അരികെ: ഭാഗം 10

arike thannal

രചന: തന്നൽ

""എന്താ ഇത്....."" ഒരു ബൗൾ അവന് മുന്നിലായി മേശ മേൽ വച്ചതും സത്യ നെറ്റി ചുളിച്ചു.... ""ഇതിനെ ഞങ്ങടെ നാട്ടിലൊക്കെ കഞ്ഞിന്നാ പറയാ...സാറിന്റെ നാട്ടിൽ ഇതിന് വേറെ പേരുണ്ടോ...??"" ""നീ എന്താ എന്നെ പരിഹസിക്കുവാണോ... "" അവന്റെ മുഖം ഇരുണ്ടു.... ""പരിഹസിച്ചതല്ല സർ... സാറല്ലേ ചോദിച്ചത്...ഇത് എന്താന്ന്....""" ""എന്റെ കണ്ണിനൊരു കുഴപ്പവുമില്ല.... ഇത് കഞ്ഞിയാന്ന് മനസിലാക്കാൻ... ഇത് എനിക്ക് മുന്നിൽ എന്തിനാ കൊണ്ട് വച്ചെന്നാ മനസിലാകത്തെ..."" ""കുടിക്കാൻ അല്ലാണ്ട് എന്തിനാ... ഇന്നിതേ ഉള്ളു...ഇവിടുത്തെ സാധനം ഒക്കെ കഴിഞ്ഞു...ആകെ ഇച്ചിരി പൊടിയരി മാത്രേ ഉണ്ടാരുന്നുള്ളു....അതാ കഞ്ഞി വച്ചേ... """ """ ഞാൻ കഞ്ഞി കുടിക്കാറില്ല.... എനിക്കിഷ്ടവല്ല.. സാധനം തീർന്നെങ്കിൽ നിനക്കത് വാ തുറന്നു പറഞ്ഞാലെന്താ... പറയാണ്ട് ഞാൻ എങ്ങനെ അറിയാനാ ഇതൊക്കെ....."" ഇരിപ്പിടത്തിൽ നിന്ന് ചാടി പിടഞ്ഞെണീറ്റ് അവൻ അവൾക്ക് നേരെ ചീറി...... ""ഞാൻ മറന്നതാ....സർ പോയപ്പോ പറയാൻ വിട്ടു....

ഇന്നൊരു രാത്രി ഇത് കഴിച്ചുന്നു വച്ച് എന്താകാനാ....രാത്രി കഞ്ഞി കുടിക്കുന്നത് നല്ലതാ... സാറിന് വേണ്ടെങ്കിൽ വേണ്ട...ഞാൻ കഴിച്ചോളാം...എനിക്ക് നല്ല വിശപ്പ്....."" അതും പറഞ്ഞ് ഞാൻ കസേരയിലെക്കമർന്നിരുന്ന് സാറിന് മുന്നിലിരുന്ന പിഞ്ഞാണി വലിച്ചു നീക്കി..... കടുകിട്ട കണ്ണിമാങ്ങാ അച്ചാറ് ചൂണ്ടു വിരല് കൊണ്ട് തൊട്ട് അല്പം നാക്കിൻ തുമ്പിൽ ചേർത്ത് ഒരു സ്പൂൺ കഞ്ഞി വായിലേക്ക് കമിഴ്ത്തി.... തൊട്ടടുത്തിരുന്ന പിഞ്ഞാണിയിലെ മുളകിട്ട് ചുട്ടരച്ച ചമ്മന്തിയും സ്പൂണിൽ കോരി ആ സ്പൂണിൽ തന്നെ കഞ്ഞിയും കോരി എടുത്തു വായിലേക്ക് വച്ചു.... """ആഹ്ഹ് എന്ത് രുചിയാ....... ഒരു രക്ഷയും ഇല്ല... അല്ലങ്കിലും എനിക്ക് നല്ല കൈപ്പുണ്യാ....."" കൈ വിടർത്തി, എരിവ് വലിച്ച് കൊണ്ട് സ്വയം പുകഴ്ത്തി ഏറു കണ്ണിട്ട് ഞാൻ റൗഡി പോലീസിനെ നോക്കുമ്പോൾ ചുട്ടെരിക്കാനുള്ള ദേഷ്യം അങ്ങേരുടെ കണ്ണിൽ ഞാൻ കണ്ടു.... ചാടി തുള്ളി റൗഡി പോലീസ് പുറത്തേക്ക് പോകുമ്പോൾ ചിരി കടിച്ചു പിടിച്ചു ഞാൻ ഇരുന്നു.... ഏത് വരെ പോകുമെന്ന് നമുക്ക് നോക്കാം....

അധികം പിടിച്ചു നിൽക്കാൻ റൗഡി പോലീസിനാവില്ല...... അവള്ടെ ഒരു ഒലക്കേമേലെ കഞ്ഞി...എന്റെ പട്ടി കുടിക്കും... ... .... കോപ്പ് വിശന്നിട്ടാണെകിൽ വയറു കത്തുന്നു... ഇപ്പൊ എന്താ ഒരു വഴി.... സ്വിഗ്ഗി ചെയ്താലോ.... പോക്കറ്റിൽ നിന്ന് ഫോൺ കയ്യിലെടുത്ത് ഓൺ ചെയ്തു ... അല്ലെങ്കിൽ വേണ്ട..ഈ പാതിരാത്രി ഓർഡർ ചെയ്താലും ഇനി ഈ പട്ടിക്കാട്ടിൽ എപ്പോ എത്താനാ..... ഒരെത്തും പിടിയും കിട്ടാതെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിലാണ് പ്രിയ പുറത്തേക്ക് ഇറങ്ങി വന്നത്... അവൾ ഉമ്മറത്തെ കസേരയിൽ ചടഞ്ഞിരുന്നു..... ""അഹ് എന്നാ രുചിയായിരുന്നേന്നോ കഞ്ഞിക്ക്.... ആ കടുമാങ്ങാ അച്ചാറും മുളകരച്ച ചമ്മന്തിയും ഉഫ് ഒരു രക്ഷയും ഇല്ല.... "" നീട്ടിയൊരു എമ്പക്കവും വിട്ട് കൈ വെള്ള മൂക്കിലേക്ക് അടുപ്പിച്ചവളത് പറഞ്ഞതും സത്യ അവളെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ചാടി തുള്ളി അകത്തേക്ക് പോയി.... സത്യ നേരെ അടുക്കളയിലേക്കാണ് പോയത്....സ്ലാബിന് മുകളിലുള്ള ഓരോ പാത്രവും മൂടി നീക്കി നോക്കി.... എല്ലാം കാലി ആയിരുന്നു....

എങ്ങനെ കാണാനാ എല്ലാം തിന്നൊഴിച്ചു വച്ചേക്കുവല്ലേ ഇവിടൊരുത്തി.... ഇനിയിപ്പോ എങ്ങനാ അവൾക്ക് മുന്നിൽ പോയി നിന്ന് ചോദിക്കുന്നെ.... അവളെന്തു കരുതും..... വെറുതെ ജാഡ ഇട്ട് നിക്കണ്ടായിരുന്നു.... തന്നത് ആദ്യമേ വാങ്ങി കഴിച്ചാൽ മതിയായിരുന്നു.... അതെങ്ങനെ അവൾക്ക് മുന്നിൽ താഴ്ന്നു കൊടുക്കാൻ നിന്റെ ഈഗോ അനുവദിക്കില്ലല്ലോ സത്യാ....അനുഭവിച്ചോ .... അല്ലാതെ വേറെ വഴിയില്ല..... അവനോരോന്ന് ചിന്തിച്ചു തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന പ്രിയയെ കണ്ട് അവനൊന്നു പകച്ചു.... ""സർ എന്താ ഇവിടെ അടുക്കളയിൽ.... """ ""അ....അത് പിന്നെ..... നീ നേരത്തെ എന്തോ ഒന്ന് എനിക്ക് നേരെ നീട്ടിയില്ലേ.... അത് ബാക്കിയുണ്ടോ....."" വേറെ എവിടെയോ നോട്ടം തെറ്റിച്ചാണ് അവനത് ചോദിച്ചത്..... ""എന്ത്.....?????"" അവളൊന്നും അറിയാത്ത പോലെ ചോദിച്ചു...... ""കുറച്ചു മുന്നേ നീ എനിക്ക് തന്നില്ലേ അത്‌ തന്നെ..."" ""കഞ്ഞിയോ........"" "മ്മ്ഹ്...."" അവനപ്പോഴും അവളുടെ മുഖത്തു നോക്കുന്നില്ലായിരുന്നു... ചോദിക്കുന്നതിന്റെ ചമ്മൽ അവന്റെ മുഖത്തു നന്നായി കാണാനുണ്ടായിരുന്നു...അവളത് കാണാതിരിക്കാൻ തല ചരിച്ചു പിടിച്ചാണ് അവന്റെ ചോദ്യം.... "" കഞ്ഞിന്ന് പറയാൻ സർ ഇത്ര മടിക്കുന്നതെന്തിനാ....

അത്രയ്ക്ക് വൃത്തി കെട്ട പേരാണോ അത്‌..... "" അവൾ ചിരി അടക്കാൻ നന്നായി പാടുപെടുന്നുണ്ടായിരുന്നു..... സത്യ ആണെങ്കിൽ അവളെ മുഖത്തു കൂടി നോക്കുന്നുണ്ടായിരുന്നില്ല.... ""ഞാൻ സാറിന് തന്നപ്പോൾ സാറല്ലേ വേണ്ടന്ന് പറഞ്ഞത്....അത്‌ കൊണ്ട് അത്‌ മുഴുവനും ഞാൻ കുടിച്ചു... ഒരല്പം കൂടി ബാക്കിയില്ല......"" """ ഞാൻ വേണ്ടെന്നു പറഞ്ഞാലുടനെ മൊത്തം അകത്താകുവാണോ വേണ്ടത്... വേണ്ടെന്നു പറയുമ്പോൾ ഒന്ന് നിർബന്ധിച്ചാലെന്താ നിനക്ക്.....""" ""ഇതെന്ത് പാടാപ്പാ..... വേണ്ടെന്നു പറയുമ്പോൾ ഞാൻ എന്തിനാ നിർബന്ധിക്കുന്നെ....വേണമെങ്കിൽ കഴിച്ചിട്ട് പോണം.... നിർബന്ധിച്ചു കഴിപ്പിക്കാനും വാരി തരാനുമൊന്നും സാറെന്റെ കെട്ടിയോനോന്നുമല്ലല്ലോ......""" അവനൊന്നും മിണ്ടാതെ അകത്തേക്ക് കയറി പോകുന്നതിനിടക്ക് അവൾ പറയുന്നുണ്ടായിരുന്നു..... സത്യ മുറിയിലേക്ക് പോയി ബെഡിൽ കമ്ഴന്നടിച്ചു കിടന്നു...... അല്പ നേരം അവനതെ കിടപ്പ് തുടർന്നു.. പക്ഷെ ഇടയ്ക്കിടെ അവന്റെ കണ്ണുകൾ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ വാതിൽക്കലേക്ക് നീണ്ടു....

എങ്ങാനും അവള് വന്ന് വിളിച്ചാലോ..... വിശന്നിട്ടാണെകിൽ കണ്ണും കയ്യും കാണാൻ മേല.... ഒരു നാളും ഇല്ലാത്ത ഒരു വിശപ്പ് നാശം.... ഇനിയിപ്പോ ഈ വിശപ്പും വച്ചു കിടന്നാൽ ഉറക്കം കൂടി വരത്തില്ല.... ഇനിയിപ്പോ ഒരേ ഒരു വഴിയേ ഉള്ളു.... അവൾക്ക് മുന്നിൽ താണ് കൊടുക്കാം... ഒന്നും കൂടി പോയി ചോദിച്ചാലോ.......അല്ലാതെ വേറെ നിവർത്തി ഇല്ല.... ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നല്ലേ.... അവനെഴുന്നേൽക്കാൻ പോന്നതും വാതിൽക്കൽ ഒരു നിഴലനക്കം കണ്ട് പൊടുന്നനെ എഴുന്നേൽക്കാതെ ബെഡിൽ തന്നെ കിടന്നു..... ""അതേയ്.... അത്താഴ പട്ടിണി കിടക്കേണ്ട...നല്ല വിശപ്പുണ്ടെന്നറിയാം....കഞ്ഞി ബാക്കി ഇരിപ്പുണ്ട്...നേരത്തെ ഞാൻ വെറുതെ പറഞ്ഞതാ.....സർ വന്നിരുന്നു കഴിച്ചോ.......എല്ലാം എടുത്തു വച്ചിട്ടുണ്ട്....""" കേൾക്കേണ്ട താമസം സത്യ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ഹാളിലേക്ക് ഓടി ഡൈനിങ് ടേബിലെ ചെയർ വലിച്ച് നീക്കി പിഞ്ഞാണിയിലിരുന്ന കഞ്ഞി ആർത്തിയോടെ വായിലേക്ക് കമിഴ്ത്തി....

അവന്റെ കാട്ടി കൂട്ടല് കണ്ട് പ്രിയ വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു..... ആർത്തിയോടെ കുടിക്കുന്നതിനിടക്ക് കഞ്ഞി നെറുകയിൽ കയറി അവൻ ചുമച്ചതും അവന്റെ തലയിൽ പതിയെ തട്ടി കൊടുത്ത് ഗ്ലാസിൽ അല്പം വെള്ളം പകർന്ന് അവന് നേരെ നീട്ടി....തെല്ലൊരു മടിയോടെ അവനത് വാങ്ങി കുടിക്കുന്നതിനിടക്ക് അവൾ ചോദിച്ചു """ഇത്ര വിശപ്പുണ്ടായിട്ടാണോ സർ ജാഡ ഇട്ട് നിന്നത്... ഞാൻ തന്നപ്പോ തന്നെ അങ്ങു കഴിച്ചിരുന്നേൽ ഇതിന്റെ വല്ല പാടും ഉണ്ടായിരുന്നോ...."" കാലിയായ പാത്രങ്ങൾ കയ്യിലെടുത്തവൾ അകത്തേക്ക് നടക്കുമ്പോൾ സർവ്വം മറന്ന് ഒരു നിമിഷം സത്യ അവളെ തന്നെ നോക്കിയിരുന്നു..... പിന്നെ എന്തോ ആലോചിച്ചെന്ന വണ്ണം തല വെട്ടിച്ചവൻ കസേരയിൽ നിന്നെഴുന്നേറ്റ് വാഷ് ബേസിനരികിലേക്ക് നടന്ന് കയ്യും വായും മുഖവുമൊക്കെ കഴുകി ടവൽ കൊണ്ട് മുഖം അമർത്തി തുടച്ചവൻ പുറത്തേക്കിറങ്ങി...... ""സർ ഇവിടെ നിക്കുവായിരുന്നോ...കിടക്കുന്നില്ലേ.... ""

സത്യയെ മുറിയിൽ കാണാതെ വന്നപ്പോൾ അവനെ തിരഞ്ഞു പുറത്തേക്ക് വന്നതായിരുന്നു പ്രിയ... പ്രിയയെ കണ്ടതും അവളെ ഒന്ന് നോക്കി അവൻ വീണ്ടും ഫോണിലേക്ക് നോട്ടം തെറ്റിച്ചു..... ""സർ എപ്പോഴും ഇങ്ങനെയാ...ആരോടും അധികം സംസാരിക്കാതെ..എപ്പോഴും മസിൽ പിടിച്ച്..... എല്ലാവരോടും ഇങ്ങനെ ദേഷ്യം കാണിച്ച്.... ഈ പോലീസ്കാരെല്ലാം ഇങ്ങനെയാണോ ..... """ കൗതുകത്തോടെ ചോദിക്കുന്നവളെ തല ചരിച്ചു നോക്കിയവൻ....മറുപടി ഒന്നും പറയാതെ വീണ്ടും ഫോണിലേക്ക് മിഴികൾ നട്ടു..... അത്‌ കാൺകെ അവളുടെ മുഖം വാടി...... ""സാറിന്റെ അച്ഛനും അമ്മയുമൊക്കെ എവിടെയാ....."" മറുപടി കിട്ടില്ലെന്നറിഞ്ഞിട്ടും അവൾ വീണ്ടും ചോദ്യം ഉന്നയിച്ചു... അവനപ്പോഴും തലയുയർത്തി നോക്കിയില്ല.... അവൾ ചോദിച്ചത് കേട്ടിട്ടും കേൾക്കാത്തത് പോലെ ഫോണിൽ തോണ്ടികൊണ്ടിരുന്നു.... """പ്രിയ....... "" നിരാശയോടെ തിരികെ പോകാൻ തുനിഞ്ഞതും സത്യ വിളിക്കുന്നത് കേട്ട് പ്രതീക്ഷയോടെ അവളോടി വന്നു....... "" what 's your problem???"""

സത്യ ചോദിക്കുന്നത് കേട്ടവൾ നെറ്റി ചുളിച്ചു...... "" നിനക്ക് എന്താ വേണ്ടത്.... എന്നെ പറ്റി അറിഞ്ഞിട്ട് നീ എന്നാ എടുക്കാൻ പോവ്വാ.... കൂടിപോയാൽ ഒന്നോ രണ്ടോ മാസം... അതിനുള്ളിൽ എനിക്ക് ഒരു ട്രാൻസ്ഫർ ഉറപ്പാ....എന്റെ കയ്യിലിരിപ്പ് കൊണ്ട് അത്രേടം വരെ പോവില്ലന്നാ തോന്നുന്നേ.... അത്‌ വരെ മാത്രമേ നമ്മളൊന്നിച്ചുണ്ടാവുള്ളു..... ഇനിയും അറിയണോ നിനക്ക് എന്നെ പറ്റി......"" """ ഞാൻ വെറുതെ ഒന്നറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാ സർ.... സാറിന് ബുദ്ധിമുട്ടാവില്ലെങ്കിൽ മതി......"" ""ഞാൻ ഒരു ഓർഫൻ ആണ്.... എനിക്ക് അച്ഛനോ അമ്മയോ കൂടെപ്പിറപ്പോ അങ്ങനെ ആരുമില്ല.. ഇവിടെ ഒരു ഓർഫനെജിലാ ഞാൻ വളർന്നതും പഠിച്ചതുമൊക്കെ.... ഇനി വേറെ എന്തെങ്കിലും അറിയണോ നിനക്ക്.......""" അല്പം കടുപ്പിച്ചാണ് അവനത് പറഞ്ഞത്....അവന്റെ മറുപടിയിൽ അവളൊന്ന് ചിരിച്ചതേയുള്ളു... ""അപ്പൊ ഞാനും സാറൊക്കെ ഒരേ തോണിയിലെ യാത്രക്കാരാ അല്ലേ സർ...... "" അവളുടെ വാക്കുകൾ കേട്ടവൻ ഫോണിൽ നിന്ന് തലയുയർത്തി നോക്കി....

അവളുടെ വാക്കുകളിൽ വേദന കലർന്നിരുന്നു... ആ വേദനയിലും അവളുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി ഉണ്ടായിരുന്നു..... ""അപ്പനുള്ളതും ഇല്ലാത്തതും എനിക്കൊരു പോലെയായിരുന്നു.... അപ്പനുണ്ടായിട്ടും ആരോരുമില്ലാത്തവളെ പോലെയാ ഞാൻ വളർന്നത്.... അപ്പന്റേം അമ്മേടേം പ്രണയ വിവാഹമായിരുന്നു.... അമ്മ ഹിന്ദുവും അപ്പ ക്രിസ്ത്യനും.... രണ്ടാളും രണ്ട് മതം ആയത് കൊണ്ട് തന്നെ വീട്ടിൽ നല്ല എതിർപ്പായിരുന്നു.... അവസാനം പിടിച്ചു നിൽക്കാൻ പറ്റാണ്ടായപ്പോൾ അമ്മയേം കൂട്ടി അപ്പൻ ഇവിടേക്ക് വന്നു.... അതിൽ പിന്നെ അമ്മേടെ കുടുംബക്കാരുമായിട്ടോ അപ്പേടെ കുടുംബക്കാരുമായിട്ടോ രണ്ടാൾക്കും ഒരു ബന്ധവും ഇല്ലായിരുന്നു......പക്ഷെ അമ്മയെന്ന് വച്ചാൽ ജീവനയിരുന്നെന്റെ അപ്പക്ക്.... ഒടുവിൽ ഞാനവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നതും എന്റെ അമ്മയെ ദൈവം എന്നിൽ നിന്ന് തട്ടിയെടുത്തു.......

എന്റെ ജനനത്തോട് കൂടിയാ അമ്മ പോയത്...അതിൽ പിന്നെ അപ്പക്ക് എന്നോട് ദേഷ്യമായി.... വെറുപ്പായി... ഒക്കെത്തിനും ഞാനാ കാരണമെന്ന് പറഞ്ഞ് അപ്പൻ എന്നെ സുഗന്ധി അമ്മായിക്ക് കൊടുത്തു.... പിന്നെ അമ്മായിയാ എന്നെ നോക്കിയതും വളർത്തിയതുമൊക്കെ.... ഞാൻ വളർന്ന് വന്നപ്പോൾ അമ്മായി തന്നെയാ ഇതൊക്കെ എന്നോട് പറഞ്ഞതും... ഒന്നും അറിയിക്കാതെ എന്നെ നോക്കിയതിനും വളർത്തിയതിനും പിന്നിലെ കാരണം എന്താന്ന് അന്നെനിക്കറിയില്ലായിരുന്നു.... പത്താം ക്ലാസിൽ നല്ല മാർക്കുണ്ടായിരുന്നിട്ട് കൂടി തുടർന്നു പഠിക്കാനെന്നെ അനുവദിച്ചില്ല... ചേരിയിലെ കുട്ടികളോടൊപ്പം കക്കാനും പിടിച്ച് പറിക്കാനും വിട്ടു.... അവരെ അനുസരിക്കാതെ വേറെ വഴിയില്ലായിരുന്നു... പട്ടിണി കൂടാതെ ജീവിക്കാൻ വേറൊരു മാർഗവും കണ്ടില്ല... എല്ലാം ഇട്ടെറിഞ്ഞു പോയാലോന്നു ഒരുപാട് വട്ടം ചിന്തിച്ചിട്ടുണ്ട്... പക്ഷെ അപ്പയെ ഓർത്തിട്ട് മാത്രാ പിടിച്ചു നിക്കണേ......""" അവളൊന്ന് നിർതിയിട്ട് നെടുവീർപ്പിട്ടു... സത്യ എല്ലാം കേട്ട് നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല....

അവൾ വീണ്ടും തുടർന്നു..... "" അമ്മ പോയതിൽ പിന്നെയാ അപ്പ ഇങ്ങനെ ആയതെന്നാ അമ്മായി പറഞ്ഞത്.... എപ്പോഴും കുടിച്ച് ലക്ക് കെട്ട് ഒരു ബോധവുമില്ലാതെ.... അപ്പയെ ഓർക്കുമ്പോ സങ്കടം ണ്ട് എനിക്ക്... ഞാൻ കൂടി കാരണമല്ലേ അപ്പ ഇങ്ങനെ ഒക്കെ ആയത്.... ഞാൻ കാരണമല്ലേ അമ്മ പോയത്... അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്കൊരിക്കലും ഈ വിധി ഉണ്ടാവില്ലായിരുന്നല്ലേ സർ.... അപ്പയോടും അമ്മയോടും ഒന്നിച്ച്... എന്ത് സന്തോഷവായിരിക്കും അല്ലെ ആ ജീവിതം... സാറിനറിയോ അപ്പ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല... ഒന്ന് ചേർത്ത് നിർത്തിയിട്ടില്ല... സ്നേഹത്തോടെ മോളെന്നു പോലും വിളിച്ചിട്ടില്ല.... എന്തിന് എന്റെ പേര് പോലും വിളിച്ച് ഞാനിത് വരെ കേട്ടിട്ടില്ല......"" ഉള്ളിലെ വേദനകളേ മറയ്ക്കാൻ അവൾ നന്നായി പാട് പെടുന്നുണ്ടായിരുന്നു.... അത്‌ സത്യയും മനസിലാക്കി... ഇത്രയേറെ വേദനകൾ ഉള്ളിലൊതുക്കി പുറമെ ഇങ്ങനെ ചിരിച്ചു കളിച്ചു നിൽക്കാൻ ഇവൾക്കെങ്ങനെ കഴിയുന്നു.... അനാഥത്വം അത്ര സുഖമുള്ള ഒന്നല്ല... അത്‌ മറ്റാരേക്കാളും തനിക്കറിയാം..,

. ബാല്യകാലത്തെ കയ്പ്പേറിയ ഓർമ്മകൾ ഒരു വേള അവന്റെ ഉള്ളിലും മിന്നിമറഞ്ഞു... അച്ഛനുണ്ടായിട്ട് കൂടി ആ സ്നേഹം അനുഭവിക്കാൻ കഴിയാതെ ആരോരുമില്ലാത്തവളെ പോലെ ഇവിടെ തന്നോടൊപ്പം..... അവനവളോട് സഹദാപം തോന്നി... അത്രയേറെ വേദനിച്ചിരിക്കണം അവൾക്ക്.,.... അച്ഛൻ ഇത്രയൊക്കെ തല്ലിയിട്ടും ദ്രോഹിച്ചിട്ടും ഇവൾക്കെങ്ങനെ കഴിയുന്നു അയാളെ സ്നേഹിക്കാൻ..... ""ഒരുപാട് പറഞ്ഞ് ഞാൻ സാറിനെ ബുദ്ധിമുട്ടിച്ചല്ലേ... ക്ഷമിക്കണം... ഞാൻ ഇങ്ങനെ ആയിപോയി...ആരേലും കിട്ടിയാൽ ഇങ്ങനെ വാ തോരാതെ സംസാരിച്ചിരിക്കും അവർക്ക് പറയാനുള്ളത് പോലും കേൾക്കാൻ നിക്കാതെ... വെറുതെ സാറിന് കൂടി ബുദ്ധിമുട്ടായി..... "" സ്വയം തലക്കൊരു കിഴുക്ക് കൊടുത്തവനെ നോക്കുമ്പോൾ അവളാ പഴയ വായാടി പെണ്ണ് ആയത് പോലെ അവന് തോന്നി.... ""നീ പോയി കിടന്നോ.... ഞാൻ കുറച്ചു കൂടി കഴിഞ്ഞിട്ടേ കിടക്കുന്നുള്ളു... "" അവനത് പറഞ്ഞിട്ട് അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു...... ""പുറത്തു നിന്ന് അധികം മഞ്ഞു കൊള്ളണ്ടട്ടോ..... "" അകത്തേക്ക് കയറുന്നതിനിടക്ക് അവൾ വിളിച്ചു പറയുന്നത് കേട്ടിരുന്നു.... അവൻ തല ചരിച്ചു നോക്കിയപോഴേക്കും അവൾ വാതിൽ കടന്ന് പോയി കഴിഞ്ഞിരുന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story