അരികെ: ഭാഗം 16

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

പുഞ്ചിരിയോടെ അവൻ പറഞ്ഞതും കടുത്തുനിന്നുമുഖവും പതിയെ മാറി തുടങ്ങിയിരുന്നു.... അപ്പോഴേക്കും അവനോടൊപ്പം ചിരിക്കാൻ ശ്രമിക്കുന്ന ദുർഗയുടെ മുഖമാകെ കണ്ണോടിച്ചു കൊണ്ടവൻ പ്രണയാർദ്രമായി അവളെ നോക്കി നിന്നു.... പതിയെ മിഴികൾ ശാന്തമായി തുടങ്ങിയതും അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു.... എല്ലാവരും തന്നെ തന്നെ ശ്രദ്ധിക്കുകയാണ്.... പേഴ്സിന് പിടി അമർത്തി വീണ്ടും അവനിലേക്ക് മിഴികൾ പാഞ്ഞിരുന്നു.... """നന്ദേട്ടൻ പറഞ്ഞിട്ട് വന്നതാണോ.... """ ചോദ്യത്തോടൊപ്പം സംശയിച്ച വിടർന്ന കണ്ണുകൾ..... ചിരിയോടെ അവനങ്ങനെ നോക്കി.... """പിന്നല്ലാതെ..... അവനെ എന്റെ ഉറ്റ ചങ്കാ... ചങ്ക് എന്ന് പറഞ്ഞാ അവന്റെ സങ്കടവും സന്തോഷവും ഒരുപോലെ കണ്ടറിഞ്ഞ ചങ്ക്....എന്നെ പറ്റി പറഞ്ഞിട്ടില്ലേ....""" """....ഒരാള് വരൂന്ന് പറഞ്ഞിരുന്നു...."""

സ്വരം താഴ്ത്തി ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞവൾ നിന്നതും മെല്ലെ കണ്ണുചിമ്മിയവൻ... """ആ... ആള് തന്നെയാ ഞാൻ... ഇനിയെന്താ.. നമുക്ക് പോവാം.....""" അല്പം മടിയോടെയാണെങ്കിലും പതിയെ അവളൊന്നു തലയനക്കി.... """....അപ്പൊ പിന്നെ നിൽക്കാതെ കേറടോ....""" അവൻ പറഞ്ഞപാടെ തെല്ലൊരു ചമ്മലോടെ ആണെങ്കിലും അവൾ ബുള്ളറ്റിലേക്ക് കയറി..... അവളെ പിന്നിലിരുത്തി പ്രശാന്ത് ബൈക്കെടുത്തു പോകുന്നത് നാട്ടുകേരെല്ലാം അല്പം ഭയത്തോടെയാണ് നോക്കി നിന്നത്.... """താൻ ഇവിടെ ഉണ്ടാവൂന്ന് ഞാൻ കരുതീല്ലേട്ടോ.... എന്തായാലും അവർടെ ഇടയിൽ നിന്നും രക്ഷിച്ചതിന് നന്ദി വേണം......""" ബൈക്കിന്റെ സൈഡ് മിററിലൂടെ കാണുന്ന അവളുടെ രൂപത്തിലേക്ക് കണ്ണോടിച്ചുകൊണ്ടവൻ പറയുമ്പോൾ വിരസമായി ഒന്ന് ചിരിച്ചു കാട്ടിയതേയുള്ളൂ..

. """എന്താടോ ഒന്നും മിണ്ടാത്തെ താൻ ഭയങ്കര വായാടിയാണെനാണല്ലോ നന്ദൻ പറഞ്ഞേ... ഇപ്പൊ എന്ത് പറ്റി....""" എന്തോ അവന്റെ സംസാരം അവൾക്ക് ഇഷ്ട്ടപെടാത്ത പോലെ.... ""'ആ വളവ് കഴിഞ്ഞാൽ വഴി കുറച്ചു മോശ സൂക്ഷിച്ചു പോണം....""" ഗൗരവത്തിൽ അവൾ മുന്നിലേക്ക് ചൂണ്ടി പറഞ്ഞു.... കയറ്റം കയറിയ ബൈക്ക് വീടിന് മുന്നിലേക്ക് നിർത്തിയതും മുറ്റത്ത് നിന്ന് കളിച്ചു നിന്ന അമ്മൂട്ടി പേടിച്ചു ഞെട്ടി നിന്നു.... """...അമ്മേ... അമ്മേ പോലീച്ച്.... """ അലറി കരഞ്ഞവൾ ഉള്ളിലേക്ക് പോകുമ്പോഴേക്കും ദുർഗ ബൈക്കിൽ നിന്നിറങ്ങിയിരുന്നു.... അമ്മൂട്ടിയുടെ ശബ്ദം കേട്ടിട്ടാണ് ഗൗരി പരിഭ്രാന്തിയോടെ പുറത്തേക്കിറങ്ങി വന്നത്... നോക്കുമ്പോൾ പോലീസ് യൂണിഫോമിൽ ഒരാൾ ബൈക്കിൽ നിന്നിറങ്ങുന്നു.... ഗൗരിയൊന്നു ഭയപ്പെട്ടു നിൽക്കുമ്പോൾ തന്നെയാണ് അമ്മൂട്ടി കരഞ്ഞു കൊണ്ട് ഗൗരിയെ പൊത്തി പിടിച്ചതും.... """പേടിക്കണ്ട അമ്മൂട്ടി ഇത് നന്ദൻ മാമന്റെ ഫ്രണ്ടാ...."""

ബൈക്കിൽ നിന്നിറങ്ങി വന്ന ദുർഗ കരഞ്ഞു നിൽക്കുന്ന അമ്മൂട്ടിയെ വാരിയെടുത്തുകൊണ്ടവൾ നെറുകയിൽ മുത്തി..... കേട്ടതും ഗൗരി അങ്ങോട്ടേക്ക് നോക്കുമ്പോഴേക്കും അവൻ പുഞ്ചിരിയിൽ ബൈക്കിൽ നിന്നിറങ്ങിയിരുന്നു.... """....നന്ദേട്ടൻ പറഞ്ഞയച്ച ആളാണോ ദുർഗേ....."" """...അതേല്ലോ....""' മറുപടി നൽകിയത് പ്രശാന്താണ്.... """ഗൗരി ഫോട്ടോയിൽ കാണുന്നപോലെയല്ല കേട്ടോ ഇത്തിരി കൂടി മെലിഞ്ഞിട്ടില്ല... ദുർഗ പക്ഷെ ഫോട്ടോയിൽ ഉള്ളതിനേക്കാൾ സുന്ദരിയാ...വിഷൂന് എടുത്ത പിക് അവൻ എനിക്ക് അയച്ചിരുന്നു..."" പ്രശാന്ത് അത് പറഞ്ഞതും ചിരിച്ചു നിന്ന മുഖം വീണ്ടും കടുത്തു.... ഒന്നുമിണ്ടാതെ ദുർഗ അകത്തു കേറി പോയതും പ്രശാന്തിന്റെ മിഴികൾ അവളുടെ പിറകേ പോയിരുന്നു.... """മ്മ്... ദുർഗക്ക് പറഞ്ഞത് ഇഷ്ട്ടായില്ലെന്ന് തോന്നുന്നു......"" ചുണ്ടു ചരിച്ചവൻ പറഞ്ഞു നേരെ തിരിഞ്ഞത് അമ്മൂട്ടിയിലേക്കാണ്.... """..മോളൂട്ടീ.... മാമന്റെ അടുത്ത് വന്നേ...""

"""ഇല്ല... അമ്മൂറ്റിക്ക് പേടിയാ...പോലീച്ച് അടിച്ചും..... അമ്മ പറഞ്ഞല്ലോ ചോറ് ഉണ്ടില്ലേൽ പോലീച്ച് വരൂന്ന്...""" ""ആഹാ.... അത് ശരി.. ഇങ്ങനാണോ ഗൗരി പാവം ഞങ്ങളെ കുറിച്ച് പറയുന്നെ... ഏ....""" ഏറെ നാളത്തെ പരിചയം പോലെ ഇടിച്ചു കേറി വരുന്ന സംസാരമാണ് പ്രശാന്തിന്റെ .... കാണുമ്പോൾ ചെറിയൊരു പരുങ്ങലിൽ നിന്നു ഗൗരി... ""എ.. എന്താ പേര്.... നന്ദേട്ടനെ എങ്ങനാ അറിയാം.. ...""" """എന്റെ പേര് എസ് ഐ... പ്രശാന്ത് കുമാർ.... എന്തേ പേര് പൊളിയല്ലേ... പിന്നെ നന്ദൻ.... അവൻ എന്റെ ബെസ്റ്റ് ബെസ്സസ്റ്റ് ഫ്രണ്ടാ....ചെറുപ്പം മുതലേ..... പിന്നെ ഇവിടെ നടക്കുന്ന ഓരോ സംഭവങ്ങളും ഒന്നൊഴിയാതെ നന്ദൻ എന്നെ വിളിച്ചു പറയാറുണ്ട്.... കേട്ടോ..."""" ഒന്നുമിണ്ടാതെ ഗൗരി അവന്റെ സംസാരത്തെ പുഞ്ചിരിയോടെ കേട്ടു നിന്നു.... """എന്തായാലും ഇനി ഒരു രഘുവിനെയും പേടിക്കാതെ നിങ്ങൾക്ക് സുഖായിട്ട് കിടന്നുറങ്ങാം .... കാവലായി ഈ പ്രശാന്ത് ഉണ്ടാകും...അപ്പൊ പിന്നെ വൈകാതെ പരിചയപ്പെടാം ട്ടോ....

ഞാൻ ഇനി ഇവിടെ കാണോല്ലോ...."""" അത്രയും പറഞ്ഞവൻ ബൈക്കിൽ കേറി നന്ദന്റെ വീട്ടിലേക്ക് വളച്ചെടുക്കുന്നത് നോക്കി ഗൗരി അങ്ങനെ നിന്നു... ❤️ പാവാട തുമ്പ് ഇളിയിൽ തിരുകി മുല്ല ചുവട്ടിൽ നിന്നും മുറ്റമടിച്ചു നിൽക്കുമ്പോഴാണ് ഗൗരിയുടെ ചെറിയ "നോക്കിയ" ഫോണിലെ കാതു തുളക്കുന്ന ശബ്ദം ആവർത്തിച്ചു കേട്ടത്... ആദ്യം ഒന്ന് ശ്രദ്ധിക്കാതെ വീണ്ടും ജോലി തുടർന്നെങ്കിലും പിന്നെ എന്തോ ഓർത്തപ്പോൾ കുമ്പിട്ടു നിന്നിരുന്നവൾ വെപ്രാളത്തിൽ ചൂലിനെ വലിച്ചെറിഞ്ഞു... ഓടി വീടിനുള്ളിലേക്ക് കയറിയപ്പോഴേക്കും ഫോണും കയ്യിൽ പിടിച്ചു കൊണ്ട് ഗൗരി നിൽപ്പുണ്ടായിരുന്നു.... കിതച്ചു വന്നു നിൽകുന്നവളെ കണ്ടതും പുഞ്ചിരിയോടെ ഗൗരി ഫോൺ അവൾക്ക് നേരെ നീട്ടി പിടിച്ചു... """......നന്ദേട്ടനാ....""" കേട്ടതും വിയർപ്പിൽ കുളിച്ചു നിന്ന മുഖം പൂത്തു വിടർന്നു നിന്നിരുന്നു... തിളങ്ങി നിന്ന മിഴികളാലെ ഗൗരിക്ക് നേരെ ഒരു ചിരി സമ്മാനിച്ചവൾ ഫോണിനെ പതിയെ വാങ്ങി കാതോട് ചേർത്തു.... ""...ഹലോ... ഹലോ....""" ആർദ്രമാർന്ന അവന്റെ സ്വരം കാതുകളിൽ മുഴങ്ങി നിൽക്കേ ശ്വാസം പോലും അതിനോട് ലയിച്ചു പോയിരുന്നു.... കൊടും മഞ്ഞിൽ ഇളം ചൂടേറ്റ സുഖം....

ആ ശബ്ദമൊന്നു കേൾക്കാൻ ഇടം നെഞ്ച് അത്രമേൽ കൊതിച്ചിരുന്നു... ഹൃദയം നിലച്ചു നിൽക്കേ കൺ പീലികൾ പോലും തളർന്നു പോയത് പോലെ.... """"..ഹലോ...''"" മറുപടി കേൾക്കാതെ വന്നതോടെ ഒന്നുകൂടി അവൻ ആവർത്തിച്ചു വിളിച്ചതും നേർത്തൊരു ശബ്ദം ഉത്തരമായി വീണിരുന്നു... ""...ഹ.. ഹലോ...""" അവൻ പുഞ്ചിരിക്കുന്നുണ്ടോ..... മനസ്സിനൊരു സംശയം.... """...എന്തെയ്യായിരുന്നു നീ....""" പുഞ്ചിരിയുടെ പിന്നാലെ വന്ന ചോദ്യം... കേട്ടതും ഭിത്തിയിലേക്ക് ചാരി നിന്നവൾ വയറിനെ മെല്ലെ തലോടി.... അച്ഛന്റെ ഈണം കേട്ടതും പൊക്കിൾ ചുഴുവിലെവിടെയോ ഒരു കുഞ്ഞു ഞെരുക്കം പോലെ ..... തോന്നിയതാവോ.... ആവും.... """"മുറ്റം അടിച്ചു വാരുവായിരുന്നു.....""" ""മുറ്റമടിയോ... കൊള്ളാം... നിനക്ക് നടുവേദനയുള്ളതല്ലേ... ദുർഗേ.....അധികം ചെയ്യാൻ നിൽക്കണ്ട കേട്ടല്ലോ.... വയ്യായ്ക വന്നാൽ നിർത്തിക്കോണം....""" കരുതൽ നിറഞ്ഞ ശാസന... മൂളലോടെ മെല്ലെയവൾ തലയനക്കി....... """....കഴിച്ചോ..."""

ഇരുവരിലും ഒരുപോലെ ശബ്ദം ഉയർന്നിരുന്നു.......... """ആ ഞാൻ കഴിച്ചു ..... നീ സമയത്തിന് വല്ലതും കഴിക്കുന്നുണ്ടോ....""" """....മ്മ്..."'' """പ്രശാന്ത് വന്നല്ലേ.... ഞാനവനെ വിളിച്ചിരുന്നു..... ഇനി ഒന്നുകൊണ്ടും പേടിക്കണ്ട കേട്ടോ.... നിങ്ങളെ അവൻ നോക്കിക്കോളും ധൈര്യായിട്ട് ഇരുന്നോ..... ഇത്തിരി സംസാരം കൂടുതലാണെന്നെയുള്ളൂ ആള് പാവാ... അവനോട് പോയ്‌ ചാടികടിക്കാൻ നിൽക്കണ്ട... കേട്ടല്ലോ....""" """.....മ്മ്....""" ചോദിക്കുന്നതിനൊക്കെ ഒരു മൂളലിൽ ഒതുക്കി അവളെങ്ങനെ നിൽക്കുമ്പോൾ ചിരിയാണ് വന്നത്... """ഈ വായാടി പെണ്ണിനിതെന്തു പറ്റി ... നിന്റെ ഏഴ് മുഴം നീളമുള്ള നാവെവിടെ പോയ് പെണ്ണെ ‌.... സാധാരണ ഇങ്ങനെയൊന്നുമല്ലല്ലോ...ഇതിപ്പോ മൂളല് മാത്രല്ലേയുള്ളൂ....""" ചിരി കലർന്ന അങ്ങേ തലക്കലെ സംസാരം കേട്ടതും ഒരു ചെറുനാണം ആ മിഴികളിൽ മിന്നി മാറിയിരുന്നു.... എന്താ പറയേണ്ടതെന്ന് അറിയില്ല..... കാണാതിരിന്നപ്പോൾ നെഞ്ചു പിടഞ്ഞു നിന്നിട്ടും കാത്തിരിപ്പിനൊടുവിൽ ആ ശബ്ദം കേട്ടപ്പോൾ ഒന്നും സംസാരിക്കാൻ തോന്നുന്നിയില്ല....

ഹൃദയം ഉറക്കേ തുടികൊട്ടുന്നതല്ലാതെ.... എനിക്കറിയില്ല ഈശ്വരാ ഈ ദുർഗ എന്താ ഇങ്ങനെ.... അതും ഈ മനുഷ്യനോട് മാത്രം.... ""ഹലോ.. ഹലോ... പോയോ..."'' """...ഇ...ഇല്ല..""" """അമ്മൂട്ടിയും ഗൗരിയും എവിടേ ടോ..."" """...ഇവിടെയുണ്ട് പുറത്ത് നിക്കാ... കൊ... കൊടുക്കണോ..."" """വേണ്ട.... ഞാൻ രാത്രി വിളിച്ചോളാം...അപ്പൊ പിന്നെ ഞാൻ വെക്കട്ടെ...."""" കേട്ടതും തെളിഞ്ഞു നിന്ന മുഖം വാടി തുടങ്ങിയിരുന്നു.... മതിവരാത്ത പോലെ... എന്തിനാ ഇത്ര ദൃതി.... സ്വയം ചോദിച്ചവൾ നിശബ്ദതയിൽ മുഴുകവേ അവിടെ നിന്നും വീണ്ടും ആവർത്തിച്ചു.... """...ഞാൻ വെക്കട്ടേന്ന്....""" """"....ന...നന്ദേട്ടാ...."""" പെട്ടെന്നുള്ള ആ വിളി.... ഒരായിരം പരിഭവങ്ങൾ സങ്കടങ്ങൾ വേദനകൾ നിറഞ്ഞു നിന്ന പോലെ തോന്നി നന്ദന്..... പിന്നെ മിണ്ടുന്നില്ല.... മൗനമാണ്..... നീണ്ട മൗനം.... വേർപാടിന്റെ നൊമ്പരം പറഞ്ഞു തീർക്കുന്ന മൗനം.... ""'എന്താ....ദുർഗേ.....""" """...എ... എപ്പോഴാ നന്ദേട്ടാ.... മടങ്ങുന്നേ.... നമ്മുടെ.....നമ്മുടെ മോൾക്ക് കാണാഞ്ഞിട്ട് നല്ല സങ്കടം വരുന്നുണ്ട് ട്ടോ ...."'"" ഓർക്കാതെ വന്ന കൊഞ്ചലിൽ പരിഭവം കലർന്നതും അങ്ങനേ നിന്നു അവൾ ....

അറിയാതെ ഇരുവരുടേയും മിഴികൾ നിറഞ്ഞിരുന്നു.... അവ ഓരോന്നായി പെയ്തുതുടങ്ങിയിരുന്നു..... """ന്റെ ആത്മാവ് അവിടെയല്ലേ പെണ്ണെ.... നിന്റേയും നമ്മുടെ കുഞ്ഞിന്റേയും അരികെ.... ഇവിടെ നിക്കുന്നത് ശരീരം മാത്രാ..... വെറും...."'' പറഞ്ഞു തീർക്കാൻ കഴിയാതെ വിതുമ്പി നിന്നു അവൻ .... """...കരയാണോ നന്ദേട്ടാ....""" ഇടറിയ സ്വരം കേൾക്കേ കൺപോളകളെ തഴുകിയ പോലെ അവൾ ചോദിച്ചതും വിങ്ങൽ നിശബ്ദമാക്കിയിരുന്നു.... """ഏയ്യ് ......അത്... അത് ഫോണില് കേട്ടിട്ട് തോന്നുന്നതാ.... നീ ... നീ...വെച്ചോ....""" ഇല്ല കരയുന്നുണ്ട്.... ഏങ്ങി തന്നെ കരയുന്നുണ്ട്.... മനസിലവൾ ഉരുവിടുമ്പോഴേക്കും കോൾ കട്ട്‌ ചെയ്ത ശബ്ദം അവളുടെ മിഴികളെ മൂടിയിരുന്നു.... ചാറി നിന്ന കൺ തടങ്ങളെ ഗൗരി കാണാതിരിക്കാൻ ദാവണി തുമ്പ് ഒപ്പി വെച്ചു..... കുഞ്ഞു വയറിൽ വിരലിനാൽ തലോടി.... """ഇപ്പൊ സമാധാനമായല്ലോ....വിളിച്ചപ്പോൾ.... അച്ഛനെ കാണാഞ്ഞാൽ ഇങ്ങനെയുണ്ടോ സങ്കടം... ന്നെ കൂടി സങ്കടപ്പെടുത്താൻ..."""

പുറത്തിറങ്ങി മുറ്റത്ത് നിന്നും ചൂല് കുനിഞ്ഞെടുത്തപ്പോഴാണ് ഉമ്മറത്തിരുന്ന് ഒരാൾ കാര്യമായി ചായ വാങ്ങി കുടിക്കുന്നത് കണ്ടത്.... ....പ്രശാന്താണ്.... അവളെ കണ്ടപാടെ വെളുക്കെ ചിരിച്ചവൻ അവളെ നോക്കി...... """ഹാ... കാന്താരി പെണ്ണെ..... നന്ദന്റെ കോളിലായിരുന്നെന്ന് ഗൗരി പറഞ്ഞു.... എന്നെ പറ്റി വല്ലതും മൊഴിഞ്ഞോ അവൻ..."" ""....ഏയ്യ്... ഇല്ല..."" വെറുത്ത പോലെ ഒരു വിളറിയ ചിരി ചിരിച്ചവൾ ചൂലിന്റെ പിന്നിലേക്ക് രണ്ട് തട്ടു തട്ടി.... കാന്താരീന്ന് വിളിച്ചത് ഒട്ടും ഇഷ്ട്ടപെട്ടിട്ടില്ല.... പിന്നെ നന്ദേൻ പറഞ്ഞത് കൊണ്ട് മാത്രം മറുപടി ഒന്നും പറയാൻ നിന്നില്ലവൾ .... """ഞാനേ ഇത്തിരി ചായ കുടിക്കാൻ ഇറങ്ങിയതാ... ഇനി നന്ദൻ വരുന്ന വരെ എന്റെ ചായക്കടയും ഫൈവ് സ്റ്റാർ ഹോട്ടലുമൊക്കെ ഇതാണല്ലോ ..."'' പറഞ്ഞവൻ പൊട്ടി ചിരിച്ചതും കൂർപ്പിച്ചു നിന്നവൾ അവനെ അടിമുടി ഒന്ന് നോക്കി... """ചായപ്പൊടിയും ഗ്യാസ്സും ഒക്കെ വീട്ടിലുണ്ടല്ലോ വല്ലതും വേണമെങ്കില് ഉണ്ടാക്കി കുടിച്ചൂടെ....അതിനെന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ.....""" മുറ്റമടിക്കുന്നതിനിടയിലും പിറുപിറുത്തു കൊണ്ടാണ് ജോലി...

അപ്പോഴും അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു... ""ദാ ഇവിടെ കരിയില കിടക്കുന്നു അതും കൂടി.... ഗർഭിണികൾ നല്ലത് പോലെ കുനിഞ്ഞു ജോലി ചെയ്യണോന്നാ...""' മുറ്റത്തെ ഒരു ഭാഗത്തേക്ക് ചൂടിനിന്നവനെ നിവർന്നു നോക്കിയവൾ പല്ലിറുക്കി... ""ദേ...ഈ ദുർഗേടെ നാവ് നല്ല ചൊറിഞ്ഞു വരുന്നുണ്ട്... നന്ദേട്ടൻ പറഞ്ഞോണ്ട് മാത്രാ മിണ്ടാത്തെ ..."" വലിച്ചു വിട്ട ശ്വാസം കൊണ്ട് മറുപടി പറഞ്ഞവൾ മൗനത്തിൽ നിർത്തി.... അപ്പോഴും അവിടെ ചിരിക്ക് കുറവൊന്നുമില്ല.... അകത്തു നിന്നും ഗൗരി ഇറങ്ങി വന്നപ്പോഴും അവളെ ഒന്ന് ശ്രദ്ധിക്ക പോലും ചെയ്യാതെ ദുർഗയുടെ ഓരോ ചലനങ്ങളും കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന പ്രശാന്തിനെയാണ് കാണുന്നത്.... കാണെ അപ്പോഴേ എന്തോ സംശയം തോന്നിയിരുന്നു അവൾക്ക്.... """പ്രശാന്തേട്ടാ.... പ്രശാന്തേട്ടാ...."" മൂന്നാമത്തെ വിളിയിലാണ് സ്വബോധം വന്നപ്പോൽ ഗൗരിയെ നോക്കീതവൻ... """രാത്രി... ഇവിടെ കഞ്ഞിയാ പതിവ്... ഏട്ടന് അത് മതിയാകോ...""" """അയ്യോ എനിക്കതൊന്നും പറ്റത്തില്ല ഗൗരിയെ...

ദോശയോ പുട്ടോ... എന്തേലും ഒരു പലഹാരം നിർബന്ധാ...ശീലായി പോയ്‌ ഗൗരി...'"' അടിച്ചു വാരി ഒതുക്കിയവൾക്ക് കേട്ടതും പെരുവിരൽ തരിച്ചു വന്നിരുന്നു.... പിന്നെ ഇങ്ങേർക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി തരാൻ വേലക്കാരിയാണോ ഞങ്ങള്.... വീണ്ടും നിശബ്ദമായി പദം പറഞ്ഞു... ""'അയ്യോ പുട്ട് പൊടി തീർന്നല്ലോ.... ശോ... മ്മ്.....സാരമില്ല അടുത്തൂന്ന് വാങ്ങിക്കാം....""" അല്പം പ്രയാസത്തോടെയാണവൾ പറഞ്ഞത്.... ""'സത്യം പറഞ്ഞാ ഗൗരി.....എനിക്ക് ഇത് പോലെയുള്ളൊരു ഓണം കേറാ മൂലയിലേക്ക് ട്രാൻസ്ഫർ മേടിച്ചത് ഒട്ടും ഇഷ്ടമില്ലാതെയായിരുന്നു...... വല്ല സിറ്റിയിലും ആയിരുന്നേൽ ഹോട്ടലിൽ നിന്നെങ്കിലും വാങ്ങായിരുന്നു.... ഇത് ഇപ്പൊ നിങ്ങളെ വെറുതെ... എല്ലാം ആ നന്ദന്റെ പണിയാ അവൻ നിർബന്ധിച്ചോണ്ട് മാത്രാ ടോ ഞാനിവിടേക്ക് വന്നത്....""" അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ദുർഗ കൈയും കാലും കഴുകി കഴിഞ്ഞിരുന്നു.... """ആ മോളെ... നീ താഴത്തെ ‌ ശാരദ ചേച്ചിടെ വീട്ടില് പോയ്‌ ഇത്തിരി പുട്ടുപൊടി മേടിച്ചിട്ട് വാ.... അമ്മൂട്ടിയേയും കൂട്ടിക്കോ.... ഇവിടെ വാങ്ങുമ്പോൾ തിരിച്ചു തരാന്ന് പറഞ്ഞാ മതി...."""

""'.....ഹാ..."" കേട്ടയുടൻ ധവണിയിൽ മുഖവും കയ്യും ചേർത്തു തുടച്ചവൾ അമ്മൂട്ടിയെയും കൂട്ടി താഴേക്ക് നടന്നു.... നടന്നു നീങ്ങുന്നവളിൽ തന്നെ മിഴികൾ നീട്ടി നിൽക്കുന്നവനെ കണ്ടതും വീണ്ടും എന്തോ പന്തികേട് തോന്നി ഗൗരിക്ക്.... """പ്രശാന്തേട്ടന്റെ ഭാര്യയും മക്കളുമൊക്കെ...""" അവന്റെ ശ്രദ്ധ മാറ്റാനാണ് ചോദിച്ചത്.. """അയ്യോ എനിക്ക് ഭാര്യയും മക്കളുമൊന്നുമില്ല ഗൗരിയേ.... ആകെയുള്ളത് അമ്മയും ഒരു അനിയത്തിയുമാ.... പിന്നെ ഈ ഭാര്യേടെ കാര്യത്തിന് ഒരു തീരുമാനം കൂടി ആക്കാനാണല്ലോ ഞാനിങ്ങോട്ട് വന്നത്....""" ഒന്നും മനസ്സിലായില്ല ഗൗരിക്ക്.... മിഴികളിൽ സംശയം നിഴലിച്ചങ്ങനെ നിന്നു.... """.. ഗൗരി എന്താ ഇങ്ങനെ നോക്കുന്നേ മനസ്സിലായില്ലേ...."" കൃസൃതിചിരിയോടെ അവൻ ചോദിച്ചതും ഇല്ല എന്നവൾ തലയനക്കി.... """ആഹാ.. അപ്പൊ ആശാൻ ഒന്നും പറഞ്ഞിട്ടില്ലല്ലേ.... എടോ... എനിക്ക് ദുർഗേ ഇഷ്ട്ടവാ.... """ കേട്ട നിമിഷം തെല്ലൊന്നാളി നിന്നു പോയ്‌ ഗൗരി... ഞെട്ടലോടെ കണ്ണുമിഴിച്ചു പോയ്‌....

ഒന്നും മനസ്സിലാകുന്നില്ല... അപ്പൊ അപ്പൊ നന്ദേട്ടൻ.... """അതേടോ എനിക്ക് ദുർഗയേ ഭയങ്കര ഇഷ്ട്ടാ...... ഇഷ്ടാന്ന് പറഞ്ഞാ അങ്ങനെ വെറുതെ വന്ന ഇഷ്ട്ടോന്നുമല്ല.... അവളെ പറ്റി നന്ദൻ പറഞ്ഞു പറഞ്ഞ് വന്ന ഇഷ്ട്ടം.... കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന... ഏട്ടന്റെ കുഞ്ഞിന്റെ ജീവന് വേണ്ടി സ്വന്തം ഗർഭപാത്രം പോലും വാടകക്ക് കൊടുത്ത... ഒന്നു പറഞ്ഞാൽ പത്തായി തിരിച്ചു പറയുന്ന കാന്താരി പെണ്ണിനെ പറ്റി അവൻ പറഞ്ഞു പറഞ്ഞ് താനെ എന്റെ മനസ്സിൽ മുളപൊട്ടിയ ഇഷ്ട്ടം... എന്റെ അമ്മയും ഇങ്ങനാടോ... അച്ഛന്റെ മരണത്തിന് ശേഷം അമ്മേടെ തന്റേടം കൊണ്ട് മാത്രാ ഞാനും അനിയത്തിയും വളർന്ന് ഈ നിലയിലായത്... ആ അമ്മക്ക് പറ്റിയ മരുമകളാ ദുർഗ...""" വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക്.... അപ്പോഴും കുറേയേറെ ചോദ്യങ്ങൾ കൺകോണിൽ പടർന്നു വന്നിരുന്നു.... """ഞാനീകാര്യം നന്ദനോട് പറഞ്ഞപ്പോൾ അത് തീരുമാനിക്കേണ്ടത് ദുർഗയാണെന്നാ... അവൻ പറഞ്ഞത്.... അതിനും കൂടി വേണ്ടിയല്ലേ ഗൗരി... ഞാനിവിടേക്ക് വന്നത്...

എന്റെ ദുർഗ കുട്ടിയെ വളച്ചെടുക്കാൻ....""" പകച്ചു നിന്നുപോയ് അവൾ.... അപ്പൊ ഒരു താലി കരുതിവെച്ചെന്ന് നന്ദേട്ടൻ പറഞ്ഞത് ഇതായിരുന്നു.... അപ്പൊ എന്റെ ദുർഗ.... സ്വയം നിനച്ചവൾ വീണ്ടും പ്രശാന്തിലേക്ക് തന്നെ നിറമിഴി നീട്ടി.... """അപ്പൊ... അപ്പൊ... നന്ദേട്ടൻ എന്റെ ദുർഗേ സ്വീകരിക്കില്ലേ...."" വിറയാർന്ന സ്വരമുയർത്തി ഗൗരി അവനോടായി ചോദിച്ചു.... """എന്താ...ഗൗരി... എന്താ പറഞ്ഞേ...നന്ദൻ ദുർഗേ സ്വീകരിക്കാനോ....നന്ദൻ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ ഗൗരി ...""" പെട്ടെന്നുള്ള അവളുടെ ചോദ്യം കേൾക്കെ പ്രശാന്തിന്റെ മുഖവും മാറി തുടങ്ങിയിരുന്നു.... """... നന്ദന് അതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ.... ...ഇല്ല ഗൗരി... അവനതിന് ഒരിക്കലും സാധിക്കില്ല.... പതിനഞ്ചു വർഷം നിധിപോലെ അവൻ മനസ്സിൽ കൊണ്ട് നടന്ന അവന്റെ പ്രണയത്തെ ഉപേക്ഷിച്ച് അവൻ മറ്റൊരു പെണ്ണിനെ ചതിക്കാൻ തയ്യാറാവില്ല....ഒരിക്കലും... എന്നാ പിന്നെ എന്തിനാ ഗൗരി അവനീ വാടക ഗർഭത്തിന്റെ പിന്നാലെ നടന്നത്.....അതിന് വേണ്ടി ഇത്ര കഷ്ടപ്പെട്ടത്....""" അവൻ പറയുന്നതൊന്നും വിശ്വസിക്കാൻ മനസ്സിനെ അനുവദിക്കാതെ അപ്പോഴേക്കും തളർച്ചയുടെ വാക്കിലെത്തിയിരുന്നു ഗൗരി.............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story