അറിയാതെ: ഭാഗം 3

ariyathe

രചന: THASAL

"എന്തിനാ മോനെ അവളിത് ചെയ്തത്.... " ഒരു അച്ഛന്റെ നിസ്സഹായതയിൽ നിന്നും ഉടലെടുത്ത വാക്കുകൾ.... അവന്റെ ഉള്ളിലും ആ വാക്കുകൾ ഒരു വേദന സൃഷ്ടിച്ചു.... സങ്കടങ്ങൾ ഏതും ഇല്ലാതെ വളർത്തിയ.... മകളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണും എന്ന് ആ അച്ഛനും കരുതി കാണില്ല.... "എന്തേലും ഉണ്ടെങ്കിൽ ന്നോട് പറഞ്ഞാൽ പോരായിരുന്നോ ന്റെ കുട്ടിക്ക്.... ന്തിനാ.... ന്തിനാ...അവള്...." അമ്മ ചുമരിനോട് മുഖം അടുപ്പിച്ച് തേങ്ങി കൊണ്ടിരുന്നു.... അവന്റെ കണ്ണുകളും നിറഞ്ഞു വന്നു... അത് വരെ സ്വരുകൂട്ടിയ ധൈര്യം എല്ലാം ചോർന്നു പോകും പോലെ... പാടില്ല.... താൻ തളർന്നാൽ കൂടെ നിൽക്കുന്നവരെയും അത് ബാധിക്കും...

അവൻ മൗനമായി തന്നെ സഖാവിന്റെ തോളിൽ മെല്ലെ ഒന്ന് തട്ടി കൊണ്ടിരുന്നു.... അവന്റെ കണ്ണുകളിൽ അഗ്നി എരിഞ്ഞു.... നിറഞ്ഞു ചുവന്ന ആ കുഞ്ഞ് കണ്ണുകൾ മനസ്സിലേക്ക് കയറി വന്നു.... അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു മുണ്ട് മടക്കി കുത്തി പുറത്തേക്ക് നടന്നു... "ഹർഷാ.... വേണ്ടാ... " തോളിൽ കൈ വെച്ചു കൊണ്ടുള്ള കൃഷ്ണേട്ടന്റെ വാക്കുകൾ... അവൻ ഒരു നിമിഷം അദ്ദേഹത്തെ ഒന്ന് നോക്കി.... "ആ പാവത്തെ ഈ അവസ്ഥയിൽ എത്തിച്ചിട്ട് ഒരുത്തനും നേരാം വണ്ണം വീട്ടില് ഇരിക്കണ്ടാ.... സഖാവെ....." അവന്റെ സ്വരത്തിലെ ദേഷ്യവും വാശിയും ഒരു വാക്ക് കൊണ്ട് പോലും തടയാൻ കഴിയില്ല എന്ന് കൃഷ്ണേട്ടന് മനസ്സിലായത് കൊണ്ടാകാം...

മൗനമായി കൈകൾ വേർപ്പെടുത്തി.... അവൻ ചുവന്ന കണ്ണുകളോടെ ഒരു നോട്ടം കൂടി തളർന്നു ഇരിക്കുന്ന അച്ഛനിലേക്കും അമ്മയിലേക്കും പായിച്ച് കൊണ്ട് വേഗം തന്നെ പുറത്തേക്ക് നടന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "കള്ള#%%@@മോനെ.... " ഹർഷൻ ഉമ്മറത്തേക്ക് കയറി കൊണ്ട് അവിടെ കസേരയിൽ ഇരിന്ന് പത്രം വായിക്കുന്ന അരുണിനെ ചവിട്ടി... പ്രതീക്ഷിക്കാതെ കിട്ടിയ ചവിട്ടിൽ അരുൺ കസേര അടക്കം താഴെ വീണു കൊണ്ട് കാര്യം അറിയാതെ വെപ്രാളത്തോടെ നോക്കിയതും കാണുന്നത് തനിക്ക് നേരെ വരുന്ന ഹർഷനെയാണ്.... "എ...എന്താടാ.... "

കാര്യം അറിയാതെ വേദന കൊണ്ട് നിലത്ത് ഇടിച്ച കൈ തടവി കൊണ്ട് അരുൺ ചോദിച്ചതും മുഖം അടക്കിയുള്ള അടിയായിരുന്നു ഹർഷന്റെ മറുപടി.... "നിനക്ക് എന്താണെന്ന് അറിയില്ല അല്ലേടാ... " ഹർഷൻ കോളറിൽ പിടിച്ചു പൊക്കി കൊണ്ട് ചോദിച്ചു.... അപ്പോഴേക്കും ശബ്ദം കേട്ടു ഉള്ളിൽ നിന്നും ശ്രീകുട്ടിയും അമ്മയും ഓടി എത്തിയിരുന്നു... പുറത്തേക്ക് വന്ന അവർ കാണുന്നത് അരുണിനെ തല്ലുന്ന ഹർഷനെയാണ്... "മോനെ.... " അരുണിന്റെ അമ്മ കരഞ്ഞു കൊണ്ട് അവനെ തടഞ്ഞു വെക്കാൻ ശ്രമിച്ചു... "വേണ്ടാ ഹർഷേട്ടാ.... " ശ്രീകുട്ടിയും കരച്ചിലോടെ അവന്റെ കയ്യിൽ തൂങ്ങിയതും ഹർഷൻ കിതച്ചു കൊണ്ട് അവനിൽ നിന്നും പിടി വിട്ടു....

എങ്കിലും കണ്ണുകലെ അഗ്നി അത് ആരേയും ചുട്ടു പൊള്ളിക്കാൻ പ്രാപ്തി ഉള്ളതായിരുന്നു... "നിനക്ക് എന്താടാ ഭ്രാന്ത് പിടിച്ചോ... " ചുണ്ടിൽ പറ്റിയ ചോര ഒരു കൈ കൊണ്ട് തുടച്ചു നീക്കി കൊണ്ട് അരുൺ ചോദിച്ചതും ഒരിക്കൽ കൂടി ഹർഷന്റെ കൈ ഉയർന്നതും അവൻ പിന്നിലേക്ക് വെച്ചു പോയി... "എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കരുത്.....അതേടാ ഭ്രാന്ത.... നിന്റെ ഭ്രാന്തിൽ പെട്ടു ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു ഒരുത്തി ഹോസ്പിറ്റലിൽ കിടക്കുന്നുണ്ട്... അവളെ കണ്ടിട്ടുള്ള ഭ്രാന്ത്.... " അവൻ അലറി വിളിക്കുകയായിരുന്നു.. ഇന്ന് വരെ ഇത്രയും ദേഷ്യത്തിൽ അവനെ ആരും കണ്ടിരുന്നില്ല...

അമ്മയുടെയും ശ്രീക്കുട്ടിയുടെയും മുഖത്ത് സംശയം ആയിരുന്നു എങ്കിൽ അരുൺ കള്ളം പിടിക്കപ്പെട്ടവനെ പോലെ നിന്ന് പരുങ്ങി.... "എന്തൊക്കെയാ ഹർഷേട്ടാ ഈ പറയണേ.... " ശ്രീക്കുട്ടി കരച്ചിലോടെ ചോദിച്ചു... "ഇവളെ പ്രായം ഒള്ളൂ ന്റെ നില കൊച്ചിനും... എന്തിനാടാ അവളോട്‌.....നിനക്ക് വെറുമൊരു നേരം പോക്ക് ആയിരുന്നേൽ എന്തിനാ അതിനെ സ്നേഹിക്കാൻ പോയേ... അഞ്ച് കൊല്ലത്തെ ഇഷ്ടം ഒക്കെ ഇന്നലെ ഒരുത്തിയെ കണ്ടപ്പോൾ തീർന്നോ....നീ മനുഷ്യൻ തന്നെ ആണോടാ...." അവന്റെ വാക്കുകളിൽ അരുണിനോടുള്ള വെറുപ്പ് കലർന്നിരുന്നു.... "ഇവൻ എന്ത് ചെയ്തൂന്നാ... ഹർഷ നീ പറയണേ..... "

"ആരും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല.... അമ്മേടെ മോൻ മോഹം കൊടുത്തു അവസാനം ഒഴിവാക്കി കളഞ്ഞ ഒരാള് ഹോസ്പിറ്റലിൽ കിടക്കുന്നുണ്ട്... ആത്മഹത്യാ ശ്രമം... " ഹർഷൻ പറയുന്നത് കേട്ടു ശ്രീക്കുട്ടിയും അമ്മയും ഒരുപോലെ ഞെട്ടി... "ഈശ്വരാ..... " അമ്മയുടെ നിലവിളി ഉയർന്നു... "എന്തിനാടാ നീ ഇത് ചെയ്തത്...." അമ്മ അരുണിനെ പൊതിയെ തല്ലി.... "ഹർഷേട്ടാ... ന്റെ നില....ഞാനും വരുവാ... നിക്ക് കാണണം അവളെ.... " ശ്രീക്കുട്ടി കരഞ്ഞു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു... ഹർഷൻ വേണ്ടാ എന്ന് തലയാട്ടി കാണിച്ചു കൊണ്ട് അവളുടെ കയ്യിൽ നിന്നും കൈ വലിച്ചു എടുത്തു... "വേണ്ടാ മോളെ.... നിന്നെ കണ്ടാൽ അവള് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ ഒക്കത്തില്ല.....

അവളെ ചതിച്ചവന്റെ അനിയത്തി അല്ലേ.... " മൗനമായി തേങ്ങുന്ന ശ്രീക്കുട്ടിയെ നോക്കി കൊണ്ട് പറഞ്ഞു... "നീ സൂക്ഷിച്ചോ......അവളെ ചതിച്ചു ഈ നാട്ടിൽ സുഖമായി കഴിയാംന്ന് നീ കരുതണ്ട.... നിനക്കുള്ള പണി കിട്ടിയിരിക്കും.... " ഹർഷന്റെ വാക്കുകളിൽ മൂർച്ച ഏറി... തന്നെ പുച്ഛത്തോടെ നോക്കുന്ന അരുണിനെ കാണും തോറും ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങുന്നു... എങ്കിലും ഇനിയും ആ മുഖത്തേക്ക് നോക്കാൻ അറപ്പു തോന്നും പോലെ അവൻ മുഖം തിരിച്ചു പുറത്തേക്ക് നടന്നു.... "ഇത് വരെ നിങ്ങളെ പോലെ ഒരുത്തന്റെ മുഖത്ത് നോക്കി ആണല്ലോ ഞാൻ ചേട്ടാ എന്ന് വിളിച്ചത്.... " ശ്രീക്കുട്ടി വെറുപ്പോടെ പറഞ്ഞു... "മോളെ ഞാൻ... " അരുൺ എന്തോ പറയാൻ ഒരുങ്ങിയതും അവൾ കൈ വെച്ചു തടഞ്ഞു....

"വേണ്ടാ.... ഇനിയും ആരുടേയും കണ്ണുകൾ മൂടി കെട്ടാൻ പാകത്തിന് ഉള്ള ആ നാവ് എന്റെ മുന്നിൽ ചലിപ്പിക്കരുത്..... അത് വെച്ചു തന്നെയല്ലേ ആ പാവം പെണ്ണിനെ വരുതിയിൽ ആക്കിയത്..... മനുഷ്യത്വത്തിന്റെ ഒരു അംശം എങ്കിലും ഉള്ളിൽ ഉണ്ടെങ്കിൽ ഇനിയും ശല്യം ചെയ്യാൻ ആയി ആ പെണ്ണിന്റെ അടുത്തേക്ക് പോലും പോകരുത്.... നിങ്ങളുടെ നിഴല് പോലും അവളുടെ മേലിൽ വീഴരുത്....." വെറുപ്പിന്റെ അങ്ങേ തലയിൽ ഉള്ള ആ വാക്കുകൾ അവനിലെ ചേട്ടനെ മുറിവേൽപ്പിച്ചു.... തന്നെ നോക്കി നിൽക്കുന്ന അരുണിനെ അവഗണിച്ചു കൊണ്ട് അവൾ കണ്ണ് ഒന്ന് കൂടെ കൂർപ്പിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു... ഹർഷൻ ഇറങ്ങുമ്പോൾ കണ്ടു ഗേറ്റ് കടന്നു വരുന്ന രാമേട്ടനെ....

"ഹർഷ.... എന്തൊക്കെയുണ്ട്... " അദ്ദേഹം സുഖ വിശേഷം ചോദിച്ചതും അവന്റെ നോട്ടം പിന്നിലേക്ക് തന്നെ പോയി... "രാമേട്ടനോട് ആവണതും ബഹുമാനം ഉണ്ട്... എങ്കിലും പറയുവാ... ഇത് പോലെ ഒരു മോൻ ഉള്ളതിന്റെ പേരിൽ നാളെ നാണം കെടാതിരിക്കട്ടെ.... " "എന്താണ് മോനെ കാര്യം..." അദ്ദേഹം ആധിയോടെ ചോദിച്ചു... "മോനോട് തന്നെ ചോദിച്ചു നോക്ക് രാമേട്ടാ... " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് ഗേറ്റ് കടന്ന് പോകുന്നത് കണ്ടു അദ്ദേഹം വേഗത്തിൽ വീട്ടിലേക്ക് നടന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ആ.... എണീറ്റോ.... " തളർച്ച ബാധിച്ച കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നപ്പോൾ തന്നെ കേട്ടത് ഹർഷന്റെ ശബ്ദം ആണ്... അവൾ കണ്ണുകൾ വലിച്ചു തുറന്ന് കൊണ്ട് ചുറ്റും ഒന്ന് നോക്കി...

വീട്ടിൽ അല്ല എന്ന് കണ്ടതും അവൾ ചാടി പിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും ഹർഷൻ അവളെ തടഞ്ഞു... "എണീക്കണ്ടാ... ക്ഷീണം കാണും... " അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു... "അമ്മാ...." "വീട്ടിൽ പോയിരിക്ക.... ഇപ്പോ വരും... " "ഞാൻ... ഞാൻ എവിടെയാ.... " "യമലോകത്ത് ഒന്നും അല്ല ആശുപത്രിയിലാ.... " തമാശ കലർത്തി ആയിരുന്നു അവന്റെ മറുപടി... അവൻ കണ്ണുകൾ അവളിൽ നിന്നും മാറ്റി ഫോണിലേക്ക് ആക്കി.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഉള്ളിലെ സങ്കടം താങ്ങാൻ കഴിയാതെ അവൾ ചുമരിനോട് മുഖം അടുപ്പിച്ചു കിടന്നു.... കണ്ണുകൾ പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു.... "നില കൊച്ചെ..... ഡ്രിപ് ഇട്ടത് കണ്ടില്ലേ...

നേരെ കിടന്നില്ലേൽ കൈ വേദനിക്കും....." കടുപ്പത്തിൽ തന്നെ ആയിരുന്നു അവന്റെ വാക്കുകൾ... അവൾ വലതു കരം കൊണ്ട് കണ്ണുകൾ ഒന്ന് തുടച്ചു കൊണ്ട് മെല്ലെ ചെരിഞ്ഞു കിടന്നു.... അവൻ ഒന്നും ചോദിച്ചില്ല....മൗനം മാത്രം... അത് തന്നെ അവളുടെ ഉള്ളിൽ വീർപ്പ് മുട്ടൽ ആയിരുന്നു.... "സോറി.... " ശബ്ദം താഴ്ത്തി കണ്ണുനീർ ഒളിപ്പിച്ചു കൊണ്ടായിരുന്നു അവൾ പറഞ്ഞത്... അവൻ തല ഉയർത്തി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... "എന്തിന്.... ചാവാൻ പോയത് നീ... നഷ്ടം ഉണ്ടാകുന്നത് നിനക്കും നിന്റെ കുടുംബത്തിനും... ന്നിട്ട് ന്നോട് എന്തിനാ സോറി പറച്ചിൽ... വേണേൽ നിന്റെ അച്ഛനോടും അമ്മയോടും പറ .... " അവന്റെ സ്വരത്തിൽ പുച്ഛവും ദേഷ്യവും സങ്കടവും ഒരുപോലെ കലർന്നിരുന്നു...

അവൾ കണ്ണുകൾ ഇറുകെ അടച്ചു... കണ്ണുനീർ ചെന്നിയിലൂടെ ഒലിച്ചു ഇറങ്ങി.... "ആരെ തോൽപ്പിക്കാനാ....നില കൊച്ചെ.... ന്തിനാ.... നീ ഇത് ചെയ്താൽ എല്ലാ പ്രശ്നവും തീരോ..... " അവന്റെ വാക്കുകൾക്ക് ബദൽ എന്ന കണക്കെ അവളിൽ നിന്നും ഒരു ഏങ്ങൽ പുറത്തേക്ക് വന്നു... "നിക്ക് നൊന്തിട്ടാ... അച്ചേട്ടാ.... നിക്ക് പിടിച്ചു നിൽക്കാൻ കഴിയാഞ്ഞിട്ടാ.... ഞാ...ഞാൻ പോയാൽ എല്ലാം ശരിയാകും എന്ന്... തോന്നി പോയി.... " അവളുടെ വാക്കുകൾ അവനിൽ ദേഷ്യത്തോടൊപ്പം വേദനയും നൽകി... "നീ പോയാൽ ന്ത്‌ ശരിയാകും ന്നാ.... നിന്റെ അച്ഛനും അമ്മക്കും പിന്നെ ജീവിക്കാൻ കഴിയോ..... നിന്നെ സ്നേഹിക്കുന്നവർക്ക് അത് താങ്ങോ.... അവളുടെ ഒരു.... ഇതാ നിന്റെ പ്രായത്തിലുള്ളോരുടെ പ്രശ്നം....ഒരു ചെറിയ പ്രശ്നം വന്നാൽ അപ്പോൾ ആത്മഹത്യ.... നീ ചത്തു തൊലഞ്ഞാൽ നിനക്കെ നഷ്ടം കാണുള്ളൂടി.... നിന്റെ മറ്റവൻ ഇല്ലേ...അരുൺ...

അവന് പോലും അതൊരു നഷ്ടം ആയിരിക്കില്ല... അവന് നിന്നെ വേണ്ടാ എന്ന് പറഞ്ഞില്ലേ... പിന്നെ അവന് വേണ്ടി നീ എന്തിനാ ചാവുന്നെ...ഒറ്റ ഒന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ.... " ഒരു അലർച്ചയായിരുന്നു ഹർഷൻ അവൾ പേടിച്ചു കൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു... "ചീത്ത... പറയല്ലേ.... അച്ചേ... ട്ടാ.....നിക്ക് പേടി ആയിട്ടാ...... " അവളുടെ സ്വരത്തിനോടൊപ്പം കരച്ചിൽ ചീളുകൾ കൂടി പുറത്തേക്ക് വന്നിരുന്നു... ഹർഷന്റെ കണ്ണുകളും നിറഞ്ഞു.. അവൻ ഇരു കൈകൾ കൊണ്ടും കണ്ണുകൾ അമർത്തി തുടച്ചു.... അപ്പോഴേക്കും വാതിൽ തുറന്ന് അമ്മ കയറി വന്നിരുന്നു... കരച്ചിലോടെ അവർ അവൾക്ക് അരികിലേക്ക് പോകുന്നതും സങ്കടങ്ങൾ പറയുന്നതും ദേഷ്യപെടുന്നതും അവൻ ഒരു നിമിഷം നോക്കി നിന്നു....

കരച്ചിലോടെ അമ്മയെ സമാധാനിപ്പിക്കുമ്പോഴും തന്നിലേക്ക് നീളുന്ന ആ പെണ്ണിന്റെ കണ്ണുകളെ അവഗണിച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്നു.... അവൻ പോയ വഴിയേ ആ കുഞ്ഞ് പെണ്ണിന്റെ കണ്ണുകളും നീണ്ടിരുന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ന്തിനാ....നീ ഇത് ചെയ്തെ... ന്റെ കുട്ടിക്ക് അരുണിനെ വേണോ... അച്ഛ അവന്റെ വീട്ടില് സംസാരിച്ചോളാം......അച്ഛൻ ആദ്യം എതിർത്തു എങ്കിലും ന്റെ കുട്ടി ഒന്ന് പറഞ്ഞിരുന്നേൽ അച്ഛൻ സമ്മതിക്കുമായിരുന്നില്ലേ.... " ആ അച്ഛന്റെ കണ്ണുകളിൽ കുറ്റബോധം കൊണ്ട് മൂടി... താൻ കാരണം തന്റെ മകൾക്കു ഇങ്ങനെ ഒരു ഗതി വന്നല്ലോ എന്ന കുറ്റബോധം... ഒരു വാക്ക് പോലും പറയാൻ കഴിയാതെ അവളുടെ കണ്ണുകൾ താഴ്ന്നു... ഉള്ളിലെ സങ്കടം പുറമെക്ക് തീകട്ടിയായി വന്നു...

മരുന്നുമായി കയറി വന്ന ഹർഷന്റെ രൂക്ഷമായ നോട്ടം അവളിൽ പതിഞ്ഞു... "ഇനി... ആ നായയുടെ നിഴലു പോലും ഇവളിൽ വീഴാൻ ഞാൻ സമ്മതിക്കില്ല..... " അവന്റെ വാക്കുകൾക്ക് മുന്നിൽ തറഞ്ഞു ഇരിക്കുകയായിരുന്നു അമ്മയും അച്ഛനും.... നില മാത്രം വിറയാർന്ന ചുണ്ടുകളെ ഒതുക്കി പിടിച്ചു കൊണ്ട് തേങ്ങി... അരുണിനും നിലക്കും വേണ്ടി സംസാരിച്ചിട്ടില്ല എങ്കിലും ഇത് വരെ എതിർത്ത് ഒരു വാക്ക് പോലും ഹർഷനിൽ നിന്നും ഉണ്ടായിട്ടില്ല... അച്ഛൻ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.... "അവനാ... ഇവളുടെ അവസ്ഥക്ക് കാരണം.... അഞ്ച് കൊല്ലം മോഹം കൊടുത്തിട്ടു അവന് ഇപ്പോൾ ഇവളെ വേണ്ടത്രെ.... കേട്ട പാതി കേൾക്കാത്ത പാതി...

അവളുടെ ഒരു ആത്മഹത്യ.... നല്ല വീക്ക് കിട്ടാത്തതിന്റെ കേടാ........ " ഹർഷൻ ദേഷ്യത്തോടെ പറയുന്നത് കേട്ടു അച്ഛന്റെയും അമ്മയുടെയും നോട്ടം നിലയിൽ എത്തി നിന്നു....അവൾക്ക് അവരെ നോക്കാൻ പോലും ആകുമായിരുന്നില്ല... കുറ്റബോധം അവളെ മൂടി... അച്ഛനും അമ്മയും പല ആവർത്തി പറഞ്ഞതാണ്... വേണ്ടാ മോളെ എന്ന്.... തന്റെ മാത്രം വാശി......ആ വാശിയിൽ മുങ്ങി പോയത് അമ്മയുടെയും അച്ഛന്റെയും സ്നേഹം ആണ്.... "മോളെ.... " അച്ഛൻ അവളുടെ കവിളിൽ ഒന്ന് കൈ വെച്ചു കൊണ്ട് വിളിച്ചതും അവൾ ഒന്ന് ഏങ്ങി കൊണ്ട് അദ്ദേഹത്തിന്റെ കൈ ചുണ്ടോട് ചേർത്ത് വെച്ചു.... "സോറി... അച്ഛേ.... ഞാൻ.... സോറി.."

അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല... അമ്മ കരച്ചിലോടെ അവളെ പിന്നിലൂടെ ചുറ്റി പിടിച്ചു... ആ അച്ഛൻ... അവളുടെ മുടിയിൽ ഒരു കൈ കൊണ്ട് തലോടി... "ആർക്ക് നിന്നെ വേണ്ടേലും ഈ അച്ഛക്കും അമ്മക്കും വേണം മോളെ.... നീ അല്ലാതെ ഞങ്ങൾക്ക് ആരാടാ.... " അദ്ദേഹത്തിന്റെ വാക്കുകൾക്ക് ബധിൽ എന്ന പോലെ കണ്ണീർ ഒഴുകുന്നുണ്ട്.... പല ആവർത്തി സോറി പറയുന്നുണ്ട്... ആ കൈകളിൽ ചുണ്ട് ചേർക്കുന്നുണ്ട്.... കണ്ടു നിന്ന ഹർഷനിലും അതൊരു വേദനയുണ്ടാക്കി... അവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് മെല്ലെ പുറത്തേക്ക് ഇറങ്ങി.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഇതെല്ലാം അവിടെ വെച്ചാൽ മതി മോനെ... ഞാൻ എടുത്തു വെച്ചോളാം....

" അമ്മയുടെ വാക്കുകളെ അവഗണിച്ചു അവർക്ക് നേരെ ചെറു ചിരി നൽകി കൊണ്ട് ഹർഷൻ കയ്യിലെ ബാഗുമായി ഉള്ളിലേക്ക് കയറി.... നിലയുടെ റൂമിന് വെളിയിൽ ബാഗ് വെക്കുമ്പോൾ കണ്ടു ജനവാതിലിന്റെ കമ്പിയിൽ മുഖം ചേർത്ത് പുറത്തേക്ക് നോക്കി ഇരിക്കുന്ന നിലയെ.... പണ്ടും അങ്ങനെയാണ്.... വാക്കുകൾ സമർദ്ധമായി ഉപയോഗിക്കാനോ ഒരു നോട്ടം കൊണ്ട് പോലും ആരേയും നോവിക്കാനോ അവൾക്ക് കഴിയില്ല.... ഏറെ നേരത്തെ മൗനം... ചുണ്ടിൽ എപ്പോഴും നില നിൽക്കുന്ന ശാന്തമായ ഒരു പുഞ്ചിരി...അതായിരുന്നു നില വാസുദേവൻ.... തന്റെ വേദനകൾ ആരേയും അറിയിക്കാൻ താല്പര്യം കാണിക്കാത്തവൾ....

"പേടിക്കണ്ട... അച്ചേട്ടാ.... ഇനി ഞാൻ അബദ്ധം ഒന്നും കാണിക്കില്ല.... " അവന്റെ കണ്ണുകൾ അവളിലേക്ക് മാത്രം ഏറെ നേരം ഒതുങ്ങി പോയത് കൊണ്ടാകാം... ചെറുതിലെ ഒന്ന് തല ചെരിച്ചു കൊണ്ടായിരുന്നു അവളുടെ വാക്കുകൾ... "എനിക്ക് അറിയാം.... " അവൻ പഴയ പുഞ്ചിരി ചുണ്ടിൽ എടുത്തണിഞ്ഞു കൊണ്ട് പറഞ്ഞു.... പിന്നെ അവൾ ഒരു നോക്ക് പോലും അവനിലേക്ക് ആക്കാതെ തന്നെ മെല്ലെ ഒന്ന് തലയാട്ടി... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "നമ്മുടെ സഖാവിന്റെ മോളില്ലേ..... നില... ആ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്രെ.... " നാട്ടിലെ ചായ കടയിലെ പ്രധാന സംസാര വിഷയമായിരുന്നു അത്.... ഹർഷൻ പത്രം ഒന്ന് താഴ്ത്തി കൊണ്ട് പറയുന്നവരെ ഒന്ന് നോക്കി...

"സഖാവിന്റെ മോളോ....ഒന്നും മിണ്ടാതെ തലയും താഴ്ത്തി നടക്കുന്ന കൊച്ചല്ലേ..... " "ആ... എന്തെങ്കിലും കാര്യമായ കാരണം കാണും.... ആരെങ്കിലും എന്തെങ്കിലും ചെയ്തോ എന്ന് പറയാൻ പറ്റില്ലല്ലോ......" സംസാരം ചൂട് പിടിച്ചതും ഹർഷൻ ഉള്ളിലെ ദേഷ്യത്തിൽ കയ്യിലെ ചായ ഗ്ലാസ്‌ മേശയിൽ ശക്തിയായി വെച്ചു പത്രം മടക്കി അവിടെ തന്നെ വെച്ച് കൊണ്ട് എഴുന്നേറ്റു.... ദേഷ്യം കൊണ്ട് ഉള്ളം വിറക്കുമ്പോഴും താൻ ഇവിടെ പ്രതികരിച്ചാൽ അത് പോലും മോശമായി ബാധിക്കുന്നത് ആ പെണ്ണിനെ ആണെന്ന ഓർമയിൽ അവൻ സ്വയം ഒന്ന് അടങ്ങി.... കൂട്ടം കൂടി ഇരിക്കുന്ന തല മൂത്തവർക്ക് കടുപ്പിച്ചു ഒരു നോട്ടം നൽകി കൊണ്ട് അവൻ കുമാരെട്ടന്റെ അരികിലേക്ക് പോയി ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്തു കൊടുത്തു....

"അവരോട് പറഞ്ഞിട്ട് കാര്യമില്ല മോനെ... എല്ലാം അയലത്തെ വീട്ടിലെ കുറ്റം കണ്ടു പിടിക്കാൻ നടക്കുന്നവരാ....." ഇടയ്ക്കിടെ അവരിലേക്ക് പാറി വീഴുന്ന അവന്റെ കണ്ണുകൾ കണ്ടിട്ട് ആകാം അദ്ദേഹം അങ്ങനെ പറഞ്ഞത്..... അവൻ അദ്ദേഹത്തിന് നേരെ ഒരു പുഞ്ചിരി നൽകി കൊണ്ട് മീശ ഒന്ന് പിരിച്ചു കൊണ്ട് കൂട്ടം കൂടി ഇരിക്കുന്നവരുടെ അടുത്തേക്ക് നടന്നു... അവനെ കണ്ടതും അവർ നിശബ്ദമായി...അവർക്ക് അറിയാമായിരുന്നു അവനും സഖാവും തമ്മിൽ ഉള്ള ബന്ധം... അവൻ ഉള്ളിലെ ദേഷ്യം മറച്ചു പിടിച്ചു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു..... "എല്ലാവരുടെയും വീട്ടിൽ പെണ്മക്കൾ ഇല്ലേ.... " അവന്റെ ചോദ്യത്തിന് ആരിൽ നിന്നും ഒരു ഉത്തരം ഉണ്ടായില്ല...

"എന്നാ... ശരി... കാണാം..." കണ്ണിൽ അഗ്നി നിറച്ച് മുണ്ട് ഒന്ന് മടക്കി കുത്തി താടി തടവി കൊണ്ട് അവൻ പുറത്തേക്ക് നടക്കുമ്പോൾ എല്ലാവരും നിശബ്ദമായിരുന്നു..... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "മോളെ.... ഇതാ...." കട്ടിലിൽ മുട്ട് കാലിൽ മുഖം ചേർത്ത് ജനലിലൂടെ പുറമെ നോക്കി കിടക്കുന്ന നിലക്ക് അടുത്തേക്ക് ഫോൺ നീട്ടി കൊണ്ട് അമ്മ പറഞ്ഞതും നില ക്ഷീണം നിറഞ്ഞ കണ്ണുകളോടെ അവരെ ഒന്ന് നോക്കി... "ശ്രീക്കുട്ടിയാ.... " അവളുടെ കണ്ണുകൾ ഒരു നിമിഷം നിറഞ്ഞു... അരുണിന്റെ അനിയത്തി എന്നതിൽ ഉപരി അവളുടെ ഏറ്റവും നല്ല സുഹൃത്തു കൂടിയാണ് ശ്രീദുർഗ്ഗ എന്ന ശ്രീകുട്ടി....

അവൾ മെല്ലെ വേണ്ടാ എന്ന രീതിയിൽ തലയാട്ടിയതും അമ്മ നിസഹായതയോടെ അവളെ നോക്കി.... "അമ്മേടെ കുട്ടി ആരോടെങ്കിലും ഒന്ന് മിണ്ട്.... അപ്പോൾ ഉള്ളിലെ സങ്കടം എല്ലാം മാറും.... " ആ അമ്മയുടെ വാക്കുകൾ ഒരു യാചന തന്നെ ആയിരുന്നു... ആ കണ്ണുനീരിന് മുന്നിൽ തോറ്റു കൊടുക്കാനെ അവൾക്ക് ആയുള്ളൂ.... ഇത് വരെ തന്റെ സങ്കടങ്ങൾക്ക് മുന്നിൽ തോറ്റു തന്നവർ ആണ്.... കണ്ണ് ഒന്ന് നിറഞ്ഞാൽ ആഗ്രഹിച്ചത് എന്തും മുന്നിൽ എത്തിക്കുന്നവർ..... അവൾ നിറഞ്ഞ കണ്ണുകളെ തുടച്ചു നീക്കി കൊണ്ട് ഫോൺ അവരുടെ കയ്യിൽ നിന്നും വാങ്ങി... ആ അമ്മ സമാധാനത്തോടെ അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് പുറത്തേക്ക് നടന്നതും അവൾ യാതൊരു വികാരവും കൂടാതെ ഫോൺ കാതോട് ചേർത്തു.... "നില കൊച്ചെ..... "

മറുവശത്ത് നിന്നും ശ്രീകുട്ടിയുടെ ശബ്ദം... അധികം സമയം വേണ്ടി വന്നില്ല അവളുടെ കണ്ണുകൾ സജലമാകാൻ..... അവളുടെ ചുണ്ടുകൾ ഒന്ന് വിതുമ്പി.... അവൾ ശബ്ദം പുറമെക്ക് വരാതിരിക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ചു... "ഡി..... നീ കരയുകയാണോ.... !!?" അല്പം കനം കൂടിയതായിരുന്നു ശ്രീക്കുട്ടിയുടെ ചോദ്യം... "മ്മ്ഹ്ഹും.... " അവൾ മെല്ലെ എതിർത്തു കൊണ്ട് മൂളി... "നിന്റെ ശബ്ദം കേട്ടാൽ എനിക്ക് മനസ്സിലാകും നില......കാരണം.... ഒരുപാട് കാലമായി ഞാൻ നിന്റെ കൂടെ കൂടിയിട്ട്..... നീ കണ്ണ് തുടച്ചെ.... " ദേഷ്യത്തോടെ ഉള്ള ശ്രീക്കുട്ടിയുടെ വാക്കുകൾക്ക് അവൾ വേഗം തന്നെ കണ്ണുകൾ തുടച്ചു.... "നീ എന്താ ഇത്ര പാവം ആയത് നില.....

ഏതെങ്കിലും നന്ദി കെട്ടവന് നിന്നെ വേണ്ടെന്നു കരുതി നീ എന്തിനാ സ്വയം ശിക്ഷിക്കുന്നത്.....നിന്നെ വേണ്ടെന്നു വെച്ചവന് പോയി എന്നല്ലാതെ..... " "നിക്ക്.... നൊന്തിട്ടാ..... " "ഇനി ഒരക്ഷരം മിണ്ടിയാൽ ഞാൻ വീട്ടില് കയറി തല്ലും.... നോവാൻ മാത്രം ഇവിടെ ഒന്നും ഉണ്ടായിട്ടില്ല... വേണ്ടാന്ന് പറയുമ്പോൾ പോടാ പുല്ലേ എന്നും പറഞ്ഞു വന്നാൽ പോരെ... അല്ലാതെ കരയാനും പിഴിയാനും.... എന്നെ ദേഷ്യം പിടിപ്പിക്കാതെ അത് നിർത്ത് ആദ്യം.... " ശ്രീകുട്ടിയുടെ വാക്കുകൾ ഉറച്ചതായിരുന്നു... "എന്റെ ഏട്ടൻ ആയത് കൊണ്ട് പറയുകയല്ല... ചെറ്റ..... ഹർഷേട്ടൻ കൊടുത്തത് ഒന്നും പോരാ..... ഞാൻ പറയുന്നുണ്ട് അങ്ങേരുടെ രണ്ട് കാലും തല്ലി ഓടിക്കാൻ... "

ശ്രീക്കുട്ടിയുടെ വാക്കുകളിൽ ദേഷ്യം നിറഞ്ഞു നിന്നു.... "അച്ചേട്ടൻ.... " "മ്മ്മ്.... അന്ന് വീട്ടില് വന്നായിരുന്നു.... ഏട്ടൻ വന്നപ്പോഴാ ഞങ്ങള് പോലും കാര്യം അറിയുന്നത്..... " അവളുടെ വാക്കുകൾ നിലയുടെ ഉള്ളിൽ സങ്കടം നിറച്ചു... തനിക്ക് വേണ്ടി സ്വന്തം കൂട്ടുകാരനെ പോലും തള്ളി പറഞ്ഞിരിക്കുന്നു ആ മനുഷ്യൻ... തന്റെ സങ്കടത്തോട് ചേർന്നു നിൽക്കുന്നു.... "ഏട്ടന് അതൊന്നും കിട്ടിയാൽ പോരാ.... നല്ലൊരു പണി തന്നെ കൊടുക്കണം.... " ഇച്ചിരി നീരസത്തോടെ തന്നെ അവൾ പറഞ്ഞു... "വേണ്ടാട്ടൊ..... " നിലയുടെ ശബ്ദം ഇടാറുന്നുണ്ടായിരുന്നു... "ദാ... കിടക്കുന്നു.... ഡി... മോളെ... നിനക്ക് ഞാനൊരു രൂപകൂട് പണിതു തരട്ടെ.... നീ അതിൽ കയറി ഇരിക്ക്......

അല്ല പിന്നെ....അവളുടെ ഒരു... നിനക്ക് ഒരു പ്രശ്നം ഉണ്ട്... ആര് നിന്നോട് ചെറ്റത്തരം ചെയ്താലും അതിന് നിന്നെ തന്നെ അങ്ങ് ശിക്ഷിക്കും... അങ്ങേർക്ക് ഒന്ന് കിട്ടാത്തതിന്റെ കുറവ് ഉണ്ട്.... " ശ്രീകുട്ടിയുടെ വാക്കുകൾക്ക് മുന്നിൽ അവൾ ഒന്ന് തല കുനിച്ചു ഇരുന്നു.... "ഞാൻ... വെക്കുവാട്ടൊ.... " നില വേറൊന്നും പറയാതെ അവളുടെ ഒരു ഉത്തരത്തിന് പോലും കാത്തു നിൽക്കാതെ ഫോൺ കട്ട്‌ ചെയ്തു.... ഉള്ളിൽ നന്നായി വേദനിക്കുന്നുണ്ട്.... അത്രവേഗം മറക്കാൻ കഴിയുന്ന മുഖമല്ല അരുണിന്റെത്.....ഒരുപാട് കാലം സ്വന്തം എന്ന് കരുതി ഉള്ളിൽ കൊണ്ട് നടന്ന മുഖം... ഒരുമിച്ച് കണ്ട ഒരുപാട് സ്വപ്നങ്ങൾ..... ബാക്കി നിൽക്കുന്നു.... എവിടെയാണ് തനിക്ക് പിഴച്ചത്.....ഇടക്ക് സ്വഭാവത്തിൽ വന്ന മാറ്റം....സംസാരിക്കാൻ കാണിച്ച മടി... അകൽച്ച....താനും ശ്രദ്ധിക്കണമായിരുന്നു.... പക്ഷെ അപ്പോഴും കരുതി.... അതും സ്നേഹം ആണെന്ന്.... സ്വയം വിഡ്ഢിയായി മാറി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story