അറിയാതെ: ഭാഗം 1

ariyathe

രചന: THASAL

മതി......ഇനി അധികം പറഞ്ഞു എനിക്ക് മുന്നിൽ ബുദ്ധി മുട്ടണ്ട..... അരുണേട്ടാ.... നിക്ക് മനസ്സിലാകും.....പ്രണയം എന്നത് ഒരാളിൽ മാത്രം ഉണ്ടാകേണ്ട ഒന്നല്ലല്ലോ.... നിങ്ങളിൽ അത് ഇല്ലാതായ നിമിഷം നമ്മൾക്കിടയിൽ ഉണ്ടായിരുന്ന പ്രണയം മരിച്ചു കഴിഞ്ഞു.....ഞാനായിട്ട് ഒരു ശല്യത്തിനും വരില്ല.... * തല താഴ്ത്തി നിറഞ്ഞ കണ്ണുകളെ പിടിച്ചു നിർത്താൻ പാട് പെട്ടു കൊണ്ടായിരുന്നു അവൾ പറഞ്ഞത്.....അരുൺ തെല്ലും ദയ പോലും ഇല്ലാതെ അവളെ പുച്ഛത്തോടെ നോക്കി... "ഇതെല്ലാം സാധാരണയല്ലെ നിലാ.... അതിന് നീ എന്തിനാ കണ്ണു നിറക്കുന്നത്.... കരഞ്ഞു ബാക്കി ഉള്ളവരെ കൂടി അറിയിക്കണ്ട... " ഒരു നിമിഷം കലങ്ങിയ കണ്ണുകളോടെ ഉറച്ച ഒരു നോട്ടം ആയിരുന്നു അവളുടെ മറുപടി... നെഞ്ച് പിടയുന്നുണ്ട്..... ഹൃദയത്തിലേക്ക് ഒരു കടാര തന്നെ കുത്തി ഇറക്കുന്ന വേദന.... അഞ്ച് വർഷത്തെ പ്രണയം....... ഊണിലും ഉറക്കത്തിലും ഒരുവനെ മാത്രം സ്വപ്നം കണ്ടു....അവന്റെ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ചു... അവനായി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച്... അവന്റെ ആഗ്രഹപ്രകാരം തന്നെ പോലും മാറ്റിയവൾ..... ഇതാണോ സാധാരണം....ആകും പ്രണയം തോന്നുന്ന സമയത്ത് അസാദാരണമായി തോന്നുന്നത് എന്തും പ്രണയം മരിച്ചാൽ ഒരു നിമിഷം കൊണ്ട് സാധാരണയായി മാറും.... ഉള്ളിലെ വേദന തൊണ്ടകുഴിയെ മുറിവേൽപ്പിച്ചു.....

വേദനയോടെ ഉള്ളം തേങ്ങുമ്പോഴും ശബ്ദം പുറത്തേക്ക് വരാതെ അവൾ സൂക്ഷിച്ചു.... "ഹൃദയം വേദനിച്ചാൽ കണ്ണ് നിറയും അരുണേട്ടാ..... അത് എനിക്കായാലും.... നിങ്ങൾക്ക് ആയാലും....." അവൾ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാൻ കഷ്ടപ്പെട്ടു കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു... അവൻ അതിനൊരു ശ്രദ്ധ നൽകാതെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു... "ഞാൻ ഒരുപാട് സ്നേഹിച്ചിട്ടെ ഒള്ളൂ... അത് കൊണ്ടായിരിക്കും ഇത്രയും വേദന... സാരല്യ.... ഏട്ടന് ഇത് കൊണ്ട് സന്തോഷം കിട്ടും എങ്കിൽ ഞാനായിട്ട് ഒരു എതിരും നിൽക്കില്ല..... പക്ഷെ....ന്നെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു......." അവളുടെ ഹൃദയം അലമുറ ഇട്ടു കരയുകയായിരുന്നു... എങ്കിലും പുറമെ അവൾ അതൊന്നും പ്രകടിപ്പിക്കാതെ തന്നെ നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ചു മാറ്റി.... പിന്നെയും അവനിൽ നിന്നും ഏൽക്കുന്ന പുച്ഛം നിറഞ്ഞ നോട്ടവും മൗനവും സഹിക്കാൻ കഴിയാതെ ആ പെണ്ണ് തിരിഞ്ഞു നടന്നു.... ഉള്ളിൽ ആരോ വിഡ്ഢിഎന്ന് പല തവണ വിളിച്ചു..... ശരിയാണ് വിഡ്ഢി തന്നെയാണ്....വീട്ടുകാർ പോലും എതിർത്തിട്ടും അവനോടൊപ്പം മാത്രമേ ജീവിക്കൂ എന്ന് വാശി പിടിച്ചു ഇത്രയും കാലം പിടിച്ചു നിന്ന താൻ വിഡ്ഢി തന്നെയാണ്.... സ്വയം പറഞ്ഞു പോയി... കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നു... ദാവണി ശീലയിൽ കണ്ണുകൾ തുടച്ചു ചുണ്ടിലെ ഗദ്ഗദം മറച്ചു പിടിച്ചു കൊണ്ട് അവൾ ആ ഗ്രാമ വഴിയിലൂടെ മുന്നോട്ട് നടന്നു....

"എന്താ കുട്ട്യേ.... ഈ നേരത്ത്.... സന്ധ്യ മയങ്ങിയാൽ പാമ്പും ഇഴ ജന്തുക്കളും ഉണ്ടാകും എന്ന് അറിയില്ലേ.... " കാവ് കടക്കും വഴി രാമേട്ടന്റെ വാക്കുകൾ കേട്ടു അവൾ ഉള്ളിലെ സങ്കടം മറച്ചു പിടിച്ചു കൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... കാവിൽ വിളക്ക് വെക്കാൻ വന്ന മകൾ ശ്രീകുട്ടിയെ കൂട്ടാൻ വന്നതാണ് അദ്ദേഹം.... "ഒന്നും ഇല്ല രാമേട്ടാ.... ഞാൻ കവലയിൽ നിന്ന് വന്നപ്പോൾ.... " അവൾ പിറകിലേക്ക് ചൂണ്ടി എന്തോ പറയാൻ ശ്രമിക്കുന്നത് കണ്ടാവാം അദ്ദേഹം മെല്ലെ ഒന്ന് തലയാട്ടി.... "മോള് നിൽക്ക്..... ഞാൻ വീട്ടിൽ കൊണ്ടാക്കി തരാം... " "വേണമെന്നില്ല രാമേട്ടാ..... ഈ പാടം കഴിഞ്ഞാൽ എത്തിയല്ലോ.... ഞാൻ പൊക്കോളാം.... " അറിയാതെ തന്നെ വാക്കുകൾ ഇടയ്ക്കിടെ ഇടറുന്നുണ്ടായിരുന്നു.... ഉള്ളിലെ സങ്കടം പുറത്തേക്ക് വരും പോലെ.... അവൾ വിറയുന്ന ചുണ്ട് കടിച്ചു പിടിച്ച് കൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് വേഗം തന്നെ അവിടെ നിന്നും നടന്നകന്നു..... അദ്ദേഹവും സംശയത്തോടെ അവളെ നോക്കി നിൽക്കുകയായിരുന്നു.... "നില..... " കാവിൽ നിന്നും കയറി വന്ന ശ്രീകുട്ടി നിലയെ നോക്കി ഉറക്കെ വിളിച്ചു... അവൾ അത് കേട്ടു എങ്കിലും എന്തോ തിരിഞ്ഞു നോക്കാൻ മനസ്സ് തോന്നിയില്ല... വേഗം തന്നെ കാലുകളുടെ വേഗത കൂട്ടി.... "ഇവൾക്കിത് എന്ത് പറ്റി.... " ശ്രീക്കുട്ടി രാമേട്ടന്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു...രാമേട്ടനും അവൾ പോയ വഴിയേ നോക്കി നിൽക്കുകയായിരുന്നു... ▶▶▶

പാട വരമ്പിലൂടെ മുന്നോട്ട് നടക്കുമ്പോൾ കണ്ണുനീരിനാൽ കാഴ്ചക്ക് പാട കെട്ടിയിരുന്നു..... ചെറു ശബ്ദത്തോടെ അവളിലെ തേങ്ങൽ പുറത്തേക്ക് വന്നു.... നോവുന്നു എന്ന് ഹൃദയം പോലും അവളോട്‌ ആവർത്തിച്ചു പറയും പോലെ... നോവുന്നുണ്ട്.... ജീവൻ പോകും പോലെ തോന്നുന്നു... ഹൃദയത്തിൽ എന്തോ ഒന്ന് കൊളുത്തി പിടിക്കും പോലെ.... ഉള്ളിൽ അപ്പോഴും പഴയ ഓർമ്മകൾ അലയടിക്കുന്നു....ആ കുഞ്ഞ് പെണ്ണിന്റെ വേദന ഹൃദയത്തേ തുളഞ്ഞു കയറുന്നു... അത്രമാത്രം അവളുടെ ഉള്ളിൽ അവൻ പടർന്നു പന്തലിച്ച് കഴിഞ്ഞിരുന്നു... "ആരാ.... അത്.... " പാടത്ത് കെട്ടി വെച്ച ഏറുമാടം കടന്നു പോകുമ്പോൾ ആണ് ഗനഗാമ്പിര്യം ഏറിയ ശബ്ദം ഉയർന്നത്....ഒരു നിമിഷം അവൾ തറഞ്ഞു നിന്ന് പോയി.... ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി... "അച്ചേട്ടൻ.... " അവളുടെ ചുണ്ടുകൾ മെല്ലെ ഒന്ന് മന്ത്രിച്ചു... അവൾ വേഗം തന്നെ കണ്ണുനീരിന്റെ വഴുപ്പ് നിറഞ്ഞ മുഖം ദാവണി ശീലയിൽ തുടച്ചു.... അപ്പോഴേക്കും അയാൾ ഒരു ടോർച് തെളിച്ചു കൊണ്ട് ഏറുമാടത്തിൽ നിന്നും ചാടി ഇറങ്ങിയിരുന്നു... "ആരാന്ന് ചോദിച്ചത് കേട്ടില്ലേ.... " ഹർഷന്റെ അടുത്ത ചോദ്യത്തിൽ തന്നെ അവൾ തിരിഞ്ഞു നോക്കിയിരുന്നു.... "ഞാ..ഞാനാ...."

എത്രയൊക്കെ ശ്രമിച്ചിട്ടും ആ ശബ്ദം ഇടറി പോയി.... മുണ്ടും മടക്കി കുത്തി കണ്ണ് ചുളിച്ചു കൊണ്ട് അവൻ അവളുടെ മുഖത്തേക്ക് ടോർച് അടിച്ചതും അവളുടെ കണ്ണുകൾ ഒന്ന് കുറുകി പോയി.... ആളെ മനസ്സിലായതും അവൻ ലൈറ്റ് അവളുടെ മുഖത്ത് നിന്നും മാറ്റി.... "നില കൊച്ച് ആയിരുന്നോ..... നീ എന്താ ഈ നേരത്ത് ഇവിടെ.... " അവൻ ചോദിച്ചതും അവൾ ചുറ്റും ഒന്ന് കണ്ണുകൾ കൊണ്ട് തിരഞ്ഞു.... അവനും സംശയത്തോടെ അവൾക്കൊപ്പം കണ്ണുകൾ പായിച്ചു... "കവലയിൽ നിന്ന്.... " അവൾ എന്തോ മറക്കും പോലെ തല താഴ്ത്തി പോയിരുന്നു.... അവൻ ഒന്ന് അമർത്തി മൂളി... "മ്മ്മ്... നടക്ക്... " അവന്റെ സ്വരത്തിൽ ഒരു ഗൗരവം കലർന്നു....ടോർച് തെളിയിച്ചു കൊണ്ട് മുന്നേ നടക്കുന്നവന്റെ നിഴലു പറ്റി അവളും.... "നീ അരുണിനെ കണ്ടായിരുന്നോ.... !!?" നടക്കുന്നതിനിടെ ആയിരുന്നു അവന്റെ ചോദ്യം..... അവൻ അവളെ നോക്കുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല... അവൾ തല താഴ്ത്തി ഒരു മൂളലിൽ ഉത്തരം ഒതുക്കി.... "അവൻ വന്നിട്ടുണ്ട് എന്നറിഞ്ഞു... അവിടെ വരെ ഒന്ന് പോകാൻ പറ്റിയിട്ടില്ല.... നിന്നെ കാണാൻ എന്തായാലും വരുമല്ലോ... അത് കൊണ്ട് ചോദിച്ചതാ.... " അവന്റെ വാക്കുകൾ ആ പെണ്ണിന്റെ ഹൃദയത്തേ കീറി മുറിച്ചു കൊണ്ടിരുന്നു....

അവൾ ഒരു വാക്ക് കൊണ്ടോ ശബ്ദം കൊണ്ട് പോലും അവനെ ഒന്നും അറിയിക്കാതിരിക്കാൻ ശ്രദ്ധിക്കുകയായിരുന്നു.... "ഇപ്രാവശ്യം വരുമ്പോൾ നിങ്ങടെ വിവാഹം ഉണ്ടാകും എന്ന് അവൻ പറഞ്ഞായിരുന്നല്ലോ.... എന്തായി എന്നിട്ട്.... " അതിനും തീർത്തും മൗനമായിരുന്നു അവളുടെ ഉത്തരം.... കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു... ഒരുപാട് കൊതിച്ച ജീവിതം തനിക്ക് മുന്നിൽ തട്ടി എറിയപ്പെട്ടു എന്ന് പറയണോ....!!?....അതോ താൻ ചതിക്കപ്പെട്ടു എന്ന് പറയണോ... !!??... അവൻ ഓരോന്ന് പറയുമ്പോഴും മൗനമായി നിൽക്കുന്ന നില അവന് പുതുമ ഏറിയതായിരുന്നു..... "നീ എന്താടി ഒന്നും മിണ്ടാത്തത്.... ?" അവൻ പാടത്ത് നിന്ന് കയറി അവളെ ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു തലയും താഴ്ത്തി നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ തുടക്കുന്ന നിലയെ.... ചുണ്ടുകൾ കടിച്ചു പിടിച്ചിട്ടുണ്ട്.... ഉള്ളിലെ വേദനയുടെ ശക്തി എന്നോണം ചുണ്ടിൽ നിന്നും രക്തം കിനിയുന്നുണ്ട്.... അവനിൽ ഒരു ആധി ഉടലെടുത്തു... "നില കൊച്ചെ.... " അവന്റെ വിളിയിൽ അവളുടെ ഉള്ളിലെ എല്ലാ വേദനയും പുറത്തേക്ക് വന്നിരുന്നു.... അവൾ ഒരു പൊട്ടിക്കരച്ചിലോടെ വീട്ടിലേക്ക് ഓടുന്നത് തരിച്ചു കൊണ്ട് അവൻ നോക്കി നിന്നു..... ▶▶▶

"വയ്യേ നിനക്ക്.... വന്നപ്പോൾ തൊട്ട് കിടത്തം ആണല്ലോ.... " ബെഡിൽ അവൾക്ക് അരികെ വന്നിരുന്നു അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് അമ്മ ചോദിച്ചതും അവൾ മെല്ലെ തല ഉയർത്തി അവരുടെ മടിയിലേക്ക് കയറി കിടന്നു കൊണ്ട് അവരുടെ വയറിൽ മുഖം പൂഴ്ത്തി.... "തല... വേദനയാ അമ്മാ....." പറയുമ്പോൾ കരച്ചിൽ ചീളുകൾ പുറത്തേക്ക് വന്നു പോയിരുന്നു.... അമ്മ അവളുടെ നെറുകയിൽ മെല്ലെ ഒന്ന് തലോടി... "അതിനാണോ നില കൊച്ച് കരയുന്നത്.... ബാം പുരട്ടിയാൽ മാറില്ലേ.... മോള് എഴുന്നേൽക്ക്... അമ്മ ബാം പുരട്ടി തരാം... " അവർ അവളോട്‌ വാത്സല്യത്തോടെ പറഞ്ഞതും അവൾ വേണ്ടാ എന്ന പോലെ തല ചെരിച്ചു കൊണ്ട് അവരെ ഒന്നൂടെ ചുറ്റി പിടിച്ചു... "മ്മ്മ്ഹും... വേണ്ടാ... അമ്മ കുറച്ചു നേരം ഇങ്ങനെ ഇരിക്കാവോ....." അവളുടെ കണ്ണുകൾ മത്സരിച്ച് ഒഴുകി കൊണ്ടിരുന്നു... അമ്മ പിന്നെ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു.... "അമ്മേടെ കൊച്ചിന് ഇതെന്താ പറ്റിയെ.... " അവളുടെ കരച്ചിലിന്റെ ശക്തി കൂടിയതും അവർ ഒരു ആകുലതയോടെ ചോദിച്ചു... അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.....അവൾക്ക് ആരെയും കുറ്റപ്പെടുത്താൻ കഴിയുമായിരുന്നില്ല..... "സോറി അമ്മാ...." അവളുടെ ചുണ്ടുകൾ ഇടയ്ക്കിടെ മന്ത്രിച്ചു കൊണ്ടിരുന്നു.... ▶▶▶

"ഇതാര്.... ഹർഷനോ..... ഈ വഴി തന്നെ വന്നതാണോ.... " ഗേറ്റ് കടന്നു വരുന്ന ഹർഷനെ കണ്ടു വാസുദേവൻ കയ്യിലെ പത്രം മടക്കി തിണ്ണയിൽ തന്നെ വെച്ച് കൊണ്ട് ചോദിച്ചതും ഹർഷൻ പുഞ്ചിരിയോടെ ഉള്ളിലേക്ക് കയറി... "ഇങ്ങോട്ട് തന്നെ വന്നതാ.... സഖാവിനെ കണ്ടിട്ട് കുറച്ച് ആയില്ലേ..... " "കാല് പോയ സഖാക്കളെ പാർട്ടിക്കോ നാട്ടുകാർക്കോ ആവശ്യം ഇല്ലല്ലോ ഹർഷ.... താൻ മറന്നോ അത്.... " ഊന്ന് വടിയിൽ താങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞതും അവനും അദ്ദേഹത്തെ നേരെ നിൽക്കാൻ സഹായിച്ചു.... "ആർക്ക് ആവശ്യം ഇല്ലെങ്കിലും ഞങ്ങളെ പോലെ ജാതിയും മതവും പാർട്ടിയും ഒന്നും ഇല്ലാത്ത കുറച്ചു പേർക്ക് ആവശ്യം ഉണ്ടല്ലോ സഖാവെ..... ചെറുപ്പം തൊട്ടേ ഞങ്ങൾ നിങ്ങളെ കാണുന്നതല്ലേ...ഈ നാടിന് വേണ്ടി ഒരുപാട് തവണ ശബ്ദം ഉയർത്തിയ ഈ സഖാവിനെ ഞങ്ങൾക്ക് അങ്ങനെ മറക്കാൻ കഴിയോ..... വേണ്ടാത്തത് ഒന്നും ആലോചിച്ചു കൂട്ടാതെ ഇവിടെ ഇരിക്ക്..... " അവൻ ഒരു ശാസന പോലെ പറഞ്ഞു കൊണ്ട് അദ്ദേഹത്തേ ചേർത്ത് പിടിച്ചു ചാരു കസേരയിൽ ഇരുത്തി... അദ്ദേഹവും ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു.... അദ്ദേഹത്തിന് മുന്നിൽ ചാരു പടിയിൽ ഇരിക്കുമ്പോഴും അവന്റെ കണ്ണുകൾ അനുവാദമില്ലാതെ ഉള്ളിലേക്ക് നീളുന്നുണ്ടായിരുന്നു....

എന്തോ ആധി ഉള്ളിൽ നിറച്ചു കൊണ്ട്..... "നില...... " ഉള്ളിലേക്ക് നോക്കി കൊണ്ട് അദ്ദേഹം വിളിച്ചതും അവന്റെ കണ്ണുകൾ ഒരു നേരം അദ്ദേഹത്തേ തേടി പോയി എങ്കിലും ആ നോട്ടം ഉള്ളിലെക്കുള്ള വാതിൽ പടിയിലേക്ക് തന്നെ നീണ്ടു.... ആരോ വരുന്ന കാലടികൾ അവൻ കേൾക്കുന്നുണ്ടായിരുന്നു... പക്ഷെ ഇറങ്ങി വന്ന അമ്മയെ കണ്ടു അവന്റെ ഉള്ളിൽ ഒരു നിരാശ ഉടലെടുത്തു... എങ്കിലും മനോഹരമായി അവർ തനിക്ക് നൽകിയ പുഞ്ചിരിയെ അവനും തിരികെ നൽകി.... "എന്താ വാസുവേട്ടാ.... " അവർ ചോദിച്ചതും അദ്ദേഹം ഒന്ന് തിരിഞ്ഞു നോക്കി... "നില എവിടെ.... രാവിലെയും കണ്ടില്ലല്ലോ... " അദ്ദേഹം അന്വേഷിച്ചു... "ഇന്നലെ വന്നത് മുതൽ തലവേദനയാണ് എന്ന് പറഞ്ഞു കിടത്തം ആയിരുന്നു.... ഇന്ന് രാവിലെ നോക്കുമ്പോൾ നല്ല പനി ഉണ്ട്.... ഞാൻ കഷായം കൊടുത്തു....ഒന്ന് എണീറ്റു നടക്കാൻ പറഞ്ഞിട്ട് കേൾക്കണ്ടെ... റൂമിൽ തന്നെ കിടത്തം ആണ്... ക്ഷീണം കാണും... അല്ലേൽ വീട്ടിൽ ഇരിക്കില്ലല്ലോ... " അവരുടെ വാക്കുകൾ കേട്ടു ഹർഷന്റെ ഉള്ളിലെ ആധി ഏറി.... കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു ഉള്ള് നിറയെ... കാരണം അറിയാതെ അവന്റെ ഉള്ളം കറങ്ങുകയായിരുന്നു.... ഇത് വരെ കരഞ്ഞു കണ്ടിട്ടില്ല.... പക്ഷെ ഈ കാര്യം അവളുടെ അമ്മയോടും അച്ഛനോടും പറയാൻ ഉള്ള ധൈര്യം അവന് ഉണ്ടായിരുന്നില്ല... "എന്താ പറ്റിയെ.....

ഇന്നലെ പോകും വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.... " "ഇന്നലെ മഞ്ഞ് ഉണ്ടായിരുന്നില്ലേ.... ആ സമയത്ത് ആണല്ലോ കയറി വന്നേ... അതിന്റെതായിരിക്കും... കൂടിയാൽ നമുക്ക് ആശുപത്രിയിൽ കൊണ്ട് പോകാന്നെ.... മോൻ... ഇരിക്ക്.... ഞാൻ കാപ്പി കൊണ്ട് വരാം.... " അച്ഛനോട് ആണ് തുടങ്ങിയത് എങ്കിലും അവസാനിപ്പിച്ചത് ഹർഷനോട് ആയിരുന്നു... അവൻ മെല്ലെ ഒന്ന് തലയാട്ടി.... "സഖാവെ.... ഞാൻ നിലയെ ഒന്ന് കണ്ടിട്ട് വരാം.... " എന്തോ ഉള്ളിൽ തോന്നിയതിന്റെ പുറത്ത് അവൻ അത് പറഞ്ഞു കൊണ്ട് തിണ്ണയിൽ നിന്നും എഴുന്നേറ്റു.... അച്ഛൻ ഒരു തലയാട്ടലോടെ സമ്മതം നൽകിയതും അവൻ ഉള്ളിലേക്ക് കടന്നു.... ഒരുപാട് തവണ വന്ന വീട് ആയത് കൊണ്ട് തന്നെ അവളുടെ റൂം ഏതാണെന്നു അവന് അറിയാമായിരുന്നു.... അവൻ മെല്ലെ ചാരി വെച്ച ഡോറിൽ ഒന്ന് തട്ടി... "നിക്ക് ഇനി ഒന്നും വേണ്ടാമ്മാ.... " ക്ഷീണം നിറഞ്ഞ നിലയുടെ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു... ആ വാക്കുകളിൽ ഉള്ളത് ശരീരത്തിനുണ്ടായ തളർച്ചയല്ല മനസ്സിനേറ്റ മുറിവ് ആണെന്ന് അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... അവൻ മെല്ലെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി... "അമ്മയോട് ഞാൻ പറഞ്ഞില്ലേ... വേണ്ടാന്ന്... " അവൾ ശബ്ദം ഉയർത്തി കൊണ്ട് ചെരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന ഹർഷനെ കണ്ടു ഒരു ഞെട്ടലോടെ അവൾ പിടഞ്ഞു എഴുന്നേറ്റു....

പെട്ടെന്ന് തന്നെ പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് ചുമരിലേക്ക് ചാരി ഇരുന്നു... "അച്ചേട്ടൻ ആയിരുന്നോ.... എപ്പോഴാ വന്നേ... " ഉള്ളിലെ സങ്കടം പുറമെക്ക് കാണിക്കാതെ അവനെ നോക്കി ചിരിച്ചെന്ന് വരുത്തി കൊണ്ട് അവൾ ചോദിച്ചതും അവൻ യാതൊരു ഭാവവും കൂടാതെ ഒരു നോട്ടമായിരുന്നു അവൾക്ക് നൽകിയത്.... "എന്താ നിന്റെ പ്രശ്നം.... നീ എന്തിനാ കരയുന്നത്.... " അവൻ ചോദിച്ചതും അവൾ പെട്ടെന്ന് തന്നെ ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചു നീക്കി... "നിക്ക് എന്ത് പ്രശ്നം.... അച്ചേട്ടന് വെറുതെ തോന്നുന്നതാ.... നിക്ക് ഒന്നും ഇല്ല.... തല വേദനിക്കുന്നുണ്ട്... അതാവും.... " അവൾ അവനെ നോക്കാതെ തന്നെ ഉത്തരം നൽകി.... "നീ കുട്ടിപാവാടയും ഇട്ട് ഓടി നടക്കുന്ന പ്രായം മുതൽ നിന്നെ കാണുന്നവൻ അല്ലേ ഞാൻ.... ആ എന്നോട് കള്ളം പറഞ്ഞാൽ എങ്ങനെയാ നില കൊച്ചെ..... അച്ചേട്ടന്റെ കൊച്ച് എണീറ്റു വന്നേ... നമുക്ക് ഒന്ന് നടക്കാം.... " ഉള്ളിലെ ആധിയെ മറച്ചു പിടിച്ചു ആയിരുന്നു അവൻ പറഞ്ഞത്... "വേ....ണ്ടാ...അച്ചേ... ട്ടാ... " സങ്കടം കൊണ്ട് ഇടറിയ ശബ്ദത്തോടെ പറയുമ്പോൾ അവളുടെ കണ്ണുകളും ഒഴുകുന്നുണ്ടായിരുന്നു.... "ആഹാ.... ഇവള് എണീറ്റോ.....അച്ചേട്ടനെ കണ്ടാലേ എണീക്കുകയൊള്ളു അല്ലേ...

" ചെറു ചിരിയോടെ ചായ ഗ്ലാസ്‌ പിടിച്ചു കയറി വന്ന അമ്മ പറഞ്ഞതും അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു... "ഇവൾക്ക് ആണോ പനി.... എവിടെ.... ഞാൻ നോക്കീട്ട് ഒന്നും കണ്ടില്ല.... പണി എടുക്കാൻ മടിഞ്ഞു കിടക്കുകയാ.... " ഹർഷൻ അവരുടെ കയ്യിൽ നിന്നും ചായ ഗ്ലാസ്‌ വാങ്ങി കൊണ്ട് പറഞ്ഞു... അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കളഞ്ഞു കൊണ്ട് അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... "സാവിത്രി.... " പുറത്ത് നിന്നും അച്ഛന്റെ വിളി കേട്ടു അവർ പുറത്തേക്ക് നടന്നതും ഹർഷന്റെ കണ്ണുകൾ നിലയിലേക്ക് തന്നെ പതിഞ്ഞു... അവൾക്ക് നേരെ ചായ ഗ്ലാസ്‌ നീട്ടിയതും അവൾ ആദ്യം ഒന്ന് വാങ്ങിയില്ല എങ്കിലും അവൻ നിർബന്ധിച്ചു അത് അവളുടെ കയ്യിൽ ഏൽപ്പിച്ചു.... "എന്റെ കൊച്ച് ഈ ചായ അങ്ങ് വലിച്ചു കുടിച്ചിട്ട് പുറത്തേക്ക് വാ.... ഞാൻ പുറത്ത് ഉണ്ടാകും.... " അത് മാത്രം പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നതും അവളുടെ ഉള്ളം അലറി വിളിക്കുകയായിരുന്നു... കണ്ണുകളിൽ നിന്നും ഹൃദയത്തിൽ നിന്നും രക്തം പൊടിയും പോലെ... എന്തോ ഈ വേദന ഹൃദയം താങ്ങുന്നില്ല.... ചായ ചുണ്ടോട് ചേർത്തതും എന്തോ രക്തചുവയാണ് തോന്നിയത്... അത്രമാത്രം അവളെ ആ വേദന ബാധിച്ച് കഴിഞ്ഞിരുന്നു....  തുടരും

Share this story