അരികെ: ഭാഗം 3

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

പിറ്റേന്ന് പശുവിന്റെ ഉച്ചത്തിലുള്ള അമറൽ കേട്ടാണ് നന്ദൻ കണ്ണുകൾ ചിമ്മി തുറന്നത്.... നോക്കുമ്പോൾ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുകയാണ്.... എപ്പോ വന്നു കിടന്നു എന്നുപോലും ഓർമയില്ല.... തലയണയരികിലെ ഫോൺ എടുത്തു കണ്ണുകൾ ഇറുക്കെ തുറന്നു സമയം നോക്കി.... "".....യ്യോ....അഞ്ചര...""" നെറ്റിയിലേക്ക് കൈയമർത്തി ഗ്ലാസ്‌ ജനാല വഴി പുറത്തേക്ക് കണ്ണോടിക്കുമ്പോൾ എതിർവശത്തെ വീട്ടിലെ ചെറിയ സീറോ വാൾട്ടിന്റെ നേരിയ വെട്ടം ഒഴികെ മുഴുവൻ ഇരുട്ടാണ്.... നേരം വെളുത്തിട്ടില്ല.... പക്ഷെ ചുള്ളിയടിക്കുന്ന തണുപ്പിന് മാത്രം ഒരു ശമനവുമില്ലാത്ത പോലെ.... പതിയെ പുതപ്പോടെ എണീറ്റ് ലൈറ്റും ഇട്ട് പിന്നിലെ കതക് മലർക്കേ തുറന്നു.... നല്ല മഞ്ഞാണ്.... മനസ്സുപോലെ തന്നെ ശരീരവും മരവിച്ചിരിക്കുന്നു..... നരച്ച ഓർമകൾക്ക് മാറ്റ് കൂട്ടി പ്രകൃതി തന്നെ എങ്ങോട്ടോ കൊണ്ട് പോകുന്ന പോലെ.... നാസികതുമ്പിൽ അടിച്ചു കയറുന്ന ഏലമരത്തിന്റെ ഗന്ധം ഇലഞ്ഞി പൂക്കളുടേയും ഇഞ്ഞി മിടായിയുടെയും ഭൂതകാലത്തിലേക്ക് അരിച്ചെത്തുന്ന പോലെ.... അദൃശ്യമായ ചങ്ങലപൂട്ടുകൾ തന്നെ ഇപ്പോഴും വലിഞ്ഞു മുറുക്കുകയാണ്..... ചിന്തകൾ മറ്റെന്തിലേക്കോ തെന്നി മാറിയപ്പോഴാണ് സമയം വൈകുന്നുവെന്ന് വീണ്ടും പശുവിന്റെ അലർച്ച ഓർമപ്പെടുത്തിയത്....

""ഹോ... ആറേ കാലിനാ സിറ്റിയിലേക്കുള്ള ബസ്സ്... അതുപോയ പിന്നെ എപ്പോഴാണെന്നറിയില്ല.... ഷോറൂമിൽ ഒരു ഓട്ടോ നോക്കി പ്രശാന്ത് പറഞ്ഞു വെച്ചിട്ടിട്ടുണ്ട്... അത് പോയ്‌ എടുക്കണം.... ആകെ അറിയാവുന്ന കൈ തൊഴിൽ അതുമാത്രാണ്.... നാട്ടിലും ഈ പണി തന്നെയായിരുന്നല്ലോ..... ഇനി ഇപ്പൊ എത്ര നാൾ ഇവിടെ ഉണ്ടാകേണ്ടി വരുമെന്നറിയില്ല.... കയ്യിലാണേൽ എണ്ണിപറക്കാവുന്ന ഇത്തിരി ചില്ലറ നോട്ടുകൾ മാത്രേയുള്ളൂ ... എന്തേലും വരുമാനം വേണ്ടേ.... ഇതാവുമ്പോൾ അവളെ കണ്ടു പിടിക്കാൻ കുറച്ചൂടെ എളുപ്പാ...."" ഓരോന്നു ഓർത്തവൻ കുളിമുറിയിലേക്ക് കയറി..... ഇന്നലെത്തെ അത്ര തണുപ്പില്ലാത്ത പോലെ... ചിലപ്പോ ശരീരം പഴകിച്ചതാവും..... കൂട്ടത്തിൽ നല്ലൊരു ഷർട്ടുമണിഞ്ഞവൻ വൈകിപ്പിക്കാതെ ഇറങ്ങി.... വാതിൽ അടച്ചു പൂട്ടിടുമ്പോൾ പിന്നിലേക്കൊന്നു നോക്കിയിരുന്നു..... അവിടെ ഒരാൾ തൊഴുത്തിൽ കുത്തിയിരുന്ന് പശുവിനെ കറക്കുകയാണ്‌ ..... ഈ പെണ്ണിന് ഉറക്കോന്നുമില്ലേ..... കണ്ടപാടെ നന്ദന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയ ചിന്ത അതായിരുന്നു......

ഇന്നലെ എന്റെ കണ്ണായുന്ന വരെ തൊഴുത്തിൽ തന്നെയായിരുന്നല്ലോ... ഇപ്പൊ ദാ നേരം വെളുത്തില്ല... എന്തായാലും സമ്മതിക്കണം ഈ തണുപ്പിലും.... വാതിൽ പൂട്ടി ഒരു വശം തിരിഞ്ഞവൻ അവളെ തെല്ലൊരു നിമിഷം നോക്കി നിന്നു.... ഇന്നലെ കണ്ട രൂപമേയല്ല.... ദാവണിയാ വേഷം... കുളിച്ച് ഈറൻ മുടി ചുറ്റോടെ ഇരുന്നാണ് ജോലി ..... ഇപ്പൊ കാണാൻ ഇച്ചിരി ഐശ്വര്യമൊക്കെയുണ്ട്.... ഒരു കണക്കിന് കഷ്ടം തോന്നുന്നു .... ആൺ തുണയില്ലാത്ത വീടാകും... ആ അമ്മ പറഞ്ഞപോലെ മോൻ ഗുണ്ടയാണെങ്കിൽ വീടിന്റെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ.... പാൽ നിറഞ്ഞ പാത്രമെടുത്തവൾ ഉമ്മറത്തു വെച്ചിരുന്ന വലിയ തൂക്കിലേക്ക് പാല് പകർന്ന സമയം ഉണ്ട കണ്ണ് അവന് നേരെ ഒന്ന് കൂർപ്പിച്ചു..... ഒരു തവണ നോക്കിയേ ഉള്ളൂ... പിന്നെ കണ്ട ഭാവം കാണിക്കാതെ മുന്നിലേക്ക് വേഗത്തിലൊരു നടത്തമായിരുന്നു... ❤️ ഷോ റൂമിൽ നിന്നും വണ്ടിയെടുത്തു തിരികെ വരുമ്പോൾ കവലയിലേക്കൊന്നു കയറി... ഇച്ചിരി പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങി തിരിയുമ്പോൾ കണ്ണാടി കുപ്പിക്കകത്തെ വർണ്ണ കടലാസ്സിലെ മിടായി കഷ്ണങ്ങൾ ഒരു കൊച്ചു കുറുമ്പിയുടെ മുഖം ഓർമിപ്പിച്ചു.... സ്റ്റീൽ പിഞ്ഞാണത്തിലെ കഞ്ഞിവറ്റിനെ തിരഞ്ഞു പിടിച്ചു കഴിക്കുന്ന ഒരു പൊന്നു മോൾടെ മുഖം.....

ഓട്ടോ എടുത്തു വീടിനു മുന്നിൽ എത്തി ഇറങ്ങിയപ്പോഴേക്കും അപ്പുറത്തേക്കൊന്നു കണ്ണോടിച്ചിരുന്നു.... വേലികെട്ടിനുള്ളിൽ പൂക്കൾക്കിടയിൽ അവയെ തൊട്ടു തലോടി മുറ്റത്ത് തന്നെ നിൽപ്പുണ്ട് സുന്ദരി കോത.... പോക്കറ്റിനുള്ളിലെ പേപ്പർ പൊതിയെ കൈവെള്ളയിൽ ഒതുക്കി അവളിൽ തന്നെ മിഴികൾ പായിച്ചപ്പോൾ കുഞ്ഞരി പല്ലുകാട്ടി തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു അവൾ..... വീടിനു മുന്നിൽ മറ്റാരുമില്ല... പ്രതേകിച്ച് ആ കാ‍ന്താരി.... ചെറു ചിരിയോടെ കുരുന്നിലെ അവൻ മെല്ലെ വിരലുകൾ തട്ടി വിളിച്ചതും അരികിലേക്കായി ഓടി അവൾ..... എത്തു മുൻപ് തറയിലേക്ക് മുട്ടുകുത്തി കുഞ്ഞാൾ പൊക്കത്തിൽ ഇരുന്നു അവൻ..... പുഞ്ചിരി മായ്ക്കാതെ അരികത്തണഞ്ഞവളുടെ കവിളിൽ മെല്ലെ തലോടി.... """മോളെന്തെയ്യായിരുന്നു.... പൂവിനെ പറിക്ക്യാ..."" ""....മ്മ്ഹ്..... പൂവാറ്റെ പിടിക്കാ...."" പതിയെ അവൾ തല ഉയർത്തി പറയുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങുകയായിരുന്നു.... എന്ത് ചന്താ കുറുമ്പി പെണ്ണിനെ കാണാൻ... ""...എന്താ ചക്കരേടെ പേര്...."" """...അമ്മു.... അമ്മൂറ്റീന്ന് വിളിക്കും...""" ""ആഹാ... അപ്പൊ മാമനും അങ്ങനെ വിളിക്കട്ടേ..... "" കൊഞ്ചലോടെ അവൻ പറയുമ്പോൾ തലയനക്കി സമ്മതം പറഞ്ഞു അവൾ....

"""ന്നാ... മാമൻ ഒരു സമ്മാനം തരട്ടെ സുന്ദരി കുട്ടിക്ക്...""" "".....മ്ഹ്... ദൂഗാ പയക്ക് പരയും....""" പേടിയോടെ വീണ്ടും തല ചലിക്കുന്നവളെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നുണ്ടവൻ .... """ഹാ... ഈ ദുർഗാ അത്രക്കും ഭയങ്കരിയാ... "" """പാവാ.... പച്ചേ പയക്ക് പരയും....""" """സാരയില്ലാട്ടോ മാമൻ തന്നൂന്ന് പറഞ്ഞാമതി...""" ഇടം കയ്യിൽ ഒതുക്കി വെച്ച മിടായി കഷ്ണങ്ങൾ അവൾക്ക് നേരെ നീട്ടി... അത് കണ്ട നിമിഷം അവളുടേ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾക്ക് വിലമതിക്കാനാകില്ലെന്നവന് തോന്നി അവന് .... ആവേശത്തോടെയും ശ്രദ്ധയോടെയും അവർ കൈകുമ്പിളിൽ പൊതികെട്ടിനെ കോരിയെടുത്തപ്പോൾ നന്ദന്റെ കണ്ണും അറിയാതെ നിറഞ്ഞുപോയിരുന്നു.... """"......എന്താ അത്...""" അപ്രതീക്ഷിതമായ സ്വരം.... പൊടുന്നനെ ഞെട്ടിപോയ് ഇരുവരും... അവളാണ് ദുർഗാ.... ദാവണി തുമ്പിനെ അരയിലേക്ക് ചുറ്റി ഇളിക്കു കയ്യും കൊടുത്തു രൂക്ഷമായി നോക്കുകയാണവൾ..... കാണെ വിറച്ചു നിന്നു അമ്മൂട്ടി..... അവളെ അരികത്തായി അണയ്ക്കാൻ ശ്രമിക്കുന്നവനു നേരെയുള്ള ചൂഴ്ന്ന നോട്ടം കണ്ടതും പതിയെ എഴുന്നേറ്റു നിന്നുപോയ് അവൻ..... ""'അമ്മൂട്ടി... ഇങ്ങു വന്നേ....""" തലവെട്ടിച്ചവൾ പറഞ്ഞു തീർക്കുമുമ്പ് ഓടി പോയിരുന്നു ദുർഗക്കരികെ .... ""...അയാള് മോളെ തൊട്ടോ....""" ""''.......മ്മ്മ്...."""

""''എവിടെയാ തൊട്ടേ....""" """.....ഇബിടെ.....""" കവിളിലേക്ക് നിഷ്കളങ്കമായി അമ്മൂട്ടി ചൂണ്ടികാണിക്കുമ്പോൾ വല്ലാത്ത പുച്ഛം തോന്നി നന്ദന്.... ഛെ...എന്തൊക്കെയാ... ഈ ചോദിക്കുന്നെ... അതും കൊച്ചു കുഞ്ഞിനോട്... ഇങ്ങനെയൊക്കെയാണോ കുഞ്ഞുങ്ങളോട് സംസാരിക്കുന്നത് .... വകതിരിവില്ലാത്ത സാധനം... ""'വേറെ എവിടേലും തൊട്ടോ ഏ... എന്താ നിന്നോട് പറഞ്ഞത്....""" അവൾ അമ്മൂട്ടിയുടെ കവിൾ തടം തഴുകികൊണ്ട് ചോദിച്ചതും.... """".... അതേ .....""" സഹിക്കാൻ കഴിയാതെ നന്ദൻ പ്രതികരിച്ചു പോയ്‌....... കേൾക്കേ ദുർഗ അവന് നേരെ ഒന്നു നോക്കി... """"ഞാനത്തരക്കാരനല്ല.... എല്ലാ ആണുങ്ങളേയും ആ കണ്ണോണ്ട് കാണരുത് കുട്ടി....""" """അതിന് ഇയാളെ എനിക്കറിയില്ലല്ലോ...."""" മിണ്ടീല അവൻ.... വെറുപ്പോടെ നോക്കിയതല്ലാതെ...... "''താൻ അത്തരക്കാരനല്ലെങ്കിലും... നാളെ അത്തരക്കാര് വന്ന് മോൾക്ക് മിടായി കൊടുത്താലും മോളു പോകും... കുഞ്ഞാണ് അതിനറിയില്ല.... നല്ലവരാരാ മോശക്കരാരാന്ന്... നഷ്ട്ടപ്പെടുന്നത് ഞങ്ങൾക്കല്ലേ.....""" കരം നീട്ടി പറഞ്ഞവൾ കുഞ്ഞിനെ കയ്യിൽ നിന്നും മിടായി ബലമായി പിടിച്ചു വാങ്ങി..... '""...ഇങ്ങ് താ മോളെ... ദുർഗാ പോയിട്ട് വരുമ്പോ... മേടിച്ചോണ്ട് വരാട്ടോ .... മോൾക്ക് ഇഷ്ട്ടമുള്ള മിടായിയെ ...."""

പൊതിയോടെ എടുത്തവൾ അവന് നേരെ നടന്നു നീങ്ങി... അവന്റെ കൈപിടിച്ച് അതോടെ ഏല്പിച്ചു... """"താൻ ഈ ലോകത്തൊന്നും അല്ലേ ജീവിക്കുന്നത്.... എന്തെങ്കിലും കുഞ്ഞുങ്ങൾക്ക് കൊടുക്കണമെന്നുണ്ടെങ്കിൽ വീട്ടുമുറ്റത്തു കളിച്ചു നിൽക്കുന്ന കുട്ടിയെ അടുത്തു വിളിച്ചല്ല കൊടുക്കേണ്ടേ ... പകരം വീട്ടിലെ മുതിർന്നവരുടെ കയ്യിലാ ഏല്പിക്കേണ്ടേ.....അല്ലെങ്കിൽ അവര് അടുത്തുള്ളപ്പോ കൊടുക്കണം.... അങ്ങനാ മാന്യമാര് ചെയ്യേണ്ടേ......'"" കടുപ്പിച്ചു പറഞ്ഞവൾ വീടിനുള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു... """"ഗൗരിയേട്ടത്തീ.... ഏട്ടത്തീ...""" കേൾക്കേ അസ്വസ്ഥതയോടെ ഒരു ചെവി പൊത്തി പോയ്‌ നന്ദൻ.... അകത്തു നിന്നും ഓടി വരുന്ന ഗൗരിയെ കണ്ട് മുഖം കൂർപ്പിച്ചു പെണ്ണ്... """....എന്താ ദുർഗേ...""" """ഏട്ടത്തിയോട് പറഞ്ഞതല്ലേ ഞാൻ... അടുക്കളയിൽ ഞാൻ കേറിക്കോളാന്ന്...... ഈ പാലൊന്ന് കൊടുത്തിട്ട് വന്നോട്ടെ... ഏട്ടത്തി അമ്മൂട്ടിയെ ശ്രദ്ധിച്ച് ഇവിടെ ഇരുന്നാമതി...""" അത്രയും പറഞ്ഞ് പാൽകുപ്പിയും കൈയ്യിലേന്തി വേഗത്തിൽ നടന്നുപോകുന്നവളെ നന്ദൻ അങ്ങനേ നോക്കി നിന്നു.... ""'അസ്സല് കാന്താരി തന്നെ.... ദുർഗാ... ആരോ അറിഞ്ഞിട്ട പേരാ..."" മനസ്സിൽ പദം പറഞ്ഞവൻ നിൽക്കുമ്പോഴാണ് ഗൗരി നേർത്തൊരു ചിരിയോടെ അടുത്തേക്ക് വന്നത്....

"""ക്ഷമിക്കാണോട്ടോ..... അവളങ്ങനാ... എടുത്തെറിഞ്ഞ പോലെത്തെ വാർത്താനാണെ... പക്ഷെ ആള് പാവാ....""" സാരി മുന്താണി കൊണ്ട് കഴുത്തിൽ പറ്റിയ വിയർപ്പു തുള്ളികളെ തുടച്ചെടുത്തു കൊണ്ടാണ് ഗൗരിയുടെ സംസാരം.... """ഏയ്യ്.. അത് സാരയില്ല.... ആ കുട്ടി പറഞ്ഞതിൽ തെറ്റൊന്നും ഇല്ലല്ലോ... ഇപ്പോഴത്തെ കാലം അങ്ങനെയല്ലേ...."" മെല്ലെ ചിരിച്ചു കാട്ടി അവനും .... """....എന്താ ഏട്ടന്റെ പേര്....""" ചോദിക്കുന്നതിനിടെ സാരി തുമ്പിൽ തൂങ്ങി നിന്ന അമ്മൂട്ടിയെ അവൾ എടുത്തു ഇടുപ്പിൽ വെച്ചു.... """".... നന്ദൻ....""" """.....നന്നമാമൻ...."""" """..... അതേടി ചക്കരെ...അമ്മൂട്ടി അങ്ങനെ വിളിച്ചാ മതീട്ടോ...""" അവനോടൊപ്പം കൊന്നി പറഞ്ഞ അമ്മൂട്ടിയുടെ കവിളിലിനെ നന്ദൻ പതിയെ നുള്ളി വിട്ടു.... """ആ.... നന്ദേട്ടന്റെ വീട്....? "" ."""...കുറച്ച് ദൂരെയാ.....''" "'"മ്മ്.... ഞാൻ ഗൗരി... ഇവിടുത്തെ രഘുവിന്റെ.... """ """അറിയാം... ഇവിടുത്തെ അമ്മ ഇന്നലെ പറഞ്ഞായിരുന്നു...."""" കേൾക്കുമ്പോൾ അവളൊന്നു പരുങ്ങി നിന്നു...... """നന്ദേട്ടന്റെ ഓട്ടോ ആണോ.... നന്നായി ഇങ്ങോട്ടൊക്കെ ഒന്നിരുട്ടി കഴിഞ്ഞാ ഓട്ടം കിട്ടാൻ വല്യ പാടാ.... എന്തായാലും അടുത്ത് തന്നെ ഒരാള് വന്നല്ലോ....ഇവിടുത്തെ സ്ഥലങ്ങളൊക്കെ..."""" ചോദ്യത്തിൽ നിർത്തിയവൾ അവനെ സംശയത്തോടെ നോക്കി....

"""....ഹാ പഠിച്ചു വരുവാ....""" """...മ്മ് ഏട്ടന്റെ വീട്ടിലാരൊക്കെ ഉണ്ട്‌... ചോദിക്കാൻ മറന്നു...""" ഗൗരിയുടെ ചോദ്യം.... പൊടുന്നനെ വാടിപോയ് അവന്റെ മുഖം.... എന്താ പറയാ...ആരുമില്ലാത്തവനെന്നോ... അതോ ആരൊക്കെയോ ഉണ്ടായിട്ടും ഒരു ദിവസം കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടവനെന്നോ... """...വീട്ടില്.... മ്മ്... വീ... ട്ടില്...""" പോക്കറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്തതോടെ തെല്ലൊരു ആശ്വാസം കിട്ടി..... ഒന്നുമിണ്ടാതെ അവൻ ഫോണെടുത്തു നേരെ വീട്ടിലേക്ക് കയറി... പ്രശാന്ത്.... """ഹലോ അളിയാ.... എന്തേയ്യാ... നീ വണ്ടി പോയ്‌ എടുത്തായിരുന്നോ...""" പതിവില്ലാത്ത ആവേശം ശബ്ദത്തിൽ പ്രകടമായതോടെ നന്ദൻ കാര്യമറിയാൻ തിടുക്കം കൂട്ടി.... """പോയെടാ... ദാ ഇപ്പൊ വന്ന് കയറിയതേയുള്ളൂ....എന്ത് പറ്റീടാ... വല്ലാത്ത സന്തോഷാണല്ലോ...""" """സന്തോഷിക്കാൻ വഴിയുണ്ടളിയാ....ഞാൻ പറഞ്ഞില്ലേ.... ഞാനേ ഒന്നുമല്ലേലും ഒരു പോലീസല്ലേ മോനേ.. ഈ പ്രശാന്ത് വിചാരിച്ച ഇതൊക്കെ നിസാരമാ...""" പ്രതേകശൈലിയിൽ പറഞ്ഞു നിർത്തിയവന്റെ സ്വരം കേൾക്കെ കുഞ്ഞൊരു അരിശം തോന്നി നന്ദന്...

'''ദേ... ഡയലോഗ് അടിച്ചോണ്ട് നിൽക്കാതെ നീ കാര്യം പറഞ്ഞേ...""" """...എടാ.... പുനർജനി ഹോസ്പിറ്റൽ അറിയോ നിനക്ക്..... നീ പോയ ഐ വി എഫ് ക്ലിനിക്കിന്റെ അതേ ഓണർ ഷിപ്പിലുള്ള....അതിന്റെ തൊട്ടടുത്തുള്ള ഹോസ്പിറ്റലാ....""" """.....അതിന്.....?""" """....ഓ പറയുന്ന കേൾക്കേടാ.... കൃത്യം രണ്ടു മാസം മുൻപ് നക്ഷത്ര എന്ന് പേരുള്ള ഒരു നാലു വയസ്സ്ക്കാരിക്ക് അവിടെ വെച്ചൊരു ഹാർട്ട്‌ സർജറി നടന്നു....'""" പറയുന്ന കേൾക്കെ ഒന്നും മനസ്സിലാകാതെ തലയിൽ കൈവെച്ചിരുന്നതേയുള്ളൂ നന്ദൻ... """എന്തോന്നാടാ പറയുന്നെ... ഏത് കൊച്ചാ... അതിന് ഞാനെന്ത് ചെയ്യാനാ...""" """ഓ.. എടാ പൊട്ടാ... ആ കൊച്ചിന്റെയും ഈ ലക്ഷ്മീടെയും ഒരേ അഡ്രെസ്സാ...""" """".....ഏ....""" ഒരു നിമിഷം ഞെട്ടി നിന്നു പോയ്‌ അവൻ.... """അതേടാ..... പുത്തൻ പുരക്കൽ വീട്, മഞ്ചാടി മല... എന്റെ ഊഹം ശെരിയാണേൽ ഈ കൊച്ചിന്റെ ഓപ്പറേഷന് വേണ്ടിയാകും ആ പെണ്ണ് സറോഗസി മദർ ആകാൻ സമ്മതിച്ചേ....""" പ്രതീക്ഷയുടെ പുൽ നാമ്പുകൾ ഉള്ളിലെവിടെയോ മൊട്ടിട്ട പോലെ.... നന്ദന്റെ മുഖത്തിൽ നേരിയയൊരു പുഞ്ചിരി വിടർന്നു....

""'ഈ കൊച്ചിനെ വെച്ചൊന്ന് പിടിച്ചാ നിനക്ക് ആ പെണ്ണാരാണെന്ന് പിടിത്തം കിട്ടും.... ഹാർട്ട്‌ സർജറി ആയോണ്ട് ആ കൊച്ചിനെ കണ്ടുപിടിക്കാൻ വല്യ പാട് കാണത്തില്ല....""" ""'എന്റെ പൊന്നളിയാ കലക്കി.... എന്താ... എന്താ.. ആ മോൾടെ പേരെന്ന് പറഞ്ഞേ....? '''.....നക്ഷത്രാ.....""" ❤️ """" നക്ഷത്രാ ...... രോഹിണി നക്ഷത്രം.....""" പ്രസാദവും കയ്യിലേന്തി മേൽ ശാന്തി ഉറക്കേ വിളിച്ചു... ചുറ്റും ഒന്ന് സംശയത്തോടെ നോക്കിയിട്ടും ആരും ഉണ്ടായിരുന്നില്ല..... ഇവിടെ ആരും കാണുന്നില്ല്യാല്ലോ.... ""അതേ നക്ഷത്രേടെ പ്രസാദം വാങ്ങാൻ ഇവിടാരൂല്ല്യേ.....""" ഒരു തവണ കൂടി ഉറക്കേ പറഞ്ഞ് ശാന്തി തിരിഞ്ഞപ്പോഴേക്കും പിന്നിൽ നിന്നും ഒരു വിളി.... """ഇവിടെ ആളുണ്ട് തിരുമേനി..."" നോക്കുമ്പോൾ ഇരു കരങ്ങളും മലർക്കേ നീട്ടി ഓടിയെത്തിയിരുന്നു... """".....ഗൗരി....""""........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story