അരികെ: ഭാഗം 25

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

""'നന്ദേട്ടൻ വന്നേ.... ഈ ശ്രീക്കുട്ടീടെ നന്ദേട്ടൻ... വന്നേ.... അമ്മേ കണ്ടോ...... ന്റെ നന്ദേട്ടൻ വന്നല്ലോ ..... അമ്മയല്ലേ പറഞ്ഞെ വരില്ലെന്ന് ..... ഈ അമ്മ നുണച്ചിയാ.... നന്ദേട്ടാ... ഇനി ഈ ശ്രീകുട്ടിയെ ഉപേക്ഷിച്ച് എങ്ങും പോകരുതൂട്ടോ.... ശ്രീകുട്ടീടെ അടുത്ത് തന്നെ വേണം..."' ഭ്രാന്തി കണക്കേ തന്റെ നെഞ്ചിൽ കിടന്നു പുലമ്പുന്നവളെ കാണേ ഉള്ള് നീറുന്ന വേദനയോടെ നന്ദന്റെ മിഴികൾ ഒരു നിമിഷം എല്ലാം കണ്ട് തകർന്നു നിൽക്കുന്നവളുടെ അരികിലേക്ക് ദയനീയമായി പാഞ്ഞു..... അവളപ്പോഴും ഒന്നും മനസ്സിലാകാതെ നന്ദന്റെ മാറിൽ ചാഞ്ഞു ചിരിക്കുന്നുവളെ തന്നെ ഞെട്ടലോടെ നോക്കുകയാണ്..... """"നന്ദേട്ടാ... എത്ര ദിവസം കൊണ്ട് ശ്രീക്കുട്ടി കാത്തിരിക്കുവാണെന്ന് അറിയോ.... കാത്ത് കാത്ത്... കാത്ത്.... ശ്രീക്കുട്ടി തളർന്നു പോയ്‌.....""" നന്ദന്റെ ഷർട്ട് ബട്ടണിൽ കറക്കി കൊഞ്ചലിൽ അവൾ പറയുമ്പോൾ മറുപടിയൊന്നുമേ പറയാൻ കഴിയാതെ നിസ്സഹായനായി നിൽക്കുകയായിരുന്നു അവൻ..... നിറമിഴികൾ ഒഴുകി നീങ്ങവേ ഒരു മാത്ര ശിവരാമനിലേക്ക് കൃഷ്ണമണികൾ ഒഴുകി....

"''എന്താ... എന്താ... അമ്മാവാ... ഇതൊക്കെ....എന്തൊക്കെയാ ഞാനീ കാണുന്നെ....""" ഇടറി നിന്ന സ്വരം ചേർത്ത് സംശയത്തിൽ അയാളോടായി ചോദിച്ചതും ശിവരാമൻ നന്ദന്റെ തോളിലേക്ക് മെല്ലെ വിറയാർന്ന കരം ചേർത്തു..... """"എല്ലാം ഞാൻ പറയാം മോനേ.... സുഭദ്രേ... നീ മോളെ....അകത്തേക്ക് കൊണ്ടു പോ...""" ശിവരാമ പറഞ്ഞത് കേൾക്കെ.....അവനെ കെട്ടിപുണർന്നു നിന്ന കൈകളെ വലിച്ചെടുത്തു അവർ..... """ആ... അയ്യോ.... വിട്.... എന്നെ വിട്... എന്റെ നന്ദേട്ടൻ..... വിടെടി...... അമ്മേ....ആ.......നന്ദേട്ടാ.....എന്നെ കൊണ്ട് പോകല്ലേന്ന് പറ...""" ശ്രീകുട്ടിയെ ബലമായി പിടിച്ച് സുഭദ്ര നന്ദനിൽ നിന്ന് അകത്തുമ്പോഴും അവന്റെ കൈകളെ മുറിക്കി പിടിച്ചിരുന്നു അവൾ..... നെഞ്ച് പിടഞ്ഞു നിന്നവൻ കണ്ണു നിറക്കുമ്പോൾ.... ദുർഗയുടെ മിഴികൾ ആർത്തിരിമ്പി പെയ്യുകയായിരുന്നു..... അതവൻ കാണാതെ ഷാൾ തുമ്പാൽ ഒപ്പി മൗനമായി നിന്നു അവൾ.....

""''എന്റെ നന്ദേട്ടാ.... എന്നെ കൊണ്ട് പോകല്ലേന്ന് പറ.... അയ്യോ വിടടി.... വിടടി പരട്ട അമ്മേ...അഹ.... അഹ.....""' കൊച്ചു കുഞ്ഞ് കണക്കേ തറയിൽ വീണു കരയുന്നവളെ ഉയർത്തിയെടുത്തു ഉള്ളിലേക്ക് കൊണ്ട് പോകുമ്പോൾ ആ വിരലുകൾ അവൾക്കായി നീങ്ങുന്നത് ദുർഗ അറിയുന്നുണ്ടായിരുന്നു.... ശ്വാസഗതിയിൽ മിടിക്കുന്ന ഹൃദയതാളം ഉദരത്തിലേക്ക് പടർന്നതും വിരലുകളാൽ അമർത്തി തൊട്ടു അവൾ.... അവിടം വെന്തുരുകുന്ന പോലെ തോന്നി ദുർഗക്ക്..... തളർന്നു വീഴുമോ എന്ന് പേടിയായി.... എങ്കിലും കരയാതേയെന്ന് ആ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചവൾ നെറ്റി വിയർപ്പിനെ ഉള്ളം കയ്യാൽ ഒപ്പിയെടുത്തു.... """വാ മോനേ.... മോളെ കയറിയിരിക്ക്....""" നീണ്ട വരാന്തയിലെ ചാരുകസേരയിൽ ചാരി വീണയാൾ മുന്നിലെ സോഫയിലേക്ക് കൈ കാട്ടി പറഞ്ഞു.... തെല്ലൊരു മാത്ര പിന്നിൽ നിൽക്കുന്നവളെ ദയനീയമായി നോക്കിയവൻ അവിടെയിരിക്കാനായി തലയനക്കി....

ഉള്ളുനീറിനിന്നൊരു പുഞ്ചിരിയാണ് ദുർഗ അവന് തിരികെ നൽകിയത്.... സോഫയിൽ പതിയെ ഇരുവരും ഇരുന്നു..... ""നിന്നെ ഒന്നും അറിയിക്കണമെന്നോ ഇങ്ങോട്ട് വിളിച്ചു വരുത്തണമെന്നോ അമ്മാവൻ ആഗ്രഹിച്ചതല്ല കുഞ്ഞേ..... ഇവിടുന്ന് ആട്ടി പായിച്ചു വിട്ടതല്ലേ നിന്നെ.... പക്ഷെ.....""" ഒരു നിമിഷം ഉള്ളിലേക്ക് അയാളുടെ മിഴികൾ നീണ്ടു പോയ്‌.... """നിന്നെ കാണാണ്ട്.... നീ ഇവിടെ വരാണ്ട് ഒരു തുള്ളി വെള്ളം പോലും കുടിക്കില്ലാന്ന് വാശി കാണിക്കുന്നവളോട് ഞങ്ങൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും കുഞ്ഞേ..... അതും... അതും ഈ അവസ്ഥയിൽ....""" ശിവശങ്കരന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... മെല്ലെ തള്ളവിരൽ കൊണ്ട് ഇരുമിഴികളും തൊട്ടുവിടുമ്പോഴും സംശയം സങ്കടമായി അവന്റെ മുഖത്ത് നിഴലിച്ചപ്പോൾ എല്ലാം നഷ്ട്ടപെട്ടവളെ പോലെയായിരുന്നു ദുർഗ.....

. '""എങ്ങനെയാ... അമ്മാവാ.... ശ്രീകുട്ടി ശ്രീക്കുട്ടി... ഈ അവസ്ഥയിൽ ആകാൻ മാത്രം..... എന്താ സംഭവിച്ചേ..."" ""'വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയതാ മോനേ...മരിക്കാൻ വേണ്ടി """ ഞെട്ടി തരിച്ചുനിന്നവൻ ഒരു നിമിഷം.... ചലനമറ്റു പോയ്‌..... """മരിക്കാൻ വേണ്ടിയോ... അതിന്... അതിനുമാത്രം എന്ത് വിഷമാ എന്റെ ശ്രീക്കുട്ടിക്ക് ഉണ്ടായിരുന്നത് അമ്മാവാ....""" അവന്റെ സ്വരം സ്നേഹം തിങ്ങി ഉയർന്നു പോയത്.... ദുർഗ ശ്രദ്ധിച്ചിരുന്നു... ""'ഹും വിഷമം.....എന്റെ മോള് അത്രത്തോളം അനുഭവിച്ചിട്ടുണ്ട് നന്ദാ.. ആ വീട്ടില്.... പേര് കേട്ട കുടുംബം .... ചെക്കൻ സുന്ദരൻ... ഉയർന്ന ജോലി ... നല്ല പെരുമാറ്റം... ഇട്ട് മൂടാൻ സ്വത്തുക്കൾ... എല്ലാം കണ്ടിട്ട് തന്നെയാ നന്ദാ... നിന്നിൽ നിന്ന് എന്റെ പൊന്നു മോളെയും അകറ്റി.... ആരേയും വകവെക്കാതെ ശിവരാമൻ ഈ കല്യാണം ആർഭാടായി നടത്തിയത്...."'' അയാളുടെ മിഴികൾ പതിയെ ഓർമകളിലേക്ക് ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു......

"""പക്ഷെ... പക്ഷെ.. എന്റെ കുഞ്ഞിന് ആ വീട്ടിലൊരിക്കലും സ്വസ്ഥതയുണ്ടായിരുന്നില്ല നന്ദാ.... സ്ത്രീധനം കൊടുത്ത കാറിന്റെ പേരിലും സ്വർണത്തിന്റെ തൂക്കത്തിന്റെ പേരിലും എന്റെ മോള് അനുഭവിച്ച കഷ്ട്ടതകൾ....പീഡനങ്ങൾ ചെറുതൊന്നുമല്ല നന്ദാ.... ആദ്യമൊക്കെ എന്നും സുഭദ്രേ വിളിച്ച്... പരാതികളായിരുന്നു.... കരച്ചിലായിരുന്നു.... നിന്നെ മറക്കാൻ സാധിക്കാത്തതു കൊണ്ടുള്ള നുണകഥകൾ ആയിരിക്കുമെന്നാ ആദ്യം ഞങ്ങളൊക്കെ കരുതിയത്..... പിന്നീട് കുറച്ചു ദിവസം പിണങ്ങി ഇവിടെ വന്നു നിൽക്ക വരെ ചെയ്തു എന്റെ കുഞ്ഞ്.... ഒക്കെ ശരിയാകുമെന്ന് പറഞ്ഞ് എന്റെ കുഞ്ഞിനെ തിരിച്ചയച്ചത് ഞങ്ങളാ...... പിന്നീടുള്ള ആറു മാസം..... വിളിയുമില്ല.... പരിഭവവുമില്ല....സങ്കടങ്ങളുമില്ല... ഇങ്ങോട്ടൊന്നു വന്ന് അന്വേഷിച്ചില്ലെങ്കിലും എല്ലാം ശരിയായി എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങള്... എന്നാൽ ഞങ്ങളറിഞ്ഞില്ല മോനേ.... എന്റെ കുഞ്ഞ് ആരോടും ഒന്നും പറയാതെ എല്ലാം... എല്ലാം.. ഒറ്റക്ക് അനുഭവിക്കുകയായിരുന്നു എന്ന്.....

ഒരു ദിവസം ഞങ്ങൾക്ക് ഒരു ഫോൺ കോൾ വന്നു.....എന്റെ പൊന്ന് മോള് വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി സീരിയസായി ഐ സി യുവിൽ കിടക്കുവാന്ന്..... തകർന്നു പോയ്‌ കുഞ്ഞേ. ഞാനും അവളും....."'' പൊട്ടികരഞ്ഞു കൊണ്ട് മുഖത്തേക്ക് കൈ അമർത്തുന്ന ശിവരാമനെ കാണെ ദുർഗയെ ഒന്ന് നോക്കാൻ പോലും ശക്തിയില്ലാതെ ഉമിനീരിറക്കി വിങ്ങിയവൻ... അപ്പോഴും ശില കണക്കേ നിൽക്കുന്നവളുടെ മിഴികൾ മാത്രം ഒഴുകി നിന്നു.... """അവസാനം കണ്ണു തുറന്നു നോക്കുമ്പോൾ അവളെ ഈ അവസ്ഥയിലാ മോനേ ദൈവം ഞങ്ങൾക്ക് തിരിച്ചു തന്നത്..... അവൾ എല്ലാം മറന്നു പോയിരുന്നു കുഞ്ഞേ... എല്ലാം മറന്നു പോയിരുന്നു.... നിന്നെ ഒഴികെ.... നിൻറെ പേരൊഴികെ....നിന്റെ ഓർമകൾ ഒഴികെ.... കേട്ടതും സഹിക്കാൻ കഴിയാതെ ഉള്ളം കയ്യേ നെറുകയിലേക്ക് അമർത്തി പിടിച്ചു അവൻ.....

"""ഇതോടെ അവളുടെ ഭർത്താവിനും വീട്ടുകാർക്കും അവളെ വേണ്ടാതായി... ഭ്രാന്തിയെ ചുമക്കാൻ അവർക്ക് വയ്യ പോലും..... ഒന്ന് തിരിഞ്ഞു നോക്കാൻ പോലും മനസ്സ് കാണിക്കാതെ ഇവിടെ കൊണ്ട് വന്ന് തള്ളിയിട്ടു പൊയ് മോനേ.... അന്ന് മുതല്... നിന്റെ ഒരു പേര് മാത്രമാണ് അവള് ഉരുവിടുന്നത്... ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം.... ഇത്ര നാളും നീ ഇന്ന് വരും നാളെ വരും എന്നൊക്കെ പറഞ്ഞ് ഞങ്ങൾ കുറേ പിടിച്ചു നിന്നു..... എന്നാ ഒടുവില് നീ എത്തിയപ്പോ...""" ഒരു നിമിഷം ദുർഗയിലേക്ക് മിഴി നീട്ടി നിന്ന ശിവരാമൻ നിരാശയോടെ നെറ്റിയിൽ കരം ചേർത്തു.... എല്ലാം കേട്ട് മൗനം പൂണ്ടുനിന്നവന് കണ്ണീർ പൂക്കൾ മാത്രമായിരുന്നു ആശങ്കയിൽ നോക്കി നിൽക്കുന്നവൾക്ക് നൽകാൻ കഴിഞ്ഞത്.... ❤️ """നന്ദേട്ടൻ കഴിച്ചോ നന്ദേട്ടാ....""" """മ്മ്... നന്ദേട്ടൻ കഴിച്ചല്ലോ.... ഇനി എന്റെ ശ്രീക്കുട്ടി കഴിച്ചേ....""" കൈയിലെ റ്റെഡിബെയറിനെ ചുറ്റി പിടിച്ച് കട്ടിലിന്മേൽ ആടിയാടി നിൽക്കുന്നവളുടെ വായിലേക്ക് ചോറ് ഉരുട്ടി കൊടുക്കുമ്പോൾ ചുവന്നു കലങ്ങിയിരുന്നു നന്ദന്റെ കണ്ണുകൾ.....

"""വേണ്ട നന്ദേട്ടാ... ശ്രീ കുട്ടിക്ക് മതി.... ദേ നോക്കിയേ ശ്രീ കുട്ടീടെ വയറ് നിറഞ്ഞ് ഇപ്പൊ പൊട്ടും...""" ലോങ്ങ്‌ ബ്ലൗസിന്റെ തുമ്പുയർത്തി നഗ്നമായ വയറിനെ കാണിക്കാൻ ശ്രമിച്ചതും പെട്ടെന്നവൻ അവളുടെ കരം പിടിച്ചു..... """മതിയെങ്കിൽ ... മതി..... ഇനി നന്ദേട്ടൻ തരുന്നില്ലാട്ടോ...... ദേ... ഈ വെള്ളം വെച്ച് വാ കഴുകിക്കേ....""" മോന്തയിലെ വെള്ളം അവളുടെ ചുണ്ടിലേക്ക് ചേർത്ത് കൊടുത്ത് വാ കൊപ്പിൾ കൊണ്ട് .. തുപ്പാനായി വലിയ പാത്രം അവൾക്ക് നേരെ നീട്ടിയവൻ...... മുഖത്ത് പറ്റിയ വെള്ളതുള്ളികളെ മുണ്ടിന്റെ കരകൊണ്ട് തുടച്ചു കൊടുത്തവൻ അവളെ കട്ടിലിലേക്ക് കിടത്തിയതും പെട്ടെന്ന് അവന്റെ നെഞ്ചിലേക്ക് വീണു ശ്രീ കുട്ടി.... '""മോളെ..... എന്തായിത് .... ഉറങ്ങിണില്ലെ ....ഇങ്ങനെ കിടന്ന എങ്ങനാ ശ്രീകുട്ടി ഉറങ്ങുന്നേ.... """ അപ്പോഴേക്കും അവന്റെ കഴുത്തിടുക്കിലേക്ക് ഒന്നുകൂടി ഒട്ടി കിടന്നു അവൾ....

"""ശ്രീക്കുട്ടിക്ക് ഇങ്ങനെ കിടന്നാ മതി.... ഇല്ലെങ്കി ... ശ്രീ കുട്ടി ഉറങ്ങി കിടക്കുമ്പോൾ നന്ദേട്ടൻ ശ്രീകുട്ടിയെ ഒറ്റക്കാക്കി പോയാലോ...."'" അവളുടെ കാതോരാത്തായി തൂങ്ങി നിന്ന കുഞ്ഞിജിമ്മിക്കിയുടെ അഗ്രം അവന്റെ വിരിമാറിനെ കുത്തി നോവിക്കുമ്പോൾ ചോര വാർന്ന് ഒഴുകുന്നത് ഇടം നെഞ്ചിലാണെന്ന് അവന് തോന്നി..... """എന്നെ ഒറ്റക്കാക്കി പോകല്ലേ നന്ദേട്ടാ... ശ്രീ കുട്ടിക്ക്.... ശ്രീകുട്ടിക്ക് പേടിയാ.... അയാള് വരും വീണ്ടും ന്നേ കൊണ്ട് പോകാൻ വരും...."'' കൊഞ്ചലോടെ പറയുന്നത് കേൾക്കെ അറിയാതെ നിറഞ്ഞു പോയ് ആ മിഴികൾ..... അടർത്തി മാറ്റാൻ കഴിയാതെ ആ നെഞ്ചിലേക്ക് വട്ടം ചുറ്റികിടക്കുന്നവളുടെ മുടിനൂലിനെ മെല്ലെ തലോടി വിട്ടു.... """ഇല്ല......നന്ദേട്ടൻ ഒരിടവും പോകില്ലാട്ടോ ശ്രീകുട്ടിയേ വിട്ട് ഒരിടവും പോകില്ല....""' തൊണ്ടകീറി മുറിക്കുന്ന വേദനയാണ്...... ശബ്ദം പോലും പുറത്തു വരാൻ കഴിയാതെ വിങ്ങിയിരുന്നു അവൻ..... "''നന്ദേട്ടൻ എന്തിനാ ശ്രീകുട്ടിയെ കളഞ്ഞിട്ടു പോയെ..

. ശ്രീക്കുട്ടി എന്ത് കരഞ്ഞൂന്ന് അറിയോ.... ആ ദുഷ്ടൻ ശ്രീകുട്ടിയെ ഒത്തിരി തല്ലി.... ഇവിടെ ദാ ഇവിടെ... പിന്നെ ഇവിടെ....ഒത്തിരി ഒത്തിരി ചോരവന്നു നന്ദേട്ടാ.... ശ്രീ കുട്ടി ആരൂല്ലാണ്ട് ഒരുപാട് കരഞ്ഞു.....""' മുഖത്തും നെഞ്ചിലും വയറിലുമൊക്കെ ചൂണ്ടു വിരൽ നീട്ടി കല്ലിച്ച ഭാഗങ്ങൾ അവൾ തൊട്ടു കാണിച്ചുമ്പോൾ എന്ത് കൊണ്ടോ കുറ്റബോധം അവനിൽ കണ്ണീരായി പൊന്തി വന്നിരുന്നു.... """പിന്നെ... പിന്നെ... ദേ എന്റെ ചുണ്ട് കടിച്ചു കടിച്ചു പൊട്ടിക്കും ആ രാക്ഷസൻ... ഭയങ്കര വേദനയാ നന്ദേട്ടാ.... ജീവൻ പോകും....""" പറയുമ്പോൾ നീർ പൂക്കൾ നിറച്ചൊരു ചുംബനം അവളുടെ നെറുകയിൽ അമർത്തി അവൻ നൽകി.... ""'ഉറങ്ങിക്കോട്ടോ.... ഇനി ന്റെ ശ്രീകുട്ടിയെ വേദനിപ്പിക്കാൻ.... ആരും വരില്ല..... നന്ദേട്ടൻ ഇല്ലേ.. ന്റെ മോൾക്ക്....."" """....മ്മ്..."" ചിരിയോടെ അവളൊന്നു മൂളി അവന്റെ നെഞ്ചിൽ ചാഞ്ഞു മിഴികൾ അടച്ചു....

ശ്രീകുട്ടി... മോളെ... എന്തൊരു കോലാ ഇത്... നിന്നെ ഇങ്ങനെ കാണാനാണോ പെണ്ണെ.... ഈ നന്ദൻ സൗഭാഗ്യങ്ങൾക്കിടയിൽ നിന്നെ ഉപേക്ഷിച്ചു പോയത് ..... ഹൃദയം അടർന്നു വീണിട്ടും അവർക്ക് നിന്നെ നൽകിയത്.... സഹിക്കാൻ കഴിയുന്നില്ലല്ലോ മോളെ.... നിന്നെ ഇങ്ങനെ കാണാൻ നന്ദൻ കഴിയുന്നില്ല...... എപ്പോഴും കണ്മഷിയാൽ വിടർന്നു നിൽക്കുന്ന മിഴികൾ.. ചുവപ്പ് രാശി പടർന്ന് വികൃതമായിരിക്കുന്നു.... എന്നും കൃസുതിയും പരിഭവവും തുളുമ്പി നിന്ന അധരങ്ങൾ വിശാദം പൂണ്ടു നിൽക്കുന്നു.... ചീകിയൊതുക്കി കാച്ചെണ്ണ നിറഞ്ഞു നിന്ന ചുരുൾ മുടികൾ അലങ്കോലമാക്കപ്പെട്ടിരിക്കുന്നു.... മുഖമാകെ കറുത്തു കരിവാളിച്ചു പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു.... കണ്ടിട്ട് താങ്ങുന്നില്ല മോളെ ഈ നന്ദന്.... പണ്ട് വിശന്നലഞ്ഞു വന്നവന് മുന്നിൽ ചോറു തീർന്നുവെന്ന് അമ്മായി നുണ പറഞ്ഞ് അകന്നപ്പോൾ തനിക്ക് വേണ്ടി ഭക്ഷണം മാറ്റി നൽകിയവൾ....

പറമ്പിലെ ജോലി സമയത്തിന് ചെയ്തില്ലെന്ന് പറഞ്ഞു പുളിമാവിൽ കെട്ടിയിട്ട് അമ്മാവൻ പൊതിരെ തല്ലിയപ്പോൾ കണ്ണീരോടെ തഴമ്പിച്ച ഭാഗം മരുന്നിട്ടു തഴുകിയവൾ.... അവസാനം ഇഷ്ട്ടമാണെന്ന് കാതോരത്തായി ഉരുവിട്ട് ചിരിയോടെ നെൽ വരമ്പിലൂടെ ഓടിയത് ഇപ്പോഴും ഓർമകൾ താലോലിക്കുന്നുണ്ട് മോളെ.... അന്ന് വൈര കല്ലുകണക്കെ തിളങ്ങി നിന്നാ മിഴികൾ പ്രതീക്ഷയറ്റ് നിറഞ്ഞൊഴുകുന്നതായിരുന്നു ഈ നന്ദൻ അവസാനമായി കണ്ടത്...... പക്ഷെ അന്ന് നിന്നെ വിധിക്കു വിട്ട് നൽകുമ്പോൾ ഇന്നീ അവസ്ഥയിൽ നിന്നെ തിരിച്ചു കിട്ടുമെന്ന് ഒരിക്കലും.....ഒരിക്കലും കരുതിയില്ല ശ്രീ കുട്ടി.... അങ്ങനെ കരുതിയിരുന്നെങ്കിൽ ഒരു പക്ഷെ.... മനസ്സ് എവിടെയോ പാതി വഴിയിൽ മുറിഞ്ഞു പോകുന്ന പോലെ.... അഗ്നി പൊള്ളിക്കും പോലെ.... ....ദുർഗ..... ഓർക്കുന്തോറും തല വെടിച്ചു പൊട്ടുകയാണ് .... ശ്വാസം വിലങ്ങി പോകുകയാണ്......

എന്തിനാണ് ദൈവമേ... എന്നോട് മാത്രം നിനക്കിത്ര ദേഷ്യം .... അത്രക്കും വെറുക്കപ്പെട്ടവനായിരുന്നുവെങ്കിലും ഉറ്റവരെ വിളിച്ചപ്പോൾ എന്നെകൂടി കൊണ്ടുപോകായിരുന്നില്ലേ.... അതോ ഇനിയും മതിവരുന്നില്ലേ നിനക്ക് ..... ചോരയിറ്റു വീഴുന്ന മുറിവിലേക്ക് ഇങ്ങനെ എരിവ് തൂകി രസിക്കുമ്പോ വല്ലാത്ത സന്തോഷമായിരിക്കും അല്ലെ....... നെഞ്ചിൽ കിടന്നു മയങ്ങി തുടങ്ങിയവളുടെ കവിളിലേക്ക് വിരൽ തട്ടി പതിയെ നന്ദനൊന്നു നിശ്വസിച്ചു.... ഉറങ്ങിയെന്നുറപ്പു വരുത്തി കട്ടിലിലേക്ക് മെല്ലെ ചാഞ്ഞു കിടത്തുമ്പോഴും ഷർട്ടിലെ പിടി വിട്ടിരുന്നില്ല അവൾ.... "''...നന്ദേട്ടാ.... പൂവല്ലേ....നന്ദേട്ടാ...."'' കണ്ണുകളിറുക്കെ പദം പറയുന്നവളെ കാണെ തെന്നി വരുന്ന മിഴി പാടയെ തട്ടി തുടച്ചവൻ ഷർട്ടിന്റെ പിടി വിടീച്ചു.... അവളിൽ നിന്നടർന്നു മാറുമ്പോഴും വാതിൽ ശ്രദ്ധയോടെ ചാരുമ്പോഴും അവളിൽ നിന്ന് കണ്ണെടുത്തതേയില്ല.... മുറിക്ക് പുറത്തിറങ്ങിയാ നിമിഷം ആദ്യം തിരഞ്ഞത് ദുർഗയെയാണ്.....

പാവം..... വന്ന നേരം മുതൽ അവൾടെ അടുത്തൊന്നിരിക്കാനോ..... ഒന്നാശ്വസിപ്പിക്കാനോ കഴിഞ്ഞിട്ടില്ല..... തകർന്നുപോയിട്ടുണ്ടാവും ആ മനസ്സ്.... ഒരുപക്ഷെ... ഒരു പക്ഷെ എന്നേക്കാൾ കൂടുതൽ..... തറവാടിന്റെ ഓരോ ഭാഗത്തും അവളിലേക്ക് മിഴി തിരയുമ്പോഴാണ് സുഭദ്ര ചിരിയോടെ വന്നത്.... ""'ആ... മോനേ.... ശ്രീക്കുട്ടി ഉറങ്ങിയോ കുഞ്ഞേ....""" മറുപടിയായി വിരസമായി പുഞ്ചിരിച്ചവനൊന്നു മൂളി.... """മ്മ്.... ഇപ്പൊ കിടന്നതേയുള്ളു.... ദുർഗ... ദുർഗായെവിടെ അമ്മായി....""" അലയുന്ന മിഴികളാലെ അവൻ ചോദിച്ചു... """ആ കുട്ടി വടക്കുംഭാഗത്തു നിക്കാ നന്ദാ... ഞാൻ വിളിച്ചതാ... വന്നില്ല....""" അലസമായി പറഞ്ഞവർ നിന്നതും വേഗത്തിൽ അങ്ങോട്ടേക്ക് നീങ്ങിയവൻ.... ""മോനേ..... നന്ദാ..."" എന്തോ ചോദിക്കാനുള്ള വിളിയാണ്.... കേട്ടതും നെറ്റി ചുളിങ്ങി അവനൊന്നു നോക്കി.... ""ആ കുട്ടി.....ദുർഗ...... മ്മ്.... മോൻ കെട്ടാൻ പോകുന്ന പെണ്ണാണോ...."""

മടിയോടെ അവർ ചോദിക്കുമ്പോൾ.... എന്തോ അവൻ ഉത്തരം നൽകാതെ മൗനമായി അവരിലേക്ക് മിഴിനീട്ടി നിന്നതേയുള്ളു.... ""അല്ല... ആ കുട്ടി ഗർഭിണിയല്ലെ ..... മ്മ്....കഴുത്തില് താലിയോ സിന്ദൂരോ ഒന്നും കാണുന്നില്ല്യാ...... ആരേലും ഉപേക്ഷിച്ചതോ ഭർത്താവ് മരിച്ചതോ അങ്ങനെ വല്ലതുമാണോ നന്ദാ....""" അല്പം മടിച്ചാണ് ചോദ്യം...... കേൾക്കുമ്പോൾ പുച്ഛം നിറഞ്ഞൊരു പുഞ്ചിരിയാണ് ആ മുഖത്തു വന്നത്.... ""അതെന്താ അമ്മായി.... എന്റെ കുഞ്ഞിനെ അവൾടെ വയറ്റിൽ ചുമക്കാൻ ഒരു താലിയുടെ അടയാളം വേണോ....""" പെട്ടെന്ന് പറഞ്ഞ നിമിഷം ഞെട്ടലിൽ അവർ അനങ്ങിയില്ല.... """"ദുർഗാ... ദുർഗ എന്റെ കുഞ്ഞിന്റെ സറോഗസി മദറാണ് അമ്മായി..... എന്ന് പറഞ്ഞാൽ...... വാടക ഗർഭം.......""" സ്തംഭിച്ചു നിന്നവരുടെ ശ്വാസം അത് കേട്ടപ്പോഴാണ് നേരെ വീണത്... """ഹോ.. അതാണോ ഞാൻ കരുതി.... അപ്പൊ പണത്തിന് വേണ്ടി ഗർഭിണിയായതാണല്ലേ ആ കുട്ടി....""

നെഞ്ചത്ത് കൈമർത്തി അലസ്സമായി പറഞ്ഞു ചിരിക്കുന്നവരെ കാണെ നന്ദൻ മുഖത്തു സംശയം നിഴലിച്ചു... """എങ്കിൽ പിന്നെ ഇത്തിരി പണം നൽകി ആ കുട്ടിയേ അങ്ങു പറഞ്ഞ് വിട് മോനേ..... എത്ര വേണം .... മോൻ പറഞ്ഞാ മതി അമ്മായി തരാം.... .. പിന്നേ കുഞ്ഞ്..... അത്..... അത് അവള് പ്രസവിച്ച ശേഷം നമുക്ക് കൊണ്ട് വരാല്ലോ..... എന്തിനാ മോനേ.... ഇങ്ങനെ പണത്തിനു വേണ്ടി ശരീരം വിറ്റ് ജീവിക്കുന്ന പെൺപിള്ളേരെയൊക്കെ കല്യാണം കഴിക്കാൻ പോണേ..... """ സുഭദ്രയുടെ സംസാരം കേട്ടു നിൽക്കേ പെരു വിരൽ വഴി ഇരച്ചു കേറി അവന്... """അമ്മായി.... അമ്മായി എന്താ ഉദ്ദേശിച്ചേ......""" ഒറ്റ പുരികം ഉയർത്തി രൂക്ഷമായി നന്ദൻ ചോദിച്ചു.... ""അല്ല.... ശ്രീ കുട്ടിയേ ഇനി എന്തായാലും അവളുടെ ഭർത്താവ് ഏറ്റെടുക്കില്ല..... ന്റെ.... ശ്രീ കുട്ടിയാണെ..... നീയില്ലാതേ ജീവിക്കേം ഇല്ല...... അതുകൊണ്ട്... ആ പെണ്ണിനെ അതിന്റെ വീട്ടിൽ കൊണ്ട് നിർത്തിയിട്ട് ന്റെ മോൻ ഇവിടെ വന്ന് നിൽക്ക്... എന്റെ മോൾടെ കൂടെ.... അമ്മായി പറയുന്നത് മോന് മനസ്സിലാകുന്നുണ്ടോ...."""

""മനസ്സിലായി അമ്മായി.... ഒരാൾടെ ചോരയും നീരുമെല്ലാം ഊറ്റികൂടിച്ചു.... നേടേണ്ടതെല്ലാം നേടി കഴിയുമ്പോൾ... അവസാനം കറിവേപ്പില പോലെ വലിച്ചെറിയണം അല്ലെ.... അതിന് ഞാൻ മാളിയേക്കലിലെ ശിവരാമനോ സുഭദ്ര ദേവിയോ അല്ലമ്മായി...."""" """....മോനേ...""' കേട്ടതും ഞെട്ടലോടെ സുഭദ്ര അലറി.... ഇത് നന്ദ ഗോപനാ...... നന്ദ ഗോപൻ..... ഈ ലോകത്ത് ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും അവളെ ഈ നന്ദൻ ഉപേക്ഷിക്കില്ലാന്ന്..... എന്റെ ദുർഗക്ക് ഞാൻ വാക്ക് നൽകിയതാണ്........ ആ വാക്ക് തെറ്റിക്കണമെങ്കിൽ ഈ നന്ദന്റെ പ്രാണൻ വെടിയണം അമ്മായി..... ഈ ശ്വാസം നിലക്കണം...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story