അരികെ: ഭാഗം 2

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

സംശയം പുരിക വളവിൽ നിഴലിച്ചപ്പോൾ പതിയെ അവൻ വേലികെട്ടിനുള്ളിലേക്ക് കാലു വെച്ചു.... """.....ആരാ..."" പൊടുന്നനെയാണ് പിറകിൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത്.... നേർത്ത സ്വരത്തിന് ചേരാത്ത ഗൗരവം കലർത്തിയുള്ള ചോദ്യം.... കേട്ടതും മെല്ലെ നന്ദൻ തിരിഞ്ഞു നോക്കി... ഒരു പഴകിയ ഷർട്ടും മുഷിഞ്ഞ പാവാടയും ധരിച്ചൊരു പെൺകുട്ടി തലയിൽ പുല്ല് ചുമന്നു നിൽക്കുന്നതാണ് കാണുന്നത്.... പാവാട ഞൊറിയെ ഒരുഭാഗത്തേക്ക് ഒതുക്കി വലം കാൽ മുട്ടുവരെ ഉയർത്തി വെച്ചിരിക്കുന്നു.... മുഖം മറയെ തീറ്റപുല്ല് മുന്നിലേക്ക് ചാഞ്ഞു കിടപ്പുണ്ട്.... """ആരാ.... ഇയാളെന്താ പൊട്ടനാണോ..."" പിറുപിറുത്തവൾ പുൽകെട്ടിനെ വേലിക്കുള്ളിലേക്ക് എടുത്തെറിഞ്ഞപ്പോഴാണ് ആ മുഖം ശരിക്കും കണ്ടത്....

പാറിപറക്കുന്ന മുടിയിഴകളും വിയർത്തൊലിക്കുന്ന നെറ്റിത്തടവും വീർത്ത കവിളുകളും കൂർപ്പിച്ചു കൊണ്ട് തന്നെ അടിമുടി ചൂഴ്ന്നു നോക്കുന്ന രണ്ടുണ്ട കണ്ണും.... അരയിൽ കൊരുത്തു വെച്ചിരുന്ന അരിവാളിനെ കിതപ്പോടെ വലിച്ചെടുത്ത് പിൻകഴുത്തിലേക്ക് മാന്തി കൊണ്ടാണ് നോട്ടം മുഴുവൻ..... കാണെ ചിരിയാണ് വന്നതവന്... ""'ആരാ ദുർഗേ അത്...?"" അപ്പോഴേക്കും ഉറക്കെ ചോദ്യമുയർത്തി ഉള്ളിൽ നിന്നും ഒരു സ്ത്രീയും അവളുടെ സാരി തുമ്പ് പറ്റിനിന്നൊരു കൊച്ചു പെൺകുഞ്ഞും പുറത്തേയ്ക്ക് നടന്നു വന്നു .... പറയത്തക്ക അലങ്കാരങ്ങൾ ഒന്നുമില്ലെങ്കിലും അടുക്കള അടുപ്പിലേ പുക കറ മഞ്ഞപടർന്ന ആ മുഖത്തിനെ ചായം നൽകിയിരുന്നു അയാൾക്ക്.... തന്നെ കണ്ടിട്ടാവാം ദേഹത്തൊതുങ്ങി കിടന്ന മേലാടയെ ശ്രദ്ധയോടെ ചുറ്റിവെച്ചു അവൾ...

"""ഞാൻ... ഞാൻ... ദിവാകരേട്ടന്റെ വീട്....മ്മ്... ഈ കയറ്റം കയറിയ ആദ്യം കാണുന്ന വീടാന്നാ ചായകടേലെ ചേട്ടൻ പറഞ്ഞത്...."" ഇരുവരേയും മാറി നോക്കികൊണ്ടാണവന്റെ മറുപടി.... '""ഓ അതായിരുന്നോ... ദേ ആ കാണുന്ന വീടാ..... """ കനപ്പിച്ച ശബ്ദത്തോടെ മുറ്റത്ത് നിന്നവൾ അരിവാള് കൊണ്ട് ചൂണ്ടി കാട്ടിയത് എതിർ വശത്തുള്ള ഒരു ചെറിയ കോൺഗ്രീറ്റ് കെട്ടിടത്തിലേക്കാണ്.... ചെറിയൊരു വീട്.....കാണെ അവനൊന്ന് ആ പെൺകുട്ടിയെ നോക്കി ചിരിച്ചു.... തോളിലെ ബാഗിനെ ഒന്നുകൂടി ഉയർത്തി വെച്ച് അങ്ങോട്ടേക്ക് നീങ്ങുമ്പോൾ ഉടനേ വന്നു അവളുടെ അടുത്ത ചോദ്യം... """താൻ കള്ളു കുടിക്കോ..."" തെല്ലൊരു ഞെട്ടലോടെ നന്ദൻ തിരിയുമ്പോൾ ഇടുപ്പിൽ കൈ ചേർത്തവൾ ഒറ്റ പുരികം വില്ലുപോൽ വളച്ചങ്ങനേ നിൽക്കുകയാണ്.... ശെരിക്കും ഭദ്രകാളിയുടെ കണ്ണു തന്നെ .... പെണ്ണുശിര് കണ്ടു നിൽക്കേ അവനൊന്നു പരുങ്ങി നിന്നു .....

"""....ഏയ്യ് ഇല്ല .... എന്തേ...""" """അല്ലാ... മുന്നേ ഇവിടെയുണ്ടായിരുന്നവൻ വല്ലാത്ത ശല്യായിരുന്നു.... കള്ളും കുടിച്ച് അയൽവക്കത്തുള്ള പെണ്ണുങ്ങൾക്ക് സ്വര്യം തരത്തില്ലായിരുന്നു...അതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ...... ഗൗരിയേട്ടത്തീ ഇത്തിരി ചോറൂറ്റിയ വെള്ളം ഇങ്ങെടുത്തേ ....""" സംസാരത്തിനിടെ അവളുടെ അലസമായ മുടിയിഴകളെ ചുരുട്ടി കെട്ടി കൊണ്ടവൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു... മെല്ലെയവൻ വീടിനുള്ളിലേക്ക് നോക്കുമ്പോൾ അത്ര നേരം തന്റെ ശ്രദ്ധയിൽ പെടാതൊരു കൊച്ചു മിടുക്കി ഉമ്മറത്തു നിന്നും അവനെ നോക്കി നാണിച്ചു നിൽക്കുകയാണ്.... മുറ്റത്തെ ആ പനിനീർ പൂക്കളേക്കാൾ സൗന്ദര്യമേറിയവൾ....

കഷ്ടിച്ചു മൂന്നോ നാലോ വയസ്സ്.... അപ്പോഴേക്കും മനസ്സ് മറ്റെന്തിനോ തുടിക്കുന്ന പോലെ... കാണേ ആ കുറുമ്പിയെ നോക്കി മെല്ലെ ഒന്ന് കണ്ണുചിമ്മി കാട്ടി നന്ദൻ... പതിയെ നടന്ന് വീടിന്റെ താക്കൊലെടുത്തു തുറക്കുന്ന നേരം പോലും ആ കുഞ്ഞി മുഖത്തേക്ക് ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ടവൻ..... """എനിക്കും വേണം ഇതുപോലൊരു പൊന്നുമോളെ..... അച്ഛന്റെ മാറിലെ ചൂടേറ്റ് എന്റെ താരാട്ടു കേട്ട് മയങ്ങുന്ന ഒരു കുഞ്ഞി പെണ്ണ്...."" ഓർക്കുന്തോറും മനസ്സിൽ വിരിയുന്ന വർണ്ണങ്ങൾക്ക് മഴവില്ലഴകാണ്.... അകത്തേക്ക് കയറി ആവേശത്തിൽ എല്ലായിടവും ചുറ്റിനടന്നു നോക്കി...... രണ്ടു മുറിയാണ്... ഒരുചെറിയ ഹാളും പിന്നെ അടുക്കളയും....

പാത്രങ്ങളും മറ്റും ഉണ്ടാകുമെന്ന് നേരത്തെ ദിവാകരേട്ടൻ വിളിച്ചു പറഞ്ഞത് കൊണ്ട് പകുതി ആശ്വാസം.... പുറത്തെ കുളിമുറിയിലേ തണുത്തുറഞ്ഞ വെള്ളം ദേഹത്തേക്ക് വീഴ്ത്തുമ്പോൾ മുള്ളുകുത്തി തെറിക്കുന്ന പോലെ.... """....ഓഹൊഹോ ....""" വിറയലോടെ അവനൊന്നു തുള്ളി.... അടുപ്പു കത്തിക്കാൻ മടി കാരണമാ വെള്ളം ചൂടാക്കാത്തെ.... അതിപ്പോ അബന്ധായല്ലോന്നാ.... തല തുവർത്തി അകത്തേയ്ക്ക് കയറിപ്പോഴേക്കും ഫോണിലേക്ക് ഒരു കോൾ.... മേശപുറത്തു നിന്നും ആശങ്കയോടെ ഫോൺ എടുത്തു കുത്തുമ്പോൾ ചുണ്ടിലേക്ക് അറിയാതെയൊരു പുഞ്ചിരി കടന്നു വന്ന്... പ്രശാന്താണ്.... ""ഹലോ...."" ""എന്തായാടാ... വല്ല നടപടിയും ആയോ....""" അവിടുന്നുള്ള ശബ്ദം കേൾക്കെ നന്ദന്റെ മുഖം വാടി തുടങ്ങിയിരുന്നു....

"""...ഇല്ലെടാ... ആ വീട്ടുപേര്... അങ്ങനെയൊരു വീട് ഈ നാട്ടിലില്ലെന്നാ പറയുന്നെ....പിന്നെ 'ലക്ഷ്മി ' അതിത്തിരി തപ്പേണ്ടി വരും... എന്തായാലും കുറച്ച് ദിവസം ഞാനിവിടെ ഉണ്ടാക്കുവല്ലോ ടാ.. മ്മ് നോക്കാം....""" നിരാശ നന്ദന്റെ ശബ്ദത്തിൽ പ്രതിഭലിച്ചു നിൽക്കേ .... ദേഷ്യം കൊണ്ട് പ്രശാന്ത് പല്ലിറുക്കുന്ന ഒച്ച ഫോണിലൂടെ കേൾക്കുന്നുണ്ടായിരുന്നു അവൻ.... """ദേ ഇതെല്ലാം കൂടി കേട്ടിട്ട് എനിക്ക് നല്ല ചൊറിഞ്ഞാ വരുന്നേ.... എടാ പന്ന....""" വാക്കുകൾ അവിടം വെച്ച് നിർത്തി പ്രശാന്ത് ഒന്നു കണ്ണടച്ചു.... """മര്യാദക്ക് ഒരു പെണ്ണും കെട്ടി പിള്ളേരും കുടുംബവുമായി കഴിയേണ്ടതിനു പകരം അവൻ ആകെ ഉണ്ടായിരുന്ന കിടപ്പാടോം വിറ്റ് വാടകഗർഭം തപ്പി പോയിരിക്കുന്നു...

. പോരാത്തതിന് അവന്റെ കോപ്പിലെ ഒരു എഗ്രിമെന്റും കുഞ്ഞിനെ കൊടുക്കുന്നവരെ കാണാനോ അന്വേഷിക്കാനോ പാടില്ല പോലും... """ കടുത്ത കുറ്റപെടുത്തലാണ്..... കേൾക്കെ തൊണ്ടകുഴി കനത്തു വന്നു നന്ദന് .... ""എടാ.... നീ എന്താ ഇങ്ങനെ... എന്നെ പറ്റി നിന്നെക്കാൾ നന്നായി ആരാടാ മനസ്സിലാക്കിയിട്ടുള്ളത്..... എന്റെ ശ്രീക്കുട്ടി.. ഒന്നും രണ്ടുമല്ല...... ഈ നന്ദന്റെ പതിനഞ്ചു വർഷത്തെ പ്രണയമാ... അവളെ മറന്നുകൊണ്ട് ഞാൻ മറ്റൊരുത്തിക്ക് താലി ചാർത്തൂന്ന് തോന്നുന്നുണ്ടോ നിനക്ക്... അത്.. അത്.. ആ പെൺകുട്ടിയോട് കാണിക്കുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ടാ... പിന്നെ എന്റെ ചോരയിൽ പിറന്നൊരു കുഞ്ഞ്... അത് എന്റെ ഒരു സ്വപ്നമാ.... ആരോരും ഇല്ലാത്തവന്റെ ജീവിതത്തിൽ തോറ്റു പോയവന്റെ ഏറ്റവും വലിയ സ്വപ്നം...

.""" നന്ദന്റെ ഉള്ള് നീറിയ വാക്കുകൾ .... അറിയുന്നുണ്ടായിരുന്നു പ്രശാന്ത് ആ മിഴികൾ നനയുന്നത്..... """എടാ.... എടാ.... നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.... പക്ഷെ നീ .....നീയെന്തിനാ ആ പെണ്ണിന്റെ പിറകേ ഇങ്ങനെ നടക്കുന്നത്... അതാ എനിക്ക് മനസ്സിലാകാത്തത്.... പ്രസവിച്ചു കഴിഞ്ഞാൽ അവൾ തന്നെ കുഞ്ഞിനെ നിന്റെ കൈകളിൽ ഏല്പിക്കില്ലേ... പിന്നെന്താ...""" """അത് പറഞ്ഞ നിനക്ക് മനസ്സിലാകില്ലെടാ.... കാരണം നീ ഇപ്പോഴും എന്റെ സ്ഥാനത്ത് നിന്നു ഒന്നു ചിന്തിക്കപ്പോലും ചെയ്യുന്നില്ല..... ഞാനെന്നല്ല... ഈ ലോകത്തുള്ള എല്ലാ അച്ഛന്മാരും ഇങ്ങനെ തന്നെയാടാ.... എന്റെ കുഞ്ഞല്ലേ....

ആ ജീവനെ ഉദരത്തിൽ ചുമക്കുന്ന അമ്മയല്ലെ........ അവൾക്ക് സങ്കടങ്ങൾ ഒന്നുമില്ല എന്നുറപ്പിക്കേണ്ടത്.....അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛന്റെ കടമയല്ലേ ടാ ...""" ദയനീയത തിങ്ങി നിൽപ്പുണ്ടായിരുന്നു നന്ദന്റെ സ്വരത്തിൽ.... """കൂടുതൽ ഒന്നും വേണ്ടടാ ഈ നന്ദന്... ഒന്നു കാണണം... ദൂരെ നിന്നാണെങ്കിലും.... അവൾക്ക് ബുദ്ധിമുട്ടുകളൊന്നുമില്ലാ എന്നറിഞ്ഞാ മാത്രം മതി.... ഈ നെഞ്ചോന്ന് തണുക്കാൻ..."""" പ്രതീക്ഷ ഉറ്റു നിന്നവന്റെ മറുപടിക്ക് മറുത്തൊന്നും പറയാൻ തോന്നീല പ്രശാന്തിന്... അത്രയും വേദനിച്ചിട്ടുണ്ടവൻ.... കരഞ്ഞിട്ടുണ്ട് തന്റെ മുന്നിൽ...... ആണെന്ന അതിർവരമ്പുകൾ ഭേദിച്ച് നെഞ്ചു പൊട്ടി അലറിയിട്ടുണ്ട്.... ഓർക്കുമ്പോൾ ഇന്നും കണ്ണുനിറഞ്ഞു പോകും.... പ്രശാന്ത് മെല്ലെ ഓർമകളിൽ നിന്നും മടങ്ങി..... "''നീ വിഷമിക്കാതെടാ... ഒന്നുമല്ലേലും ഞാനൊരു പോലീസല്ലേ... ഞാനെന്റെ വഴിക്ക് ഒന്നും അന്വേഷിച്ചു നോക്കട്ടെ..."""

പ്രശാന്ത് പറയുമ്പോൾ ഉള്ളിലൊരു ആശ്വാസം പോലെ..... """ഇവിടാരുമില്ലേ.... മോനേ...... മോനേ...."" പ്രായമായ ഒരു സ്ത്രീയുടെ ശബ്ദമാണ്... """ടാ ആരോ വന്നു ഞാൻ പിന്നെ വിളിക്കാവേ..."" ഫോൺ കയ്യിൽ വെച്ച് കൊണ്ട് തന്നെ വാതിൽ തുറന്നു നോക്കി.... ഒരു വയസ്സായ സ്ത്രീയാണ്... അവനെ കണ്ടയുടൻ പുകയില കറ പറ്റിപിടിച്ച പല്ലുക്കാട്ടി ചിരിച്ചു അവർ.... കൈലി മുണ്ടും ഇറക്കം കുറഞ്ഞ ബ്ലൗസുമാണ് വേഷം... അഴുക്ക് പിടിച്ച ഒരു തോർത്ത്‌ അലസമായി മാറിൽ കൊരുത്തു വെച്ചിരിക്കുന്നു.... ആളെ മനസ്സിലാകാതെ നന്ദൻ പതിയെ മുറ്റത്തേക്ക് ഇറങ്ങി... ""..ഇഹിഹ്.... മോൻ പുതിയ താമസക്കാരനാണല്ലേ... ഞാനറിഞ്ഞു... എന്റെ പേര് ദാക്ഷായണി തള്ള.... തള്ളേന്നാ എല്ലാരും വിളിക്കുന്നെ... എന്റെ മോൻ പോലും....""" പറഞ്ഞവർ വെളുക്കേ ചിരിക്കുമ്പോൾ നെറ്റിയൊന്നു ചുളുക്കി നന്ദൻ....

"""ഞാൻ ദാ അപ്പ്രത്തെ വീട്ടിലെയാ... എനിക്ക് രണ്ട് മക്കളാ... മൂത്തോൻ രഘു... ഗുണ്ടയ...""" കേട്ടതും അവനൊന്ന് ഏങ്ങി നിന്നു.... """അയ്യോ... മോൻ പേടിക്കണ്ട.. അവനൊരു പാവാ... പിന്നെയുള്ളത് ദുർഗാ... ദേ നേരത്തെ മോൻ കണ്ടില്ലായിരുന്നോ ഉണ്ട കണ്ണും ഉരുട്ടി നിന്ന ഒരു മൂദേവി... ആ അവള് തന്നാ....""" അസ്വസ്ഥതപെടുത്തുന്ന പെരുമാറ്റം....എങ്കിലും മിണ്ടാതെ കേട്ടുനിന്നു അവൻ.... """നാക്കിന് ഏഴ് മുഴം നീളാ പെണ്ണിന്റെ...... ഒരു പെഴച്ച സാധനം.....ആ മൂശേട്ട എന്റെ മോളൊന്നുമല്ല...അവൾടെ തന്തേടെ രണ്ടാം കേട്ടാ ഞാൻ... പിന്നെ എന്റെ ഒരു നല്ല മനസ്സ് കൊണ്ട് മോളെന്നു ഞാൻ പറഞ്ഞു നടക്കുന്നു... അത്രേ ഉള്ളൂ...ഹാ! പിന്നെ രഘുവിന്റെ കെട്ട്യോളും ഒരു കൊച്ചുമുണ്ടേ... ഗൗരി.... കാണാൻ നല്ല ചേലാ... പക്ഷെ പറഞ്ഞിട്ടെന്താ സ്വഭാവം 'മ്മ്ഹ് ' അത്ര വെടിപ്പല്ല...."""

വല്ലായ്മ തോന്നി ചുണ്ടു കോണിച്ചവർ പറഞ്ഞപ്പോൾ... ഇങ്ങനാണോ വീട്ടിൽ കഴിയുന്ന പെൺകുട്ടികളെ കുറിച്ച് അന്യരോട് പറയുന്നത്... അതും അമ്മേടെ സ്ഥാനം ഉള്ളവർ.... മുഷിപ്പിച്ചില്ല നന്ദൻ..... പ്രായമായ സ്ത്രീയല്ലേ... അത്ര അറിവേ ഉണ്ടാകൂ.... """എന്താ മോന്റെ പേര്...""" വലം കൈ അവന്റെ ചുമലിൽ വെച്ചിട്ടാണ് ചോദ്യം.... """നന്ദൻ.... നന്ദ ഗോപൻ..""" ""ആ.. നല്ല... പേര്.... കാണാനും നല്ല ഐശ്വര്യമുള്ള മോൻ... മോനെങ്ങനാ നല്ല വീശോ..."" താടി രോമത്തിൽ പിടിച്ചു കുലുക്കി നിന്നവർ പൊടുന്നനെ ചോദിച്ചതും ഞെട്ടി പോയ്‌ അവൻ..... """..... ഏ...."" """ഇവിടെ മുന്നേ ഉണ്ടായിരുന്നവൻ നല്ല അടിയായിരുന്നു.... ഒരു കുപ്പി മേടിച്ചോണ്ട് വന്ന നിക്കും തരും രണ്ടെണ്ണം... മോൻ അടിക്കുവാണേൽ ധൈര്യായിട്ട് കുടിച്ചോ...

അവള് മാരെ ഒന്നും നോക്കണ്ടാ... ദേ അവിടെ നിന്ന് തള്ളേന്ന് നീട്ടി വിളിച്ചാമതി ഞാൻ ഒരു ഗ്ലാസും പിടിച്ച് ഓടി എത്തിക്കോളാം... "" പറഞ്ഞതും താടിയിൽ അമർത്തിയ കൈ പതിയെ എടുത്തു മാറ്റി വിരസമായി തലയാട്ടി ചിരിച്ചു നന്ദൻ.... ഒന്നും മിണ്ടാതെ ഉള്ളിൽ കയറാൻ തുടങ്ങുമ്പോഴാണ് എന്തോ ഓർത്തപ്പോൽ തിരിഞ്ഞു നിന്നത്.... "".....ആ....അമ്മേ...""" """.....ഓ..."" സൗമ്യമായി അവൻ സ്വരമുയർത്തി..... """അതെ അമ്മക്ക് ഈ ലക്ഷ്‌മീന്ന് പേരുള്ള ആരേലും അറിയോ.... ഗർഭിണിയായ കുട്ടിയാ...ഒരു രണ്ട് രണ്ടര മാസം ആയിട്ടുണ്ടാവും....""" ഒരു പിടി വള്ളി.... അത്രേ അവനും കരുതിയുള്ളു.... """ലക്ഷ്മി....മ്മ്... ഗർഭിണി..... അറിയത്തില്ലല്ലോ മോനേ... ഈ ഭാഗത്തൊന്നും അങ്ങനെ ആരേം തള്ളക്കറിയില്ല.......

ഹാ... അക്കരെ കുറച്ച് പുതു മോടികളുണ്ട്... അവളുമാര് വല്ലതിനും വയറ്റിലുണ്ടോ എന്നറിയത്തില്ല... എന്നാലും തള്ള ഒന്നു നോക്കട്ടെ...""" അവരുടെ സംസാരം തെല്ലൊരു പ്രതീക്ഷ പോലെ.... ""... ആ...നോക്കീട്ട് ഒന്ന് പറയണേ.. അമ്മ..."" ചിരിയോടെ പറഞ്ഞു തിരിയുമുമ്പ് നീട്ടിയൊരു വിളി വന്നു .... """....മോനേ....""" സംശയത്തിൽ നോക്കുമ്പോൾ വീണ്ടും ഇളിച്ചു കാട്ടി ആ സ്ത്രീ.... """"ചില്ലറ ഉണ്ടേൽ ഒരു അമ്പത് രൂപാ തായോ.... തള്ളക്ക് ഇത്തിരി പൊയ്‌ല മേടിക്കാനാ....രാത്രി ഭയങ്കര തണുപ്പാണെ... അത് കൊണ്ട്...."""" നരനിറഞ്ഞ തലമുടിയിൽ മെല്ലെ ചൊറിഞ്ഞവർ കേട്ടതും വാതിലിൽ നിന്നുതന്നെ എത്തിയവൻ മേശമേലിരുന്ന പേർസ് എടുത്തു.... പണം കയ്യിൽ കൊടുക്കുമ്പോൾ തിരിച്ചും മറിച്ചും നോക്കിയവർ ബൗസിന്റെ ഇടയിലേക്ക് ചുരുറ്റി വെച്ചു..... ❤️

ഗ്യാസ് കത്തിച്ച് ഇത്തിരി കട്ടന് വെള്ളം വെക്കുമ്പോഴാണ് വിശപ്പ് വല്ലാണ്ട് മുറവിളി കൂട്ടുന്ന കാര്യം നന്ദൻ ഓർത്തത്... അടുക്കള പാത്രങ്ങളും കുറച്ച് പൊടികളും അല്ലാതെ മറ്റൊന്നും ഇരിപ്പില്ല... ഇങ്ങോട്ട് വരാന്നേരം ഇതിനെ പറ്റി അതികം ഓർത്തിരുന്നില്ല ... ഇനി വല്ലതും വെച്ചുണ്ടാക്കാണേൽ കവലയിൽ പോണം... ചായ തിളച്ച് ഗ്ലാസ്സിലേക്കൊഴിച്ചവൻ മേശയരികെ വന്നിരുന്നു... പുറത്താണേൽ അപാര തണുപ്പും... ഇരുട്ടുമ്പോഴേക്കും മഞ്ഞിറങ്ങി തുടങ്ങിയിരിക്കുന്നു.... കരുതി വെച്ചിരുന്ന ഒരു കോട്ടൺ പുതപ്പെടുത്തവൻ ശരീരം മൂടി..... ബാഗ് തുറന്ന് ആകെയുണ്ടായിരുന്ന രണ്ട് കഷ്ണം ബ്രെഡ് എടുത്ത് നെടുവീർപ്പിട്ടു... ""ആകെ കൂടെ ഉള്ളതാ.... ആ.... ഇതെങ്കിലും ഉണ്ടല്ലോ..."" കട്ടൻ ഗ്ലാസിനെ കൈവെള്ളയിൽ ചുഴുറ്റി കുടിക്കാൻ ഓങ്ങിയപ്പോഴാണ് എതിർവീട്ടിൽ എന്തെക്കൊയോ ഒച്ച കേൾക്കുന്നത്.....

"""ദുർഗേ.....ഇങ്ങിട് കേറുന്നുണ്ടോ നീയ്യ്.... മതി ഈ തണുപ്പത്ത് തൊഴുത്തു വൃത്തിയാക്കിയത്... ബാക്കി ഞാൻ ചെയ്തോളാം...""" ഗൗരി ഉറക്കെ വിളിക്കുമ്പോൾ ബക്കറ്റിൽ നിന്നും തൊഴുത്തിലെ തറയിലേക്ക് വെള്ളം ആഞ്ഞു വീശുകയായിരുന്നു ദുർഗാ... ""'തീർന്നു ഏട്ടത്തി.... അല്ലേലും ചാണകത്തിന്റെ മണം കേട്ടാ ഏട്ടത്തിക്ക് ഇപ്പൊ ഓക്കാനം വരത്തില്ലേ..... അപ്പൊ പിന്നെ എങ്ങനാ... എനിക്കാണേൽ പിന്നെ ഇതൊക്കെ ശീലോല്ലേ... ഈ ദുർഗേടെ നല്ല സ്റ്റീൽ ബോഡിയ... ഇന്നും ഇന്നലെയും കൊണ്ട് തുടങ്ങിയതല്ല ദുർഗ്ഗ ഈ തണുപ്പിനെ ....""" പറഞ്ഞവൾ കുറ്റിച്ചൂലിൽ രണ്ട് തട്ടു തട്ടി തൊഴുത്തിലേക് വെള്ളം ചീണ്ടി കളയുന്നത് കണ്ട് ഗൗരി തലയൊനക്കി.... """നിന്റെ കൂടെ തർക്കിക്കാൻ എനിക്ക് ആവതില്ലേ എന്റെ പൊന്നു ദുർഗേ... എന്തേലും പറഞ്ഞാ കേക്കണ ജാതിയാ നീ...?."""

ഭിത്തിമേൽ കൈവെച്ച് ഗൗരി അത്രയും പറഞ്ഞു തിരിഞ്ഞതും ഉമ്മറത്തിരുന്ന ആൾ കലത്തോടെ എടുത്തു വെച്ച കഞ്ഞി.. പ്ലാവില കരണ്ടിയിൽ കോരികുടിക്കുന്നതാണ് കണ്ടത്... ദാക്ഷായണിയാണ്... കാണേ തലയിലേക്ക് വലം കൈ അമർത്തി പോയ്‌ ഗൗരി.... '""ഹോ എന്റെ അമ്മേ..... ആ കഞ്ഞി മുഴുവനും കുടിക്കാതെ ഞങ്ങളാരും അത്താഴം കഴിച്ചിട്ടില്ല...."" കേട്ട ഭാവം കാണിക്കാതെ പൊള്ളിച്ച പപ്പടത്തിന്മേൽ ഒരു കടി കടിച്ചു അവർ..... """അല്ലേ... ഞാൻ ഒറ്റക്കൊന്നുമല്ല... ദേ നിന്റെ കുട്ടിക്കും കൊടുത്തിട്ടുണ്ട്..... കണ്ണുതുറന്നു നോക്കങ്ങോട്ട് ......""" അവർ പറയുമ്പോൾ ഗൗരി അമ്മുമോൾടെ കയ്യിലേക്കാണ് നോക്കിയത്...... ഒരു കൊച്ചു പിഞ്ഞാണത്തിൽ കഞ്ഞി കോരി കുടിക്കുകയാണ് അമ്മു... ഗൗരി നോക്കുന്ന കണ്ടതും ചിരിയോടെ അവൾക്ക് നേരെ പിഞ്ഞാണം നീട്ടി കാണിച്ചു അവൾ...... """... എന്താ.... ഏട്ടത്തി... എന്ത് പറ്റി...""

കൈകളിൽ പറ്റിനിന്ന വെള്ളത്തുള്ളികളെ പാവാടയിൽ അമർത്തി ദുർഗ ചോദിക്കുമ്പോൾ ഗൗരി ചൂണ്ടി നിന്നത് ദാക്ഷായണിയിലേക്കാണ്.... """....ദേ....ഇത്... കണ്ടില്ലേ ദുർഗേ...""" """ആഹാ... തള്ള ഒറ്റക്ക് വിഴുങ്ങുവാണോ.... ദേ വയറ്റി ചൂലിയായ പെണ്ണൊരുത്തിയുള്ള വീടാ.... അതിനും കൂടി വെച്ചിട്ട് തിന്ന് തള്ളേ.....""" ദുർഗാ കൈ ഓങ്ങി പറയുന്ന നേരം മുഖം കൊണ്ട് ഗോഷ്ടി കാണിക്കുകയായിരുന്നു ദക്ഷായണി... """എടി പെണ്ണെ.... നടുവേദനക്ക് ഗുളിക കഴിക്കുമ്പോ വയറ് നിറച്ച് ആഹാരം കഴിക്കണമെന്ന് ഡോക്കിട്ടറ് എടുത്തു പറഞ്ഞതാ....""" """ഓഹോ.... ഇല്ലേൽ തള്ള ചത്തു പോവും അല്ല്യോ.... ഇങ്ങോട്ട് താ തള്ളേ.....""" ദാക്ഷായണിയുടെ കയ്യിൽ നിന്നും കലം ബലമായി വാങ്ങിയ ദുർഗാ ഗൗരിയേ ഏല്പിച്ചതും നോട്ടം കടുപ്പിച്ചു അവർ... """"എന്റെ ഏട്ടത്തി കഴിച്ചിട്ട് ബാക്കിവല്ലതും ഉണ്ടേൽ തള്ള തിന്നാമതി....""""

ഒരു ചിരി പടർത്തികൊണ്ടാണ് ദുർഗാ പറഞ്ഞത്.... """...അയ്യോ മോളെ നിനക്കോ...."" """ആ എനിക്കൊന്നും വേണ്ട ഏട്ടത്തി..... വെശപ്പില്ല.... പിന്നെ തള്ളേ..... ദേ .....ഏട്ടത്തി ഇപ്പൊ ഒറ്റക്കല്ല... അറിയാല്ലോ.....അതിന്റെ വയറ്റില് നിങ്ങൾടെ പൊന്ന് മോന്റെ സന്താനവും കൂടി ഉണ്ടെന്ന വിചാരത്തില് വേണം വെട്ടി വിഴുങ്ങാൻ......"""" ചൂണ്ടുവിരൽ നീട്ടി പറഞ്ഞു തിരിയും മുൻപ് മറുപടി വന്നിരുന്നു...... """'ഓ ഒന്ന് പോടി പെങ്കൊച്ചേ... ഞാനൊക്കെ എന്റെ മോനേ വയറ്റോടെ ഇരുന്നപ്പോ....എത്ര തവണ പട്ടിണി കിടന്നിട്ടുള്ളതാ... എന്നിട്ട് എന്റെ രഘു ഇരിക്കുന്ന കണ്ടില്ലേ നല്ല ഇരുമ്പിൻ തണ്ട് പോലെ... അല്ലേ...... ഇതൊക്കെ പറഞ്ഞു തരാൻ തള്ളാന്നൊരാളുണ്ടേൽ അല്ലേ... നിനക്കിതൊക്കെ അറിയൂ...... അതെങ്ങനാ ഭൂമിയിലോട്ട് പെറന്ന് വീണപ്പോഴേ പെറ്റ തള്ളേടെ തലയെടുത്തോണ്ടല്ലേ അവതരിച്ചേ.... മൂദേവി......"""

കേൾക്കുമ്പോൾ ദുർഗയുടെ കണ്ണുകൾക്ക് നനവ് തെന്നി വന്നിരുന്നു.... ഒന്നുമിണ്ടാതെ നേരെ തൊഴുത്തിലേക്ക് നടന്നുനീങ്ങിയതേയുള്ളൂ.... ""അമ്മേ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ.... അവൾക്ക് സങ്കടായി....""" """എന്ത് സങ്കടാടി... നാക്കിനു നല്ല നീളമല്ല്യോ.....എന്തെ ഇപ്പൊ മുണ്ടാട്ടം മുട്ടിപോയോ..... ഇവൾക്ക് വെച്ചുണ്ടാക്കി കൊടുക്കാനല്ലേടി.....ഇവൾടെ തന്ത എന്നെ കെട്ടിയത്.... എന്നിട്ട് അതിന്റെ വല്ല നന്ദിയുമുണ്ടോ ഈ ഉരുമ്പട്ടോൾക്ക്.... ചുമ്മാതാണോ കെട്ട് പ്രായം ആയിട്ടും ഒരുത്തനും തിരിഞ്ഞു നോക്കാത്തെ... ആരും വരത്തില്ല... ഈ മൂശേട്ട നിൽക്കണ എടം മുടിഞ്ഞു പോകും.... അതാ...""" """.... ശോ....അമ്മേ....""" ഗൗരി വിലക്കുംതോറും കൂസാക്കാതെ ദക്ഷായണി അലറെ.... ഉമിനീരിറക്കി കണ്ണുകൾ ആരും കാണാതെ അമർത്തി തുടച്ചു ദുർഗാ.... വീണ്ടും ചൂലെടുത്തു തൊഴുത്തു അടിച്ചു വാരുമ്പോൾ..... എതിർ വീട്ടിൽ നിന്നും അവ്യക്തമായ സംസാരങ്ങൾ കേട്ട് നന്ദൻ പതിയെ മേശയിലേക്ക് ചാഞ്ഞു കിടന്നു.......

ജനലരികെ നോക്കി നിന്നത് ....ചുവന്ന കമ്പിളി ഉടുപ്പിൽ ഒതുങ്ങി... കഞ്ഞി പാത്രത്തിലെ ഓരോ വറ്റിനേയും തിരഞ്ഞു പിടിച്ചു കുടിക്കുന്ന ആ പെൺകുഞ്ഞിനേയാണ്.... പാവം..... നല്ല പൂപോലെയുള്ളൊരു കുഞ്ഞ്... കാണെ നീറുന്നൊരു നൊമ്പരം ഉള്ളിൽ തട്ടി അവന്റെ.... ബ്രെഡ്‌ കഷ്ണം കഴിക്കാൻ കഴിയാതെ മാറ്റി വെക്കുമ്പോൾ മേശയിൽ ഒതുക്കി വെച്ചിരുന്ന കടലാസ് തുണ്ടിലേക്ക് കൈ നീണ്ടു പോയ്‌.... അതിനെ കയ്യിലേക്ക് ചുരുട്ടി... ആ കുഞ്ഞിനെ തന്നെ മിഴി പായിച്ചു കിടന്നു.... ഉറക്കം കണ്ണിൽ തട്ടുമ്പോൾ നാവ് ആ പേര് ആവർത്തിച്ചു പറഞ്ഞു.... """ലക്ഷ്മി.... നീ എവിടെയാ പെണ്ണെ..... ഭർത്താവിന്റെ ഒപ്പമാണോ... അതോ മക്കളോ..... നീ വല്ലതും കഴിച്ചോ... നന്നായി ഉറങ്ങുന്നുണ്ടോ.... നമ്മുടെ കുഞ്ഞിനെ നോക്കുന്നുണ്ടോ.... നിനക്ക് വേണ്ടി ഇവിടെ ഇങ്ങനെ ഒരാള് ഓർത്തു കഴിയുന്നത് അറിയുന്നുണ്ടോ പെണ്ണെ നീ....""" കണ്ണുകളെ നിദ്ര പുൽക്കുന്നത് വരെ എന്തെക്കെയോ പുലമ്പിയവൻ അങ്ങനേ കിടന്നു..........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story