അവളെ കണ്ടതും ഒന്നു പരുങ്ങി നിന്നവൾ സംസാരം നിർത്തി..... """അയാൾക്ക്... അയാളോട് ഇലയിട്ട് ഇരിക്കാൻ പറയ് ഏട്ടത്തി.... പിന്നെ ഈ വെച്ചൊണ്ടാക്കിയിരിക്കുന്നത് നമുക്ക് മാത്രം വെട്ടിവിഴുങ്ങാനല്ലല്ലോ...""" വീർത്ത മുഖത്തോടെ ദേഷ്യത്തിൽ പാത്രങ്ങളെ ഓരോന്നായി എടുത്തു മാറ്റുന്നവളെ കാണെ മെല്ലെയൊരു പുഞ്ചിരിയോടെ ഗൗരി അരികിലേക്ക് ചെന്നു... """നിനക്കെന്താ ദുർഗേ നന്ദേട്ടൻ ഒരു തമാശ പറഞ്ഞതല്ലേ.... നിന്റെ ഈ ദേഷ്യം പിടിച്ച മുഖമൊന്നു കാണാൻ നല്ല ചേലാടി പെണ്ണെ... """" """പിന്നെ ദേഷ്യം വരുമ്പോഴല്ലേ ചേല്.... ഹും അങ്ങോട്ട് മാറിക്കെ...

"" ദേഷ്യത്തിൽ വെട്ടി വെച്ച വാഴയിലയും പിടിച്ചു മുന്നിലേക്ക് പോകുന്നവളെ നോക്കി ഗൗരിയൊന്നു തലയാട്ടി ചിരിച്ചു... ചാണകം മെഴുകിയ തറയിൽ ഒരു വലിയ ഇലയും ചെറിയ ഇലയും നിരത്തി വെച്ച് നന്ദനും അമ്മൂട്ടിയും ഇരുന്നു... ഇരുവർക്കും സദ്യ വിളമ്പി കൊടുത്ത് ഗൗരിയും ദുർഗയും നോക്കി നിൽക്കുമ്പോഴാണ് നന്ദൻ പെട്ടെന്ന് സംശയത്തോടെ അവരെ നോക്കിയത്.... ""'അല്ല... നിങ്ങള് കഴിക്കുന്നില്ലേ...."" """..ഞങ്ങള് പിന്നെ കഴിച്ചോളാം നന്ദേട്ടാ..."" തോരന്റെ പാത്രവും കയ്യിൽ വെച്ച് മറുപടി പറയുന്ന ഗൗരിയെ കാണെ നന്ദൻ ഒന്ന് നെറ്റി ചുളുക്കി... """ആഹാ അത് കൊള്ളാല്ലോ രണ്ട് ഗർഭിണികൾ ഇവിടെ നിൽക്കുമ്പോൾ ഞാൻ ആഹാരം കഴിക്കാനോ മ്മ്.. നടക്കും..... ദേ.... പെമ്പിള്ളേരെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇപ്പൊ നിങ്ങള് രണ്ട് പേരല്ല... നാല് പേരാ..... മര്യാദക്ക് ഇലയിട്ട് അങ്ങോട്ടിരുന്നേ ഞാൻ വിളമ്പി തരാം...ഞാനെന്താ വല്ല അതിഥിയുമാണോ....""" രണ്ട് പേരെയും തറയിൽ പിടിച്ചിരുത്തി സദ്യ വിളമ്പി കൊടുത്തു നന്ദൻ... """കറിയൊക്കെ എങ്ങനെയുണ്ട് നന്ദേട്ടാ എല്ലാം ദുർഗേടെ പാചക... ഞാൻ അരിഞ്ഞു കൊടുത്തൂന്ന് മാത്രേയുള്ളൂ...""" പറയുമ്പോൾ കള്ള ചിരിയോടെ അവനൊന്നു ദുർഗയേ നോക്കിയിരുന്നു.... """മ്മ്... കൊള്ളാം... അപ്പൊ വാചകമടി മാത്രല്ല പാചകോം വശമുണ്ടല്ലേ...."" കേട്ടപാടെ തന്നെ രൂക്ഷമായി നോക്കുന്നവളെ കാണെ ഒന്നേങ്ങി ചിരിച്ചു അവൻ.... """നന്ദേട്ടന്റെ അവിടെ എങ്ങനാ വിഷുവിന്.... സദ്യോക്കെ നല്ല ഉഷാറിലായിരിക്കും അല്ലെ..."

"""..മ്മ്... പിന്നെ... സാമ്പാറും രസോം എരിശേരിയും പുളിശ്ശേരിയും പച്ചടിയും കിച്ചടിയും പായസോം ഒക്കെ കാണും... പക്ഷെ എനിക്ക് കിട്ടുന്നത് പഴഞ്ചോറാന്ന് മാത്രം..."'' ചിരിയോടെയവൻ പറഞ്ഞു നിർത്തുമ്പോൾ മാറി തുടങ്ങിയിരുന്നു ദുർഗയുടെയും ഗൗരിയുടേയും മുഖം.... ""അടിമകൾക്ക് അങ്ങനാ ഗൗരി .... ഭിക്ഷ എന്ത് തരുന്നോ അതങ്ങ് വാങ്ങി കഴിച്ചോണം.... കൂടുതലൊന്നും ചോദിക്കാൻ പാടില്ല...എങ്കിൽ തിരിച്ചു കിട്ടുന്നത് അമ്മായിടെ വായീന്ന് നല്ല ആട്ടിന്റെ സദ്യ ആയിരിക്കും.... ഒരു കണക്കിന് നോക്കിയ നിങ്ങളൊക്കെ ഭാഗ്യം ചെന്നവരാ.... കൊട്ടാരത്തിലെ അടിമയായി ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാ കുടിലിലെ രാജകുമാരിയായി വാഴുന്നത്.... നിറഞ്ഞു തുടങ്ങിയ നീർ കണങ്ങളെ അവരെ കാണിക്കാതെ ആഹാരം പാതി കഴിച്ചവൻ എഴുന്നേൽക്കുമ്പോൾ വിതുമ്പി പോയ്‌ ദുർഗയും ഗൗരിയും... ❤️ അടുക്കളയൊതുക്കിയ ശേഷം ദുർഗ മുറിയിൽ നിന്നും മുടി വാരി കെട്ടുന്ന ഇടക്കാണ് പെട്ടെന്ന് വാതിലിൽ മുട്ടി കൊണ്ടൊരാൾ അകത്തേക്ക് വന്നത്.... കണ്ടതും പെട്ടെന്നൊരു നിമിഷം പതറി പോയ്‌ അവൾ.... ....നന്ദനാണ്.... ചെറിയൊരു പരുങ്ങലോടെ മുറിയിലേക്ക് കടന്നു വരുന്നവനെ കാണേ എന്തെന്നില്ലാത്ത ഒരു പരവേഷം തോന്നിയവൾക്ക്.... ""....എ... എന്താ..."" കഴുത്തിടുക്കിലേക്ക് പടർന്നു വരുന്ന വിയർപ്പ് തുള്ളികളെ അമർത്തി തുടച്ചവൾ ചോദിക്കുമ്പോൾ വിളറിയൊരു ചിരി ചിരിച്ചവൻ മുറിക്ക് പുറത്തേക്കൊന്ന് കണ്ണോടിച്ചു...

"""അത്... ദുർഗേ.... ഞാൻ..."" വിറച്ചുകൊണ്ടവൻ നിന്നപ്പോഴേ എന്തോ പന്തികേടവൾക്ക് തോന്നി തുടങ്ങിയിരുന്നു.... """അത്.. പിന്നെ... എന്നെ തെറ്റിധരിക്കരുത് മോശക്കാരനാണെന്നും കരുതരുത്.... ഒരു ഒരു കാര്യം ചോദിച്ചോട്ടെ....""" അവൻ ശങ്കയോടെ പറയുമ്പോൾ അവളുടെ നെറ്റി ചുളുവിൽ സംശയം നിറഞ്ഞു നിന്നിരുന്നു... ""അത്..... ഞാൻ... ഞാൻ ഒന്ന് തൊ...തൊട്ടോട്ടെ എന്റെ കുഞ്ഞിനെ.... ഒരേയൊരു തവണ.... ഒരൊറ്റ തവണ....."" കെഞ്ചുകയായിരുന്നു അവൻ.... കേട്ട നിമിഷം തെല്ലൊന്നു പിടഞ്ഞു നിന്നു ദുർഗയുടെ മനസ്സ്.... """വലിയൊരു ആഗ്രഹാ ദുർഗേ.... മറ്റൊന്നും വിചാരിക്കരുത്.... പ്ലീസ്.."" അവളുടെ മുഖത്ത് നിന്നു കണ്ണെടുക്കാതെ അവളുടെ മറുപടിക്കായി കാത്തു നിന്നു അവൻ.... ഒന്നുമിണ്ടീല..... എന്തോ ഇഷ്ടമില്ലാത്ത പോലെ തലതിരിച്ചു കാട്ടി നിന്നു അവൾ.... വല്ലാത്ത നിരാശ തോന്നി അവന്.... മൗനമായി തല താഴ്ത്തി നിന്നു.... തൊണ്ടയിൽ നിന്നും ഇറുകി വന്ന വേദന ഉമിനീരാൽ ഇറക്കി.... വിരസമായി ഒന്നു പുഞ്ചിരിച്ചവൻ അവിടെ നിന്നും തിരിഞ്ഞതും .... പെട്ടെന്ന് അവന്റെ വലം കയ്യിൽ ഒരു പിടി വീണിരുന്നു..... ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അരികിലേക്ക് വരാനായി മിഴികൾ മെല്ലെ മൂടി കാണിച്ചു ദുർഗാ..... ആകാംഷയോ സന്തോഷമോ സങ്കടമോ... എന്തെന്നറിയാതെ പതിയെ അവന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു.... അവന്റെ വലം കൈയ്യിൽ പിടി മുറുക്കി സാരിയുടെ മേലെ വയറിന്റെ ഭാഗത്തായി കൈവെള്ളയെ ചേർത്തു വെച്ചു.....

വിറക്കുന്ന വിരലുകളാൽ തന്റെ കുഞ്ഞിനെ തൊട്ടതും അത്ഭുതം നിറഞ്ഞ കണ്ണുകളാലെ അവളിലേക്കാണ് അവന്റെ മിഴികൾ പാഞ്ഞത്..... ഏറി നിന്ന ശ്വാസത്താൽ അവന്റെ ഹൃദയനിടിപ്പിന്റെ തുടി താളത്തിന്റെ ശബ്ദം ദുർഗയുടെ കാതുകളിൽ പോലും എറിച്ചു നിന്നു.... വിതുമ്പുകയാണവൻ ... നീർപാട തെന്നി കവിളിടം തഴുകുമ്പോൾ വിതുമ്പി കരയുകയാണവൻ...... കൈപ്പട തെല്ലിട മാറ്റാതെ മെല്ലെ താഴേക്ക് മുട്ടുകുത്തിയിരുന്നു .... """"കുഞ്ഞേ.... അ... അച്ഛന്റെ പൊന്നേ....""" ഉദരത്തിലേക്ക് ചെവിചേർത്ത് വാത്സല്യത്തോടെ അവൻ സ്വരം താഴ്ത്തി വിളിക്കുമ്പോൾ അവളുടെ മിഴികളേയും നിയന്ത്രിക്കാൻ കഴിഞ്ഞില്ല...... ""അച്ഛനാ.... അച്ഛൻ..... ന്റെ വാവേടെ അച്ഛൻ... അറിയുന്നുണ്ടോ... നീ അച്ഛന്റെ ശബ്ദം....ഈ... ഈ...സ്പർശനം.... അറിയുന്നുണ്ടോ കുഞ്ഞേ...... എന്നാ എന്റെ പൊന്നു കുടം അച്ഛനെ കാണാൻ വരണേ... അച്ഛന്റെ ഈ കൈകുമ്പിളിൽ കിട്ടുന്നേ... ഈ... ഈ.. മാറോട് പറ്റിച്ചേർന്നുറങ്ങുന്നേ.... ഏ....""" അവളുടെ നേർത്ത സെറ്റ്സാരിയുടെ വിടവിലൂടെ കാണുന്ന ചെറുതായി വീർത്തു തുടങ്ങിയ വയറിലേക്ക് അവൻ ചേർന്നു നിൽക്കുമ്പോൾ ആ മുടിയിഴകളെ തലോടി തെല്ലൊന്നാശ്വസിപ്പിക്കാൻ അവളുടെ കൈ വിരലുകൾ വെമ്പുന്നുണ്ടായിരുന്നു....

"""ഇനി അച്ഛനുണ്ടാവും കേട്ടോ... അമ്മയെ പട്ടിണികിടാതെ... സങ്കടപെടുത്താതെ.... കൃത്യ സമയത്ത് മരുന്ന് കൊടുത്ത്.... രാവും പകലും അമ്മക്കരികെ ഈ അച്ഛനുണ്ടാകും കേട്ടോ.....""" അത്രയും പറഞ്ഞവൻ പതിയെ എഴുനേൽക്കുമ്പോൾ അവന്റെ പെരുമാറ്റം കണ്ട് വല്ലാത്തൊരു സ്നേഹം തോന്നി അവൾക്ക്.... നിറഞ്ഞൊഴുകുന്ന അവന്റെ മിഴികളേ തന്നെ മാറിമാറി നോക്കി നിന്നു പോയ്‌ അവൾ... """ നമ്മുടെ കുഞ്ഞ് നിന്നെ പോലെ മതി ദുർഗേ.... """ പറയുമ്പോൾ അവന്റെ മുഖം പതിവില്ലാത്ത പോലെ തിളങ്ങുന്നുണ്ടായിരുന്നു..... """വലിയ കണ്ണും വീർത്ത കവിളും നീണ്ട മൂക്കും കുഞ്ഞി ചുണ്ടുമായി ഒരു ഒരു കൊച്ചു സുന്ദരി വാവ....""" അവളുടെ മുഖത്തെക്ക് തന്നെ നോക്കി കണ്ണെടുക്കാതെ അവൻ ഓരോ ഭാഗവും ചൂണ്ടി പറയുമ്പോൾ കണ്ണീരിൽ പൊതിഞ്ഞൊരു പുഞ്ചിരിയോടെ അവനിലേക്ക് ലയിച്ചു നിന്നു പോയ്‌ പെണ്ണ്.... """നിന്റെ ധൈര്യവും വാശിയും തന്റേടവും ഒക്കെ ചേർന്ന ഒരു മിടുക്കികുട്ടി .... അതാ... അതാ .... നല്ലത് ദുർഗേ... അവള് അമ്മേ പോലെ... അമ്മേ പോലെ തന്നെയിരിക്കണം അച്ഛനെ പോലെയാകരുത്....""" അപ്പോഴേക്കും സ്വന്തം നെഞ്ചിലേക്ക് ചൂണ്ടി വിങ്ങി കരയാൻ തുടങ്ങിയിരുന്നു അവൻ.... """അച്ഛൻ... അച്ഛൻ പരാജയപ്പെട്ടവനാ.... എല്ലാവരുടെ മുന്നിലും എല്ലാത്തിനു മുന്നിലും പരാജയപ്പെട്ടവൻ.....

അച്ഛനെപോലെയായാൽ എന്റെ കുഞ്ഞും അവന്റെ ജീവിതത്തിൽ തോറ്റു പോകും ദുർഗേ....""" അവന്റെ ചുവന്നു കലങ്ങിയ കണ്ണുകളിൽ തത്തി കളിക്കുന്ന കൃഷ്ണമിഴികളിൽ പോലും ആ മനസ്സിലെ അടങ്ങാത്ത വേദന തിരിച്ചറിയുന്നുണ്ടായിരുന്നു ദുർഗാ.... """നീ അങ്ങനെയല്ല ദുർഗേ ..... ധൈര്യമുള്ളവളാ..... ആകാശം ഇടിഞ്ഞു വീണാലും നെഞ്ചുറപ്പോടെ നിൽക്കുന്നവൾ... അങ്ങനാ വേണ്ടേ ... നമ്മുടെ കുഞ്ഞും അങ്ങനാ വളരേണ്ടേ.... """ പറഞ്ഞു നിർത്തിയവൻ കൈവണ്ണ കൊണ്ട് മുഖം മുഴുവൻ ഒപ്പി തുടച്ചപ്പോഴേക്കും ഗൗരി മുറിക്കുള്ളിൽ വന്നിരുന്നു.... അപ്പോഴും അവന്റെ നൊമ്പരങ്ങൾ കേട്ട് സ്വയം മറന്ന് അങ്ങനെ നിൽകുന്നുണ്ടായിരുന്നു ദുർഗ.... "''ഹാ... ഗൗരി.... ഞാൻ രണ്ട് ദിവസം ഇവിടെ കാണില്ല.... ഞാൻ പറഞ്ഞില്ലെ മറ്റേ കേസിന്റെ കാര്യം....അതിന് വേണ്ടി ഒന്ന് കോടതി വരെ പോകണം.... ഇവിടുന്ന് വരവും പോക്കും നടക്കില്ലേ.... അത്രക്കും ദൂരല്ലേ... സാരയില്ല അവിടെയെങ്ങാനും ഒരു ലോഡ്ജ് എടുക്കാം....

""" കേട്ടതും ഇരുവരുടേയും മനസ്സിലേക്ക് വല്ലാത്തൊരു ആദിയുരുണ്ടുകൂടി വന്നിരുന്നു.... """ഇവളേം കുഞ്ഞിനേയും പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോഴാ.... ഒറക്കം.... ഒറക്കം... കിട്ടില്ല ഗൗരി... എനിക്ക്...""" അവസാനവാക്കിൽ മൂക്കൊന്നു ചുളുക്കി ശ്വാസം കലർന്നു വന്നിരുന്നു.... അപ്പോഴും ആശങ്കയിൽ പരസ്പരം നോക്കുകയായിരുന്നു ഗൗരിയും ദുർഗയും ..... """ഏയ്യ് നിങ്ങള് വിഷമിക്കണ്ട... എന്തായാലും ഞാനാ രഘുവിന്റെ മുന്നില് നിങ്ങളെ എറിഞ്ഞു കൊടുത്തിട്ട് അങ്ങനെയങ്ങു പോകില്ല.... ആ കാര്യത്തിൽ ആർക്കും ടെൻഷൻ വേണ്ട...""" അപ്പോഴും സംശയം മാറിയിരുന്നില്ല ഇരുവരുടേയും മുഖത്ത്.... ""...മനസ്സിലായില്ല അല്ലെ.... എനിക്ക് പകരം നിങ്ങളെ മൂന്നാളേയും നോക്കാനായി ഒരാളെ കാവലേൽപ്പിച്ചേ ഞാൻ പോകത്തുള്ളൂ....""" "''....അതാരാ നന്ദേട്ടാ..."" """അത് സസ്‌പെൻസാ... ആള് വരുമ്പോ കണ്ടോ....""" ഒരു കള്ള ചിരിയോടെ ഗൗരിയെ നോക്കി അവൻ പറഞ്ഞു...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story