അരികെ: ഭാഗം 15

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

രാത്രി ഏറി വരുന്ന തണുപ്പിലും ഒരു പോള കണ്ണടക്കാതെ ദുർഗ പാതി ചാരിയ ജനൽ പാളിയിലൂടെ ഉറ്റു നോക്കുന്നത് എതിർവശത്ത് വെളിച്ചം വീഴുന്നുണ്ടോ എന്നാണ്... ഇന്ന് വെളിപ്പിന് സിറ്റിയിലേക്ക് പോകൂന്നാ പറഞ്ഞേ.... രണ്ട് ദിവസം കാണില്ലാ എന്ന് പറഞ്ഞപ്പോ എന്തോ നെഞ്ചിലൊരു വിങ്ങല് പോലെ.... ആത്മാവിന്റെ പാതി വിട്ടകന്നു പോകും പോലെ... എന്താണെന്നറിയില്ല ആള് അടുത്തുണ്ടാകുമ്പോൾ മനസ്സിനൊരു ബലമാ..... ഒന്നിനേയും പേടിക്കാതെ മുന്നോട്ട് പോകാനുള്ള ഒരു ധൈര്യം.... ഇങ്ങനേയും ഒരു മനുഷ്യന് പാവം ആകാൻ പറ്റോ..... സ്നേഹിക്കാൻ പറ്റോ..... ഇന്നലെ ഈ വയറിലേക്ക് കൈ ചേർത്തപ്പോൾ അറിഞ്ഞതാണ് ആ മനുഷ്യന്റെ സ്നേഹം..... ഒരിക്കലും കണ്ടില്ലാത്ത തന്റെ ജീവന് വേണ്ടി ആ ഹൃദയം നിറഞ്ഞു തുളുമ്പി നിന്നത്.... ചിലപ്പോഴൊക്കെ കഷ്ടം തോന്നിപോകും.... ആരോരും ഇല്ലാതെ വളർന്നതല്ലേ.... എന്നെപോലെ...... അതിന്റെ നോവ് ആ മനസ്സിനെ വല്ലാതെ നീറ്റുന്നുണ്ടെന്ന് എനിക്കറിയാം.....

ഒന്നാ നെഞ്ചിലേക്ക് കൈ ചേർത്ത് ആശ്വസിപ്പിക്കണമെന്നുണ്ട്..... മുടിയിഴകളെ തലോടി മുറിവുണക്കണമെന്നുണ്ട്.... പക്ഷെ... പക്ഷെ... വേണ്ട.... ദുർഗ... ദുർഗയിങ്ങനെയല്ല... അവൾക്ക് വാശിയല്ലേ.... എല്ലാരോടും ദേഷ്യമല്ലേ.... തന്റേടി അല്ലേ..... ആരുടെയും സങ്കടത്തിൽ മനസ്സലിയരുത്.... സ്വയം പറഞ്ഞു കിടക്കുമ്പോഴും ഉള്ളിലെവിടെയോ പുതു മഴ പോലെ പുഞ്ചിരിക്കുന്ന അവന്റെ മുഖം.... എങ്കിലും നീ ഒരു പെണ്ണല്ലെ ദുർഗേ.... അതിനും കാണില്ലേ ആണൊരുത്തനെ സ്നേഹിക്കാനൊരാശ.... അതും അതും സ്വന്തം കുഞ്ഞിന്റെ അച്ഛനെ..... മനസ്സും ബുദ്ധിയും തമ്മിലുള്ള തർക്കമാണ്.... ആര് ജയിക്കും..... അറിയാതെ മിഴികൾ രണ്ടും ഇറുക്കെ അടച്ചു.... മെല്ലെ വയറിലേക്ക് കൈ ചേർത്ത് മുട്ട് രണ്ടും ചേർത്തു ഒരു കുഞ്ഞേനെ പോലെ ചുരുണ്ടു കിടന്നു അവൾ..... വീണ്ടും അവന്റെ മുഖം തെളിഞ്ഞതോടെ തെല്ലൊരു പുഞ്ചിരി അധരകോണിൽ വിടർന്നു വന്നു.... വലം കൈ ചേർത്തു വെച്ച പൊക്കിൾ കുഴിമേൽ വിരലുകൾ പതിയെ അമർത്തി ...

"""വാവേ... ഉറങ്ങരുത് കേട്ടോ.... അച്ഛൻ ഇപ്പൊ പുറത്തു വരും.... അച്ഛന് യാത്ര പറഞ്ഞിട്ട് നമുക്ക് ഉറങ്ങാം മ്മ്.... അല്ലേല് ഉറക്കാന്ന് കരുതി അച്ഛൻ മിണ്ടാതെ പോയ്കളയും ......""' ഒരു ചെറു കൊഞ്ചലോടെ സ്വരം താഴ്ത്തി പറയുമ്പോൾ അമ്മൂട്ടിയോ ഗൗരിയോ കേൾക്കുന്നുണ്ടോ എന്നവൾ ശ്രദ്ധിച്ചിരുന്നു.... പെട്ടെന്നാണ് എതിർവശത്തെ വീട്ടിൽ നിന്നും വെളിച്ചം ജനാല വഴി അവളുടെ കണ്ണുകളിൽ പതിഞ്ഞത്...... തറയിൽ കിടന്നിരിന്നവൾ വെപ്രാളത്തോടെ ചാടി എണീക്കാൻ ശ്രമിചപ്പോഴേക്കും നടുകൊളുത്തി പിടിച്ചിരുന്നു.... ""...സ്സ്..... അമ്മേ....""" വേദനയോടെ കണ്ണുകൾ ഇറുക്കിയടച്ചവൾ ഇടുപ്പിലേക്ക് കൈ അമർത്തി.... വീണ്ടും അയല്പക്കത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതോടെ പണിപെട്ടവൾ കിടക്കയിൽ നിന്നും ദൃതിയിൽ എഴുന്നേറ്റു.... വേഗത്തിൽ നടന്ന് മുന്നിലെ വാതിൽ മലർക്കേ തുറക്കുമ്പോഴേക്കും വാതിൽ പൂട്ടി നന്ദൻ ഇറങ്ങിയിരിക്കുന്നു.... വണ്ടിയിലേക്ക് കയറാൻ തുനിഞ്ഞവൻ അവൾ ഉമ്മറത്ത് നിൽക്കുന്നത് കണ്ടിട്ടാണ് പുഞ്ചിരിയോടെ അവളരികിലേക്ക് ചെന്നത്...

""""തനിക്കെന്താടോ ഉറക്കോന്നുമില്ലേ.... സമയത്തും കാലത്തും കൃതായി ഉറങ്ങണമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ ദുർഗേ...."'' അത് പറഞ്ഞപ്പോഴേക്കും ശബ്ദത്തിന് അല്പം കടുപ്പം വന്നിരുന്നു... """അത്.. അത്... പിന്നെ.. ഞാൻ.... ആ... വെള്ളം കുടിക്കാൻ വേണ്ടി എഴുന്നേറ്റതാ...."" നുണപറയാൻ വേണ്ടി കഷ്ടപ്പെട്ട് വിക്കി നിന്നവൾ പിൻ കഴുത്തിലേക്ക് വിരലോടിക്കുന്നത് കണ്ട് ചിരി വന്നു അവന്.... """"...എന്നെ കാത്തു നിന്നതാണോ.... """ മൃതുലമായി ഉയർന്ന സ്വരം.... ഇല്ല എന്നവൾ പ്രയാസത്തോടെ തലനക്കി നിന്നു..... നുണയാണെന്നറിഞ്ഞിട്ടും അവളെ കൊച്ചാക്കാൻ നിന്നില്ലവൻ..... """നിങ്ങളെ ഒറ്റക്കാക്കി പോകാൻ മനസ്സുണ്ടായിട്ടല്ല ദുർഗേ.... പക്ഷെ കേസിന്റെ കാര്യല്ലേ... പോകാതിരുന്നാൽ ശരിയാകില്ല അതാ....""" മനസ്സിലെ പ്രയാസം നന്ദന്റെ മുഖത്ത് പ്രകടമായി തെളിഞ്ഞു കണ്ടിരുന്നു..... അവളിലേക്ക് നീണ്ട മിഴികൾ പൊത്തിപിടിച്ച വയറിലേക്ക് ഒഴുകിയതും കണ്ണുകളിൽ ഈറൻ പടർന്നിരുന്നു.... തൊണ്ടയിൽ തൊട്ടു നിന്ന സങ്കടം ഉമിനീരിറക്കി വിഴുങ്ങിയത് അവൾ അങ്ങനേ നോക്കി നിന്നു....

"""സമയത്ത് ആഹാരം കഴിക്കണം..... കൃത്യായിട്ട് മരുന്നും... മ്മ്... പിന്നെ ഉറക്കം ഒഴിഞ്ഞ് അധികം നിൽക്കരുത് കേട്ടോ.... ഭാരമുള്ളതൊന്നും എടുക്കരുത്..... തളർച്ച വല്ലതും വന്നാൽ ഞാനില്ലെന്ന് കരുതി ഹോസ്പിറ്റലിൽ പോകാൻ മടിക്കാണിച്ചു നിൽക്കരുത് കേട്ടോ....""" അവൻ ഓരോന്നും എണ്ണി എണ്ണി ഉപദേശിക്കുമ്പോഴും ഒരു കുട്ടിയുടെ അനുസരണയെന്നോണം തലയനക്കിയവൾ കേട്ടുനിന്നു...... """" അമ്മൂട്ടിയും ഗൗരിയും എഴുനേൽക്കുമ്പോൾ ഞാൻ പോയെന്ന് പറഞ്ഞേക്ക് കേട്ടോ.... "'" ""....മ്മ്..."" സങ്കടം ഉള്ളിലൊതുക്കി അവളൊന്നു മൂളി.... """അപ്പൊ ശരി ഞാൻ ഇറങ്ങട്ടെ..... ഇപ്പൊ പോയാലെ സമയത്തിന് അവിടെയെത്തൂ.....എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം കേട്ടല്ലോ..""" അത്രയും പറഞ്ഞവൻ തിരിഞ്ഞു നടക്കുമ്പോഴാണ്..... പെട്ടെന്ന് എന്തോ ഓർത്തപ്പോലെ തിരിച്ചവളിലേക്ക് തന്നെ വന്നു നിന്നത് .... """ഞാൻ പോയിട്ട് വരുമ്പോ എന്തേലും വാങ്ങണോ.... ഇവിടെ കിട്ടാത്ത വല്ല ഫ്രൂട്സോ ... പലഹാരങ്ങളോ... അങ്ങനെ എന്തേലും...."""

""...അതികം വൈകാതെ പെട്ടെന്നൊന്ന് വന്നാ മതി....""" കണ്ണുകൾ ദയനീയമായി കെഞ്ചിയത് അവൾ അറിയാതെയായിരുന്നു.... ആദ്യമായി വേർപാടിന്റെ വേദന കണ്മുന്നിൽ അവളറിഞ്ഞു തുടങ്ങിയിരിക്കുന്നു..... കേട്ട നിമിഷം അവളിൽ തറഞ്ഞു നിന്നു അവന്റെ മിഴികൾ..... ഒഴുകിയെത്തിയ പുഞ്ചിരിക്ക് അർഥം തിരയാൻ നിന്നില്ലവൻ... """എന്റെ കുഞ്ഞിനെ നോക്കിക്കോണേ പെണ്ണെ....""" മൃതുലമായി പറഞ്ഞവൻ യാത്ര ചോദിച്ചു കൊണ്ട് തലയനക്കി..... """....മ്മ്...""" മറുപടി ഒന്ന് മൂളി നിന്നപ്പോഴേക്കും തിരിഞ്ഞവൻ വണ്ടിക്കരികിലേക്ക് നടന്നു.... ഓട്ടോറിക്ഷ സ്റ്റാർട്ട്‌ ചെയ്ത ശബ്ദം നെഞ്ചിലെ താളത്തുടുപ്പുമായി ലയിച്ചു നിന്നപ്പോലെ അവൾക്ക് തോന്നി..... വണ്ടി മൺപാദയിലൂടെ ഇറക്കവും കഴിഞ്ഞു ഒരു പൊട്ടുപോലെ മാഞ്ഞു തീരുന്നത് വരെ അവളുടെ മിഴികൾ അവനേ തേടി നിന്നു.... ❤️

""നീ ഇതെങ്ങോട്ട് പോകാനാ ദുർഗേ ഒരുങ്ങുന്നേ ..."" കണ്ണാടിയിൽ നോക്കി തല ചീകുന്നളോടാണ് ഗൗരിയുടെ ചോദ്യം..... ""...കവലയിലേക്ക് .... എനിക്ക് പാൽ സൊസൈറ്റിയിൽ നിന്ന് ഇത്തിരി പൈസ കിട്ടാനുണ്ട്.....""" അലസ്സമായി പറയുന്നവളെ കാണേ ദേഷ്യമാണ് ഗൗരിക്ക് തോന്നിയത്.... """എടി നിന്നോട് നന്ദേട്ടൻ പറഞ്ഞതല്ലേ പുറത്തോട്ടൊന്നും ഇറങ്ങാൻ നിക്കണ്ടാന്ന്.... എന്നിട്ട് ആ മനുഷ്യൻ ഒന്ന് പോകാൻ കാത്തിരിക്കുവായിരുന്നോ നീ...""" ഗൗരി പറഞ്ഞതും ദുർഗ പരിഭവത്തോടെ അവൾക്ക് നേരെ തിരിഞ്ഞു.... """അതൊന്നുമ്മല്ല.... കിട്ടാനുള്ള പൈസ നമ്മളെന്തിനാ വേണ്ടാന്ന് വെക്കണേ.... ഒന്നുമല്ലേലും ഞാൻ കഷ്ടപ്പെട്ട് പാല് വിറ്റുണ്ടാക്കിയതല്ലേ.... നന്ദേട്ടൻ വന്ന പിന്നെ ഒന്നും നടക്കില്ല...ന്റെ പൊന്ന് ഏട്ടത്തിയല്ലേ നന്ദേട്ടനോട് പറയരുത് ട്ടോ...""" കൊഞ്ചലോടെ ഗൗരിയുടെ താടിയിലേക്ക് വിരലമർത്തി ദുർഗ...... """ഹയ്യടാ.... അങ്ങോട്ട് മാറി നിന്നെ.... നീ പോകുന്നതിന് പ്രശ്നം ഉണ്ടായിട്ടല്ലല്ലോ.....

നന്ദേട്ടൻ പുറത്തിറങ്ങണ്ടാന്ന് പറഞ്ഞത് നിന്റെ കാര്യം നാട്ടുകാര് അറിഞ്ഞിട്ടല്ലേ.... ഇവിടെ ഉള്ളവര് നിന്നെ പിഴച്ചവളേന്ന് വിളിച്ചാ നന്ദേട്ടന് സഹിക്കാൻ പറ്റോ മോളെ... """ പരിഭ്രാന്തി നിറഞ്ഞിരുന്നു ഗൗരിയുടെ വാക്കുകളിൽ.... """അതിന് എന്നെ ആരെങ്കിലും അങ്ങനെ വിളിച്ചാൽ ന്റെ നാവെന്താ കുഴഞ്ഞു പോകോ.... നല്ലത് പറയും ഈ ദുർഗ.... പിന്നെ പിഴച്ചവളെന്ന് വിളിച്ചാലുടനെ ദുർഗ മിണ്ടാതിരിക്കാൻ പോകേല്ലേ.....ഏട്ടത്തിക്കങ്ങനെ തോന്നലുണ്ടോ....""" അത്ര പറഞ്ഞവൾ പുരികഉയർത്തി കാണിക്കുമ്പോഴും ആദിയായിരുന്നു ഗൗരിയുടെ മനസ്സിൽ... പിന്നി കെട്ടിയ മുടി തുമ്പിനെ വാശിയോടെ തെന്നി നീക്കിയവൾ മേശമേലിരുന്ന കുഞ്ഞി പേയ്സ് എടുത്ത് മുറ്റത്തേക്കിറങ്ങി.... പറഞ്ഞതനുസരിക്കാതെ കടന്നു പോകുന്നവളെ നോക്കി വേവലാതിയിൽ ഗൗരിയും...

തേയിലതോട്ടങ്ങളുടെ നടുവിലൂടെ വേഗത്തിൽ നടന്നവൾ പോകുമ്പോഴും വഴിയിൽ നിൽക്കുന്നവരുടെ പരിഹാസം നിറഞ്ഞു നിന്നാ നോട്ടം ശ്രദ്ധിച്ചതേയില്ലവൾ... സൊസൈറ്റിയുടെ മുന്നിൽ എത്തിയപ്പോഴേക്കും പാല് വാങ്ങാൻ വന്നവരുടേയും കൊടുക്കാൻ വന്നവരുടേയും നീണ്ട നിരയാണ്.... ഒന്നും നോക്കീല ഉറ്റു നോക്കുന്നവരുടെ ഇടയിലേക്ക് പോയ്‌ നേരെ മുന്നോട്ട് ........ അകത്തു കയറി കസേരമേലിരിക്കുന്ന സുധാകരൻറെ അടുത്തെത്തിയതും മേശയിലേക്ക് രണ്ട് തട്ടുതട്ടി.... """അതേ ചേട്ടാ.... പാലിന്റെ ബാക്കി പണം ഇതുവരെ തന്നില്ലല്ലോ...""" ഗൗരവത്തിൽ ചോദ്യം ചോദിക്കുന്നവളെ കാണെ ആദ്യം അയാൾ അവളെ അടിമുടി നോക്കി പുച്ഛം നിറഞ്ഞൊരു ചിരിയാണ് ചിരിച്ചത്..... """ആഹാ... ഇതാരാ നമ്മുടെ ദുർഗകുട്ടിയല്ലെ.... കണ്ടിട്ട് കുറേ നാളായല്ലോ മോളെ തിരക്കായിരിക്കും അല്ലെ...""" ഏങ്ങി ചിരിച്ചയാൾ പറയുമ്പോൾ അർഥം വെച്ചുള്ള സംസാരമാണെന്നവൾക്ക് തോന്നി തുടങ്ങിയിരുന്നു....

"""അത് കാണാത്തപ്പോ ചേട്ടന് മനസ്സിലായില്ലേ.... പഞ്ചാരയടിച്ചു നിൽക്കാതെ വേഗം കാശെടുക്കെടോ എനിക്ക് വേറെ പണിയുണ്ട്.....""" """കൊച്ചിന്റെ ഇപ്പോഴത്തെ പണി എന്താന്നൊക്കെ ഞങ്ങളറിയുന്നുണ്ട്....""" രൂക്ഷമായി നിന്നവൾ ശബ്ദം ഉയർത്തിയപ്പോഴേക്കും ക്യു വിൽ നിന്ന ഒരുത്തന്റെ വർത്താനമാണ്..... മറുപടി പറഞ്ഞില്ലവൾ ..... സുധാകരന്റെ കയ്യിൽ നിന്നും പണവും വാങ്ങി തിരിഞ്ഞു നടന്നതും ഉടനേ വന്നു അവിടെയുണ്ടായിരുന്ന ഒരു വയസ്സായ സ്ത്രീയുടെ ചോദ്യം.... """നിനക്ക് വയറ്റിലുണ്ടെന്ന് പറയുന്നത് നേരാണോ പെണ്ണെ....""" കേട്ടതും നടത്തം നിർത്തി... ഇളിക്കൊരു കയ്യും കൊടുത്ത് അവർക്ക് നേരെ പല്ലു ഞെരിച്ചു കൊണ്ട് തിരിഞ്ഞു.... """അതേല്ലോ അമ്മച്ചി.... ന്താ അമ്മച്ചിക്കും കൂടി ഒന്നെടുക്കട്ടെ....""" """....എന്ത്...""" """".... ഗർഭം....""" മുന്നിലേക്കൊന്നാഞ്ഞവൾ അത്ര പറഞ്ഞപ്പോഴേക്കും കണ്ണുമിഴിച്ചു നിന്നു ആ സ്ത്രീ.....

പാൽ സൊസൈറ്റിയുടെ പടി ചവിട്ടിയിറങ്ങി റോഡരികിലെത്തിയപ്പോഴേക്കും അങ്ങിങ്ങായി കൂട്ടച്ചിരിക്കളും കുശുകുശുപ്പും കേൾക്കുന്നുണ്ടായിരുന്നു അവൾ... മിണ്ടിയില്ല... കേൾക്കാത്ത മട്ടിൽ മുന്നിലേക്ക് നടന്നു..... ""'എന്നാലും എന്റെ ദുർഗേ നിന്നെ സമ്മതിക്കണം... താലിയില്ലാതെ വയറ്റിലുണ്ടായതും പോര... ഒരു നാണവുമില്ലാതെ അതും പുറത്തു കാട്ടി നീ ഇങ്ങനെ നടക്കുന്നുണ്ടല്ലോ ...""" പിന്നാലെ വന്ന് ശല്യം ചെയ്യുന്നവർക്ക് ചെവികൊടുക്കാൻ നിന്നില്ലവൾ.... വാക്കുകൾ മൂർച്ച കൂടുംതോറും മനസ്സിന്റെ ബലം കുറഞ്ഞു വരുന്നപോലെ.... കണ്ണുകൾ നിറയനായി വെമ്പി നിൽക്കുമ്പോൾ തോറ്റു കൊടുക്കാൻ മനസ്സിനെ അനുവദിക്കാതെ നടത്തതിന്റെ വേഗത കൂട്ടി.... """ഇങ്ങനെയുള്ള പെണ്ണുങ്ങള് ഈ മഞ്ചാടിമലയിലുണ്ടെങ്കില് പ്രളയം വന്ന് ഈ നാട് നശിക്കാൻ വേറെ കാരണമൊന്നും വേണ്ട.... പെഴച്ച വർഗ്ഗങ്ങള്.....""" കണ്ണുകളിറുക്കി അടച്ച് അവയെല്ലാം അവഗണിക്കാൻ ശ്രമിക്കുമ്പോൾ.....

കൂട്ടം കൂടി പരിഹസിക്കുന്നതിനിടയിലേക്ക് പെട്ടെന്ന് ഒരു ബുള്ളറ്റ് ഇരച്ചു കയറിവരുന്ന ശബ്ദം കേട്ടു..... അത് അവരുടെ മുന്നിലേക്ക് നിർത്തിയപ്പോഴേക്കും ആ ഭാഗം നിഛലമായിരുന്നു..... ശബ്ദമുഖരിതമായിരുന്നയിടം പൊടുന്നനെ നിശബ്ദമായി..... '"'....എന്താടാ.... അവിടെ....""" ഗൗരവമേറിനിന്ന സ്വരത്തോടെ രൂക്ഷമായി ആ ചോദ്യം ഉയർന്നപ്പോഴാണ് ദുർഗ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയത്.... കട്ടി മീശയും റൈബാൻ ഗ്ലാസ്സും ഇരു നിറവും ഒത്ത വണ്ണവും പൊക്കവും അധികം കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ...... """... മ്മ്.... ച്ചും.... ഒന്നുല്ല സാർ....""" ചുറ്റും കൂടി നിന്നവർ ഭയത്തോടെ ഒരുപോലെ പരുങ്ങി നിന്നത് കാക്കി യൂണിഫോം കണ്ടിട്ട് തന്നെയാണ് ..... """"ഒന്നുമില്ലെങ്കി പിന്നെന്തിനാടാ ഇവിടെയിങ്ങനെ കൂടി നിൽക്കുന്നെ.... ഏ...."" വീണ്ടും ശബ്ദമുയർന്നപ്പോഴേക്കും പിരിഞ്ഞു പോയിരുന്നു എല്ലാരും..... """ആരാന്നറിയില്ല.... ഇവിടെയെങ്ങും ഇതുവരെ കണ്ടിട്ടില്ല... വേഷവും രൂപവും കണ്ടിട്ട് പുതിയ എസ്.ഐ ആണെന്ന് തോന്നുന്നു..... ""' അവളോർത്ത് നിൽക്കേ അടുത്ത ചോദ്യം അവളോടായി....

""''എന്താടി നിന്റെ പേര്...""" ബലമേറിയ ചോദ്യം കേൾക്കെ ഇഷ്ടപ്പെടാതെ മുഖം വീർപ്പിച്ചു അവൾ.... """എടി....പോടീന്നൊക്കെ... എന്നെ വിളിക്കരുത് സാർ... എനിക്കൊരു പേരുണ്ട് ദുർഗ....സാറതങ്ങു വിളിച്ചാ മതി....""" അയാളുടെ മുഖം നോക്കാതെ ഉറച്ച ശബ്ദത്തിൽ അവൾ പറയുമ്പോൾ ബൈക്കിൽ ഇരുന്നു കൊണ്ടയാൾ മാറിലേക്ക് കൈ പിണഞ്ഞു ചേർത്തു.... """ഓ .... അപ്പൊ അത് ശരി.... എടി പോടീ എന്നൊന്നും വിളിക്കുന്നത് മാഡത്തിന് ഇഷ്ട്ടല്ലല്ലേ.... എന്നാപ്പിന്നെ വണ്ടിയിലേക്ക് കേറ്... മിസ്സ്‌ ദുർഗ... ഞാൻ കൊണ്ട് വിടാം.. """ പിന്നിലേക്ക് മുഖം ചെരിച്ചവളോടായി പറയുമ്പോൾ അയാളെ ഒന്നു ചൂഴ്ന്നു നോക്കി ദുർഗ.... ""വേണ്ട സാർ..... എനിക്ക് നടന്ന് പോകാനുള്ള ദൂരേയുള്ളൂ... ഞാൻ നടന്നു തന്നെ പൊക്കോളാം.... "' അത്ര പറഞ്ഞവൾ തിരിഞ്ഞു വേഗത്തിൽ നടന്നു.... അപ്പോഴും പിന്നിൽ നിന്നു വണ്ടി എടുക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്...

ബുള്ളറ്റ് വേഗത്തിലെടുത്തയാൾ അവളുടെ മുന്നിലേക്കായി വണ്ടി ക്രോസ് ചെയ്തു നിർത്തി..... """"താനെവിടാടോ ഈ ദൃതിവെച്ച് ഓടുന്നത്.... ഞാൻ വീട്ടിൽ കൊണ്ട് വിടാന്നല്ലേ പറഞ്ഞേ...""" """സാറിന് സ്റ്റേഷനിൽ വേറെ പണിയൊന്നുമില്ലേ..... വഴിയിൽ കൂടി പോകുന്ന പെണ്ണുങ്ങൾക്ക് ലിഫ്റ്റ് കൊടുക്കുന്നതല്ലാതെ....""" ചൂഴ്ന്ന് നോട്ടം രൂക്ഷമായതോടെ അവനൊന്നു പൊട്ടി ചിരിച്ചു പോയ്‌.... """എന്തോന്നാടോ ഇത്.... നന്ദൻ പറഞ്ഞപ്പോ ഇത്ര ചട്ടമ്പിയാണെന്ന് കരുതിയില്ലേട്ടോ ഞാൻ...""" അവൻ പറയുന്നത് മനസ്സിലാകാതെ സംശയത്തിൽ നോക്കി നിൽക്കുന്നവൾക്ക് നേരെ വീണ്ടും അവനൊന്നു ചിരിച്ചു കാട്ടി... """എടോ... ഞാൻ പ്രശാന്ത്.... നന്ദന്റെ ഫ്രണ്ടാ..... അവൻ വരുന്നത് വരെ അവന്റെ കുഞ്ഞിനേയും അതിന്റെ അമ്മയേയും കണ്ണിലെ കൃഷ്ണമണി പോലെ നോക്കാൻ എന്നെ പറഞ്ഞു ഏൽപ്പിച്ചിട്ടാ അവൻ പോയത്...""" പുഞ്ചിരിയോടെ അവൻ പറഞ്ഞതും കടുത്തുനിന്നുമുഖവും പതിയെ മാറി തുടങ്ങിയിരുന്നു.... അപ്പോഴേക്കും അവനോടൊപ്പം ചിരിക്കാൻ ശ്രമിക്കുന്ന ദുർഗയുടെ മുഖമാകെ കണ്ണോടിച്ചു കൊണ്ടവൻ പ്രണയാർദ്രമായി അവളെ നോക്കി നിന്നു...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story