അരികെ: ഭാഗം 5

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

വേദന താങ്ങാനാകാതെ പൊട്ടി കരയുന്നവളെ ഒരു ദയവുമില്ലാതെ ഭിത്തിലേക്ക് വലിച്ചിട്ടു അയാൾ.... മലർന്ന് ചാരി വീണവളുടെ വയറു ലക്ഷ്യം വെച്ചു വലം കാൽ ആഞ്ഞു വീശി.... പെട്ടെന്നാണ് ദുർഗ അയാളെ ശക്തിയോടെ തള്ളി മാറ്റിയത്.... ഒറ്റകാലിൽ തെന്നിപ്പോയ അയാൾ നോക്കുമ്പോൾ ദുർഗ തറയിൽ വീണുകിടക്കുന്ന ഗൗരിയെ കരുതലോടെ എഴുന്നേൽപ്പിക്കാൻ നോക്കുകയാണ്..... കണ്ടതും അടിമുടി വിറച്ചു നിന്നു രഘു.... ചുമലിൽ ചേർത്തുപിടിക്കുന്നവളെ വീശി മാറ്റി വീണ്ടും ഗൗരിയുടെ മുടിക്കുത്തിൽ പിടിച്ചു പുറത്തിറങ്ങി.... പുറത്തു നിന്നും അമ്മൂട്ടിയുടെ കരച്ചിലും ബഹളവും കേട്ടാണ് നന്ദൻ ഉറക്കചടവോടെ വാതിൽ തുറന്ന് നോക്കിയത്..... കാണുന്നത് ഗൗരിയെ ബലമായി പിടിച്ചു വലിക്കുന്ന ഒരു അപരിചിതനേ....

ഇരച്ചു കയറിയ ദേഷ്യത്തോടെ ഉടുത്തിരുന്ന കൈലിമുണ്ടിനെ മടക്കി കുത്തി നേരെ പാഞ്ഞത് അങ്ങോട്ടേയ്ക്കാണ്..... """"എന്ത് തെമ്മാടിത്തരമാ താനീ കാണിക്കുന്നത് ....എടോ ആ കുട്ടീടെ ദേഹത്ത് നിന്നും കൈയ്യെടുക്കെടോ....."""" നന്ദൻ ഉറക്കേ അലറവേ എന്തെന്നില്ലാതെ അവന്റെ അടുത്തേക്ക് ചാടി വീണു ദക്ഷായണി.... ""'അതിന് നീയേതാടാ ചെറുക്കാ.... എന്റെ മോൻ അവന്റെ പെണ്ണിനെ തല്ലോ കൊല്ലോ ചെയ്യും.... നീ നിന്റെ പണിനോക്കെടാ...."""" അവർ പറയുമ്പോഴാണ് അത് ഗൗരിയുടെ ഭർത്താവ് രഘുവാണെന്ന കാര്യം നന്ദൻ അറിയുന്നത് തന്നെ.... അല്പം ഒന്ന് അമാന്തിച്ചെങ്കിലും അമ്മൂട്ടിടെ കരച്ചിൽ കണ്ട് സഹിക്കാൻ കഴിഞ്ഞില്ല അവന്...... """"ഭർത്താവാണെങ്കിലും സ്ത്രീകളെ കേറി ഇങ്ങനെ ഉപദ്രവിക്കാവോ....

മര്യാദക്ക് ഗൗരിയുടെ ദേഹത്ത് നിന്ന് കയ്യെടുക്കാനാ പറഞ്ഞേ....""" വിരൽ നീട്ടി പറയുന്നവന്റെ ഒച്ച സഹിക്കാൻ കഴിയാതെ രഘു അവളിൽ നിന്നും അടർന്നു മാറി നേരെ നന്ദന് നേരെ ചാടി വീണു..... """ഭാ... ചെറ്റേ... അപ്പൊ നീയാണോ ഇവളെ ഇപ്പൊ വെച്ചോണ്ടിരിക്കുന്നത്.... ആണോടാ..."" """".....അനാവശ്യം പറയരുത്....""" നന്ദൻ വിലക്കും മുൻപ് അവന്റെ ഷർട്ട് കോളറിൽ പിടി അമർത്തിയിരുന്നു രഘു..... """രഘുവേട്ടാ വിട്..... നന്ദേട്ടനെ ഒന്നും ചെയ്യരുത്....""" അവളുടെ ദയനീയമായ കരച്ചിൽ കേൾക്കെ കലി കൂടി നിന്നതേയുള്ളൂ അവനിൽ..... അവനെ വീശിയെറിഞ്ഞു തിരികെ ഗൗരിക്ക് നേരെ പാഞ്ഞടുത്തപ്പോഴേക്കും ഒരാൾ തീക്ഷണഭാവത്തോടെ കയ്യിൽ അരിവാളും നീട്ടി പിടിച്ച് ഗൗരിക്ക് തടസ്സമെന്നോണം നിന്നിരുന്നു .... """""

....തൊട്ട് പോകരുതെന്റെ ഏട്ടത്തിയെ....""" വിറയാർന്ന കൈകളാൽ തെല്ലൊരു ഭയവുമില്ലാതെ ആണൊരുത്തനു നേരെ ആയുധം നീട്ടി നിൽക്കുന്ന പെൺരൂപം.... അത്ഭുതത്തോടെ നോക്കി നിന്നത് രഘു മാത്രമായിരുന്നില്ല.... തീകനൽ പേറി നിന്ന അവളുടെ ഉരുണ്ട കണ്ണുകളിൽ നിന്നും അഗ്നി ചിതറിവീഴുന്ന പോലെ തോന്നി നന്ദന്.... ശെരിക്കും ഭദ്രകാളി ഭാവം.... രാവിലെ കളിയാക്കി വിട്ടത് വെറുംവാക്കായി തോന്നീല അവന്..... "'"..... ഇനി താൻ എന്റെ ഏട്ടത്തിയുടെ ദേഹത്ത് കൈ വെച്ചാൽ ആ കൈ ഞാൻ വെട്ടും... ദുർഗയാ പറയുന്നെ...."""" അവളുടെ ദൃഢമാർന്ന വാക്കുകളിൽ ഒരു നിമിഷം പകച്ചു നിന്നു പോയ്‌ രഘു..... എങ്കിലും മുഖത്ത് കാണിക്കാതെ വാശിയോടെ അയാൾ നാവുയർത്തി.....

"""എടി... പന്ന....... മോളെ ഒരു പൊടിക്ക് ഒന്നടങ്ങടി.... ഒന്നുമല്ലേലും നീ ഒരു പെണ്ണാ വെറും പെണ്ണ്...."""" """"അതേടാ.... പെണ്ണ് തന്നെയാ ഞാൻ.... തന്റെ ഈ ആറടി പൊക്കമുള്ള ശരീരത്തേയും പെറ്റെടുത്തത് ഒരു പെണ്ണ് തന്നെയല്ലേടാ ..... പെണ്ണിന്റെ ദേഹം മുറിഞ്ഞാലും ആണിന്റെ ദേഹം മുറിഞ്ഞാലും വരുന്നത് ഒരേ ചോര തന്നെയാടാ..... വെട്ടൂന്ന് പറഞ്ഞ ഈ ദുർഗ വെട്ടിയിരിക്കും....."""" നിറഞ്ഞൊഴുന്നുണ്ടായിരുന്നു അവളുടെ മിഴികൾ.... കണ്ടു നിൽക്കേ വല്ലാത്തൊരു മതിപ്പ് തോന്നി ആ പെണ്ണുശുരിനോട്..... """....എടി നീ...""" അലർച്ചയോടെ കൈ ഉയർത്തിയവന് നേരെ അരിവാൾ ഒന്നുകൂടി വീശി കാട്ടിയവൾ... "'"'താനെന്താ കരുതിയത് ഈ ദുർഗ വെറും വാക്ക് പറയുന്നതാണെന്നോ.... തന്നെ കൊന്ന് ജയിലിൽ പോയ്‌ കിടക്കാൻ സന്തോഷേ ഉള്ളൂ ഈ ദുർഗക്ക്...."""

"""അയ്യോ നാട്ടാരെ ഓടി വരണേ... ഈ ഉരുമ്പിട്ടോള് എന്റെ ചെറുക്കനെ കൊല്ലാ കൊല ചെയ്യുന്നേ...""" """"....നിർത്ത് തള്ളേ....""" തലയിൽ കൈ വെച്ച് പുലമ്പിയ ദക്ഷായണിക്ക് നേരെ ദുർഗ ശബ്ദം കടുപ്പിച്ചതും പൊടുന്നനെ ഒതുങ്ങിയവർ... ""''ദുർഗ കൊല്ലുവാണേ മോനേ മാത്രം ആയിരിക്കത്തില്ല ... തള്ള അതും കൂടി ഓർത്തോ... ഏട്ടനെന്ന് പറയാൻ പോലും അറപ്പാ എനിക്ക് നിങ്ങളെ.... അത്രക്കും വെറുപ്പാ എത്രയും പെട്ടെന്ന് എന്റെ വീട്ടീന്ന് ഇറങ്ങീലേൽ ദുർഗ ആരാണെന്ന് രഘു അറിയും....""" പറയുമ്പോഴേക്കും രഘുവിന്റെ മിഴികൾ താഴ്ന്നു പോയിരുന്നു... തോറ്റവനെ പോലെ പതിയെ പാദങ്ങൾ പിൻവാങ്ങിയവൻ വലതു ഭാഗത്തായി കണ്ട ജനൽ പാളിയിൽമേൽ ശക്തമായി ഇടിച്ചു...

പൊട്ടിച്ചിതറി ഗ്ലാസിന്റെ ശബ്ദം കേൾക്കെ ഗൗരിയും അമ്മൂട്ടിയും ദുർഗയെ ഇറുക്കെ ചുറ്റിപ്പിടിച്ചിരുന്നു.... വീടിന്റെ പടി ചവിട്ടി മുറ്റത്തേയ്ക്കിറങ്ങുന്ന നേരം ഒരു നിമിഷം നന്ദന്റെ കണ്ണുകളിലേക്കയാൾ ചൂഴ്ന്നു നോക്കിയിരുന്നു.... പകരം പുച്ഛത്തിൽ ചിരിച്ചു കാട്ടിയതേയുള്ളൂ.... ജീപ്പിൽ കയറി നിരാശയോടെ പോകുന്നയാളെ കണ്ണെടുക്കാതെ നോക്കിയവൻ തിരിയുമ്പോൾ ഗൗരി ദുർഗയുടെ ചുമലു താങ്ങി കരയുകയാണ്.... വലം കയ്യാൽ അമ്മൂട്ടിയെ ഇടുപ്പോരം പൊത്തി പിടിക്കുമ്പോഴും ചുണ്ടിൽ നേരിയ വിറയലല്ലാതെ പൊട്ടി കരഞ്ഞില്ല ദുർഗ.... ഉമ്മറ പടിമേൽ മൂവരും തളർന്നിരിക്കുന്ന കണ്ട് ചങ്ക് തകർന്നു പോയ്‌ നന്ദന്.... വീർത്ത കവിളിടം നിറഞ്ഞൊഴുകുന്ന നീർ കണങ്ങളെ കണ്ടു നിൽക്കേ നിറമിഴികൾ അവനെ തേടി വന്നിരുന്നു....

സഹതാപത്തോടെ നോക്കുന്നവനോട്‌ തെല്ലൊരു അനിഷ്ടം ആ കണ്ണുകളിൽ പ്രകടമായതോടെ പിന്നെ അവിടം നിന്നില്ല അവൻ.... പതിയെ നടന്നു നീങ്ങി തന്റെ വീടിന്റെ ഉമ്മറത്ത് അവർക്ക് അഭിമുഖമായി അങ്ങനേയിരുന്നു... ദുർഗയുടെ മടിയിൽ കുഴഞ്ഞു കിടക്കുന്ന അമ്മൂട്ടിയെ പതിയെ തട്ടിയുറക്കുമ്പോഴും വലം കയ്യിലെ അരിവാളിനെ മുറുക്കി തന്നെ പിടിച്ചിരുന്നു അവൾ..... കാണെ നെഞ്ചു പൊള്ളുന്നുണ്ട്.... എന്തൊരു ഗതികേടാണിത്.... സംരക്ഷിക്കേണ്ടവന്റെ കയ്യിൽ നിന്ന് തന്നെ രക്ഷപ്പെടാനായി സുരക്ഷണം തേടേണ്ട അവസ്ഥ......

സ്വന്തം ഏട്ടന്റെ അടുത്തു നിന്നും ഏട്ടത്തിയെ രക്ഷിക്കാൻ വേണ്ടി അരിവാളേന്തിയ പെൺകുട്ടി.... കണ്ടിട്ടില്ല താൻ ഇതുവരെ... ഇങ്ങനെ ഒരു പെണ്ണിനെ..... അറിയാതെ പോയല്ലോ നന്ദാ നീ... നഷ്ട്ടപ്രണയമാണ് ഈ ലോകത്തെ ഏറ്റവും വല്യ വേദനയെന്ന് കരുതിയിരുന്ന തനിക്ക് ജീവിതം എന്തെന്ന് കാട്ടിത്തരുന്നുണ്ട് ഇവൾ.... തന്റെ കുടുംബത്തിന് വേണ്ടി .... ഒരു നേരത്തെ ആഹാരത്തിന് വേണ്ടി... മനഃസമാധാനത്തോടെ ഒന്നുറങ്ങാൻ വേണ്ടി.... ജീവിതത്തോടെ പോരാടുന്ന ഒരു ഉരുക്കുപോലൊരു പെണ്ണ്.... """.....ദുർഗ....""" തറയിൽ ചമ്പ്രം മടഞ്ഞിരുന്ന് വളയിട്ട കൈകളാൽ അരിവാലിന്റെ പിടിയെ ചേർത്ത് പിടിച്ച് മടിയിൽ കിടക്കുന്ന അമ്മൂട്ടിക്കും ഭിത്തിയിൽ ചാരി ഉറങ്ങുന്ന ഗൗരിക്കും കാവലായ് നിഛലമായി ഇരിക്കുകയാവൾ മുറ്റത്തെ ഉരുളൻ കല്ലുകൾക്ക് നേരെ നീട്ടി നിന്നാ മിഴികളേ ഒന്ന് വിശ്രമിക്കാൻ കൂടി അനുവദിക്കാതെ...

. മഞ്ഞു പാടകൾ തിങ്ങിയിറങ്ങുന്ന കൊടും തണുപ്പിലും അവളെ നോക്കി നിന്നവന്റെ ഇമ വെട്ടാൻ കൂടി മറന്നുപോയി നന്ദൻ .... ❤️ കണ്ണാടിയുടെ മുന്നിൽ നിന്ന് കാക്കി ഷർട്ടിന്റെ ബട്ടൺസ് ഓരോന്നായി ഇട്ടുകൊണ്ട് നിൽക്കുമ്പോഴാണ് പുറത്തു നിന്നും ആരോ നീട്ടി വിളിക്കുന്ന ശബ്ദം കേട്ടത്.... """.....നന്ദേട്ടാ.... നന്ദേട്ടാ....""" പുറത്തിറങ്ങുമ്പോൾ മുറ്റത്ത് നിന്നത് ഗൗരിയാണ്... പതട്ടത്തോടെ കിതച്ചു നിൽക്കുന്ന കണ്ടപ്പോഴേ എന്തോ പ്രശ്നമാണെന് തോന്നിയിരുന്നു...... """എന്താ ഗൗരി.... എന്ത് പറ്റി...."" """നന്ദേട്ടാ..... അമ്മൂട്ടിക്ക് ചെറിയൊരു പനി.....വെളുപ്പിനെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല ഇപ്പോ നോക്കുമ്പോൾ പനിക്കുന്ന്ണ്ട്...... ദുർഗയാണേ രാവിലത്തെ ബസ്സിൽ ലോണിന്റെ ആവശ്യത്തിനായി ബാങ്കിൽ പോയിരിക്കുവാ....വിളിച്ചിട്ട് കിട്ടുന്നില്ല..

.""" ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തുമ്പോൾ നന്ദന്റെ മനസ്സിൽ ഇന്നലെ നടന്ന സംഭവങ്ങളാണ് ഓടി വന്നത് ... കുഞ്ഞിന് പനി വന്നത് ആ ദുഷ്ട്ടനെ കണ്ട് പേടിച്ചിട്ടാവും..... """നീ വേഗം മോളെ എടുത്തോണ്ട് വാ .... ഇപ്പോ തന്നെ പോകാം....""' പറഞ്ഞവൻ തിരിയുമ്പോഴേക്കും അകത്ത് കയറി വണ്ടിയുടെ താക്കോൽ എടുത്തിരുന്നു.... വാതിൽ പൂട്ടി നോക്കുമ്പോൾ നെറ്റിയിൽ നനഞ്ഞ ഒരു വെള്ളതുണിയും വെച്ച് വാടി കുഴഞ്ഞു ഗൗരിയുടെ തോൾ ചേർന്നു കിടക്കയാണ് അമ്മൂട്ടി.... """.....നന്ന മാമ...."""" തളർന്ന കുഞ്ഞി സ്വരം കേൾക്കെ വാത്സല്യത്തോടെ മെല്ലെ നെറുകയിൽ ഒന്നു തലോടി വിട്ടു അവൻ.... """മോളൂട്ടിക്ക് ഒന്നൂല്ലാട്ടോ... നന്ദൻ മാമ ഇപ്പൊ ആശൂത്രി കൊണ്ടോവാം....""" പിൻ സീറ്റിൽ അവരെ ഇരുത്തി വണ്ടിയെടുക്കുമ്പോൾ ഓർത്തത് ദുർഗയെ പറ്റിയാണ്... """..

.ആ കുട്ടി ഇന്നലെ ഒരു പോള കണ്ണാഞ്ഞതില്ലല്ലോ ഗൗരി...എന്നിട്ടും നേരം വെളുക്കുമുന്നേ പുറത്ത് പോയിരിക്കുന്നു... അതിന് ഉറക്കൊന്നും ഇല്ലേ... ഇങ്ങനെ പോയ അതിന് വല്ല അസുഖവും വരും....""' വണ്ടി മുന്നോട്ട് പോകുമ്പോൾ ശാസന പോലെയാണ് അവൻ ഗൗരിയോട് പറഞ്ഞത്.... ""...പറഞ്ഞ കേൾക്കണ്ടേ നന്ദേട്ടാ... അവളിങ്ങനാ...... വണ്ടി കാള പോലെ ഓടി നടക്കും ..... ഒക്കെ എനിക്കും എന്റെ മോൾക്കും വേണ്ടിയാണെന്ന് ഓർക്കുമ്പോഴാ... ഇന്നലെ കണ്ടില്ലേ അവളില്ലായിരുന്നെങ്കിൽ ആ മനുഷ്യൻ എന്നെ....""" പറഞ്ഞു വിതുമ്പുന്നവളെ സൈഡ് കണ്ണാടിയിലൂടെ കരുതലിൽ മിഴി നീട്ടുമ്പോൾ നെടുവീർപ്പിട്ടു അവനും ....

"""നീ കരയാതെ.... ദൈവം അങ്ങനാ ഒരു ഭാഗത്ത്‌ നിന്നും സങ്കടങ്ങള് തരുമ്പോ മറുഭാഗത്തുനിന്നും അത് നികത്താൻ ചിലർ വരും.... എന്റെ കുഞ്ഞിനെ പോലെ...""" """....എന്താ നന്ദേട്ടാ..."" അവസാനവാക്കിൽ സ്വരം താഴ്ത്തിയപ്പോൾ ഗൗരി ഒന്നുകൂടി ചോദിച്ചു... """...ഏയ്യ് ഒന്നൂല്ല... ഗൗരി...""" ഓട്ടോ നീങ്ങി ഗവൺമെന്റ് ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയതും സൈഡ് ഒതുക്കി പതിയെ ഇറങ്ങി.... ഓ. പ്പി. ടിക്കറ്റ് എടുക്കുന്ന ഇടത്ത് നീണ്ട നിരയാണ്.... പുരുഷന്മാരുടെ ഭാഗത്ത്‌ മാത്രം കുറച്ചു കുറവുണ്ട്.... കാണേ നന്ദൻ ഗൗരിയെ ഒന്നു നോക്കി... നീ അമ്മൂട്ടിയേം കൊണ്ട് ഓട്ടോയിൽ ഇരിക്ക് മോൾടെ ഓപ്പി എടുത്തിട്ട് ഞാൻ വരാം....

മെല്ലെ തലയനക്കി സീറ്റിലേക്ക് ഒതുങ്ങിയിരിക്കുന്നവൾ ടിക്കറ്റ് കൗണ്ടറിലേക്ക് വേഗത്തിൽ ഓടി നീങ്ങുന്ന നന്ദനിൽ കണ്ണെടുക്കാതെ നിന്നു...... അഞ്ചു മിനിറ്റ് അങ്ങനെ നിൽക്കേണ്ടി വന്നു.... """...പേരും അഡ്രസ്സും പറയണം..വയസ്സും.....ഏത് ഡോക്ടറാ..."" കൗണ്ടറിനരികെ എത്തിയതും ഉള്ളിൽ നിന്ന സ്ത്രീ മുഖമുയർത്താതെ ചോദിക്കുമ്പോൾ സംശയത്തോടെ കണ്ണു മിഴിച്ചു നിന്നു നന്ദൻ .... """....പേര്.....അമ്മു...... അഡ്രെ... സ്സ് .....അത്....""" """അയ്യോ...അല്ല....പേര് നക്ഷത്ര... പുത്തൻ പുരക്കൽ വീട്... മഞ്ചാടി മല ....""" പൊടുന്നനെ പിന്നിൽ നിന്നും ഗൗരിയുടെയും ശബ്ദം കേട്ടതും ഒരു നിമിഷം നെഞ്ചിടിപ്പോടെ അവൻ തിരിഞ്ഞു നോക്കി..............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story