അറിയാതെ: ഭാഗം 6

ariyathe

രചന: THASAL

"എന്ത് ചെയ്യാനാ സഖാവെ..... കാര്യങ്ങൾ ഒന്നും ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ... എല്ലാം ശരിയായി ഇവിടെ അന്വേഷിക്കുമ്പോൾ അവർക്ക് താല്പര്യം ഇല്ല എന്ന് വിളിച്ചു പറയും... എനിക്ക് അറിയാവുന്നതെല്ലാം കഴിഞ്ഞു സഖാവെ.... " കൈ മലർത്തി കൊണ്ടുള്ള രാഘവന്റെ വാക്കുകൾക്ക് മുന്നിൽ ആ അച്ഛന്റെ ആധിയും ഏറി.... അദ്ദേഹം എന്തോ ആലോചിച്ചു കൊണ്ട് കൈകൾ തമ്മിൽ കൂട്ടി തിരുമ്മി.... "എന്നാ.... ഞാൻ അങ്ങട് ഇറങ്ങട്ടെ.... " "മ്മ്മ്.... രാഘവൻ ഇറങ്ങിക്കോ..." അച്ഛൻ ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് പറഞ്ഞു... രാഘവൻ ഇറങ്ങിയതും അദ്ദേഹം സ്റ്റിക്കിൽ പിടിച്ചു കൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.... "രാഘവൻ പോയോ.... "

ഒരു കപ്പ്‌ ചായയുമായി ഉമ്മറത്തേക്ക് വന്ന അമ്മ ചോദിച്ചതും അച്ഛൻ ഒന്ന് തലയാട്ടി.... "മ്മ്മ്.... നീ എന്റെ ഷർട്ട് ഇങ്ങ് എടുത്തെ.... ഞാൻ കടയിൽ ഒന്ന് പോയിട്ട് വരാം.... " അച്ഛൻ സ്റ്റിക്കിൽ താങ്ങി നിന്നു കൊണ്ട് പറഞ്ഞു.... "ഇന്ന് പോണോ.... കാലിന് വേദന ഉണ്ടെന്ന് അല്ലേ പറഞ്ഞത്.... " "നീ പറഞ്ഞത് കേൾക്ക്.... ഇന്ന് സ്റ്റോക് വരുന്നതാ.... ഞാൻ അവിടെ എല്ലാച്ചാൽ ശരിയാകത്തില്ല..... " അദ്ദേഹത്തിന്റെ വാക്കുകളിൽ അസ്വസ്ഥത ഉണ്ടായിരുന്നു.... എന്തോ ഉള്ളിൽ ഒരു അച്ഛന്റെ ആധി നിറഞ്ഞു നിന്നു.... അമ്മ അദ്ദേഹത്തെ നോക്കി ഉള്ളിലേക്ക് പോയതും അദ്ദേഹത്തിന്റെ കണ്ണുകൾ അല്പം മാറി മുറ്റം തൂക്കുന്ന നിലയിൽ പതിഞ്ഞു.... ഒന്നിനും ആകുന്നില്ല....

മകൾക്കു വേണ്ടി ഒന്നും ചെയ്യാൻ ആകുന്നില്ല.... ഉള്ളിൽ സ്വയം ആരോ കുത്തി നോവിക്കും പോലെ.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "സഖാവെ.... കടയിലേക്ക് അല്ലേ..." അധികാരത്തോടെ അദ്ദേഹത്തിന്റെ കൈ കവർന്നു കൊണ്ട് ഹർഷൻ ചോദിച്ചതും അദ്ദേഹം ഒരു ഇളം പുഞ്ചിരി അവന് നൽകി... അവന്റെ കൈകൾ അദ്ദേഹത്തേ വീഴാതെ പിടിച്ചിരുന്നു... "ഹർഷൻ എവിടുന്നാ.... " "കൃഷി ഓഫിസ് വരെ പോയതാ... കുറച്ചു പടവലത്തിന്റെയും വേണ്ടയുടെയും വിത്ത് വന്നിട്ടുണ്ട് എന്ന് കേട്ടു....അത് വാങ്ങാൻ പോയതാ.... " "മ്മ്മ്... കൃഷി ഒക്കെ എങ്ങനെ പോകുന്നു... " "ശരീരത്തിന് ആവതുള്ള കാലത്തോളം ഒരു കുഴപ്പവും ഉണ്ടാകില്ല സഖാവെ...." അവനും പുഞ്ചിരിയോടെ പറഞ്ഞു....

"ഇന്നത്തെ കാലത്ത് പിള്ളേർക്ക് ഇതിനൊന്നും താല്പര്യം ഉണ്ടാവില്ലല്ലോ.... നീ ആണെങ്കിൽ പുറത്ത് നിന്നും പഠിച്ചു വന്നതും....ആ നിനക്ക് എങ്ങനെയാടാ ഈ മണ്ണിനോട് ഈ സ്‌നേഹം തോന്നുന്നത്..... " അദ്ദേഹം ചിരിയോടെ അവന്റെ തോളിൽ കൈ ഇട്ടു കൊണ്ട് ചോദിച്ചതും അവൻ അദ്ദേഹത്തിന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു... "എന്റെ അച്ഛൻ ഉണ്ടാക്കിയ മണ്ണല്ലേ സഖാവെ.... വിട്ട് കൊടുക്കാനോ സുഖം നോക്കി പോകാനോ തോന്നിയില്ല..... പിന്നെ എല്ലാവരും ഇവിടെയല്ലേ.... " അവന്റെ സ്വരം ആർദ്രമായിരുന്നു... അച്ഛനും ഒന്ന് തലയാട്ടി.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "നീ എന്തിനാ അങ്ങനെ ചെയ്തെ മോളെ.... നിനക്ക് തന്നെ അറിയില്ലേ നമ്മുടെ നാട്ടുകാരെ....

" രാധേച്ചിയുടെ വാക്കുകൾക്ക് മുന്നിൽ അവൾ ഒന്ന് തല താഴ്ത്തി... "വേദന തോന്നുമ്പോൾ ഒന്നും ഓർക്കാൻ കഴിയില്ല രാധേച്ചി.... ചേച്ചിക്കും അറിയാവുന്നതല്ലേ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്.... എന്നെയും ജീവൻ ആയിരുന്നല്ലോ.... എന്തോ പെട്ടെന്ന് എനിക്ക് അതെ തോന്നിയൊള്ളു......ജീവൻ പോകാൻ തന്നെ ചെയ്തതല്ലേ വരും വരായ്കയെ മാറ്റി ചിന്തിച്ചില്ല..... " അവളുടെ നോട്ടം മടക്കി വെച്ച വിരലുകളിൽ മാത്രം ആയിരുന്നു.... "നിനക്ക് ദേഷ്യം ഒന്നും തോന്നുന്നില്ലേ നില...." "എന്തിന്... !!?....പണ്ടുള്ളവർ പറയും പോലെ എന്റെ ജാതക ദോഷം.... അതിന് ആരോടാ എനിക്ക് ദേഷ്യം തോന്നേണ്ടത്....വേദന തോന്നുന്നുണ്ട്.....

പക്ഷെ എനിക്ക് ആരുടേയും മുന്നിൽ അത് കാണിക്കാൻ കഴിയില്ല രാധേച്ചി... എന്റെ അച്ഛയും അമ്മയും എല്ലാം അത് കണ്ടു വിഷമിക്കുകയെ ഒള്ളൂ.... എന്തിനാ വെറുതെ.... " അവൾ ചുണ്ടിൽ പുഞ്ചിരി എടുത്തണിഞ്ഞു കൊണ്ട് ചോദിച്ചു.... രാധയുടെ കൈകൾ അവളെ വാത്സല്യത്തോടെ തലോടി.... "വീട്ടില് ഇരുന്നിട്ട് സ്വസ്ഥത കിട്ടുന്നില്ല ചേച്ചി.... എന്തോ അച്ഛന്റെയും അമ്മയുടെയും വിഷമം കണ്ടിട്ട് ഞാൻ അതിനൊരു കാരണം അല്ലേ എന്നോർക്കുമ്പോൾ..... " അവളുടെ വാക്കുകളിൽ സങ്കടം നിറഞ്ഞു.... "ഡി... പെണ്ണെ.... " അവളെ സമാധാനിപ്പിക്കും മട്ടിൽ രാധ അവളെ ഒന്ന് തട്ടിയതും അവൾ കണ്ണുനീരിനെ മറച്ചു വെക്കാൻ എന്ന പോലെ അവരുടെ തോളിൽ മുഖം പൂഴ്ത്തി....

"അവര് എനിക്ക് നല്ല വിദ്യാഭ്യാസം നൽകിയിട്ടുണ്ട്.... അതും ഞാനായിട്ട് നിർത്തിയതാ..... ഡിഗ്രി കഴിഞ്ഞപ്പോൾ അരുണേട്ടൻ പറയുന്നതും കേട്ട്..... ന്നിട്ട് ഇപ്പോൾ..... എല്ലാം കൈവിട്ടു പോകും പോലെയാ രാധേച്ചി തോന്നുന്നത്.... അച്ഛനെ ഒന്ന് സഹായിക്കാൻ പോലും ന്നെ കൊണ്ട് പറ്റുന്നില്ലല്ലോ.... " അവളുടെ കണ്ണീരിന്റെ നനവ് അവരുടെ തോളിലേക്ക് പടർന്നു.... പ്രണയം എന്നത് എത്രമാത്രം വിഷമാണ് എന്ന് തിരിച്ചറിയുകയായിരുന്നു അവർ.... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കണ്ടു കുഞ്ഞ് ചുണ്ടുകൾ പിളർത്തി കൊണ്ട് അവൾക്ക് ചാരെ തന്നെ കുഞ്ഞ് പെണ്ണും ഇരിപ്പുണ്ട്..... "കൊച്ചേച്ചി... കരയാ...."

കുഞ്ഞിന്റെ ചോദ്യം കേട്ടു അവൾ കണ്ണുകൾ ഇരു കൈകൾ കൊണ്ട് തുടച്ചു നീക്കി കൊണ്ട് കുഞ്ഞിനെ നോക്കി പുഞ്ചിരിച്ചു......നന്നായി അഭിനയിക്കാനും ഈ കുറഞ്ഞ നാളുകൾ കൊണ്ട് അവൾ പഠിച്ചു കഴിഞ്ഞിരുന്നു.... "മ്മ്മ്ഹും... കൊച്ചേച്ചി കരയെ....കൊച്ചേച്ചി സ്ട്രോങ്ങ്‌ അല്ലേ.... പിന്നെ എന്തിനാ കരയ്ണേ...." പുറത്തേക്ക് ഉന്തിയ കുഞ്ഞിന്റെ കുഞ്ഞ് ചുണ്ടിൽ മെല്ലെ തലോടി കൊണ്ട് അവൾ പറഞ്ഞതും അവളിലെ പുഞ്ചിരി കുഞ്ഞിലേക്കും പടർന്നു.... "രാധേച്ചി.... ന്നാ... ഞാൻ പോവാട്ടൊ.... " വേലി കടന്നു വരുന്ന രാധയുടെ ഭർത്താവ് സുമേശിനെ കണ്ടു നില പെട്ടെന്ന് തന്നെ എഴുന്നേറ്റു...

എന്തോ ആരുടേയും മുഖത്തോട്ട് പോലും നോക്കാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല... സ്വന്തം എന്ന് തോന്നിയ ഒരാളുടെ മുഖത്തെ അനിഷ്ടം തന്നെ തളർത്തി കളയും എന്ന് അവൾക്ക് പേടി ഉണ്ടായിരുന്നു... "അത് എന്ത് പോക്കാഡോ..... കുറച്ചു കഴിഞ്ഞിട്ട് പോകാം.... " കയറി വന്ന സുമേഷ് ആയിരുന്നു പറഞ്ഞത്... ആ വാക്കുകളിൽ പരിഹാസമാണോ നിറഞ്ഞത്... അവളുടെ മനസ്സ് ചികഞ്ഞു കൊണ്ടിരുന്നു.. "വേണ്ടാ ഏട്ടാ....വീട്ടില് അമ്മ കാത്തു നിൽക്കും... " "കൊച്ചേ.... കുറച്ചു നേരം കൂടി ഇരിക്കഡി.... ഞാൻ നല്ല ചൂട് പരിപ്പുവട കൊണ്ട് വന്നിട്ടുണ്ട്... കഴിച്ചിട്ട് പോയാൽ മതി.... രാധു.... നീ ചായ എടുത്തെ..... "

അവളോട്‌ വാത്സല്യത്തോടെ പറഞ്ഞു കൊണ്ടാണ് തുടങ്ങിയത് എങ്കിലും അവസാനിപ്പിച്ചത് രാധയോട് ആയിരുന്നു... ഒന്നും സംഭവിച്ചില്ല എന്ന പോലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ അവൾക്ക് സന്തോഷം നൽകിയിരുന്നു... "അച്ഛേടെ ചക്കരെ..... " അവൻ കുഞ്ഞിനെ വാരി എടുത്തു ഉമ്മറത്തെ തിണ്ണയിൽ തന്നെ ഇരിപ്പുറപ്പിച്ചു.... അപ്പോഴേക്കും മൂന്ന് ഗ്ലാസ്‌ ചായയുമായി രാധയും എത്തിയിരുന്നു.... ഒരു ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി കൊണ്ട് അവൾക്ക് അടുത്തായി തന്നെ രാധയും ഇരുന്നു... ചൂടുള്ള പരിപ്പുവട സുമേഷ് അവളുടെ കയ്യിൽ കൊടുത്തു.... അവൾ ചെറു പുഞ്ചിരിയോടെ അത് വാങ്ങി.... അവൾ ചായ ഗ്ലാസ്‌ ചുണ്ടോട് ചേർത്തു...

"മെല്ലെ കുടിക്ക് കൊച്ചേ... ചൂടുണ്ടാവും.... " രാധ അവളോട്‌ കരുതലോടെ പറഞ്ഞു... "ചില മനുഷ്യരും അങ്ങനെയാ.... ചൂട് കാണും... നമുക്ക് പൊള്ളുകയും ചെയ്യും.....പക്ഷെ കാലാകാലത്തേക്ക് ആ മുറിവ് ഉണ്ടാകും എന്ന് കരുതരുത്....പൂർണമായി തന്നെ മാറും.... അതിന് വേണ്ടി മരുന്നു പുരട്ടിയാൽ മാത്രം മതി... " ചെറു പുഞ്ചിരിയോടെ ആയിരുന്നു സുമേഷ് പറഞ്ഞത്... അത് തന്നോട് ആണെന്ന് നിലക്ക് മനസ്സിലായിരുന്നു... അവൾ എന്തോ ആലോചിച്ച പോലെ മെല്ലെ ഒന്ന് തലയാട്ടി... അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ഉപദേശമായി അല്ല അവൾക്ക് തോന്നിയത്... ഒരു ഏട്ടന്റെ സ്നേഹം ആയാണ്.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"നില.... കുറച്ചു വെള്ളം ഇങ്ങ് എടുത്തെ.... " വീട്ടില് കയറി വന്ന പാടെ അച്ഛൻ വിളിച്ചു പറഞ്ഞതും അവൾ ഹാളിൽ നിന്നും അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയതും അമ്മ അപ്പോഴേക്കും അടുക്കളയിലേക്ക് നടന്നിരുന്നു... നില അപ്പോൾ തന്നെ ഉമ്മറത്തേക്ക് നടന്നു കൊണ്ട് ഉമ്മറത്തേക്ക് കടക്കാൻ ബുദ്ധി മുട്ടുന്ന അച്ഛനെ കൈ പിടിച്ചു കയറ്റി ഉമ്മറത്തെ ചാരു കസേരയിൽ ഇരുത്തി...... "ന്തിനാ അച്ഛാ.... ഈ കാലും വെച്ച് ബുദ്ധിമുട്ടി പോകുന്നെ....." സ്റ്റിക്ക് വാങ്ങി വെച്ചു കാൽ തടവി കൊടുത്തു കൊണ്ട് അവൾ ചോദിച്ചതും അച്ഛൻ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ തലോടി.... "ഞാൻ പോയില്ലാച്ചാൽ എങ്ങനെയാ.....കടേൽ ആരേലും വേണ്ടേ.... "

"അതിനല്ലേ ആ ചെറുക്കനെ വെച്ചേക്കുന്നെ.... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു... "അവന് ഒറ്റയ്ക്ക് നടക്കോ...അവനെ കൊണ്ട് ഒരു പൊതി കെട്ടാൻ പോലുമുള്ള ആവതില്ല..." അച്ഛൻ ചിരിയോടെ പറഞ്ഞതും അവളും അതിന് ബധിൽ എന്ന പോലെ ഒന്ന് പുഞ്ചിരിച്ചു... "ന്നാ.... ന്നോട് പറഞ്ഞാൽ പോരെ.... ഞാൻ പോവൂലെ.... " അവളുടെ ചോദ്യത്തിൽ തന്നെ അച്ഛന്റെ ഉള്ളിൽ ഒരു സമാധാനം ആയിരുന്നു.... തന്റെ പഴയ മകളെ തിരിച്ചു കിട്ടിയ പോലെ.... "ന്താ... അച്ഛേ....." തന്നെ നോക്കി പുഞ്ചിരിക്കുന്ന അച്ഛനെ നോക്കി കൊണ്ട് അവൾ ചോദിച്ചതും അച്ഛൻ ഒന്ന് തലയാട്ടി.... അദ്ദേഹം വാത്സല്യത്തോടെ അവളുടെ നെറുകയിൽ ഒന്ന് തലോടി....

അപ്പോഴേക്കും അമ്മ ഒരു ഗ്ലാസ്‌ വെള്ളവുമായി എത്തിയിരുന്നു.... അച്ഛൻ അത് വാങ്ങിയതും അമ്മയും അവരെ നോക്കി കൊണ്ട് തിണ്ണയിൽ ഇരുന്നു.... അച്ഛൻ ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് വെള്ളം ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് ഗ്ലാസ്‌ ചാരു കസേരയുടെ കയ്യിൽ വെച്ചു... അപ്പോഴും നില അച്ഛന്റെ കാലുകൾ തടവി കൊണ്ടിരിക്കുകയായിരുന്നു.... "മോളെ.... " അച്ഛന്റെ വിളിയിൽ അവൾ ഒന്ന് തല ഉയർത്തി നോക്കി.... "ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും നീ മാത്രമേ ഒള്ളൂ... അതിന്റെ എല്ലാ സ്വാതന്ത്ര്യവും തന്നു കൊണ്ട് തന്നെ ആയിരുന്നു നിന്നെ വളർത്തിയതും.... അത് നീ ഇന്ന് വരെ നീ അത് വേണ്ടാത്ത രീതിയിൽ ഉപയോഗിച്ചിട്ടും ഇല്ല....നിനക്ക് വേണ്ടത് എല്ലാം നൽകുന്നുണ്ട് എന്നൊരു വിശ്വാസം ഞങ്ങൾക്ക് ഉണ്ട്....

എങ്കിലും..... ന്റെ കുട്ടിക്ക്.... എന്തിന്റെ എങ്കിലും കുറവ് ഇവിടെ ഉണ്ടോ.... " ആ അച്ഛന്റെ വാക്കുകളിലെ ആധി അവളുടെ മനസ്സ് പിടയിപ്പിച്ചു.... ഇന്ന് വരെ ഇങ്ങനെ ഒരു ചോദ്യം താൻ നേരിട്ടിട്ടില്ല.... അത് പക്ഷെ അച്ഛന് തന്നോടുള്ള വിശ്വാസം ആയിരുന്നു... എന്ത് വന്നാലും അച്ഛനോട് പറയും എന്ന വിശ്വാസം... ഇന്ന് അത് നഷ്ടപ്പെട്ടൊ.... !?? അവളുടെ ഉള്ളിൽ ഒരു പേടി ഉടലെടുത്തു.... അവൾ അച്ഛന്റെ കൈകൾ പിടിച്ചു ഉയർത്തി ആ കൈ വെള്ളയിൽ ഒന്ന് ചുണ്ടമർത്തി... അതായിരുന്നു അവളുടെ ഉത്തരം.... വാക്കുകൾക്ക് അതീതമായ സ്നേഹം... അവൾ മെല്ലെ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മടിയിൽ തന്നെ തല വെച്ചു കിടന്നു...

"ഇങ്ങനെ ആയാൽ പറ്റില്ലട്ടൊ.... നന്നായി സംസാരിക്കാൻ പഠിക്കണം.... " അച്ഛന്റെ കൈകൾ അവളുടെ മുടി ഇഴകളിൽ തലോടി... അവൾ ഒന്ന് കൂടെ അദ്ദേഹത്തോട് ചേർന്നു... "നിക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ എല്ലാരും ഇല്ലേ.... " അവിടെയും നേർത്ത ശബ്ദം മാത്രം.... ശബ്ദം ഒന്ന് ഉയർന്നാൽ പോലും അത് മറ്റുള്ളവരെ വേദനിപ്പിക്കും എന്ന് ചിന്തിക്കുന്നവൾ.... ഒരു നോട്ടം കൊണ്ട് പോലും ദേഷ്യം കാണിക്കാൻ മടിക്കുന്നവൾ.... അതായിരുന്നു നില.... അച്ഛന്റെ ചുണ്ടിൽ ചെറു പുഞ്ചിരി നിറഞ്ഞു... അദ്ദേഹം അമ്മയെ ഒന്ന് നോക്കിയതും ആ മുഖവും ഇന്നത്തെക്കാളും സന്തോഷം നിറഞ്ഞതായിരുന്നു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story