അരികെ: ഭാഗം 27

arike thannal

രചന: തന്നൽ

കൈ ഫോൾഡ് ചെയ്ത് മുറിയിൽ നിന്നിറങ്ങി വന്നവൻ മുന്നിൽ നിൽക്കുന്നവളെ കണ്ട് ഇമ ചിമ്മാതെ നോക്കി നിന്നു.... പുരികകൊടികൾക്ക് നടുവിൽ ഒരു ചെറിയ കറുത്ത പൊട്ട് കണ്ണിൽ കരിമഷി എഴുതിയിട്ടുണ്ട് എന്നല്ലാതെ ആ മുഖത്ത് ഒരു അലങ്കാരവും ഇല്ല...എങ്കിൽ കൂടി വല്ലത്തൊരു സൗന്ദര്യമായിരുന്നവൾക്ക് എന്നവന് തോന്നി... പ്രിയയുടെയും അവസ്ഥ മറിച്ചല്ലായിരുന്നു... അവൾ വാങ്ങി കൊടുത്ത ലൈറ്റ് യെല്ലോ കളർ ഷർട്ടാണ് വേഷം.... ഷർട്ട്‌ ഇഞ്ച് ചെയ്തിട്ടിട്ടുണ്ട്.... ഫുൾ കൈ സ്ലീവ് മുട്ട് വരെ മടക്കി വച്ചിട്ടുണ്ട്..... ഇടത് കയ്യിൽ ദിലു സമ്മാനിച്ച വാച്ചും.... മുടി കോതിയൊതുക്കി, മീശ പിരിച്ചു വച്ചിരിക്കുവാണ്..അപ്പോഴും അവളുടെ നോട്ടം അവന്റെയാ താടി ചുഴിയിലെ കറുത്ത മറുകിലേക്കായിരുന്നു... അവളുടെ നോട്ടം കണ്ടിട്ട് അവൻ എന്തെന്ന മട്ടിൽ പുരികം ഉയർത്തിയതും അവൾ ഇരു വശത്തേക്കും തല ചലിപ്പിച്ചു.... ചിരിച്ചു കൊണ്ടവൻ ബുള്ളറ്റിന്റെ കീയും കയ്യിലിട്ട് കറക്കി കൊണ്ട് ടേബിളിൻ മുകളിൽ ഇരുന്ന ഹെൽമെറ്റും കയ്യിലെടുത്തു പുറത്തേക്കിറങ്ങി..... സത്യ പോയതിന്റെ പിന്നാലെ തലക്കൊരു കിഴുക്കും കൊടുത്തവളും പിന്നാലെ നടന്നു... സത്യ ബുള്ളറ്റിൽ കയറി ഇരുന്നു കൊണ്ട് ഹെൽമെറ്റ്‌ തലയിലേക് വച്ച് ചാവി തിരുകി ഗ്രിഗർ അടിച്ച് വണ്ടി ഓൺ ആക്കി.....

പ്രിയ കേറാതെ മുറ്റത്തു കിടക്കുന്ന കാറിലേക്കും അവന്റെ ബുള്ളറ്റിലേക്കും മാറി മാറി നോക്കി നിന്നു... ""നീ കേറുന്നില്ലേ....."" അവൻ തല ചെരിച്ചു നോക്കി.... ""നമ്മൾ ഇതിലാണോ പോവുന്നെ...."" ""എന്തെ ഇതിൽ നിനക്ക്‌ എന്നോടൊപ്പം വരാൻ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ...ഉണ്ടെങ്കിൽ നീ വരണ്ട... എന്റെ വണ്ടിക്ക് എന്തോ കംപ്ലൈന്റ്.. രണ്ട് ദിവസയിട്ട് അത് സ്റ്റാർട്ട്‌ ആവുന്നില്ല.... വർക്ക്‌ ഷോപ്പിൽ കൊണ്ട് പോയൊന്നു കാണിക്കണം.... ഗൗതം ഇന്ന് കൊണ്ട് പോകാന്ന് പറഞ്ഞിട്ടുണ്ട്.. സോ അവന്റെ വണ്ടി തത്കാലം എന്നോട് എടുത്തോളാൻ പറഞ്ഞു.....നീ വരുന്നില്ലെങ്കിൽ തിരിച്ചു കയറി പോകാൻ നോക്ക്...ഞാൻ പോയിട്ട് വരാം...."" ""എനിക്ക് ബുദ്ധിമുട്ട് ഒന്നുല്ല... എനിക്ക് ....എനിക്ക് പേടിയാ ഇതിൽ കേറാൻ..അത്‌ കൊണ്ടാ ഞാൻ..."" അവളുടെ മുഖം കുനിഞ്ഞു..... ""പേടിയാണേൽ നീ വരണ്ട..ഞാൻ പോയിട്ട് വരാം....."" ""ഇല്ല... ഞാനും ഒപ്പം വരും... "" അവൾ കേറുവോടെ പറഞ്ഞു.... ""പിന്നെ നീയല്ലേ പറഞ്ഞേ നിനക്ക് പേടിയാന്ന്....."" അവൾ മറുപടി ഒന്നും പറയാതെ മുഖം വീർപ്പിച്ചു വച്ചു കൊണ്ട് അവന് പിന്നിൽ കയറി ഇരുന്നു..... ""

എന്നാൽ പോകാം...ശെരിക്ക് പിടിച്ചു ഇരുന്നോണം... കാർ പോലെയല്ല... ഇത് "" അവളൊന്നും മിണ്ടിയില്ല... അവൻ വണ്ടി മുന്നോട്ടെടുത്തതും പിടിക്കാതിരുന്നവൾ മുന്നിലേക്കാഞ്ഞു കൊണ്ട് സത്യയുടെ പുറത്തേക് തന്നെ വീണു.... വീഴ്ചയിൽ അവളുടെ കൈ അറിയാതെ തന്നെ അവന്റെ ചുമലിലേക്ക് ചേർന്നിരുന്നു... സത്യയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞു.... അവനൊന്നും മിണ്ടാതെ അതെ ചിരിയോടെ തന്നെ വണ്ടി എടുത്തു..... കാറ്റിൽ പാറി പറക്കുന്ന മുടിയിഴകൾ ഇടത് കൈ കൊണ്ട് മാടിയൊതുക്കി പ്രിയ അവനെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.... പ്രിയ അവനെ നോക്കി ഇരിക്കുന്നത് ഫ്രണ്ട് മിററിൽ കൂടി അവനും കാണുന്നുണ്ടായിരുന്നു... അവന്റെ ചുണ്ടിൽ അപ്പോഴുമാ പുഞ്ചിരി ഉണ്ടായിരുന്നു..... ഇടക്ക് ഒരു ഷോപ്പിംഗ് മാളിന് മുന്നിൽ വണ്ടി നിർത്തി....പ്രിയയോട് ഇറങ്ങാൻ പറഞ്ഞവൻ ബൈക്ക് പാർക്ക്‌ ചെയ്ത് വന്നു... അവളെയും കൂട്ടി ഷോപ്പിംഗ് മാളിൽ കയറി..... ""ഈ കിഡ്സ്‌ സെക്ഷൻ എവിടെയാ...."" അവിടെയുള്ളൊരു സ്റ്റാഫിനോട് ചോദിച്ചതും അയാൾ വഴി കാട്ടി കൊടുത്തു... എസ്കലേറ്റർ വഴി പോകാൻ പ്രിയക്ക് പേടിയായത് കൊണ്ട് ലിഫ്റ്റ് വഴി മുകളിലേക്ക് പോയി.... ""നിനക്ക് എന്തേലും വാങ്ങാൻ ഉണ്ടേൽ വാങ്ങാം.......""

അവൾ വേണ്ടെന്ന് തലയാട്ടി.,..... ""എന്നാലൊരു കാര്യം ചെയ്യ്.... ഓർഫനെജിലെ കുഞ്ഞു മക്കൾക്ക് എന്തേലും മേടിക്കണം... എന്താ വാങ്ങുക എന്നൊരു ഐഡിയയും ഇല്ലെനിക്ക്... നീ എന്നെ ഒന്ന് ഹെല്പ് ചെയ്യ്......"" അവൾ തലയാട്ടി കൊണ്ട് അവന് പിന്നാലെ നടന്നു.... കുറേ ജോഡി ഡ്രെസ്സുകൾ അവർക്ക് മുന്നിലായി നിരത്തി ഇട്ടു... പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സെക്ഷൻ അടുത്തായത് കൊണ്ട് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല... നിരത്തി ഇട്ടതിൽ ഓരോന്നും അവൾ കയ്യിലെടുത്തു നോക്കി... ""ഒരാൾക്ക് വേണ്ടിട്ടല്ല... എല്ലാവർക്കും വേണ്ടേ... നീ ഇങ്ങനെ ഓരോന്നെടുത്തു നോക്കി നിന്നാൽ സമയം അങ്ങു പോകും.. നല്ലത് കുറച്ചു സെലക്ട്‌ ചെയ്യ്.... ഞാൻ അപ്പുറത്ത് ടോയ്‌സ് സെക്ഷൻ നോക്കിയിട്ട് വരാം.... "" അതും പറഞ്ഞു അവൻ പോയി... അവൾ നല്ല കുറച്ച് ഡ്രെസ്സുകൾ സെലക്ട്‌ ചെയ്ത് സ്റ്റാഫിനെ ഏല്പിച്ചു കൊണ്ട് സത്യക്കരികിലേക്ക് പോയി.... അവൻ എന്തൊക്കെയോ വാങ്ങി കൂട്ടുന്നുണ്ടായിരുന്നു.... എല്ലാം വാങ്ങി ബില്ലും സെറ്റിൽ ചെയ്ത് രണ്ടാളും ഇറങ്ങി....

പള്ളിമുറ്റത്തു വണ്ടി നിർത്തി മുന്നിലെ മാതാവിന്റെ രൂപക്കുടിന് മുന്നിൽ നിന്ന് കൊണ്ട് രണ്ടാളും പ്രാർത്ഥിച്ചു.... ഓർഫനെജും പള്ളിയും ചേർന്നാണ് ഉള്ളത്... പ്രാർത്ഥിച്ചു കഴിഞ്ഞു രണ്ടാളും ഇന്റർ ലോക്ക് ചെയ്ത പള്ളിമുറ്റത്തു കൂടി അടുത്തുള്ള ഓർഫനെജിലേക്ക് നടന്നു.... മദറിന്റെ മുറിക്ക് മുന്നിൽ അവനൊന്നു നിന്നു കൊണ്ട് ദീർഘ നിശ്വാസം എടുത്തു.... പ്രിയ തല ചരിച്ചവനെ നോക്കി... അവൾക് ചിരി വരുന്നുണ്ടായിരുന്നു....അവനവളെ നോക്കാതെ തന്നെ കൈയിലെ പൊതികെട്ടുകളുമായി അകത്തേക്ക് നടന്നു.....അവളും പിന്നാലെ പോയി ...... ""മദർ....."" സത്യയുടെ സ്വരം കേട്ട് എന്തോ കുത്തി കുറിച്ച് കൊണ്ടിരുന്നവർ തലയുയർത്തി നോക്കി.... അവനെ കണ്ടതും ആ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു.... മുഖത്തെ കണ്ണട ഊരി മാറ്റി അവർ ദൃതിപെട്ട് കസേരയിൽ നിന്നെഴുന്നേറ്റു..... ""സത്യ മോനെ....."" അവർ അവന്റെ അടുക്കലേക്ക് വന്ന് വാത്സല്യത്തോടെ ആ മുഖത്ത് കൂടി വിരലുകളോടിച്ചു..... ""നീ എന്നെ മറന്നു പോയല്ലേ...എത്ര നാളായി ഒന്ന് കണ്ടിട്ട്... ഒന്ന് വിളിക്കയെങ്കിലും ചെയ്യായിരുന്നില്ലേ...ഞാൻ നിനക്ക് അത്രക്ക് അന്യയായി പോയോ സത്യാ...""

""എന്റെ മദർ.. തിരക്കാന്നെ.... ഈ തിരക്കൊഴിഞ്ഞു ഒന്ന് നേരം കിട്ടണ്ടേ... അല്ലാതെ മദറിനെ മറന്ന് പോയിട്ടൊന്നുല്ല... ഞാൻ അങ്ങനെ മറക്കുവോ മദറിനെ...."" ""ഉവ്വ്... എന്നിട്ട് നീ ദിലു മോളെ എന്നും വിളിക്കാറുണ്ടെന്നാണല്ലോ ഞാനറിഞ്ഞേ... എന്നെ വിളിക്കാൻ മാത്രം നിനക്ക് നേരമില്ല അല്ലിയോ..."" ""എന്റെ പൊന്നെ ഇങ്ങനെ പിണങ്ങാതെ.... അല്ല ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്ന് മറന്ന് പോയോ.... "" താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിക്കുമ്പോൾ അവർ ആ കൈ തട്ടി മാറ്റി കേറുവോടെ മുഖം തിരിച്ചു..... ""ന്റെ പൊന്നല്ലേ... ഇങ്ങനെ പിണങ്ങാതെ...ദേ ഇങ്ങോട്ട് നോക്കിയേ.... "" കയ്യിലെ കവറുകളെല്ലാം താഴെ വച്ച് അവൻ അവരെ അവനു നേരെ നിർത്തിച്ചു.... "" ഈ പിണക്കം മാറ്റാൻ ഞാൻ ഒരു സൂത്രം കാണിക്കട്ടെ..."" ""നിന്റെ സൂത്രം എന്താന്നൊക്കെ എനിക്കറിയാം..നീ പോയെടാ ചെക്കാ... "" അതും പറഞ്ഞവർ അടുത്ത് നിൽക്കുന്ന പ്രിയയെ സംശയത്തോടെ നോക്കി.... അവരുടെ നോട്ടം പ്രിയയിലേക്കാണെന്നറിഞ്ഞതും ""ആഹ് മദർ ഞാൻ പറയാൻ മറന്നു....ഇത്.....""

"പ്രിയ അല്ലെ...എനിക്കറിയാം...."" അവർ ഇടക്ക് കയറി പറഞ്ഞു... "ഓഹ് അപ്പോ ദിലു വള്ളി പുള്ളി തെറ്റാതെ എല്ലാം ഇവിടെ എത്തിച്ചല്ലേ....മ്മ്ഹ്ഹ് നടക്കട്ടെ...ഞാൻ ഇതൊക്കെ ഒന്ന് കൊടുത്തിട്ട് വരാം...നീ ഒപ്പം വരുന്നുണ്ടോ....."" പ്രിയയെ നോക്കി ചോദിച്ചു കൊണ്ട് കവറുകളെല്ലാം കയ്യിലെക്കെടുത്തവൻ..... ""അവളിവിടെ നിക്കട്ടെ നീ പോയിട്ട് വാ....."" മദർ പറഞ്ഞതും അവൻ അവരെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു..... ""മോളെപ്പറ്റി എല്ലാം ദിലു മോള് എന്നോട് പറഞ്ഞു... ആട്ടെ അപ്പൻ പിന്നേ അന്വേഷിച്ചു വന്നിരുന്നോ...."" ""ഞാൻ പോയെന്ന് നന്നായിന്ന് കരുതുന്നുണ്ടാവും അപ്പൻ... "" ഉള്ളിലെ വേദന മറച്ചു പിടിച്ചു ചിരിച്ചു കൊണ്ടാണ് മറുപടി കൊടുത്തത്.... ""വാ നമുക്കൊന്ന് പുറത്തേക്ക് നിന്നാലോ....."' അവരുടെ ഒപ്പം അവൾ പുറത്തേക്ക് നടന്നു..... ""സത്യ ആളൊരു പാവമാ... അല്പം ദേഷ്യം ഉണ്ടെന്നയുള്ളു... ഒരിക്കൽ ഇവിടെ പള്ളിമുറ്റത്ത് ആരോ ഉപേക്ഷിച്ചു പോയതാ അവനെ....അന്ന് അവനൊരൂ ഒന്നൊര വയസു കാണും.... അന്ന് മുതലേ അവനിവിടുത്തെ കുട്ടിയാ...

ഇവിടെ എന്നോടും ദിലു മോളോടും മാത്രമേ അവനിത്രയും അടുപ്പം കാട്ടാറുള്ളു... കുഞ്ഞിലേ മുതലേ അവനിങ്ങാനാ... അധികം ആരോടും സംസാരിക്കാതെ ആരോടും കൂട്ട് കൂടാതെ ഒതുങ്ങി ഏതേലും മൂലക്ക് പോയിരിക്കും... അതിൽ നിന്നൊക്കെ മാറ്റി എടുത്ത് ഇന്നീ കാണുന്ന സത്യയിലേക്ക് കൊണ്ട് വന്നത് ദിലു മോളാ.... സത്യയോടൊപ്പം ഒരു പെൺകുട്ടി താമസിക്കുന്നുണ്ടെന്ന് ദിലു മോള് പറഞ്ഞപ്പോ ആദ്യം ഞാൻ വിശ്വസിച്ചില്ല കേട്ടോ.... ദിലു മോളോടല്ലാതെ മറ്റൊരു പെൺകുട്ടിയോടും അവൻ ഇത്ര സ്നേഹത്തോടെ സംസാരിക്കുന്നത് ഞാൻ ഇത് വരെ കേട്ടിട്ടില്ല .. ജീവിതത്തിൽ ഒത്തിരി അനുഭവിച്ചിട്ടുണ്ട് രണ്ടാളും... ഇനിയെങ്കിലും സന്തോഷം നിറഞ്ഞൊരു ജീവിതം കർത്താവ് കൊടുത്താൽ മതിയായിരുന്നു..."' അവര് പറയുന്നത് കേട്ട് നിൽക്കുമ്പോഴും അവളുടെ നോട്ടം മുഴുവൻ പുറത്ത് കുട്ടികളുമായി ചിരിച്ചു സംസാരിക്കുന്ന സത്യയിലേക്കായിരുന്നു.... കൊണ്ട് വന്നത് മുഴുവനും കുട്ടികൾക്ക് വിതരണം ചെയ്യുവാണ്.. അവർ അവന് ചുറ്റും പൊതിഞ്ഞിട്ടുണ്ട്.... ""അവന്റെ സന്തോഷം മുഴുവൻ ഇപ്പോ ഈ കുട്ടികളാ... ഇത് പോലെ വല്ലപ്പോഴും വരുമ്പോൾ എന്തെങ്കിലും ഒക്കെ അവർക്കായിട്ട് വാങ്ങി വരും... "" അവളുടെ നോട്ടം അവനിലേക്ക് ആണെന്ന് അറിഞ്ഞതും അവർ അവളോടായി പറഞ്ഞു..,

കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചിട്ട് രണ്ടാളും അവിടുന്ന് ഇറങ്ങി.... ബൈക്ക് മെയിൻ റോഡിൽ നിന്ന് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് കയറി..... ""നമ്മളെവിടെക്കാ പോകുന്നെ...."" അവൾ ചോദിച്ചിട്ടും അവൻ മറുപടി ഒന്നും പറയാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു.... ഓടിട്ടൊരു ചെറിയ വീടിനു മുന്നിൽ വണ്ടി നിർത്തിയതും പ്രിയ തെല്ലൊരു സംശയത്തോടെ അവനെ നോക്കി....അവൾ ഇറങ്ങാതെ അതിൽ തന്നെ ഇരുന്നു...അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കൊണ്ട്... ""ഇറങ്ങ് പ്രിയ..."" അവൻ തല ചരിച്ചു നോക്കി കൊണ്ട് പറഞ്ഞു..... അവൾ പതിയെ ഇറങ്ങി അവനടുത്തായി തന്നെ നിന്നു... സത്യ വണ്ടി സ്റ്റാൻഡിട്ട് കൊണ്ട് ഇറങ്ങിയതും അകത്തു നിന്നൊരു മദ്ധ്യവയസ്കയായ സ്ത്രീ ഇറങ്ങി വന്നു... അവൻ അവരെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അടുത്തേക്ക് ചെന്നു... ""അമ്മക്ക് സുഖാണോ....."" ""മോൻ വരുമെന്ന് പ്രതീക്ഷിച്ചില്ല....ഇങ്ങോട്ടേക്കു ട്രാൻസ്ഫർ ആയിന്ന് മോള് പറഞ്ഞു... ഞാൻ കരുതി മോൻ ഞങ്ങളെ ഒക്കെ മറന്നിട്ടുണ്ടാകുമെന്ന്.....""

ചുണ്ടിലൊരു ചിരി വരുത്തി അവർ അത്‌ പറയുമ്പോൾ സത്യയും ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തിക്കാൻ ശ്രമം നടത്തി.... കഴിയുന്നുണ്ടായിരുന്നില്ലവന്.... ആ അമ്മയുടെ മുഖം കാണുമ്പോൾ താൻ ഉള്ളിൽ സ്വരുകൂട്ടിവച്ച ധൈര്യം ഒക്കെ എവിടേക്കോ ചോർന്നു പോകുന്ന പോലെ.... ""രണ്ടാളും അകത്തേക്ക് വാ...."' പ്രിയയെയും സത്യയെയും അവർ അകത്തേക്ക് ക്ഷണിച്ചു., സത്യ മുന്നേ അകത്തേക്ക് കയറി പോയി....പ്രിയക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല... ആരുമില്ലാത്തവനല്ലേ സത്യ.... അത് നേരത്തെ മദർ കൂടി പറഞ്ഞതാണല്ലോ... അങ്ങനെ എങ്കിൽ പിന്നെ ഇതാരാ.....സത്യ അവരെ അമ്മ എന്ന് വിളിക്കുന്നു..... അവളോരോന്ന് ചിന്തിച്ചു കൊണ്ട് വാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചതും മുന്നിലെ ഫ്രെയിം ചെയ്ത് മാലയിട്ട് വച്ചിരിക്കുന്ന ഫോട്ടോയിലേക്കായിരുന്നവളുടെ മിഴികൾ ആദ്യം ചെന്നു പതിച്ചത്...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story