അറിയാതെ: ഭാഗം 2

ariyathe

രചന: THASAL

"നില..... " തൊടിയിൽ ഇലഞ്ഞി മരത്തിൻ ചുവട്ടിൽ അവന് മുഖം കൊടുക്കാതെ നിൽക്കുന്ന നിലയെ അവൻ മെല്ലെ ഒന്ന് വിളിച്ചു.... ആർക്ക് മുന്നിൽ അഭിനയിക്കാനും അവൾക്ക് ആകുമായിരുന്നു... പക്ഷെ അവന് മുന്നിൽ അത് സാധിക്കാതെ വന്നു.... "നോവുന്നു.... അച്ചേ... ട്ടാ.... " ഉള്ളിലെ വേദനയാൽ അവളുടെ ശരീരം ഒന്ന് ഉലഞ്ഞു... അവന് ഒന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല... "എന്താ നിനക്ക് പറ്റിയത്... എന്തിനാ അച്ചേട്ടന്റെ കൊച്ച് ഇങ്ങനെ കരയുന്നെ.... " അവന്റെ ചോദ്യത്തിന് മുന്നിൽ ഒരു ഏങ്ങലോടെ അവൾ ഒന്നും ഇല്ല എന്ന പോലെ ഒന്ന് തലയാട്ടി... "നീ എന്നെ ഇങ്ങനെ ആധി പിടിപ്പിക്കാതെ പറ....മോളെ..."

അവന്റെ സ്വരത്തിൽ ഒരു പേടി കലർന്നു... അവൾ ഒന്നും ആലോചിക്കുക പോലും ചെയ്യാതെ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു.... അവൻ ഞെട്ടി തരിച്ചു പോയി.... ഇങ്ങനെ ഒരു പ്രവർത്തി അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല..... അവൾ അവനെ ചുറ്റി പിടിച്ചു കൊണ്ട് തന്നെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരഞ്ഞു... "ന്നെ വേണ്ടാന്ന്.... പറ...ഞ്ഞു.... അച്ചേ... ട്ടാ.... അരുണേ..ട്ടൻ... ന്നോട് വേണ്ടാന്ന്.... പറഞ്ഞു...." ഇടക്ക് മുറിഞ്ഞ വാക്കുകൾ ചേർത്ത് വെക്കുന്ന തിരക്കിൽ ആയിരുന്നു അവൻ... അവനിൽ അവളുടെ വാക്കുകൾ ഒരു ഞെട്ടൽ ഉണ്ടാക്കി... ഒരു സമാധാനിപ്പിക്കാൻ പോലും അവന്റെ കൈകൾ ഉയർന്നില്ല....

അവൻ നെറ്റി ചുളിച്ചു കൊണ്ട് അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.... "എന്താ നീ പറഞ്ഞത്.... " "ന്നോട്.... അരുണേട്ടൻ..... " ബാക്കി പറയാൻ അവൾക്ക് ആകുമായിരുന്നില്ല...... അവളുടെ മുഖം താഴ്ന്നു.... വിതുമ്പുന്ന ചുണ്ടുകളെ അവൾ ദാവണി തലയിൽ പൊത്തി പിടിച്ചു.... "ഇതിനാണോ നീ ഇങ്ങനെ കരയുന്നത് എന്റെ കൊച്ചെ... അവൻ ഒരു തമാശ പറഞ്ഞത് ആയിരിക്കും.... " അവന്റെ വാക്കുകൾക്ക് അവൾ നിഷേധത്തിൽ ഒന്ന് തലയാട്ടി.... വീണ്ടും കരച്ചിൽ ചീളുകൾ പുറത്തേക്ക് വന്നതും ഹർഷൻ അവളുടെ തലയിൽ ഒന്ന് മേടി.... "ച്ച്.... നീ ഇങ്ങനെ കരയാതെ കൊച്ചെ.... ഞാൻ സംസാരിക്കാം അവനോട്.. എന്നാ അവൻ എന്തെങ്കിലും ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞത് ആയിരിക്കും... "

"അല്ല അച്ചേട്ടാ.... ന്നോട് ഇതിന്.... മുന്നേയും പറഞ്ഞിട്ടുണ്ട്.... പക്ഷെ ഞാൻ അത്.... ഇഷ്ടം അല്ലാത്ത ആളോട് സംസാരിച്ച് ഇഷ്ടം ഉണ്ടാക്കാൻ ഒക്കത്തില്ലല്ലോ അച്ചേട്ടാ.... നിക്ക് അറിയില്ല...ന്താ ചെയ്യേണ്ടത് എന്ന്... മരിക്കാൻ തോന്നാ.... നോവുന്നു..... " അവളുടെ വാക്കുകളെ കരച്ചിൽ ചീളുകൾ മറച്ചു..... അവന്റെ കൈ ദേഷ്യത്തോടെ അവളുടെ കയ്യിൽ പതിഞ്ഞു... "അനാവശ്യം പറയാ നീ....മരിക്കാൻ തോന്നാൻ എന്താടി നിന്റെ കെട്ടിയവൻ ചത്തു പോയോ....അടങ്ങി ഇരുന്നോണം... ഞാൻ പോയി അവനോട് സംസാരിക്കാം.... ന്നിട്ട് നമുക്ക് നോക്കാം.... വീട്ടിൽ ആരേയും അറിയിക്കാൻ നിൽക്കണ്ട.... കേട്ടല്ലോ... " അവന്റെ ഗൗരവം ഏറിയ വാക്കുകൾക്ക് മുന്നിൽ അവൾ മൗനമായി തലയാട്ടി...

"നീ കണ്ണ് തുടച്ചെ....." അവൻ അവളുടെ കണ്ണുനീർ കാണാൻ കഴിയാതെ തല ചെരിച്ചു കൊണ്ടായിരുന്നു പറഞ്ഞത്.... അവൾ മെല്ലെ ഇരുകൈകൾ കൊണ്ടും കണ്ണുകൾ അമർത്തി തുടച്ചു... കരച്ചിലിന്റെ അവശേഷിപ്പ് പോലെ കണ്ണുകൾ ചുവന്നിരുന്നു.... അവൻ അവളുടെ കവിളിൽ മെല്ലെ ഒന്ന് തട്ടി... "ഇനി കിടക്കാൻ ഒന്നും നിക്കണ്ടാട്ടൊ....അച്ചേട്ടൻ പറഞ്ഞോളാം അവനോട്..." അവൻ പുഞ്ചിരിയോടെ സൗമ്യമായി പറഞ്ഞു... അവൾക്ക് അറിയാമായിരുന്നു അത് വെറുമൊരു വാക്കായി മാത്രം ചുരുങ്ങും എന്ന്... കാരണം അവൾ കണ്ടതാണ് അരുണിന്റെ കണ്ണുകളിലെ പുച്ഛ ഭാവം.... ഇന്ന് വരെ അവൾ കണ്ട അരുൺ അല്ലായിരുന്നു അവൻ.... അച്ചേട്ടന്റെ കൂട്ടുകാരൻ അല്ലായിരുന്നു....

തന്റെ അരുണേട്ടൻ അല്ലായിരുന്നു... വേറെY ആരോ..... എങ്കിലും ഒരു പ്രതീക്ഷ....പ്രണയം എപ്പോഴും അങ്ങനെ ആണല്ലോ.... യുക്തി എത്ര വേണ്ടാ എന്ന് പറഞ്ഞാലും മനസ്സ് അതിന് അനുവദിക്കില്ല.... "നിനക്ക് അറിയാലോ നിന്റെ കണ്ണുനീരിന് മുന്നിലെ നിന്റെ അച്ഛനും അമ്മയും തോറ്റു തന്നിട്ടുള്ളൂ.... നീ ആയിട്ട് ഇനിയും അവരെ തോൽപ്പിക്കരുത്.....നല്ല കുട്ടിയായി കൊച്ച് ഉള്ളിലേക്ക് പൊയ്ക്കേ.... " ഹർഷൻ പറഞ്ഞതും അവൾ ഒഴുകുന്ന കണ്ണുകൾ വാശിയോടെ പിടിച്ചു നിർത്തി കൊണ്ട് തിരിഞ്ഞു നടന്നു.... അവൾ പോകുന്നത് നോക്കി നിൽക്കെ അവന്റെ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു.... എന്തോ അവളുടെ ചെറു സങ്കടം പോലും ഉള്ളിൽ ഒരു അഗ്നിപർവതം കണക്കെ പുകയും പോലെ....

അവൻ ഗൗരവം നിറഞ്ഞ കണ്ണുകളോടെ തൊടിയിൽ നിന്നും കയറി... "ഹർഷ.... പോവാണോ.... " ഉമ്മറത്തു നിന്നും സഖാവിന്റെ ശബ്ദം കേൾക്കാമായിരുന്നു.... അവൻ മെല്ലെ ഒന്ന് കൈ ഉയർത്തി കാട്ടി.. "പിന്നെ വരാം സഖാവെ..... " അവൻ അതും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ദീപം..... ദീപം..... " നിലവിളക്ക് പിടിച്ചു ഉമ്മറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ മെല്ലെ മൊഴിഞ്ഞു കൊണ്ടിരുന്നു.... നില വിളക്ക് വീടിന് മുന്നിൽ വെച്ചു അവിടെ തന്നെ ഇരുന്നു കൈ കൂപ്പി ജപം ചൊല്ലാൻ തുടങ്ങി.... "നില.... " ഉള്ളിൽ നിന്നും അമ്മയുടെ വിളിയിൽ അവൾ ഒന്ന് തിരിഞ്ഞു നോക്കി... "ഇതാ...നിനക്കാ ഫോൺ.... " അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു...

"ആരാമ്മാ...." "ഹർഷനാ....വന്നു എടുക്ക്.... " ഹർഷന്റെ പേര് കേട്ടതും അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു... അരുണേട്ടൻ.... ഹൃദയം എന്ത് കൊണ്ടോ മന്ത്രിച്ചു... അവൾ ഇരുന്നിടത്ത് നിന്നും തപ്പി പിടഞ്ഞു എഴുന്നേറ്റു കൊണ്ട് ഉള്ളിലേക്ക് ഓടി.... സോഫക്ക് അരികിൽ വെച്ചിരുന്ന ഫോൺ എടുത്തു കാതോട് ചേർക്കുമ്പോൾ ആ പെണ്ണ് കൊതിക്കുന്നുണ്ടായിരുന്നു എല്ലാം തമാശയാണ് എന്ന് പറഞ്ഞു തന്നെ കളിയാക്കുന്ന ഹർഷന്റെ സ്വരത്തിന്.... "ഹെലോ... അച്ചേട്ടാ.... " അവളുടെ കിതപ്പോട് കൂടിയ വാക്കുകൾക്ക് എന്ത് മറുപടി നൽകും എന്നറിയാതെ നിസ്സഹായതയോടെ നിൽക്കുകയായിരുന്നു മറു വശത്ത് ഹർഷൻ..... അവന്റെ ഉള്ളം ഒന്ന് പിടച്ചു...... "അച്ചേട്ടാ കേൾക്കാവോ...."

അവൾ ഒരിക്കൽ കൂടി ചോദിച്ചു... "മ്മ്മ്... " ഒരു മൂളൽ...അത് പോലും ആ പാവം പെണ്ണിൽ പ്രതീക്ഷ ഏകുമോ എന്ന് അവൻ പേടിച്ചു... "അരുണേട്ടനോട് സംസാരിച്ചോ.... എന്നിട്ട് എന്താ പറഞ്ഞെ.... " ആ കുഞ്ഞ് മുഖം പ്രതീക്ഷയോടെ വിടർന്നിരുന്നു.... അവൻ എല്ലാം കേട്ടു മൗനമായി അല്പ നേരം നിന്നു....ഉള്ളം പിടയുന്നുണ്ട്.... വർഷങ്ങളോളം നെഞ്ചിൽ ഇട്ടു നടന്നവന്റെ വിവാഹം കഴിഞ്ഞു എന്ന് എങ്ങനെയാണ് ആ പെണ്ണിനോട് പറയുക.....അവളെ അവൻ മനഃപൂർവം ഒഴിവാക്കി എന്ന് എങ്ങനെ പറയും... !!?... അവന്റെ മൗനത്തിൽ നിന്ന് തന്നെ അവൾക്ക് മറുപടി എന്താകും എന്ന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.... അവളുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി....

പ്രതീക്ഷകൾ നമ്മെ കരയിക്കും എന്ന് പറയുന്നത് എത്ര ശരിയാണ്.... "ന്തെങ്കിലും ഒന്ന് പറയാവോ.....അച്ചേട്ടാ.... നോവുന്നുണ്ട്.... നിക്ക് നല്ലോണം....നോവുന്നുണ്ട്.... " അവളുടെ വാക്കുകൾ ഏങ്ങലുകൾ മറച്ചു... "നമുക്ക് അത് വേണ്ടാട്ടൊ നില കൊച്ചെ.... " ഏറെ നേരത്തേ മൗനത്തിന് ശേഷം ഉള്ള അവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു കടാര കണക്കെ കുത്തി കയറി....എങ്കിലും കുറച്ചു അപ്പുറം ഏതോ പുസ്തകവും പിടിച്ചു ഇരിക്കുന്ന അച്ഛനെ കണ്ടു അവൾ ഹൃദയം പൊട്ടുന്ന വേദനയിലും അവൾ സ്വയം നിയന്ത്രിച്ചു.... "ന്താ പറഞ്ഞെ..... ന്നെ വേണ്ടാ...ന്ന്... തന്നെയാണോ..... ഞാൻ നീളം ഇല്ലാത്തത്... കൊണ്ടാ...അതോ ഞാൻ.... നിറം കുറഞ്ഞത്... കൊണ്ടോ.....

നിക്ക് നീണ്ട വലിയ മുടി ഇല്ലാത്തത് കൊണ്ടാ....!!?" ചോദിക്കുമ്പോൾ ആ പെണ്ണിൽ വേദനയിൽ നിന്നും പിറവി എടുത്ത വെപ്രാളം നിറഞ്ഞിരുന്നു.... അവനും നൊന്തു.... കണ്ണുകൾ നിറഞ്ഞു... "അവന് നിന്നെ കിട്ടാനുള്ള യോഗ്യത ഇല്ല മോളെ.... എന്റെ കൊച്ചിന് അവനെ വേണ്ടാ..... " അവൾക്ക് ഹൃദയം നിലക്കും പോലെയാണ് തോന്നിയത്.... അല്പം മാറി ഇരുന്നിരുന്ന അച്ഛൻ നോക്കിയതും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു... ഉള്ളിൽ ഹൃദയം നുറുങ്ങുന്ന വേദനയിലും മറ്റുള്ളവർക്ക് വേണ്ടിയുള്ള ജീവനില്ലാത്ത പുഞ്ചിരി.... "നിക്ക് മനസ്സിലാകും അച്ചേട്ടാ.... ഞാൻ വെക്കുവാട്ടൊ..... " അവന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൾ ഫോൺ കട്ട്‌ ചെയ്തു... ഉള്ളം നീറി....

കണ്ണുകൾ നിറഞ്ഞു ഒഴുകും എന്ന് തോന്നിയ നിമിഷം റൂമിലേക്ക്‌ ഓടി.... വാതിൽ കുറ്റി ഇട്ടു കൊണ്ട് ദാവണി ശീല കടിച്ചു പിടിച്ചു ശബ്ദം പുറത്തേക്ക് വരാതെ അവൾ കരഞ്ഞു... ഒന്ന് അലറി കരയാൻ തോന്നി അവൾക്ക്.....ഹൃദയം നില വിളിക്കുന്നുണ്ട്.... പക്ഷെ അത് പുറത്തേക്ക് വരാൻ അവൾ അനുവദിച്ചില്ല.... "മോളെ...കാപ്പി കുടിക്കണ്ടെ വന്നേ.... " ഡോറിൽ തട്ടിയുള്ള അമ്മയുടെ വിളിയിൽ അവൾ ഒന്ന് ഏങ്ങി പോയി.... F "നിക്ക് വേണ്ടാ മ്മാ.... " അവൾ ശബ്ദത്തിൽ വേദന കലരാതിരിക്കാൻ ശ്രദ്ധിച്ചു.... "നിനക്ക് ഇഷ്ടപ്പെട്ട പരിപ്പുവട അച്ഛ കൊണ്ട് വന്നിട്ടുണ്ടഡി.... " അവളെ കൊതിപ്പിക്കാൻ എന്ന പോലെ പുഞ്ചിരിയൂർന്ന അമ്മയുടെ വാക്കുകൾ.... ഉള്ളിൽ മകളുടെ അവസ്ഥ അറിയാതെ...

"നിക്ക്... വേണ്ടാ... " അവൾ മെല്ലെ പറഞ്ഞു.... ഒന്ന് ശബ്ദം കൂട്ടിയാൽ പോലും അമ്മ അവളുടെ ഉള്ളിലെ സങ്കടം തിരിച്ചറിഞ്ഞു എന്ന് വരും...അവൾ കാൽമുട്ടിന് മേലെ തല ചായ്ച്ചു കിടന്നു.... പ്രണയം എന്നത് വേദനയാണോ എന്ന് സ്വയം ചോദിച്ചു പോയി അവൾ... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "മോളെ.... കതക് തുറന്നെ..... അത്താഴം കഴിക്കണ്ടെ.... മോളെ.... " വാതിലിൽ ശക്തിയായി തട്ടി കൊണ്ട് അമ്മ വിളിച്ചു.... പക്ഷെ ഉള്ളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല..... "നില.... അടികിട്ടും ട്ടൊ... നീ കതക് തുറന്നെ... " അവർ പിന്നെയും വിളിച്ചിട്ടും തുറക്കാതെ വന്നതോടെ അവരിൽ പേടി നിറഞ്ഞു... "മോളെ.... നില..... ഒന്ന് തുറക്ക്.....മോളെ.... "

വിളി കേൾക്കാതെ വന്നതോടെ ആ അമ്മയുടെ ആധി കൂടി വന്നു... അവർ കരഞ്ഞു കൊണ്ട് ഡോറിൽ തട്ടി.... "എന്താ.... എന്താടി.... " അവരുടെ കരച്ചിലും വെപ്രാളവും കണ്ടു അച്ഛൻ അപ്പോഴേക്കും സ്റ്റിക്ക് കുത്തി കൊണ്ട് തനിക്ക് കഴിയുന്ന വേഗത്തിൽ വന്നിരുന്നു.... "വസുവേട്ട....മോള് കതകു തുറക്കുന്നില്ല.... വിളിച്ചിട്ടും മിണ്ടുന്നില്ല...." അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു... കൂടെ കതകിൽ തട്ടി കൊണ്ടിരുന്നു... "മോളെ.... " "നീ കരയാതെ... അവള് ഉറങ്ങി പോയിട്ടുണ്ടാകും.... " അമ്മയെ സമാധാനിപ്പിക്കാൻ എന്ന പോലെ അച്ഛൻ പറയുമ്പോഴും അദ്ദേഹത്തിന്റെ കൈകൾ പോലും വിറ കൊള്ളുന്നുണ്ടായിരുന്നു... "മോളെ... നില... അച്ഛൻ ആടാ.... കതക് തുറന്നെ.... മോളെ....."

അദ്ദേഹവും തട്ടി വിളിച്ചു... "ഈശ്വരാ... എന്റെ കുഞ്ഞ്.... " അമ്മയുടെ ഏങ്ങലുകൾ അവിടമാകേ ഉയർന്നു കേട്ടു.... "സാവിത്രി... കരയാതെ പോയി... രവിയെ വിളിച്ചു കൊണ്ട് വാ.... പോയി വിളിക്കഡി.... " പിന്നെയും കരഞ്ഞു അവിടെ തന്നെ നിൽക്കുന്ന അമ്മയെ കണ്ടു അച്ഛൻ അലറിയതും അവർ അപ്പോൾ തന്നെ പുറത്തേക്ക് ഓടിയിരുന്നു... അച്ഛൻ വീണ്ടും വീണ്ടും ഡോറിൽ തട്ടി കൊണ്ടിരുന്നു... അവസാനം ഗതികേട് പോലെ ആ അച്ഛൻ ഡോറിനരികിൽ തന്നെ തളർന്നു ഇരുന്നു.... അല്പ സമയത്തിനുള്ളിൽ തന്നെ രവി ഓടി എത്തിയിരുന്നു.. അവർക്ക് പിന്നാലെ ആയി അമ്മയും... "എന്താ... എന്താ പറ്റിയത് സഖാവെ.... " "മോള്... " ബാക്കി പറയാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല....

ജീവിതം മുഴുവൻ ജനങ്ങൾക്ക്‌ നൽകി.. അവസാനം സ്വന്തം മോളുടെ ജീവന് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അച്ഛനായി അദ്ദേഹം അദ്ദേഹത്തേ തന്നെ കുറ്റപെടുത്തി.... നടക്കാൻ പ്രയാസപ്പെടുന്ന കാലുകളോട് വെറുപ്പ് തോന്നി... രവി ഡോർ ചവിട്ടി തുറന്നതും കണ്ടു ബോധമറ്റു തറയിൽ കിടക്കുന്ന നിലയെ.... അദ്ദേഹം അവളെ വാരി എടുത്തു പുറത്തേക്ക് ഓടുമ്പോൾ വയ്യാത്ത കാലുകൾ വെച്ചു ഒരു അടി മുന്നോട്ടു നടക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു അച്ഛൻ.... തന്റെ മകൾക്കു എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാൻ ആകാതെ...... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "എവിടെയാ.... " ഹോസ്പിറ്റലിന് ഉള്ളിലേക്ക് കയറുന്നതിനിടെ കിതപ്പോടെ ഹർഷൻ ഫോണിൽ ആരോടോ ചോദിച്ചു...

അവരിൽ നിന്നും മറുപടി ലഭിച്ചപ്പോൾ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് ഓടി കയറിയതും കണ്ടു പുറത്ത് തന്നെ കസേരയിൽ ചുമരിനോട് ചേർന്നു കരഞ്ഞു തളർന്നു ഇരിക്കുന്ന അമ്മയെ... അമ്മക്ക് ചാരെ തന്നെ ആയി അച്ഛനും ഇരിപ്പുണ്ട്... ആ കണ്ണുകളിൽf നിസ്സഹായത മാത്രം.... അവനെ കണ്ടതോടെ ആ കണ്ണുകൾ എന്തോ യാചിക്കും പോലെ... അവൻ അവരെ നിക്കാൻ ത്രാണി ഇല്ലാതെ കുറച്ചു അപ്പുറം ആരോഡോ സംസാരിച്ചു നിൽക്കുന്ന രവിയുടെ അടുത്തേക്ക് നടന്നു.... "എന്താ ണ്ടായെ രവിയേട്ട...." "അറിയില്ല കുഞ്ഞേ.... സാവിത്രി ചേച്ചിയുടെ കരച്ചിലും വിളിയും കെട്ടാ ഞാൻ ഓടി ചെന്നത്... ഉള്ളിൽ എത്തിയപ്പോൾ കതകിന്റെ അരികിൽ ഇരിക്കുന്ന സഖാവിനെ ആണ് കണ്ടത്....

ഡോർ ചവിട്ട് തുറന്നപ്പോൾ നില കുഞ്ഞ് ബോധം ഇല്ലാതെ കിടക്കുന്നു.... ഞാൻ അപ്പോൾ തന്നെ കുട്ടന്റെ ഓട്ടോയിൽ കുഞ്ഞിനെ കൊണ്ട് വന്നു....പിന്നെ രമേശൻ ആണ് സഖാവിനെയും സാവിത്രി ചേച്ചിയെയും കൊണ്ട് വന്നത്....കുറച്ചു നേരം ആയി ഡോക്ടർ f തേടി പോയത് ആ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തന്നെ ആയിരുന്നു.... തന്നിലെക്ക് നീളുന്ന ദയനീയത നിറഞ്ഞ നോട്ടം കണ്ടു കൊണ്ട് തന്നെ അവൻ വേഗം കണ്ണുകൾ പിൻവലിച്ചു.... പേടിയോ സങ്കടമോ വാശിയോ ദേഷ്യമോ ഉള്ളിൽ പേരറിയാത്താ ഒരു വികാരം കയറി കൂടിയിരുന്നു... മെല്ലെ അവൻ ചുമരിനോട് ചാരി നിന്നു....എന്തോ നിശബ്ദത തന്നെ പിടി കൂടിയ പോലെ...

അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വരുന്നത് കണ്ടു അവൻ വേഗം തന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി... "ഡോക്ടർ.... നില...." അവൻ ഉള്ളിലേക്ക് കണ്ണുകൾ ആക്കി കൊണ്ട് പറഞ്ഞു... "കുറച്ചു മുന്നേ കൊണ്ട് വന്ന സ്ലീപിങ്ങ് പിൽസ് കേസ് ആണ് സാർ.... " സംശയത്തോടെ നോക്കുന്ന ഡോക്ടറോട് അടുത്ത് നിന്നിരുന്ന നേഴ്സ് പറഞ്ഞതും ഞെട്ടിയത് ഹർഷൻ തന്നെ ആയിരുന്നു... "ഓവർ ഡോസിൽ സ്ലീപിങ്ങ് പിൽസ് ആണ് ആ കുട്ടിയുടെ ശരീരത്തിൽ എത്തിയിരിക്കുന്നത്....മരണം വരെ സംഭവിക്കാൻ ചാൻസ് ഉണ്ടായിരുന്നു.... I think അതിന് വേണ്ടി തന്നെയാവും കഴിച്ചതും.....സൂയിസൈഡ് അറ്റംറ്റ്... പോലീസിൽ അറിയിക്കേണ്ട കേസ് ആണ്....

കൃഷ്ണൻ സഖാവ് പറഞ്ഞത് കൊണ്ട് മാത്രമാണ് അത് ചെയ്യഞ്ഞത്..... " അല്പം മാറി നിൽന്ന കൃഷ്ണേട്ടനിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു... "ആള് സടെഷനിൽ ആണ്.... ഉണരാൻ സമയം എടുക്കും.... ഉണരുമ്പോൾ നമുക്ക് റൂമിലേക്ക് മാറ്റാം..... ടെൻഷൻ വേണ്ടാ.... now she is perfectly alright...." അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഡോക്ടർ നടന്നകന്നതും അവന്റെ ഉള്ളിൽ എന്തിനോ ദേഷ്യവും സങ്കടവും ഒരുപോലെ തിളച്ചു മറിയുകയായിരുന്നു.... അവൻ മെല്ലെ ചുമരിനോട് ചാരി ഇരിക്കുന്ന അച്ഛന്റെ അടുത്ത് പോയി ഇരുന്നു.... "എന്തിനാ മോനെ അവളിത് ചെയ്തത്.... " ഒരു അച്ഛന്റെ നിസ്സഹായതയിൽ നിന്നും ഉടലെടുത്ത വാക്കുകൾ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story