അറിയാതെ: ഭാഗം 7

ariyathe

രചന: THASAL

"നീ ഇത് എങ്ങോട്ടാഡി ഓടുന്നെ.... " വരമ്പിലൂടെ വേഗത്തിൽ ഓടുന്ന ശ്രീക്കുട്ടിയെ കണ്ടു ഹർഷൻ ചോദിച്ചതും അവൾ ഒന്ന് കിതച്ചു കൊണ്ട് തിരിഞ്ഞു നോക്കി... "ഞാൻ... നിലയുടെ അടുത്തേക്കാ...." അവൾ കിതപ്പടക്കാൻ കഷ്ടപ്പെട്ട് കൊണ്ട് പറഞ്ഞു.... ഹർഷൻ പാടത്ത് നിന്നും കയറി കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു... "അതിന് നീ എന്തിനാ ഓടുന്നെ... മെല്ലെ പോയാ പോരായോ.... " "അമ്മ അയൽകൂട്ടത്തിന് പോയ സമയം നോക്കി മുങ്ങിയതാ.... വേഗം വീട്ടിൽ എത്തണം..... " അവളുടെ സംസാരം കേട്ടു ഹർഷൻ താല്പര്യം ഇല്ലാത്ത മട്ടെ മുഖം ചുളിച്ചു കൊണ്ട് അവൾക്കൊപ്പം നടന്നു... "ഓഹ്.....നിന്റെ അമ്മക്ക് ഇപ്പോൾ നില കൊച്ചിനെ കണ്ടൂടല്ലോ.... ഞാൻ അതങ്ങു മറന്നു... "

ഹർഷന് പുച്ഛം ആണ് തോന്നിയത്... അത് കേട്ടതോടെ ശ്രീയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു എങ്കിലും പാട് പെട്ട് മങ്ങിയ ചിരി അവന് നൽകി... "ഇഷ്ടമല്ല എന്ന് പറയാൻ ഒക്കത്തില്ല ഹർഷേട്ടാ..... അമ്മക്ക് പേടിയാ.... അതാ.... " "പേടിക്കണ്ടത് നിലയെയാണോ.... " "അമ്മയല്ലെ.... സ്വന്തം മോൻ എന്ത് തെറ്റ് ചെയ്താലും അതിൽ ന്യായീകരണം ഉണ്ടാകും...." ശ്രീയുടെ കണ്ണുകൾ ഒരിക്കൽ പോലും ഹർഷനെ തേടി പോയില്ല... എന്തോ ഒരു കുറ്റബോധം ആയിരുന്നു അവളുടെ ഉള്ളിൽ.... ചെയ്യാത്ത തെറ്റിന്റെ പേരിൽ സ്വയം ഉരുകുന്നു... ഹർഷന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു.. "അത് അമ്മയുടെ മകൻ ആണെങ്കിൽ നിന്റെ ഏട്ടൻ അല്ലേ... നിനക്കും ന്യായീകരിക്കാൻ കാരണങ്ങൾ കാണില്ലേ... !!!?"

"ശരിയാ...എന്റെ ഏട്ടനാ....ആ ഏട്ടനെ എന്നേക്കാൾ കൂടുതൽ അറിയുന്നത് ആർക്കാ... ഏട്ടൻ ഒരുപാട് മാറി പോയി.... ഈ എന്നോട് പോലും പഴയ സ്നേഹം ഉണ്ടോ എന്ന് സംശയം ആണ് ഹർഷേട്ടാ......എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് ഏട്ടനെ.... " അവളുടെ കണ്ണുകളും നിറഞ്ഞു... ഹർഷന് ചോദിക്കേണ്ടായിരുന്നു എന്ന് തോന്നി പോയ നിമിഷം.... ഹർഷൻ മൗനമായി തന്നെ മുന്നിട്ടു നടന്നു... അവനോടൊപ്പം തന്നെ ശ്രീയും.... "ഏട്ടൻ എങ്ങോട്ടാ.... ??" ശ്രീയുടെ ചോദ്യത്തിന് അവൻ ഒന്ന് പുഞ്ചിരിച്ചു... "നീ പോകുന്നിടത്ത് തന്നെ...നിലയെ കണ്ടിട്ട് കുറച്ചു ദിവസം ആയേ....ഒന്ന് കണ്ടിട്ട് പോകാംന്ന് വെച്ചു.... " അവന്റെ ചുണ്ടിൽ തെളിയുന്ന പുഞ്ചിരിയെ കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു ശ്രീക്കുട്ടി....

പടികൾ കടന്നു ചെന്നപ്പോൾ തന്നെ വീട്ടില് നിന്നും ഇറങ്ങി വരുന്ന രാഘവനെയും കുറച്ചു ആളുകളെയുമാണ് അവർ കണ്ടത്.... "എന്താ ഹർഷ....സഖാവിനെ കാണാൻ വന്നതാണോ... " അവനെ കണ്ട പാടെ ചിരിയോടെ രാഘവൻ അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു... അവൻ ചെറു പുഞ്ചിരി എല്ലാവർക്കും നൽകി കൊണ്ട് തലയാട്ടി... "മ്മ്മ്...." "ഇത് നമ്മുടെ രാമേട്ടന്റെ മോള് അല്ലേ.... കുട്ടി അങ്ങ് വലുതായല്ലോ...." "എന്തെ രാമേട്ടന്റെ മോൾക്ക്‌ വലുതായി കൂടെ.... " രാഘവന്റെ ചോദ്യത്തിന് അതെ നാണയത്തിൽ തന്നെ ഉത്തരം നൽകിയത് ശ്രീക്കുട്ടി ആയിരുന്നു... അയാൾ ചമ്മി കൊണ്ട് ചുറ്റും ഉള്ളവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു... "എന്നാ ഞാൻ പോട്ടേ.....ശരി ഹർഷ.... "

അയാൾ ചമ്മൽ മറക്കാൻ എന്ന പോലെ പറഞ്ഞു കൊണ്ട് വേഗത്തിൽ അവിടെ നിന്നും നടന്നകന്നതും ഹർഷൻ ശ്രീക്കുട്ടിയുടെ തലയിൽ ഒന്ന് മേടി... "ആഹ്... വേദനിച്ചുട്ടാ ഹർശേട്ടാ.... " "എന്താടി പെണ്ണെ നീ അങ്ങേരോട് പറഞ്ഞത്... " അവൻ കണ്ണുരുട്ടലോടെ ചോദിച്ചതും അവൾ ഒന്ന് ഇളിച്ചു കാണിച്ചു.... "അങ്ങേർക്ക് കുറെ മുന്നേ കൊടുക്കണം എന്ന് കരുതിയതാ..... അങ്ങേർക്ക് പതിനെട്ടു കഴിഞ്ഞ പെൺകുട്ടിയൊള് ഈ നാട്ടിൽ നിൽക്കുന്നത് പറ്റില്ലന്നെ.... എങ്ങനേലും തട്ടീം മുട്ടീം വീട്ടില് നിൽക്കാം എന്ന് കരുതുമ്പോൾ തന്നെ കയറി വരും ആലോചനയുമായി.... " ശ്രീക്കുട്ടി പറയുന്നത് കേട്ടു ഹർഷന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി... "അങ്ങേര് ബ്രോക്കർ പണിയും ചെയ്യുന്നുണ്ടോ... "

"അപ്പോൾ അറിഞ്ഞില്ലേ.... അതും ഉണ്ട് അയാളുടെ കയ്യിൽ....ഇപ്പോൾ തന്നെ നോക്കിക്കോ... നിലക്കുള്ള ആലോചനയുമായി വന്നതാകും.... എനിക്ക് തോന്നുന്നു.... ചെറുക്കനെ കാണിച്ചു കഴിഞ്ഞിട്ടുള്ള പോക്കാ... " ശ്രീക്കുട്ടി അതും പറഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടിയതും ഹർഷന്റെ കണ്ണുകൾ മെല്ലെ പിന്നിലേക്ക് പോയി... രാഘവന്റെ കൂടെ ഇറങ്ങുന്ന ഒരു ചെറുപ്പക്കാരനെ ഒന്ന് നോക്കി കൊണ്ട് അവൻ മെല്ലെ വീട്ടിലേക്കു പിന്തിരിഞ്ഞു നടന്നു... "ഇതാര് ഹർഷനോ..... ഇപ്പോഴാ വരുന്നേ....നിലയെ പെണ്ണ് കാണാൻ വന്നവർ ഇപ്പോൾ അങ്ങ് ഇറങ്ങിയാതെയൊള്ളു.... " നിറഞ്ഞ സന്തോഷത്തോടെയുള്ള അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ ഉള്ളിൽ വേദനിച്ചു എങ്കിലും അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

. "നീ കണ്ടോ അവരെ... " "മ്മ്മ്.... ഞാൻ വരുമ്പോഴാ അവര് ഇറങ്ങുന്നത്... " "ആ ചെക്കൻ ഗൾഫിൽ ആണത്രെ..... ഞാൻ അന്വേഷിച്ചപ്പോൾ നല്ല ആലോചനയാ....പിന്നെ മോള് കുറെ കാലത്തിനു ശേഷമാ ഒന്ന് സമ്മതം മൂളിയത്.... എന്നാലും പെട്ടെന്ന് ഒന്നും നടത്തില്ലട്ടൊ.... അവർക്ക് ഇഷ്ടപെട്ടാൽ ഇനിയും അന്വേഷണം ഒക്കെ വേണം.... നീയും ഉണ്ടാകുമല്ലോ..... " അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ അവൻ മൗനമായി തന്നെ ഇരുന്നു.... ഉള്ളിൽ എന്തിനെന്നു അറിയാത്ത ഒരു കുഞ്ഞ് നോവ്....എന്തോ അസ്വസ്ഥത നിറയുന്നു.... "സഖാവെ.... " എന്തോ ഒരു ഉൾപ്രേരണയിൽ അവൻ വിളിച്ചതും സഖാവ് ഒരു ചിരിയോടെ അവനെ നോക്കി... "എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു..... "

അല്പം മടിച്ചു ആയിരുന്നു അവൻ പറഞ്ഞത്... അവന്റെ മുഖത്തെ ടെൻഷൻ കണ്ടു അച്ഛന്റെ മുഖവും ചുളിഞ്ഞു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "കല്യാണപെണ്ണ് ആകാൻ തന്നെ തീരുമാനിച്ചോ കൊച്ചേ..... " ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ ആണ് ശ്രീക്കുട്ടിയുടെ ശബ്ദം കേട്ടു അവൾ പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയതും കണ്ടു വാതിൽക്കൽ ഊരയിൽ കയ്യൂന്നി പിരികം പൊക്കി നിൽക്കുന്ന ശ്രീക്കുട്ടിയെ..... നിലയുടെ ചുണ്ടിൽ മെല്ലെ പുഞ്ചിരി നിറഞ്ഞു...എന്തോ കളഞ്ഞു പോയ പാവയെ തിരികെ കിട്ടിയ കുഞ്ഞിനെ പോലുള്ള ആഹ്ലാദം.... "ശ്രീക്കുട്ടി..... "

അവൾ വേഗം തന്നെ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ഒരുങ്ങിയതും അപ്പോഴേക്കും ശ്രീക്കുട്ടി ചിരിയോടെ വന്നു അവളുടെ കയ്യിൽ പിടിച്ചു അവിടെ തന്നെ ഇരുത്തി കൊണ്ട് അവളുടെ എതിർ വശത്ത് ആയി കയറി ഇരുന്നു..... "നീ.... നീ എങ്ങനെയാ.... " നില സന്തോഷം എങ്ങനെ പ്രകടിപ്പിക്കും എന്നറിയാതെ ശ്രീക്കുട്ടിയുടെ കയ്യിൽ പിടിച്ചു ഇടറിയ ശബ്ദത്തോടെ ചോദിച്ചതും ശ്രീക്കുട്ടി എല്ലാം അറിയാവുന്ന പോലെ അവളുടെ കൈ പിടിച്ചുയർത്തി അതിൽ ഒന്ന് ചുംബിച്ചു... "ഡി.... തൊട്ടാവാടി.... എനിക്ക് വേണേൽ ഓക്സിജൻ ഇല്ലാതെ ജീവിക്കാം.... നീ ഇല്ലാതെ പറ്റുവോഡി....ഇനി ഇപ്പോ ആര് പറഞ്ഞാലും എന്റെ കൊച്ചിനെ കാണാൻ ഞാൻ ഇങ്ങ് വരില്ലായോ.... "

അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കുലുക്കി കൊണ്ട് ശ്രീക്കുട്ടി ചോദിച്ചതും ശാന്തമായ പുഞ്ചിരിയോടെ അവൾ കണ്ണുകൾ നിറച്ചു... "ഡി... പെണ്ണെ... ഇനിയും കണ്ണ് നിറച്ചാൽ ഉണ്ടല്ലോ.... ഇടിച്ചു മൂക്ക് പരത്തും ഞാൻ.... " അവളുടെ മൂക്കിന് നേരെ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ശ്രീക്കുട്ടി പറഞ്ഞതും അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "എനിക്ക് സന്തോഷേ ഒള്ളൂ.... പക്ഷെ... മോള്... " "സഖാവ് തന്നെ അവളോട്‌ സംസാരിച്ചാൽ മതി......അവളുടെ അവസ്ഥ ഒന്നും മനസ്സിലാകാഞ്ഞിട്ടല്ല.... എങ്കിലും ഈ ഒരു സമയത്ത്.... ഇതാണ് ശരി എന്ന് എനിക്ക് തോന്നുന്നു.... ഒരിക്കലും ഞാൻ നിർബന്ധിക്കില്ല.... തീരുമാനം നിങ്ങളുടേത് ആണ് സഖാവെ...."

അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി ഒരു പതർച്ചയും കൂടാതെ തന്നെ പറഞ്ഞു.... അച്ഛന്റെ കണ്ണുകളോടൊപ്പം മനസ്സും നിറഞ്ഞിരുന്നു... "എന്നാ... ഞാൻ ഇറങ്ങട്ടെ.... " "നിലയെ കാണുന്നില്ലേ..." തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവനെ നോക്കി അച്ഛൻ ചോദിച്ചതും അവൻ പുഞ്ചിരിയോടെ ഇല്ല എന്ന് തലയാട്ടി... "ശ്രീക്കുട്ടി ഉള്ളതല്ലേ.... അവര് രണ്ട് പേരും സംസാരിക്കട്ടെ.....ഒരുപക്ഷെ നമ്മളെക്കാൾ കൂടുതൽ അവളെ ഓക്കേ ആക്കാൻ ശ്രീക്കുട്ടിക്ക് കഴിയും.... " ചിരിയോടെ ആയിരുന്നു അവൻ പറഞ്ഞത്... അവൻ അത് മാത്രം പറഞ്ഞു അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു തലയാട്ടി കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ആ അച്ഛൻ നോക്കി കാണുകയായിരുന്നു....

ബന്ധങ്ങളോ ബന്ധനങ്ങളോ ഏതും ഇല്ലാതെ തങ്ങളുടെ ഓരോ ദുഃഖത്തിലും സന്തോഷത്തിലും ഒരുപോലെ കൂടെ നിൽക്കുന്നവനെ.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ന്നിട്ട് നീ സമ്മതിച്ചോ.... ഈ വിവാഹത്തിന്...." ശ്രീക്കുട്ടിയുടെ ചോദ്യത്തിന് ഒന്ന് തലയാട്ടി.... "നിനക്ക് ശരിക്കും ഇഷ്ടം ആയിട്ട് തന്നെയാണോ.... !!?" അവളുടെ മനസ്സ് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആയിരുന്നു ശ്രീയുടെ ചോദ്യം... നില മറുപടിയായി ഒരു പുഞ്ചിരി നൽകി.... "ഇത്രേം കാലം അതല്ലായിരുന്നോ ശ്രീക്കുട്ടി നോക്കിയിരുന്നെ.... ഇനി ഇപ്പോൾ വിധി എന്താണോ അത് നടക്കട്ടെ.....വേദനിച്ചു വേദനിച്ചു ഒരു പരിതി കടന്നാൽ പിന്നെ എല്ലാം ഒരു തരം മരവിപ്പാ....ഒന്നും നമ്മളെ ബാധിക്കില്ലാന്ന് തോന്നും..... "

ചുണ്ടിലെ പുഞ്ചിരി നില നിൽക്കുമ്പോഴും കണ്ണുകളിൽ നീർതിളക്കം ഉണ്ടായിരുന്നു.... ശ്രീക്കുട്ടി അവളുടെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് ഒരു ബലത്തിന് എന്ന പോലെ അവളുടെ കയ്യിൽ പിടി മുറുക്കി.... "നിന്റെ ഏട്ടൻ തിരിച്ചു പോയോ.... !!?" നില തന്നെ ആയിരുന്നു ചോദിച്ചത്...ഒരു നിമിഷം ശ്രീ ആ ചോദ്യത്തിന് പിന്നിലെ അർത്ഥം എന്തെന്ന് അറിയാതെ നിന്നു... "മ്മ്മ്.... ഇന്നലെ തന്നെ പോയി...." അവൾ അത് മാത്രം പറഞ്ഞു കൊണ്ട് നിലയു തോളിൽ തന്നെ കിടന്നു... മൗനമായിരുന്നു അവരുടെ ഇടയിൽ.... "ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം ആകോ.... !!?" നിലയുടെ തോളിൽ നിന്നും എഴുന്നേറ്റു കൊണ്ടുള്ള ശ്രീക്കുട്ടിയുടെ ചോദ്യത്തിന് നില സംശയത്തോടെ അവളെ നോക്കി...

ശേഷം മെല്ലെ ഇല്ല എന്നാ പോലെ തലയാട്ടി... ശ്രീക്കുട്ടിയുടെ കണ്ണുകൾ അവളെ നോക്കാൻ കഴിയാതെ തെന്നി മാറി.... "സത്യത്തിൽ ഏട്ടന്റെ.... " "വിവാഹം കഴിഞ്ഞിട്ടുണ്ട് അല്ലേ.... " ശ്രീക്കുട്ടിയാണ് തുടങ്ങിയത് എങ്കിൽ അവസാനിപ്പിച്ചത് നില ആയിരുന്നു... ശ്രീക്കുട്ടി ഞെട്ടി കൊണ്ട് അവളെ നോക്കി... ആ കണ്ണുകളിൽ അപ്പോഴും വറ്റാത്ത കണ്ണുനീർ ഉണ്ടായിരുന്നു... "നിക്ക് അറിയാം....അച്ചേട്ടൻ ന്നോട് എല്ലാം പറഞ്ഞതാ.... നീ കണ്ടോ ആളെ....ന്നെക്കാൾ നീളം ഉണ്ടോ.... മുടി എങ്ങനെയാ... ന്നെ പോലെ കോഴി വാല് ആകില്ലാലെ.... " തന്റെ സങ്കടം മറച്ചു വെക്കും പോലെ വെപ്രാളം കൊണ്ടുള്ള അവളുടെ സംസാരത്തിൽ ഉള്ള് ഒന്ന് നീറിയതും ശ്രീക്കുട്ടി അവളെ ചുറ്റി പിടിച്ചു.... "ന്തൊക്കെ ണ്ടായാലും നീ ആകില്ലല്ലോഡി തൊട്ടാവാടി..... " അവളുടെ വാക്കുകളിൽ സങ്കടം നിറഞ്ഞു... നിലയും അവളുടെ തോളിൽ താടി കുത്തി നിർത്തി കൊണ്ട് കണ്ണുനീർ സ്വതന്ത്രമാക്കി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story